മക്കളേ,
മനുഷ്യൻ ഈശ്വരാംശമാകയാൽ ഈശ്വരനാകുന്ന പൂർണതയുടെ ഒരു നേരിയ ബോധം അവനിലുണ്ട്. ആ പൂർണതയെ പ്രാപിക്കാനുള്ള വെമ്പൽ ഓരോ മനുഷ്യനിലുമുണ്ട്. അതിൽനിന്നാണ് എല്ലാ ആഗ്രഹങ്ങളും ഉണ്ടാകുന്നത്. ഓരോ ലോകവസ്തുക്കളെ കാണുമ്പോഴും അവ കിട്ടിയാൽ സുഖമാകും, സന്തോഷമാകും എന്ന് അവൻ മോഹിക്കുന്നു. അവയെ നേടാൻവേണ്ടി പരിശ്രമിക്കുന്നു. നേടുമ്പോൾ ഒരുസുഖം അനുഭവിക്കുകയും ചെയ്യുന്നു. എന്നാൽ ആ സുഖം ക്ഷണികമാണ്. അടുത്തനിമിഷംതന്നെ അവൻ അസംതൃപ്തനാകുന്നു. വീണ്ടും മറ്റൊരുവസ്തുവിനെ തേടുന്നു. നശ്വരമായ ലോകവസ്തുക്കൾക്കൊന്നും താൻതേടുന്ന പൂർണത തരാൻ കഴിയില്ലെന്നുബോധിച്ച് ഒടുവിൽ അവൻ ഈശ്വരനിലേക്കു തിരിയുന്നു. നിത്യനും പൂർണനുമായ ഈശ്വരനിൽ അവൻ സാഫല്യവും സംതൃപ്തിയും കണ്ടെത്തുന്നു. അങ്ങനെയുള്ള ഭക്തൻ ചെയ്യുന്ന ഓരോകർമവും ഈശ്വരാരാധനയാണ്, ഈശ്വരപൂജയാണ്.
ഹൃദയത്തിൽ ഈശ്വരപ്രേമം വളരുമ്പോൾ മനസ്സ് ഈശ്വരസ്മരണയിൽത്തന്നെ മുഴുകും. മറ്റൊന്നിലും ഭക്തനു ശ്രദ്ധയോ താത്‌പര്യമോ ഇല്ലാതാകും.
ഇതുപറയുമ്പോൾ സൂർദാസിന്റെ കഥയാണ് ഓർക്കുന്നത്. ജന്മനാ അന്ധനായ ഭക്തകവി സൂർദാസ് വൃന്ദാവനത്തിലേക്കു പോകുകയായിരുന്നു. അപ്പോൾ എവിടെനിന്നോ ഒരു കുട്ടി വൃദ്ധനായ സൂർദാസിനെ സഹായിക്കാനായെത്തി. അവന്റെ സംഭാഷണവും മറ്റും കേട്ട് സൂർദാസിന് അവനോട് വല്ലാത്ത ആകർഷണംതോന്നി. അങ്ങനെ ഒന്നിച്ച് നടന്നുനടന്ന് വൃന്ദാവനത്തിലെത്താറായി. അപ്പോൾ ഒരു ചിന്ത സൂർദാസിന്റെ മനസ്സിൽ തെളിഞ്ഞു. ‘ഇവൻ സാക്ഷാൽ കണ്ണൻതന്നെ’. പെട്ടെന്ന് സൂർദാസ് മുന്നോട്ടാഞ്ഞ് ഇരുകൈകൾകൊണ്ടും കണ്ണനെ വാരിപ്പുണർന്നു. എന്നാൽ, കണ്ണൻ കുതറിയോടി അപ്രത്യക്ഷനായി. അപ്പോൾ സൂർദാസ് പറഞ്ഞു. ‘അന്ധനായ എന്റെ കൈകളിൽനിന്ന് കുതറിയോടാൻ നിനക്കു സാധിക്കും എന്നതു ശരിതന്നെ. എന്നാൽ, എന്റെ ഹൃദയത്തിൽനിന്നും കുതറിയോടാൻ നിനക്കൊരിക്കലും ആവില്ല.’ ആ ഭക്തി കണ്ടു സംപ്രീതനായ ഭഗവാൻ സൂർദാസിന്റെ കണ്ണിനു കാഴ്ചനൽകി. കണ്ണന്റെ രൂപം സൂർദാസ് കൺകുളിർക്കെ കണ്ടു. എന്നാൽ, അടുത്ത ക്ഷണം സൂർദാസ് ഇങ്ങനെ അപേക്ഷിച്ചു. ‘കൃഷ്ണാ, ഈ കാഴ്ച തിരിച്ചെടുക്കൂ. നിന്റെ രൂപം കണ്ട ഈ കണ്ണുകൾക്കൊണ്ട് ഇനി മറ്റൊന്നുംകാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’ കൃഷ്ണൻ അത് അംഗീകരിച്ചു. സൂർദാസ് പിന്നെയും അന്ധനായി. സദാ കൃഷ്ണലീലകൾ പാടിയും കീർത്തനങ്ങൾ രചിച്ചും ആ ഭക്തൻ എപ്പോഴും പ്രേമഭക്തിയുടെ ലഹരിയിൽ ജീവിച്ചു. എന്നാൽ, ഉൾക്കണ്ണുകൊണ്ട് എന്നും എവിടെയും അദ്ദേഹം കണ്ണനെതന്നെ ദർശിച്ചു. ഭക്തിയുടെ പൂർണതയിൽ പ്രപഞ്ചം മുഴുവൻ ഈശ്വരമയമായി ഭക്തൻ ദർശിക്കുന്നു. അവിടെ പിന്നെ തള്ളാനും കൊള്ളാനും ഒന്നുമില്ല. ഓരോ അണുവിലും ഈശ്വരചൈതന്യം തുടിച്ചുനിൽക്കുകയാണ്. പുഴുവിലും പുൽക്കൊടിയിലും ഈശ്വരനെ ദർശിച്ച് ഭക്തൻ ആരാധിക്കുന്നു. ഒരു ഉറുമ്പിനെപ്പോലും നമസ്കരിക്കുന്ന ഭാവം. അവനിൽ വളരുന്നു. സർവതിനോടുമുള്ള ആദരവ്, എല്ലാം ഈശ്വരേച്ഛയായി സ്വീകരിക്കുന്ന മനോഭാവം, വിനയം ഇതൊക്കെയുള്ളവനാണ് യഥാർഥഭക്തൻ. മറ്റുള്ളവരിൽ, ഈശ്വരനെ ദർശിച്ച് സ്നേഹിക്കുക, സേവിക്കുക. അതാണ് ഉത്തമഭക്തി.