കൊൽക്കത്തയിൽ, എൽഗിൻ റോഡിലെ ആ പ്രൗഢമായ വീടിന്റെ മുകൾനിലയിലേക്കുള്ള സിമന്റ് ഗോവണിയുടെ പടവുകൾ കയറുമ്പോൾ ഏതൊരിന്ത്യക്കാരന്റെയും ഹൃദയം ആത്മാഭിമാനഭരിതമാവും. മുകൾനിലയിലെ കാഴ്ചകളെല്ലാം കണ്ട് തിരിച്ചിറങ്ങുമ്പോൾ, കണ്ണുനീർത്തുള്ളികൾ ആ ഗോവണിപ്പടിയിൽ ഇറ്റുവീഴും... ഉള്ളിൽ വിഷാദമേഘങ്ങൾ നിറയും. ഇതേ പടികളിറങ്ങിയാണ് തന്റെ 44-ാം വയസ്സിൽ, 1941 ജനുവരി 17-ന് പുലർച്ചെ 1.35-ന്, ബ്രിട്ടീഷ് പോലീസിന്റെ കണ്ണുവെട്ടിച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് സ്വാതന്ത്ര്യസമരത്തിന്റെ യുദ്ധഭൂമികയിലേക്ക് വേഷപ്രച്ഛന്നനായി ഇറങ്ങിപ്പോയത്. അദ്ദേഹം പിന്നീട് തിരിച്ചുവന്നില്ല. ആ മരണം ചരിത്രത്തിൽ ഒരു പ്രഹേളികയായി തുടരുന്നു. മനുഷ്യായുസ്സിന്റെ പരിധികളെയും പരിമിതികളെയും മറന്ന്് എത്രയോ ഇന്ത്യക്കാർ നേതാജി ഇപ്പോഴും ജീവിച്ചിരിക്കുന്നതായി വിശ്വസിക്കുന്നു; എന്നെങ്കിലും ഇന്ത്യയിലേക്ക്്് തിരിച്ചുവരുമെന്നും.
വീടിന്റെ മുകൾനിലയിൽ ബോസ് ഉപയോഗിച്ചിരുന്ന മുറി, തൊട്ടുമുമ്പാണ് അദ്ദേഹം അവിടെനിന്നും ഇറങ്ങിപ്പോയത് എന്ന് തോന്നിപ്പിക്കുംവിധം കിടക്കവിരിപോലും ചുളിയാതെ, അതേപോലെയുണ്ട്്്. ഈ വീട്ടിലെ അവസാനരാത്രി നേതാജി ഭക്ഷണം കഴിച്ച പാത്രങ്ങൾ, മുഖം തുടയ്ക്കാൻ ഉപയോഗിച്ച ടവൽ, ഉപയോഗിച്ചിരുന്ന ഷൂ, വസ്ത്രം മാറിയ നിലക്കണ്ണാടി എന്നിവ കാലത്തിനപ്പുറത്തുനിന്നും നിർന്നിമേഷരായി നമ്മെ നോക്കിനിൽക്കുന്നു. മറ്റു മുറികളിൽ അദ്ദേഹത്തിന്റെ പല കാലങ്ങളിലെ വസ്ത്രങ്ങൾ, ഐ.എൻ.എ. ക്യാംപുകളിലുപയോഗിച്ച മേശകസേരകൾ, കത്തുകൾ, പുസ്തകങ്ങൾ... പ്രത്യേകം തയ്യാറാക്കിയ വീഡിയോ വാളുകളിൽ നിറയെ നേതാജിയുടെ ദീർഘകായ രൂപം, മുഴങ്ങുന്ന ശബ്ദം, ഐ.എൻ.എ.യുടെ ആക്രമണരംഗങ്ങൾ... എല്ലാം കണ്ട് നടക്കുമ്പോൾ സമർപ്പിതമായ ഒരു കാലവും അതിൽ വിരാട് സ്വരൂപംപോലെ ഉയർന്നുനിന്ന ഒരു മനുഷ്യനും തിളങ്ങുന്ന തുമ്പികളായി ചുറ്റും പറക്കും.
1940-’41 വർഷങ്ങളിലാണ് നേതാജി ഈ വീട്ടിൽ തടങ്കലിൽ കഴിഞ്ഞത്. ‘RELEASE ME or I SHALL REFUSE’ എന്ന മുദ്രാവാക്യമുയർത്തി ജയിലിൽതുടങ്ങിയ നിരാഹാരസത്യാഗ്രഹം ബോസിന്റെ ജീവനെടുക്കും എന്ന അവസ്ഥയിലെത്തിയപ്പോഴാണ് ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ ഈ വീടിന്റെ മുകൾനിലയിലേക്ക് മാറ്റിയത്. ആംബുലൻസിൽ മുറ്റംവരെയെത്തിച്ച്, സ്‌ട്രെച്ചറിൽ കയറ്റി മുകളിലേക്ക് കയറ്റുകയായിരുന്നു. തന്റെ അച്ഛൻ ജാനകീനാഥ് ബോസ് കിടന്നുമരിച്ച, കിഴക്കുഭാഗത്തേക്ക്്്് തുറക്കുന്ന വാതിലുകളുള്ള മുറിയാണ് ബോസ് തിരഞ്ഞെടുത്തത്. അച്ഛനുപയോഗിച്ച വിശാലമായ കട്ടിലുണ്ടായിട്ടും അതുപയോഗിക്കാതെ, ആദരപൂർവം അദ്ദേഹം മറ്റൊരു കട്ടിലിൽക്കിടന്നു. ജനലിലൂടെ നോക്കിയാൽ തെരുവിനപ്പുറം ഉറങ്ങാത്ത കണ്ണുകളുമായി കാവൽമാടം, തോക്കേന്തിയ പോലീസുകാർ. വീടിനുള്ളിൽ ഒരു സ്പൂൺ മാറ്റിവെച്ചാൽപ്പോലും അവരറിയും. ഈ മുറിയിൽക്കിടന്നും പരസഹായത്തോടെ ചുമരുകൾ പിടിച്ചുനടന്നും ബോസ് ദിനങ്ങൾ കഴിച്ചു. അപ്പോഴും, രക്ഷപ്പെടാനും ഇന്ത്യയെ സ്വതന്ത്രയാക്കാനുമുള്ള പദ്ധതികൾ ആ മനസ്സിൽ രൂപംകൊള്ളുകയായിരുന്നു. ആ മനസ്സും അതിലെ പദ്ധതികളും ബ്രിട്ടീഷ് റഡാറിന്റെ വലയിൽപ്പെടാതെ താണുപറക്കാൻ ശീലിക്കുകയായിരുന്നു.
ഒരു ദിവസം ഈ മുറിയിലേക്ക് ഒരു അഫ്ഗാൻകാരൻ വന്നു: മിയാൻ അക്ബർഷാ. ഇന്നത്തെ പാകിസ്താനിലെത്തി, പാക്-അഫ്ഗാൻ ഗോത്രമേഖല കടന്ന് കാബൂളിലെത്തി, അവിടെനിന്ന്്് റഷ്യയിലേക്ക്് പ്രവേശിക്കുകയായിരുന്നു ബോസിന്റെ പദ്ധതി. മിയാൻ അക്ബർഷാ യാത്രാപദ്ധതികൾ വിവരിച്ചുകൊടുത്തു. മുസൽമാനെപ്പോലെ താടിവളർത്താൻ നിർദേശിച്ചു, അഫ്ഗാൻ ആചാരമര്യാദകൾ പഠിപ്പിച്ചു, കൊൽക്കത്ത മാർക്കറ്റിൽപ്പോയി പഠാൻകാർ ഉപയോഗിക്കുന്നതരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങിക്കൊണ്ടുവന്നു. മുഹമ്മദ് സിയാ ഉദ്ദീൻ എന്ന പേരാണ് അക്ബർഷാ പ്രച്ഛന്നവേഷധാരിയാവുന്ന നേതാജിക്ക് നിർദേശിച്ചത്. മരുമകനായ ശിശിർകുമാർ ബോസിനൊപ്പമാണ് പാതിരാത്രി കഴിഞ്ഞ ഏകാന്തയാമത്തിൽ നേതാജി രക്ഷപ്പെട്ടത്. വാണ്ടറർ കാറിന്റെ മുൻസീറ്റിൽ സിയാ ഉദ്ദീനായി നേതാജി ഇരുന്നു. ശിശിർ ഡ്രൈവിങ് സീറ്റിൽ. വീട്ടിൽനിന്നും റോഡിലേക്കിറങ്ങി അല്പദൂരം കഴിയുംവരെ നേതാജി കാറിന്റെ വാതിൽ അടയ്ക്കാതെ പിടിച്ചിരുന്നു. ഇത് എന്തിനാണ് എന്ന്്് ചോദിച്ച മരുമകനോട് അദ്ദേഹം പറഞ്ഞു: രാത്രി കാർ പോവുന്നത് വീട്ടിലെ ആരെങ്കിലും കേട്ടാൽത്തന്നെ വാതിൽ രണ്ടുതവണ അടയുന്നതായി കേൾക്കരുത്. ഒരു തവണ മാത്രം അടയുന്ന ശബ്ദം കേട്ടാൽ നീ തനിയെ പോയതാണ് എന്ന്്് തോന്നിക്കോളും!
ഉറങ്ങിക്കിടക്കുന്ന കൊൽക്കത്താ തെരുവുകളിലൂടെ, ഹൗറാപ്പാലം കടന്ന്്്, ചരിത്രപ്രസിദ്ധമായ ഗ്രാൻഡ് ട്രങ്ക്് റോഡിലേക്ക്്് കയറി, ബിർഭൂമിന്റെ ഇരുളിലൂടെ ആ കാർ ഗോമോഖ് എന്ന സ്ഥലംവരെ പോയി. അവിടെനിന്ന്്്് ഡൽഹി-കൽക്കാ മെയിലിൽക്കയറി നേതാജി മറഞ്ഞു. പിന്നീട് രാജ്യം അദ്ദേഹത്തെ ജീവനോടെയോ അല്ലാതെയോ കണ്ടിട്ടില്ല. അന്ന്്് അദ്ദേഹം രക്ഷപ്പെടാനുപയോഗിച്ച BLA 7169 നമ്പർ വാണ്ടറർ കാർ മുറ്റത്ത് ഇപ്പോഴുമുണ്ട്.
ഈ വീട് ഇപ്പോഴും വെറുതേ കാത്തിരിക്കുന്നതുപോലെ... ഒരു പാതിരാവിൽ, ദീർഘകായനായ ഒരു മനുഷ്യൻ പെട്ടന്ന്, ഇരുളിൽനിന്നും വന്ന് മുകളിലേക്കുള്ള സിമന്റ് പടവുകൾ കയറിപ്പോകും എന്ന് പ്രതീക്ഷിച്ച്.
** *** **
ഓരോ തവണയും നേതാജി ഭവനിൽപ്പോയി മടങ്ങുമ്പോൾ മനസ്സ്്് ചോദിക്കും: ഏതുതരത്തിലുള്ള മനുഷ്യനായിരുന്നു സുഭാഷ് ചന്ദ്രബോസ്? അദ്ദേഹത്തിന്റെ പ്രകൃതം എങ്ങനെയായിരുന്നു? എത്രമാത്രം ആത്മസമർപ്പിതനായിരുന്നു അദ്ദേഹം? ആ മനസ്സിന്റെ ഭാവങ്ങൾ എന്തൊക്കെയായിരുന്നു? അദ്ദേഹത്തെക്കണ്ട, അടുത്തറിഞ്ഞ മനുഷ്യരുടെ ഓർമകളിലൂടെ കടന്നുപോവുമ്പോൾ പലപല ഭാവങ്ങളുള്ള നേതാജി പ്രകാശിക്കും... അസാധാരണനായ ഒരു സാധാരണ മനുഷ്യനെ അവിടെ കാണാം.
മരുമകന്റെ അമ്മാവൻ
നേതാജിയുടെ സഹോദരനായ ശരത് ചന്ദ്രബോസിന്റെ മൂത്ത മകനാണ് അശോക് നാഥ് ബോസ്. നേതാജിയുടെ നേർ മരുമകൻ. അമ്മാവനുമായി ആത്മബന്ധമായിരുന്നു അശോകിന്. വിവാഹം കഴിക്കാൻ തീരുമാനിച്ച അശോക് അമ്മാവന്റെ അഭിപ്രായം തേടി. 1938 ജൂലായ് എട്ടിന് ബോസ് മരുമകന് എഴുതി:
‘നിന്റെ കത്ത്. വിവാഹത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഹിന്ദു കുടുംബത്തിന്റെ യാഥാസ്ഥിതിക
കാഴ്ചപ്പാടിന് വിരുദ്ധമായിരിക്കും.
• സ്വന്തമായി സമ്പാദിച്ചുതുടങ്ങാതെ വിവാഹം ചെയ്യരുത്. എല്ലാം ശരിയാണെന്ന് നിനക്ക് ബോധ്യമുണ്ടെങ്കിൽ ഇത് വിവാഹത്തിന് നല്ല സമയമാണ്.
• പുരുഷനും സ്ത്രീയ്ക്കും സ്വന്തം പങ്കാളിയെ കണ്ടെത്തുന്നതിൽ പൂർണസ്വാതന്ത്ര്യം വേണം. മറ്റുള്ളവർക്ക് ഉപദേശിക്കാമെന്ന് മാത്രം.
• കുറച്ചുകാലത്തെ സൗഹൃദത്തിനും അടുപ്പത്തിനും ശേഷമായിരിക്കണം വിവാഹം എന്നാണ് എന്റെ അഭിപ്രായം. നിശ്ചയിച്ചുറപ്പിച്ച വിവാഹ(arranged marriage)ത്തിന് ഞാൻ പൂർണമായും എതിരാണ്; നാട്ടുനടപ്പ് അതാണെങ്കിലും.
• മറ്റൊരു ജാതിയിൽപ്പെട്ട യുവതിയെ വിവാഹം കഴിക്കുന്ന കാര്യത്തിൽ കുടുംബത്തിലെ അസ്വാരസ്യങ്ങളെ അവയുടെ പാട്ടിന് വിട്ടേക്കുക.
• അവസാനമായി ഒരു കാര്യം: വിവാഹത്തിനുമുമ്പ് പുരുഷനും സ്ത്രീയും സെക്‌സിനെക്കുറിച്ചുള്ള ആധികാരികമായ ഒരു പുസ്തകം വായിക്കുകയും അതിലെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും വേണം. സെക്സിനെക്കുറിച്ചും അതിന്റെ പ്രശ്നങ്ങളെക്കുറിച്ചും മനസ്സിലാക്കാതെ ആർക്കും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല.
ഇതൊക്കെയാണ് വിവാഹത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ.
കുർബാനിയും തുകൽപേഴ്‌സും
താൻ എഴുതിയ നാടകം ഐ.എൻ.എ. ക്യാമ്പിൽവെച്ച് നേതാജി കണ്ടതിനെ കുറിച്ച് നാടകാചാര്യനായ എൻ.എൻ.പിള്ള ഓർക്കുന്നുണ്ട്: ‘....കുർബാനി എന്ന പേരിൽ ഇംഗ്ലീഷിലാണ് ഞാൻ ആ നാടകം എഴുതിയത്; വെറും മൂന്നു ദിവസംകൊണ്ട്്്. അഞ്ചു രംഗങ്ങളിൽ ഒതുക്കിയ ആ നാടകത്തിൽ റിയാസും ഡേയും മദനും എല്ലാം കഥാപാത്രങ്ങളായിരുന്നു. വഞ്ചകരായ ആ സേനാനികളെ ജനറൽ സ്ലിം നേരിട്ട് വിചാരണചെയ്യുന്നതും അവസാനം വെടിവെച്ചുകൊല്ലുന്നതുമായിരുന്നു ഇതിവൃത്തം. ആ നാടകം ഹിന്ദി, ഗുരുമുഖി, തമിഴ്, പഷ്ടു എന്നീ ഭാഷകളിൽ തർജമചെയ്ത് നാല് ക്യാമ്പുകളിൽ അവതരിപ്പിച്ചു. വെറും നാലുദിവസത്തെ റിഹേഴ്‌സലേ വേണ്ടിവന്നുള്ളൂ. അഭിനയത്തിൽ ഞാൻ പങ്കെടുത്തില്ല. ഹിന്ദിയിലുള്ള അവതരണത്തിന് നേതാജിയും പ്രേക്ഷകരുടെ മുൻപന്തിയിലുണ്ടായിരുന്നു; അടുത്തുതന്നെ ഞാനും. ആ കവിളിൽക്കൂടി പലപ്പോഴും കണ്ണുനീർ ഒഴുകുന്നതും കൈലേസുകൊണ്ട് കണ്ണുതുടയ്ക്കുന്നതും ഞാൻ കണ്ടു. നാടകം തീർന്ന് അദ്ദേഹം എന്നെ വിളിപ്പിച്ചു. എന്റെ കണ്ണുകളിലേക്ക് അല്പനേരം സൂക്ഷിച്ചുനോക്കിയിട്ട് തോളത്തൊന്ന് തട്ടി അനുമോദിച്ചു. ഒരു ചെറിയ പേഴ്‌സ് എന്റെ കൈയിൽത്തന്നു, ഒരൊഴിഞ്ഞ പേഴ്‌സ്; കഷ്ടിച്ച് രണ്ടര ഇഞ്ച്് സമചതുരത്തിൽ തവിട്ടുനിറത്തിലുള്ള തുകലുകൊണ്ടു തുന്നിയ ഒരു പേഴ്‌സ്. അതിന്റെ പുറത്ത് നേതാജിയുടെ ചെറിയ ഒരു മുഖചിത്രത്തിനു താഴെ ജയ്ഹിന്ദ്്്് എന്ന അഭിവാദനമന്ത്രവും മുദ്രണം ചെയ്തിരുന്നു. ഈ അടുത്തകാലംവരെ അതെന്റെ പെട്ടിയുടെ അടിത്തട്ടിൽ സൂക്ഷിച്ചിരുന്നു...’