പതിവായി, താമസിച്ച് എഴുന്നേൽക്കുന്ന പ്രകൃതക്കാരനാണ് നേതാജി. കാരണം, രാത്രി വളരെ വൈകിമാത്രമേ അദ്ദേഹം കിടക്കാൻ പോകാറുള്ളൂ. പിന്നീടും വെളുപ്പാൻകാലംവരെ കിടക്കയിൽ കിടന്നുകൊണ്ട് രാഷ്ട്രീയവും മതപരവുമായ ഗ്രന്ഥങ്ങൾ വായിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. രാവിലെ ആറുമണിക്കുശേഷം എപ്പോഴെങ്കിലുമായിരിക്കും അദ്ദേഹം എഴുന്നേൽക്കുക; ഒരിക്കലും ഏഴുമണി കഴിയാറുമില്ല. ഉടൻതന്നെ കുളിച്ച് ഓഫീസ്‌മുറികൂടിയായ കിടപ്പുമുറിയിൽവെച്ചുതന്നെ എട്ടുമണിക്ക് പ്രാതൽ കഴിക്കുകയാണ് പതിവ്. പകുതി പുഴുങ്ങിയ രണ്ടുമുട്ടയും രണ്ടോമൂന്നോ കപ്പ് ചായയുമാണ് പ്രാതലിന്റെ വിഭവങ്ങൾ. ചായ രാവിലെമുതൽ വൈകുന്നേരംവരെ എല്ലാ മണിക്കൂറിലും കഴിക്കുന്നത് അദ്ദേഹത്തിനിഷ്ടമായിരുന്നു.
അദ്ദേഹത്തിന്റെ സ്വന്തംഡോക്ടറായ കേണൽ രാജു അതേനിലയിൽ എന്റെ മുറിയുടെ എതിർവശത്താണ് താമസിച്ചിരുന്നത്. നേതാജിയെ ‘വഹിച്ചുകൊണ്ടുപോകാൻ’ എത്രമാത്രം പ്രയാസമാണെന്ന് രാജു എന്നോട് കൂടക്കൂടെ പറയാറുണ്ടായിരുന്നു. ‘എപ്പോഴും അമിതമായിരിക്കും’ എന്ന് രാജു പറയുക പതിവായിരുന്നു; അതിനുദാഹരണമായി അയാൾ പറഞ്ഞു: ‘‘രാവിലെമുതൽ രാത്രിവരെ ഇത്രയും സുപാരി മിക്സ്ചർ (പാക്കും ഏലക്കായും ഗ്രാമ്പൂവും) തിന്നരുതെന്ന് ഞാൻ അദ്ദേഹത്തോട് താണുവീണപേക്ഷിക്കും. അദ്ദേഹം കേൾക്കില്ല. പുകവലി കുറയ്ക്കണമെന്ന് ഞാൻ അദ്ദേഹത്തോടുപറയും; അതും അദ്ദേഹം കേൾക്കുകയില്ല. അദ്ദേഹം ബാഡ്മിൻറൺ കളിക്കുമ്പോൾ മൂന്നോ നാലോ സെറ്റ് കളികഴിഞ്ഞാൻ നിർത്താൻ ഞാൻ അദ്ദേഹത്തോട് പറയും. എന്നാൽ, എട്ടോ ഒമ്പതോ സെറ്റ് കളിക്കാതെ അദ്ദേഹം തൃപ്തനാകില്ല.’’
അതായിരുന്നു പാവപ്പെട്ട രാജുവിന്റെ തലവേദന. ഞാൻ സ്ഥലത്തുള്ളതുകൊണ്ടും ഇതെല്ലാം അറിഞ്ഞിരുന്നതുകൊണ്ടും അയാളോടു സഹാനുഭൂതി പ്രദർശിപ്പിക്കുക പതിവായിരുന്നു.
നേതാജി രാവിലെ എട്ടുമണിയോടുകൂടി, പ്രാതലിനുശേഷമുള്ള ആദ്യത്തെ സിഗരറ്റ് വലിച്ചു. അത് സിഗരറ്റുശൃംഖലയുടെ ആദ്യത്തെ കണ്ണിയായിരുന്നു. 24 മണിക്കൂറിനകം അദ്ദേഹം എത്ര സിഗരറ്റ് വലിച്ചുതീർത്തുവെന്ന് എനിക്ക് സൂക്ഷ്മമായറിഞ്ഞുകൂടാ. എന്നാലത് മുപ്പതുനാൽപ്പത് എണ്ണത്തിൽ കുറവായിരുന്നില്ല. അത് അതതുദിവസത്തെ സംഭവങ്ങളെയാണ് മുഖ്യമായി ആശ്രയിച്ചിരിക്കുന്നത്. ജപ്പാൻകാരുമായി വിഷമംപിടിച്ച, അഞ്ചാറുമണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു സമ്മേളനമാണെങ്കിൽ, സമ്മേളനം തീരുന്നതുവരെ ഇടവിടാതെ സിഗരറ്റുവലിക്കുക എന്നായിരിക്കും വന്നുകൂടുന്നത്. അർധരാത്രിക്കും വെളുപ്പിന് ഒരുമണിക്കും വലിക്കുന്ന സിഗരറ്റായിരിക്കും അവസാനത്തേത്. കിടക്കയിൽ കിടന്നുകൊണ്ട് അദ്ദേഹം ഒരിക്കലും സിഗരറ്റുവലിക്കാറില്ല. ഒന്നാമത്, അതദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. ഇഷ്ടമാണെങ്കിൽത്തന്നെ സാധ്യവുമല്ലായിരുന്നു. കാരണം, പതിവായി അദ്ദേഹം കൊതുകുവല ഉപയോഗിക്കുകയും രാത്രിമുഴുവൻ സീലിങ് ഫാൻ കറക്കിക്കൊണ്ടിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ആ സ്ഥിതിക്ക് കിടക്കയിൽക്കിടന്ന് സിഗരറ്റ് വലിക്കുന്നത് ആപത്കരമാകുമായിരുന്നു.
മറ്റുകാര്യങ്ങളിലെന്നപോലെ സിഗരറ്റുവലിയിലും നേതാജി അന്യൂനനായിരുന്നു. എനിക്കുതന്നെ സിഗരറ്റ് വളരെ ഇഷ്ടമായിരുന്നതുകൊണ്ട് ആ മഹാന്റെ പുകവലിയും അതിലദ്ദേഹത്തിനുള്ള എല്ലാ പ്രത്യേകതകളും ഞാൻ നോക്കിനിൽക്കാറുണ്ടായിരുന്നു. അഗാധചിന്തയിൽ ആണ്ടിരിക്കുമ്പോഴോ അഥവാ ചൂടുപിടിച്ച വാദപ്രതിവാദങ്ങളിൽ മുഴുകിയിരിക്കുമ്പോഴോ അദ്ദേഹം വളരെ ശക്തിയായി പുകവലിക്കും; ഒന്നുവേഗം വലിച്ചുതീർത്ത് അതിന്റെ കുറ്റിയിൽനിന്നുതന്നെ മറ്റൊന്ന് കൊളുത്തും. അങ്ങനെ തുടർച്ചയായി സിഗരറ്റുവലിക്കുകയാണെങ്കിലും ഇടയ്ക്കിടയ്ക്ക് ഓരോന്നുകത്തിച്ച് വലിക്കുകയാണെങ്കിലും ഓരോ സിഗരറ്റിന്റെയും അവസാനത്തെ പുകകൂടി വലിച്ചശേഷമേ അദ്ദേഹം കുറ്റി വലിച്ചെറിയുകയുള്ളൂ. നേതാജി ഉപേക്ഷിച്ച സിഗരറ്റുകുറ്റി, അതിന്റെ നീളംനോക്കി തിരിച്ചറിയാം. കഷ്ടിച്ച് അരയിഞ്ചിലധികംനീളം ആ കുറ്റികൾക്ക് ഒരിക്കലും കാണുകയില്ല. അദ്ദേഹം ഒരിക്കലും ഹോൾഡർ ഉപയോഗിക്കില്ല. എന്നിട്ടും അവസാനത്തെ പുകകൂടി വലിച്ചെടുക്കാനുള്ള വിദ്യ അദ്ദേഹത്തിനറിയാം. അദ്ദേഹത്തിന്റെ അധരോഷ്ഠങ്ങളും സിഗരറ്റുപിടിക്കുന്ന കൈവിരലുകളും പലപ്പോഴും കരിഞ്ഞുപോകാറുണ്ട്. പിശുക്കുകൊണ്ടല്ല, അവസാനത്തെ പുകകൂടി വലിക്കുന്ന ഈ സ്വഭാവം നേതാജിക്കുണ്ടായിരുന്നതെന്നുള്ളത് വ്യക്തമാണ്. ഏറ്റെടുത്ത ഏതുജോലിയും പൂർണമായി നിർവഹിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന സഹജമായ വ്യഗ്രതയുടെ ലക്ഷണമായി ഇത് കണക്കാക്കാം.
ചില ദിവസങ്ങളിൽ രാവിലെ എന്തോ ചില ആയുർവേദ ഔഷധങ്ങൾ അദ്ദേഹം തേനിൽ സേവിക്കാറുണ്ടായിരുന്നു. അദ്ദേഹം മരുന്നുസേവിക്കുന്ന സമയത്ത് മുറിയിലുണ്ടെങ്കിൽ ഞാനതു കൗതുകപൂർവം നോക്കിനിൽക്കുക പതിവാണ്. എന്തെങ്കിലും വാരിവലിച്ചിടുന്നത് അദ്ദേഹത്തിന് വലിയ വെറുപ്പായിരുന്നു. വൈദ്യന്മാർ ഉപയോഗിക്കാറുള്ള അടിപരന്ന, ഓവൽ ആകൃതിയിൽ കറുത്ത കല്ലുകൊണ്ടുള്ള ഒരു കുഴിഞ്ഞ ചാണയും അതിനുചേരുന്നവിധത്തിൽ മൂന്നിഞ്ചുനീളമുള്ള ഒരു കുഴവിയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം രണ്ടുകൈയും സോപ്പിട്ടുകഴുകി ഒരു പൊടി ആ ചാണക്കുഴിയിലിട്ട്, അതിന്മേൽ ഏതാനും തുള്ളി തേനൊഴിച്ച് കുറച്ചുനേരം അരച്ചുകൊണ്ടിരിക്കും. അനന്തരം പശപോലിരിക്കുന്ന ആ മരുന്ന് ചാണയിൽ വടിച്ചുകൂട്ടി അതുമുഴുവൻ വലതുകൈയിലെ പാമ്പിൻ വിരൽകൊണ്ട് തുടച്ചെടുത്തു നക്കിക്കൊണ്ടിരിക്കും. ഒരു കൊച്ചുകുട്ടി ജാം തിന്നുന്നതുപോലെ നൊട്ടിനുണച്ചുകൊണ്ട് അദ്ദേഹമത് തിന്നും. പൊടിയുടെയോ തേനിന്റെയോ ആ പശയുടെയോ ഒരംശവും അവശേഷിക്കാത്തവിധത്തിൽ കുഴവിയും ചാണയും വീണ്ടും വീണ്ടും വടിച്ചുതുടച്ച് അദ്ദേഹം അതെല്ലാം നക്കിത്തിന്നും. ഈ ജോലിതീരാൻ ഏതാനും മിനിറ്റുകൾതന്നെ വേണ്ടിവരും. ഈ ജോലി നടന്നുകൊണ്ടിരിക്കുമ്പോൾ ആ കുഴവിയിൽനിന്നും ചാണയിൽനിന്നും ഞാൻ കണ്ണെടുക്കുകയില്ല. ഇതുകൊണ്ടും സംതൃപ്തനാകാതെ അദ്ദേഹം ഏതാനും തുള്ളി പാൽ ആ ചാണക്കുഴിയിൽ ഒഴിച്ച്, ആ കുഴവികൊണ്ടിളക്കി ആ പാലും കുടിക്കും. ചാണ നല്ല വൃത്തിയുള്ളതാകുന്നതുവരെ ഈ പ്രക്രിയ തുടരും.
ദ്രാവകരൂപത്തിലുള്ള എന്തുമരുന്നും സേവിക്കുമ്പോഴൊക്കെയും ഇതേ സൂക്ഷ്മതയും സമഗ്രതയും അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്. ഭക്ഷണം കഴിഞ്ഞ ഉടനെയാണ് ഈ ഔഷധസേവ. അദ്ദേഹം മരുന്ന് ആദ്യം കുടിക്കും; പിന്നീട് ഒരൗൺസ് വെള്ളമൊഴിച്ച് ഇളക്കി അതുവീണ്ടും കുടിക്കും. ഇളക്കാൻ ഗ്ലാസിലൊന്നും ഉണ്ടായിരിക്കുകയില്ല. എന്നിരുന്നാലും കുറഞ്ഞത് രണ്ടുതവണയെങ്കിലും വെള്ളമൊഴിച്ച് ഇളക്കിക്കുടിച്ചെങ്കിലേ അദ്ദേഹത്തിന് തൃപ്തിയാകൂ.