ലോകം ഇനിയും വിശ്വസിച്ചിട്ടില്ലാത്ത ഒരു മരണം. ചരിത്രത്തിൽ ഫിക്‌ഷന്റെ പൊലിമയും മിത്തിന്റെ നിഗൂഢതയും അവശേഷിപ്പിച്ച അധ്യായം. പതിറ്റാണ്ടുകൾ കഴിഞ്ഞും ഒരു ജനത ആ മനുഷ്യൻ വരുന്നതും കാത്തിരുന്നു. ഹിമാലയത്തിന്റെ മഞ്ഞുമൂടിയ വഴികളിലെങ്ങോ അയാൾ അലഞ്ഞുനടക്കുകയാകാമെന്ന് വിശ്വസിച്ചു. ഒരിക്കലും ‘തകർന്നുവീഴാത്ത’ ആ വിശ്വാസത്താൽ മനുഷ്യന്റെ പരമാവധി ആയുസ്സിനെക്കുറിച്ചുള്ള ശാസ്ത്രസത്യംപോലും അവർ മറന്നുപോയിരുന്നു. വർഷങ്ങൾ ഒലിച്ചുപോയി, ചാലുവീണ മുഖത്ത് കണ്ണട ശരിയാക്കിവെച്ച് ഈ ഗ്രാമക്കവലയിൽ അവർ ഇരുന്നു, തങ്ങളുടെ നേതാജി മടങ്ങിവരുന്നതും കാത്ത്. അവർ ഓരോരുത്തരും മരണത്തിലേക്ക് നടന്നുപോകുമ്പോഴും തിരിഞ്ഞുനോക്കിയിട്ടുണ്ടാവാം, യൂണിഫോമും ബൂട്ടും തൊപ്പിയുമണിഞ്ഞ് ആ മനുഷ്യൻ മടങ്ങിവന്നോ എന്ന്. ലോകചരിത്രത്തിൽ സുഭാഷ് ചന്ദ്രബോസിനുമാത്രം സിദ്ധിച്ച അമരത്വമാണിത്. ഇനിയും മരണത്തിന്റെ രജിസ്റ്റർപട്ടികയിൽ ഇടംപിടിക്കാതെ ചരിത്രത്തിൽ ഒളിപ്പോരുതുടരുന്ന സുഭാഷ് ചന്ദ്രബോസ്. സ്വാതന്ത്ര്യലബ്ധി കഴിഞ്ഞും സുഭാഷ് ചന്ദ്രബോസിനായി കാത്തിരുന്ന, ആ സമരവീര്യവും ചിട്ടകളും മറക്കാത്ത ഒരുകൂട്ടം ഭടൻമാർ ഇവിടെയുണ്ടായിരുന്നു; കടയ്ക്കാവൂർ എന്ന ഗ്രാമത്തിൽ. നേതാജിയുടെ ആശയങ്ങൾ പിൻപറ്റി യൂണിഫോം അണിഞ്ഞ ഒരു തലമുറതന്നെയുണ്ടായിരുന്നു ഈ പ്രദേശത്ത്. സുഭാഷ് ചന്ദ്രബോസിന്റെ സൈന്യമായ ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ)യിൽ അംഗങ്ങളായിരുന്ന നൂറോളംപേർ. വിരലിലെണ്ണാവുന്നവരൊഴികെ ബാക്കിയെല്ലാവരും വിടവാങ്ങി. ആ സ്മരണയിൽ രൂപവത്‌കരിച്ച ‘എക്സ് ഐ.എൻ.എ. അസോസിയേഷൻ ഓഫ് കേരള’യും ഇപ്പോൾ പ്രവർത്തനം അവസാനിപ്പിച്ചു.
ക്യാപ്റ്റൻ ലക്ഷ്മിയടക്കം ചുരുക്കം മലയാളികളേ ഐ.എൻ.എ.യുടെ ഇതുവരെ എഴുതപ്പെട്ട ചരിത്രത്തിൽ വന്നിട്ടുള്ളൂ. പക്ഷേ, തുടക്കംമുതൽ അവസാനംവരെ മലയാളിപങ്കാളിത്തത്താൽ നിറഞ്ഞതായിരുന്നു ഐ.എൻ.എ. എന്നതിന് ഈ നാട് സാക്ഷ്യം. ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം, നെടുങ്കണ്ടം, നെട്ടൂർ തുടങ്ങിയ മേഖലകളിൽനിന്നുള്ളവരാണ് നേതാജിയുടെ പിന്നിൽ ദേശസ്നേഹത്തിന്റെ കൊടിയുമായി അണിനിരന്നത്. സംഘടനയുടെ രൂപവത്‌കരണം, പോരാട്ടമുഖങ്ങൾ, സൈദ്ധാന്തികരാഷ്ട്രീയനേതൃത്വം, സംഘാടനം തുടങ്ങി എല്ലാ മേഖലകളിലും മലയാളികൾ സജീവസാന്നിധ്യമായിരുന്നു. മലയായിലും മ്യാൻമാറിലും സിങ്കപ്പൂരിലും തൊഴിൽചെയ്തിരുന്ന മലയാളികളുടെ കൂട്ടായ്മകൂടിയായിരുന്നു ഇത്.
മടങ്ങിയെത്തിയ കേണലും അസോസിയേഷനും
1930-കളിൽ കടയ്ക്കാവൂരിൽനിന്ന് സിങ്കപ്പൂരിൽ ജീവിതമാർഗം തേടിപ്പോയതായിരുന്നു ആ യുവാവ്. പക്ഷേ, സ്വന്തം ജീവിതമാർഗം കണ്ടെത്തലല്ല, അടിമത്തമനുഭവിക്കുന്ന മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യമാണ് വലുതെന്ന് വൈകാതെ അയാൾ തിരിച്ചറിഞ്ഞു. സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ ശിവാനന്ദൻ എന്ന ആ ചെറുപ്പക്കാരൻ ഐ.എൻ.എ. യിൽ ചേർന്നതങ്ങനെയാണ്. സംഘടനാപ്രവർത്തനങ്ങളിൽ തുടങ്ങി സ്ക്വാഡിൽ അംഗമായി ഒടുവിൽ കേണൽവരെയായി ഇദ്ദേഹം. പതിറ്റാണ്ടുകൾ കഴിഞ്ഞ് ശിവാനന്ദൻ കേരളത്തിൽ മടങ്ങിയെത്തിയത് റിട്ട. കേണൽ എം. ശിവാനന്ദനായിട്ടായിരുന്നു. 2010-ൽ തന്റെ 92-ാമത്തെ വയസ്സിൽ വിടപറഞ്ഞ അദ്ദേഹം ചരിത്രത്തിലെ തിളക്കമുള്ള പതക്കമായിമാറി. കേണലായിരുന്ന ശിവാനന്ദൻ, നേതാജിയുമായി നേരിട്ട് ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. പുതിയ സ്ക്വാഡിന്റെ പരിശീലനശേഷം ഇന്ത്യയിലേക്ക് പ്രവർത്തനം മാറ്റാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു നേതാജിയുടെ തിരോധാനവാർത്ത. സ്വാതന്ത്ര്യാനന്തരം കേരളത്തിൽ മടങ്ങിയെത്തിയ കേണൽ ശിവാനന്ദൻ ഇന്ത്യൻ നാഷണൽ ആർമിയിലുണ്ടായിരുന്ന നാട്ടുകാരെ സംഘടിപ്പിച്ച് രൂപവത്‌കരിച്ച കൂട്ടായ്മയായിരുന്നു എക്സ് ഐ.എൻ.എ. അസോസിയേഷൻ. നേതാജി മരിച്ചിട്ടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇവർ. പഴയ ചിട്ടകൾ കൈവിടാതെ യോഗങ്ങൾകൂടിയ ഈ കൂട്ടായ്മ വീരോജ്ജ്വല കാലത്തിന്റെ സ്മരണകൾ പിന്നീടും നിലനിർത്തി. കടയ്ക്കാവൂർ റെയിൽവേസ്റ്റേഷനടുത്ത് 1970-ൽ സ്വന്തം കെട്ടിടവും സ്ഥാപിച്ചു. ധീരതയുടെ ക്ഷുഭിതയൗവനങ്ങൾ ഈ നാടിന്റെ അഭിമാനമായി. പിന്നീട് ഓരോരുത്തരായി വിടവാങ്ങി. യോഗം വിളിച്ചുകൂട്ടിയാൽ കുറഞ്ഞത് 25 പേരില്ലെങ്കിൽ സംഘടന പിരിച്ചുവിടണമെന്നായിരുന്നു നിയമാവലി. ഇത് പാലിച്ചുകൊണ്ട് 2007-ൽ അസോസിയേഷൻ പ്രവർത്തനം അവസാനിപ്പിച്ചു. സർക്കാരിന് കൈമാറിയ ഈ കെട്ടിടത്തിൽ ഇപ്പോൾ സബ്‌രജിസ്ട്രാർ ഓഫീസാണ് പ്രവർത്തിക്കുന്നത്. കൈമാറുംമുമ്പുള്ള കരാർപ്രകാരം ഒരുലക്ഷം രൂപ അസോസിയേഷൻ മാറ്റിവെച്ചിട്ടുണ്ട്. മലയാളം ബിരുദപരീക്ഷയിൽ കേരളത്തിൽ ഏറ്റവുമുയർന്ന മാർക്ക് വാങ്ങുന്ന കുട്ടിക്ക് പുരസ്കാരം നൽകാനാണിത്. ഈ പുരസ്കാരദാനം എല്ലാവർഷവും മുടങ്ങാതെ നടക്കുന്നു.
പ്രസന്നന്റെ ഓർമകൾക്ക് കൗമാരം
‘ഇന്ത്യക്ക് സ്വാതന്ത്ര്യംകിട്ടിയ വിവരം ഒരു ദിവസം കഴിഞ്ഞാണ് വക്കം, അഞ്ചുതെങ്ങ് ഭാഗത്ത് അറിയുന്നത്. പിന്നെ അടങ്ങിയിരുന്നില്ല. കൂട്ടുകാരെക്കൂട്ടി തെരുവുകളിലേക്കിറങ്ങി. എല്ലാവരും അഞ്ചുതെങ്ങിൽ ഒത്തുകൂടി ബ്രിട്ടീഷ് കോട്ടയ്ക്കുമുമ്പിൽ ആഹ്ലാദപ്രകടനം നടത്തി’ -കെടാൻതുടങ്ങിയ ഓർമകളിൽനിന്ന് ഈ തൊണ്ണൂറുകാരൻ ആ ദിനത്തെ ഊതിത്തെളിയിച്ചു; മരിക്കുംവരെ മറവിക്ക് വിട്ടുകൊടുക്കില്ല ആ ദിവസം എന്ന തീർച്ചയോടെ. ഈ മേഖലയിൽനിന്ന് ഐ.എൻ.എ. പെൻഷൻപറ്റുന്നവരിൽ ജീവിച്ചിരിക്കുന്ന അവസാനത്തെയാളാണ് വക്കം അണയിൽ ലീലാസദനത്തിൽ പ്രസന്നൻ. 1931-ൽ ജനിച്ച ഇദ്ദേഹം ഇന്ന് അവശതകളേറി ആശുപത്രിയിൽ ചികിത്സയിലാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഐ.എൻ.എ. പ്രവർത്തകരുടെ കത്തുകളും ലഘുലേഖകളും രഹസ്യമായി കടയ്ക്കാവൂർ, ആറ്റിങ്ങൽ ഭാഗത്ത് കൈമാറിയിരുന്നത് ഇദ്ദേഹമായിരുന്നു. വിദ്യാർഥിയായിരുന്ന പ്രസന്നൻ അറിഞ്ഞിരുന്നില്ല ചരിത്രം തന്നിലേൽപ്പിച്ച ദൗത്യത്തിന്റെ കനം. യോഗതീരുമാനങ്ങളും സമരപ്രഖ്യാപന ലഘുലേഖകളും പ്രവർത്തകർക്ക് എത്തിക്കുകയായിരുന്നു പ്രധാന ചുമതല. പോലീസ് സംശയിക്കാതിരിക്കാനായിരുന്നു വിദ്യാർഥികളെ തിരഞ്ഞെടുത്തിരുന്നത്. ആറ്റിങ്ങൽ, അഞ്ചുതെങ്ങ് മേഖലകളിൽ ഈ കുട്ടി ആരാലും പിടിക്കപ്പെടാതെ കാൽനടയായി തന്റെ ദൗത്യം നടത്തിക്കൊണ്ടിരുന്നു. പിന്നീട് പലതവണ തങ്ങളെ പോലീസ് പിടികൂടിയതായി പ്രസന്നൻ ഓർക്കുന്നു. ബ്രിട്ടീഷുകാരെക്കാൾ ഭീഷണി സി.പി.യുടെ പോലീസിൽനിന്നായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. നേതാക്കളായ മാങ്കുഴി മാധവൻ, എൻ. കുഞ്ഞിരാമൻ വക്കീൽ എന്നിവരായിരുന്നു ലഘുലേഖകൾ തയ്യാറാക്കി നൽകിയിരുന്നത്. രാജ്യത്ത് സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടപ്പോൾ സുഭാഷ് ചന്ദ്രബോസ് എന്ന വീരപുരുഷനായിരുന്നു ഇവർക്കൊക്കെ ഊർജം. പിൽക്കാലത്തും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന ഇദ്ദേഹം കോൺഗ്രസ് വക്കം മണ്ഡലം പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗം, വക്കം ഗ്രാമപ്പഞ്ചായത്തംഗം, തുടർച്ചയായി 35 വർഷം അകത്തുമുറി കയർ സംഘത്തിന്റെ പ്രസിഡന്റ് എന്നിങ്ങനെയെല്ലാം പ്രവർത്തിച്ചു. ജീവിതസായാഹ്നത്തിലും അഞ്ചുതെങ്ങിലെ ആ ആഹ്ലാദദിനത്തിന്റെ തിളക്കമുണ്ട്.