‘മിമിക്രി കളിക്കാനുണ്ടോ... മിമിക്രി’. കുട നന്നാക്കാനുണ്ടോ കുട എന്ന പഴയൊരു സിനിമാ ഡയലോഗിനെ ഓർമിപ്പിക്കുന്ന വിധത്തിൽ രണ്ടുപേർ വീടുകൾതോറും കയറിയിറങ്ങുകയാണ്. കോവിഡ് കാലത്ത് സ്റ്റേജ് വരുമാനങ്ങൾ നിലച്ചതോടെ തിരുവാതിരക്കാലത്തെ പൊറാട്ടുപോലെ വീടുകളിൽ കയറിയിറങ്ങി മിമിക്രി കാണിക്കുന്നു അവർ. ഇത്തരമൊരു ഭാവി മുന്നിൽക്കണ്ട് മിമിക്രികലാകാരനും അഭിനേതാവുമായ ദേവരാജ് ദേവ് സംവിധാനംചെയ്ത ചെറിയൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ആറുമാസംമുമ്പ് വൈറലായി. ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും വെള്ളിത്തിരയിലെ കഥാപാത്രങ്ങളിലൂടെയും മലയാളിക്ക് പരിചിതനായ ദേവരാജനും പ്രദീപ് ബാലനും അഭിനയിച്ച ഈ വീഡിയോ ആളുകൾ സ്വീകരിച്ചതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായതും പെെട്ടന്നാണ്. പിന്നീടിങ്ങോട്ട് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയുള്ള യാത്ര. ഇന്ന് 25-ാം എപ്പിസോഡിൽ എത്തിനിൽക്കുന്ന ‘അവസ്ഥ-ദി സിറ്റിയുവേഷൻ’ എന്ന ഹാസ്യ വെബ്‌സീരീസിന്റെ തുടക്കം ഇങ്ങനെയായിരുന്നു.

 ഷൂവിന്റെ വിജയം
 പ്രോഗ്രാമുകൾക്ക് പോകുമ്പോൾ ദേവരാജ് ഇടാറുള്ള ഷൂ ഉപയോഗശൂന്യമായി മൂലയിൽ കിടന്നിരുന്നു. അത് പട്ടികടിച്ചതോടെയാണ് അടുത്ത കഥ ജനിച്ചത്. ഒരുപാട് ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ച ആ ഷൂവിനെ നായകനാക്കി അതിന്റെ ഉടമസ്ഥനോട് സങ്കടംപറയുന്ന കഥയായിരുന്നു അത്. ഷൂവിന്റെ ശബ്ദം മലയാളിക്ക് സുപരിചിതനായ നിർമൽ പാലാഴിയാണ് ചെയ്തത്. മൊബൈലിൽനിന്നുമാറി ക്യാമറാമാൻ അഷ്‌റഫ് പാലാഴിയെ ചിത്രീകരണം ഏൽപ്പിച്ചു. അതുകണ്ട് നടൻമാരായ ജയസൂര്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ അവരുടെ ഫെയ്‌സ്ബുക്ക് പേജിൽ അത് ഷെയർ ചെയ്തു. അതോടെ ഒരുപാടുപേർ കണ്ട് വീഡിയോ വൈറലായി. അപ്പോഴാണ് അതിൽനിന്ന്‌  എങ്ങനെ വരുമാനംനേടാം എന്ന ചിന്തവന്നത്.

 വെബ്‌സീരീസിലേക്ക്...
വീഡിയോകൾ ഹിറ്റായതോടെ, ലോക്ഡൗൺ കാലത്ത് ഇത്തരം ആശയങ്ങൾക്ക് കാഴ്ചക്കാരുണ്ട് എന്ന തിരിച്ചറിവിലാണ് വെബ് സീരീസ് എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്. കോഴിക്കോട് മില്ലേനിയം ഗ്രൂപ്പ് പിന്തുണയുമായി വന്നതോടെ കാര്യങ്ങൾ  എളുപ്പമായി. കൂടുതൽ ഗൗരവമായി ഇക്കാര്യം കണ്ടുതുടങ്ങിയതോടെ ‘എം 80 മൂസ’ എന്ന സീരിയലിന്റെ ഭാഗമായി ആളുകൾക്ക് ചിരപരിചിതനായ സി.ടി. കബീറും തുളസി കല്ലേരിയുമൊക്കെ ദേവനും പ്രദീപിനുമൊപ്പമെത്തി. ഉണക്കാനായി ഇട്ട അടിവസ്ത്രങ്ങൾക്കിടയിലേക്ക് മാസ്ക് കടന്നുവരുമ്പോൾ ഇവർക്കിടയിലുണ്ടാവുന്ന പ്രശ്നങ്ങൾ ഹാസ്യത്തിൽ ചാലിച്ച് ചിത്രീകരിച്ച എപ്പിസോഡ് വൈറലായത് ആരും വിചാരിക്കാത്ത തലത്തിലായിരുന്നു. മോഹൻലാൽ അടക്കമുള്ള നിരവധി നടൻമാരും സംവിധായകരും കണ്ട് അഭിപ്രായംപറഞ്ഞ ആ എപ്പിസോഡിലൂടെ അവസ്ഥ വേറൊരു തലത്തിലേക്ക് മാറുകയായിരുന്നു. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് അഞ്ചുമണിയോടെയാണ് പ്രേക്ഷകരിലേക്ക് അവസ്ഥയെത്തുന്നത്. 25 എപ്പിസോഡിലേക്ക് എത്തുമ്പോൾ ഇതിനുപിന്നിലേക്ക് കൂടുതൽ കലാകാരൻമാരെ അണിചേർക്കാൻ സാധിക്കുന്നു എന്നതാണ് അവസ്ഥയുടെ നേട്ടം.