മക്കളേ,
ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനെക്കുറിച്ച് ഇന്നു മിക്കവരും ബോധവാന്മാരാണ്. മൊബൈൽ ഫോണുകളിലും വാച്ചുകളിലും വരെ വ്യായാമവുമായി ബന്ധപ്പെട്ട പലതരം ആപ്പുകൾ ഇന്നുണ്ട്‌. എന്നാൽ, ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെയും ബുദ്ധിയുടെയും മുഴുവൻ വ്യക്തിത്വത്തിന്റെയും ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു വിദ്യയാണ്‌ യോഗ. നമ്മുടെ സുഖസൗകര്യങ്ങൾ ഇക്കാലത്ത് വളരെ വർധിച്ചിരിക്കുന്നു. ഇന്ന് കിടക്കയിൽ കിടന്നുകൊണ്ടുതന്നെ നമുക്ക് ടി.വി.യും എ.സി.യുമൊക്കെ നിയന്ത്രിക്കാം,

ട്രെയിൻ ടിക്കറ്റും പ്ലെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം വലിയ ഹോട്ടലുകളിൽനിന്ന് ഇഷ്ടമുള്ള ഭക്ഷണം വരുത്തിക്കാം. ഇങ്ങനെയെല്ലാം ശരീരത്തിന് വളരെ വിശ്രമം കിട്ടുന്നുണ്ട്. എന്നാൽ മനസ്സിന്റെ സ്ഥിതിയോ? അത് സദാ ഓട്ടംതന്നെ. നൂറുകണക്കിനു ചിന്തകളാണ്‌ നമ്മുടെ മനസ്സിൽ. യഥാർഥത്തിൽ ശരീരത്തിനു വ്യായാമവും മനസ്സിനു വിശ്രമവുമാണ് ആരോഗ്യസംരക്ഷണത്തിനും ആത്മീയപുരോഗതിക്കും അത്യാവശ്യമായി വേണ്ടത്. അതിനുള്ള മാർഗമാണു യോഗ നമ്മുടെ മുമ്പിൽ തുറന്നുവെക്കുന്നത്. ഇത് മാനസികപിരിമുറുക്കത്തിന്റെ കാലഘട്ടമാണല്ലോ. നാലും അഞ്ചും വയസ്സുള്ള കുട്ടികൾ മുതൽ തൊണ്ണൂറു വയസ്സുള്ളവർവരെ ഇന്ന്‌ മാനസികപിരിമുറുക്കത്തിന്റെ പിടിയിലാണ്. പിരിമുറുക്കം ഒരു പരിധിയിലധികം നീണ്ടുനിൽക്കുമ്പോൾ അത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഹാനികരമാകുന്നു. നമ്മുടെ കൈയിൽ ഒരു ഗ്ലാസ് കാപ്പി ഉണ്ടെന്നിരിക്കട്ടെ. കുറച്ചുനേരം അതുയർത്തിപ്പിടിക്കാനത്ര പ്രയാസമില്ല. ഒരു മണിക്കൂറായാൽ കുറച്ചു വേദനിക്കും. ഒരു ദിവസം മുഴുവൻ അങ്ങനെ ഉയർത്തിപ്പിടിച്ചാൽ അവസാനം ആശുപത്രിയിലാക്കേണ്ടിവരും. ഇതുപോലെയാണു നമ്മുടെ വികാരവിചാരങ്ങൾ. അവയുടെ ഭാരം വല്ലപ്പോഴുമെങ്കിലും ഇറക്കിവെക്കാതിരുന്നാൽ വേണ്ടതു ചിന്തിക്കാനോ പ്രവർത്തിക്കാനോ സാധിച്ചെന്നുവരില്ല. മനസ്സിന്റെ സമനില തന്നെ തെറ്റിയെന്നുവരാം. മനസ്സിന്റെ ഭാരമിറക്കിെവക്കുന്ന പ്രക്രിയയാണു റിലാക്‌സേഷൻ അഥവാ വിശ്രാന്തി. ശരീരമനസ്സുകളുടെ വിശ്രാന്തി ശാസ്ത്രീയമായി യോഗ പരിശീലിക്കുന്നതിലൂടെ കൈവരിക്കാൻ കഴിയും.

മാനസിക പിരിമുറുക്കത്തിൽനിന്നു മോചനം നേടാൻ ഒട്ടേറെ മാർഗങ്ങളുണ്ട്. മനസ്സിനു പിരിമുറുക്കമുണ്ടാക്കുന്ന സാഹചര്യത്തിൽനിന്നും ഇടയ്ക്കിടെ മാറിനിൽക്കുക, സംഗീതംകേൾക്കുക, മനസ്സിന് ഉല്ലാസംതരുന്ന പ്രവൃത്തികളിലും കളികളിലുമേർപ്പെടുക, കൂട്ടുകാരോടും കൊച്ചുകുട്ടികളോടുമൊപ്പം സമയം ചെലവഴിക്കുക എന്നിവയൊക്കെ പിരിമുറുക്കം കുറയ്ക്കാൻ സഹായകമാണ്. എന്നാൽ, ഇവയൊക്കെ താത്കാലികമായ ആശ്വാസം നൽകുക മാത്രമേ ചെയ്യുന്നുള്ളൂ. ശാശ്വതമായ പരിഹാരം മനസ്സിന്റെ നിയന്ത്രണം നമ്മുടെ കൈയിൽ കൊണ്ടുവരുക എന്നതു മാത്രമാണ്. അതിലൂടെ മാത്രമേ സഹജമായ മാനസികവിശ്രാന്തി ലഭിക്കുകയുള്ളൂ. യോഗയുടെ ഭാഗമായ പ്രാണായാമം, ധ്യാനം, ശവാസനം എന്നിവ ആഴത്തിൽ വിശ്രാന്തികൊണ്ടുവരാൻ വളരെ ഫലപ്രദമാണ്. രോഗപ്രതിരോധശേഷി വളർത്താനും വാർധക്യത്തെ അകറ്റിനിർത്താനും യോഗ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
യോഗ ഒരു വ്യായാമമുറ മാത്രമല്ല, യോഗ ശാസ്ത്രീയമായി മനസ്സിലാക്കി പരിശീലിക്കുകയാണെങ്കിൽ നമ്മുടെ ജീവിതചര്യകൾ, മറ്റുള്ളവരോടുള്ള പെരുമാറ്റം, തുടങ്ങി ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടിൽത്തന്നെ അതു മാറ്റം വരുത്തും. സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതകവാടം യോഗ നമുക്കായി തുറന്നുതരും.