ഒരു ചെറിയകാലം മാറിനിന്നാൽ മാഞ്ഞുപോകാവുന്ന സ്ഥാനങ്ങളേ സിനിമ പലപ്പോഴും നൽകുന്നുള്ളൂ. എല്ലാ മുഖങ്ങൾക്കും അതിവേഗം പകരക്കാരെത്തും. അറിഞ്ഞോ അറിയാതെയോ എല്ലാ ഒഴിവുകളും നികത്തപ്പെടും. കഴിവും തലവരയും ഒന്നിച്ചവർ മാത്രമേ വെള്ളിത്തിരയിൽ വിജയിക്കുന്നുള്ളൂ...
നാലുപതിറ്റാണ്ടിനിപ്പുറവും സിനിമയിൽ സജീവസാന്നിധ്യമായി ഉർവശി തുടരുന്നു. മുമ്പുചെയ്ത കഥാപാത്രങ്ങളുടെ പലിശയിലല്ല, സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിച്ച് അവർ പ്രേക്ഷകരെ നിരന്തരം വിസ്മയിപ്പിക്കുന്നു. തലയണമന്ത്രത്തിലെ കാഞ്ചനയും പൊൻമുട്ടയിടുന്ന താറാവിലെ സ്നേഹലതയും വിഷ്ണുലോകത്തിലെ കസ്തൂരിയും മിഥുനത്തിലെ സുലോചനയും സൃഷ്ടിച്ച ജനപ്രിയതയ്ക്ക് തുടർച്ചയുണ്ടാകുന്നു, പുതുകാലത്തിൽ പുതുവേഷങ്ങളുമായി ഉയരങ്ങളിലേക്ക് ചുവടുവെക്കുന്നു. കോവിഡ് കാലത്ത്‌ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ പ്രദർശനത്തിനെത്തിയ മൂന്നു ചിത്രങ്ങളിലും ഉർവശി തന്റെ വേഷം ഗംഭീരമാക്കി. മധ്യവയസ്കയുടെ പ്രണയം പറയുന്ന ജയറാം-ഉർവശി ടീമിന്റെ ‘പുത്തംപുതുകാലൈ’, ഹിറ്റ് ലിസ്റ്റിലേക്ക് കുതിക്കുന്ന സൂര്യയുടെ ‘സുരറൈ പോട്ര്’, നർമത്തിന്റെ അകമ്പടിയിൽ സാമൂഹികവിമർശനം നടത്തിയ ‘മൂക്കുത്തി അമ്മൻ’ എന്നിവയിലെല്ലാം സ്വാഭാവികപ്രകടനത്തിലൂടെ താരം കൈയടിനേടി. സിനിമയിൽ സംഭവിച്ച ഹാട്രിക് ആഹ്ലാദം പങ്കുവെച്ച് ഉർവശി സംസാരിക്കുന്നു.

 കോവിഡ് കാലത്ത് സിനിമ സമ്മാനിച്ച ആഹ്ലാദത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങാം
 കോവിഡ് പ്രശ്നങ്ങൾക്കിടയിലും മനസ്സിനൊരുപാട് സന്തോഷം നൽകാൻ സിനിമയിൽനിന്നു ലഭിക്കുന്ന നല്ലവാക്കുകൾക്ക് കഴിയുന്നുണ്ട്. മൂന്നു സിനിമകളും ഏതാണ്ട് ഒരേസമയത്ത് പ്രദർശനത്തിനെത്തിയെന്നത് യാദൃച്ഛികമാണ്. ‘സുരറൈ പോട്രി’ന്റെ ചിത്രീകരണവും ഡബ്ബിങ്ങുമെല്ലാം പൂർത്തിയാക്കിയിട്ട് ഒരുവർഷത്തിലേറെയായി. മൂക്കുത്തി അമ്മൻ മാർച്ച്-ഏപ്രിൽ മാസത്തിൽ റിലീസിങ്ങിനൊരുങ്ങിയ സിനിമയാണ്. ഇരുചിത്രങ്ങളും തിയേറ്ററുകളിൽ ഫെസ്റ്റിവൽ റിലീസായെത്തിക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷേ, കാര്യങ്ങൾ മാറിമറിഞ്ഞു. കോവിഡ് കാലത്ത് ചിത്രീകരിച്ച സിനിമയാണ് പുത്തംപുതുകാലൈ. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ സിനിമ റിലീസ് ചെയ്യുമ്പോൾ എത്രത്തോളം അത്‌ പ്രേക്ഷകരിലേക്കെത്തുമെന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാൽ, റിലീസ് ചെയ്ത രാത്രിമുതൽ അഭിനന്ദനമറിയിച്ചുള്ള വിളികൾ എത്തിത്തുടങ്ങി. നമ്പർ തേടിപ്പിടിച്ച് വിളിച്ച പഴയ പരിചയക്കാരും ഏറെ. സിനിമ കണ്ടവരെല്ലാം തിയേറ്ററിൽ കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമമാണ് പങ്കുവെച്ചത്. മറ്റൊരുതരത്തിലത് ശുഭസൂചനയാണ്. ഒ.ടി.ടി. സജീവമാകുമ്പോഴും വീടകങ്ങളിൽ സിനിമ ചുരുങ്ങിപ്പോകുമെന്ന ആശങ്കയില്ലാതാക്കുന്നതാണ് പ്രേക്ഷകരുടെ വാക്കുകൾ.

 ആദ്യകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഇന്ന് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധചെലുത്താറുണ്ടോ
 സിനിമയെ ഒരു പ്രൊഫഷനായി കാണുന്നവർക്ക് വലിയതരത്തിലുള്ള തിരഞ്ഞെടുപ്പുകളൊന്നും നടത്താൻ സാധിക്കില്ല. ജോലിയുടെ ഭാഗമായി പലസിനിമയുമായും സഹകരിക്കേണ്ടിവരും. എങ്കിലും അഭിനയിക്കേണ്ട വേഷത്തെക്കുറിച്ചും കഥയിലെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം അന്വേഷിക്കാറുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നിവയിലെല്ലാം ഇടവേളകളില്ലാതെ എത്താൻ  ശ്രദ്ധിക്കാറുണ്ട്. സുരറൈ പോട്ര് തുടങ്ങുന്നതിന്റെ ഒരുവർഷം മുമ്പുതന്നെ ഫുൾ സ്‌ക്രിപ്റ്റ് ലഭിച്ചിരുന്നു.
ചെറിയ പ്രായത്തിലേ സിനിമയിലേക്കെത്തിയതാണ്. പ്രേക്ഷകമനസ്സിൽ നിൽക്കുന്ന ഒരുപാട് വേഷങ്ങൾചെയ്യാൻ കഴിഞ്ഞു. പലകഥകളിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. കഥാപാത്രങ്ങളുടെ  തിരഞ്ഞെടുപ്പിൽ ശ്രദ്ധകാണിച്ചതിനെല്ലാം അപ്പുറം, പലകാര്യത്തിലും ദൈവത്തിൽനിന്നൊരു പ്രത്യേക പരിഗണന കിട്ടിയതായി തോന്നിയിട്ടുണ്ട്.

 പലവേഷങ്ങൾക്കും ഉർവശി നൽകിവരുന്ന ചില മാനറിസങ്ങളുണ്ട്: തുറിച്ചുനോട്ടം, ഇളകിമാറലുകൾ, അർഥഗംഭീരമായ നെടുവീർപ്പ്, സംസാരത്തിലെ കയറ്റിറക്കങ്ങൾ... കഥാപാത്രത്തിന്റെ പൂർണതയ്ക്കായി സ്വയം ചാർത്തി നൽകുന്ന അലങ്കാരങ്ങളാണോ ഇവയെല്ലാം
 കഥാപശ്ചാത്തലവും കഥാപാത്രത്തിന്റെ രീതിയും മനസ്സിലാക്കിക്കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകും. ചില സന്ദർഭങ്ങളിലെ ചില നീക്കങ്ങൾ സ്വാഭാവികമായി വന്നുചേരുന്നതാണ്. അതൊരിക്കലും ബോധപൂർവമല്ല, എങ്ങനെ സംഭവിച്ചുവെന്നു ചോദിച്ചാൽ വിശദീകരിക്കാനാവില്ല. എനിക്കറിയാവുന്നതും എന്നെ അറിയാവുന്നതുമായ ടീമിനൊപ്പം പ്രവർത്തിക്കുമ്പോൾ പ്രത്യേക എനർജി ലഭിക്കും. കഥാപാത്രങ്ങൾക്കെല്ലാം പ്രത്യേകമായെന്തെങ്കിലും മാനറിസമുണ്ടായാൽ കൊള്ളാമെന്ന് ചുരുക്കം സംവിധായകരേ പറയാറുള്ളൂ. ചില സീനുകളിൽ ഇങ്ങനെ പെരുമാറിയാൽ നന്നാവില്ലേ എന്നെല്ലാം ഞാനങ്ങോട്ട്  ചോദിക്കാറുണ്ട്. ക്യാമറയ്ക്കുമുന്നിൽ നിൽക്കുമ്പോൾ വേഷം മികച്ചതാക്കാൻ പരമാവധി ശ്രമിക്കും, ഒപ്പം അഭിനയിക്കുന്നവരുമായി നല്ലൊരു കെമിസ്ട്രി രൂപപ്പെടുമ്പോൾ പലതും സ്വാഭാവികമായി കടന്നുവരും. അച്ചുവിന്റെ അമ്മയിൽ മീരയുമായുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന രംഗങ്ങളെല്ലാം ഏറെ ആസ്വദിച്ചാണ് ചെയ്തത്.

 കുശുമ്പും കുന്നായ്മയും കുസൃതിയും നിറഞ്ഞ ഉർവശിയുടെ കഥാപാത്രങ്ങൾ യുട്യൂബിൽ ഇന്നും തരംഗമാണ്. അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അന്നെല്ലാം മുന്നൊരുക്കങ്ങളുണ്ടായിട്ടുണ്ടോ
 കൂട്ടുകുടുംബത്തിലാണ് ജനിച്ചുവളർന്നത്. അച്ഛമ്മയും അച്ഛന്റെ പെങ്ങന്മാരുമെല്ലാം ഒന്നിച്ചുള്ള വീട്. ഭക്ഷണസമയത്തെല്ലാം വലിയൊരു കൂട്ടംതന്നെയുണ്ടാകും. ബന്ധുക്കളുടെ വരവും പോക്കുമെല്ലാം നിത്യകാഴ്ചകൾ. ശരാശരി മലയാളിയുടെ മനോവികാരങ്ങളെല്ലാം കുട്ടിക്കാലത്തുതന്നെ എന്നിലേക്കെത്തിയിരുന്നു. സിനിമയിൽ പല കഥാപാത്രത്തെക്കുറിച്ചും വായിച്ചുകേൾക്കുമ്പോൾത്തന്നെ റിലേറ്റ് ചെയ്യാൻ ഒരു മുഖം എത്തുമായിരുന്നു. തലയണമന്ത്രത്തിലെ കാഞ്ചനയെല്ലാം ശക്തമായത് അങ്ങനെയാണ്. അപരിചിതമായ കഥാപാത്രങ്ങൾ വിരളമായേ ലഭിച്ചുള്ളൂ. അത്തരം അവസരങ്ങളിലെല്ലാം സംവിധായകരോടും എഴുത്തുകാരോടും വേഷത്തെക്കുറിച്ച് കൂടുതലായി ചോദിച്ചറിയുമായിരുന്നു.

 സിനിമ ഒട്ടേറെ മാറ്റങ്ങളിലൂടെ മുന്നോട്ടുപോകുന്നു. പുതിയ തലമുറയ്ക്കൊപ്പം ചേരുമ്പോഴുള്ള ചിത്രീകരണവിശേഷങ്ങൾ
 ഇന്ന് സിനിമയിലേക്കെത്തുന്ന പുതിയകുട്ടികൾ അധികവും വലിയ കഴിവുള്ളവരാണ്. സിനിമയിലേക്കിറങ്ങുമ്പോൾ എനിക്ക് ദൂരദർശൻ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. ഇന്ന് ഒട്ടേറെ ചാനൽ ഷോകളിലൂടെയും സ്റ്റേജ് പെർഫോമൻസുകളിലൂടെയും സഭാകമ്പമൊന്നും കൂടാതെയാണ് കുട്ടികളെത്തുന്നത്. സംവിധായകരെയും സിനിമയിലെ മുതിർന്നവരെയുമെല്ലാം പണ്ട് അധ്യാപകരെപ്പോലെയാണു കണ്ടത്. ഇന്ന് സൗഹൃദക്കൂട്ടായ്മയിലൂടെയാണ് മിക്ക ചിത്രീകരണങ്ങളും മുന്നോട്ടുപോകുന്നത്. അത് നല്ലത്, ഇത് മോശം എന്നൊന്നും പറയാനാവില്ല. അന്നും ഇന്നും ആസ്വദിച്ചും ഇഷ്ടപ്പെട്ടുമാണ് സിനിമയുടെ ഭാഗമാകുന്നത്.

 മലയാളസിനിമയ്ക്കുള്ളിൽ സ്ത്രീകൂട്ടായ്മകൾ ഉയരുമ്പോഴും സംഘടനയ്ക്കുള്ളിൽ പൊട്ടിത്തെറികൾ സംഭവിക്കുമ്പോഴും ഉർവശിയുടെ ശബ്ദം അവിടെയൊന്നും കേൾക്കുന്നില്ല
 സ്ത്രീകളുടെ സംഘടനകൾ തുടങ്ങിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വിഷയവുമായി ഞാൻ ആരോടും സംസാരിച്ചിട്ടില്ല, എന്നോടും ആരുമൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിലും അവരുടെ ശബ്ദമാകാനും സംഘടനകളുണ്ടാകുന്നത് നല്ലതാണ്. താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാം. അർഹതപ്പെട്ട ഒരുപാടുപേർക്ക് സംഘടനയിലൂടെ വലിയ സഹായം ലഭിക്കുന്നുണ്ട്. അമ്മപോലൊരു സംഘടനയെ തകർത്തുകൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവർത്തനം.