മക്കളേ,
ജീവിതത്തിൽ പരീക്ഷണഘട്ടങ്ങൾ ആർക്കുമുണ്ടാകും. വിലപ്പെട്ടതെന്നു നമ്മൾ കരുതുന്നത്‌ പലതും നമുക്ക്‌ നഷ്ടപ്പെട്ടെന്നുവരാം. എന്നാൽ, എല്ലാം നഷ്ടമായാലും നമ്മൾ കൈവെടിയാൻ പാടില്ലാത്ത ചില ഗുണങ്ങളുണ്ട്‌. അവയിൽ  ഏറ്റവുംപ്രധാനപ്പെട്ടതാണ്‌ ആത്മവിശ്വാസം. ഏതുപ്രതിസന്ധിയിലും  മനഃസാന്നിധ്യവും വിവേകവും നഷ്ടമാകാതിരിക്കുക, നിരാശയ്ക്ക്‌ കീഴടങ്ങാതിരിക്കുക, പരിശ്രമം ഉപേക്ഷിക്കാതിരിക്കുക ഇവയെല്ലാം ആത്മവിശ്വാസത്തിന്റെ ലക്ഷണങ്ങളാണ്‌.
ഉന്നതമായ മൂല്യബോധവും ആദർശവും നമുക്കുണ്ടെങ്കിൽ ആത്മവിശ്വാസം നഷ്ടമാകാതിരിക്കാൻ അതുസഹായിക്കും. യുധിഷ്ഠിരന്റെ ചരിതം ഇതാണുതെളിയിക്കുന്നത്‌.
യുധിഷ്ഠിരന്‌ അനേകം ഉത്തമഗുണങ്ങളുണ്ടായിരുന്നു. എന്നാൽ, ഒരു ദൗർബല്യവുമുണ്ടായിരുന്നു. ചൂതുകളിയിൽ കമ്പംകൂടുതലാണ്‌. ഒരിക്കൽ ദുര്യോധനൻ ചൂതുകളിക്കാൻ വിളിച്ചു. യുധിഷ്ഠിരൻ ക്ഷണം സ്വീകരിച്ചു. ആദ്യകളിയിൽ യുധിഷ്ഠിരൻ തോറ്റു. രണ്ടാമതും മൂന്നാമതും കളിച്ചു അതിലും തോറ്റു. ഇങ്ങനെ വീണ്ടും വീണ്ടും കളിക്കാൻ തയ്യാറായപ്പോൾ യുധിഷ്ഠിരന്റെ ദേഹത്തുനിന്ന്‌  ഒരു തേജോരൂപം പുറത്തുവന്നു. യുധിഷ്ഠിരൻ ചോദിച്ചു: ‘‘അങ്ങ്‌ ആരാണ്‌?’’
ആ രൂപം പറഞ്ഞു: ‘‘ഞാൻ വിവേകശക്തിയാണ്‌, നീ എന്നെ ഉപേക്ഷിച്ചതുകാരണം ഞാൻ പോകുകയാണ്‌’’. ആ രൂപം പോയ ഉടനെ മറ്റൊരു രൂപം യുധിഷ്ഠിരന്റെ ശരീരത്തിൽനിന്ന്‌ പുറത്തുവന്നു. യുധിഷ്ഠിരൻ ചോദിച്ചു:  ‘‘അങ്ങ്‌ ആരാണ്‌?’’ ആ രൂപം പറഞ്ഞു. ‘‘ഞാൻ ധർമനിഷ്ഠയാണ്‌, വിവേകമില്ലാത്തിടത്ത്‌ എനിക്ക്‌ വാഴാനാവില്ല. ഞാൻ പോകുകയാണ്‌’’ ആ രൂപം പോയ ഉടനെ മറ്റൊരു തേജോരൂപം പുറത്തേക്കുവന്നു. യുധിഷ്ഠിരൻ ചോദിച്ചു. ‘‘അങ്ങാരാണ്‌?’’. ‘‘ഞാൻ ഐശ്വര്യമാണ്‌. ധർമമില്ലാത്തിടത്ത്‌ എനിക്കുനിൽക്കാനാവില്ല. ഞാൻ പോകുകയാണ്‌.’’ അടുത്തതായി മറ്റൊരു തേജോരൂപം യുധിഷ്ഠിരന്റെ ഉള്ളിൽനിന്ന്‌ പുറത്തേക്കുവന്നു. ‘‘അങ്ങ്‌ ആരാണ്‌?’’ ‘‘ഞാൻ നിന്റെ കീർത്തിയാണ്‌. ഐശ്വര്യമില്ലാത്തിടത്ത്‌ എനിക്ക്‌ വാഴാനാവില്ല. ഞാൻ പോകുകയാണ്‌’’.
തുടർന്നുള്ള ചൂതുകളിയിൽ യുധിഷ്ഠിരന്‌ രാജ്യവും ധനവും കീർത്തിയുമെല്ലാം നഷ്ടപ്പെട്ടു. കാട്ടിൽ അലഞ്ഞുതിരിയേണ്ടിവന്നു. ദുഃഖിതനും നിരാശനുമായി അലയുമ്പോൾ ഒരു തേജോരൂപം യുധിഷ്ഠിരന്റെ ഉള്ളിൽനിന്ന്‌ പുറത്തേക്കുവന്നു. അപ്പോൾ യുധിഷ്ഠിരൻ ചോദിച്ചു: ‘നീ ആരാണ്‌?’’ ‘‘ഞാൻ ആത്മവിശ്വാസമാണ്‌’’. യുധിഷ്ഠിരൻ പറഞ്ഞു: ‘‘ആരെല്ലാം എന്നെ ഉപേക്ഷിച്ചുപോയാലും നിന്നെ ഞാൻ വിടില്ല.’’ ‘‘അങ്ങ്‌ എന്നെ പരിപാലിക്കുമെങ്കിൽ ഞാൻ അങ്ങയുടെ കൂടെ നിൽക്കാം’’. അങ്ങനെ ആ രൂപം യുധിഷ്ഠിരനുള്ളിൽ പ്രവേശിച്ചു. അപ്പോൾ മറ്റൊരു രൂപം അവിടെ പ്രത്യക്ഷപ്പെട്ടു. ‘‘നീ ആരാണ്‌?’’ യുധിഷ്ഠിരൻ ചോദിച്ചു. ‘‘ഞാൻ വിവേകശക്തിയാണ്‌. ആത്മവിശ്വാസമുള്ളിടത്ത്‌ ഞാനുമുണ്ടാകും’’ എന്നുപറഞ്ഞ്‌ ആ രൂപം യുധിഷ്ഠിരനുള്ളിൽ പ്രവേശിച്ചു. അപ്പോൾ യുധിഷ്ഠിരന്റെ ധർമനിഷ്ഠ ഒരു തേജോരൂപം കൈക്കൊണ്ട്‌ അവിടെ പ്രത്യക്ഷപ്പെട്ടു. ‘‘വിവേകമുള്ളിടത്ത്‌ ഞാനുണ്ടാകും’’ എന്നുപറഞ്ഞ്‌ അത്‌ യുധിഷ്ഠിരനുള്ളിൽ പ്രവേശിച്ചു. വിവേകവും ധർമനിഷ്ഠയും  വീണ്ടുകിട്ടിയപ്പോൾ ഐശ്വര്യവും താമസിയാതെ കീർത്തിയും യുധിഷ്ഠിരനു വീണ്ടുകിട്ടി.
ഏതൊരു ആപത്‌ഘട്ടത്തിലും ആത്മവിശ്വാസം നഷ്ടമാകാതെ സൂക്ഷിക്കുകയാണ്‌ നമ്മൾ ഒന്നാമതായിവേണ്ടത്‌. ആത്മവിശ്വാസം ഉണ്ടെങ്കിൽ കൈവിട്ടുപോയ സൗഭാഗ്യങ്ങളെ തിരിച്ചുപിടിക്കാനും അതിലുമധികം നേട്ടങ്ങൾ കൈവരിക്കാനും നമുക്കുകഴിയും.
                                                            -അമ്മ