സംവിധായകൻ മണിരത്നത്തിന്റെയും ജയേന്ദ്രപഞ്ചകേശന്റെയും നിർമാണത്തിലൊരുങ്ങുന്ന ആന്തോളജി സിനിമയാണ് നവരസ. ഒമ്പത് രസങ്ങളെ ആധാരമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ ഒരുക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, സർജുൻ, രതീന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നിവരാണ് സംവിധായകർ. എ.ആർ. റഹ്മാൻ, ജിബ്രാൻ, ഇമൻ, അരുൽദേവ്, കാർത്തിക്, ഗോവിന്ദ് വസന്ത, രോൺതൻ യോഹൻ, ജസ്റ്റിൻ പ്രഭാകർ എന്നിവരാണ് ചിത്രങ്ങൾക്ക് സംഗീതം ഒരുക്കുന്നത്.

   പ്രണയത്തെ അടിസ്ഥാനമാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന കമ്പി മേലെനിന്ദ്രു വിൽ സൂര്യ നായകനായെത്തുമ്പോൾ മലയാളിതാരം പ്രയാഗമാർട്ടിനാണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സർജുൻ സംവിധാനം ചെയ്യുന്ന തുനിന്ദ പിൻ വീരത്തെ പ്രമേയമാക്കിയാണ് കഥ പറയുന്നത്. അഥർവ, അഞ്ജലി കിഷോർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രൗദ്രത്തെ അടിസ്ഥാനമാക്കി കഥ പറയുന്ന രൗതിരം സംവിധാനം ചെയ്യുന്നത് അരവിന്ദ് സ്വാമിയാണ്. രമേശ് തിലക്, റിത്വിക ശ്രീറാം എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന  എതിരി സംവിധാനം ചെയ്യുന്നത് ബിജോയ് നമ്പ്യാരാണ്. കരുണ രസത്തെ അടിസ്ഥാനമാക്കി എതിരി കഥ പറയുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സമ്മർ ഓഫ് 92 വിൽ യോഗിബാബു, രമ്യ നമ്പീശൻ, നെടുമുടി വേണു എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ഹാസ്യ രസത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം കഥപറയുന്നത്. കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന പ്രോജക്ട് അഗ്‌നി അദ്‌ഭുതത്തെ അടിസ്ഥാനമാക്കി കഥ പറയുന്നു. അരവിന്ദ് സ്വാമി, പ്രസന്ന, പൂർണ എന്നിവരാണ് ഈ സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഭയാനക രസത്തെ ആധാരമാക്കി കഥ പറയുന്ന ഇൻമയ് സംവിധാനം ചെയ്യുന്നത് രതിന്ദ്രൻ പ്രസാദാണ്. പാർവതി തിരുവോത്ത്, സിദ്ധാർഥ് എന്നിവരാണ് ഇൻമയിലെ പ്രധാനകഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.കാർത്തിക് സുബ്ബരാജൊരുക്കുന്ന സമാധാനത്തിൽ ഗൗതം മേനോൻ, ബോബി സിംഹ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ശാന്ത രസത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം കഥ പറയുന്നത്. ഡൽഹി ഗണേഷ്, അദിതി ബാലൻ, രോഹിണി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പായസം സംവിധാനം ചെയ്തിരിക്കുന്ന വസന്താണ് . ബീഭത്സം പ്രമേയമാക്കിയാണ് ചിത്രം കഥ അവതരിപ്പിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ഓഗസ്റ്റ് ആദ്യ വാരം നവരസ പ്രദർശനത്തിനെത്തും.