വിഖ്യാത ഡോക്യുമെന്ററി സംവിധായകനായ ജോഷി ജോസഫിന്റെ ആദ്യ ഫീച്ചർ സിനിമയാണ് ‘വാക്കിങ് ഓവർ വാട്ടർ’. സ്വന്തം ജീവിതത്തിലേക്കു തന്നെയാണ് ജോഷി ഇത്തവണ ക്യാമറ വെച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്തസ്വഭാവക്കാരായ അച്ഛനമ്മമാരുടെ ഇടയിൽപ്പെട്ടുപോയ കുട്ടിയുടെ കഥയാണിത്
കൊൽക്കത്തയിൽ ജീവിക്കുന്ന മലയാളിയായ ജോഷി ജോസഫ് ധാരാളം ഡോക്യുമെന്ററികൾ സംവിധാനംചെയ്തിട്ടുണ്ട്. അദ്ദേഹം ആറ് ദേശീയപുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ സിനിമയാണ് ‘വാക്കിങ് ഓവർ വാട്ടർ’. ആത്മകഥാപരമാണ് ഈ സിനിമ. ജോഷി, ഭാര്യ ബെൻസി, മകൻ ഓസു. ഈ കുടുംബത്തിലെ സംഘർഷങ്ങളാണ് സിനിമ എന്നുപറയാം. ജോഷിയുടെ സിനിമാപ്രവർത്തനങ്ങൾ ഭാര്യയ്ക്ക് ഇഷ്ടമല്ല. അവരുടെ സ്വാധീനത്താൽ മകനും അച്ഛന്റെ സിനിമകൾ ഇഷ്ടമല്ല. സക്കറിയാസിന്റെ പഴയ നിയമത്തിലുള്ള പറക്കും ചുരുൾ എന്ന സിനിമയെക്കുറിച്ചുള്ള പരാമർശത്തിൽ വിശ്വസിക്കുന്നവളാണ് ബെൻസി. ക്രിസ്തുവിന്റെ ജലത്തിനുമീതെയുള്ള നടത്തം, വെള്ളം വീഞ്ഞാക്കൽ, ഹുഗ്ലി-വിദ്യാസാഗർ പാലങ്ങളുടെ പുരാവൃത്തം, ജെട്ടി, എം.എൻ. വിജയൻ, റസാക്ക് കോട്ടക്കൽ, കൊൽക്കത്ത, ട്രാം, ഫുട്‌ബോൾ, മഹാശ്വേതാദേവി, പോപ്പ്, ട്രംപ്, നാസയുടെ ഗോൾഡൻ റെക്കോഡ്. പല പരിപ്രേക്ഷ്യങ്ങൾ, പല പരാമർശങ്ങൾ. അതുപോലെ സിനിമ പല ഫോർമാറ്റിലാണ്. സിനിമാസ്കോപ്പിലാണ് സിനിമ. 8 എം.എമ്മിൽ ചിത്രീകരിച്ച ഹോം വീഡിയോയിൽ യഥാർഥ ജോഷിയും ഭാര്യയും മകനും. പിന്നെ പോപ്പ്, ട്രംപ് എന്നിവരുടെ ടി.വി. ഫൂട്ടേജുകൾ. അതുപോലെ പലശൈലികളുടെയും, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളുടെയും സങ്കരമാണ് സിനിമ. സിനിമയും പാപവും എന്നത് സിനിമയിലെ ഒരു പ്രധാന വിഷയമാണ്. കേരളത്തിലും സിനിമ ഒരു നിഷിദ്ധമേഖലയായിരുന്നുവല്ലോ. സിനിമാപ്രവർത്തനങ്ങൾ മാത്രമല്ല, സിനിമകാണുക എന്നതും. സിനിമ ‘നല്ലകുടുംബ’ത്തിൽ പിറന്നവർക്ക് പറ്റിയതല്ല എന്നവിശ്വാസം ഇന്നും പലരീതിയിൽ തുടരുന്നു. സിനിമയിലെ ഇടത്തെയും വിശുദ്ധം, അവിശുദ്ധം എന്നരീതിയിൽ നൈതികതയുടെ അടിസ്ഥാനത്തിൽ നാം വിഭജിക്കുന്നുവെന്നാണ് മണി കൗൾ അഭിപ്രായപ്പെട്ടത്. സംവിധായകൻ തന്റെ സിനിമാസങ്കല്പങ്ങൾ പങ്കുവെക്കുന്നു:
ഭൗതികമായല്ല, സംഭാഷണങ്ങളിലൂടെയാണ് സംവിധായകന്റെ (ജോഷിയുടെ) സാന്നിധ്യം നമുക്ക് സിനിമയിൽ അനുഭവപ്പെടുത്തുന്നത്
ഈ മുഖങ്ങളിലൂടെ ഉണ്ടാവുന്ന പ്രതികരണത്തി
ലൂടെയാണല്ലോ- മഹാശ്വേതാദേവിയുടെ, ബെൻസിയുടെ, ഓസുവിന്റെ... സിങ്ക് ഡയലോഗിന്റെ രീതി എന്താണെന്നുവെച്ചാൽ, ആരാണോ സംസാരിക്കുന്നത്, അവരുടെ മുഖം കാണിക്കുകയാണല്ലോ. അയാളെ നേരിട്ടുകാണുന്നില്ല എങ്കിലും അയാളുടെ ശബ്ദം സിനിമയിൽ മുഴുവനും ഉണ്ട്. കഥയുടെ ചരട് ഏറ്റെടുക്കുന്നത് അദ്ദേഹമാണ്. മൂന്നുകഥാപാത്രങ്ങളുടെ മുഖങ്ങളിൽതട്ടി ഉണ്ടാവുന്ന പ്രതിധ്വനികളിൽനിന്നും പ്രതിഫലനങ്ങളിൽനിന്നും ഉണ്ടാവുന്നത്. ഇതൊരു കണ്ണാടിപോലെ ആണ്. പ്രതികരണങ്ങളിൽനിന്നും ഹേതുകാണിക്കാതെ ഫലത്തിലൂടെ എന്താണോ ഹേതു എന്നുകാണിക്കുന്ന ഒരു സൂത്രം. ഭർത്താവ് സംസാരിക്കുന്നതെല്ലാം യഥാർഥവ്യക്തി എന്ന നിലയിലാണ്. ഒരുവ്യക്തിയുടെ കല്പിതമായ പ്രതിനിധാനമല്ല. അതേസമയം, അനുമോൾ അവതരിപ്പിക്കുന്ന കഥാപാത്രം (ഭാര്യ) ഒരു യഥാർഥവ്യക്തിയുടെ കല്പിതമായ പ്രതിനിധാനമാണ്.
സിനിമ സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവും ആണ് എന്നൊരു പ്രേക്ഷകൻ പറഞ്ഞാൽ താങ്കളുടെ പ്രതികരണം എന്തായിരിക്കും? ബെൻസി തുണികഴുകുന്ന സന്ദർഭം ഒരു ഹൈ ആംഗിളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അപ്പോൾ കഥാപാത്രത്തെ ഒറ്റപ്പെടുത്തുകയാണ്. ചെറുതാക്കുകയാണ്.
സിനിമയിൽ കഥപറയാതിരിക്കുന്ന ആൾ ഭാര്യയായ ബെൻസിയാണ്. അവരുടെ മൗനം സിനിമയിൽ മൊത്തം നിറഞ്ഞുനിൽക്കുന്നു. അവർ വായ തുറക്കുന്നത് മൊത്തം സിനിമയിൽ ഒന്നോരണ്ടോ പ്രാവശ്യം മാത്രമാണ്. ആ കഥാപാത്രത്തെ ഞാൻ വിടർത്താത്തിടത്തോളംകാലം അവരുടെ മനസ്സിൽ നടക്കുന്ന വ്യാപാരങ്ങൾ, മനോവിചാരങ്ങൾ, അവരുടെ മുഖത്തുനിന്ന് വളരെ ആത്മനിഷ്ഠമായി പ്രേക്ഷകർ വായിച്ചെടുക്കുന്നതാണ്. അതുകൊണ്ട് ഇതിനെ സ്ത്രീവിരുദ്ധത എന്നുപറയാൻ കഴിയില്ല. ഈ മനുഷ്യനോടൊപ്പമാണ് ഈ പാവം സ്ത്രീ ജീവിക്കുന്നതെങ്കിൽ ഇങ്ങനെയേ പെരുമാറൂ എന്ന് ന്യായീകരിക്കാൻപാകത്തിലാണ് സ്ത്രീവിരുദ്ധത എന്നുതോന്നിക്കുന്നിടത്ത് കൊണ്ടുനിർത്തുന്നത്. ആ ടെറസ്, വാർക്കപ്പുറം ആണ് അവരുടെ ഇടം. ആദ്യത്തെ ഹൈ ആംഗിൾ ഷോട്ടിനും, മുകളിലേക്ക് കയറിപ്പോവുന്ന ലോ ആംഗിൾ ഷോട്ടിനും ഇടയ്ക്കാണ് ക്യാമറ ആ കെട്ടിടം മൊത്തമായി കാണിക്കുന്നത്. മൂന്നാമത്തെ ഷോട്ടിൽ അവർ മുകളിൽ എത്തിക്കഴിഞ്ഞു. കെട്ടിടത്തിന്റെ ഭൗതികമായിട്ടുള്ള മൂന്ന് ഇടങ്ങളും ഇതിലൂടെ അടയാളപ്പെടുത്തിക്കഴിഞ്ഞു. മിക്കപ്പോഴും ഇവരെകാണുന്നത് അകത്തളത്തിലാണ്. അവർ ടെറസിൽനിൽക്കുമ്പോൾപോലും എപ്പോഴും അകത്തളത്തിൽ കഴിയുന്ന ചാരുലതയെ (സത്യജിത് റായിയുടെ ‘ചാരുലത’യിലെ കഥാപാത്രം) പുറത്തേക്കുവിട്ടാൽ എങ്ങനെയിരിക്കും അതുപോലെയാണ്.
ബെൻസി ഭർത്താവിന്റെ ആശയം പിന്തുടരണമെന്ന് ശഠിക്കാൻപറ്റുമോ
തീർച്ചയായും ഇല്ല. രണ്ട് ഫണ്ടമെന്റലിസ്റ്റുകളുടെ ഇടയിൽ പെട്ടുപോയ ഒരു കുട്ടിയുടെ കഥയാണ് സിനിമ. ഒന്ന് ഒരു സിനിമാ ഫണ്ടമെന്റലിസ്റ്റ്. മറ്റേത് റിലീജിയസ് ഫണ്ടമെന്റലിസ്റ്റ് പോലുമല്ല, കാരണം പോപ്പിനെക്കുറിച്ചും മറ്റും അവരുടെ ഭർത്താവ് എന്താണോ വിമർശനാത്മകമായി പറയുന്നത്, അതുപങ്കിടുന്ന മനസ്സാണ് അവരുടേത്. പക്ഷേ, അവർ എന്തുകൊണ്ടോ സക്കറിയാസിന്റെ പഴയ നിയമത്തിലുള്ള പറക്കും ചുരുൾ എന്ന സിനിമയെക്കുറിച്ചുള്ള പരാമർശത്തിൽ വിശ്വസിക്കുന്നവളാണ്. ഇതിനെ അവൾ വ്യാഖ്യാനിക്കുന്നത് ഒരു തിയേറ്ററിൽനിന്നും മറ്റൊരു തിയേറ്ററിലേക്ക് പോവുന്ന സിനിമയുടെ ചുരുളുകൾ ആയിട്ടാണ്. മകൻ അതിനോട് യോജിക്കുന്നില്ല. അത് അമ്മയുടെ ഒരു സങ്കല്പമാണ്. അതിനെ ഒരു തെറ്റായി അവൻ കാണുന്നില്ല. പകരം, അതൊരു കെട്ടരീതിയായാണ് അവൻ കാണുന്നത്. രണ്ടുപേരുടെയും ഭാഗംപിടിക്കാതെ അവൻ മൗനിയായിരിക്കും.
മഹാശ്വേതാദേവി, മകൻ, ഓഫ് സ്‌ക്രീനിൽ താങ്കൾ. താങ്കൾ മകനോടുചോദിക്കുന്നത് മുഴുവൻ പ്രേക്ഷകരോടായിട്ടാണ് തോന്നിയത്. എന്തിനാണ് പ്രേക്ഷകരോട്, മകനോട് താങ്കളുടെ സിനിമ ഇഷ്ടപ്പെടണം എന്ന് താങ്കൾ പറയുന്നത്
താങ്കളുടെ നിരീക്ഷണത്തിന്റെ ഒരുഭാഗം ശരിയാണ്. സങ്കീർണമായ രാഷ്ട്രീയപ്രശ്നങ്ങളിൽ ഇടപെടുന്ന ഒരാളാണ് മഹാശ്വേതാദേവി എന്നറിയുന്നവർ അവരുടെ മുഖത്തിൽനിന്ന് ആ രീതിയിലും അവരെ അറിയാത്തവർ ഒരു പ്രായമായ സ്ത്രീയുടെ മുഖംമാത്രമായും കാണും. അവരുടെ മുഖത്തുള്ള ഭാവം എന്നെസംബന്ധിച്ചിടത്തോളം ഈ സിനിമയിൽ പ്രേക്ഷകന് ഉണ്ടാവാൻപോവുന്ന ഭാവമാണ്. ആ അർഥത്തിൽ ആ ചോദ്യം ശരിയാണ്. എന്നാൽ, മകനും പ്രേക്ഷകരും സിനിമ ഇഷ്ടപ്പെടണം എന്ന പിടിവാശിയില്ല. കാണണം എന്നേയുള്ളൂ.
ഭർത്താവ് (താങ്കൾ) ബെൻസിയെ അങ്ങേയറ്റം പുച്ഛിക്കുകയാണ്. അവർ ചട്ട്ണി അരയ്ക്കുമ്പോൾ നിങ്ങൾ Chatnification of life എന്ന് കളിയാക്കുകയാണ്.
ട്രംപും പോപ്പും ഭരണകൂടവും പള്ളിയും ഒന്നിച്ചുവരുന്ന, ഏതു പുരോഗമനമനസ്സും പങ്കിടുന്ന വീക്ഷണങ്ങൾ വെച്ചുപുലർത്തുന്ന ഒരാളാണ് ഇയാൾ എന്ന് നമുക്കുമനസ്സിലാകുന്നു. വീടിനകത്തേക്ക് ഈലോകം വരേണ്ടതുണ്ടോ എന്ന ചോദ്യം, അതുതന്നെയാണല്ലോ ഏതൊരു കലാകാരന്റെയും ജീവിതത്തിൽ സംഘർഷമുണ്ടാക്കുന്നത്. അതായത്, കല വീടിന്റെ പടിക്കുപുറത്ത് നിർത്തേണ്ടതാണോ എന്ന ചോദ്യം കടന്നുവരുന്നു. വീട്ടിൽ നിങ്ങൾ ഒരു കുടുംബസ്ഥനായി നിൽക്കണം. ഇതിൽ ഒരുപാട് ആളുകൾ വിജയിച്ചിട്ടുണ്ട്. വേണമെങ്കിൽ ഒരു എഴുത്തുകാരന് ചിലപ്പോൾ വീട്ടിലിരിക്കുമ്പോൾപോലും ഒരു സാധാരണമനുഷ്യനായി കുടുംബജീവിതം നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോവാൻ സാധിക്കുമായിരിക്കും. വളരെ പ്രശസ്തനായ ബംഗാളി എഴുത്തുകാരനായിരുന്ന സമരേഷ് ബാസു ദിവസവും ഓഫീസിലേക്ക് പോകുന്നതുപോലെ കാലത്ത് വീട്ടിൽനിന്ന് ഇറങ്ങുകയും വേറൊരു വീട്ടിൽപോയി താമസിച്ച് അവിടെയിരുന്ന് എഴുതി വൈകുന്നേരം തിരിച്ച് വീട്ടിൽവന്ന് എഴുത്തുകാരനല്ലാതെ ജീവിക്കുകയായിരുന്നു. അങ്ങനെ ജീവിക്കാൻ ഒരു എഴുത്തുകാരന് സാധിച്ചേക്കും. എന്നാൽ, ഒരു സിനിമാക്കാരന് അത് സാധിക്കില്ല. അയാളെ സംബന്ധിച്ച് അതൊരു മുഴുവൻസമയപ്രവൃത്തിയാണ്. മുഴുവൻസമയ പ്രവൃത്തിയാകുമ്പോൾ നമുക്ക് ഒളിച്ചുകളിക്കാൻ സാധിക്കുന്നില്ല. സിനിമയിൽ ഞാൻ ഷൂട്ടിങ് കാണിക്കുന്നില്ല. ഇയാളുടെ കർമമണ്ഡലത്തെ, സിനിമാപ്രവർത്തനത്തെ പുറത്തുനിർത്തിയിരിക്കയാണ്.
സിനിമയുടെ ആദ്യഭാഗം വളരെ രസകരമാണ്. അനേകത, പല പരിപ്രേക്ഷ്യങ്ങൾ, പല ശൈലികളുടെ സങ്കരം... എന്നാൽ, സിനിമ പുരോഗമിക്കവേ, സിനിമയിൽ ഒരു തരത്തിലുള്ള ഐക്യമുണ്ടാവുന്നു
ഒരൊറ്റ ആഖ്യാനത്തിലേക്ക് സിനിമയെ കൊണ്ടുപോകാനായി സാധാരണമായി ഉപയോഗിക്കുന്ന....ഉദാഹരണമായി, എലിപ്പത്തായം. ഒരു തറവാട്ടിൽപ്പെട്ടുപോയ ഉണ്ണിയെ എലിയായി...അതൊരു ക്ലാസിക്കൽരീതിയാണ്. പല സിനിമകളും ഈ രീതി അവലംബിച്ചിട്ടുണ്ട്. ഒരു രൂപകത്തിൽ, ഒരു സമാന്തരത്തിൽ സിനിമയെ ഒതുക്കുക എന്ന രീതി. ഒരു രൂപകത്തിലേക്ക് സിനിമയെ രേഖീയമായി കൊണ്ടുപോവാതെ ഞാൻ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോവുകയാണ്. ഓരോ രൂപകത്തെയും അവസാനം ഒരു ഐക്യത്തിൽ കൊണ്ടെത്തിച്ച് പൊട്ടിക്കുകയാണ്. ഒരൊറ്റ രൂപകം ആണെങ്കിൽ സിനിമ പൊള്ളയായിരിക്കും. അവസാനം പ്രേക്ഷകർ പറയും ഓ, ഇതാണോ. എല്ലാം മനസ്സിലായി. അതായത് ഉണ്ണി തറവാട്ടിൽ കുടുങ്ങിയ എലി എന്നപോലെ. ഇതിൽനിന്ന് ഒരു മോചനം സിനിമയ്ക്കുണ്ടാവണമെങ്കിൽ, അനേകതയും ഐക്യവും എല്ലാം എപ്പോഴാണോ തരാതരം ഇണങ്ങുന്നത് അതിനനുസരിച്ചുചേർക്കാനുള്ള സാഹസികമായിട്ടുള്ള സമീപനമായിരുന്നു എന്റേത്.