അമൃതവചനം

മക്കളേ,
ഗുരുശിഷ്യബന്ധമാണ് ആത്മീയജീവിതത്തിന്റെ കേന്ദ്രബിന്ദു. നിസ്സീമപ്രേമം, കാരുണ്യം, ക്ഷമ, സഹനശക്തി, ത്യാഗം എന്നീ ഗുണങ്ങളുടെ മൂർത്തരൂപമാണ് സദ്ഗുരു. ഗുരുവിന്റെ സാന്നിധ്യം ശിഷ്യനു തീവ്രമായ പ്രചോദനമാണ്. ചിന്തകളെയും വികാരങ്ങളെയും അതിജീവിച്ച് തന്റെ ആത്മസ്വരൂപത്തെ അറിയാൻ ഗുരുവിന്റെ സാന്നിധ്യവും കാരുണ്യപൂർവമുള്ള ശിക്ഷണവും ശിഷ്യനെ പ്രാപ്തനാക്കുന്നു. യഥാർഥ ഗുരുശിഷ്യബന്ധത്തിൽ ഗുരു ഏതാണ്, ശിഷ്യൻ ഏതാണ് എന്നു തിരിച്ചറിയുക പ്രയാസമാണ്. ഉള്ളുകൊണ്ട് ഗുരു ശിഷ്യനെക്കാൾ ദാസഭാവനയുള്ളയാളായിരിക്കും. ശിഷ്യന്റെ ഉന്നതിമാത്രമാണു ഗുരുവിന്റെ ലക്ഷ്യം. ശിഷ്യന്റെ ഓരോ പ്രവൃത്തിയും ഗുരു ശ്രദ്ധിക്കും. പക്ഷേ, ശിഷ്യൻ അറിയുകയില്ല. യഥാർഥ ശിഷ്യനാകട്ടെ, ഗുരു അറിയുകപോലും വേണ്ടാ എന്ന ഭാവത്തിൽ ഗുരുവിനെ സേവിക്കുന്നവനാണ്, സേവ എന്നാൽ അനുസരണ എന്നാണ്. ശ്രദ്ധയോടുകൂടിയ ശിഷ്യന്റെ നീക്കം കാണുമ്പോൾ ഗുരു അറിയാതെത്തന്നെ അവനിൽ കൃപചൊരിയും. ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ല; ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായിക്കാണുകയുമില്ല. ശിഷ്യന്റെ സുരക്ഷിതത്വം മാത്രമാണു ഗുരുവിന്റെ ലക്ഷ്യം. സ്വയം കഷ്ടപ്പെട്ടാലും ശിഷ്യൻ വിജയിക്കുന്നതു കാണാനാണ് ഗുരു ആഗ്രഹിക്കുന്നത്. ഉത്തമനായ ഗുരു ഒരു യഥാർഥ മാതാവാണ്.

 ഒരു യുവാവ് ഒരു ഗുരുകുലത്തിൽ താമസിച്ച് ഗുരുവിന്റെ ശിക്ഷണത്തിൽ അനേകവർഷം ശാസ്ത്രങ്ങൾ പഠിക്കുകയും ആധ്യാത്മിക സാധന അനുഷ്ഠിക്കുകയും ചെയ്തു. പഠനം പൂർത്തിയാക്കിയശേഷം അയാൾ ഗുരുവിനെ സമീപിച്ചു. ഗുരുവിനെ പ്രണമിച്ചശേഷം പറഞ്ഞു: ‘‘അങ്ങയുടെ കൃപയാൽ എല്ലാ ശാസ്ത്രങ്ങളും ഞാൻ പഠിച്ചു. ഇനി എനിക്ക് വീട്ടിലേക്ക്‌ തിരിച്ചുപോകാൻ അനുമതി തന്നാലും.’’ ഗുരു പറഞ്ഞു: ‘‘നിൽക്കൂ, അങ്ങനെയങ്ങു പോകാൻ വരട്ടെ. എനിക്കുള്ള ഗുരുദക്ഷിണ എവിടെ?.’’ ഒരിക്കലും ആരോടും ഒന്നും ചോദിക്കാത്ത ഗുരു തന്നാടു ദക്ഷിണ ചോദിക്കുന്നതു കേട്ടപ്പോൾ ശിഷ്യന് അദ്‌ഭുതം തോന്നി. അയാൾ പറഞ്ഞു: ‘‘ഗുരോ! എന്റെ വീട്ടിൽ സാമാന്യത്തിലധികം ഭൂസ്വത്തും സമ്പത്തുമുണ്ട്. അതിൽ എന്റെ പങ്ക് പൂർണമായും അങ്ങേയ്ക്കു നൽകാം.’’ ഗുരു പറഞ്ഞു: ‘‘എനിക്ക് അതു വേണ്ടാ.’’ ശിഷ്യൻ അല്പം ചിന്തിച്ചശേഷം പറഞ്ഞു: ‘‘എന്റെ ജീവിതംതന്നെ ഞാൻ അങ്ങയെ സേവിക്കാനായി സമർപ്പിക്കാം.’’ ഗുരു ചോദിച്ചു: ‘‘ആർക്കാണ് അതു വേണ്ടത്?.’’ ശിഷ്യൻ ആശയക്കുഴപ്പത്തിലായി. അയാൾ ചോദിച്ചു: ‘‘അപ്പോൾ അങ്ങേയ്ക്ക് എന്താണു വേണ്ടത്?.’’ ഗുരു മറുപടി പറഞ്ഞു: ‘‘എല്ലാ ശാസ്ത്രങ്ങളും ‘ഞാൻ പഠിച്ചു കഴിഞ്ഞു’ എന്ന നിന്റെ അഹംഭാവമുണ്ടല്ലോ, അതാണ് എനിക്കു വേണ്ടത്. അത് എനിക്കു ദക്ഷിണയായി സമർപ്പിക്കൂ.’’

എല്ലാവർക്കും ഏറ്റവും പ്രിയം ഞാനെന്ന ഭാവമാണ്. ജീവന്റെ ഏറ്റവും വലിയ ശത്രുവും അതുതന്നെയാണ്. എങ്കിലും ഈ ഏറ്റവും വലിയ ശത്രുവിനെ ഏറ്റവും വലിയ മിത്രമായി കരുതി താലോലിക്കുകയാണ് ഓരോരുത്തരും. അതിനെ വിട്ടുകൊടുക്കാൻ ആരും തയ്യാറല്ല. ഗുരുവിനെ നാം ആശ്രയിക്കുന്നത് ഈ അഹങ്കാരത്തെ കളയാൻവേണ്ടിയാണ്. ശംഖിൽനിന്നു മാംസം പോയിക്കഴിഞ്ഞാൽ അതു പ്രണവനാദം പൊഴിക്കും. അതുപോലെ നമ്മിലെ അഹങ്കാരം ഗുരുവിൽ സമർപ്പിക്കുന്നതോടെ, നമ്മുടെ ജീവിതം മറ്റുള്ളവർക്കും നമുക്കും ആനന്ദവും ഉത്സാഹവും പകരുന്ന മധുരസംഗീതമായി മാറും.