1970-കളിൽ കേരളത്തിലെ ഒരു നെഹ്രൂവിയൻ മധ്യവർത്തി കുടുംബത്തിലാണു ഞാൻ വളർന്നത്. എന്നാൽ, എന്റെ മുത്തച്ഛൻ ഒരു ഐ.എൻ.എ. സൈനികനായിരുന്നു. ഇനി പറയുന്നവ എന്റെ ധാരണകളും തോന്നലുകളുമാണ്. പൂർണമായും തെളിയിക്കപ്പെട്ട ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ല. അനൗപചാരിക സംഭാഷണങ്ങളും ബംഗാളിൽ പറഞ്ഞുകേട്ട വാദങ്ങളും അടിസ്ഥാനമാക്കിയുള്ളവ. ഞാൻ നടത്തിയ സംഭാഷണങ്ങളിൽ കൂടുതലും ബംഗാളികളുമായാണ്. കഥകളെ ഇഷ്ടപ്പെടുന്നവരും കഥകൾ പറയാൻ താത്പര്യപ്പെടുന്നവരുമായിരുന്നു അവർ. അതുകൊണ്ടുതന്നെ, ഗവേഷണത്തിലേർപ്പെടാൻ തത്പരരാകാതെ വൈകാരികത നയിക്കുന്ന വിധികർത്താക്കളാകാൻ ഇത് വായിക്കുന്നവർ ശ്രമിക്കുക.
ടാഗോർ, സ്വാമിജി (സ്വാമി വിവേകാനന്ദൻ സ്വാമിജി എന്നാണ് ഇവിടെ അറിയപ്പെടുന്നത്. ഇപ്പോഴും അദ്ദേഹത്തിനു ലഭിക്കുന്ന ബഹുമാനത്തിനും ആദരവിനുമുള്ള തെളിവാണത്), ഈശ്വരചന്ദ്ര വിദ്യാസാഗർ, റായ്... നിങ്ങളുടെ ചോദ്യത്തിലേതുപോലെ എല്ലാവരും ആരാധനാപാത്രങ്ങളാണ്. പക്ഷേ, എല്ലാവർക്കും ബംഗാളികളുടെ മനസ്സിൽ അവരുടേതായ സ്ഥാനമുണ്ട്. ആരും ആർക്കും പകരമല്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. പകരം, ഓരോരുത്തരും പരസ്പരപൂരകങ്ങളും അവരവരുടേതായ മേഖലകൾ സമ്പുഷ്ടമാക്കുന്നവരുമാണ്. എല്ലാവരും ചേർന്ന് ബംഗാളി സംസ്‌കാരത്തെ സമ്പന്നവും ഇതര ഇന്ത്യൻ പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തവുമാക്കുന്നു.
വ്യത്യസ്തനായ ധീരനായകൻ
നേതാജി ഈ മൂശയിലൊതുങ്ങുന്നയാളല്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വ്യക്തിത്വം ധീരനായ ഒരു നായകന്റേതാണ്. അത് ബംഗാളിൽ സാധാരണ കാണുന്നതല്ല. വിപ്ലവകാരികളും ചിറ്റഗോങ് കലാപത്തിനു നേതൃത്വം നൽകിയവരുമായ മാസ്റ്റർദാ സൂര്യസെൻ, കൽപ്പനാ ദത്ത് തുടങ്ങിയവരെപ്പോലുള്ളവരെയും കായികമായ കരുത്ത് പ്രകടിപ്പിച്ച ബിനോയ് ബാദൽ, ദിനേശ് (മമതാ ബാനർജിയെപ്പറ്റി പറയുന്നില്ല) എന്നിവരെപ്പോലുള്ളവരെയും ഒഴിച്ചുനിർത്തിയാൽ പൊതുവേ മെരുക്കാവുന്ന അവസ്ഥയിലായിരുന്നു ബംഗാൾ. അത്തരമൊരു ഭൂമികയിൽ, നേതാജി സ്വാഭാവികമായും ഒരു അതികായനും സാഹസികതയ്ക്കും നായകത്വത്തിനും ഒരു രൂപകവുമായാണു വീക്ഷിക്കപ്പെട്ടിരുന്നത്.
അദ്ദേഹത്തിന്റെ സൈനികവേഷവും ബൂട്ടുകളും ഈ പരിവേഷത്തിന് ഊർജം നൽകി. ബംഗാളിന്റെ ഈ നായകന്മാരെ താരതമ്യം ചെയ്യാമോ? അങ്ങനെ ചെയ്യുന്നത് നന്നാവുമെന്ന് എനിക്കു തോന്നുന്നില്ല. മമ്മൂട്ടിയെയും മോഹൻലാലിനെയും താരതമ്യപ്പെടുത്താൻ ഒരു മലയാളിയോടു പറയുന്നതുപോലെയാകും അത്. നിങ്ങൾ പട്ടികപ്പെടുത്തിയ അതികായരുടെ പാരമ്പര്യത്തെ ലഘുപ്പെടുത്തുകയല്ല ഞാൻ. പക്ഷേ, ചില സന്ദർഭങ്ങളിൽ അരങ്ങിന്റെ ചില അംശങ്ങൾ നമ്മുടെ പരിപ്രേക്ഷ്യങ്ങളിൽ പടർന്നുകയറും; പ്രത്യേകിച്ചും നേതാജിയെക്കുറിച്ച്. ഞാൻ വിശദീകരിക്കാം. ഇക്കാലത്ത് നമ്മൾ നേതാജിയെ ഓർക്കുന്നതെപ്പോഴാണ്? അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്ന നിസ്സാരമായ ചോദ്യം ചർച്ചചെയ്യുമ്പോൾ, ജനുവരി 23 അദ്ദേഹത്തിന്റെ ജനന വാർഷികമായി ആചരിക്കുന്നുവെന്നു പറയുന്നതിനോട് ആരെങ്കിലും വികാരംകൊള്ളുമ്പോൾ (കാരണം അദ്ദേഹത്തിന്റെ മരണം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ഈ ദിവസം അദ്ദേഹത്തിന്റെ ജനന തീയതിയായി മാത്രം കാണാനാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്). നേതാജിയെപ്പറ്റി ആരെങ്കിലും മൂല്യമില്ലാത്ത ചലച്ചിത്രമെടുക്കുകയാണെങ്കിലും ഇതേ വികാരമായിരിക്കും പ്രകടമാക്കുക.
നേതാജി ബംഗാളികൾക്ക് തീർത്തും അപ്രസക്തനായെന്നല്ല ഞാൻ പറയുന്നത്; ഒരിക്കലുമല്ല. മാസങ്ങൾക്കകം ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്ന ബംഗാളിനെ സംബന്ധിച്ച് നേതാജി മുമ്പെന്നത്തെക്കാളും ഇപ്പോൾ പ്രസക്തനാണ്. അസംബന്ധങ്ങളെ നമുക്കൊഴിവാക്കാം. വരാൻപോകുന്ന തിരഞ്ഞെടുപ്പ് വർഗീയതയും മതനിരപേക്ഷ മൂല്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ്. മറ്റെല്ലാം രണ്ടാമതേ വരൂ. അതല്ലെങ്കിൽ ബി.ജെ.പി.യെ ഒരു എതിരാളിയായി കാണാനാവില്ല. മതനിരപേക്ഷതയിൽ നേതാജി എവിടെയാണു നിൽക്കുന്നത്? ഉയരത്തിൽ, ഏറെ ഉയരത്തിൽ. ഇപ്പോൾ അദ്ദേഹത്തിന്റെ പാരമ്പര്യം തട്ടിയെടുക്കാൻ ശ്രമിക്കുന്ന വിഷകരമായ കുള്ളന്മാരെക്കാൾ എത്രയോ മുകളിലാണ് നേതാജി. ആരെയാണ് അദ്ദേഹത്തിന്റെ സൈനിക മേധാവിയായി തിരഞ്ഞെടുത്തതെന്ന് ഓർക്കുക. സംശയമില്ല, അത് ഹബിബുർ റഹ്മാനെയായിരുന്നു. നേതാജിയുടെ, നമുക്കറിവുള്ള അവസാന നിമിഷങ്ങൾവരെ അദ്ദേഹം കൂടെയുണ്ടായിരുന്നു. ബംഗാളിൽ ആരുംതന്നെ നേതാജിയുടെ മതനിരപേക്ഷതയെ ചോദ്യംചെയ്യുന്നതായി ഒരിക്കൽപ്പോലും ഞാൻ കേട്ടിട്ടില്ല.
എപ്പോഴും ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് നേതാജി-നെഹ്രു ദ്വന്ദ്വങ്ങൾ. നേതാജി-നെഹ്രു, നേതാജി-ഗാന്ധിജി എന്ന ചോദ്യം ഒരിക്കലും വേർതിരിക്കാനാവില്ലെന്നു ഞാൻ കരുതുന്നു. കോൺഗ്രസിനുള്ളിൽ നേതാജിയെ ഒതുക്കിയതിന് ബംഗാളിൽ പലരും നെഹ്രുവിനെ കുറ്റപ്പെടുത്തുകയാണെന്ന ഉപരിപ്ലവമായ ഒരു തോന്നൽ നിങ്ങൾക്കുണ്ടാകാം. പെട്ടെന്നൊരു ഉത്തരം തേടുന്നവർക്ക് അതായിരിക്കും തോന്നുക. പക്ഷേ, ഞാനറിയുന്ന ഒട്ടേറെ ബംഗാളികൾ കരുതുന്നത് അത് ആദർശപരമായി ഒഴിച്ചുകൂടാനാവാത്തതാണെന്നാണ്. ആഴത്തിലുള്ള സംഭാഷണങ്ങൾ അതാണ് കാട്ടിത്തരുന്നത്. അല്ലെങ്കിൽ, ഒരുകാലത്ത് ബഹുമുഖ ധാരകൾക്ക് പേരുകേട്ട ഈ സംസ്കാരത്തിന്റെ പ്രതീകമാവാം അത്. നെഹ്രു നാസിസത്തെ വെറുത്തിരുന്നു. ഈ വിഷയത്തിലെ വിമർശന രൂപേണയുള്ള ബോസിന്റെ വീക്ഷണങ്ങൾ നാസി ജർമനിയുമായും സർവാധിപത്യ ജപ്പാനുമായും സഹകരിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതകാരണം ചെറുതാക്കപ്പെട്ടു.
ബംഗാളിയുടെ നെഹ്രു, ബോസ്, ഗാന്ധിജി
നിങ്ങൾ ഗൃഹപാഠം ചെയ്യാതിരിക്കുകയും ബംഗാളിയെ വിഷയത്തിൽ വ്യാപൃതനാക്കുകയും ചെയ്തില്ലെങ്കിൽ ഈ മറുചോദ്യംകൊണ്ടുള്ള പ്രത്യാക്രമണം പ്രതീക്ഷിക്കാം: ‘‘നേതാജിക്ക് നെഹ്രുവുമൊത്ത് നിലയുറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ.എൻ.എ. നെഹ്രു ബ്രിഗേഡിനെ (രാഷ് ബിഹാരി ബോസ് രൂപംകൊടുത്തത്) എന്തുകൊണ്ട് നിലനിർത്തി?’’ ഞാൻ പറയാൻ ശ്രമിക്കുന്നതെന്തെന്നാൽ, ഈ രണ്ട് പ്രതിഭാശാലികളുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ വെറും പാർട്ടിസ്ഥാനങ്ങൾക്കു വേണ്ടിയുള്ള തർക്കമായി ചുരുക്കാൻ ഞാനറിയുന്ന പല ബംഗാളികളും ആഗ്രഹിക്കുന്നില്ല. പകരം, അത് അവരുടെ വ്യത്യസ്തമായ ലോകവീക്ഷണങ്ങളുടെ പ്രതിഫലനമായി കാണാനാണ് ബംഗാളികൾ ആഗ്രഹിക്കുന്നത്.
നേതാജി കോൺഗ്രസ് വിട്ടതിന് ഗാന്ധിജിയെയാണ് നെഹ്രുവിനെക്കാൾ ബംഗാളിൽ ആളുകൾ കുറ്റപ്പെടുത്തിയിരുന്നതെന്ന തോന്നലാണ് എനിക്കുണ്ടായിരുന്നത്. നെഹ്രുവായിരിക്കും തന്റെ രാഷ്ട്രീയ പിൻഗാമിയെന്ന ഗാന്ധിജിയെടുത്ത തീരുമാനമാണ് തങ്ങളുടെ ജീവിതത്തെ ബാധിച്ചതെന്നാണ് ഇവിടെ പലരും ചിന്തിക്കുന്നത്. ഗാന്ധിജി നെഹ്രുവിനെക്കാൾ സൂത്രശാലിയായ (അസൂയപ്പെടത്തക്ക എന്നർഥത്തിലാണ് ഞാനിതു പ്രയോഗിക്കുന്നത്) രാഷ്ട്രീയക്കാരനാണെന്നും അതുകൊണ്ടുതന്നെ കൈകാര്യംചെയ്യാൻ വിഷമമുള്ള ആളാണെന്നും പല ബംഗാളികളും കരുതുന്നതായി ഞാൻ സംശയിക്കുന്നു. ഈ കാഴ്ചപ്പാടിന് ചരിത്രപരവും സമകാലികവുമായ പ്രാധാന്യമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനപദവി കൊൽക്കത്തയ്ക്ക് നഷ്ടപ്പെട്ടപ്പോൾ ദേശീയരാഷ്ട്രീയത്തിലെ ബംഗാളിന്റെ പങ്കും ചുരുങ്ങി. ഇതുവരെ ആ സ്ഥാനം തിരിച്ചുപിടിക്കാൻ ബംഗാളിനായില്ല. അതുല്യ ഘോഷോ പ്രണബ് മുഖർജിയോ അവസരങ്ങൾ നെഹ്രുവിനോളം ഉപയോഗിച്ചില്ല. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാവാൻ അനുവദിച്ചില്ല. മമതയും ഇതുവരെ ദേശീയരാഷ്ട്രീയത്തിൽ സ്വന്തം മുദ്ര ചാർത്തിയിട്ടില്ല. ഗാന്ധിജി ബ്രിട്ടീഷുകാർക്കു കൊടുത്ത ‘പണി’യുടെ രീതിയെക്കുറിച്ച് അസൂയാവഹമായ മതിപ്പ് അവർക്കുണ്ടായിരുന്നുവെന്ന് വൃദ്ധരായ ചില ബംഗാളികളുമായുള്ള സംഭാഷണങ്ങളിൽനിന്ന് എനിക്കു മനസ്സിലായി. നേതാജി ഉൾപ്പെടെയുള്ള ബംഗാളി നേതാക്കൾക്ക് രാഷ്ട്രീയമായ ആ നൈസർഗികത ഇല്ലായിരുന്നുവെന്നും അവർ കരുതുന്നു. ഒരിക്കൽ ഒരു പ്രശസ്ത എഴുത്തുകാരൻ നേതാജിയെ ‘കാല്പനികൻ’ എന്നു വിശേഷിപ്പിച്ചപ്പോൾ, അത് ചില ബംഗാളികളുടെ ഹൃദയത്തിൽ കൊണ്ടു. ആ ലേഖനം പ്രസിദ്ധീകരിച്ച ദിനപത്രത്തിനു വൻ തിരിച്ചടി നേരിട്ടതായി ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ, ബംഗാളികളായ ഗുരുദേവ് ടാഗോറും നേതാജിയുമാണ് ഗാന്ധിജിയെ ആദ്യമായി മഹാത്മാ എന്നും രാഷ്ട്രപിതാവെന്നും വിളിച്ചതെന്ന കാര്യം നമ്മൾ മറക്കരുത്. ഹിമാലയവും ഗംഗാ സമതലവുമൊക്കെ പരന്നുകിടക്കുന്ന നമ്മുടെ ഈ വലിയ രാജ്യത്തിന് നീതിചെയ്തത് ഈ ബന്ധമായിരുന്നുവെന്ന് ഞാൻ കരുതുന്നു.
നേതാജിയും യുവതയുടെ ഡി.എൻ.എ.യും
നേതാജിയെക്കുറിച്ച് അന്വേഷിക്കാനോ അറിയാനോ ഇന്നത്തെ യുവതയ്ക്ക് അവസരം നാം നൽകിയിട്ടില്ല. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ (ഇപ്പോൾ ഉണ്ടെങ്കിൽ അദ്ദേഹത്തിന് 124 വയസ്സുണ്ടാകും) തുടങ്ങിയ അപ്രധാന വിവാദങ്ങൾ കാര്യമാത്രപ്രസക്തമായ കാര്യങ്ങളെ മറച്ചുകളഞ്ഞു. വർഗരഹിതമായ ഒരു സമൂഹത്തിനും സോഷ്യലിസത്തിനും വേണ്ടി നിലകൊണ്ടയാളായിരുന്നു നേതാജിയെന്ന് നമ്മൾ ഏതാണ്ട് മറന്നുകഴിഞ്ഞു. ക്യാപ്റ്റൻ ലക്ഷ്മി നയിച്ചിരുന്ന വിപ്ലവ ആശയമായ വനിതകളുടെ റാണി ഝാൻസി റെജിമെന്റ് സ്ഥാപിച്ചതും നേതാജിയാണ്. നമ്മുടെ മനസ്സിലെ കടുത്ത ദേശീയത നേതാജി എത്ര പുരോഗമനവാദിയായിരുന്നുവെന്നു മറക്കുന്നതിലേക്ക് നമ്മെ നയിച്ചു. അത്തരം ആശയങ്ങൾ പിന്തുടരാൻ അദ്ദേഹം സ്ഥാപിച്ച ഫോർവേഡ് ബ്ലോക്ക് എന്ന പാർട്ടി നിലവിൽ ചില ജില്ലകളിലേക്കു മാത്രമായി ചുരുങ്ങിയിരിക്കുന്നു.
ആരും കൊതിക്കുന്ന സിവിൽ സർവീസ് നേടിയ ശേഷം അത് ഉപേക്ഷിച്ചയാളാണ് നേതാജിയെന്നോർക്കണം. പൗരത്വനിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ ആ സ്ഫുരണത്തിന്റെ ബാക്കിപത്രം ഞാൻ കണ്ടു. അതായത്, എത്രത്തോളം അന്തർലീനമാണെങ്കിലും നേതാജി നമ്മുടെ ഡി.എൻ.എ. യിലുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. പടിഞ്ഞാറൻ സദസ്യർക്കു മുന്നിൽ, വിനീതനായ ഒരു ബംഗാളിക്ക് നേതാജിയുടെ ഹിറ്റ്‌ലർ ബന്ധം പ്രതിരോധിക്കാൻ തീർച്ചയായും പ്രയാസമായിരിക്കും. പക്ഷേ, ഒരു ബംഗാളിയും ഒരിക്കലും നേതാജിയെക്കുറിച്ചു ലജ്ജിക്കുന്നതായി എനിക്കു തോന്നിയിട്ടില്ല. ഒരുപക്ഷേ, സോവിയറ്റ് റഷ്യപോലും ഒരു ഘട്ടത്തിൽ ഹിറ്റ്‌ലറുമായി അടുത്തിട്ടുണ്ടെന്ന് ബംഗാളിയെ, ശരാശരി പടിഞ്ഞാറൻ ഉത്‌പതിഷ്ണുക്കളെക്കാൾ വിശാലമായ അവന്റെ ലോകവീക്ഷണം പഠിപ്പിച്ചിട്ടുണ്ടാകും. യുവാക്കൾ അഭിമാനിക്കേണ്ട ഒട്ടേറെ കാര്യങ്ങൾ നേതാജിയിലുണ്ടായിരുന്നു.
സമകാലിക യുവാക്കൾ നേതാജിയെ ഒരു ഹീറോയായി കണക്കാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് എന്റെ ഉത്തരം. എപ്പോഴൊക്കെ ആ ചോദ്യമുന്നയിച്ചാലും ഉണ്ട് എന്നുതന്നെയാണുത്തരം. ആ യൂണിഫോമിൽ നേതാജി ഒരു ഹീറോയെക്കാൾ കൂടുതലായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അതാണ് അതിലെ ദുരന്തവും. നേതാജിക്കുവേണ്ടിയുള്ള അവകാശവാദം ശക്തമായി ഉന്നയിക്കാത്തതിൽ ഞാൻ മതനിരപേക്ഷ കക്ഷികളെ കുറ്റപ്പെടുത്തും. ആവശ്യാനുസരണം ഉപയോഗിക്കാനായി ദേശീയതയെന്ന മാരകമായ ലീല ഉത്‌പാദിപ്പിക്കാനും നേതാജിയെ ഒരൊറ്റ മുദ്രാവാക്യമായി രൂപപ്പെടുത്താനും ശ്രമിക്കുന്ന വർഗീയ ശക്തികളെയും ഞാൻ കുറ്റപ്പെടുത്തും. അങ്ങനെയല്ല ചെയ്യേണ്ടത്. ഗുരുദേവ് ടാഗോറിന്റെ പാരമ്പര്യം ഇപ്പോഴും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സ്വാമിജിയുടെയും അതുപോലെത്തന്നെ. ചുരുങ്ങിയത് ഞാനെങ്കിലും അങ്ങനെ വിശ്വസിക്കുന്നു. ബംഗാളികളുടെ മനസ്സ് എങ്ങോട്ടു ചലിക്കുന്നുവെന്ന് ഈ വേനലിൽ നടക്കുന്ന തിരഞ്ഞെടുപ്പ് വ്യക്തമാക്കും.
ഹീറോയിസത്തിന്റെ നിഷേധിക്കാനാവാത്ത പ്രതീകമായി നേതാജി നിലകൊള്ളുമെന്നു തീർച്ചയാണ്. ഗാന്ധിജിയുടെ കണ്ണട സ്വച്ഛ് ഭാരത് പദ്ധതിയുടെ അടയാളചിഹ്നമായി നമ്മൾ മാറ്റിയതുപോലെ. വ്യക്തിപരമായ രണ്ട് അനുഭവങ്ങൾ ഞാനോർക്കുന്നു. 1990-കളിൽ ആദ്യമായി ഞാൻ കൊൽക്കത്തയിലെത്തിയപ്പോൾ, ഓർക്കാപ്പുറത്ത് അപ്രതീക്ഷിത സ്ഥലങ്ങളിൽ നേതാജി ‘പിടികൂടു’മായിരുന്നു. മേയറുടെ പ്രകടനത്തെക്കുറിച്ചു ചർച്ചചെയ്ത ഒരു എഡിറ്റോറിയൽ യോഗത്തെക്കുറിച്ചു ഞാനോർക്കുന്നു. ഒരു സീനിയർ എഡിറ്റർ ഇങ്ങനെ ഉച്ചത്തിൽ പറഞ്ഞു: ‘‘സുഭാഷ് മേയറായിരുന്നപ്പോൾ എങ്ങനെയായിരുന്നു?’’ ഭാവഭേദമില്ലാത്ത എന്റെ നോട്ടം കണ്ട് (ആരാണ് സുഭാഷ് എന്നും ആരായിരുന്നു മേയർ എന്നും ആലോചിക്കുകയായിരുന്നു ഞാൻ) മറ്റൊരു സീനിയർ എഡിറ്റർ എനിക്ക് വിവരിച്ചുതന്നു: ‘‘1930-ൽ നേതാജി കൽക്കട്ട മേയറായിരുന്നു’’.
യുവാക്കൾ കണ്ടെത്തേണ്ടതുണ്ട്
മറ്റൊരു അനുഭവം: സുഭാഷ് എന്നു പേരുള്ള ഒരു ജില്ലാ ലേഖകനുണ്ടായിരുന്നു ഞങ്ങൾക്ക്. കേരളത്തിലെ പോലെത്തന്നെ ബംഗാളിലും നേതാജിയെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ പേര് ഒട്ടേറെ കുട്ടികൾക്കു നൽകിയിരുന്നു. ഇപ്പോൾ പക്ഷേ, ആ പേരുള്ള ഏറെ കുട്ടികളില്ല. റിപ്പോർട്ടുകൾ ഫാക്സ് ചെയ്തശേഷം ലേഖകനായ സുഭാഷ് അത് ഉറപ്പുവരുത്താൻ ഡെസ്‌കിലേക്കു വിളിക്കുക പതിവായിരുന്നു. അയാൾ പറയും: ‘‘അമി സുഭാഷ് ബോൽചി’’ (ഞാൻ സുഭാഷാണു സംസാരിക്കുന്നത്). ആസാദ് ഹിന്ദ് റേഡിയോയിലെ തന്റെ സംഭാഷണം നേതാജി തുടങ്ങിയിരുന്നത് സമാനമായ ആ വാക്യത്തോടെയായിരുന്നു. ‘‘മൻ കി ബാത്ത്’’ അവതരിക്കുന്നതിന് ഏറെ മുമ്പാണത്. ചരിത്രം വികടനാടകമായി പുനരവതരിക്കും. ആ ലേഖകൻ ‘അമി സുഭാഷ് ബോൽചി’ എന്നു പറയുമ്പോൾ ഡെസ്‌കിലാകെ ചിരിയുയരും. ക്രൂരനായൊരു ചീഫ് സബ് എഡിറ്റർ, നേതാജിയെ അനുകരിച്ചതിന് ലേഖകനെ താക്കീതുചെയ്യും. യുവാക്കളായ ബംഗാളികൾക്ക് ഇതു മനസ്സിലാവുന്നുണ്ടെന്ന് എനിക്കുറപ്പില്ല. ഒരുപക്ഷേ, ഉണ്ടാവുമായിരിക്കാം. അതൊരുപക്ഷേ, മിഥുൻ ചക്രവർത്തി അഭിനയിച്ച് 2011-ൽ പുറത്തിറങ്ങിയ അതേ പേരിലുള്ള ഒരു സിനിമയുള്ളതുകൊണ്ടായിരിക്കാം. മൻ കി ബാത്തിന്റെ കാലത്ത് ചരിത്രം ഓർമിപ്പിക്കാൻ സുഭാഷിനെപ്പോലുള്ള കൂടുതൽ ലേഖകരെ നമുക്കാവശ്യമുണ്ട്.
എനിക്കുറപ്പുണ്ട്, മിക്കവാറും പാർട്ടികളും നേതാജിയെ പിടിച്ച് പ്രതിജ്ഞചൊല്ലും. അതൊഴിച്ചാൽ സമകാലിക രാഷ്ട്രീയത്തിൽ നേതാജിക്ക് എന്തെങ്കിലും പ്രസക്തിയുള്ളതായി എനിക്കു തോന്നിയിട്ടില്ല. അതല്ലെങ്കിൽ, പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ അംബേദ്കറുടെ ‘വലുപ്പം’ പുറത്തുകൊണ്ടു വന്നതുപോലെ യുവാക്കളുടെ ഒരു പ്രസ്ഥാനം നേതാജിയെ കണ്ടെത്തേണ്ടിവരും. ഇതരത്വം വിലക്കപ്പെടുന്ന ഇന്ത്യയിൽ, പാണ്ഡിത്യം പുച്ഛിക്കപ്പെടുമ്പോൾ, അന്വേഷണത്വര വിഭജനത്തിന്റെ പ്രതീകമായി കാണപ്പെടുമ്പോൾ നേതാജിക്ക് എന്തു പ്രസക്തിയുണ്ടാവണം?
ചോദ്യങ്ങൾ
രബീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ, നേതാജി, സത്യജിത് റായി എന്നിവരാണ് ബംഗാളികളുടെ ഐക്കണുകൾ. ഇതിൽ നേതാജിയുടെ സ്ഥാനം ഏതു തരത്തിലാണ് ബംഗാളിയുടെ സൈക്കിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്നാണ് താങ്കൾക്ക് തോന്നിയിട്ടുള്ളത്്?
നെഹ്രു-നേതാജി അച്ചുതണ്ടുകൾ ഇന്ത്യൻ സ്വാതന്ത്ര്യസമര രാഷ്ട്രീയത്തിൽ ഏറെ വിവാദപരമായിരുന്നു. തീർച്ചയായും ബംഗാളികൾ നേതാജിക്കൊപ്പമാണ്. നെഹ്രുവിനോട് ബംഗാളികൾക്കുള്ള മമതക്കുറവിന് ഇത് കാരണമായിട്ടുണ്ടോ?
ബംഗാളിലെ വിശേഷിച്ചും കൊൽക്കത്തയിലെ പുത്തൻ തലമുറ നേതാജിയെ എത്രമാത്രം ഉൾക്കൊണ്ടിട്ടുണ്ട്? അവർക്ക് നേതാജി ഇപ്പോഴും ഒരു വീരപുരുഷനാണോ?
നേതാജി ബംഗാളിൽ എത്രമാത്രം ഒരു രാഷ്ട്രീയ ടൂൾ ആണ്? ഇപ്പോൾ മാത്രമല്ല, എക്കാലത്തും
നേതാജിയോടുള്ള ആരാധന കാരണം ബംഗാളികൾക്ക് ഗാന്ധിജിയോട് മമതക്കുറവുണ്ട് എന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?
മാറിയ രാഷ്ട്രീയകാലത്ത് സമയാസമയങ്ങളിൽ എടുത്തുപയോഗിക്കാവുന്ന ഒരു രാഷ്ട്രീയക്കരുവായി മാത്രം നേതാജിയുടെ ജീവിതവും സമരവും മാറും എന്ന് താങ്കൾ സന്ദേഹിക്കുന്നുണ്ടോ?