‘‘പ്രേക്ഷകർ തിയേറ്ററിൽത്തന്നെ കാണാൻ കാത്തിരുന്ന ചിത്രമാണ് മാലിക്. വലിയ മുടക്കുമുതലിൽ വലിയ കാൻവാസിൽ ഒരുങ്ങിയ ചിത്രം. അത് സ്ട്രീമിങ് 
പ്ലാറ്റ്‌ഫോമിലെത്തുന്നു. ആ തീരുമാനം എത്ര എളുപ്പമായിരുന്നു. ഒരു സിനിമ പൂർത്തിയായാൽ അത്‌ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന കാര്യമാണ് ഇപ്പോൾ ചിന്തിക്കുന്നത്. അതിന്റെ പിന്നിലെ പ്രയത്നത്തെക്കുറിച്ചോ ബാക്കിയുള്ള കാര്യങ്ങളോ ഇപ്പോൾ ആലോചിക്കുന്നില്ല. ഒന്നരവർഷംമുമ്പ് പൂർത്തിയായ ചിത്രമാണ് ഇത്. കഴിഞ്ഞവർഷം ഏപ്രിലിൽ പുറത്തിറങ്ങേണ്ടിയിരുന്നതാണ്. പക്ഷേ, പല കാരണങ്ങൾകൊണ്ട് മാറിപ്പോയി. ഒരു കലാസൃഷ്ടി പൂർത്തിയായാൽ അതിന്റെ കാഴ്ചക്കാരിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. നിർമാതാവ് മുടക്കിയ പണം തിരികെക്കിട്ടണം. മാത്രമല്ല, ഒരു സിനിമയ്ക്ക് ഒരു എക്സ്പയറി ഡേറ്റുണ്ട് എന്നാണ് ഞാൻ കരുതുന്നത്. സിനിമയിലെ ഉള്ളടക്കത്തിനല്ല. അതിന്റെ ആഖ്യാനത്തിന്. ഇതെല്ലാം പരിഗണിച്ചാണ് ചിത്രം ഒ.ടി.ടി.യിൽ ഇപ്പോൾ റിലീസ്‌ ചെയ്യാനുദ്ദേശിച്ചത്’’ -മഹേഷ് നാരായണൻ സംസാരിച്ചു നിർത്തിയേടത്തുനിന്നാണ് ഈ സംഭാഷണം ആരംഭിച്ചത്.

? ഒന്നരവർഷംമുമ്പ് ഇറങ്ങേണ്ട ചിത്രമാണ് ഇപ്പോൾ വരുന്നത്. ഇന്ന് മാലിക് എടുത്താൽ മറ്റൊരു രൂപത്തിലാകുമായിരുന്നോ
=അത് ഏതുസിനിമയും പിന്നീട് കാണുമ്പോൾ തോന്നുന്ന ചിന്തയാണ്. ഓരോ കാലഘട്ടത്തിൽ ഓരോ തരത്തിലായിരിക്കും ഒരു സിനിമ പറയുന്നത്. ഇന്ന് നാമെല്ലാവരും ലോകസിനിമയിലെ മാറ്റങ്ങൾ കാണുന്നു. അത് നമ്മുടെ ചിന്താഗതിയിലെ മാറ്റത്തിനും കാരണമാകുന്നു. അതോടൊപ്പം എല്ലാവരും വളരുന്നുണ്ട്. പിന്നെ ചെയ്ത സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ അതിന്റെ കുറവുകളാണ് എപ്പോഴും ചിന്തിക്കുക.

? മാലിക് ഫിക്‌ഷൻ ആണെങ്കിലും അതിന് കാരണമായ ചില സമാനസംഭവങ്ങളുണ്ട്. അത്തരം വിഷയത്തെ അധികരിച്ച് സിനിമ പറയുമ്പോൾ അതിൽ ഉൾപ്പെട്ട മനുഷ്യരോട് എത്രമാത്രം സത്യസന്ധത പുലർത്തി
= മാലിക് ഒരു പ്രത്യേക സംഭവത്തോടുമാത്രം ചേർന്നുനിൽക്കുന്നതല്ല. പാർശ്വവത്കരിക്കപ്പെട്ട ഒരു ഭൂപ്രദേശത്തുനടന്ന, നടക്കുന്ന പല വിഷയങ്ങളോടും അത് ചേർന്നുനിൽക്കുന്നു. ചിലയിടത്ത് അത് വംശഹത്യയാണ്, ചിലയിടത്ത് വർഗീയകലാപമാണ്,  ചിലയിടത്ത് അത് പലായനമാണ്. ഇത്തരം വിഷയങ്ങളുടെ കളക്ടീവ് റെപ്രസന്റേഷനാണ് മാലിക്. പ്രേക്ഷകന് അത് എങ്ങനെയും വായിക്കാം. ഒരു വശത്തുനിന്നുമാത്രം സംഭവങ്ങളെ വീക്ഷിച്ചുകൊണ്ടല്ല മാലിക് എഴുതിയത്. ഇത്തരം വിഷയങ്ങളിൽ ഉൾപ്പെട്ട എല്ലാ വിഭാഗം ജനതയോടും സംസാരിച്ചിരുന്നു. പരമാവധി വിവരങ്ങൾ ശേഖരിച്ചിരുന്നു. എല്ലാ വീക്ഷണകോണിൽനിന്നും കണ്ടിട്ടാണ് കഥയെഴുതിയത്.

? മാലിക് പറയുന്ന വിഷയങ്ങളൊക്കെത്തന്നെ ഇപ്പോഴും നടക്കുന്നു. ലക്ഷദ്വീപിൽ സംഭവിക്കുന്നത് അതാണ്. സി.എ.എ.യുടെ പേരിൽ മറ്റൊരു പുറത്താക്കൽ നടക്കുന്നു. ഇതിനോടെല്ലാം 
വേണ്ടത്ര പ്രതിരോധം നടക്കുന്നുണ്ടോ
= ചെറുത്തുനിൽപ്പുകൾ കുറയുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പ്രതിരോധം എന്നുപറയുന്നത് എല്ലാകാലത്തും കൂട്ടായ ശബ്ദമാണ്. അതിന് മൂക്കുകയറിടുന്ന കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്. അതിന്റെ ഉദാഹരണമാണ് സിനിമാനിയമത്തിലെ ഭേദഗതിപോലും. ഒരു സിനിമ സർട്ടിഫൈ ചെയ്താലും അതിനെ തിരിച്ചുവിളിക്കാൻ സ്റ്റേറ്റിന് അധികാരംകൊടുക്കുന്നു. അതിനർഥം സ്റ്റേറ്റിന് ഇഷ്ടപ്പെടുന്ന സിനിമകളേ ഇനി പാടുള്ളൂ എന്നാണ്. ഏതെങ്കിലും വിഷയത്തിൽ ഒരു അഭിപ്രായം പറയുകയോ ഒരു പോസ്റ്റിടുകയോ ഒക്കെചെയ്താൽ അവരെയെല്ലാം ഭയപ്പെടുത്തുകയാണ് ഇപ്പോൾ. ഒരു നായകൻ ഉണ്ടാകുകയും അദ്ദേഹത്തിന്റെ കീഴിൽ അണിനിരക്കുകയും ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു. ചൈന-ഹോങ്‌ കോ ങ് വിഷയത്തിലൊക്കെ നാം പ്രതിരോധങ്ങൾ ഏതുതരത്തിലാണെന്ന് കണ്ടു. ഒരുപക്ഷേ, ജനതയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള കൂട്ടായ ചെറുത്തുനിൽപ്പാണ് വേണ്ടത്. ഇന്ന് അത്തരത്തിലല്ല കാര്യങ്ങൾ. പക്ഷേ, അത് സാധ്യമാകുന്ന കാലഘട്ടത്തിലാണോ നാം ജീവിക്കുന്നത്. അഭിപ്രായം പറയാനും എതിർക്കാനും ഒക്കെയുള്ള ഭയം വല്ലാതെ കൂടിയിരിക്കയാണ്. അത് തരണംചെയ്താലേ ചെറുത്തുനിൽപ്പ് ഉണ്ടാകുന്നുള്ളൂ. ആ സാഹചര്യത്തിലാണ് പലരും രാജ്യംവിട്ടുപോകാൻപോലും തയ്യാറാകുന്നത്. അതും അത്തരം സാമ്പത്തിക-സാമൂഹിക സാഹചര്യമുള്ളവർമാത്രം. അതിന് കഴിവില്ലാത്തവർ സ്വന്തം രാജ്യത്തുതന്നെ പലായനംചെയ്തുകൊണ്ടിരിക്കയാണ്.

? ഇത്തരം ഭീഷണികളെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് കരുതുന്നത്
= പ്രതിരോധിക്കാൻ ശേഷിയില്ലാത്ത ഒരു ജനതയാക്കി നമ്മളെ മാറ്റുക എന്നതാണ് ഇപ്പോൾ ഭരണകൂടത്തിന്റെ അജൻഡ. അതിനുള്ളിൽനിന്നുകൊണ്ട് പുതിയ തരത്തിലുള്ള ഒരു പ്രതിരോധം ഉണ്ടാകുമോ എന്ന് അറിയില്ല. ജനങ്ങളിലേക്ക് പല വിഷയങ്ങളും അതേരീതിയിൽ എത്തുന്നുണ്ടോ എന്നുപോലും സംശയമാണ്. മാധ്യമങ്ങളെല്ലാം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ജനങ്ങൾക്ക് കിട്ടുന്ന വിവരങ്ങൾപോലും ശരിയായരീതിയിലല്ലെങ്കിൽ അവരെങ്ങനെ പല വിഷയങ്ങളെക്കുറിച്ചും ബോധവാന്മാരാകും.

? രാഷ്ട്രീയംകൂടി പറയുന്ന ചിത്രങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന സംവിധായകനാണ്‌ മഹേഷ്. ഇനി സത്യസന്ധമായി രാഷ്ട്രീയം പറയുന്ന സിനിമകൾ എടുക്കുക എത്ര സാധ്യമാണ്.
= ബുദ്ധിമുട്ടാണ്. 2030-ലും 2050-ലും ഒക്കെ സെറ്റ് ചെയ്തിരിക്കുന്ന സിനിമകൾപറയേണ്ടിവരും. കലാരൂപത്തെ നിയന്ത്രിക്കുകവഴി ഒരു പരിധിവരെ അവർ ഉദ്ദേശിക്കുന്നത് ചരിത്രം തിരുത്താനാണ്. പല വിവരങ്ങൾക്കും നാം ആശ്രയിക്കുന്നത് ഇന്റർനെറ്റാണ്. അതിൽ ഏതുരീതിയിലും ചരിത്രം മാറ്റിയെഴുതാനുള്ള സാധ്യതകളുണ്ട്. ഒരു കവർഅപ്പിനുള്ള സാധ്യതകൾ വലുതാണ്. ഒരു രാജ്യത്തെ തീവ്രവാദി മറ്റൊരു രാജ്യത്തെ വിപ്ലവകാരിയാണ് എന്നുപറയുന്നപോലെ നമുക്ക് എങ്ങനെ വേണമെങ്കിലും കാര്യങ്ങളെ മാറ്റിയെടുക്കാം. ആ മാറ്റം സ്റ്റേറ്റ് ആഗ്രഹിക്കുന്നുമുണ്ട്.

?  മാലിക്കിന്റെ സെൻസറിങ്ങിന് പ്രശ്നമുണ്ടായിട്ടില്ലേ
= മാലിക്കിൽ രാജ്യദ്രോഹപരമായി ഒന്നുമില്ലല്ലോ. അതുകൊണ്ട് സെൻസറിങ് കുഴപ്പമില്ല.

? ടേക്ക് ഓഫ് ഇറങ്ങിയപ്പോൾ അതിൽ ഇസ്‌ലാമോഫോബിയ ഉണ്ടെന്നതരത്തിൽ വലിയ ചർച്ചകളുണ്ടായി. മാലിക് ഇറങ്ങുമ്പോൾ ഒരു വിഭാഗത്തെ നിഷ്കളങ്കമായി അവതരിപ്പിച്ചു എന്ന ചർച്ചകൾ പ്രതീക്ഷിക്കുന്നുണ്ടോ
= അത്തരത്തിലുള്ള ചർച്ചകൾ എക്കാലത്തുമുണ്ടാകും. നിർമാല്യം പോലുള്ള ഒരു സിനിമ ഇക്കാലത്ത് എങ്ങനെ ചെയ്യാൻകഴിയുമെന്ന് എം.ടി. സാർ ചോദിച്ചിട്ടുണ്ട്. പറയാവുന്ന രീതിയിലൊക്കെ കാര്യങ്ങൾ പറയുക എന്നേ ചിന്തിക്കാറുള്ളൂ. അനന്തരഫലങ്ങൾ എഴുത്തുകാരനും സംവിധായകനും എന്നതരത്തിൽ ഞാൻതന്നെ ഏറ്റെടുക്കേണ്ടതാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട്  സിനിമയെടുക്കാൻ സാധ്യമല്ല. പക്ഷംപിടിക്കാതെ പരമാവധി സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കാനേ ശ്രമിക്കാറുള്ളൂ. പിന്നെ മതപരമായ വിഷയങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും മതം ഇടപെടാറുണ്ട്. ഒരാളുടെ കല്യാണക്കാര്യത്തിലും മക്കളുണ്ടായാലും ഒക്കെ മതമാണ് ഏറ്റവും വലിയ റോൾ പ്ലേചെയ്യുന്നത്. പിന്നെ അതെങ്ങനെ സിനിമയ്ക്കുമാത്രം അപ്രാപ്യമാകുന്ന വിഷയമാകുന്നു.

? എന്തുകൊണ്ടാണ് എല്ലാ സിനിമയിലും ഫഹദ് ഫാസിൽ
= നടൻ എന്നതിലുപരി ഫഹദ് ഒരു സുഹൃത്താണ്. ഞാൻ മനസ്സിൽ ആലോചിക്കുന്ന എല്ലാ ചിത്രങ്ങളും ഫഹദിനറിയാം. മാലിക്കിന്റെ ചർച്ചകൾ 2011 മുതൽ തുടങ്ങിയതാണ്. അന്നുമുതൽ ഫഹദ് ഒപ്പമുണ്ട്.

? ഫഹദിന് ഒരു സ്റ്റാർ ഇമേജുള്ള മാസ് സിനിമയാണ് മാലിക്. അത് തിയേറ്ററിൽ കാണാനുള്ള അവസരം നഷ്ടമാകുമ്പോൾ വലിയ നഷ്ടം ഫഹദിനുണ്ടാകുന്നുണ്ടോ.
= ഒ.ടി.ടി.യിൽ എത്തുന്ന ചിത്രങ്ങൾ മലയാളികൾക്കുമാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തുള്ളവർക്കും കാണാം. അതുകൊണ്ട് അങ്ങനെയൊരു നഷ്ടമുണ്ടാകാൻ സാധ്യതയില്ല. പക്ഷേ, തിയേറ്റർ ഓഡിയൻസിനെമാത്രം മുന്നിൽക്കണ്ട് കൺസീവ്‌ചെയ്ത് എഴുതിയ സിനിമ എന്ന നിലയിൽ അതിന്റെ നഷ്ടം പലർക്കുമുണ്ട്. അത് ഫഹദിനും എനിക്കും ഇതിന്റെ സൗണ്ട് കൈകാര്യംചെയ്തവർക്കുമടക്കമുണ്ട്.

? ഒരു മാസ് സിനിമയായ മാലിക്കിൽ എവിടെയാണ് നായികയുടെ സ്ഥാനം
= എന്റെ ചിത്രങ്ങളിൽ സ്ത്രീകഥാപാത്രങ്ങൾക്ക് തുല്യപ്രാധാന്യം കൊടുക്കാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. മാലിക്കിൽ ഫഹദിന്റെ കഥ പറയാൻ ആവശ്യമായ മറ്റുകഥാപാത്രങ്ങളിൽ ഒന്നല്ല ഒരു കഥാപാത്രവും. എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ പ്രാധാന്യമുണ്ട്.

? നിമിഷ സജയൻ എന്ന അഭിനേത്രിയെ എങ്ങനെ വിലയിരുത്തുന്നു.
= നിമിഷ വലിയ ടാലന്റുള്ള ആളാണ്. 25 വയസ്സിൽത്താഴെമാത്രമുള്ള നിമിഷ 50 വയസ്സുവരെയുള്ള കഥാപാത്രം മാലിക്കിൽ ചെയ്യുന്നു. ചുറ്റുപാടും നിരീക്ഷിച്ച് അത് അഭിനയത്തിൽ ഗുണമാകുന്ന രീതിയിൽ പരീക്ഷിക്കുന്നതിൽ മിടുക്കിയാണ് അവർ. ഇന്ന്‌ നടൻമാരെക്കാൾ നടിമാർ വലിയ വായനവും നിരീക്ഷണശേഷിയും ലോകസിനിമകളോട് പരിചയവുമൊക്കെ ഉള്ളവരായാണ് തോന്നിയിട്ടുള്ളത്.

? ജലജയുമായുള്ള ഒരു സംഭാഷണത്തിൽ പറഞ്ഞിരുന്നു, അവർക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യമുണ്ടായിരുന്ന സിനിമാസെറ്റാണ് മാലിക്കിന്റേത് എന്ന്
= ജലജയ്ക്ക് തിരക്കഥയുടെ കോപ്പി കൊടുത്തപ്പോൾ അവർ ചോദിച്ചത്, എനിക്ക് സ്വന്തമായി കോപ്പിയൊക്കെ തരുമോ എന്നാണ്. ഇതുവരെ ഒരു സിനിമയിലും അതുണ്ടായിട്ടില്ല എന്നും. അതായത് ഏറ്റവും കൂടുതൽ സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളിൽ അഭിനയിച്ച അവർക്ക് ഇന്നേവരെ അത്തരത്തിലുള്ള ട്രീറ്റ്‌മെന്റ് ലഭിച്ചിട്ടില്ല. അങ്ങനെയൊരു കാലം സിനിമയിലുണ്ടായിരുന്നു. പക്ഷേ, ഇന്നത്തെ സാഹചര്യം അതല്ല. പല ചർച്ചകളിലൂടെ ഇരുന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ടുമൊക്കെയാണ് ഒരു സിനിമ പൂർത്തിയാകുന്നത്; അത് സ്ത്രീയായാലും പുരുഷനായാലും.