ടി.എൻ. വാസുദേവനും ഞാനും അടുത്ത സുഹൃത്തുക്കളായിരുന്നു.  കുറേക്കാലം ഞങ്ങൾ കാലിക്കറ്റ് സർവകലാശാലയിൽ സഹപ്രവർത്തകരുമായിരുന്നു -അദ്ദേഹം ഫിസിക്‌സ് വിഭാഗത്തിൽ; ഞാൻ മലയാളത്തിലും.

അദ്ദേഹത്തിന്റെ കലാതാത്‌പര്യമാണ് എന്നെ ആകർഷിച്ചത്.  ജീവിതം കലാസ്വാദനത്തിന് മാത്രമായിട്ടുള്ള ഒരുത്സവമാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതുപോലെ തോന്നും.  എനിക്ക് പരിചയമുള്ള ശാസ്ത്രാധ്യാപകരിൽ അധികം കണ്ടിട്ടില്ലാത്ത സവിശേഷതയാണിത്.  അയ്യപ്പൻ തീയാട്ട്, കർണാടക സംഗീതം, കൂത്ത്, തുള്ളൽ, കഥകളി, സോപാനസംഗീതം, സാഹിത്യം തുടങ്ങി നമ്മുടെ സംസ്കാരപാരമ്പര്യത്തിലെ മിക്കധാരകളിലും ആ കലാരസികന് അത്യധികമായ കമ്പമുണ്ടായിരുന്നു.  അവ ആസ്വദിക്കാൻ എന്നപോലെ, അവയെപ്പറ്റി നിരന്തരം സംസാരിക്കാനും അപൂർവമായി എഴുതാനുമുള്ള ഇമ്പം ആ ശാസ്ത്രാധ്യാപകൻ കാണിച്ചു.  

എന്റെ ഗുരുനാഥൻ ടി.ബി. വേണുഗോപാലപ്പണിക്കരും സുഹൃത്ത് കെ.സി. നാരായണനും അദ്ദേഹത്തിന്റെ ചങ്ങാതിമാരായിരുന്നത് ഞങ്ങൾ തമ്മിലുള്ള ചാർച്ച വർധിക്കാൻ കാരണമായി.  
സ്വാഭാവികമായും ഞങ്ങളുടെ ഒത്തുകൂടലിലെ പ്രധാനപ്രമേയം കലാചർച്ചയായിരുന്നു.  വ്യക്തിപരമായ സംഗതികളെപ്പറ്റി വാസുദേവൻ അങ്ങനെ സംസാരിക്കാറില്ല -അതേപ്പറ്റി വല്ലതും ചോദിച്ചാൽ സമാധാനം പറയും എന്നേയുള്ളൂ.

ഓർമയിൽ തിളങ്ങിനിൽക്കുന്ന ഒരു സന്ദർഭം, ഞങ്ങൾ ഒന്നിച്ച് പെരുവനം പൂരം കാണാൻപോയതാണ്.  വാസുദേവൻ ക്ഷണിച്ചിട്ടാണ് പുറപ്പെട്ടത്.  കൂടെ കെ.സി. നാരായണനും ഉണ്ടായിരുന്നു.  കെ.സി. കൊട്ടിന്റെയും കഥകളിയുടെയും ആളാണ്.  അവർ തമ്മിൽ പഞ്ചാരിമേളത്തെപ്പറ്റിയും പാണ്ടിമേളത്തെപ്പറ്റിയും ചർച്ചയായി.  ബസിൽ ആരംഭിച്ചത് അമ്പലപ്പറമ്പിലും തുടർന്നു:  എനിക്ക് രസിച്ച് കേൾക്കുന്ന ഭാരം മാത്രം!

അന്ന് ഞങ്ങൾ നാനാതരം കൊട്ടും പാട്ടും ആട്ടവും കണ്ടും കേട്ടും പൂരപ്പറമ്പിൽ നേരം വെളുപ്പിച്ചു.  ആൾത്തിരക്കിൽ ആനകളെ കാണുന്ന കൂട്ടത്തിലാണ്, യാദൃച്ഛികമായി ഞാൻ തലയെടുപ്പോടെ നിൽക്കുന്ന പൂമുള്ളി ആറാം തമ്പുരാനെ ആദ്യമായും അവസാനമായും കണ്ടത്.

പൂരങ്ങളെപ്പറ്റിയും വാദ്യങ്ങളെപ്പറ്റിയും അനേകം കാര്യങ്ങൾ അന്ന് വാസുദേവനിൽനിന്ന് പഠിച്ചു.  അവിടെ കണ്ടതും കേട്ടതുമായ പലതും ഞാൻ നല്ലേരം അനുഭവിക്കുകയായിരുന്നു. ക്ഷേത്രകലകളിൽ വളരെ  തത്‌പരനായിരുന്നെങ്കിലും ആ മനുഷ്യന് ഭക്തിയിൽ കൗതുകമുണ്ടായിരുന്നു എന്ന് ഞാൻ വിചാരിക്കുന്നില്ല.  അത്തരം എന്തെങ്കിലും എപ്പോഴെങ്കിലും പറഞ്ഞതായി എനിക്ക് ഓർമതോന്നുന്നില്ല.  സ്വന്തം സാംസ്കാരിക പാരമ്പര്യത്തിലെ കലാവിഷ്‌കാരങ്ങളെയെല്ലാം വളരെ കാര്യമാക്കിയിരുന്നു.  അവയുടെ ചരിത്രവും സ്വഭാവവും നിഷ്ഠയായി പഠിക്കുകയും അതേപ്പറ്റിയെല്ലാം നിരന്തരം സംസാരിക്കുകയും ചെയ്തുപോന്ന വാസുദേവന് ഇക്കാര്യത്തിൽ പ്രധാന പങ്കാളി പ്രശസ്ത കവി ആറ്റൂർ രവിവർമയായിരുന്നു.  കർണാടക സംഗീതത്തിലെ എണ്ണംപറഞ്ഞ മൂർത്തികളായ ചെമ്പൈ, ശെമ്മാങ്കുടി മുതാലയവരുടെ കച്ചേരികൾ കേൾക്കാൻ രണ്ടുപേരും ഒന്നിച്ച് കേരളത്തിനകത്തും പുറത്തും ധാരാളമായി നടത്തിയ യാത്രകളെപ്പറ്റി, അവരിരുവരും പറഞ്ഞ് ഞാൻ ഒരുപാട് കേട്ടിരിക്കുന്നു.

വാസുദേവന് സവിശേഷമായ ആഭിമുഖ്യമുള്ള കലാവിഷ്‌കാരമാണ് അയ്യപ്പൻ തീയാട്ട്.  തീയാട്ടിന്റെ കളമെഴുതി, സ്തുതികൾ കൊട്ടിപ്പാടി ശാസ്താവിന്റെ രൂപം വെളിച്ചപ്പാട് പ്രദക്ഷിണങ്ങൾക്കൊടുവിൽ മായ്ക്കുന്നതിനുമുമ്പുള്ള കഥയാട്ടത്തെ ‘അയ്യപ്പൻ കൂത്ത്’ എന്ന് പറയും.  മുഖ്യയിനം ആകയാൽ ഈ കലാരൂപത്തെ മൊത്തത്തിലും അയ്യപ്പൻ കൂത്ത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഒരിക്കൽ കോഴിക്കോട് സാമൂതിരി കോളേജ് ഹൈസ്കൂളിൽനടന്ന അയ്യപ്പൻ കൂത്തിന് വാസുദേവൻ എന്നെയും കൂട്ടി. അതിൽ നിലത്ത് രാവിലെമുതൽ ഉച്ചവരെ ചിട്ടയായി നിറപ്പകിട്ടോടെ വരച്ചുണ്ടാക്കിയ രൂപം ഉച്ചതിരിഞ്ഞ് അതേ ചിട്ടയോടെ നിഷ്‌കരുണം മായ്ച്ചുകളയുന്നത് നോക്കിനിന്നത് എനിക്ക് നല്ല ഓർമയുണ്ട്.  കുന്നിൻമുകളിലേക്ക്‌ കഷ്ടപ്പെട്ട്  ഉരുട്ടിക്കയറ്റുന്ന കല്ല് അവിടെ എത്തിക്കഴിയുമ്പോൾ നിസ്സാരമായി താഴേക്ക് ഉന്തിയിടുന്ന നാറാണത്ത് ഭ്രാന്തനെ അന്നേരം ഓർത്തുപോയി. മനുഷ്യജീവികൾ വളരെയേറെ വിലമതിക്കുന്നതെല്ലാം ഇങ്ങനെ നിഷ്ഫലമാണല്ലോ എന്ന വിഷാദം എന്നിൽ നിറഞ്ഞു.  നമ്മുടെ കലാപ്രകടനങ്ങൾ ജീവിതത്തിന്റെ നിരർഥകത എങ്ങനെയെല്ലാം ആവിഷ്‌കരിക്കുന്നു എന്ന് ആലോചിച്ചു ചെല്ലുമ്പോഴൊക്കെ കോഴിക്കോട്ട് കണ്ട ആ അയ്യപ്പൻ കൂത്ത് എന്റെ ഓർമയിലുണരും.
എന്തും ഗാഢമായി അനുഭവിക്കുക എന്നതാണ് വാസുദേവന്റെ സമ്പ്രദായം.  സാഹിത്യരചനകളെപ്പറ്റി അത്യപൂർവമായേ ഞങ്ങൾ സംസാരിച്ചിട്ടുള്ളൂ.  ഒരിക്കൽ പറഞ്ഞ കാര്യം കല്ലിൽക്കൊത്തിയപോലെ എന്റെയുള്ളിൽ കിടപ്പുണ്ട്.  

‘‘കാരശ്ശേരീ, എനിക്കീ പാകിസ്താനൊന്നും അന്യരാജ്യാന്ന് ഒര് തോന്നല് ഇല്ല.’’

‘‘അതെന്താ അങ്ങനെ?’’

‘‘ഞാനേ യശ്പാലിന്റെ നിറംപിടിപ്പിച്ച നുണകൾ ശ്രദ്ധിച്ച് വായിച്ചിട്ടുണ്ട്.  അതുകൊണ്ടുതന്നെ ലഹോറിന്റെ മുക്കും മൂലയും എനിക്കറിയാം.  അവിടത്തെ ആളുകളെ അടുത്തറിയാം.  ആ നഗരത്തിന്റെ ചൂടും ചൂരും എന്റെ അനുഭവമാണ്.  പിന്നെ അത് ഒരന്യസ്ഥലമാണെന്ന് ഞാനെങ്ങനെ വിചാരിക്കും?’’

കലാനുഭവത്തിലേക്കുള്ള ഒരു കൈചൂണ്ടിപ്പലക ഈ വിവേകത്തിലുണ്ട് എന്നുതന്നെയാണ് എന്റെ ബോധ്യം.

അദ്ദേഹത്തിന്റെ ശാസ്ത്രവിഷയത്തിലുള്ള പാണ്ഡിത്യം, ഗവേഷണത്തിലുള്ള താത്പര്യം, പഠിപ്പിക്കുന്നതിലുള്ള ഉത്സാഹം, വിദ്യാർഥികളോടുള്ള പെരുമാറ്റം എന്നിവയെപ്പറ്റി നല്ലത് മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ.  അപ്പറഞ്ഞവയും കലാഭ്രാന്തുകളും ഒന്നിച്ചുകൊണ്ടുപോകുന്നതിൽ വിജയിച്ചു എന്ന് വിചാരിക്കണം. ഉത്സാഹഭരിതനായിട്ടേ വാസുദേവനെ കണ്ടിട്ടുള്ളൂ.  വ്യായാമസുദൃഢമായ ശരീരം എന്ന് ആർക്കും ഒറ്റനോട്ടത്തിൽതന്നെ തോന്നുന്നമട്ടിലാണ് നെഞ്ചുവിരിച്ചുള്ള ആ നടപ്പ്.  താത്‌പര്യമുള്ളതെല്ലാം വിസ്തരിച്ചുകണ്ടും താത്‌പര്യമില്ലാത്തതെല്ലാം തരിമ്പും കാണാതെയുമുള്ള പോക്ക്.
നിർഭാഗ്യവശാൽ വന്നുചേർന്ന മകന്റെ അകാലനിര്യാണത്തിന്റെ സാഹചര്യത്തിൽ മാത്രമേ വാസുദേവന് ചുറ്റും വിഷാദവും ഉന്മേഷരാഹിത്യവും കണ്ടിട്ടുള്ളൂ.  അതിൽ ഒരംശം മരണംവരെ ആ പിതാവിനെ പിന്തുടർന്നുചെന്നിരിക്കണം.  

വാസുദേവന്റെ ആകസ്മികനിര്യാണത്തിന്റെ വ്യസനം പങ്കുവെച്ചുകൊണ്ട് ഞങ്ങളുടെ പൊതുസുഹൃത്തും ശാസ്ത്രാധ്യാപകനുമായ ഗണേശനോട് ഫോണിൽ സംസാരിക്കുമ്പോഴാണ് ആ കുടുംബത്തെ സംബന്ധിച്ച് വിലപിടിച്ച ഒരു വർത്തമാനം ഞാൻ അറിഞ്ഞത്.

ഗണേശൻ ചോദിച്ചു:

‘‘വി.ടി. ഭട്ടതിരിപ്പാടിനെ എഴുതാനും വായിക്കാനും പഠിപ്പിച്ചത് ഒരു തിയ്യാടി പെൺകുട്ടിയാണ് എന്ന് കാരശ്ശേരി മാഷ്‌ക്ക് അറിയാലോ, ല്ലേ?’’
‘‘പിന്നെ? കണ്ണീരും കിനാവും ആ കഥ പറയുന്നുണ്ടല്ലോ.  അന്ന് വി.ടി.ക്ക് പതിനേഴ് വയസ്സാണ്.  അദ്ദേഹം ആദ്യമായി വായിച്ചത് ഒരു പത്രക്കീറിലെ പരസ്യമാണ് -മാൻ മാർക്ക് കുട.’’
‘‘അതേയതേ.  ആ പെൺകുട്ടി വാസുദേവൻ മാഷ്‌ടെ ഭാര്യയുടെ മുത്തശ്ശിയാണ് കേട്ടോ.’’