ആനന്ദബസാർ പത്രിക: ബംഗാളിലെ ഏറ്റവും പ്രചാരമുള്ള ഈ പത്രത്തിന്റെ തുടക്കം 1876-ൽ ഇപ്പോൾ ബംഗ്ലാദേശിലുള്ള ജസ്സോർ പ്രദേശത്തെ മാഗുര ഗ്രാമത്തിലായിരുന്നു. ശിശിർകുമാർ ഘോഷും അദ്ദേഹത്തിന്റെ മകൻ തുഷാർകാന്തി ഘോഷും ചേർന്ന്് ആരംഭിച്ച പ്രസിദ്ധീകരണം പക്ഷേ, ഒരു ദശകത്തിനുശേഷം നിലച്ചുപോയി.  1922-ൽ സുരേഷ്ചന്ദ്ര മജുംദാർ എന്നൊരാൾ പത്രിക ഒരു സായാഹ്നപത്രമായി പുനരാരംഭിച്ചു. പ്രഫുല്ല ചന്ദ്ര സർക്കാരായിരുന്നു എഡിറ്റർ. 1923 മുതൽ അത്‌ ദിനപത്രമായി. ബ്രിട്ടീഷ് ഭരണത്തിനെതിരേ ശക്തമായ നിലപാടെടുത്ത പ്രസിദ്ധീകരണമായിരുന്നു ആനന്ദബസാർ പത്രിക.

  ഈ പത്രവുമായിട്ടുള്ള ഒരു മലയാളിബന്ധം വായനക്കാർ ചിലപ്പോൾ ഓർത്തേക്കും; വിക്രമൻ നായർ എന്ന അവരുടെ ലേഖകനെപ്പറ്റി പറഞ്ഞാൽ. ബംഗ്ലാഭാഷയിൽ മികച്ച ഗദ്യം കൈകാര്യം ചെയ്തിരുന്ന മലയാളിയായിരുന്നു വിക്രമൻ നായർ. നക്സൽബാരി വിപ്ലവം നടന്ന് ഒന്നരദശകം പിന്നിട്ടപ്പോൾ ആ ഗ്രാമങ്ങൾ സന്ദർശിച്ച് അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ടുകൾ വളരെ പ്രശസ്തമാണ്. ജന്മംകൊണ്ട് ആലപ്പുഴയിലെ അരൂക്കുറ്റിക്കാരനാണ് വിക്രമൻ നായർ. ‘പശ്ചിം ദിഗന്തേ പ്രദോഷ് കാലേ’ എന്ന അദ്ദേഹത്തിന്റെ യൂറോപ്യൻ യാത്രാവിവരണം സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു.

 ആനന്ദബസാർ പത്രിക ഗ്രൂപ്പ് (ABP) 1982-ൽ ആരംഭിച്ച ഇംഗ്ലീഷ് ദിനപത്രമാണ് ടെലിഗ്രാഫ്. പിൽക്കാലത്ത് #മി ടൂ വിവാദങ്ങളിൽ ഉലഞ്ഞ് കേന്ദ്രമന്ത്രിപദം നഷ്ടമായ  പ്രമുഖ പത്രപ്രവർത്തകൻ എം.ജെ. അക്ബറായിരുന്നു അതിന്റെ ആദ്യത്തെ എഡിറ്റർ. ആധുനികമായ ഒരു ഇന്ത്യൻപത്രം എന്ന്‌ വിശേഷിപ്പിച്ചുകൊണ്ട് പ്രസിദ്ധീകരണം ആരംഭിച്ച ടെലിഗ്രാഫ് എഡിറ്റോറിയൽ നിലപാടുകൾ കൊണ്ടും തലക്കെട്ടുകളിലെ അമ്പരപ്പിക്കുന്ന വൈവിധ്യം കൊണ്ടും പെട്ടെന്നുതന്നെ ഇംഗ്ലീഷ് പത്രവായനക്കാർക്കിടയിൽ ഒരു പ്രമുഖസ്ഥാനം നേടിയെടുത്തു. - ടെലിഗ്രാഫിന്റെ ഇപ്പോഴത്തെ ചീഫ് എഡിറ്റർ ഒരു മലയാളിയാണ്: തിരുവനന്തപുരത്തുകാരനായ ആർ. രാജഗോപാൽ.

  1950-കളിൽ അമ്പതിനായിരത്തിലധികമായിരുന്നു കൊൽക്കത്തയിലെ മലയാളികളുടെ എണ്ണം. വ്യാവസായികമായ തകർച്ചയും മാർവാഡി മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും നഗരത്തിലെ തൊഴിലവസരങ്ങൾ കുറച്ചുകൊണ്ടുവന്നു. ബംഗാളികൾതന്നെ കേരളത്തിലേക്കു തൊഴിൽതേടി വരാൻ തുടങ്ങി. കൊൽക്കത്തയുടെ സാമ്പത്തികപ്രാധാന്യം കുറയുകയായിരുന്നു. ഇപ്പോൾ ഇവിടെ താമസിക്കുന്ന മലയാളികൾ പതിനായിരത്തിൽ താഴെയേ ഉണ്ടാവൂ. പലരും ജന്മനാട്ടിലേക്ക്‌ തിരിച്ചുവരാൻ കാത്തിരിക്കുന്നു. കമലാദാസിനെപ്പോലെ ആഗോളശ്രദ്ധ നേടിയ ഒരെഴുത്തുകാരി വളർന്ന ഈ നഗരത്തിൽ ഇപ്പോഴും വിവിധമേഖലകളിൽ മലയാളികളുടെ സാന്നിധ്യം ഉണ്ട്. എങ്കിലും ബംഗാളിനുപുറത്തേക്ക് അറിയപ്പെടുന്നവർ കുറവാണ്. ടെലിഗ്രാഫ് പത്രാധിപരായ രാജഗോപാലാണ് ഒരുപക്ഷേ, ഇപ്പോൾ കൊൽക്കത്തയിൽ ജീവിക്കുന്ന മലയാളികളിൽ ഏറ്റവും ദേശീയശ്രദ്ധ നേടുന്ന വ്യക്തി.

telegraph daily
ടെലഗ്രാഫ് പത്രത്തിന്റെ
ചില ശ്രദ്ധേയമായ ഒന്നാംപേജുകളും തലവാചകങ്ങളും


  ചാന്ദ്‌നിചൗക്ക് എന്ന മെട്രോ സ്റ്റേഷനിലിറങ്ങിയാൽ നടക്കാവുന്ന ദൂരമേയുള്ളൂ ആനന്ദ ബസാർ പത്രികയുടെ ഓഫീസിലേക്ക്. 2019 നവംബറിൽ ഒരു വൈകുന്നേരം ആദ്യമായി ഞാനവിടെ പോകുമ്പോൾ ടെലിഗ്രാഫിന്റെ ഓഫീസിൽ ആളുകൾ കുറവായിരുന്നു. കുറച്ചുകാലം മുമ്പ് തങ്ങളുടെ സ്ഥാപനത്തിൽ വലിയൊരു പിരിച്ചുവിടൽ നടന്നെന്നും അതുകൊണ്ട് ജീവനക്കാരുടെ എണ്ണം വളരെക്കുറവാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമസ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തികപ്രതിസന്ധിയുടെ വലുപ്പം അവിടത്തെ ഒഴിഞ്ഞ കസേരകളിൽ അന്നേ പ്രത്യക്ഷമായിരുന്നു. ഏറ്റവുമൊടുവിൽ ഈ വർഷം ഫെബ്രുവരിയിൽ അവിടെ ചെന്നപ്പോൾ മുമ്പുണ്ടായിരുന്നത്രതന്നെ ആളുകളില്ല. കോവിഡ് മനുഷ്യരെ വീടുകളിലേക്ക് പറഞ്ഞയച്ചിരുന്നു.

  ഇക്കണോമിക് ടൈംസിലും ബിസിനസ്‌ സ്റ്റാൻഡേഡിലുമൊക്കെ പ്രവർത്തിച്ച ശേഷം 1996-ലാണ് അദ്ദേഹം ടെലിഗ്രാഫിൽ ചേരുന്നത്. 2016-ൽ മുഖ്യ പത്രാധിപരുടെ ചുമതല രാജഗോപാലിനെ തേടിയെത്തി. പ്രകോപനപരം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തലക്കെട്ടുകളാണ് ടെലിഗ്രാഫിന്റെ മുഖമുദ്ര. മുമ്പേതന്നെ അതായിരുന്നു രീതി. അത്‌ തങ്ങളുടെ എഡിറ്റോറിയൽ നിലപാടുകളാണെന്ന് രാജഗോപാൽ പറയും. വാർത്തകൾ ഞങ്ങൾ കൃത്യമായി റിപ്പോർട്ട്‌ ചെയ്യുന്നു. പക്ഷേ, നിലപാടുകൾ തലക്കെട്ടുകളിലൂടെ ഉറക്കെപ്പറയും. അങ്ങനെ ശീർഷകങ്ങൾ ദേശീയശ്രദ്ധ നേടുകയാണ്. ടെലിഗ്രാഫിന്റെ തലക്കെട്ടുകളെ ആകാംക്ഷയോടെ കാത്തിരിക്കുന്നവർ ഏറെയുണ്ട് ഇപ്പോൾ. അതോടൊപ്പംതന്നെ അവ പത്രത്തെ ഭരണകൂടത്തിന്റെ ശത്രുപക്ഷത്തേക്ക്‌ മാറ്റിനിർത്തുന്നു എന്നുമുണ്ട്. തലക്കെട്ടുകളെ പരാമർശിക്കാതെ ടെലിഗ്രാഫ് പത്രത്തെക്കുറിച്ചു പറയുക വയ്യ.

 ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറായിരുന്ന യുവതിയുടെ ഹീനമായ കൊലപാതകത്തിനുശേഷം കുറ്റവാളികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ ടെലിഗ്രാഫ് എഴുതിയ ശീർഷകം തികച്ചും ആധുനികമായ നീതിബോധത്തെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു: Crime As Punishment. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തന്റെ പദവിയിൽനിന്ന്‌ വിരമിച്ച ഉടൻതന്നെ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്യപ്പെട്ട അവസരത്തിൽ വന്ന ശീർഷകം ‘കോവിഡ് അല്ല, കോവിന്ദ് ആണ് അത്‌ ചെയ്തത് (Kovind, not Covid did it)’ പ്രസ് കൗൺസിലിന്റെ താക്കീതിന്‌ നിമിത്തമായിരുന്നു. ദേശസ്നേഹത്തെക്കുറിച്ച്‌ സ്മൃതി ഇറാനി പാർലമെന്റിൽ ചെയ്ത നീണ്ട പ്രസംഗം റിപ്പോർട്ട്‌ ചെയ്യുമ്പോൾ, അവരുടെ ചിത്രത്തോടൊപ്പം പ്രസിദ്ധീകരിച്ച ഓൺടി നാഷനൽ (Aunty National) എന്ന പ്രയോഗം പുറത്ത്‌ കോളിളക്കം സൃഷ്ടിച്ചു. ബാബറിപ്പള്ളി പൊളിച്ച എല്ലാവരെയും വെറുതേവിട്ട കോടതിയുടെ ഉത്തരവ് വന്ന പിറ്റേന്ന് ടെലിഗ്രാഫിന്റെ മുൻതാളിലെ ചിത്രം ഒരു കഴുതയുടേതായിരുന്നു. ‘നമ്മളിപ്പോൾ എന്താണ് (What we are?)’ എന്ന ചോദ്യത്തിനുള്ള നിശ്ശബ്ദമായ ഉത്തരമായി ആ സാധുമൃഗം നിലകൊണ്ടു.  കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ജാദവ്പുർ യൂണിവേഴ്‌സിറ്റിയിൽ വന്നപ്പോഴുണ്ടായ കുഴപ്പങ്ങളോടനുബന്ധിച്ച് പിറ്റേന്നു കൊടുത്ത ബാബുൾ (Babull at JU - കാളക്കൂറ്റൻ എന്ന്‌ വ്യംഗ്യം) എന്ന ശീർഷകമായിരുന്നു ഏറ്റവും കഠിനം. മന്ത്രി പത്രാധിപരെ നേരിട്ടു വിളിച്ചു. ‘നിങ്ങൾ എന്നോട് മാന്യമായി മാപ്പു പറയണം’ അദ്ദേഹം ആവശ്യപ്പെട്ടു. ‘അതിന് ഞാൻ മാന്യനല്ല; ഒരു പത്രപ്രവർത്തകൻ മാത്രമാണ്’ എന്നതായിരുന്നു രാജഗോപാലിന്റെ ഉത്തരം.
 ഇതെല്ലാം കേൾക്കുമ്പോൾ ഈ പത്രാധിപരെക്കുറിച്ച്‌ നമുക്ക്‌ പ്രതീക്ഷിക്കാവുന്ന ഒരു ‘അധോലോക നായക’ പ്രതിച്ഛായ അദ്ദേഹത്തെ കാണുന്ന ക്ഷണം തകിടംമറിയും. ഒരാൾക്ക് ഇതിൽക്കൂടുതൽ സൗമ്യനാവുക വയ്യ എന്ന മട്ടിലുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. ഒഴിഞ്ഞുമാറിനിൽക്കുക എന്നതാണ് സാമാന്യരീതി. കൊൽക്കത്തയിലെ ഒരു വേദിയിലും രാജഗോപാൽ വരുന്നതേയില്ല.  (120 കിലോ ഭാരമുണ്ടെങ്കിലും ഒരു നാരങ്ങാ പിഴിയുന്നതിൽ കവിഞ്ഞുള്ള വ്യായാമത്തിനുപോലും താൻ പോകാറില്ലെന്ന് രാജഗോപാൽ.) അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പത്രപ്രവർത്തകർ ശ്രദ്ധയിലേക്ക്‌ വരാതിരിക്കുകയാണ് വേണ്ടത്. മാറിനിന്ന് നിർഭയമായി ജോലി ചെയ്യുക എന്നുള്ളതാണ് അവരുടെ കടമ. ഇപ്പോൾ വിവാദങ്ങളിൽ പെട്ടുപോകുന്നത് നിവൃത്തിയില്ലാഞ്ഞിട്ടാണെന്ന് രാജഗോപാൽ പറയുന്നു. എത്രതന്നെ മാറിനിന്നാലും സത്യം വിളിച്ചുപറയാൻ മുന്നോട്ടു വരേണ്ടിവരുന്ന അവസ്ഥ. സ്വയം അരങ്ങിൽ വരേണ്ടിവരുക എന്നത് ഈ കെട്ട കാലത്തിന്റെ ലക്ഷണമാണ്. മാത്രമല്ല, പത്രപ്രവർത്തകരുടെ ശരിയായ ചുമതല ഭരണസ്ഥാപനത്തെ എതിർക്കുക എന്നതാണെന്ന് രാജഗോപാൽ വിചാരിക്കുന്നു. ആ നിലയിൽ ഇന്ത്യയിലെ വലിയൊരു പ്രതിപക്ഷം ടെലിഗ്രാഫാണെന്നു പറയാം.  ‘‘അടിയന്തരാവസ്ഥക്കാലത്ത്  കുനിയാൻ പറഞ്ഞപ്പോൾ പത്രങ്ങൾ മുട്ടിലിഴഞ്ഞു എന്ന്‌ പറയാറുണ്ടല്ലോ. ഇപ്പോഴതല്ല, കുനിയാൻ പറഞ്ഞിട്ടുപോലുമില്ല, അതിനുമുമ്പേ ഇഴച്ചിൽ ആരംഭിച്ചു എന്നതാണ് ദുരന്തം.’’- അദ്ദേഹം പറയുന്നു. സമീപകാലത്ത് കേന്ദ്രത്തിലെ ഭരണകൂടത്തിനെതിരേ നിലപാടെടുക്കുമ്പോൾ എന്തുകൊണ്ട് സംസ്ഥാനത്തെ ഭരണത്തിനെതിരേ എഴുതുന്നില്ല എന്ന പരാതി ടെലിഗ്രാഫ് നേരിടുന്നുണ്ട്. അവരെ എതിർക്കേണ്ട ഘട്ടങ്ങളിൽ തീർച്ചയായും അത്‌ ചെയ്തിരുന്നു എന്നാണ് പത്രാധിപരുടെ വാദം. ഇപ്പോൾ അതല്ല കാലം ആവശ്യപ്പെടുന്നത്. എന്തുതന്നെയായാലും മമതാ ബാനർജി പൗരത്വനിയമവും ജനസംഖ്യാപ്പട്ടികയുമായി വരുന്നില്ലല്ലോ. മതേതരത്വത്തെ ഉയർത്തിപ്പിടിക്കുക എന്നുള്ളതിനാണ് മുൻഗണന. നിഷ്പക്ഷതാനാടകത്തിൽ ഒരു പാഷാണം വർക്കി കളിക്കുകയല്ല, പകരം നീതിയുടെ ചേരിയിൽ ചേർന്ന് പക്ഷപാതത്തോടെ പ്രവർത്തിക്കുകയാണ് പത്രധർമം.

 1991-ലാണ് രാജഗോപാൽ കൊൽക്കത്തയിലെത്തുന്നത്, രാജീവ് ഗാന്ധി കൊല്ലപ്പെട്ട പ്രക്ഷുബ്ധമായ ആ വേനൽക്കാലത്ത്. ഏതാണ്ട് മൂന്ന്‌ ദശകമായി അദ്ദേഹം നഗരത്തിൽ തുടരുന്നു. ഇടയ്ക്ക് വളരെ കുറച്ചുകാലം മുംബൈയിലും ഡൽഹിയിലും ആയിരുന്നെങ്കിലും കിട്ടിയ ആദ്യത്തെ അവസരത്തിൽത്തന്നെ അദ്ദേഹം കൊൽക്കത്തയിലേക്കു തിരിച്ചുപോന്നു. ‘ഇവിടെ കൂടുതൽ നേരത്തേ സൂര്യൻ ഉദിക്കുന്നത്‌ കാണാമല്ലോ’ എന്നുള്ളതാണ് അതിന്റെ ഒരു ന്യായം. പിന്നെ ‘എന്ത്‌ തിന്നണം, എന്ത്‌ തിന്നണ്ട’ എന്നൊന്നും ആരും പറയില്ല.

 തിരുവനന്തപുരത്താണ് അദ്ദേഹം പത്രപ്രവർത്തനം പഠിച്ചത്. അതിനുശേഷം 1989-ൽ  ‘വേണാട് പത്രിക’ എന്ന സായാഹ്നപത്രത്തിൽ ജോലിനോക്കി. അവിടെ എഴുത്തും റിപ്പോർട്ടിങ്ങും മാത്രമല്ല, പ്രിന്റിങ്‌ അടക്കമുള്ള അനുബന്ധജോലികളിലും സഹായിക്കണം. ഓരോ ദിവസവും വൈകുന്നേരം ഇറങ്ങുന്ന സായാഹ്നപത്രത്തിലെ വാർത്തകൾതന്നെയാവും പിറ്റേന്ന്‌ രാവിലെ വലിയ പത്രങ്ങളും അവതരിപ്പിക്കുന്നത്. പക്ഷേ, സായാഹ്നക്കാരൻ ആളുകളുടെ കണ്ണിൽപ്പെടില്ല. വേണാട് പത്രികയിലെ അനുഭവം തന്നെ ജീവിതത്തിൽ വലിയൊരു പാഠം പഠിപ്പിച്ചിട്ടുണ്ടെന്ന് രാജഗോപാൽ പറയുന്നു: എത്ര ചെറിയ മാധ്യമത്തെയും, എത്ര ചെറിയ പത്രക്കാരനെയും ഒരേ ബഹുമാനത്തോടെ കാണുക. അതൊരു ഗാന്ധിയൻ രീതിയാണ്. ഉന്നതരായ നേതാക്കളുമായുള്ള തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾക്കിടയിൽനിന്ന്‌ തന്റെ ആടിന്‌ ഭക്ഷണം കൊടുക്കാനായി എഴുന്നേറ്റുപോകുന്ന ആറ്റൻബറോയുടെ സിനിമയിലെ ഗാന്ധിജിയുടെ ചിത്രം ഓർമ വന്നു. അങ്ങനെയൊരു ഗാന്ധിയൻ സ്വാധീനം

രാജഗോപാലിന്റെ പ്രവർത്തനത്തെ സ്വാധനിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഗാന്ധി പീസ് ഫൗണ്ടേഷന്റെ മുൻ നിരയിലുണ്ടായിരുന്ന പ്രമുഖഗാന്ധിയൻ പ്രൊഫസർ വി. രാമദാസിന്റെ മകനാണ് രാജഗോപാൽ. മുത്തച്ഛൻ മകന്‌ പേരിടാനായി ഗാന്ധിജിക്ക്‌ കത്തെഴുതിയപ്പോൾ അദ്ദേഹം തന്റെ മകന്റെ പേരുതന്നെ നിർദേശിച്ചതാണ് രാമദാസ് എന്നൊരു കഥയുണ്ട്. അപ്പോൾപ്പിന്നെ രാമദാസിന്‌ സ്വന്തം മക്കളെ രാധാകൃഷ്ണൻ, രാജഗോപാലൻ എന്ന്‌ പേരിടാൻ എളുപ്പമായിരുന്നു. തറവാട്ടുവീടിന്റെ ചുവരിൽ ദൈവങ്ങളെക്കാൾ ഉയരത്തിൽ ഗാന്ധിജിയും നെഹ്രുവും പട്ടേലുമടക്കമുള്ള രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങൾ തൂങ്ങിക്കിടന്ന ബാല്യകാലം
രാജഗോപാൽ ഓർമിക്കുന്നുണ്ട്. കൊൽക്കത്തയിലെത്തിയപ്പോൾ ഇതൊന്നും അറിയാതെയാണെങ്കിലും ബംഗാളിസുഹൃത്തുക്കൾ ചിലപ്പോൾ അദ്ദേഹത്തെ രാജഗോപാലാചാരി എന്ന്‌ സൗഹൃദത്തോടെ വിളിച്ചു.

  ഇക്കാലത്ത് പത്രപ്രവർത്തനം വലിയ സാമ്പത്തികനേട്ടമുണ്ടാക്കാൻ പോകുന്ന ജോലിയല്ല. മാധ്യമങ്ങളുടെ ക്ഷീണഘട്ടമാണല്ലോ. അപ്പോൾ അതൊരു സേവനമായിട്ടെടുക്കുക എന്നാണ് രാജഗോപാൽ ഈ മേഖലയിലേക്കുവരുന്ന പുതിയ ചെറുപ്പക്കാരോട്‌ പറയുന്നത്. ‘മെച്ചമുള്ള’ ജോലിയല്ല എന്നുപറഞ്ഞ്‌ നല്ലപോലെ നിരുത്സാഹപ്പെടുത്തിയിട്ടും അദ്ദേഹത്തിന്റെ മകൾ പത്രപ്രവർത്തനം പഠിക്കാൻ പോയി എന്നുള്ളതാണ് ഒരു വൈരുധ്യം. പഠനത്തിനുശേഷം അമേരിക്കയിൽത്തന്നെ ഒരു ഫ്രീലാൻസറായി പ്രവർത്തിക്കുകയാണ് ബുൾബുൾ എന്ന ബംഗാളിപ്പേരുള്ള ആ പെൺകുട്ടി.