താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന്റെ പേരിൽ വിവാദം നടക്കുന്നതിനിടയിലാണ് ഓപ്പറേഷൻ ജാവ തിയേറ്ററിലെത്തിയത് - സംവിധായകൻ തരുൺ മൂർത്തി സംസാരിക്കുന്നു
ഔദ്യോഗികമല്ലാത്ത മാർഗത്തിലൂടെ സിനിമ ഡൗൺലോഡ് ചെയ്യുമ്പോൾ, പരിചിതമല്ലാത്ത നമ്പറിൽനിന്ന് വിളിക്കുന്നയാളോട് വ്യക്തിവിവരങ്ങൾ പങ്കുവെക്കുമ്പോൾ, പോൺസൈറ്റിൽ 'ഡേസി വീഡിയോസ്' എന്ന് തിരയുമ്പോഴൊക്കെയും മുന്നിലും പിന്നിലും ഒരു കഥയുണ്ടാകും. ആ കഥകളാണ് 'ഓപ്പറേഷൻ ജാവ'. പൈറസി, പോണോഗ്രഫി, ഫിഷിങ് മുതൽ ഡാറ്റാ മോഷണം വരെ യഥാർഥ സംഭവങ്ങളുമായി ബന്ധിപ്പിച്ചൊരുക്കിയ ത്രില്ലർ. കേസന്വേഷണത്തിന്റെ എല്ലാ ആകാംക്ഷകളും അടക്കിപ്പിടിക്കുന്ന അവതരണം. ഓപ്പറേഷൻ ജാവയിലെ സൈബർ പോലീസ് സംഘം 'സൈബർ അധോലോകങ്ങളിൽ' മിന്നലാക്രമണം നടത്തുമ്പോൾ പ്രേക്ഷകർക്കത് പുതിയ ചലച്ചിത്രാനുഭവമാകുന്നു. ഏറെക്കാലം അടച്ചിട്ട തിയേറ്ററുകളിൽ വീണ്ടും ഹൗസ്‌ഫുൾ ബോർഡുകൾ തൂങ്ങുമ്പോൾ ഓപ്പറേഷൻ വിജയിച്ചതിന്റെ ആവേശത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരും
'റിയലിസ്റ്റിക്' സിനിമ
സമീപകാലത്തുനടന്ന സൈബർ കുറ്റകൃത്യങ്ങളെ ഡോക്യുമെന്റ് ചെയ്യുന്ന തരത്തിലാണ് ഓപ്പറേഷൻ ജാവ കഥപറയുന്നത്. അതിഭാവുകത്വങ്ങളില്ലാത്ത അവതരണശൈലിക്ക് തന്മയത്വം നൽകുന്നതിൽ ചിത്രത്തിലെ കാസ്റ്റിങ് വലിയ പങ്കുവഹിക്കുന്നുണ്ട്. ബാലു വർഗീസും ലുക്മാനും അവതരിപ്പിക്കുന്ന താത്കാലിക ജീവനക്കാരായ രണ്ട് ചെറുപ്പക്കാരിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ഇർഷാദ്, ബിനു പപ്പു, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പോലീസ് വേഷത്തിൽ തിളങ്ങുന്നു.
സംവിധായകൻ തരുൺ മൂർത്തി പറയുന്നു, 'ആദ്യ സിനിമ വ്യത്യസ്തമായിരിക്കണം എന്ന് എല്ലാവരെയും പോലെ എനിക്കും നിർബന്ധം ഉണ്ടായിരുന്നു. പ്രസക്തമായ ഒരു വിഷയം ചർച്ചചെയ്യണം. അത് വളരെ ശക്തമായും യാഥാർഥ്യ ബോധത്തോടെയും ജനങ്ങളിലേക്ക് എത്തിക്കണമായിരുന്നു. അതിന് എല്ലാ പിന്തുണയും നൽകിയത് നിർമാതാക്കളാണ്'
'പ്രേമം' ഗൂഢാലോചന
പ്രേമം സിനിമയുടെ സെൻസർ കോപ്പി ചോർന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങൾ ഓപ്പറേഷൻ ജാവയിൽ അനാവരണം ചെയ്യുന്നുണ്ട്. 'ആളുകൾക്കിടയിൽ ഒരുപാട് തെറ്റിദ്ധാരണളുണ്ടാക്കിയ സംഭവമായിരുന്നല്ലോ അത്. തിരുവനന്തപുരം ലോബിയുടെ കളി, പ്രിയദർശൻ പണം നൽകി, ഡയറക്ടർ തന്നെ ലീക്കാക്കി, അൻവർ റഷീദും അൽഫോൻസ് പുത്രനും തമ്മിൽ തെറ്റി എന്നൊക്കെ ഒരുപാട് കിംവദന്തികളും ഗൂഢാലോചനാ സിദ്ധാന്തങ്ങളുമുണ്ടായി. ഇന്നും ഇതൊക്കെ വിശ്വസിക്കുന്ന ആളുകളുണ്ട്. വാസ്തവം എന്താണെന്ന് സിനിമയിലൂടെ വ്യക്തമാക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം.' അതിൽ വിജയിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് തരുൺ.
തൊഴിലിന്റെ രാഷ്ട്രീയം
സൈബർ സുരക്ഷ പോലെ തന്നെ സിനിമ കൈകാര്യം ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട വിഷയമാണ് തൊഴിൽ. 'തൊഴിലിന്റെ രാഷ്ട്രീയമാണ് സിനിമയുടെ രാഷ്ട്രീയം'എന്ന് സംവിധായകൻ പറയും. താത്കാലിക ജീവനക്കാരുടെ പ്രശ്നങ്ങളും തൊഴിലിടങ്ങളിലും ജീവിതത്തിലും അവർ നേരിടുന്ന അവഗണനയും സിനിമ ചർച്ചചെയ്യുന്നുണ്ട്. 'ഞാൻ സിനിമ എഴുതിക്കൊണ്ടിരിക്കുന്ന കാലത്താണ് കെ.എസ്.ആർ.ടി.സിയിൽ താത്കാലിക ജീവനക്കാരെ പിരിച്ചുവിടൽ ഉണ്ടായത്. അന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ഒരാളുടെ വീഡിയോ വല്ലാതെ സ്വാധീനിച്ചു. ആ മാനസികാവസ്ഥ കഥാപാത്രങ്ങളിലൂടെ ആവിഷ്‌കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അടുത്ത ദിവസം ജോലി ഉണ്ടാകുമോ, എന്തു സംഭവിക്കും എന്ന അനിശ്ചിതത്വം ഭീകരമാണ്. ആ അവസ്ഥ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. എന്റെ ചുറ്റിലും ഒരുപാട് പേരെ അങ്ങനെ കണ്ടിട്ടുമുണ്ട്.' താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന്റെ പേരിൽ വലിയ വിവാദം നടക്കുന്നതിനിടയിലാണ് ഓപ്പറേഷൻ ജാവ തിയേറ്ററിലെത്തിയെന്നത് തികച്ചും യാദൃച്ഛികം.