ലോകരാജ്യങ്ങളുടെ വലിയ മത്സരക്കളിയുടെ (great game) മൈതാനവും ‘സാമാജ്യങ്ങളുടെ ശ്മശാന’വുമായാണ് അഫ്ഗാനിസ്താൻ വിശേഷിപ്പിക്കപ്പെടുന്നത്. പാകിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഖൈബർ ചുരത്തെ റുഡ്യാർഡ് കിപ്ലിങ് ചിത്രീകരിച്ചത് ‘ഗിരിനിരകൾക്കിടയിലൂടെ കടന്നുപോകുന്ന വാൾ’ ആയാണ്. മധ്യേഷ്യയുടെ നിയന്ത്രണത്തെച്ചൊല്ലി ബ്രിട്ടീഷ് സാമ്രാജ്യവും റഷ്യൻ സാമ്രാജ്യവും 19-ാം നൂറ്റാണ്ടിൽ നടത്തിയ രണോത്സുക ക്രീഡകളെ സൂചിപ്പിക്കാൻ ‘ഗ്രേറ്റ് ഗെയിം’ എന്ന പദപ്രയോഗം നടത്തിയതും ‘വെള്ളക്കാരന്റെ നാഗരിക കർത്തവ്യ’ത്തെക്കുറിച്ച് കവിതയിലൂടെ ഉദ്‌ബോധിപ്പിച്ച് കിപ്ലിങ് തന്നെ (ആ കവിത പക്ഷേ, അമേരിക്കയുടെ ഫിലിപ്പീൻസ് കോളനീകരണ പശ്ചാത്തലത്തിലായിരുന്നു).

 ബൃഹത്തായ ഭൗമരാഷ്ട്രീയക്കളിയുടെ കേദാരമാണ് അഫ്ഗാനിസ്താൻ എന്നു പറയുന്നത് ചരിത്രപരമായി പകുതി ശരിയും പകുതി തെറ്റുമാണ്. ഈ കളിയിൽ ഫുട്‌ബോൾ മത്സരത്തിലെന്നപോലെ എപ്പോഴും രണ്ടു ടീമുകളല്ല ഉണ്ടായിരുന്നത്. അഫ്ഗാനിസ്താനും തൊട്ടടുത്തുകിടക്കുന്ന മധ്യേഷ്യയും ചരിത്രത്തിലുടനീളം അനേകം കളിക്കാർ അണിനിരന്ന ചെസ് കളിയുടെ തന്ത്രപ്രധാന ബിന്ദുവായിരുന്നു; വിശേഷിച്ച് 20-ാം നൂറ്റാണ്ടിലും 21-ാം
നൂറ്റാണ്ടിന്റെ ഈ ആദ്യദശകങ്ങളിലും. എന്നാൽ, എപ്പോഴും രണ്ടു കളിക്കാർക്ക് സാമാന്യത്തിൽ കവിഞ്ഞ അളവിൽ മറ്റുള്ളവരെക്കാൾ കരുക്കളുണ്ടാവും. ഈ ചെസ്‌ ബോർഡിൽ ആർക്കും പ്രത്യാഘാതങ്ങളില്ലാതെ ‘കുതിരകേറി’ കളിക്കാൻ ഒരിക്കലും സാധ്യമാവാറില്ല. ചെറിയ കളിക്കാർക്ക് അവരുടേതായ ലക്ഷ്യങ്ങളും അഭിലാഷങ്ങളുമുണ്ട്. അവ നേടുന്നതിന് വലിയ കളിക്കാരുടെ സഹായം
തേടുകയാണ് പതിവ്.

അഫ്ഗാനിസ്താൻ കേന്ദ്രീകരിച്ചുള്ള ഈ സങ്കീർണമായ ബഹുതല ഭൗമരാഷ്ട്രീയക്കളി ഇന്നും മാറ്റമില്ലാതെ തുടരുന്നു; അമേരിക്കൻ സൈന്യം  അഫ്ഗാനിസ്താനിൽനിന്ന് നിശ്ശേഷം പിൻവാങ്ങുന്ന സന്ദർഭത്തിൽ പ്രത്യേകിച്ചും.
 ചരിത്രത്തിലുടനീളം ഒരു ശക്തിക്കും അഫ്ഗാനിസ്താനെ പൂർണമായും  കീഴടക്കാനും ഭരിക്കാനും കഴിയാത്തതിനു പിന്നിൽ മൂന്ന് പ്രധാന കാരണങ്ങളുണ്ട്: ഒന്നാമതായി, അഫ്ഗാനിസ്താൻ സ്ഥിതിചെയ്യുന്നത് ഇറാനും മധ്യേഷ്യയ്ക്കും ഇന്ത്യാ ഉപഭൂഖണ്ഡത്തിനും മധ്യേയുള്ള മുഖ്യകരമാർഗത്തിലാണ്. മൂന്ന് സഹസ്രാബ്ദംമുമ്പ് തുടങ്ങി പിന്നീട് വ്യത്യസ്ത കാലങ്ങളിൽ അലയലയായി അഫ്ഗാനിസ്താനിൽ ഒട്ടേറെ ഗോത്രവിഭാഗങ്ങൾ കുടിയേറുകയും സ്ഥിരവാസമാക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗോത്രജനവിഭാഗങ്ങൾ പണ്ടും ഇന്നും പരസ്പരവൈരം പുലർത്തുന്നവരും പുറത്തുനിന്ന് വരുന്നവരോട് ശത്രുപരമായ സമീപനം പുലർത്തുന്നവയുമത്രേ. കുടിയേറ്റത്തിന്റെയും അധിനിവേശത്തിന്റെയും അതിരേകവും ആവൃത്തിയും അഫ്ഗാനിലൊട്ടാകെ ദൃഢമായ ഗോത്രമനക്കൂട്ട് സൃഷ്ടിക്കുകയും പരസ്പരവിദ്വേഷം കാരണം ഏതാണ്ട് എല്ലാ ഗ്രാമവും കോട്ടകൊത്തളങ്ങളെപ്പോലെയായി പരിണമിക്കുകയും  ചെയ്തു. മറ്റൊന്ന്, അഫ്ഗാനിസ്താന്റെ
ഭൂപ്രദേശപ്രകൃതമാണ്. കുണ്ടും കുഴിയും വളവുമുള്ള, പരുപരുത്ത കൂറ്റൻ പർവതങ്ങൾ പ്രബലമായ പ്രദേശമാണത്. ഹിന്ദുക്കുഷ് പർവതം അഫ്ഗാനിസ്താന്റെ മധ്യഭാഗത്തും തെക്കുമായി തലയുയർത്തിനിൽക്കുന്നു; പാമിർ പർവതം കിഴക്കും. ‘പാമിർ കുടുക്ക്’ എന്നറിയപ്പെടുന്ന പർവതസന്ധി ബഡാക്ഷനിൽവെച്ച് ഹിന്ദുക്കുഷ്, പാമിർ, ടിയാൻ ഷൻ, കുൺലുൺ, ഹിമാലയം എന്നീ ഗിരിനിരകളുമായി സംഗമിക്കുന്നു. കൂടാതെ, പുറത്തുനിന്നുള്ള ഏതൊരധിനിവേശവും ഗോത്രവാസനയെ ഉഗ്രമാക്കുകയും ചെയ്യുന്നു.

 ക്രിസ്തുവിനുമുമ്പ്  അഞ്ചാം നൂറ്റാണ്ടിൽ അക്കീമിനഡ് പേർഷ്യൻ സാമ്രാജ്യത്തിന്റെ കിഴക്കൻ ഭാഗമായിരുന്നു അഫ്ഗാനിസ്താൻ. അക്കാലത്തുതന്നെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലുണ്ടായിരുന്ന 16 മഹാജനപദങ്ങളിൽ ഒന്നായ ഗാന്ധാരത്തിന്റെ ഭൂപ്രദേശം ഇന്നത്തെ പാകിസ്താനിലെ വടക്കുകിഴക്കൻ ഭാഗവും ഇന്നത്തെ അഫ്ഗാനിസ്താന്റെ കിഴക്കൻ ഭാഗവും ചേർന്നതായിരുന്നു. ഇറാനിലെ സാഗോസ് പർവതപപ്രദേശ താഴ്‌വാരത്തുനിന്ന് ആദിമ ഇടയന്മാർ നീങ്ങിയത് അഫ്ഗാനിസ്താനിലേക്കാണ്. മൗര്യഭരണകാലത്ത് സമകാല അഫ്ഗാനിസ്താന്റെ മിക്കഭാഗങ്ങളും മൗര്യന്മാരുടെ നിയന്ത്രണത്തിലായിരുന്നു. അലക്‌സാണ്ടർ അന്നത്തെ ആൾത്താമസംകുറഞ്ഞ അഫ്ഗാനിസ്താനിലൂടെ കാര്യമായ എതിർപ്പ് നേരിടാതെയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തിയത്. പിന്നീട് ഗ്രീക്കോബാക്ട്രിയന്മാരും ഇന്തോപാർഥിയന്മാരും ശകന്മാരും കുശാനന്മാരും ഹൂണന്മാരും അറബികളും മംഗോളിയന്മാരും മുഗളന്മാരും ബ്രിട്ടീഷുകാരുമെല്ലാം അഫ്ഗാൻ ഗോത്രങ്ങളുടെയും ദുഷ്‌കര ഭൂപ്രദേശത്തിന്റെയും പാരുഷ്യം നന്നായി അറിഞ്ഞവരാണ്.

  അഫ്ഗാനിസ്താൻ സാമ്രാജ്യങ്ങളുടെ ശവപ്പറമ്പാണെന്ന ഉദീരണം ഏറക്കുറെ ശരിയാണ്. മുഗളന്മാർ അഫ്ഗാനിസ്താനിലെ പല മേഖലകൾക്കും സ്വയംഭരണംകൊടുത്ത് അയവുള്ള അധികാരപ്രയോഗത്തിനാണ് മുതിർന്നത്. എന്നാൽ, 1839-1842ൽ നടന്ന ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അക്ഷരാർഥത്തിൽ ഭീകരാനുഭവമായിരുന്നു. അന്നത്തെ അഫ്ഗാൻ ഭരണാധികാരി ദോസ്തത്ത് മുഹമ്മദ് റഷ്യൻ സാമ്രാജ്യവുമായി അടുപ്പംകാണിച്ചപ്പോഴാണ് ഗവർണർ ജനറൽ ഓക്കാന്റ് ‘ആർമി ഓഫ് ദ ഇൻഡസ്’ എന്ന അഭിധാനത്തിൽ 20,000 അംഗങ്ങളുള്ള ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തെ കാബൂളിലേക്കുവിട്ടത്. പിന്നീട് പൊട്ടിപ്പുറപ്പെട്ട ജനകീയ കലാപങ്ങളിൽ പിന്തിരഞ്ഞോടുകയായിരുന്ന ബ്രിട്ടീഷ് സൈന്യത്തെ ഗോത്രവിഭാഗങ്ങൾ കൂട്ടക്കൊലചെയ്തു. സൈന്യത്തിലുണ്ടായിരുന്ന ഡോ. വില്യം  ബ്രിഡൻ മാത്രമാണ് രക്തത്തിൽക്കുതിർന്ന് തിരിച്ചെത്തിയത്.
വിൻസ്റ്റൺ ചർച്ചിൽ യൗവനത്തിൽ, ബ്രിട്ടൻ 19-ാം നൂറ്റാണ്ടിൽ നടത്തിയ അഫ്ഗാൻ യുദ്ധങ്ങളെ ഇങ്ങനെ കണ്ടു: ‘സാമ്പത്തികമായി വിനാശകരം, ധാർമികമായി ദുഷ്ടത്വം, രാഷ്ട്രീയമായി മണ്ടത്തരം’. 1979-’89 കാലത്ത് അഫ്ഗാനിസ്താനിൽ മുൻ സോവിയറ്റ് യൂണിയൻ നടത്തിയ ഇടപെടലും ദുരന്തപര്യവസായിയായി. സോവിയറ്റ് പതനത്തിന്റെ ആരംഭവും അന്ത്യവുംകുറിച്ച് ഈ യുദ്ധം, പിന്നീട് തീവ്രവാദത്തിന് വിശ്വരൂപം പകർന്നു. ഇപ്പോൾ ഇരുപതുവർഷം നീണ്ടുനിന്ന അമേരിക്കയുടെ അഫ്ഗാൻ അധിനിവേശയുദ്ധവും പരാജയപ്പെട്ട് അവസാനിക്കുകയാണ്. ഭാവി അഫ്ഗാനിസ്താനെപ്പറ്റിയുള്ള കൃത്യവും സ്പഷ്ടവുമായ രാഷ്ട്രീയ ഒത്തുതീർപ്പ് ഉണ്ടാക്കാതെയാണ്, ഈ സെപ്റ്റംബർ 11-ന്, ഇരട്ടഗോപുരാക്രമണത്തിന്റെ 20-ാം വാർഷികത്തിൽ അമേരിക്കൻ സൈന്യവും നാറ്റോ സഖ്യകക്ഷികളും അഫ്ഗാനിൽനിന്ന് സ്ഥലം കാലിയാക്കുന്നത്. ഇതുതന്നെയാണ് അമേരിക്കൻ പിന്മാറ്റാനന്തരമുള്ള അഫ്ഗാനിസ്താനെക്കുറിച്ച്‌ പലമട്ടിലുള്ള ആശങ്കകൾ പലകോണിൽനിന്നും പലപാട് ഉയർന്നുകൊണ്ടിരിക്കുന്നതിന്റെ മൂലകാരണവും.

 1996-ലാണ് താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചടക്കുന്നത്. സോവിയറ്റ് സേനയ്ക്കെതിരേ അമേരിക്കയുടെയും പാകിസ്താന്റെയും സൗദി അറേബ്യയുടെയും മറ്റുചില രാഷ്ട്രങ്ങളുടെയും ആളും അർഥവും ആയുധവും ഉപയോഗിച്ച് ജിഹാദ് നടത്തിയിരുന്ന അഫ്ഗാൻ മുജാഹിദീൻ കൂട്ടങ്ങളുടെ ചാരത്തിൽനിന്ന് പാകിസ്താന്റെ സർവാത്മന പിന്തുണയോടെ ഉയർന്നുവന്നതാണ് താലിബാൻ. ഈ മുജാഹിദീനുകളിൽ അൽഖായിദയുടെ നേതാവായ ഉസാമ ബിൻ ലാദനുമുണ്ടായിരുന്നു. സെപ്റ്റംബർ 11 തീവ്രവാദാക്രമണത്തിനുശേഷം, ഭീകരാക്രമണത്തിൽ അഫ്ഗാൻ പൗരന്മാർ ഇല്ലാതിരുന്നിട്ടും, താലിബാൻ ലാദനും അൽഖായിദയ്ക്കും അഭയം നൽകിയതിന്റെപേരിൽ അമേരിക്ക അഫ്ഗാനിസ്താനിൽ അധിനിവേശം നടത്തി താലിബാനെ പുറത്താക്കി. അക്കാലത്ത് ഒരു ലക്ഷത്തിലേറെ നാറ്റോ സൈന്യമുണ്ടായിരുന്നു അഫ്ഗാനിസ്താനിൽ. ഇപ്പോൾ അവിടെ ഏതാണ്ട് 3000 അമേരിക്കൻ സൈനികരും 8000 നാറ്റോ സൈനികരുമേയുള്ളൂ.

കഴിഞ്ഞ ഇരുപതു വർഷത്തിനിടെ ഏറ്റവും ശക്തമായ അവസ്ഥയിലാണ് ഇപ്പോൾ താലിബാൻ, അഫ്ഗാനിസ്താനിലെ 325 ജില്ലകളിൽ 76 (19%) താലിബാനും 127 (32%) അഷ്‌റഫ് ഗനിയുടെ അഫ്ഗാൻ സർക്കാരുമാണ് ഇപ്പോൾ നിയന്ത്രിക്കുന്നത്. ബാക്കി പകുതി ജില്ലകൾ അമേരിക്കൻ സേനയുടെ പിന്മാറ്റത്തോടെ താലിബാന് അനായാസം പിടിച്ചടക്കാമെന്ന പരിതോവസ്ഥയിലാണ്. അഫ്ഗാൻ സർക്കാർ നിലനിർത്തുന്ന ജില്ലകൾതന്നെ താലിബാന്റെ അധീനത്തിലാവാത്തതിന് കാരണം അമേരിക്കയുടെ വ്യോമപിന്തുണകൊണ്ടാണ്. കഴിഞ്ഞവർഷം ദോഹയിൽവെച്ച് അമേരിക്കയും താലിബാനും തമ്മിൽ യുദ്ധാന്ത്യത്തിന് ഉടമ്പടിയിലെത്തിയിരുന്നു. അന്ന് ട്രംപ് പ്രസ്താവിച്ചത്, 2021 മേയ് ഒന്നിനകം സേനാപിന്മാറ്റം പൂർത്തിയാക്കുമെന്നാണ്. ബൈഡൻ സർക്കാർ അത് നീട്ടുകയായിരുന്നു. അതിനിടെ കഴിഞ്ഞ ഏപ്രിൽ 24-ന് തുർക്കിയിൽ താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ ഒരു ചർച്ചയ്ക്ക് വേദിയൊരുക്കിയിരുന്നു. അഫ്ഗാനിസ്താനിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഇടക്കാലസർക്കാർ ഉണ്ടാക്കുന്നതും അഫ്ഗാനിസ്താനിലെ ഭാവിരാഷ്ട്രീയക്രമത്തിന്റെ അടിസ്ഥാനതത്ത്വങ്ങളും ശാശ്വത വെടിനിർത്തലുമായിരുന്നു ചർച്ചാവിഷയം. പക്ഷേ, അതിൽനിന്ന് താലിബാൻ പിന്മാറി. അമേരിക്കൻ പിന്മാറ്റത്തോടെ യുദ്ധക്കളത്തിൽ തങ്ങൾ അനായാസം വിജയിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് പിന്മാറ്റത്തിനുപിന്നിൽ.
 അഫ്ഗാൻ പ്രസിഡന്റായ അഷ്‌റഫ് ഗനി ഒരു ജനാധിപത്യ അഫ്ഗാനിസ്താൻ നിലവിൽവരണമെന്ന പക്ഷക്കാരനാണ്. അദ്ദേഹം ഈയിടെ പറഞ്ഞു: ‘‘ചർച്ചയ്ക്ക് താലിബാൻ തയ്യാറാണെങ്കിൽ പ്രസിഡന്റ് പദവി ഒഴിഞ്ഞ് തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ സന്നദ്ധമാണ്. അതിൽ താലിബാനും മത്സരിക്കാം.’’ എന്നാൽ, ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പുകളെ അനിസ്‌ലാമികമെന്ന് തുടക്കംമുതലേ തള്ളിക്കളഞ്ഞിട്ടുള്ള താലിബാൻ, ഗനി സർക്കാരിനെ ഒരു അമേരിക്കൻ പാവഭരണകൂടമായാണ് കാണുന്നത്. ഈയിടെ താലിബാൻ വക്താവ് പ്രസ്താവിച്ചു: ‘‘ശുദ്ധ ഇസ്‌ലാമിക വ്യവസ്ഥാനുസാരമുള്ള ഒരു ഇസ്‌ലാമിക് എമിറേറ്റിന്റെ സ്ഥാപനത്തിൽ കുറഞ്ഞ ഒരു തീരുമാനത്തിനും ഏതു സാഹചര്യത്തിലും ഞങ്ങൾ വഴങ്ങില്ല.’’ ഈ സമീപനവൈരുധ്യങ്ങളാണ് അമേരിക്കൻ പിന്മാറ്റത്തോടെ അഫ്ഗാനിസ്താൻ ആഭ്യന്തരയുദ്ധത്തിലേക്കോ അവ്യവസ്ഥയിലേക്കോ പതിക്കാമെന്ന് പല നിരീക്ഷകരും കരുതുന്നതിന് കാരണം. എന്നാൽ, വേറൊരു വിഭാഗം നിരീക്ഷിക്കുന്നത്, കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ താലിബാൻ കുറേയേറെ മാറിയിട്ടുണ്ടെന്നും അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് ഒറ്റപ്പെടാൻ അവർ ആഗ്രഹിക്കില്ലെന്നുമാണ്. അമേരിക്കൻ പിന്മാറ്റത്തോടെ ഏറെ വൈകാതെ കാബൂളിൽ താലിബാൻ കൊടി ഉയരുമെന്ന് കരുതുന്നവരാണ് ഏറെയും. പാകിസ്താന്റെ ഭൗമ-രാഷ്ട്രീയ-സൈനിക താത്‌പര്യത്തിന് ഏറ്റവും അനുയോജ്യം താലിബാന്റെ രണ്ടാംവരവുതന്നെയാണ്. ഇറാൻ, പാകിസ്താനിൽനിന്നും അഫ്ഗാനിസ്താനിൽനിന്നും പടർന്നേക്കാവുന്ന താലിബാൻ (സുന്നി) തീവ്രവാദത്തെ ആശങ്കയോടെ കാണുന്നു. റഷ്യയും പാകിസ്താനും തമ്മിലും റഷ്യയും താലിബാനും  തമ്മിലുമുള്ള രാഷ്ട്രീയസമവാക്യങ്ങൾ പഴയപോലെയല്ല.

തീവ്രവാദത്തിന്റെ വിളനിലമായുള്ള അഫ്ഗാനിസ്താനെ മോസ്‌കോയും മധ്യേഷ്യൻ രാജ്യങ്ങളും  ഒട്ടും ആഗ്രഹിക്കുന്നില്ലെങ്കിലും തങ്ങളുടെ സുരക്ഷാതാത്‌പര്യങ്ങളെ ഹനിക്കാത്ത, മയമുള്ള, ‘നല്ല’ താലിബാൻ വരുന്നതിനോട് അവർക്ക് ഇപ്പോൾ എതിർപ്പുണ്ടാകാനിടയില്ല. ചൈനയുടെ  വൺ ബെൽറ്റ്‌ വൺ റോഡിലെ ഒരു പ്രധാന ബെൽറ്റാണ് അഫ്ഗാനിസ്താൻ. അതോടൊപ്പം സിങ്ജി യാങ് പ്രവിശ്യയിലെ ഉയ്ഗുർ മുസ്‌ലിങ്ങളെ താലിബാന്റെ അധികാരാരോഹണം കൂടുതൽ വിജൃംഭിതരാക്കിയേക്കാം എന്ന പേടി ബെയ്‌ജിങ്ങിനുണ്ട്.

  ഇന്ത്യയുടെ ഭീതി, കാബൂളിൽ ഇസ്‌ലാമാബാദ് പൂർവാധികം പിടിമുറുക്കാനുള്ള സാധ്യതയും ‘നല്ലതും ചീത്തയുമായ’ താലിബാൻ എന്ന വേർതിരിവ് അസംബന്ധമാണെന്നും അഫ്ഗാനിലെ താലിബാൻ വരവ് ഡൽഹി നേരിടുന്ന സുരക്ഷാപ്രശ്നങ്ങളെ തീവ്രതരമാക്കുമെന്നുമാണ്. കൂടാതെ, ഈ ബഹുതല ചെസ്സുകളിയിൽ പുതിയൊരു കളിക്കാരനും രംഗപ്രവേശം ചെയ്തിരിക്കുന്നു. ജൂൺ 14-ന് ബൈഡനും തുർക്കി പ്രസിഡന്റ് എർദോഗനും ബ്രസ്സൽസിലെ നാറ്റോ ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിൽ, കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതല തുർക്കിയെ ഏൽപ്പിച്ചിരിക്കുകയാണ്. അടുത്തകാലത്തായി ഇന്ത്യയും തുർക്കിയും തമ്മിലുള്ള ബന്ധം തീരെ ഊഷ്മളമല്ല. 2016-ൽ എർദോഗനെതിരേനടന്ന പരാജയപ്പെട്ട അട്ടിമറിയുടെ നേതാവായ ഫെത്തുല്ല ഗുലനിന്റെ ഇന്ത്യയിലുള്ള ശൃംഖലയ്ക്കെതിരേ നടപടിയെടുക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടപ്പോൾ ഡൽഹി ഗൗനിച്ചില്ല. അതിനുള്ള പ്രതിക്രിയയായി ജമ്മു ആൻഡ് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് ഇന്ത്യ റദ്ദാക്കിയപ്പോൾ എർദോഗൻ പരസ്യമായി ആഞ്ഞടിക്കുക മാത്രമല്ല, പാകിസ്താനുള്ള അങ്കാറയുടെ പിന്തുണ ഇരട്ടിപ്പിക്കുകയും ചെയ്തു. ഇന്ത്യ എർദോഗന് ചുട്ട മറുപടി നൽകുകയും നിശ്ചയിക്കപ്പെട്ടിരുന്ന നരേന്ദ്രമോദിയുടെ തുർക്കി സന്ദർശനം റദ്ദാക്കുകയും ചെയ്തു. അമേരിക്കൻ സൈന്യം പിൻവാങ്ങുകയാണെങ്കിലും അഫ്ഗാനിസ്താനുള്ള സാമ്പത്തികസൈനിക സഹായം തുടരുമെന്ന് ബൈഡൻ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പല രാജ്യങ്ങളുടെ വ്യത്യസ്ത താത്‌പര്യങ്ങൾ കൂടിക്കുഴയുന്ന രാഷ്ട്രീയസങ്കീർണതയിലാണ് ഇപ്പോഴും അഫ്ഗാൻ ജനത. ഒന്നിനൊന്ന് വ്യത്യസ്തവും പരസ്പരവിരോധവും പുലർത്തുന്ന അഫ്ഗാനിസ്താനിലെ നാനാവിധത്തിലുള്ള ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന, ഈ ജനതതികളെ ഭരണഘടനാപരമായി പ്രതിനിധാനംചെയ്യുന്ന ഒരു ജനാധിപത്യ അഫ്ഗാനിസ്താന്റെ പിറവി പാൻ ഏഷ്യയുടെ സുരക്ഷയ്ക്കും സമാധാനത്തിനും അനിവാര്യമാണ്. അങ്ങനെയൊരു സാഹചര്യം ഉരുത്തിരിയുമോ എന്ന് നിശ്ചയിക്കുന്നത് അഫ്ഗാനിസ്താനകത്തും പുറത്തുമുള്ള ശക്തികളുടെ വിവേകപൂർണമായ ഇടപെടലുകളായിരിക്കും.

ചിത്രങ്ങൾ: ഡാനിഷ്‌ സിദ്ദിഖി