സന്ന്യാസമോ ഗൃഹസ്ഥാശ്രമമോ സിനിമപിടിത്തമോ ഏതാണ് വഴിയെന്നറിയാതെ ഉഴലുന്ന ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻമാഷെപ്പോലെ എന്നും സന്ദേഹിയാണ് ശ്രീനിവാസനും. കമ്യൂണിസ്റ്റോ കോൺഗ്രസോ അതോ നിഷ്പക്ഷനോ എന്നുചോദിച്ചാൽ പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം പറയും, ‘ഞാനതെല്ലാമായിട്ടുണ്ട്്, എന്നാൽ അതൊന്നുമല്ലതാനും.’
‘‘ചിന്തിക്കുന്ന മനുഷ്യർ അങ്ങനെയാണ് അവർ നിരന്തരം സത്യത്തെ അന്വേഷിച്ചുകൊണ്ടിരിക്കും’’ -ആത്മമിത്രമായ അന്തിക്കാട്ടുകാരൻ സത്യന്റെ വിശദീകരണം പിന്നാലെവന്നു.
‘‘സത്യാന്വേഷണം നടത്താൻ സത്യാ, ഞാൻ ഗാന്ധിയും മാർക്സുമൊന്നുമല്ലല്ലോ? ഞാനൊരു പാവം സിനിമാക്കാരൻ. ബുദ്ധിജീവികളെക്കൊണ്ട് നിറഞ്ഞ കേരളത്തിൽ അങ്ങനെ ജീവിച്ചുപോവാൻ പാടുപെടുന്നു’’ -ശ്രീനിവാസന്റെ കൗണ്ടർ.
‘‘ശ്രീനി ഒരു ജീനിയസ്സാണ്. ഏതുവിഷയത്തിലായാലും സ്വന്തമായ ചില കണ്ടെത്തലുകളും അഭിപ്രായങ്ങളുമുണ്ടാവും’’ -സത്യൻ പറഞ്ഞുതീരുംമുമ്പേ ശ്രീനി വീണ്ടും തിരിച്ചടിച്ചു: ‘‘ഞാനൊരു ജീനിയസ്സാണെന്ന്്് നിങ്ങൾ പലരോടും പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. നിങ്ങൾക്ക് അത് പറഞ്ഞാൽമാത്രംമതി. ജീനിയസ്സായി ജീവിക്കാനുള്ള ബുദ്ധിമുട്ടും ചെലവും എനിക്കേ അറിയൂ.’’ അതുകേട്ട് സത്യന് ചിരിയടക്കാനായില്ല. ശ്രീനിവാസനും പൊട്ടിച്ചിരിക്കുന്നു. ഏതൊെക്കയോ സിനിമകളിൽ കണ്ടുമറന്ന ചിരി.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾകാരണം ദീർഘകാലം ചികിത്സയിലായിരുന്ന മിത്രത്തെ കാണാൻ തൃശ്ശൂരിൽനിന്ന് കാറോടിച്ച് ആലുവായിലെ ഡോക്ടറുടെ ക്ലിനിക്കിലെത്തിയതാണ് മലയാളികളുടെ പ്രിയസംവിധായകൻ സത്യൻ അന്തിക്കാട്. കൊറോണക്കാലത്തും മാസത്തിലൊരിക്കലെങ്കിലും അദ്ദേഹമിങ്ങനെ ശ്രീനിവാസനെ കാണാനെത്തും. സിനിമയ്ക്കുവേണ്ടിയും അല്ലാതെയുമുള്ള ദീർഘകാലത്തെ സൗഹൃദംകാരണം അവർ പരസ്പരം ഹൃദയത്തിന്റെ ഭാഗമായിപ്പോയി.
‘‘ശ്രീനിയുടെ ഹൃദയത്തിനുതന്നെയായിരുന്നു പ്രശ്നം. രണ്ടുമാസംമുമ്പ് കണ്ടപ്പോൾ സംസാരിക്കാൻപോലും വിഷമിച്ചിരുന്നു. ശ്വാസംമുട്ടുന്നതുപോലെ. ചെന്നൈയിൽനിന്ന് മകൻ വിനീത് വിളിച്ചുപറഞ്ഞു, ‘ഓപ്പൺ ഹാർട്ട് സർജറി ചെയ്തില്ലെങ്കിൽ എന്തും സംഭവിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. സത്യനങ്കിൾ അച്ഛനോടുപറഞ്ഞ് സർജറിക്ക് സമ്മതിപ്പിക്കണം.’ സർജറി വേണ്ടെന്നാണ് ശ്രീനിയുടെ തീരുമാനമെങ്കിൽ പിന്നെ മറിച്ചൊരു തീരുമാനമെടുപ്പിക്കൽ അത്ര എളുപ്പമാവില്ലെന്നെനിക്കറിയാം. എങ്കിലും സമ്മതിപ്പിക്കാമെന്ന് വിനീതിനോട് ഞാനേറ്റു. സർജറി ചെയ്തേപറ്റൂവെന്ന് ശ്രീനിയെക്കണ്ട് ഞാൻ പറഞ്ഞു. പക്ഷേ, ഒട്ടും കൂസലില്ലാതെ ശ്രീനി പറഞ്ഞു, ‘ചെയ്യാം. പക്ഷേ, കുറച്ച് സമയംതരണം.’ അങ്ങനെയാണ് ശ്രീനി സ്വയം അന്വേഷിച്ച് വ്യത്യസ്തമായ ചികിത്സയും തന്റെ സിനിമകളിലെ കഥാപാത്രത്തെപ്പോലെ തനിക്ക് യോജിച്ച ഡോക്ടറെയും കണ്ടെത്തിയത്. ഇപ്പോൾ സർജറിചെയ്യാതെതന്നെ ശ്രീനി ഹൃദയത്തിന്റെ പ്രശ്നങ്ങൾ അതിജീവിച്ചു. പഴയപോലെ ഉഷാറായി. അവിശ്വസനീയമായ രീതിയിലുള്ള റിക്കവറിയാണിത്’’ -സത്യൻ സാക്ഷ്യപ്പെടുത്തുന്നു.
?എന്തായിരുന്നു ശ്രീനിവാസൻ അന്വേഷിച്ചുകണ്ടെത്തിയ ചികിത്സ
‘‘ഇത് ഞാനന്വേഷിച്ച് കണ്ടെത്തിയതൊന്നുമല്ല. വർഷങ്ങളായി ഇവിടെയുള്ള ചികിത്സാസമ്പ്രദായമാണ്. സർജറിയില്ലാതെതന്നെ ഹൃദയത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാവുന്ന ആധുനികമായ തെറാപ്പിയാണിത്’’ -ശ്രീനിവാസൻ പറഞ്ഞു തീരുമ്പോഴേക്കും ഹൃദയപൂർവം എന്ന ഏറ്റവും പുതിയ ഈ ശ്രീനിവാസൻ ‘സിനിമ’യിലെ നായകകഥാപാത്രം ഡോ. ഗോപാലകൃഷ്ണപിള്ളയും അങ്ങോട്ടെത്തി. ഡോക്ടറുടെ ആലുവായിലുള്ള ഹൃദയ കെയർ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ശ്രീനിവാസനെ ചികിത്സിച്ചത്. എൻഹാൻസ്ഡ് എക്സ്റ്റേണൽ കൗണ്ടർ പൾസേഷൻ (ഇ.ഇ.സി.പി.) എന്ന നൂതനമായ തെറാപ്പിയിലൂടെയാണ് ശ്രീനിവാസന് സ്വാസ്ഥ്യം ലഭിച്ചത്. പതിനായിരത്തോളം ബൈപ്പാസ് സർജറികൾചെയ്ത പരിചയസമ്പന്നനായ കാർഡിയോളജിസ്റ്റ് ഗോപാലകൃഷ്ണൻ 2012-ലാണ് ഈ ചികിത്സാസമ്പ്രദായം കേരളത്തിൽ കൊണ്ടുവന്നത്. ഇന്ന് വിവിധ ജില്ലകളിലായി ഒരു ഡസനിലധികം ഇ.ഇ.സി.പി. ക്ലിനിക്കുകൾ ഇപ്പോൾ കേരളത്തിലുണ്ട്. ബൈപ്പാസ് സർജറി ദുഷ്കരമാവുന്ന രോഗികൾക്കുപോലും എളുപ്പത്തിൽ ചെയ്യാവുന്ന തെറാപ്പിയാണിത്. ഡോക്ടറും രോഗിയും തമ്മിലുള്ള ഈ സംഭാഷണം രോഗത്തെയും ചികിത്സയെയും സ്വാസ്ഥ്യത്തെയുംകുറിച്ചുള്ള ഏകദേശരൂപം നൽകും.
ശ്രീനിവാസൻ: ആറുവർഷംമുമ്പേ ഈ ചികിത്സാരീതിയെക്കുറിച്ച് എനിക്കറിയാം. ഡോക്ടറുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. പല സുഹൃത്തുക്കളെയും ചികിത്സയ്ക്കായി ഇങ്ങോട്ടയച്ചിട്ടുമുണ്ട്. നമ്മൾ അസുഖംവന്ന് ആശുപത്രിയിലാവുമ്പോൾ ബോധമില്ലാത്ത അവസ്ഥയിൽ പല തീരുമാനങ്ങളും ഡോക്ടർമാരെടുക്കും. നമ്മളറിയാതെ പല ചികിത്സയും നടത്തും. ആ സമയത്ത്്് അങ്ങനെത്തന്നെയാണ് വേണ്ടത്. ബോധംവന്ന സമയത്ത് ഓപ്പൺ ഹാർട്ട് സർജറിവേണമെന്ന് ഡോക്ടർമാരെല്ലാംകൂടി തീരുമാനിച്ച് എന്നോടുപറഞ്ഞു. വിനീത് ചെന്നൈയിലെ ഡോക്ടറെക്കണ്ട് സെക്കൻഡ് ഒപ്പീനിയൻ ചോദിച്ചു. ആ ഡോക്ടറുമായി ഞാൻ ഫോണിൽ സംസാരിച്ചു. ബൈപ്പാസ് ചെയ്യാം. പക്ഷേ, ഉടൻ ചെയ്യേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്താണ് എന്റെ സുഹൃത്ത് ഖാലിദ് മുഖേന ഗോപാലകൃഷ്ണൻ ഡോക്ടർ എന്നെ ബന്ധപ്പെടുന്നത്. ആ സമയത്ത് വളരെ മോശം അവസ്ഥയിലായിരുന്നു ഞാൻ. പക്ഷാഘാതംപോലെയൊക്കെ വന്നിരുന്നു. 25 വർഷമായി പ്രമേഹരോഗിയാണ്. പത്തുവർഷമായി ഇൻസുലിനും എടുക്കുന്നുണ്ടായിരുന്നു.
ഡോ. ഗോപാലകൃഷ്ണപിള്ള: ശരിയാണ് ഇവിടെ വരുമ്പോൾ ശ്രീനിവാസന്റെ ആരോഗ്യം വളരെ മോശമായിരുന്നു. രണ്ടുപേർ പിടിച്ചാണ് കാറിൽനിന്നിറക്കിയത്. സംസാരിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ആകെ ഹതാശനായപോലെ തോന്നിച്ചു. ആൻജിയോഗ്രാം റിപ്പോർട്ടനുസരിച്ച് ബ്ലോക്കുകളുണ്ട്. ആ അവസ്ഥയിൽ സർജറിവേണമെന്നുപറയുന്നത് തെറ്റല്ല. ചെന്നൈയിലെ ഡോ. ബഷി റിസൽട്ട് കണ്ടിരുന്നു. നല്ല ഡോക്ടറാണ്. പെട്ടെന്ന് ബൈപ്പാസ് ചെയ്യണമെന്നില്ല. എന്നാൽ, ചെയ്താൽ നന്നായിരിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഹൃദയത്തിൽ ബ്ലോക്ക് എത്രത്തോളമുണ്ടെന്നറിയാൻ ആൻജിയോഗ്രാം ചെയ്തപ്പോൾ ബ്ലെഡ് യൂറിയയും ക്രിയാറ്റിനും നന്നായി കൂടിയിരുന്നു. അങ്ങനെയെല്ലാം ആരോഗ്യനില മോശമാണെന്നതിലായിരുന്നു എനിക്ക് ടെൻഷൻ. ആൻജിയോഗ്രാമിൽ ഡൈ ഉപയോഗിക്കും. അത് പുറത്തുപോവേണ്ടത് വൃക്കവഴിയാണ്. വൃക്കയ്ക്ക് ചെറിയ കുഴപ്പമുള്ള ആളാണെങ്കിൽ ഒരു അടികൊടുത്താണ് പോവുക. അത് നേരെയാവുന്നതിനുമുമ്പ് സർജറിചെയ്താൽ വൃക്കയുടെ അവസ്ഥ മോശമാവാൻ സാധ്യതയുണ്ട്. മാത്രമല്ല, നേരത്തേ ശ്രീനിവാസന് പക്ഷാഘാതവും സംഭവിച്ചിരുന്നു. അതുകൊണ്ടെല്ലാംതന്നെ പെട്ടെന്ന് സർജറിചെയ്യുന്നത് റിസ്കായിരുന്നു. പൊതുവേ ആരോഗ്യം മെച്ചപ്പെട്ടിട്ട് സർജറിചെയ്യാമെന്നായിരുന്നു നേരത്തേകണ്ട ഡോക്ടർമാർ പറഞ്ഞിരുന്നത്. അവരുടെ തീരുമാനം തെറ്റായിരുന്നില്ല. ആ അവസ്ഥയിലാണ് ഞങ്ങൾ ഇ.ഇ.സി.പി. ചെയ്യാൻ തീരുമാനിച്ചത്. ശ്രീനിവാസൻ 35 ദിവസം ഈ ചികിത്സചെയ്തശേഷം അമൃത ആശുപത്രിയിൽപോയി എക്കോ കാർഡിയോഗ്രാം ചെയ്തു. അത് നോർമലായിരുന്നു!
ശ്രീനിവാസൻ: ശസ്ത്രക്രിയചെയ്യാതെ, രക്തം പൊടിയാതെ കാര്യങ്ങൾ ശരിയാവുമെങ്കിൽ അങ്ങനെ വേണമെന്നാണല്ലോ ഏതുരോഗിയും ചിന്തിക്കുക. ഞാനും അതേ ആഗ്രഹിച്ചുള്ളൂ. ആഗ്രഹിക്കുന്നതിനും സ്വപ്നംകാണുന്നതിനുമൊന്നും ഈ രാജ്യത്ത് ടാക്സ് കൊടുക്കേണ്ടല്ലോ?
നർമം ആസ്വദിച്ച് ചിരിച്ചുകൊണ്ടാണ് ഡോക്ടറുടെ മറുപടി: ഒന്നാമത്തെ കാര്യം ശ്രീനിവാസന് ഈ ചികിത്സാരീതിയെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. പിന്നെ ഖാലിദിന്റെ അനുഭവത്തിൽനിന്ന് ലഭിച്ച ആത്മവിശ്വാസവും കാണും. രോഗിയുടെ വിശ്വാസമാണ് ഏതുഡോക്ടറുടെയും പ്രധാന കരുത്ത്. പിന്നെ രോഗിക്ക് സർജറിചെയ്യണമെന്നതുപോലെ പ്രധാനമാണ് എപ്പോഴൊക്കെ ചെയ്യാൻപാടില്ലെന്നതും. ബ്ലോക്കുണ്ടായാൽ ശരീരംതന്നെ ബദൽ രക്തക്കുഴലുകളുണ്ടാക്കും. അതിനുപക്ഷേ, സമയംപിടിക്കും. അത് വേഗത്തിലാക്കുന്ന പ്രക്രിയയാണിത്. പതിനഞ്ചുവർഷംകൊണ്ട് ചെയ്യുന്നത് 35 ദിവസംകൊണ്ട് ചെയ്യാൻ ഹൃദയത്തെ പര്യാപ്തമാക്കുന്നു. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് സർജറി വേണമെന്നില്ലാത്ത രോഗികളിൽ ഈ ചികിത്സനടത്താം. അത് ഫലപ്രദമാണ്. ഹാർവാഡ് യൂണിവേഴ്‌സിറ്റി 1996-ൽ വികസിപ്പിച്ചെടുത്ത മെഷീനാണ് ഞാൻ ഇവിടെ ഉപയോഗിക്കുന്നത്. ഹാർട്ട് അറ്റാക്ക് സംഭവിക്കുന്ന സമയത്തുപോലും ഇതുചെയ്യുന്നതുകൊണ്ട് കുഴപ്പമില്ലെന്നാണ് അവരുടെ കണ്ടെത്തൽ. എന്നാൽ, ഒന്നോ രണ്ടോ മാസത്തേക്ക് സർജറി ചെയ്തില്ലെങ്കിലും കുഴപ്പമില്ലെന്നുവരുന്ന കേസുകളിലാണ് ഇ.ഇ.സി.പി. ചെയ്യുക. 35 ദിവസം ഒരു മണിക്കൂർവീതം ഈ തെറാപ്പി ചെയ്യും. ബാക്കി 23 മണിക്കൂർ ശരീരത്തിന് പുതിയ രക്തക്കുഴലുകളുണ്ടാക്കുന്നതിന് സമയംനൽകുന്നു.
ശ്രീനിവാസൻ: ഇവിടെ വരുമ്പോൾ ഞാൻ മൂന്നുനേരം ഇൻസുലിൻ എടുത്തുകൊണ്ടിരുന്നു. ആ സമയത്ത് ഫാസ്റ്റിങ്ങിൽ 210-215 ഒക്കെയായിരുന്നു ഷുഗർ ലെവൽ. ഈ തെറാപ്പിക്കുശേഷം അത് 110 ഒക്കെയാണ്. ഇടയ്ക്കിടയ്ക്ക് ടെസ്റ്റ്ചെയ്തുനോക്കുന്നുണ്ട്. രണ്ടരമാസത്തോളമായി ഇൻസുലിൻ എടുക്കുന്നില്ല. മുമ്പ് നല്ല ക്ഷീണമുണ്ടായിരുന്നു ഇപ്പോൾ അതില്ല. സംസാരിക്കാനുള്ള ബുദ്ധിമുട്ടും മാറി. ഇതൊക്കെ എങ്ങനെസംഭവിച്ചെന്ന് എനിക്കറിയില്ല. പക്ഷേ, അതാണ് സത്യം, അതാണ് എന്റെ അനുഭവം.
ഡോക്ടർ: ഈ തെറാപ്പി ചെയ്തതുകൊണ്ട് പ്രമേഹം മാറുമെന്ന് പറയാനാവില്ല. എന്നാൽ, ഈ തെറാപ്പിയിലൂടെ ശരീരത്തിലെ രക്തചംക്രമണം നല്ല രീതിയിലാവുമ്പോൾ അങ്ങനെ ചില മാറ്റങ്ങൾ പലരിലും കാണുന്നുണ്ട്. ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് ത്വരപ്പെടുത്തുന്നതിനും അതുവഴി നെഞ്ചുവേദനയും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുമുള്ള തെറാപ്പിയാണിത്. പക്ഷേ, ചിലർക്ക് ഗുണകരമായ ചില പാർശ്വഫലങ്ങളുമുണ്ടാവുന്നുണ്ട്. പക്ഷാഘാതംവന്ന് കൈകൾക്ക് തളർച്ച വന്ന ഒരു രോഗിക്ക് തെറാപ്പിക്കുശേഷം കൈകൾക്ക് ചലനശേഷി തിരിച്ചുകിട്ടിയ അനുഭവവും എനിക്കുണ്ട്. മുമ്പ് ബൈപ്പാസ്ചെയ്തവരും െസ്റ്റന്റിട്ടവരുമെല്ലാം ഇവിടെവന്ന് ഈ ചികിത്സചെയ്യാറുണ്ട്. ഇനിയും ഹൃദയത്തിന് പ്രശ്നം വരാതിരിക്കാനുള്ള മുൻകരുതലായാണ് അങ്ങനെ ചെയ്യുന്നത്. 2012-ലാണ് ഞാൻ ഈ ക്ലിനിക്ക് തുടങ്ങുന്നത്. ഇംഗ്ലണ്ടിലും യു.എസിലുമെല്ലാം എത്രയോമുമ്പേ ഇത്തരം ക്ലിനിക്കുകൾ വ്യാപകമായുണ്ട്. ഇവിടത്തെക്കാൾ എത്രയോ െചലവേറിയതാണ് അവിടെ. യു.എസിലാണ് ഇന്ന് കൂടുതൽ പേർ ഇതുചെയ്യുന്നത്.
ശ്രീനിവാസൻ: ഹൃദയശസ്ത്രക്രിയ നടത്തേണ്ടെന്ന് ഡോക്ടർ ആരോടും പറഞ്ഞുകേട്ടിട്ടില്ല. പക്ഷേ, ഇത് ചെയ്യുകയാണെങ്കിൽ പല ഹൃദയശസ്ത്രക്രിയകളും ഒഴിവാക്കാനാവുമെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ, എന്തുകൊണ്ടോ പല ഡോക്ടർമാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അതിനവർക്ക് അവരുടേതായ കാരണമുണ്ടായിരിക്കും. ഞാൻ ഒരു ആരോഗ്യപദ്ധതിക്കും ചികിത്സാരീതിക്കും എതിരല്ല. ഞാൻ എറണാകുളത്തെ പ്രസിദ്ധമായ ആശുപത്രികളിൽ എത്രയോതവണ ചികിത്സതേടിയിരിക്കുന്നു. എന്നാൽ, ഏതുവിഭാഗത്തിലായാലും ആരോഗ്യരംഗത്ത് നടക്കുന്ന ചൂഷണങ്ങളെ നമ്മൾ എതിർത്തേ പറ്റൂ. അതാണ് എന്റെ നിലപാട്. ആരൊക്കെ എതിർത്താലും പരിഹസിച്ചാലും ഞാനത് തുടരും. എന്റെയീ ഡോക്ടർ അറിയപ്പെടുന്ന കാർഡിയോളജിസ്റ്റാണ്. ഒട്ടേറെ ബൈപ്പാസ് സർജറിനടത്തിയ ആളുമാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് ഇങ്ങനെയൊരു ചികിത്സ ഇവിടെ കൊണ്ടുവരുന്നതിന് പ്രേരിപ്പിച്ചത്.
ഡോക്ടർ: തൃപ്പൂണിത്തുറക്കാരനാണ് ഞാൻ. 17-ാം വയസ്സിൽ സോവിയറ്റ് യൂണിയൻ സർക്കാരിന്റെ സ്കോളർഷിപ്പ് കിട്ടി. അവിടെയായിരുന്നു പഠനം. 17 വർഷം അവിടെ തുടർന്നു. കാർഡിയാക് സർജറിയിൽ പിഎച്ച്.ഡി. ചെയ്തു. തിരിച്ചുവന്ന് ആദ്യം ജോലിചെയ്തത് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലാണ്. പിന്നീട് കേരളത്തിൽ അന്ന് ബൈപ്പാസ് സർജറിചെയ്തിരുന്ന ആശുപത്രിയായ ഉത്രാടം തിരുനാൾ ഹോസ്പിറ്റൽ, അവിടെനിന്ന് കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജോലിചെയ്തു. അമൃത ആശുപത്രിയിൽ തുടക്കകാലത്ത്് ബൈപ്പാസ് സർജറി സൗജന്യമായിരുന്നു. ഞങ്ങളുടെ ടീം ദിവസം 15 ബൈപ്പാസ് സർജറിവരെ ചെയ്തു. നാലുവർഷത്തിനുശേഷം ശ്രീലങ്കയിലെ കാൻഡിയിൽ പുതുതായി തുടങ്ങിയ ആശുപത്രിയിലെ സർജൻ ആവശ്യപ്പെട്ടപ്പോൾ അങ്ങോട്ടുപോയി. അഞ്ചുവർഷം അവിടെയും കുറെയധികം ബൈപ്പാസുകൾ ചെയ്തിരുന്നു. പിന്നെ എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിൽ ജോയിൻചെയ്തു. ആ സമയത്ത് എട്ടും പത്തും പന്ത്രണ്ടും െസ്റ്റന്റുകളിട്ട ആളുകൾ പിന്നെയും പ്രശ്നങ്ങൾ വന്നതുകാരണം ചികിത്സതേടി വരാറുണ്ടായിരുന്നു. അത്തരം ആളുകൾക്ക് ബൈപ്പാസ്ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. കടുത്ത നെഞ്ചുവേദനയായിരിക്കും. പക്ഷേ, സർജറി വളരെ റിസ്കാണ്. പ്രതീക്ഷയോടെ വരുന്ന ആളുകളെ ചികിത്സയില്ലെന്നുപറഞ്ഞ് തിരിച്ചയയ്ക്കുക ഏറെ വിഷമകരമാണ്. ആ അവസ്ഥയിൽ ഈ ജോലിതന്നെ നിർത്തിയാലോ എന്ന് ചിന്തിച്ചതാണ്. ആ സമയത്ത് രാത്രിയിൽ ഞാൻ ഇന്റർനെറ്റിൽ തിരയും, ബൈപ്പാസ് ചെയ്യാനാവാത്ത രോഗികൾക്ക് ആശ്വാസംനൽകുന്ന വല്ല ചികിത്സയും ഉണ്ടോയെന്നായിരുന്നു അന്വേഷണം. ഈ തെറാപ്പിയെക്കുറിച്ച് അറിഞ്ഞപ്പോഴും ആദ്യം വലിയ താത്‌പര്യം തോന്നിയിരുന്നില്ല. പക്ഷേ, അമേരിക്കയിൽ ഇതിന് മികച്ച റിസൽട്ട് കിട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ അവിടത്തെ ഡോക്ടർമാരെ ബന്ധപ്പെട്ടു. അവിടെ ഈ ചികിത്സ വളരെ ഫലപ്രദമാണെന്നും ഇതിനായി രോഗികൾ ബുക്ക്ചെയ്ത് കാത്തിരിക്കയാണെന്നും അവർ പറഞ്ഞു. അതിനുശേഷമാണ് ഇതിനെക്കുറിച്ച് കൂടുതൽ പഠിച്ചതും രണ്ടുമെഷീൻ കൊണ്ടുവന്ന് ചികിത്സതുടങ്ങിയതും. ഇപ്പോൾ രോഗികളുടെ ചിരിക്കുന്ന മുഖവും അവരുടെ ആശ്വാസവും കാണുമ്പോൾ എനിക്കും ആഹ്ലാദംതോന്നും. അതെ, സന്തുഷ്ടനായ ഒരു ഡോക്ടറാണ് ഞാനിപ്പോൾ.
പിരിയാനുള്ള സമയമായപ്പോൾ സത്യൻ ശ്രീനിയോട് പറഞ്ഞു: 'ശ്രീനീ, ചികിത്സകഴിഞ്ഞ് ഉഷാറായിവാ, നമുക്ക് ചിലത് ചെയ്യാനുണ്ട്' അതിന് ശ്രീനിവാസന്റെ മറുപടി : ' ഇതുകഴിഞ്ഞാണ് പലതും നമുക്ക് ചെയ്യാനുള്ളത്'. ഒന്നിച്ചുള്ള പൊട്ടിച്ചിരി പക്ഷികളെപ്പോലെ സന്ധ്യയിലേക്ക് പറന്നു...
ഇ.ഇ.സി.പി. എന്നാൽ...
ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കാര്യക്ഷമമാക്കാൻ സഹായിക്കുന്ന തെറാപ്പിയാണ് ഇ.ഇ.സി.പി. വായുനിറച്ച കഫുകളാണ് (ബി.പി. മെഷീനിലെ കഫ് പോലുള്ളത്) പ്രധാന ഭാഗം. ഇവ രോഗിയുടെ കീഴ്‌ക്കാലുകളിലും തുടയിലും നിതംബത്തിെന്റ ഭാഗത്തായും ഘടിപ്പിക്കും. അതിലൂടെ ഹൃദയത്തിലേക്ക് രക്തമെത്തിക്കും. ഓരോ ഹൃദയമിടിപ്പിനും ഇടയിലാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുവഴി അടഞ്ഞുകിടക്കുന്ന ഹൃദയധമനികളിലേക്ക് കൂടുതൽ രക്തമെത്തുന്നു. ഓക്സിജന്റെ അളവ് വർധിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാവുകയും ചെയ്യുന്നു. മെഷീൻ കംപ്യൂട്ടറുമായി ലിങ്ക്ചെയ്ത് ഹൃദയം മിടിക്കാത്ത സമയത്തുമാത്രം പ്രഷർ കൊടുക്കുകയാണ് ചെയ്യുക. രക്തം പമ്പുചെയ്യാത്ത അത്തരം ഇടവേളകളിൽ പുറത്തുനിന്ന് മറ്റൊരു ഹാർട്ട് വെച്ചുകൊടുക്കുന്നതുപോലാണ് ഈ തെറാപ്പി. മൂന്നുകഫുകളിൽ ആദ്യം അടിയിലത്തേത് എയർപമ്പ് ചെയ്യും. പിന്നെ മുകളിലുള്ളത്. ഒടുവിൽ അരയ്ക്കുതാഴെ കെട്ടിയിരിക്കുന്നത് പമ്പുചെയ്യും. ഇതെല്ലാം അരസെക്കൻഡിനുള്ളിലാണ് നടക്കുക. ഹൃദയധമനികളിൽ ബ്ലോക്കുള്ളവർ, ആൻജിയോപ്ലാസ്റ്റി, ബൈപ്പാസ് സർജറി എന്നിവയിലൂടെ ആശ്വാസം ലഭിക്കാത്തവർ എന്നിവർക്കെല്ലാം ഈ ചികിത്സ ഗുണംചെയ്യാറുണ്ട്.