‘‘ഓഗസ്റ്റ് 19-ന് തൊടുപുഴയിലെ സെറ്റിലായിരുന്നു. രാവിലെമുതൽ ഫോൺവിളികളുടെ ബഹളം. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ഫോണെടുത്തുനോക്കുമ്പോൾ നാനൂറിനടുത്ത് മിസ്‌കോളുകൾ. വിളിച്ചവരുടെ കൂട്ടത്തിൽ നമ്മുടെ ഗുരുനാഥൻമാരും ഉണ്ടാകുമല്ലോ. അവർ എന്തുകരുതുമെന്നോർത്ത് ആധികയറി. ഉടൻതന്നെ തിരുവനന്തപുരത്തെ വീട്ടിലേക്കുവിളിച്ച് മകനോട് വരാൻ പറഞ്ഞു. പിറ്റേദിവസം രാവിലെയെത്തിയ അവന്റെ കൈയിൽ ഫോൺ ഏൽപ്പിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്’’ -സ്മാർട്ട്‌ഫോൺ അഡിക്‌ഷൻ ചർച്ചചെയ്യുന്ന ‘ഹോം’ സിനിമ ഒ.ടി.ടി.യിൽ റിലീസായ ദിവസത്തെക്കുറിച്ചാണ് ഇന്ദ്രൻസ് പറയുന്നത്. ചിത്രത്തിൽ ഒലിവർ ട്വിസ്റ്റ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ ഫോണിലേക്കിപ്പോൾ അഭിനന്ദനങ്ങളുടെ പെരുമഴയാണ്.

 ഒലിവറും ഞാനും തമ്മിൽ
കീപാഡുള്ള പഴഞ്ചൻ ഫോണുപയോഗിക്കുന്ന ഒലിവർ ട്വിസ്റ്റ് എന്ന മധ്യവയസ്കൻ സ്മാർട്ട്‌ഫോൺ സ്വന്തമാക്കുന്നതും അതേത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണല്ലോ ‘ഹോം’ സിനിമയിൽ പറയുന്നത്. എന്റെ കൈയിലുമുള്ളത് പഴയ മട്ടിലുള്ള കീപാഡ് ഫോണാണ്. സാംസങ്ങിന്റെ B350E എന്ന മോഡൽ. മൂവായിരം രൂപയ്ക്കടുത്തേ വിലയുള്ളൂ. ഒലിവറിനെപ്പോലെ സ്മാർട്ട്‌ഫോൺ മുതലാളിയാകാൻ ഞാനും ഒന്നുരണ്ടുതവണ ശ്രമിച്ചിരുന്നു. പക്ഷേ, നടന്നില്ല. മകനും മരുമകനും ചേർന്ന് പലവട്ടം സ്മാർട്ട്‌ഫോൺ ഉപയോഗം പഠിപ്പിക്കാൻ നോക്കിയെങ്കിലും എന്റെ തലയിൽ അതൊന്നും കയറിയില്ല. ഓരോതവണ ഫോണെടുക്കുമ്പോഴും എന്തെങ്കിലും പ്രശ്നമുണ്ടാകും. പിന്നെ അത് തീർക്കാൻ മക്കളുടെ സഹായം തേടണം. കുറെക്കഴിഞ്ഞപ്പോൾ മടുത്തു. പഴയമട്ടിലുള്ള ഫോണിലേക്കുതന്നെ മാറി. ആളുകളെ വിളിച്ച്‌ സംസാരിക്കാനല്ലാതെ മെസേജ് അയയ്ക്കാൻപോലും ഫോണിന്റെ സഹായം തേടാറില്ല. പിന്നെന്തിനാണെനിക്ക് പതിനായിരങ്ങൾ വിലയുള്ള സ്മാർട്ട്‌ഫോൺ? ‘ഹോം’ സിനിമ അവസാനിക്കുമ്പോൾ ഒലിവർ ട്വിസ്റ്റ് സ്മാർട്ടാകുന്നുണ്ട്. എന്നാൽ, ഇന്ദ്രൻസ് ഇന്ദ്രൻസായിത്തന്നെ തുടരും.

‘ഹോമി’ലെത്തുന്നത്
‘ജനമൈത്രി’ എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് തലേദിവസം നിർമാതാവ് വിജയ് ബാബു സാറാണ് ഈ ചിത്രത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. ‘റോജിൻ തോമസ് എന്ന സംവിധായകൻവന്നൊരു തിരക്കഥ തരും, ചേട്ടൻ വായിച്ചുനോക്കണം’ എന്നേ പറഞ്ഞുള്ളൂ. തിരക്കഥ വായിച്ചുനോക്കിയപ്പോൾ വല്ലാതെ ഇഷ്ടപ്പെട്ടു. അതിൽ ഏതുകഥാപാത്രമാണ് അവതരിപ്പിക്കേണ്ടതെന്ന് ആരും പറഞ്ഞില്ലായിരുന്നു. ഒലിവർ ട്വിസ്റ്റിന്റെ അപ്പച്ചനായ വൃദ്ധൻ വേഷമായിരിക്കും എനിക്ക് എന്നാണ് കരുതിയത്. പിന്നീടാണറിഞ്ഞത് ഒലിവർ ട്വിസ്റ്റാണ് ഞാനെന്ന്. കോവിഡിന്റെ ഒന്നാംതരംഗത്തിനും രണ്ടാംതരംഗത്തിനുമിടയിൽ കിട്ടിയ ഇടവേളയിലായിരുന്നു ഷൂട്ടിങ്. ഒരുപാട് നിയന്ത്രണങ്ങളുണ്ടായിരുന്നു. സിനിമയിൽ കുടുംബമായി അഭിനയിച്ച ഞങ്ങൾ അഭിനേതാക്കൾ ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ സാമൂഹിക അകലം പാലിച്ചു. ഭക്ഷണം വെവ്വേറെ പൊതികളിലാക്കി മാറിയിരുന്നാണ് കഴിച്ചത്. സാധാരണ സെറ്റുകളിലുള്ളതുപോലെ കൂട്ടംകൂടിയിരുന്നുള്ള സംസാരമോ തമാശപറച്ചിലോ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും ഞങ്ങൾക്കിടയിൽ കൃത്യമായ കെമിസ്ട്രി വർക്കൗട്ടായി. മറ്റേയാളുടെ മനസ്സിൽ എന്താണെന്ന് ഒരു നോട്ടത്തിലൂടെ തിരിച്ചറിഞ്ഞ് അതനുസരിച്ച് അഭിനയിക്കാൻ എല്ലാവർക്കും സാധിച്ചു. അധികം സംസാരിക്കാത്തയാളാണ് സംവിധായകൻ റോജിൻ തോമസ്. ഞാനൊക്കെ ഇത്തിരി മുതിർന്നയാളായതുകൊണ്ട് എന്നോട് അഭിനയം മോശമെന്നുപറയാൻ അവർക്ക് ചിലപ്പോൾ മടിയുണ്ടാകും. ചില സീനുകളെടുത്താൽ, ‘ഒന്നുകൂടി നോക്കാം ചേട്ടാ’ എന്നുപറയും. അതുകൊണ്ട് അവർക്ക് ബുദ്ധിമുട്ട് വരാതിരിക്കാൻ എപ്പോഴും ശ്രദ്ധിച്ചുപോന്നു. ഒലിവർ ട്വിസ്റ്റിനെ അവതരിപ്പിക്കാൻ പ്രത്യേകിച്ച് മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. പലസമയങ്ങളിൽ പല ശരീരഭാഷയാകരുതെന്ന കാര്യംമാത്രമേ ശ്രദ്ധിച്ചുള്ളൂ. ആ കഥാപാത്രത്തെ ഒരു സീനിലും കയറൂരിവിടാൻ സംവിധായകൻ തയ്യാറായിട്ടില്ല. ഞാൻപോലും കാണാത്തൊരു ചരടുകൊണ്ട് ഒലിവറിനെ അദ്ദേഹം കൃത്യമായി നിയന്ത്രിച്ചു.

ഞാൻ ‘നന്നായിപ്പോയ’ മാലിക്ക്
‘ഹോം’ സിനിമയിറങ്ങിയ അന്നുമുതൽക്കുള്ള പ്രേക്ഷകപ്രതികരണംകണ്ട് അന്തംവിട്ടിരിപ്പാണ് ഞാനിപ്പോൾ. പണ്ടൊക്കെ സിനിമയിറങ്ങി ഒന്നോ രണ്ടോ മാസങ്ങൾക്കുശേഷമാണ് വിദേശത്ത് ആ പടമെത്തുന്നതും അതുകണ്ട് ആരെങ്കിലും നമ്മളെ വിളിക്കുന്നതും. എന്നാൽ, മലയാളികളുള്ള രാജ്യങ്ങളിലെല്ലാം ഒറ്റദിവസംതന്നെ ഒ.ടി.ടി.വഴി സിനിമയെത്തുകയല്ലേ? പടമിറങ്ങി ആദ്യമണിക്കൂറുകളിൽത്തന്നെ കോളുകൾ വരാൻതുടങ്ങി. വിളിക്കുന്നയാളുകൾ ഫോൺ ഭാര്യക്കും കുട്ടികൾക്കും കൈമാറും. അവരോടൊക്കെ സംസാരിക്കുമ്പോഴേക്കും വേറെയും കോൾവരും. ഒരാളുടെയും കോൾ എടുക്കാതെപോകരുതെന്ന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് മകൻ മഹേന്ദ്രനെ പെട്ടെന്ന് വിളിച്ചുവരുത്തിയത്.

ഇതുപോലെ അഭിനന്ദനംനേടിത്തന്ന മറ്റൊരു സിനിമയായിരുന്നു ‘മാലിക്ക്’. അതിൽ ഞാനവതരിപ്പിച്ച സി.ഐ. ജോർജ് സക്കറിയയുടെ സ്വഭാവം എനിക്കുതന്നെ മനസ്സിലായിട്ടില്ല എന്നതാണ് സത്യം. ആ കഥാപാത്രത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് സംവിധായകൻ മഹേഷ് നാരായണനാണ്. ഏതൊക്കെയോ ഗുരുനാഥൻമാരുടെ അനുഗ്രഹംകൊണ്ട് നല്ല സംവിധായകരുടെ അടുക്കൽ നമ്മൾ എത്തിപ്പെടുകയാണ്. മഹേഷ് നാരായണനും അധികം സംസാരിക്കില്ല. വേണ്ടതെന്തെന്ന് വളരെ ചുരുക്കം വാക്കുകളിൽ വിശദീകരിച്ചുതരും. മാലിക്ക് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഞാനൊക്കെ നന്നായിപ്പോയല്ലോ എന്നതായിരുന്നു മനസ്സിൽ ആദ്യമുയർന്ന തോന്നൽ (ചിരിക്കുന്നു).

അത്ര മോശമാണോ ‘ന്യൂജെൻ’?
ഇതെന്റെ വീട്ടിൽ നടക്കുന്ന കഥയാണെന്നും മക്കളുടെ സ്മാർട്ട് ഫോൺ കളികൊണ്ട് പൊറുതിമുട്ടി എെന്നാക്കെ പറഞ്ഞ് ചിലരൊക്കെ വിളിക്കുന്നുണ്ട്. പുതിയ തലമുറയുടെ കാര്യം ആകെ പോക്കാണെന്ന ചിന്തയൊന്നും എനിക്കില്ല. കാര്യങ്ങൾ പെട്ടെന്ന് പഠിച്ചെടുക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും കഴിവുള്ളവരാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ. നമുക്ക് കൂടെ ഓടിയെത്താൻ കഴിയാത്തതുകൊണ്ടല്ലേ അവരെ കുറ്റംപറയുന്നത്? നമ്മൾതന്നെ ഏൽപ്പിച്ച ഭാരിച്ച ഉത്തരവാദിത്വങ്ങൾ കാരണം കുട്ടികൾ നട്ടംതിരിയുന്ന സമയത്തായിരിക്കും സ്മാർട്ട്‌ഫോണിലെ ഓരോ മണ്ടൻ സംശയങ്ങളും ചോദിച്ച് അവരുടെ അടുത്തേക്കുതന്നെ ചെല്ലുന്നത്. അതുകൊണ്ട് പുതിയ കുട്ടികളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല.

നമ്മളല്ലേ അവരെ ഇങ്ങനെയാക്കിയത്? എന്റെ മക്കൾക്ക് അങ്ങനെയൊരു സ്മാർട്ട്‌ഫോൺ ഭ്രാന്ത് കണ്ടിട്ടില്ല. ഞാൻ വല്ലപ്പോഴുംമാത്രം വീട്ടിൽ വരുന്നതുകൊണ്ടായിരിക്കാം ചിലപ്പോൾ. ഫോണിൽ നോക്കിയിരിക്കാതെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും തമാശകൾ പങ്കിടാനുമാണ് അവർക്കിഷ്ടം.