അമൃതവചനം

മക്കളേ,
 ധർമത്തെ സംരക്ഷിക്കാനും അധർമത്തെ സംഹരിക്കാനുമാണ്‌ ഈശ്വരൻ അവതാരമെടുക്കുന്നത്‌. എന്നാൽ, അതിലുപരിയായി ഈശ്വരാവതാരത്തിന്‌ മറ്റൊരു ലക്ഷ്യംകൂടിയുണ്ട്‌. മനുഷ്യഹൃദയങ്ങളിൽ ഈശ്വരപ്രേമത്തെ ഉണർത്തി അതുവഴി അവരിലെ മനോമാലിന്യങ്ങളെ അകറ്റി ശുദ്ധീകരിക്കുക എന്നതാണ്‌. തന്റെ മധുരമായ ലീലകളിലൂടെ ശ്രീകൃഷ്ണഭഗവാൻ സാധ്യമാക്കിയതും അതു തന്നെയായിരുന്നു.ഭക്തിയെന്നാൽ ഇടതടവില്ലാത്ത ഈശ്വരസ്മരണയാണ്‌. ഒരു  ചെറിയ നീർച്ചാൽപോലെ അത്‌ ഹൃദയത്തിൽ ഉണരുന്നു. എന്നാൽ, ക്രമേണ വളർന്ന്‌ ഗംഗാപ്രവാഹംപോലെ ഹൃദയം നിറഞ്ഞ്‌ ഒഴുകുന്നു. അതിന്റെ ശക്തിയിൽ എല്ലാ വിഷയവാസനകളും കാമനകളും ദുർബലമായിത്തീരുന്നു. മനോമാലിന്യങ്ങൾ അകലുന്നു.
ഗോപികമാർ തന്നെയാണ്‌ ഇതിന്‌ ഉത്തമോദാഹരണം. തുടക്കത്തിൽ ഭഗവാനോട്‌ അവർക്കുണ്ടായിരുന്ന ആകർഷണം ക്രമേണ അലൗകിക പ്രേമമായി വളർന്നു. അപ്പോഴും അവർക്ക്‌ പരസ്പരം അസൂയയും മത്സരബുദ്ധിയുമുണ്ടായിരുന്നു. അവരുടെ ആ ദോഷംകൂടി തീർത്ത്‌ പൂർണരാക്കാൻ ഭഗവാൻ ആഗ്രഹിച്ചു.

ഒരിക്കൽ ഭഗവാനോടൊത്ത്‌ യമുനാതീരത്ത്‌ ഇരിക്കുമ്പോൾ ഗോപികമാർ കൃഷ്ണനോടു ചോദിച്ചു, ‘‘ഞങ്ങളെല്ലാം അവിടുത്തെ ഭക്തരാണ്‌. ചിലർ സദാ അവിടുത്തെ നിഴൽപോലെ കൂടെയുണ്ട്‌. ചിലർക്ക്‌ കണ്ണൻ തങ്ങളെ ശ്രദ്ധിക്കണമെന്നാണാഗ്രഹം. മറ്റു ചിലർക്ക്‌ കണ്ണനെ കണ്ടുകൊണ്ടിരുന്നാൽ മതി. താനായിരിക്കണം കണ്ണനേറ്റവും പ്രിയപ്പെട്ടവൾ എന്നാണ്‌ ഓരോ ഗോപികയും ആഗ്രഹിക്കുന്നത്‌. അങ്ങാകട്ടെ പലപ്പോഴും രാധയുടെ ഭക്തിയെ ആണ്‌ എടുത്തുപറയാറുള്ളത്‌. ഏറ്റവും ഉത്തമമായ ഭക്തി എന്തെന്ന്‌ അങ്ങ്‌ പറഞ്ഞുതരാമോ?’’

ഭഗവാൻ കുനിഞ്ഞ്‌ യമുനയിൽ നിന്നൊരു വെള്ളാരങ്കല്ലെടുത്ത്‌ ഗോപികമാർക്ക്‌ കൊടുത്തു. ‘‘ഇതൊന്നു പൊട്ടിച്ചു നോക്കൂ.’’ ഗോപികമാർ അത്‌ പൊട്ടിച്ചു. ‘‘അതിന്റെ അകം നനഞ്ഞിട്ടുണ്ടോ?’’ ഭഗവാൻ ചോദിച്ചു. ‘‘കല്ലിനകത്തെങ്ങനെ വെള്ളം കേറാനാണ്‌?’’ എന്നവർ തിരിച്ചു ചോദിച്ചു. ‘‘അല്ലാ, അത്‌ വർഷങ്ങളായി ഈ വെള്ളത്തിൽത്തന്നെ കിടന്നതല്ലേ. ഇതുപോലെ എത്ര വർഷം എന്റെ കൂടെ കഴിഞ്ഞാലും ചിലരുടെ ഉള്ളിൽ ഭക്തിയുടെ നനവൊട്ടുമുണ്ടാവില്ല.’’ കല്ലെടുക്കാൻ കനിഞ്ഞപ്പോൾ വെള്ളം തട്ടി നനഞ്ഞ തന്റെ പീതാംബരം കാണിച്ചുകൊണ്ട്‌ ഭഗവാൻ പറഞ്ഞു, ‘‘ഈ പട്ടുതുണി നന്നായി നനഞ്ഞിട്ടുണ്ട്‌, അകവും പുറവും ഒരുപോലെ. പക്ഷേ, നോക്കൂ. ‘‘യമുനയിലെ കാറ്റിൽ വസ്ത്രാഞ്ചലം വിരിച്ചുപിടിച്ചുകൊണ്ട്‌ ഭഗവാൻ പുഞ്ചിരിച്ചു. കാണെക്കാണെ ആ നനവ്‌ ഇല്ലാതായി. ‘‘ഇതുപോലെ പ്രതികൂല സാഹചര്യങ്ങളിൽ ചിലരുടെ ഭക്തിയും ആവിയായിപ്പോകും.’’ ഇതുപറയുമ്പോൾത്തന്നെ കൈയിലിരുന്ന ഒരു കൽക്കണ്ടം ഭഗവാൻ വെള്ളത്തിലിട്ടു. അല്പം കഴിഞ്ഞ്‌ ഗോപികമാരോട്‌ പറഞ്ഞു: ‘‘എന്റെ കൈയിലിരുന്ന കൽക്കണ്ടം ഇവിടെ വീണുപോയി. ആർക്കെടുത്തു തരാൻ കഴിയും?’’ ഗോപികമാർ മത്സരിച്ചു വെള്ളത്തിനടിയിൽ തപ്പിനോക്കി. കുറേ തിരഞ്ഞിട്ടും കിട്ടാതെ അവർ നിരാശരായി പറഞ്ഞു: ‘‘അതലിഞ്ഞു പോയിക്കാണും കണ്ണാ.’’ ഭഗവാൻ പറഞ്ഞു. ‘‘ഇതുപോലെയാണ്‌ രാധയുടെ ഭക്തി. അവൾ എന്നിൽ അലിഞ്ഞു കഴിഞ്ഞിരിക്കുന്നു. രാധയും കൃഷ്ണനും രണ്ടല്ലാതായിരിക്കുന്നു.’’ പുഞ്ചിരിയോടെ ഭഗവാൻ കൂട്ടിച്ചേർത്തു: ‘‘വിഷമിക്കേണ്ടാ. കാത്തിരിക്കൂ. നിങ്ങൾക്കും താമസിയാതെ ആ ഭക്തി ഉണ്ടായിവരും.’’

തങ്ങളുടെ തെറ്റു തിരിച്ചറിഞ്ഞ ഗോപികമാർ ക്രമേണ ഉത്തമമായ ഭക്തിയിലേക്കുയർന്നു. ഒടുവിൽ സർവവും കൃഷ്ണമയമായി അവർക്ക്‌ അനുഭവപ്പെട്ടു. അവർ കൃഷ്ണനുമായി ഏകീഭവിച്ചു. ശ്രീകൃഷ്ണപ്രേമം മക്കളുടെ ഹൃദയങ്ങളിൽ നറുനിലാവായി പരന്നൊഴുകട്ടെ. ആ ഉണ്ണിക്കണ്ണൻ എന്നെന്നും ഉള്ളിൽ വിളയാടട്ടെ.