ഡൽഹിയിലെ ആദ്യ ആധുനിക പഞ്ചനക്ഷത്ര ഹോട്ടലായ ഒബ്‌റോയ് ഇൻറർകോണ്ടിനെന്റലിലാണ് ബീറ്റിൽസ് സംഘം താമസിച്ചിരുന്നത്. ആരാധകരെ അകറ്റിനിർത്താൻ മഥുര റോഡിൽ പോലീസ് ബാരിക്കേഡുകൾ നിരത്തിയിരുന്നു. എന്റെ പ്രസ് കാർഡ് ഉപയോഗിച്ച് ഞാനീ ബാരിക്കേഡുകളെല്ലാം മറികടന്നു. ഹോട്ടലിലെ, മാർബിളും ഗ്ലാസുംകൊണ്ട് പൊതിഞ്ഞ മിനുസമേറിയ സന്ദർശകമുറിയിൽ പത്രലേഖകരും ഫോട്ടോഗ്രാഫർമാരും ബീറ്റിൽസ് സംഘത്തെ കാണാൻ തിങ്ങിക്കൂടിയിരുന്നു. അവരുടെ നിഴൽപോലും കാണാൻ ആർക്കും കഴിഞ്ഞിരുന്നില്ല. അടുക്കളഭാഗത്തെ വാതിലിലൂടെ ബീറ്റിൽസിനെ ആരെങ്കിലും കടത്തിക്കൊണ്ടുപോയിട്ടുണ്ടാകുമെന്ന് ആരോ പിറുപിറുക്കുന്നതുകേട്ടു. കേട്ടപാതി കേൾക്കാത്തപാതി, ഫോട്ടോഗ്രാഫർമാർ ആ ഭാഗത്തേക്കു കുതിച്ചു. ഞാൻ ലിഫ്റ്റിന്റെ വാതിലിൽത്തന്നെ ശ്രദ്ധപതിപ്പിച്ചുനിന്നു. എന്റെ തോളിൽ ടേപ്പ് റെക്കോഡർ തൂക്കിയിട്ടിരുന്നു. അതിന്റെ വള്ളിയിൽ ഓൾ ഇന്ത്യാ റേഡിയോയുടെ ചിഹ്നം പിടിപ്പിച്ചിരുന്നു. കടുത്ത ബീറ്റിൽസ് ആരാധകനായ എനിക്ക്, ആദ്യം അവരുടെ മാനേജർ ബ്രയാൻ എപ്‌സ്റ്റീനെ സമീപിക്കണമെന്ന ബോധ്യമുണ്ടായിരുന്നു; അതാണ്‌ കൃത്യമായ വഴിയെന്നും.

   ഞാനാകെ വിഷണ്ണനായി. വിയർക്കാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് നിശ്ചയമില്ലാതായി. അല്പസമയത്തിനുശേഷം ബീറ്റിൽസിന്റെ മാനേജർ ബ്രയാൻ എപ്‌സ്റ്റീൻ വാതിൽ തുറന്നു.  അദ്ദേഹം അയഞ്ഞ വസ്ത്രത്തിനുള്ളിൽ ട്രൗസർ ധരിച്ചിട്ടുണ്ടായിരുന്നു. ആദ്യം അദ്ദേഹവുമായി ഞാനൊരു അഭിമുഖം ചോദിച്ചു;  പക്ഷേ, സമ്മതിച്ചില്ല. പകരം,  അദ്ദേഹം എന്റെ കൈപിടിച്ച് ആ നിലയുടെ എതിർഭാഗത്തെ അറ്റത്തുള്ള മറ്റൊരു സ്യൂട്ട് മുറിയിലേക്കു നടന്നു. വാതിലിൽ മുട്ടി. പോൾ മക്കാർട്ട്‌നിയാണ് വാതിൽ തുറന്നത്. ബീറ്റിൽസ് സംഘത്തിലെ മറ്റുള്ളവരെയും ആ മുറിയിൽ ഞാൻ കണ്ടു. പച്ചയായി അവരെ കണ്ടപ്പോൾ ഞാൻ ഷോക്കേറ്റതുപോലെയായി. അവരോടായി എപ്‌സ്റ്റീൻ പറഞ്ഞു: ‘‘എനിക്കൊരു സഹായം ചെയ്യുക. ഇയാൾക്ക് ഒരു അഭിമുഖം കൊടുക്കുക.’’വന്ദിച്ചുകൊണ്ട് പോൾ ചിരിച്ചു. എപ്‌സ്റ്റീൻ തന്റെ മുറിയിലേക്കു മടങ്ങി.

‘‘എനിക്കു നന്ദിയുണ്ട്’’ -ഞെട്ടലോടെ ഞാൻ അവ്യക്തമായി പിറുപിറുത്തു. അവരുടെ ആ താവളത്തിലേക്ക് പോൾ എന്നെ നയിച്ചു. ഞാൻ വായുവിലൂടെയാണ്‌ നടക്കുന്നതെന്ന് എനിക്കു തോന്നി.
‘‘താങ്കൾ എവിടെ നിന്നാണ്’’ -പോൾ മൃദുവായി ചോദിച്ചു.

‘‘ഓൾ ഇന്ത്യാ റേഡിയോ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റേഡിയോ സ്റ്റേഷൻ’’ -ഞാൻ അഭിമാനത്തോടെ പറഞ്ഞു. അതിനുകാരണം അത് സർക്കാരിന്റെ കുത്തകയായതുകൊണ്ടാണെന്ന് ഞാൻ പറഞ്ഞില്ല. ‘‘എല്ലാവരും അത് കേൾക്കുന്നു.’’

  പോൾ മക്കാർട്ട്‌നി എനിക്ക് ഒരു സോഫ കാണിച്ചുതന്നു. ജോർജ് ഹാരിസൺ ഒരു സിത്താറും പിടിച്ചുകൊണ്ട് നിലത്ത് ഇരിക്കുന്നുണ്ടായിരുന്നു. റിങ്കോ സ്റ്റാർ ഒരു സോഫയിലിരുന്ന് പത്രം വായിക്കുകയായിരുന്നു. ജോൺ ലെനൻ ഒരു ഇന്ത്യക്കാരനുമായി, കർട്ടനുകളിട്ട ഇരുണ്ട സ്യൂട്ട് മുറിയിലിരുന്ന് സംസാരിക്കുകയായിരുന്നു. ആരും ഞാൻ വന്നതായി ശ്രദ്ധിച്ചിട്ടുപോലുമില്ല. അവരെ ഓരോരുത്തരെയും നോക്കുമ്പോൾ എന്റെ കവിൾത്തടങ്ങൾ രക്തവർണശോഭയോടെ തിളങ്ങി. അതെ, ഞാനിപ്പോൾ ബീറ്റിൽസിനു നടുവിലാണ്!

1966-ൽ ഞാനവരെ അഭിമുഖം നടത്തുമ്പോഴേക്കും പോപ് സംഗീത ചരിത്രത്തിലെ വിജയശ്രീലാളിതരായ സംഘങ്ങളിലൊന്നായി ബീറ്റിൽസ് മാറിക്കഴിഞ്ഞിരുന്നു. ലോകം മുഴുവൻ ‘ബീറ്റിൽമാനിയ’ അലയടിച്ചുകൊണ്ടിരിക്കുകയായിരുന്നു.  കോളേജിൽനിന്ന് അടുത്തിടെ പുറത്തിറങ്ങിയ, അവരുടെ കടുത്ത ആരാധകനായ ഞാൻ അവരെ ഒരു ഹോട്ടൽമുറിയിൽ അഭിമുഖം നടത്തുകയാണ്. അതിനവസരം കിട്ടിയ ഏക ഇന്ത്യൻ റിപ്പോർട്ടർ! ‘റബ്ബർ സോൾ’ ആയിരുന്നു അവരുടെ ഏറ്റവും പുതിയ ആൽബം. ഞാനതിനെക്കുറിച്ച് പോളിനോടു ചോദിച്ചു:

‘‘റബ്ബർ സോൾ പുറത്തിറങ്ങി ആദ്യ പത്തുദിവസത്തിനുള്ളിൽത്തന്നെ പത്തുലക്ഷം കോപ്പികൾ വിറ്റുപോയെന്നതു ശരിയാണോ?’’

‘‘അങ്ങനെ ഞാനും കേട്ടു’’ -പുരികങ്ങൾ തെല്ലൊന്നു വളച്ച് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷുകാരനായ ഒരു സുഹൃത്തിനെപ്പോലെയാണ് പോൾ പെരുമാറിയത്. ‘സുന്ദരനായ ബീറ്റിൽ’ എന്ന് ആളുകൾ പോളിനെ വിളിച്ചിരുന്നതിൽ അദ്ഭുതമില്ല.

 ‘‘എനിക്ക് മിഷേൽ-നെ ഏറെ ഇഷ്ടമാണ്’’ -ഞാൻ പറഞ്ഞു. ‘‘ഒരു ഇംഗ്ലീഷ് നാടോടിഗാനംപോലെ അത് അത്രയും മാസ്മരികമായിരുന്നു. എന്തുകൊണ്ടാണ് അതിനു നിങ്ങൾ ഫ്രഞ്ച് പേരിട്ടത്? അത് നിങ്ങൾക്കറിയാവുന്ന ഒരു പെൺകുട്ടിയായിരുന്നോ?’’

‘‘അല്ല, അങ്ങനെയൊന്നുമല്ല’’ -നിഷേധാർഥത്തിൽ തലകുലുക്കി പോൾ  പറഞ്ഞു. ‘‘ഏറെക്കാലം മുമ്പുതന്നെ ഞാൻ ചിട്ടപ്പെടുത്തിയ ഒരു പ്രണയഗാനമാണത്. മിഷേൽ എന്ന പേര് സാങ്കല്പികമാണ്.’’
‘‘റബ്ബർ സോളിലെ മൃദുഭാവങ്ങൾ താങ്കളുടെ സംഗീതത്തിലെ പുതിയ ദിശയായി കണ്ടിരുന്നോ?’’

‘‘ഞങ്ങൾ പല പുതിയ ശബ്ദങ്ങളും പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു’’ -തെല്ലൊരു വ്യഗ്രതയോടെ പോൾ പറഞ്ഞു. ‘‘ഞങ്ങളുടെ അടുത്ത ആൽബം കുറച്ചധികം അതിർത്തികൾ താണ്ടിയേക്കാം.’’ റിവോൾവർ എന്ന ആൽബത്തെക്കുറിച്ചാണ് പോൾ പറയുന്നത്. തികച്ചും നൂതനമായ അത് ഒരു മാസത്തിനുശേഷം പുറത്തുവന്നു. പാരമ്പര്യ സംഗീതരീതികളെ മറികടക്കുന്ന, ആധുനികമായ ഗാനങ്ങളാണ് അതിലുണ്ടായിരുന്നത്.

 ‘‘എന്താണ് പ്രതീക്ഷിക്കാൻ പറ്റുന്നതെന്ന് താങ്കൾക്ക് പറയാനാവുമോ?’’ -എന്തെങ്കിലുമൊരു പുതുവാർത്ത പ്രതീക്ഷിച്ച് ഞാൻ ചോദിച്ചു.

‘‘അങ്ങനെയൊന്നുമില്ല’’ -തലകുലുക്കിക്കൊണ്ട് വിനയത്തോടെ പോൾ പറഞ്ഞു. ‘‘നിങ്ങൾ കാത്തിരിക്കണം. പക്ഷേ, അത് നന്നായിരിക്കും.’’

കൂടുതൽ ആഴത്തിൽ എന്നോടു സംസാരിക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല പോൾ. ഒരു തുടക്കക്കാരനും യുവാവുമായ ഒരു റിപ്പോർട്ടറായേ അദ്ദേഹമെന്നെ കണ്ടുള്ളൂ. എന്റെ മറ്റു ചോദ്യങ്ങളോട് അനായാസമായി പോൾ പ്രതികരിച്ചു. അപ്പോഴെനിക്ക് പലതും അറിവുണ്ടായിരുന്നില്ല. പോളും ജോണും ലിവർപൂളിൽ ഒരുമിച്ചാണ് സംഗീതം പഠിച്ചത്. എപ്‌സ്റ്റീൻ അവർക്ക് പുതിയൊരു മുഖം നൽകി. ഇന്ത്യൻ സംഗീതം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നുവോ?

‘‘ഞാൻ എല്ലാം ശ്രദ്ധിക്കും. ജോർജിനോടു സംസാരിക്കൂ’’ -തന്റെ അപ്രതിരോധ്യമായ ചിരിയിലൂടെ എന്റെ ശ്രദ്ധതിരിച്ചുകൊണ്ട് പോൾ പറഞ്ഞു. ‘‘അവന് ഞങ്ങളെക്കാളുമൊക്കെയധികം ഇന്ത്യയെക്കുറിച്ച് അറിയാം.’’ ഞാൻ കൃതജ്ഞതയോടെ അദ്ദേഹത്തിന്റെ കൈപിടിച്ചു കുലുക്കി. സ്നേഹനിർഭരനായൊരു വ്യക്തിയായിരുന്നു പോൾ മക്കാർട്ട്‌നി.

ഒരു സിത്താറും പിടിച്ചിരിക്കുന്ന ജോർജ് ഹാരിസൺ എന്നെ കൈകാട്ടി വിളിച്ചു. സിത്താർപ്രേമം അദ്ദേഹത്തെ ബീറ്റിൽസിനിടയിലെ ‘ഇന്ത്യക്കാരൻ’ ആക്കിയിരുന്നു. ഇന്ത്യയുമായും ഇന്ത്യയിലെ ആത്മീയതയുമായും അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ച് എനിക്ക് അന്വേഷിക്കണമായിരുന്നു.

‘നോർവീജിയൻ വുഡി’ൽ സിത്താർ വായിച്ച് താങ്കൾ ഞങ്ങളെ ത്രസിപ്പിച്ചു -ഞാൻ തുടങ്ങി. തലയാട്ടിയുള്ള ഒരു ചിരിയോടെ എന്റെ അഭിനന്ദനം അദ്ദേഹം സ്വീകരിച്ചു. ‘‘ഒരു പാശ്ചാത്യ ഗാനത്തിൽ ആദ്യമായാണോ സിത്താർ വായിക്കുന്നത്?’’

‘‘മറ്റൊന്നിനെക്കുറിച്ചു ചിന്തിക്കാനാവില്ല’’ -ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു: ‘‘അത് കൂടുതലായി ഉപയോഗിക്കാൻ ഞാനിഷ്ടപ്പെടുന്നു’’

‘‘താങ്കൾ എല്ലായ്‌പ്പോഴും സിത്താർ കൈയിൽ കരുതാറുണ്ടോ?’’

‘‘ഇല്ല. ഇവിടെനിന്നൊന്ന് ഞാൻ വാങ്ങുകയായിരുന്നു’’ -അദ്ദേഹം പറഞ്ഞു.

‘‘ഡൽഹിയിൽനിന്നോ?’’ അതെ എന്നയർഥത്തിൽ തലയാട്ടി, കൈയിലിരുന്ന സിത്താർ പെട്ടെന്നു തറയിൽവെച്ച് അദ്ദേഹം പറഞ്ഞു: ‘‘ഇതു കൊള്ളാം.’’
‘‘പണ്ഡിറ്റ് രവിശങ്കർ താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ?’’

‘‘അദ്ദേഹം മഹാനായ സംഗീതജ്ഞനാണ്. എനിക്കദ്ദേഹത്തോട് വളരെ മതിപ്പാണ്. അടുത്തിടെ ഞാനദ്ദേഹത്തെ കണ്ടിരുന്നു.’’
‘‘അദ്ദേഹത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ താങ്കൾ ഉദ്ദേശിക്കുന്നുണ്ടോ?’’

‘‘അദ്ദേഹത്തിൽനിന്ന് ഏറെ പഠിക്കാനുണ്ട്.’’

‘‘താങ്കൾക്ക് ഇന്ത്യൻ തത്ത്വശാസ്ത്രത്തിൽ ഏറെ താത്പര്യമുണ്ടെന്ന് ഞാൻ വായിച്ചിട്ടുണ്ട്.’’

‘‘ഹിന്ദുമതം എന്നത് ഒരു കടലുപോലെയാണ്. വിവേകാനന്ദനെക്കുറിച്ച് ഞാൻ വായിച്ചിട്ടുണ്ട്.’’

‘‘സ്വാമി വിവേകാനന്ദൻ?’’ -ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.

‘‘ ‘അതുകൊണ്ടാണോ ബീറ്റിൽസിലെ ഇന്ത്യൻ’ എന്ന് മറ്റുള്ളവർ താങ്കളെ വിശേഷിപ്പിക്കുന്നത്?’’

അദ്ദേഹം ചെറുതായി ചിരിച്ചു: ‘‘ഞാനൊരു ഇന്ത്യനല്ല. നിങ്ങളൊരു വഴിതേടുകയാണെങ്കിൽ എല്ലാ മതങ്ങളിലും അതുണ്ട്. ഞാനല്പം ഹിന്ദുവാണെന്ന് നിങ്ങൾക്കു പറയാം. ഒരുദിവസം സുഹൃത്തുക്കൾക്കൊപ്പം തിരിച്ചുവരാമെന്ന് ഞാൻ പ്രത്യാശിക്കുന്നു.’’ പറഞ്ഞതുപോലെതന്നെ രണ്ടുവർഷത്തിനുശേഷം ബീറ്റിൽസ് ഇന്ത്യയിലെത്തി.  മഹേഷ് യോഗിയുടെ ഋഷികേശ് ആശ്രമം സന്ദർശിക്കാനായിരുന്നു അത്. ‘ബീറ്റിൽസ് ഗുരു’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബീറ്റിൽസിന്റെ പുഷ്‌കലകാലമായിരുന്നു അത്.

 ‘‘താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൽബമേതാണ്?’’
‘‘റബ്ബർ സോൾ ആണെന്നു തോന്നുന്നു’’ -മുഖം വക്രീകരിച്ചുകൊണ്ടുള്ള ചെറുചിരിയോടെ ജോർജ് പറഞ്ഞു.  

ഞാൻ റിങ്കോ സ്റ്റാറിനു സമീപത്തേക്കു നീങ്ങി. ലോകത്തിലെ മികച്ച ഡ്രമ്മർമാരിലൊരാൾ. പത്രവായനയിൽ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം. എങ്കിലും റിങ്കോ സൗഹൃദത്തോടെ എന്നെ നോക്കി. അദ്ദേഹത്തിന്റെ നോട്ടത്തിൽ സന്തോഷസൂചകമായ ഒരു ഊഷ്മളതയുണ്ടായിരുന്നു. അതോടെ എനിക്കദ്ദേഹത്തെ ഇഷ്ടമായി. മാനുഷികമായൊരു തലത്തിലാണ് ഞാനദ്ദേഹത്തെ സമീപിച്ചത്. സഹജമായിത്തന്നെ അദ്ദേഹമൊരു മാന്യനായി തോന്നിച്ചു. പക്ഷേ, എന്റെ ചോദ്യങ്ങൾക്കെല്ലാം ഒറ്റവാക്കിലുള്ള ഉത്തരമാണ് അദ്ദേഹം നൽകിയത്.
‘‘എല്ലായ്‌പ്പോഴും ഒരു ഡ്രം വാദകനായി ഇരിക്കാനാണോ താങ്കൾ ആഗ്രഹിക്കുന്നത്?’’

 ‘‘അതെ’’

‘‘ഇഷ്ടപ്പെട്ട ഗാനമേതാണ്?’’

 ‘‘ബല്ലാഡ്‌സ്’’

‘‘ഇന്ത്യയെക്കുറിച്ച് എന്തറിയാം?’’

‘‘ഏറെയൊന്നും അറിയില്ല’’

‘‘ബീറ്റിൽസ് സംഘത്തിൽ താങ്കൾക്ക്‌ മുമ്പുണ്ടായിരുന്ന ഡ്രമ്മർ പീറ്റർ ബെസ്റ്റിന് എന്തെങ്കിലും സന്ദേശം നൽകാനുണ്ടോ?’’

 ‘‘ഇല്ല’’

തമാശയെന്നോണം അദ്ദേഹമെന്നോടു ചോദിച്ചു: ‘‘നിങ്ങളെങ്ങനെയാണ് ഇവിടെയെത്തിയത്?’’ എങ്ങനെയാണ് ഞാനവിടെ എത്തിയതെന്നു പറഞ്ഞില്ല. ‘ഡേ ട്രിപ്പറി’ലെ അദ്ദേഹത്തിന്റെ ഡ്രം വാദനത്തെ ഞാൻ പുകഴ്ത്തി. നന്ദിപൂർവം അദ്ദേഹം എന്നെനോക്കി ചിരിച്ചു.

ഞാൻ ജോൺ ലെനന്റെ സമീപത്തേക്കു നീങ്ങി. പക്ഷേ, അദ്ദേഹം എന്നോടു സംസാരിക്കാൻ തയ്യാറായിരുന്നില്ല.

‘‘ഈ മനുഷ്യനുമായുള്ള ഇടപാട് ഞാനിപ്പോഴും തീർത്തിട്ടില്ല’’ -ഇരുണ്ടമുറിയിലെ മനുഷ്യനെ ചൂണ്ടി ജോൺ പറഞ്ഞു. ‘‘ബി.ഒ.എ.സി.യുടെ (ഇന്നത്തെ ബ്രിട്ടീഷ് എയർവേസ്) മാനേജരാണ് അയാൾ’’. ശരി എന്നർഥത്തിൽ ഞാൻ തലയാട്ടി. അക്ഷമയോടെ കാത്തുനിന്നു. പോൾ മക്കാർട്ട്‌നിയുമൊത്തുള്ള ജോൺ ലെനന്റെ പാട്ടെഴുത്തുകൾ സംഗീതചരിത്രത്തിൽ ഐതിഹാസികമാണ്. വട്ടക്കണ്ണട ധരിച്ച, നിഷേധാത്മക നിലപാടുകളുള്ള, രസികനായ ജോൺ, ബീറ്റിൽസിലെ ഏറ്റവും അക്ഷോഭ്യനായ സംഘാംഗമായിരുന്നു. 1963-ൽ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളൊക്കെ പങ്കെടുത്ത ഒരു പരിപാടിയിൽ ജോൺ ഇങ്ങനെ പറഞ്ഞു: ‘‘അവസാന ഇനത്തിന് ഞങ്ങൾ നിങ്ങളുടെ സഹായം തേടുന്നു. വിലകുറഞ്ഞ ഇരിപ്പിടങ്ങളിലിരിക്കുന്നവർ കൈയടിക്കാമോ? മറ്റുള്ളവർ സ്വന്തം ആഭരണങ്ങളുടെ ശബ്ദവും.’’

  വ്യവസ്ഥാപിത നയങ്ങളോടുള്ള ലെനന്റെ എതിർപ്പിനെ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നു. ബ്രിട്ടീഷ് രാജ്ഞി നൽകുന്ന ‘മെമ്പർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (എം.ബി.ഇ.)’ സ്ഥാനം അദ്ദേഹമെങ്ങനെ സ്വീകരിച്ചു എന്നതിനെക്കുറിച്ച് ഞങ്ങൾ അദ്ഭുതപ്പെട്ടിട്ടുണ്ട്. പക്ഷേ, ജോൺ ലെനൻ തെറ്റായൊന്നും ചെയ്തിരുന്നില്ല. എന്നെ സംബന്ധിച്ച്, ജോൺ എക്കാലത്തെയും മികച്ച സംഗീതജ്ഞനായിരുന്നു. ആ ഇരുണ്ടമുറിയിലെ വ്യക്തി മടങ്ങി. ജോൺ എന്നെ കൈകാട്ടി വിളിച്ചു. അദ്ദേഹത്തിനു സമീപം ഒരു വലിയ സോഫയിൽ അദ്ദേഹത്തെയും ആ സമയത്തെയും നന്ദിയോടെ സ്മരിച്ചുകൊണ്ട് ഞാനിരുന്നു. ജോൺ ലെനൻ ഒരു ആഗോളപ്രശസ്തനായിരുന്നു. ഇവിടെ അദ്ദേഹം തമാശകലർന്ന കണ്ണുകളോടെ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനായി ഇരിക്കുന്നു. ആലീസ് ഇൻ വണ്ടർലാൻഡ് പോലെ അത് തികച്ചും സ്വപ്നതുല്യമായിത്തോന്നുന്നു.

‘‘ഞാൻ ജോൺ ലെനനോടു സംസാരിക്കുകയാണെന്നത് എനിക്കു വിശ്വസിക്കാനാവുന്നില്ല’’ -പരിഭ്രമത്തോടെ ഞാൻ പറഞ്ഞു.

ചിരിച്ചുകൊണ്ട്, ആർദ്രമായി ജോൺ ചോദിച്ചു: ‘‘നിനക്കെത്ര വയസ്സായി?’’

‘‘21. ഞാൻ അടുത്ത് കോളേജിൽനിന്ന് ഇറങ്ങിയതേയുള്ളൂ. ഓൾ ഇന്ത്യാ റേഡിയോയിൽ ജോലിചെയ്യുന്നു.’’

‘‘അതു നല്ല പ്രായമാണ്. ഞങ്ങൾ ബീറ്റിൽസിനു തുടക്കമിട്ടത് ആ പ്രായത്തിലാണ്.’’

‘‘ശരിക്കും?’’ -അദ്ദേഹത്തിന് അത്ര ചെറുപ്പമാണെന്ന് എനിക്കറിയില്ലായിരുന്നു. ‘‘ഇത്രയും പ്രശസ്തനാവുമെന്ന് താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?’’
‘‘പ്രശസ്തരാവാനാണ് എല്ലാ സംഗീതജ്ഞരും ആഗ്രഹിക്കുന്നത്.’’

‘‘ജോൺ, ഭൂമിയിലെ ഏറ്റവും ഉന്നതനായ സംഗീതജ്ഞനാണ് താങ്കളെന്നു ഞാൻ കരുതുന്നു’’ -ഞാൻ പറഞ്ഞു.

‘‘ഇവിടെ മഹാന്മാരായ ഒട്ടേറെ സംഗീതജ്ഞരുണ്ട്. എല്ലാവരും അവരവരുടെ ജോലിചെയ്യുന്നു’’ -അദ്ദേഹം പറഞ്ഞു.

‘‘എങ്ങനെയാണ് താങ്കളൊരു സംഗീതജ്ഞനായത്?’’

‘‘എന്റെ അമ്മ എനിക്കൊരു ഗിത്താർ തന്നു. അതിൽനിന്നായിരുന്നു തുടക്കം. പക്ഷേ, സ്കൂൾക്കാലത്ത് ഞാനത്ര മിടുക്കനൊന്നുമായിരുന്നില്ല’’ -അദ്ദേഹം പറഞ്ഞു.
ഇതാണ് ഞാനുദ്ദേശിച്ച വലിയ ചോദ്യം ഉന്നയിക്കാനുള്ള തക്കസമയമെന്ന് ഞാൻ കരുതി.

‘‘എന്താണ് ‘ഡേ ട്രിപ്പർ’?’’ -ഞാൻ ചോദിച്ചു. അദ്ദേഹം അദ്ഭുതത്തോടെ എന്നെ നോക്കി. റബ്ബർ സോളിന്റെ സമയത്ത് അവർ പുറത്തിറക്കിയ പാട്ടായിരുന്നു അത്.
‘‘അത്... ഒരു വാരാന്ത്യ തത്ത്വചിന്തകനെപ്പോലെയാണ്’’ -അദ്ദേഹം പറഞ്ഞു.

‘‘വാരാന്ത്യ തത്ത്വചിന്തകൻ?’’

‘‘നിരന്തരമായി കാര്യങ്ങൾ ചെയ്യാത്തവർ.’’

‘‘തികച്ചും വ്യക്തിപരമായ ഒരു ചോദ്യം ചോദിക്കട്ടെ?’’ -ഞാൻ ചോദിച്ചു.

‘‘നിർബന്ധമാണെങ്കിൽ...’’

‘‘താങ്കൾ ഹാഷിഷ് പോലുള്ളവ ഉപയോഗിക്കാറുണ്ടോ?’’

വട്ടക്കണ്ണടയ്ക്കുള്ളിലെ ജോണിന്റെ കണ്ണുകൾ കുറുകി. ‘‘എന്നെ കുഴപ്പത്തിലാക്കാനാണോ ശ്രമം? എനിക്കിവിടത്തെ നിയമങ്ങളറിയില്ല. ചിലർ ഉപയോഗിക്കാറുണ്ട്, ചിലർ ഇല്ല. അവരുടെ സംഗീതം മാത്രം നോക്കി അവരെ വിലയിരുത്തുക.’’

‘‘സംഗീതംവെച്ചു നോക്കിയാൽ താങ്കൾ അതുപയോഗിക്കുന്നുവെന്നാണ് ഞാനൂഹിക്കുന്നത്’’ -ഞാൻ പറഞ്ഞു. അദ്ദേഹം നിഷേധാർഥത്തിൽ തലയാട്ടി. ആ വിഷയം അവസാനിപ്പിക്കാനെന്നമട്ടിൽ ചോദിച്ചു: ‘‘ഇനിയെന്താണ്?’’ പക്ഷേ, ഞാൻ വിട്ടില്ല. ‘‘എൽ.എസ്.ഡി.യെക്കുറിച്ച് എന്തുപറയുന്നു?’’

‘‘അതിനെക്കുറിച്ച് അറിയണമെന്നുണ്ടായിരുന്നെങ്കിലും ഞാനത് ഉപയോഗിച്ചിട്ടില്ല’’ -അദ്ദേഹം പറഞ്ഞു.

‘‘ഒരിക്കൽപ്പോലും?’’

‘‘ഒരിക്കലുമില്ല. അത്തരത്തിൽ ആളുകൾ വാർത്ത പ്രചരിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. അത് അപകടമാണ്.’’ അദ്ദേഹം പറഞ്ഞതു ശരിയാണ്. തിമോത്തി ലിയറി, ആൽഡസ് ഹക്‌സ്‌ലി, അലൻ വാട്ട്‌സ് എന്നിവരെപ്പോലുള്ളവർ അനുകൂലിച്ചിരുന്നെങ്കിലും എൽ.

എസ്.ഡി. കാരണം പല മികച്ച വ്യക്തികളും വഴിതെറ്റിപ്പോയത് എനിക്കറിയാമായിരുന്നു.

‘‘ക്ഷമിക്കണം’’ -ഞാൻ പിറുപിറുത്തു. ‘‘അഭിമുഖത്തിൽനിന്ന് ഞാനത് ഒഴിവാക്കും’’ അദ്ദേഹം എന്നെക്കുറിച്ച് മോശമായി ചിന്തിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. അദ്ദേഹം എന്റെ ഹീറോയാണ്. എന്റെ നിരാശ മനസ്സിലാക്കി അദ്ദേഹം മുന്നോട്ടുവന്ന് കുനിഞ്ഞ് പതുക്കെ സംസാരിച്ചു.

‘‘എനിക്കറിയാം, നിനക്കൊരു സ്‌കൂപ്പ് ആണ് വേണ്ടതെന്ന്. ഞാൻ നിന്നെ കുറ്റപ്പെടുത്തില്ല. പക്ഷേ, എനിക്കു നിന്നെ സഹായിക്കാനാകില്ല.’’ അദ്ദേഹത്തിന്റെ മൃദുത്വം എന്റെ ഹൃദയത്തിൽ തൊട്ടു.
‘‘ഇന്നത്തെ പുതുതലമുറയ്ക്ക് എന്ത് ഉപദേശമാണ് താങ്കൾ നൽകുക?’’ -ഞാൻ ചോദിച്ചു.

‘‘എല്ലാറ്റിനെയും ചോദ്യംചെയ്യുക. റിബൽ ആവാൻ ഭയക്കാതിരിക്കുക.’’ അദ്ദേഹം ആൽബർ കമ്യുവിനെക്കുറിച്ചു കേട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. അതുകൊണ്ടുതന്നെ ഞാൻ അദ്ദേഹത്തെക്കുറിച്ചു സംസാരിച്ചു. ‘‘റിബലുകളാണ് സമൂഹത്തെ ഊർജ്വസ്വലമാക്കുന്നതെന്ന് ആൽബർ കമ്യു പറഞ്ഞിട്ടുണ്ട്’’ -ഞാൻ പറഞ്ഞു.

‘‘അദ്ദേഹം നല്ലവനാണ്. ഞാനദ്ദേഹത്തെക്കുറിച്ചു വായിച്ചിട്ടുണ്ട്. മികച്ച ചിന്തകൻ.’’

നേരത്തേ ആ മുറിയിലുണ്ടായിരുന്ന ബി.ഒ.എ.സി. മാനേജർ ചില കടലാസുകളുമായി തിരിച്ചെത്തി. ഇരുന്നിടത്തുനിന്ന് എഴുന്നേറ്റുകൊണ്ട് ജോൺ പറഞ്ഞു: ‘‘ക്ഷമിക്കണം. എനിക്കിതൊന്നു ശരിയാക്കാനുണ്ട്.’’  പെട്ടെന്നു മടങ്ങാൻ വയ്യാത്തതിനാൽ, വേരുറച്ചതുപോലെ ഞാനവിടെത്തന്നെ നിന്നു. മനസ്സിലുള്ളതു ഞാൻ പറഞ്ഞു...

‘‘ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ?’’ അദ്ദേഹം തന്ത്രപൂർവം ഒഴിഞ്ഞുമാറി. കൈ എന്റെ ചുമലിലേക്കുവെച്ച് അദ്ദേഹമെന്നെ വാതിൽക്കലേക്കു നയിച്ചു. പോൾ അകലെനിന്ന് കൈവീശി ഗുഡ് ബൈ പറഞ്ഞു. ജോർജ് അദ്ദേഹത്തിന്റെ സിത്താറിൽത്തന്നെ ശ്രദ്ധകേന്ദ്രീകരിച്ച് ഇരിക്കുകയായിരുന്നു. റിങ്കോ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. തിരിച്ചിറങ്ങുമ്പോൾ മേഘങ്ങളിലൂടെയാണ്‌ നടക്കുന്നതെന്നെനിക്കുതോന്നി. ഞാനെന്റെ ദൈവങ്ങളെ കണ്ടിരിക്കുന്നു -‘ദി ബീറ്റിൽസ്’