നാടകവേദിയിൽനിന്ന്‌ സിനിമയിലേക്കെത്തിയ ഒരു സിനിമാമോഹിയാണ് അപ്പാനി ശരത് എന്ന യുവതാരം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസി’ലെ വില്ലൻ വേഷം ഒരു പുതുമുഖ നടന്റെ പരിമിതികളൊന്നുംതന്നെയില്ലാതെ അപ്പാനി ശരത് അതിഗംഭീരമാക്കി. പിന്നീട് ഈ നടനിലെ അഭിനേതാവിനെ അതിന്റെ പൂർണതയിൽ  വിശ്വസിച്ചത് തമിഴ് സിനിമയാണ്. തമിഴ്‌നാടിനെ വിറപ്പിച്ച കൊടുംകുറ്റവാളിയായ ഓട്ടോ ശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ വെബ് സീരീസിൽ  ഓട്ടോ ശങ്കറായി അപ്പാനി ശരത് മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്. ഒരിടവേളയ്ക്കുശേഷം അപ്പാനി ശരത് നായകനാകുന്ന മലയാള ചിത്രം റിലീസ് ചെയ്യുകയാണ്. വിനോദ്  ഗുരുവായൂർ സംവിധാനംചെയ്യുന്ന ‘മിഷൻ സി’യിൽ അപ്പാനി ശരത്തിനെ കൂടാതെ ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നു. ഇതുകൂടാതെ, അപ്പാനി ശരത് സംവിധാനംചെയ്യുന്ന മോണിക എന്ന വെബ് സീരീസുകൂടി പുറത്തിറങ്ങുകയാണ്. ഭാര്യ രേഷ്മയും സീരീസിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

‘മിഷൻ സി’യുടെ വിശേഷങ്ങൾ പങ്കുവെക്കാമോ
 ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് മിഷൻ സി. ചിത്രത്തിൽ ഒരു ജേണലിസം വിദ്യാർഥിയുടെ കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. വിനോദസഞ്ചാരത്തിനുപോകുന്ന വിദ്യാർഥികൾക്ക് യാത്രയ്ക്കിടയിൽ ആകസ്മികമായി നേരിടേണ്ടിവരുന്ന ദുരവസ്ഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അത് പ്രണയത്തിന്റെയും  ഇടുക്കിയുടെ മനോഹരമായ പ്രകൃതിഭംഗിയുടെയും പശ്ചാത്തലത്തിൽ പറയുന്നു. പ്രണയത്തിനും നർമങ്ങൾക്കുമെല്ലാം നല്ലസ്ഥാനമുണ്ടെങ്കിലും സിനിമയിൽ ഉയർന്നുനിൽക്കുന്നത്  ത്രില്ലർ സ്വഭാവമുള്ള ജിജ്ഞാസ നിറഞ്ഞ പ്രമേയംതന്നെയാണ്. വേറിട്ട ശൈലിയിലൂടെയാണ് വിനോദ് ഗുരുവായൂർ സാർ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യയും വേറിട്ട ചിത്രീകരണരീതിയും  
ദൃശ്യങ്ങൾക്ക്‌ പ്രാധാന്യം നൽകി, സംഭാഷണങ്ങൾ കുറച്ചുകൊണ്ടുള്ള അവതരണരീതിയുമെല്ലാം ഈ സിനിമയുടെ മറ്റു പ്രത്യേകതകളാണ്. ‘പൊറിഞ്ചു മറിയം ജോസി’ലൂടെ ശ്രദ്ധനേടിയ മീനാക്ഷി നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. കൈലാഷ്, മേജർ രവി, ജയകൃഷ്ണൻ എന്നിവരാണ് സിനിമയിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ ഒട്ടേറെ പുതുമുഖതാരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

‘മോണിക’യിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചുവല്ലോ? ഭാര്യ രേഷ്മയും അഭിനയരംഗത്തേക്ക് കാലെടുത്തുവെച്ചു. മോണികയുടെ വിശേഷങ്ങൾ പറയാമോ
 സംവിധാനംചെയ്യണമെന്ന ചിന്ത എനിക്കുണ്ടായിരുന്നില്ല.  മാനസികമായും  ലോക്ഡൗൺ കാലത്ത് ഒന്നുംചെയ്യാനില്ലാതെയിരുന്ന സമയത്ത് കാനഡയിലുള്ള എന്റെ സുഹൃത്ത് വിഷ്ണുവാണ് വെബ് സീരീസിന്റെ ആശയം പറയുന്നത്. 10 മിനിറ്റോളമുള്ള പത്ത് എപ്പിസോഡുകൾ മതിയെന്ന് വിഷ്ണു പറഞ്ഞു. ഓട്ടോശങ്കർ പോലൊരു വലിയ വെബ് സീരീസ് ചെയ്തതിനുശേഷം ഞാൻ മറ്റൊന്നുചെയ്യുമ്പോൾ അത് ചെറുതായൊന്ന് പാളിപ്പോയാൽ വിമർശിക്കപ്പെടും എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അപ്പോൾ രേഷ്മയാണ് അങ്ങനെ ചിന്തിക്കരുതെന്നും സാഹചര്യത്തെ നേരിടാൻ പഠിക്കണമെന്നും പറഞ്ഞ് എന്നെ ഉപദേശിക്കുന്നത്. രേഷ്മ നൽകിയ ധൈര്യത്തിലാണ് സ്‌ക്രിപ്റ്റ് എഴുതിയത്. പുറത്തൊന്നും ചിത്രീകരിക്കാൻപറ്റാത്ത സാഹചര്യമായതിനാൽ ഒരു വീട്ടിൽത്തന്നെയാണ് സെറ്റിട്ടത്. ഒടുവിൽ സംവിധാനംചെയ്യാം എന്നുകൂടി തീരുമാനിക്കുകയായിരുന്നു. ആക്സിഡന്റൽ ഡയറക്ടർ എന്നെല്ലാം പറയില്ലേ അതായിരുന്നു. പക്ഷേ, ചെയ്തുവന്നപ്പോൾ വളരെ  ഗൗരവത്തോടെയാണ് ഞങ്ങൾ ചെയ്തത്. നിർമാതാക്കളുടെയും ശക്തമായ പിന്തുണയുണ്ടായിരുന്നു. ഫ്രാൻസിസാണ് എഡിറ്റിങ്, പശ്ചാത്തലസംഗീതം ഫോർ മ്യൂസിക്സാണ് നിർവഹിക്കുന്നത്. ഇതിൽ രണ്ടുഗാനങ്ങളുണ്ട്. തീം സോങ്ങിന്റെ വരികൾ ഞാൻതന്നെയാണ് എഴുതിയത്. മറ്റൊരു ഗാനം ഇംഗ്ലീഷിലാണ്. കാനഡയിലെ ഒരു ഗായികയാണ് അത് പാടിയിരിക്കുന്നത്. ‘മോണിക’യുടെ ഡയലോഗും തിരക്കഥയും എഴുതിയിരിക്കുന്നത് എന്റെ സുഹൃത്ത് മനു എസ്.  പ്ലാവിളയാണ്. അദ്ദേഹം സ്കൂൾ ഓഫ് ഡ്രാമയിൽ എം.ഫിൽ. ചെയ്യുന്നു. മനു ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.

രേഷ്മ അഭിനയത്തിലേക്ക് വന്നതും അവിചാരിതമായാണ്. രേഷ്മയ്ക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് എന്നോടുപറയുമായിരുന്നു. അവൾ നല്ലൊരു നർത്തകിയാണ്. അതുകൊണ്ടുതന്നെ നൃത്തത്തിൽ ശ്രദ്ധചെലുത്താൻ ഞാൻ പറയുമായിരുന്നു. മോണിക ആരംഭിച്ചപ്പോൾ കേന്ദ്രകഥാപാത്രത്തെ പുറത്തുനിന്ന് വിളിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. അപ്പോൾ രേഷ്മ ചോദിച്ചു, ഞാൻ ചെയ്തോട്ടെ എന്ന്. അത് കൊള്ളാമല്ലോയെന്ന് എനിക്കുംതോന്നി. വളരെ പെട്ടെന്നുതന്നെ ഞാൻ കഥയെഴുതി രേഷ്മയെ ഏൽപ്പിച്ചു. രേഷ്മ നന്നായിചെയ്തുവെന്നാണ് എനിക്ക് തോന്നുന്നത്.

 ‘അങ്കമാലി ഡയറീസി’ൽ അതിഗംഭീരമായ പ്രകടനം കാഴ്ചവെച്ച താങ്കളെ പിന്നീട് ഏറ്റെടുക്കുന്നത് തമിഴ് സിനിമയാണ്. മലയാളത്തിൽ നല്ല അവസരങ്ങൾ ലഭിക്കാതെ വന്ന സാഹചര്യമുണ്ടായിരുന്നുവോ
 മലയാളത്തിൽ ധാരാളം സിനിമകൾ ചെയ്യണമെന്നുതന്നെയാണ് എന്റെ ഏറ്റവുംവലിയ ആഗ്രഹം. കാരണം, മലയാളത്തിൽ അങ്കമാലി ഡയറീസിനുശേഷം എന്നെ എക്സൈറ്റ് ചെയ്ത മറ്റൊരു വേഷം എനിക്കുലഭിച്ചിട്ടില്ല. എന്നാൽ, നല്ല കഥാപാത്രങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അതില്ലെന്ന് ഞാനൊരിക്കലും പറയില്ല. എനിക്ക് വേഷങ്ങൾ തന്ന എല്ലാവരോടും നന്ദിപറയുന്നു. എനിക്കുലഭിക്കുന്ന കഥാപാത്രങ്ങളേ എനിക്ക് ചെയ്യാൻ സാധിക്കൂ. തികഞ്ഞ ആത്മാർഥതയോടെ ഞാൻ അതെല്ലാം ചെയ്യാനും ശ്രമിക്കാറുണ്ട്. എല്ലാതരത്തിലുമുള്ള വേഷങ്ങൾ ചെയ്തുവെങ്കിൽമാത്രമേ നമ്മുടെ കഴിവ് നമുക്ക് തെളിയിക്കാനാകൂ. അതിനായുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ഞാൻ.

ലോക് ഡൗണിൽ സിനിമ മൊത്തം നിശ്ചലമായി. ആ സാഹചര്യത്തെ എങ്ങനെയാണ് നേരിട്ടത്
 ഞാനും കടുത്ത മാനസികസംഘർഷത്തിലൂടെയാണ് കടന്നുപോയത്. ചെയ്തിരുന്ന സിനിമകളെല്ലാം മുടങ്ങിപ്പോയി. എന്തുചെയ്യണമെന്ന് അറിയില്ല. വിഷാദത്തിന്റെ വക്കിലെത്തി എന്നുപറയാം. അപ്പോഴെല്ലാം എനിക്ക് പൂർണ പിന്തുണയുമായിനിന്നത് രേഷ്മയാണ്. എന്നാൽ, എന്നെത്തേടി ഏതാനും പ്രോജക്ടുകൾ വന്നു. തമിഴിലും നല്ല വേഷങ്ങൾ ലഭിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഷൂട്ടിങ് മുടങ്ങിയെങ്കിലും  അതെല്ലാം കൂടുതൽ ഇളവുകൾ വരുന്നതോടെ പുനരാരംഭിക്കും. എനിക്ക് ടെൻഷനടിക്കാതെ പറ്റില്ലല്ലോ. ഞാൻ സിനിമയിൽ വലിയ സ്ഥാനത്തെത്തിയെന്നൊന്നും കരുതുന്നില്ല. സിനിമയിൽ വരുന്നതിനുമുമ്പ് അനുഭവിച്ചതിനെക്കാൾ നാലിരട്ടി സ്ട്രഗിൾ ഇപ്പോൾ അനുഭവിക്കുന്നുണ്ട്. ഇനിയും സിനിമകൾ ചെയ്യണം, നല്ലസിനിമയുടെ ഭാഗമാകണം. അതിന് ഞാൻ നന്നായി പെർഫോം ചെയ്യണം. കാരണം, അഭിനയമോഹവുമായി സിനിമയിൽ ദിനംപ്രതി പുതിയ ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഏറെ വിഷമകരമാണ് ഇവിടെ പിടിച്ചുനിൽക്കുക എന്നത്. നമ്മളും ആ മത്സരത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴിയും നമുക്ക് മുന്നിലില്ല.

തമിഴിലെയും മലയാളത്തിലെയും പുതിയ പ്രോജക്ടുകളെക്കുറിച്ച് പറയാമോ
 എ.ആർ. മുരുഗദോസ് സാറിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള അബിൻ ഹരിഹരൻ സംവിധാനംചെയ്യുന്ന ഒരു തമിഴ് സിനിമയിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നു. അതിൽ  പ്രധാന വില്ലന്റെ കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. തമിഴ്‌നാട് ബിഗ് ബോസ് വിജയിയായ ആരി അർജുനാണ് ചിത്രത്തിൽ  നായകനായെത്തുന്നത്. സത്യശിവ സംവിധാനംചെയ്യുന്ന തമിഴ് ചിത്രമാണ് മറ്റൊന്ന്. ശശികുമാറാണ് ചിത്രത്തിലെ നായകൻ. ആ സിനിമയുടെ എഴുപതുശതമാനവും ചിത്രീകരിച്ചുകഴിഞ്ഞു. ഇനി അഞ്ചുദിവസത്തെ ഷെഡ്യൂൾ മാത്രമേ ബാക്കിയുള്ളൂ. വിനോദ് ഗുരുവായൂർ സംവിധാനംചെയ്യുന്ന സിനിമയാണ് മറ്റൊന്ന്. തമിഴിലൊരുക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയാണ്. അതിന്റെ ഷൂട്ടിങ് ഏതാനും ഷെഡ്യൂളുകൾ കഴിഞ്ഞു. പിന്നീട് ലോക് ഡൗണിൽ നിന്നുപോയി. ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ജെല്ലിക്കെട്ട് തടയാൻ സർക്കാർ ശ്രമിക്കുമ്പോൾ അതിനുനേരെ പോരാടുന്ന മാട എന്ന കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. നായക വേഷമാണത്. എന്നെ ഒരുപാട് എക്സൈറ്റഡാക്കിയ കഥാപാത്രമാണത്. തമിഴരുടെ വികാരമുൾക്കൊള്ളുന്ന ഒരു സിനിമയും കഥാപാത്രവുമാണത്. കൂടുതൽ ഇളവുകൾ വരുന്നതോടെ ആ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും. ഷാഹുൽ ഹമീദ് നിർമിച്ച് വിനേഷ് ദേവസ്യ സംവിധാനംചെയ്യുന്ന ‘ഇന്നലെകൾ’ ആണ് മറ്റൊരു പുതിയ ചിത്രം. അതിലൊരു ഗ്രാമീണകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു റിയലിസ്റ്റിക് സിനിമയാണ്. ഞാനാദ്യമായാണ് മലയാളത്തിൽ അങ്ങനെയൊരു വേഷം ചെയ്യുന്നത്. മഹേഷ് നാരായണൻ സാറിന്റെ ‘മാലിക്കി’ലും ഞാൻ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.