മക്കളേ, 
ശ്രീരാമൻ ഈശ്വരനാണോ മനുഷ്യനാണോ എന്നു ചിലർ ചോദിക്കാറുണ്ട്. വാസ്തവത്തിൽ ജീവനും ഈശ്വരനും ഒന്നുതന്നെ. ജീവന്റെ പരിമിതികളെ അതിക്രമിച്ച ഏതൊരാളും ഈശ്വരൻ തന്നെയെന്നു പറയുന്നതിൽ തെറ്റില്ല. മനുഷ്യൻ ഈശ്വരപദത്തിലേക്ക് എങ്ങനെ ഉയരണം എന്നു പഠിപ്പിക്കാൻ തന്നെയാണ് ഈശ്വരൻ മനുഷ്യനായി അവതരിക്കുന്നത്. മനുഷ്യനായി അവതരിക്കുമ്പോൾ മാനുഷികമായ പരിമിതികൾ ഈശ്വരനും പ്രകടമാക്കും. മറ്റുള്ളവർക്ക് ഈശ്വരനോട് അടുക്കാനും സാമീപ്യം അനുഭവിക്കാനും വേണ്ട സാഹചര്യം ഉണ്ടാക്കാനാണ് അങ്ങനെ ചെയ്യുന്നത്.
ശ്രീരാമന്റെ ചരിതം ശ്രദ്ധയോടെ പഠിക്കുന്ന ഏതൊരാൾക്കും ധർമത്തെക്കുറിച്ചു സമഗ്രവും സൂക്ഷ്മവുമായ അവബോധമുണ്ടാകും. അച്ഛനമ്മമാരോടുള്ള ധർമം, പത്നി യോടും സഹോദരന്മാരോടും ബന്ധുക്കളോടുമുള്ള ധർമം, സുഹൃത്തുക്കളോടും അനുചരന്മാരോടുമുള്ള ധർമം, സമൂഹത്തോടും രാജ്യത്തോടും പൗരന്മാരോടുമുള്ള ധർമം ഇതെല്ലാം അണുവിട തെറ്റാതെ അവിടുന്ന്‌ അനുഷ്ഠിച്ചു. ധർമപാലനത്തിനായി എത്ര വലിയ ത്യാഗംചെയ്യാനും അവിടുന്ന് മടിച്ചില്ല.
രാമന്റെ രാജ്യാഭിഷേകം നടക്കുന്നതിന്റെ തലേന്നുരാത്രി കൈകേയി ദശരഥനോട് ശ്രീരാമനെ പതിന്നാലു വർഷത്തേക്ക്‌ കാട്ടിലയക്കണമെന്ന് ആവശ്യപ്പെട്ടു. ഇതറിഞ്ഞപ്പോൾ ശ്രീരാമന്‌ ദുഃഖമോ നിരാശയോ ക്രോധമോ ഉണ്ടായില്ല. നേരെമറിച്ച് അച്ഛനോടുള്ള തന്റെ കടമ നിർവഹിക്കാനായി സന്തോഷപൂർവം വനവാസത്തിനൊരുങ്ങുകയാണു ചെയ്തത്. കൈകേയിക്കു നൽകിയ അച്ഛന്റെ വാക്ക് അസത്യമാകരുത് എന്ന കാര്യത്തിൽ രാമനു നിർബന്ധമുണ്ടായിരുന്നു എന്നുമാത്രമല്ല, വനവാസത്തിന്‌ കാരണക്കാരിയായ കൈകേയിയോട് അല്പംപോലും ദേഷ്യമോ നീരസമോ രാമന്റെ മനസ്സിൽ ഉണ്ടായില്ല.
- രാവണവധത്തിനുശേഷം പുത്രന്മാരാരും ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ രാവണന്റെ ചിതകൊളുത്താൻ വിഭീഷണൻ മടിച്ചു. എന്നാൽ, ശ്രീരാമൻ വിഭീഷണനെ അതിന് പ്രേരിപ്പിക്കുകയാണുചെയ്തത്. അങ്ങനെ വിഭീഷണൻ തന്നെ അത്‌ നിർവഹിച്ചു. തുടർന്ന്‌ രാമൻ വിഭീഷണനെ ലങ്കാധിപതിയായി വാഴിച്ചു. ലങ്കയുടെ സമ്പത്തുക്കൾ അവിടുന്നു സ്പർശിക്കുകപോലും ചെയ്തില്ല. സത്യപാലനത്തിനും മിതധർമത്തിലും വിട്ടുവീഴ്ചയില്ല എന്നു രാമൻ അതിലൂടെ വ്യക്തമാക്കുകയായിരുന്നു. ധർമനിഷ്ഠയുടെയും ത്യാഗത്തിന്റെയും ഇത്തരം സന്ദർഭങ്ങൾ എത്രവേണമെ ങ്കിലും രാമന്റെ ജീവിതത്തിൽ നമുക്കു കാണാൻ കഴിയും.
നമ്മുടെ ജീവിതത്തിൽ പല വെല്ലുവിളികളെയും നേരിടേണ്ടിവന്നേക്കാം. അപ്പോഴെല്ലാം എന്തൊക്കെ ത്യാഗം സഹിക്കേണ്ടിവന്നാലും സ്വന്തം കടമ നിർവഹിക്കാൻ നമുക്കുകഴിയണം. അതിനുള്ള പ്രചോദനവും പ്രേരണയും രാമന്റെ ചരിത്രം നമുക്കുനൽകുന്നു എന്ന കാര്യത്തിൽ സംശയമില്ല.
ഓരോ സമയത്തും ചെയ്യേണ്ടതെന്താണോ, അത്‌ ഒരു വീഴ്ചയും കൂടാതെ ചെയ്യുക എന്നതാണു ഭഗവാൻ സ്വജീവിതത്തിൽ അനുവർത്തിച്ച ആദർശം. ജീവിതത്തിൽ പാലിക്കേണ്ട കടമകൾ എത്ര നിസ്സാരമായാലും എത്ര പ്രയാസകരമായാലും അവയെല്ലാം ഒരു വിട്ടുവീഴ്ചയും കൂടാതെ പാലിക്കാൻ അവിടന്നു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈശ്വരൻ മനുഷ്യരൂപത്തിൽ ശ്രീരാമനായി ജന്മമെടുത്തത് മനുഷ്യലീലയാടിയത് ധർമസംസ്ഥാപനത്തിനു വേണ്ടിയായിരുന്നു, മനുഷ്യരെ മാനവധർമപാഠങ്ങൾ പഠിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. -രാമായണം പകർന്നുതരുന്ന പാഠങ്ങൾ നിത്യമായ ശാന്തിയുടെയും സന്തോഷത്തിന്റെയും പാതയിൽ നമുക്കെല്ലാം വെളിച്ചമായിരിക്കട്ടെ.
അമ്മ