നാലരപ്പതിറ്റാണ്ടുകൾക്കുമുമ്പ്. 1976 ഡിസംബർ 27-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊച്ചിയിൽനിന്ന് ഇന്ത്യൻ നാവികസേനയുടെ കരുത്തിന്റെയും കീർത്തിയുടെയും  പ്രതീകമായ ആദ്യത്തെ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്തിൽ  ലക്ഷദ്വീപിലേക്ക് യാത്രയാകുന്നു. കൊച്ചി നാവികവിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ കപ്പലിലേക്ക്. രാത്രി യാത്രയ്ക്കുശേഷം മിനിക്കോയ്‌ ദ്വീപിന് സമീപം എത്തി നങ്കൂരമിട്ട ഐ.എൻ.എസ്. വിക്രാന്തിൽനിന്ന് ഹെലികോപ്റ്ററിൽ ദ്വീപിലെത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ യാത്രാസംഘം പരിമിതമായിരുന്നു. അടിയന്തരാവസ്ഥയുടെ പശ്ചാത്തലമായതിനാലും യാത്ര വിമാനവാഹിനിക്കപ്പലിലായതുകൊണ്ടും ഏതാനും ഉന്നതോദ്യോഗസ്ഥരും ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആർ.കെ. ധവാനും മാധ്യമപ്രതിനിധികളായി ഡൽഹിയിൽനിന്ന് ഏതാനും മുതിർന്ന പത്രപ്രവർത്തകരും കേരളത്തിൽനിന്ന് മലയാളമനോരമയുടെ  ടി.കെ.ജി. നായരും മാതൃഭൂമിയിൽനിന്ന് ഈ ലേഖകനും. കപ്പലിൽ അത്താഴത്തിനുള്ള ക്രമീകരണങ്ങൾ. അതിനിടയിൽ കാബിനുകൾക്ക് ഇടയിലുള്ള ഒതുങ്ങിയ ഇടനാഴിയിലൂടെ നടന്ന് യാത്രാസംഘത്തിലുള്ളവരോട് ഇന്ദിരാഗാന്ധിയുടെ സുഖാന്വേഷണം. കരയിലെന്നതുപോലെ കടലിലും അവരുടെ നീക്കങ്ങൾ ചടുലമായിരുന്നു.

അടുത്ത പുലരിയിൽ, അല്പം അകലെ ലക്ഷദ്വീപ് തെളിഞ്ഞു തെളിഞ്ഞുവരുകയായിരുന്നു. ബോംബർ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ക്രമീകരണങ്ങൾ ഉൾപ്പെട്ട കപ്പലിന്റെ മുകൾത്തട്ടിലേക്ക് (ഡക്ക്) കയറാമോ എന്ന് ആരാഞ്ഞപ്പോൾ നാവികസേനയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ പ്രോത്സാഹിപ്പിച്ചു. മിനിക്കോയ്‌ ദ്വീപും തൊട്ടും അകന്നുമുള്ള മറ്റ് ദ്വീപുകളും ഉൾപ്പെടുന്ന ലക്ഷദ്വീപ് എന്ന ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം (യൂണിയൻ ടെറിറ്ററി) ഇളംവെയിലേറ്റ് മിന്നിത്തുടങ്ങിയിരുന്നു. തെങ്ങോലപ്പീലികളുടെ ഹരിതവിസ്താരത്തിൽ പുരാതന കപ്പൽസഞ്ചാരികളുടെ സാഹസികകഥകളും പഴമയിൽ വിടർന്ന സ്വപ്നങ്ങളും നാടോടിപ്പാട്ടുകളിൽ താളമിട്ട് ലയിച്ച ചരിത്രവുമൊക്കെ ഒതുക്കിവെച്ചുകൊണ്ട് ലക്ഷദ്വീപ് ശൃംഖലയിലെ മുപ്പത്തിയഞ്ചോളം ദ്വീപുകൾ. പവിഴപ്പുറ്റുകൾ ആകൃതിഭേദംകൊണ്ട് വിസ്മയം വിതറുന്ന ലഗൂണുകൾ. കോറൽ റീഫുകൾ. വായിച്ചിട്ടുണ്ട്, രണ്ടായിരത്തിലേറെ കൊല്ലങ്ങൾക്കുമുമ്പ് സാഹസിക സാഗരസഞ്ചാരിയായ ഒരു ഗ്രീക്കുകാരൻ കുറിച്ചത്: ‘ചാരുതയുള്ള ആമത്തോടുകൾ ധാരാളമുള്ളയിടം’ ആ നാവികൻ കുറെ ആമത്തോടുകൾ സ്വദേശത്തേക്ക് കൊണ്ടുപോയിരിക്കാം. ഐ.എൻ.എസ്. വിക്രാന്തിന്റെ ഭക്ഷണമുറിയിൽ പ്രാതൽ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മറ്റുള്ളവരോടൊപ്പംതന്നെ ഇരുന്നു. ‘‘ദ്വീപുകളിൽ നല്ല ഭക്ഷണം കിട്ടും. മത്സ്യവും വിവിധതരം പലഹാരങ്ങളും കരിക്കിൻവെള്ളവും’’ -അവർ ഏഴുകൊല്ലം മുമ്പ് നടത്തിയ ലക്ഷദ്വീപ് യാത്രയുടെ രുചികൾ ഓർത്തെടുത്തു.

കപ്പലിൽനിന്ന് ഹെലികോപ്റ്ററിലാണ് മിനിക്കോയ്‌ ദ്വീപിലേക്ക് പോയത്. മിനിക്കോയ് ദ്വീപിൽ അന്നത്തെ ജനസംഖ്യ ഏഴായിരത്തോളം. ഏതാണ്ട് എല്ലാവരുംതന്നെ ഹെലിപാഡിനടുത്തുള്ള സമ്മേളനസ്ഥലത്തേക്ക് അപ്പോഴും എത്തിക്കൊണ്ടിരുന്നു. അവസാന ട്രിപ്പിലാണ് പ്രധാനമന്ത്രി ഹെലിപാഡിലെത്തിയത്. ലക്ഷദ്വീപിൽനിന്നുള്ള ലോക്‌സഭാംഗമായ പി.എം. സഈദ്, മുൻ എം.പി. നല്ലകോയ തങ്ങൾ തുടങ്ങി എല്ലാ ദ്വീപുകളിലെയും ജനനേതാക്കൾ, ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിങ്ങനെ പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുന്നു. ഓർക്കുന്നു, ഇന്ദിര അവരുടെ നേരെ കൈകൾ വീശി, പക്ഷേ, നേരെ പോയത് അല്പം അകലെ ഒരു പൂച്ചെണ്ടുമായി  നിൽക്കുന്ന ബാലികയുടെ അടുത്തേക്കാണ്. ഹെലിപാഡിൽ വന്നിറങ്ങിയതും പ്രധാനമന്ത്രി ആ കുട്ടിയെ എങ്ങനെ കണ്ടു എന്നത് കൗതുകമായി.

ഇക്കാലത്തെേപ്പാലെ തീവ്രവാദ ഭീതികളും സുരക്ഷാ ഭീഷണികളുമൊന്നും നാല്പത്തിയഞ്ച് കൊല്ലംമുമ്പ് ഉണ്ടായിരുന്നില്ലല്ലോ. ലക്ഷദ്വീപ് ജനതയാകട്ടെ അവിടത്തെ കരിക്കിൻ വെള്ളംപോലെ തെങ്ങോലകൾപോലെ, പഞ്ചാരമണൽപോലെ, ഹരിതനീലിമയാർന്ന ലഗൂണുകൾപോലെ, കാറ്റിനോട് സല്ലപിക്കുന്ന കവിടികൾപോലെ, നിഷ്‌കളങ്കരും. പ്രധാനമന്ത്രിയുടെ സുരക്ഷ എന്ന ഉദ്വേഗതയുടെ, ആശങ്കയുടെ തരിമ്പുപോലും മിനിക്കോയി ദ്വീപിലെ ആദ്യ സമ്മേളനത്തിലും ഇതരദ്വീപുകളിലെ സന്ദർശനങ്ങളിലും ഉണ്ടായിരുന്നില്ല.

മിനിക്കോയ്  ഹെലിപാഡിൽ തന്റെ കൈയിൽ പൂച്ചെണ്ട് ഏൽപ്പിച്ച ബാലികയെ ചേർത്തുപിടിക്കുമ്പോൾ ലക്ഷദ്വീപിന്റെ ഭാവിയെ ഇന്ദിര തൊട്ടറിയുകയായിരുന്നു. ഡൽഹിയിൽനിന്ന് ഏറെ അകലെയാണ് ലക്ഷദ്വീപെങ്കിലും ഈ ജനതയുടെ ഹൃദയസ്പന്ദനങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ഇന്ത്യയുടെ വികസനസ്വപ്നങ്ങൾ രൂപപ്പെടുന്നതും പദ്ധതികൾ ആവിഷ്കരിക്കുന്നതും എന്ന് പറഞ്ഞുകൊണ്ടാണ് മിനിക്കോയിയിലെ പൊതുസമ്മേളനത്തിലെ പ്രസംഗം ഇന്ദിരാഗാന്ധി ആരംഭിച്ചത്. അമിതമായ ആവേശപ്രകടനമോ, ബഹളംകൂട്ടലോ ഇല്ലാതെ കൗതുകം കൊള്ളുന്ന മുഖഭാവമായിരുന്നു ഏഴായിരത്തോളം വരുന്ന മിനിക്കോയിക്കാരിൽ, പ്രത്യേകിച്ചും സ്ത്രീകളിൽ പ്രകടമായത്. കുടുംബാംഗങ്ങളോട് സംസാരിക്കുന്നതുപോലെ അനൗപചാരികമായിരുന്നു ഇന്ദിരാഗാന്ധിയുടെ പ്രസംഗം.

പൊതുസമ്മേളനമായാലും ഗ്രാമസന്ദർശനമായാലും വിദ്യാലയത്തിലെയോ ആശുപത്രികളിലെയോ സന്ദർശനമായാലും, കലാ-സാംസ്കാരിക പരിപാടികളായാലും ലക്ഷദ്വീപ് ജനതയുടെ നിഷ്‌കളങ്ക കൗതുകങ്ങളിലും ആകാംക്ഷകളിലും പ്രധാനമന്ത്രി അവരിലൊരാൾ മാത്രമാവുകയായിരുന്നു. മിനിക്കോയി ദ്വീപിലെ ഒരു വീട്ടിൽ എത്തിയ ഇന്ദിരാഗാന്ധി അവിടത്തെ മുത്തശ്ശിയോട് അവർക്കിഷ്ടമുള്ള നാടോടിപ്പാട്ട് ഏതാണെന്ന് ചോദിച്ചു ‘‘എല്ലാം എല്ലാം ഇഷ്ടമാണല്ലോ’’ എന്ന് പറഞ്ഞുകൊണ്ട് മുത്തശ്ശി പാടാൻ തുടങ്ങി... ഒരു വേള സുദീർഘമായ തന്റെ പൊതുജീവിതത്തിൽ സമ്മർദലേശമില്ലാതെ ഇന്ദിരാഗാന്ധി ആസ്വദിച്ച ഒരു സന്ദർഭമായിരിക്കാം മിനിക്കോയി മുത്തശ്ശിയുമായുള്ള ആ സ്നേഹസംഗമം.

ചരിത്രഗതിയിൽ മലബാർതീരവുമായി പ്രത്യേകിച്ചും കണ്ണൂർ പ്രദേശവുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്നതാണ് ലക്ഷദ്വീപസമൂഹങ്ങൾ. ‘മഹൽ’ ഭാഷ പ്രചാരത്തിലുള്ള മിനിക്കോയി ദ്വീപ് ഒഴികെ മറ്റെല്ലാ ദ്വീപുകളിലും മലയാളമാണ് നൂറ്റാണ്ടുകളായി സംസാരഭാഷ. അറബി ലിപികളിൽ എഴുതിയ മലയാളമാണ് ഉപയോഗത്തിൽ. കണ്ണൂർ മേഖലയിലെ മലയാളശൈലിയും ശീലുകളുമാണ് ദ്വീപ് മലയാളത്തിൽ പ്രകടമായിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മലയാള സംഭാഷണ രീതി ലക്ഷദ്വീപുകാർക്ക് പ്രിയമായിരുന്നു. ലക്ഷദ്വീപിലെ യാത്രാവേളയിൽ  അദ്ദേഹം ഏറെ ആസ്വദിച്ച ഒരു കാര്യം ദ്വീപുകളിലുള്ള കണ്ണൂർ മലയാള മൊഴിവഴക്കമായിരിക്കാം. ലക്ഷദ്വീപ് യാത്രാനുഭവങ്ങളെപ്പറ്റി ഇകെ. നായനാരുടെ പുസ്തകമുണ്ട്.

മിനിക്കോയിയിലെ പൊതുസമ്മേളനത്തിൽ ലക്ഷദ്വീപിന്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പരിപാടികൾ വിശദീകരിച്ചതിനുശേഷം ഇന്ദിരാഗാന്ധി ഇത്രയും പറഞ്ഞു. എല്ലാം വിജയിക്കണമെങ്കിൽ എല്ലാവരും പരസ്പരധാരണയോടെ സഹകരിക്കണം. ഒന്നു രണ്ടുനിമിഷം നിർത്തി, ഇന്ദിരാഗാന്ധി തുടർന്നു: ‘‘ലക്ഷദ്വീപിലെ കോൺഗ്രസുകാർക്കിടയിൽ അല്ലറച്ചില്ലറ ഗ്രൂപ്പിസമൊക്കെയുണ്ട് അതൊക്കെ ഒഴിവാക്കണം. ജനങ്ങളുടെ പൊതുനന്മയായിരിക്കണം ലക്ഷ്യം.’’ കേരളത്തിൽ എന്നും ഏറെ ചർച്ചയാകുന്ന ഗ്രൂപ്പിസം ഭൂമിശാസ്ത്രപരമായ സാമീപ്യം കൊണ്ട് ലക്ഷദ്വീപിലും അന്നേ കണ്ടുതുടങ്ങിയിരുന്നു. അതാണല്ലോ ഇന്ദിരാഗാന്ധി സൂചിപ്പിച്ചത്.
അന്നത്തെ ലക്ഷദ്വീപിൽ അതിഥികൾക്ക് പ്രത്യേക താമസസൗകര്യമൊന്നും ഉണ്ടായിരുന്നില്ല. മിനിക്കോയി, ആന്ത്രോത്ത്, കടമത്ത്, തലസ്ഥാനമായ കവറത്തി, ബങ്കാരം എന്നീ അഞ്ച് ദ്വീപുകളായിരുന്നു ഇന്ദിരാഗാന്ധിയുടെ ത്രിദിനസന്ദർശനപരിപാടിയിൽ ഉൾപ്പെട്ടത്. ഓരോ ദ്വീപിലെയും പരിപാടികൾക്കുശേഷം ഹെലികോപ്റ്ററിൽ ഐ.എൻ.എസ്. വിക്രാന്തിലേക്ക് മടക്കം. പിറ്റേദിവസം അടുത്ത ദ്വീപിലേക്ക്. ഹെലിപ്പാഡ് സൗകര്യമില്ലാത്ത ദ്വീപുകളിലേക്ക് കപ്പലിൽനിന്ന്‌ നാവികസേനയുടെ ബോട്ടുകളിലായിരുന്നു യാത്ര.

ഐ.എൻ.എസ്. വിക്രാന്തിൽനിന്ന് ബോട്ടുകയറി ദ്വീപുകളിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ കടൽയാത്ര ഇന്ദിരാഗാന്ധി ഏറെ ആസ്വദിച്ചിരുന്നു. ഒരിടത്ത് തിരമാലകൾ ഉയർന്നുവന്നപ്പോൾ ബോട്ട് ആടിയുലഞ്ഞു. എല്ലാവരും ഒന്ന് പകച്ചു. ഇന്ദിരാഗാന്ധി പക്ഷേ, കളിയാക്കുകയായിരുന്നു. ‘‘പുരുഷന്മാർ ഇങ്ങനെ പേടിച്ചാലോ, മനോഹരമായ ഈ യാത്ര ആസ്വദിക്കൂ.’’

മിനിക്കോയി ദ്വീപിലെ പൊതുസമ്മേളനത്തിൽ ഇന്ദിരാഗാന്ധിയുടെ പ്രസംഗം ‘മഹൽ’ ഭാഷയിലാണ് പരിഭാഷപ്പെടുത്തിയത്. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ  ആന്ത്രോത്ത്, കവറത്തി ദ്വീപുകളിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പരിഭാഷ മലയാളത്തിലായിരുന്നു.

എല്ലാ ദ്വീപുകളിലെയും ജനങ്ങൾ അവരവരുടെ ഇഷ്ടകലാപ്രകടനങ്ങൾ ഹൃദ്യമായ അനായാസതയോടെ കാഴ്ചവെച്ചപ്പോൾ ഓരോ ദ്വീപിനും സവിശേഷമായ തനിമയുണ്ടെന്ന്‌ ‌വ്യക്തമായിരുന്നു. കൈകൊട്ടിക്കളി, കോൽക്കളി, പരിചമുട്ട്, നാടോടിപ്പാട്ടുകൾ, അഭിനയപ്പൊലിമയോടെയുള്ള കഥപറയൽ... ദ്വീപുനിവാസികൾ കടലിന്റെ താളത്തിൽ തലമുറകളായി തുടരുന്ന കലാരൂപങ്ങൾ ഒന്നിനൊന്ന് മെച്ചപ്പെട്ട നിലയിലാണ് അവതരിപ്പിച്ചത്. ആന്ത്രോത്ത് ദ്വീപിലെ കുറെ വീടുകളിലെ സ്ത്രീകളും കുട്ടികളും ഒരിടത്ത് കൂടിനിന്നുകൊണ്ട് ഇന്ദിരാഗാന്ധിയെ വരവേൽക്കുകയായിരുന്നു. ജീപ്പിൽനിന്ന് ഇറങ്ങി ഇന്ദിര അവരുടെ അടുത്തേക്ക് നടന്നുതുടങ്ങിയതും അവരെല്ലാം ചുറ്റും കൂടി. മുന്നൊരുക്കവും ചമയങ്ങളുമൊന്നുമില്ലാതെ അവർ താളമിട്ട് ചുവടുകൾവെച്ച് നൃത്തം തുടങ്ങി. അനൗപചാരികതയുടെ നിഷ്‌കളങ്കതയാണ് ലക്ഷദ്വീപ് ജനതയുടെ സാംസ്കാരികപ്പൊലിമ എന്ന് അനുഭവപ്പെട്ട മറ്റൊരു സന്ദർഭം.


കൂടാരത്തിൽ പിറന്ന അഭിമുഖം

ലക്ഷദ്വീപിലേക്ക് പോവുമ്പോൾ മാതൃഭൂമിയുടെ ചീഫ്‌ എഡിറ്റർ കെ.പി. കേശവമേനോൻ പറഞ്ഞു: ‘‘ഇന്ദിരാഗാന്ധിയെ നേരിൽക്കാണാൻ അവസരം കിട്ടുകയാണെങ്കിൽ എന്റെ അഭിനന്ദനം അറിയിക്കണം.’’ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ അദ്ദേഹത്തിന് അവരോട് കടുത്ത അമർഷമുണ്ടായിരുന്നു.

മിനിക്കോയ് ദ്വീപിലെ പൊതുസമ്മേളനംകഴിഞ്ഞ് പന്തലിൽ ഉച്ചഭക്ഷണം. ഭക്ഷണംകഴിച്ച് ഇന്ദിരാഗാന്ധി അല്പമകലെ തയ്യാറാക്കിയ ഒരുടെന്റിലേക്ക് വിശ്രമത്തിനുപോയി. ദൂരെനിന്ന്‌ ഞാനിതുകണ്ടു. പിറകെ ഞാനുംപോയി. ഖദർതുണിയിൽ മുട്ടോളമെത്തുന്ന മുണ്ട്, ജുബ്ബ. എന്റെ വേഷം കണ്ടാൽ കോൺഗ്രസുകാരനെപ്പോലെ തോന്നിച്ചിരുന്നു. അതുകൊണ്ട്‌ അധികം ചോദ്യങ്ങളൊന്നുമുണ്ടായില്ല. അകത്തേക്കുകടന്ന്  മാതൃഭൂമിയിൽനിന്നാണെന്നുപറഞ്ഞ്‌ ഞാൻ പറഞ്ഞു.  ‘‘ഞങ്ങളുടെ ചീഫ്‌ എഡിറ്റർ കെ.പി. കേശവമേനോൻ ക്ഷേമാന്വേഷണം അറിയിക്കാൻ പറഞ്ഞിട്ടുണ്ട്‌. വിശ്രമസമയത്ത്‌ കടന്നുവന്നതിന്‌ ക്ഷമിക്കണം.²’’

‘‘അകത്തേക്കുവരൂ, കേശവമേനോന് സുഖമാണല്ലോ. എന്റെ ക്ഷേമം അന്വേഷിച്ചതിന് നന്ദി അറിയിക്കണം’’. -ഇന്ദിരാഗാന്ധിയുടെ വാക്കുകൾ സൗമ്യമായിരുന്നു. ആശ്വാസം. ആനിമിഷംതന്നെ എനിക്ക്‌ പോകാം എന്ന മട്ടിൽ അവർ വായന തുടരാൻ മുഖംതിരിച്ചു. ധൈര്യം സംഭരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. ‘‘ഒന്ന് രണ്ട് കാര്യങ്ങൾ സംസാരിക്കണമെന്നുണ്ട്. ക്ഷമിക്കണം’’ - ‘‘ഞാൻ വായനയിലാണെന്ന് കണ്ടില്ലേ? എന്താണ് പറയാനുള്ളത്’’.

‘‘കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങളിൽ സംതൃപ്തയാണോ?

‘‘എന്തേ, അങ്ങനെ ചോദിക്കാൻ. അവിടെ പ്രത്യേക പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോ?’’

‘‘സി.പി.ഐ,യുടെ ദേശീയനേതാക്കൾ ഇന്ദിരാജിയെ ഇടയ്ക്കിടെ വിമർശിക്കുന്നു. കേരളത്തിൽ സി.പി.ഐ. നേതാവ് ശ്രീ അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ കോൺഗ്രസ് മുഖ്യ പങ്കാളിയും.’’
ഇന്ദിരാഗാന്ധിയുടെ പ്രതികരണം ‘‘സി.പി.ഐ. അതിന്റെ നിഷേധാത്മകവും വ്യക്തിപരവുമായ വിമർശനങ്ങൾ നിർത്തുകയും കൂടുതൽ ആരോഗ്യകരമായ നിലപാട് സ്വീകരിക്കുകയുമാണെങ്കിൽ  കോൺഗ്രസിന് അവരുമായി വിഷമം കൂടാതെ സഹകരിക്കാൻ കഴിയും’’.

വായിക്കാനെടുത്ത കടലാസ് ടീപോയിൽ വെച്ചുകൊണ്ട് അവർ തുടർന്നു. ‘‘മുഖ്യമന്ത്രി അച്യുതമേനോൻ സമചിത്തതയുള്ള നേതാവാണ്, എന്നാൽ, ആരോഗ്യപരമായ ചില കാരണങ്ങളാൽ ചില കാര്യങ്ങൾ കൈകാര്യംചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല’’.

ചില അസുഖങ്ങൾക്ക് ചികിത്സനടത്തി റഷ്യയിൽനിന്ന് മുഖ്യമന്ത്രി അച്യുതമേനോൻ തിരിച്ചെത്തിയ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമർശം. എന്റെ കൈവശം ടേപ്പ് റെക്കോഡറോ കുറിപ്പ് പുസ്തകമോ ഒന്നുംഉണ്ടായിരുന്നില്ല. ഒരു അഭിമുഖത്തിന്റെ മട്ടിലല്ലാതെ, സാധാരണ സംസാരമായിരുന്നു.

പ്രധാനമന്ത്രിക്ക് വിശ്രമിക്കാനുള്ള സമയമാണ്. ഇനി മടങ്ങണം. ‘‘ഇന്ദിരാജി, ഉദാരമായ പ്രതികരണത്തിന് നന്ദി. ഇവിടെ പറഞ്ഞ കാര്യങ്ങൾ ‘മാതൃഭൂമി’ വായനക്കാരെ അറിയിക്കാൻ അനുവാദമുണ്ടല്ലോ?’’ സ്ഥിരീകരണത്തിനുവേണ്ടിയുള്ള വാക്കുകൾ. ഇന്ദിരാഗാന്ധി ചിരിച്ചുകൊണ്ട് പറഞ്ഞു: ‘‘അപ്പോൾ ഇത്രയുംസമയം ഇവിടെ ഒരു പ്രസ് ഇന്റർവ്യൂ നടക്കുകയായിരുന്നു, അല്ലേ? ഏതായാലും ഞാൻ പറഞ്ഞത് പറഞ്ഞതുതന്നെ’’ ഈ സംഭാഷണമാണ്  1976 ഡിസംബർ 30-ന് ‘മാതൃഭൂമി’യുടെ മുഖ്യവാർത്തയായത്. അത്‌ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കുകയും ചെയ്തു. അച്യുതമേനോൻ ഭരണരംഗത്തുനിന്ന്‌ മാറി, കരുണാകരൻ മുഖ്യമന്ത്രിയായി. കോൺഗ്രസും സി.പി. ഐ.യും കേരള രാഷ്ട്രീയത്തിൽ ഇരുധ്രുവങ്ങളിലേക്കകന്നു, കേരള കോൺഗ്രസ്‌- ​കോൺഗ്രസ്‌ സഹകരണം ശക്തമായി.