അമൃതവചനം
മക്കളേ,
നമുക്ക് ഏറ്റവും ആദ്യം വേണ്ട ഗുണം വിനയമാണ്. സകലതിനെയും ആദരിക്കുക എന്നത് ഋഷിമാർ നമുക്കുനൽകിയ സംസ്കാരമാണ്. നമ്മുടെ ഓരോ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വിനയം നിറയണം. അതിലൂടെ എല്ലാറ്റിലും നന്മ ദർശിക്കാൻ നമ്മൾ പഠിക്കുന്നു. ഒരുവന്റെ എളിമയിലാണ് അവന്റെ വലുപ്പം.
ഇന്ന് നമ്മുടെ വാക്കിലും പ്രവൃത്തിയിലും വിനയമെന്നതു അരിച്ചുപെറുക്കിയാൽപ്പോലും കാണാനാവില്ല. 'അയാൾ നിസ്സാരൻ, കഴിവില്ലാത്തവൻ, വിഡ്ഢി, പൊട്ടൻ' എന്നൊക്കെ ആരെയും നമ്മൾ പുച്ഛിച്ചുതള്ളും. അതേസമയം 'ഞാൻ കേമൻ, ശക്തൻ, വലിയവൻ' എന്നിങ്ങനെ സ്വയം അഭിമാനിച്ച് അഹന്തയുടെ കൊടുമുടിയിൽ കയറിയിരിക്കുകയും ചെയ്യും. കിണറു പറയും. ‘കണ്ടില്ലേ, എന്റെ വെള്ളം ജനങ്ങൾ കുടിക്കുന്നു. അതുകൊണ്ടവർ കുളിക്കുന്നു. പാത്രങ്ങൾ കഴുകുന്നു.’ എന്നാൽ ഈ വെള്ളം ഊറിവരുന്നത് എവിടെനിന്നാണെന്ന് കിണറ് ചിന്തിക്കുന്നില്ല. എത്ര നിസ്സാരനായ വ്യക്തിക്കുപോലും മറ്റുള്ളവരുടെ മുമ്പിൽ വലിയവനായിച്ചമയുന്നതിലാണ് ശ്രദ്ധ മുഴുവൻ. ഇതിലൂടെ താൻ അവരുടെ മുന്നിൽ വിഡ്ഢിയായിത്തീരുകയാണ് എന്നവൻ അറിയാറില്ല.
ഒരു രാജാവ് സപരിവാരം നായാട്ടിനുപോയി. നായാട്ടു കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരും ദാഹംകൊണ്ടുവലഞ്ഞിരുന്നു. വഴിയിൽ അവർ ഒരു കിണർ കണ്ടു. വെള്ളം കോരിക്കൊടുക്കാൻ അവിടെ അന്ധനായ ഒരാളുണ്ടായിരുന്നു. ഒരു പടയാളി അന്ധന്റെയടുത്തു ചെന്നു പറഞ്ഞു, ‘‘എടാ കണ്ണുപൊട്ടാ, കുറച്ചു വെള്ളമിങ്ങോട്ടൊഴിച്ചുതാ.’’ ‘‘നിന്നെപ്പോലെയുള്ള അഹങ്കാരികളായ പടയാളികൾക്കു കൊടുക്കാൻ ഇവിടെ വെള്ളമില്ല.’’ അന്ധൻ ചങ്കൂറ്റത്തോടെ പറഞ്ഞപ്പോൾ പടയാളി വിഷണ്ണനായി മാറിനിന്നു. അടുത്തതായി സേനാപതി വന്നു. ‘‘അന്ധനായ സഹോദരാ! കുറച്ചു വെള്ളം തരൂ!’’ അയാൾ ആവശ്യപ്പെട്ടു. ‘‘മാന്യത വാക്കിൽമാത്രംപോര പ്രവൃത്തിയിലുംകൂടി വേണം!’’ ഇത്രയും പറഞ്ഞ് അന്ധൻ സേനാപതിക്കു വെള്ളം ഒഴിച്ചുകൊടുത്തു. ഇതെല്ലാം ശ്രദ്ധിച്ചുനിന്നിരുന്ന രാജാവ് അടുത്തുവന്നു. ‘‘അമ്മാവാ, അല്പം ദയവായി വെള്ളംതരണം. കലശലായ ദാഹമുണ്ട്.’’ ‘‘ഇരിക്കൂ മഹാരാജൻ! ഇതാ വെള്ളം.’’ എന്നു പറഞ്ഞുകൊണ്ട് അയാൾ എഴുന്നേറ്റ് ഭവ്യതയോടെ വെള്ളം ഒഴിച്ചുകൊടുത്തു. രാജാവു ദാഹം ശമിപ്പിച്ചു നന്ദിപറഞ്ഞു. ‘‘മഹാരാജൻ! അങ്ങെന്തിനു നന്ദി പറയണം. ഇക്കാണുന്നതെല്ലാം അങ്ങയുടേതല്ലേ? അടിയനും അവിടുത്തെ ഒരു സേവകൻമാത്രം.’’ അന്ധൻ സവിനയം ഉണർത്തിച്ചു. രാജാവിന് അദ്‌ഭുതമായി. അദ്ദേഹം ആരാഞ്ഞു, ‘‘അങ്ങ് അന്ധനായിട്ടും ഞങ്ങളെ ഓരോരുത്തരെയും ഇത്ര കൃത്യമായി എങ്ങനെ തിരിച്ചറിഞ്ഞു? അങ്ങയ്ക്കു വല്ല സിദ്ധിയുമുണ്ടോ?’’ ‘‘ഇത് സിദ്ധിയൊന്നുമല്ല രാജൻ! ഓരോരുത്തരും ഉപയോഗിക്കുന്ന ഭാഷ അവരവരുടെ നിലവാരമറിയിക്കുന്നു. നിങ്ങൾ മൂവരും ഉപയോഗിച്ച വാക്കുകൾകൊണ്ടാണു ഞാൻ നിങ്ങളെ തിരിച്ചറിഞ്ഞത്.’’ ഇത്രയും പറഞ്ഞ് അന്ധൻ പടയാളിക്കു വെള്ളം കൊടുത്തു. വാക്കും വ്യക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു പുതിയ പാഠം പഠിച്ചുകൊണ്ടാണ് അന്നു രാജാവു കൊട്ടാരത്തിലേക്കു തിരിച്ചത്.
അഹങ്കാരമാണ് ഇന്നു നമ്മളെ ഭരിക്കുന്നത്. വിനയംകൊണ്ട് അതിനെ ഇല്ലാതാക്കിയാൽ മാത്രമേ നമുക്ക് ജീവിതത്തിൽ ശാന്തിയുണ്ടാകൂ. അഴുക്കുള്ള ബക്കറ്റിൽ എത്ര വെള്ളമൊഴിച്ചാലും ഫലമില്ല. മുഴുവൻ വെള്ളവും ചീത്തയാകും. വിനയമെന്നത് നമ്മളിലെ അഹംഭാവത്തെ കളയാനും ഒപ്പം നന്മകളെ സ്വീകരിക്കാനുമുള്ള മാർഗമാണ്.