ഇന്ത്യയിലെ രാജകുമാരന്മാരിൽ എനിക്ക് വളരെ അടുപ്പമുള്ള, അടുത്തറിയാവുന്ന ഒരാളാണ് കച്ചിലെ മഹാരാജാവ് വിജയരാജി. അടുപ്പത്തിന്റെ പശ്ചാത്തലം പ്രകൃതിനിരീക്ഷണംതന്നെ. അദ്ദേഹം സിംഹാസനത്തിലെത്തുന്നത് അറുപതു വയസ്സ് കഴിഞ്ഞപ്പോഴാണ്. നാല്പതു കൊല്ലക്കാലം യുവരാജാവായി കഴിഞ്ഞു. അത്രമേൽ ആരോഗ്യവാനായിരുന്നു അദ്ദേഹത്തിന്റെ പിതാവ് മഹാറാവു ഖെൻ ഗാർജി. കച്ചിലെ രണ്ടുതലമുറ അദ്ദേഹത്തെ എത്രയും വിനീതമായ, തകർക്കാനാവാത്ത സ്മാരകംതന്നെയായി കണ്ടു.
1942-ലാണ് ഞാൻ മഹാറാവു വിജയരാജിയുമായി പരിചയപ്പെടുന്നത്. അദ്ദേഹം സിംഹാസനസ്ഥനായ ഉടനെ. അക്കാലമായപ്പോൾ അയാളുടെ യൗവനോർജമാകെ അസ്തമിച്ചിരുന്നു. മുട്ടിനേറ്റ പരിക്കിനാൽ വ്യായാമം മുടങ്ങി, ശരീരം തടിച്ചിരുന്നു. നായാട്ടുകൾക്കൊന്നും അദ്ദേഹം ഇപ്പോൾ പോകാറില്ല. അതിനൊക്കെ നല്ല കായികശേഷിയും ചലനവേഗവും വേണമല്ലോ. എന്നാൽ, ചെറുപക്ഷികളെ വെടിവെക്കാൻ ഇപ്പോഴും നല്ല മിടുക്കുണ്ട്. പക്ഷികളെ നിരീക്ഷിക്കാനും ഇഷ്ടമാണ്, വിശേഷിച്ചും തന്റെ പ്രവിശ്യയിലെ പക്ഷികൾ.
ചിറകടികൾ തേടി,കച്ചിലേക്ക്
അങ്ങനെ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം കച്ചിൽ ഒരു പക്ഷിസർവേക്ക് ഞാൻ തയ്യാറായി. കച്ചിലെ പക്ഷികൾ എന്നൊരു പുസ്തകം തയ്യാറാക്കണമെന്നായിരുന്നു ലക്ഷ്യം; എന്റെ ഇന്ത്യൻപക്ഷികളെക്കുറിച്ചുള്ള പുസ്തകത്തിന്റെ മാതൃകയിൽ; അതദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നു. രണ്ടാം ലോകയുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലമാണ് (1943). പെട്രോൾ റേഷനടിസ്ഥാനത്തിലേ ലഭിക്കൂ. സ്വകാര്യഗതാഗതം ഏതാണ്ട് നിലച്ച മട്ടിലാണ്. എന്നാൽ, ഭരിക്കുന്ന രാജാവിനു ലഭിക്കുന്ന പ്രത്യേക പരിഗണനയിൽ അധികമായി ലഭിക്കുന്ന പെട്രോളും ഉൾപ്പെട്ടിരുന്നു. അതിനാൽ പക്ഷിസർവേക്കുള്ള സഞ്ചാരം സുഗമമായി. മറ്റുചില പ്രത്യേക സ്ഥലങ്ങളിലേക്കുള്ള യാത്രയും നടന്നു. സാധാരണഗതിയിൽ പോകാൻ വിഷമമുള്ള സ്ഥലങ്ങളിലേക്കുകൂടി ഈ നിരീക്ഷണത്തിന്റെ ഭാഗമായി പോകാൻ കഴിഞ്ഞു.
ക്യാമ്പുകൾക്കിടയിലെ ഇടവേളയിൽ എന്റെ സംഘം കുറച്ചുദിവസങ്ങൾ ഭുജിൽ കഴിഞ്ഞു; വിശ്രമിക്കാനും ക്ഷീണമകറ്റാനും. ഞാൻ അവിടെ ചെല്ലുമ്പോഴൊക്കെ, മഹാറാവു സായാഹ്നസവാരിക്ക് എന്നെയും ക്ഷണിക്കും. നഗരത്തിലെ പ്രകൃതിമനോഹരമായ ഒരു സ്ഥലത്തേക്കായിരിക്കും അത്. ശുദ്ധവായു ലഭിക്കുന്ന സ്ഥലം. പൊതുവിൽ അദ്ദേഹം ഏകാകിയാണ്. ഒരു സേവകൻ ഫ്ളാസ്‌ക്കും ഒരു കുപ്പിയിൽ പെഗ്ഗുകളും കൊറിക്കാനുള്ള വസ്തുക്കളുമൊക്കെയായി കൂടെയുണ്ടാകും, പിസ്തയും അൽമണ്ടുമൊക്കെ. പക്ഷിസർവേയെക്കുറിച്ചുള്ള എന്റെ വിശദീകരണങ്ങൾ കേട്ടുകൊണ്ട് ഇതൊക്കെ അദ്ദേഹം സന്തോഷത്തോടെ ആസ്വദിക്കും. ഇത്രയും ഉദാരമതിയും മര്യാദക്കാരനുമായ ഒരു മനുഷ്യനിൽനിന്നു പ്രതീക്ഷിക്കാത്ത അസാധാരണമായ ഒരു കാര്യവും ഞാൻ ശ്രദ്ധിച്ചു. ഈവിധം സന്ദർഭങ്ങളിലൊന്നും അദ്ദേഹം കൊറിക്കുന്ന പദാർഥങ്ങളൊന്നും എനിക്കു തന്നിട്ടില്ല; സഹായി തീരുന്ന മുറയ്ക്ക് അവ നിറയ്ക്കാറുണ്ടെങ്കിലും. വിചിത്രമായ ഒരു കാര്യമാണത്. ഉൾക്കൊള്ളാൻ പറ്റാത്ത ഒന്ന്.
കച്ചിൽ അക്കാലത്ത് നിലനിന്നിരുന്ന, കാലത്തിനു നിരക്കാത്ത ജന്മിത്വവ്യവസ്ഥയെക്കുറിച്ച് ഞാൻ എന്റെ ഡയറിയിൽ കുറിച്ചിരുന്നു. ഒരു കൂടിക്കാഴ്ചയ്ക്ക് മഹാരാജാവ് എന്നെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. അപ്പോഴാണ് എനിക്കാകെ കോപം തോന്നിയ ഒരു കാര്യം ശ്രദ്ധിച്ചത്; വാഹനത്തിലോ കുതിരവണ്ടിയിലോ വരുന്നവർ ഗേറ്റിനപ്പുറം അത് നിർത്തി കൊട്ടാരത്തിന്റെ മുഖത്തളത്തിലേക്ക് നടന്നേ വരാവൂ. എല്ലാ ഇന്ത്യക്കാർക്കും ഇതു ബാധകമാണ്; അവർ ഏതു നിലയിലുള്ളവരായാലും. ഔദ്യോഗികമോ അനൗദ്യോഗികമോ എന്ന വ്യത്യാസവുമില്ല. ഇന്ത്യൻ ദിവാൻ വന്നാൽപ്പോലും ഇതാണവസ്ഥ. എന്നാൽ, ഏതെങ്കിലും യൂറോപ്യനോ ആംഗ്ലോ ഇന്ത്യനോ ആണെങ്കിൽ, അയാളുടെ സ്ഥാനം എന്തുതന്നെയായാലും ഒരു തടസ്സവുമില്ലാതെ കൊട്ടാരത്തിന്റെ മുഖത്തളത്തിൽ വണ്ടിയിറങ്ങാം. കാവൽക്കാരന്റെ സല്യൂട്ടും ലഭിക്കും. എത്രയും ബഹുമാന്യനായ ദിവാൻപോലും ഈ ചട്ടത്തിനു വിധേയനാണ്. എന്നാലൊരു ആംഗ്ലോ ഇന്ത്യൻ കസ്റ്റംസ് ഇൻസ്പെക്ടർക്ക് അതു ബാധകമല്ല. അയാൾക്ക് വാഹനത്തിൽ നേരെ അകത്തുചെല്ലാം. കവാടത്തിനരികിൽ ഇറങ്ങണമെന്ന കല്പന എന്നെ ഞെട്ടിച്ചു. അക്കാര്യം ഞാൻ മഹാറാവുവിനെ പ്രതിഷേധരൂപത്തിൽ അറിയിച്ചു. അതിന് ഫലമുണ്ടായതുപോലെ തോന്നി. എന്നാൽ, പിന്നീട് എനിക്ക് കൊട്ടാരം സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ല!
കച്ച് കടുത്ത വരൾച്ചബാധിതപ്രദേശമാണ്. വല്ലപ്പോഴും വന്നെത്തുന്ന മോശപ്പെട്ട മൺസൂണിൽ ഫ്ളമിംഗോ പക്ഷികളുടെ (രാജഹംസങ്ങളുടെ) പ്രജനനം നടക്കും. ആറിഞ്ചുമുതൽ എട്ടിഞ്ചു വരെയുള്ള കുഴികളെടുത്ത് അതിനുമേലേയാണ് ഈ പക്ഷികൾ മണ്ണിന്റെ കൂടാരം നിർമിക്കുന്നത്. അതിനുള്ളിലാണ് മുട്ട വിരിയുക. മൺസൂൺ പരാജയപ്പെടുകയാണെങ്കിൽ ഈവിധം കുഴികൾ നിർമിക്കാൻ കഴിയില്ല. മൺസൂൺ പരാജയപ്പെട്ടാൽ സെപ്റ്റംബർ-ഒക്ടോബർ ആകുമ്പോഴേക്കും അവിടമാകെ വരളും. അപ്പോഴാണ് പക്ഷികളുടെ പ്രജനനകാലം തുടങ്ങുന്നതും. 1944-ൽ സംഭവിച്ചതുപോലെ മൺസൂൺ അധികമായാലും ആവശ്യമായ ആഴം പ്രശ്നമായിത്തീരും. കുറെ ഉണങ്ങിയാലേ കാര്യങ്ങൾ സാധാരണഗതിയിലാകൂ. അതിനാൽ ഏഷ്യയിലെ മറ്റു പ്രജനനസ്ഥലങ്ങൾപോലെയോ യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലേതുപോലെയോ അല്ല കച്ചിലേത്. കച്ചിലെ മൺസൂൺ എന്നത് പ്രവചനാതീതമാണ്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലോ മാർച്ച്-ഏപ്രിൽ മാസങ്ങളിലോ അതുസംഭവിക്കാം. അല്ലെങ്കിൽ പൂർണമായി ഇല്ലാതാകാം. ബാക്കിയുള്ള കാലത്ത് നഗരത്തിൽ പക്ഷികളുണ്ടാവില്ല. പ്രജനനം കഴിഞ്ഞാൽ പക്ഷികൾ ദൂരേക്ക് പറന്നുപോകും. പുതിയതായി ജനിച്ച കുഞ്ഞുങ്ങളും ഒപ്പമുണ്ടാകും. തീരപ്രദേശത്തെ ചതുപ്പുകളിലേക്കും മറ്റും അവ കുടിയേറും. പോയന്റ് കാലിമീറിലോ സൗരാഷ്ട്രയിലോ ശ്രീലങ്കയിലോ ഒക്കെയാകും അവയെത്തുക. സാധാരണകാലങ്ങളിൽ അവ രാജസ്ഥാനിലെ സാംഭാർ തടാകത്തിലോ ഒഡിഷയിലെ ചിൽക്കയിലോ ഒക്കെ ചെന്നെത്തും. അതുപോലെ മറ്റുപല തടാകങ്ങളിലേക്കും.
കച്ചിലെ രാജഹംസങ്ങളെ പഠിക്കാനുള്ള എന്റെ ജാഗ്രതയും മുമ്പുണ്ടായ സന്ദർശനങ്ങളിൽ സംഭവിച്ച പരാജയങ്ങളും (പ്രജനനസ്ഥലങ്ങളിലേക്കുള്ളത്) മനസ്സിലാക്കിയ മഹാറാവു, റാൻ ഓഫ് കച്ചിലെ രാജഹംസങ്ങളുടെ ചലനങ്ങൾ നിരീക്ഷിക്കാനുള്ള ഏർപ്പാടുകൾചെയ്തു. അങ്ങനെയാണ് 1945 ഏപ്രിലിലെ ഒരു ദിനത്തിൽ അദ്ദേഹത്തിൽനിന്ന് ഒരു എക്സ്പ്രസ് ടെലിഗ്രാം എനിക്കുകിട്ടിയത്. ഞാനാകട്ടെ, കൈലാസ്-മാനസസരോവർ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ഫ്ളമിംഗോ നഗരത്തിലെ പ്രജനനസ്ഥലങ്ങൾ എത്രയും സജീവമായിരിക്കുന്നുവെന്നും ഉടൻതന്നെ എത്തണമെന്നും അറിയിക്കുന്ന ടെലിഗ്രാം. അത്തരമൊരു വേളയിലും ഈവിധമൊരു സുവർണാവസരം ഉപയോഗിക്കാതിരിക്കാൻ മനസ്സുവന്നില്ല. രണ്ടുദിവസം കഴിഞ്ഞ്, വിമാനത്തിൽ ഞാൻ ഭുജിലെത്തി. വിമാനയാത്ര അന്നു പ്രാഥമികദശയിലാണ്. ഒന്നിനും ഒരുചിട്ടയുമില്ല. തീവണ്ടികളാകട്ടെ, വളരെ മന്ദഗതിയിലാണ് യാത്ര. തീവണ്ടി, ഒരു അഭിമാനപ്രതീകമെന്ന നിലയിലാണ് പലപ്പോഴും അവതരിപ്പിക്കപ്പെട്ടത്. അവയും ചിട്ടയോടെ സമയംപാലിച്ച് ഓടിയിരുന്നില്ല. ബോംബെയിൽനിന്ന് ജാംനഗറിലെ നവ്ഖാലിയിലെത്തി, അവിടെനിന്ന് മോട്ടോർ ഘടിപ്പിച്ച ബോട്ടിൽ കണ്ട്‌ലയിലെത്തി. അടുത്തദിവസം നാലുമണിക്കൂർ ആയാസകരമായ നാരോഗേജ് തീവണ്ടിയിലാണ് ഭുജിൽ എത്താൻകഴിയുന്നത്. അപ്പോഴേക്കും നാൽപ്പതുമണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും.
ടെന്റ് ക്യാമ്പിലെ സംവാദം
നിർ എന്ന സ്ഥലത്തെ ഞങ്ങളുടെ താമസത്തിന് സാമാന്യം സുഖലോലുപത്വം നിറഞ്ഞ ഒരു ടെന്റ് ക്യാമ്പാണ് കച്ച് രാജാവ് നിർമിച്ചത്. ഭുജിൽനിന്ന് ഖാവ്ഡ വഴിയാണ് അവിടെയെത്തുന്നത്. പാതിവഴി കാറിലും തുടർന്ന്, എഴുപതുമൈലോളം ഒട്ടകപ്പുറത്തുമാണ് യാത്ര. രാത്രിയിൽ, അത്താഴവേളയിൽ ഒപ്പമുണ്ടായിരുന്ന മുൻ ഫോറസ്റ്റ് ഐ.ജി. സർ പീറ്ററുമായി കടുത്ത രാഷ്ട്രീയസംവാദംതന്നെ നടന്നു. ഡമാസ്ക് മേശവിരി, വെള്ളിപ്പാത്രങ്ങൾ, വിശ്വസ്തരായ സേവകർ -രാജകീയമായ അത്താഴവിരുന്നാണ്. ലോകയുദ്ധത്തിന് പത്തുകൊല്ലം മുമ്പുതന്നെ, മഹാത്മാഗാന്ധിയുടെ പ്രവർത്തനങ്ങളാലും സത്യാഗ്രഹസമരങ്ങളാലും ഇന്ത്യക്കാരും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധത്തിൽ സംഘർഷങ്ങൾ നിറഞ്ഞിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷുദ്യോഗസ്ഥരെല്ലാംതന്നെ ‘രാജ്യദ്രോഹി’യായ ഗാന്ധിയുടെ ‘വിധ്വംസകമായ’ സന്ദേശങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ‘രാജ്യദ്രോഹിയായ ഏറാൻമൂളി’ നെഹ്രുവിനെയും അവർ പരിഹസിച്ചിരുന്നു. മെയിനർട്‌സ് ഹാഗനും മറ്റും ഗാന്ധിജിയെയും നെഹ്രുവിനെയും അങ്ങനെയാണ് കണ്ടിരുന്നത്. ഹാരോയിൽനിന്നും കേംബ്രിജിൽനിന്നും വിദ്യാഭ്യാസം ലഭിച്ചിട്ടും നെഹ്രുവിന് മാറ്റംവന്നില്ലെന്ന് അവർ പറഞ്ഞു. വൈകുന്നേരം ഒരുകാരണവുമില്ലാതെ സർ പീറ്റർ ഈവിഷയം കുത്തിപ്പൊക്കിയിരുന്നു. തന്റെ ഉള്ളിലെ വിഷം അയാൾ എനിക്കുനേരെ പ്രവഹിപ്പിക്കുകയാണ്. മുമ്പുഞാൻ ഏറ്റുപറഞ്ഞതുപോലെ മധുരോദാരമായ ക്ഷമാശീലമൊന്നും എനിക്കില്ല. ഇതാ, പ്രകോപിതനാകാൻ മതിയായ കാരണവും... ആ അവസരത്തിന് ആവശ്യമായതിലുപരി മോശപ്പെട്ട വാക്കുകൾ ഞാൻ ഉപയോഗിച്ചുപോയി. എന്നാൽ, അതുനന്നായി. സർ പീറ്റർ ക്ലറ്റർബാക്കും ഞാനും തമ്മിലുള്ള ബന്ധത്തെ അത് നന്നായി മയപ്പെടുത്തി.
തന്റെ ഉറച്ചബോധ്യങ്ങളിൽനിന്ന് അദ്ദേഹത്തെ മാറ്റിയെടുക്കണമെന്ന് എനിക്കാഗ്രഹമില്ല. എന്റെ കാഴ്ചപ്പാടുകൾ മാറ്റാൻശ്രമിക്കുന്നതും വെറുതേയാണ്. അതങ്ങനെ അവസാനിച്ചു. ഞങ്ങൾക്കിരുവർക്കും താത്പര്യമുള്ള ഒരുമേഖലയാണ്, അത് പക്ഷികളും വന്യജീവികളുമാണ്. നമുക്ക് അതിൽ ഒതുങ്ങിനിൽക്കുന്നതല്ലേ നല്ലത്? രാഷ്ട്രീയം രാഷ്ട്രീയക്കാർക്ക് വിട്ടുകൊടുക്കാം. നിർഭാഗ്യകരമായ ഈ ആദ്യകലഹത്തിനുശേഷം സർ പീറ്റർ സന്തോഷവാനായ ഒരു സഹയാത്രികനായിമാറുന്നതാണ് ഞാൻ കണ്ടത്. 1958-ൽ ഇംഗ്ലണ്ടിൽവെച്ച് അദ്ദേഹം മരിക്കുംവരെ ആ ബന്ധം തുടർന്നു.
ഉപ്പുപാടങ്ങളിലെ നിലാവ്
നിർ എന്ന സ്ഥലത്തിന് പത്തുകിലോമീറ്റർ വടക്കുകിഴക്കാണ് പരമ്പരാഗതമായ രാജഹംസനഗരം (Flamingo ctiy). 1896-ൽ രാജഹംസങ്ങളുടെ വരവ് തുടങ്ങിയ നാൾമുതൽ ഈ പേരിലാണ് സ്ഥലം അറിയപ്പെടുന്നത് (പച്ചാംദ്വീപിന്റെ അറ്റത്താണ് ഈ സ്ഥലം). കച്ച് ഉപ്പുചതുപ്പുപ്രദേശത്തെ നിരപ്പാർന്ന ഒരു പ്രതലം. അവിടെയെത്തുന്നതിന് കാൽനടയായോ കുതിരപ്പുറത്തോ ഒട്ടകപ്പുറത്തോ പോകണം. കാലിന്റെ കണമുതൽ തുടവരെ ആഴുന്ന വെള്ളത്തിൽ ഇടറിയിടറിയേ പോകാൻ കഴിയൂ. സാന്ദ്രത കൂടിയ ഉപ്പുവെള്ളമാണ്. കുപ്പിച്ചില്ലുകൾപോലെയുള്ള ഉപ്പുപരലുകൾ മുനകൂർത്തുനിൽക്കും. ചതിക്കാനിടയുള്ള ഉപ്പുകൂനകളുണ്ടാവും. വില്ലരായ സൂര്യരശ്മികൾ ഉപ്പുപരലുകളിൽത്തട്ടി അപ്പോൾ പൊഴിഞ്ഞ ഹിമംപോലെ തിളങ്ങും. കുതിരയുടെ കുളമ്പുഭാഗത്തുള്ള രോമങ്ങൾ, കുളമ്പുകൾ ആഴ്ന്നുപോകവേ അടർന്നുപോകാറുണ്ട്. തെർമോമീറ്ററിൽ ചൂട് നാല്പത്തിയഞ്ച് ഡിഗ്രിക്കുമേലേ കാണിക്കുന്നുണ്ടെങ്കിലും അത്രമേൽ ആഘാതകാരിയായി തോന്നിയില്ല. ഇടയ്ക്കിടെ വീശുന്ന തണുത്ത കാറ്റാവാം കാരണം. തുറന്ന കൂടാരത്തിനു മേലേ, ഒരു കോട്ടൺതുണി മൂടിയിടേണ്ടിയും വന്നു. രാജഹംസങ്ങളുടെ പ്രജനനകാലത്തിന്റെ ഏറ്റവും മൂർത്തമായ സമയമാണിത്. ഒരുപക്ഷേ, അതു കാണാൻ കഴിയുന്ന ഏകാവസരം. അവ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സമയമാണിത്. പക്ഷികളുടെ രാത്രികാല ചലനങ്ങളും പെരുമാറ്റരീതികളും പഠിക്കാൻ പറ്റിയ അവസരംകൂടിയാണിത്. കാരണം, അത്രമേൽ നിലാവുള്ള രാത്രിയാണ്, തെളിഞ്ഞ ആകാശവും. എന്നാൽ ശുദ്ധജലം, പാചകത്തിനുള്ള വിറക് എന്നിവയുടെ ലഭ്യതക്കുറവ് അവിടെ ദീർഘസമയം താവളമടിക്കുന്നതിന് തടസ്സമായി. മുൻകൂട്ടി, കൃത്യമായി പദ്ധതി തയ്യാറാക്കിയാലേ ഇവിടെ കൂടുതൽ സമയം തങ്ങാൻകഴിയൂ. ആ സമതലത്തിന്റെ മുഴുവൻ വിസ്‌തൃതിയും അളന്നതിനുശേഷം തൊണ്ണൂറുമീറ്റർ വീതിയും നീളവുമുള്ള മാതൃകാനിലങ്ങൾ ഞാൻ പ്രത്യേകം അടയാളപ്പെടുത്തി. അതിൽത്തന്നെ ചില കണക്കുകൂട്ടലുകൾ വരുത്തി, കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്ത് ആകെ നിർമിതമായ കൂടുകളുടെ എണ്ണം 1,04,758 ആയി കണക്കുകൂട്ടി. ഈ സംഖ്യയെ അടിസ്ഥാനമാക്കിയായിരുന്നു പിന്നെയും കണക്കുകൂട്ടലുകൾ. ഒരു കൂട്ടിൽ രണ്ടു മുതിർന്ന പക്ഷികൾ, മൂന്നു കൂടുകളിൽ രണ്ട് കുഞ്ഞുപക്ഷികൾ... എല്ലാം പരിഗണിച്ച് ആകെ പക്ഷികളുടെ എണ്ണം അഞ്ചുലക്ഷം വരുമെന്ന് കണക്കുകൂട്ടി. ഈ കണക്കിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ഫ്ളമിംഗോ നഗരം, ഈ പക്ഷികളുടെ ഏഷ്യയിലെ ഏറ്റവും വലിയ പ്രജനനകേന്ദ്രമായി മനസ്സിലാക്കാം. ഒരുപക്ഷേ, ലോകത്തെതന്നെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്ന്.
ചിറകടിക്കുന്ന ക്യാമറ
റാൻ ഓഫ് കച്ച് മേഖലയെ ജീവശാസ്ത്രവിസ്മയങ്ങളുടെ ഒരു മേഖലയായി ഞാൻ നേരത്തേതന്നെ മനസ്സിലാക്കിയിരുന്നു. അതിനാൽത്തന്നെ അവിടെ സമ്പൂർണമായ ശാസ്ത്രീയഗവേഷണം ആവശ്യമാണ്. എന്നാൽ, അത് എത്രയും വിശദമായി നടത്താൻ എനിക്കു കഴിഞ്ഞില്ല എന്നതിൽ ഖേദമുണ്ട്. ആവോ സെറ്റ് പക്ഷികളുടെ ഒരുകൂട്ടത്തെ യാത്രയിൽ ഞാൻ കണ്ടു. ഫ്ളമിംഗോ സിറ്റിയുടെ അതിരുകളിലാണ് അവ പ്രജനനം നടത്തിയിരുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അവയെ ആദ്യമായാണ് കാണുന്നത്. മറ്റൊരു സന്ദർശനവേളയിൽ റോസി പെലിക്കനുകളുടെ (വെള്ള പെലിക്കനുകൾതന്നെ) കൂടുകളുടെ ഒരു ആവാസവ്യവസ്ഥ ഞാൻ കണ്ടു. അതും ആദ്യമായാണ് കാണുന്നത്. ഉപേക്ഷിക്കപ്പെട്ട ഫ്ളമിംഗോ കൂടുകൾക്കടുത്താണ് അവയെ കണ്ടത്. എന്റെ ക്യാമറയ്ക്ക് അല്പം തകരാറു സംഭവിച്ചിരുന്നതിനാൽ മഹാറാവു വിജയരാജി തന്റെ ഒരു ക്യാമറ എനിക്ക് കടംതന്നിരുന്നു. അത് സുഗമമായി പ്രവർത്തിപ്പിക്കുന്നതിന് ഒരു സഹായിയെയും അയച്ചു; ഭുജ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ അലി മുഹമ്മദിനെ. എല്ലാ അനുബന്ധസാമഗ്രികളും അയാൾ കൊണ്ടുവന്നിരുന്നു. കൂടാതെ, ഒരു ക്യാമറാസഹായിയെ അധികമായും. അയാളുടെ ജോലി എന്തെന്നു വ്യക്തമല്ലെങ്കിലും രണ്ടു ഫോട്ടോഗ്രാഫർമാരും അവരുടെ ഉപകരണങ്ങളുംകൂടി രണ്ട് ഒട്ടകച്ചുമട് വേണ്ടിവന്നു. വിന്റേജ് അപ്പാരറ്റസ് തന്നെ പുരാതനപ്രൗഢിയുള്ള ഒരു ഫർണിച്ചറിനെ ഓർമിപ്പിച്ചു. കടുപ്പമുള്ള തേക്കുതടിയിൽ ഉറപ്പിച്ച ഒരു വലിയ ക്യാമറയാണിത്; വില്യം ചക്രവർത്തിയുടെ കാലത്തെ ഒരു ദാരുനിർമിതിയെ ഓർമിപ്പിക്കുന്നത്. യാന്ത്രികമായ ഷട്ടർസംവിധാനങ്ങൾ ആ ക്യാമറയ്ക്കില്ല. ഫോട്ടോഗ്രാഫർ കൈകൊണ്ട് ഉയർത്തുകയും താഴ്ത്തുകയും ചെയ്യേണ്ട ഒരു മൂടി അതിനുണ്ട് (ഷട്ടർ). തുറന്ന സൂര്യവെളിച്ചത്തിൽ ക്യാമറ പ്രവർത്തിപ്പിക്കുന്ന ആൾ എത്രയോ മിന്നൽവേഗത്തിൽ കൈ ചലിപ്പിച്ചാലും ഷട്ടർ പ്ലേറ്റുകളുടെ ചലനത്തിന്റെ മന്ദഗതിയിൽ നെഗറ്റീവുകൾ കൂടുതൽ വെളിച്ചത്തിലേക്ക് തെളിയും. അതേ, ചരിത്രം നിറഞ്ഞ ഒരു ക്യാമറയാണത്. ഇതേ ക്യാമറയിൽത്തന്നെയാണ് 1896-ൽ ജേണലിൽ പ്രസിദ്ധീകൃതമായ റാനിലെ രാജഹംസങ്ങളുടെ പ്രജനനം ചിത്രീകരിച്ച ചിത്രമെടുത്തതും എന്നു വിശ്വസിക്കാൻ നല്ല തെളിവുകളുണ്ട്. ആ ചിത്രമെടുത്തത് മഹാറാവു ഖെംഗാർജിയാണ്. ചിത്രമെടുക്കുന്നതിനായി ക്യാമറ തടികൊണ്ടുള്ള സ്റ്റാൻഡിൽ വെക്കുന്നതിനുതന്നെ ആരോഗ്യമുള്ള രണ്ടുപേരുടെ സഹായം ആവശ്യമാണ്. ഒരു കപ്പൽപോലെയാണത്. അതിനാലാണ് പരിശീലനം നേടിയ സഹായികളെ ഒഴിവാക്കാനാവാത്തത്. പ്രധാന ഫോട്ടോഗ്രാഫർ, വാരകൾ നീളമുള്ള കറുത്ത തുണിക്കകത്തേക്ക് കയറണം. കണ്ണുകൾ ഇറുക്കി ലെൻസിന്റെ ഫോക്കസിങ് സ്‌ക്രീനിൽ നോക്കിയിരിക്കണം. ഇങ്ങനെ നിന്നുകൊണ്ട് ‘എൻജിൻറൂമി’ലേക്ക് നിർദേശങ്ങൾ നൽകണം. ഫോക്കസ് ചെയ്യുന്ന ആൾ അതിന്റെ നോബ് തിരിച്ച് കൃത്യമായി രൂപം കാണാവുന്ന നിലയിലെത്തിക്കണം. മുഖ്യ ഫോട്ടോഗ്രാഫർക്ക്, ക്യാപ്റ്റന് ഫോക്കസ് ചെയ്യുന്ന നോബിൽ തന്റെ കൈ എത്തിക്കാനാവില്ല. അതിനാൽ പരിചയം സിദ്ധിച്ച സഹായി കൂടിയേതീരൂ. പക്ഷികളുടെ വാസഭൂമിയിൽ ഉറപ്പിച്ച ക്യാമറ.
ദൂരെനിന്ന് ഒരു ചെറിയ വീടുപോലെ തോന്നിക്കും. കാറ്റ് ചുഴലവേ, കറുത്ത തിരശ്ശീല പാറിയുയർന്ന് ക്യാപ്റ്റന്റെ ശിരസ്സിനുമേൽ ചിറകടിക്കും. പക്ഷികളുടെ ഒരുചിത്രംപോലും കിട്ടുമെന്ന് ഞാൻ കരുതിയില്ല. ക്യാപ്റ്റന്റെ ഈ അവസ്ഥയിൽ എന്നിലും അല്പം പരിഹാസമുയർന്നതായിതോന്നി. എന്നാൽ, അയാൾ വിഷമതകൾ നല്ല രസികത്തത്തോടെ ഉൾക്കൊണ്ടു. തിരികെ ഭുജിൽചെന്ന് ഒട്ടുംപ്രതീക്ഷിക്കാത്ത രീതിയിൽ മികവുള്ള ഫോട്ടോകൾ അയാൾ കാണിച്ചപ്പോഴാണ് ആ പരിഹാസമൊക്കെ എന്റെ നേർക്കുതന്നെയാണല്ലോ തിരിച്ചടിച്ചത് എന്നുഞാൻ മനസ്സിലാക്കിയത്. നല്ലൊരു ക്യാമറയെക്കാൾ പ്രധാനമായി ചിലതുണ്ടെങ്കിലേ നല്ലൊരു ചിത്രം ലഭിക്കൂ.
(സാലിം അലിയുടെ ആത്മകഥ 'കുരുവിയുടെ പതനം' മാതൃഭൂമി ബുക്ക്സ് ഉടൻ പ്രസിദ്ധീകരിക്കും)
പരിഭാഷ: കെ.ബി. പ്രസന്നകുമാർ