കേണൽ ജോൺ പെന്നിക്വിക്ക് എന്ന പേരുകേൾക്കുമ്പോൾ ഇപ്പോഴും തമിഴകത്തിന്റെ കണ്ണുനിറയും. നൂറ്റാണ്ടുകളോളം വറുതിയിലാണ്ടിരുന്ന മധുര രാജ്യത്തെ മനുഷ്യരുടെ രക്ഷകനായാണ് അവർ പെന്നിക്വിക്കിനെ കാണുന്നത്. തങ്ങളുടെ നാടിന്റെ പടിഞ്ഞാറ്, കോട്ടപോലെ ഉയർന്നുനിൽക്കുന്ന മലനിരകളിൽ മാസങ്ങളോളം മഴപെയ്യുന്നത് കാണാനും അതേസമയംതന്നെ, ജലക്ഷാമത്തിന്റെ ദുരിതമനുഭവിക്കാൻ വിധിക്കപ്പെട്ടവരുമായിരുന്നു മധുരയിലെ ജനത. അതേ മലനിരകളിൽനിന്നും ഒഴുകിയിറങ്ങി സമതലങ്ങളിലൂടെ കടലിലെത്തുമ്പോഴേക്കും മധുര രാജ്യത്തിലെ പ്രിയപ്പെട്ട നദി വൈഗ വരണ്ടുണങ്ങുന്നതും പതിവായിരുന്നു. ചോളരാജാക്കന്മാരുടെ തഞ്ചാവൂർ, കാവേരി നദിയുടെ അനുഗ്രഹത്താൽ സമ്പന്നമായി മുന്നേറുമ്പോൾ തൊട്ടടുത്ത് പാണ്ഡ്യരാജാക്കന്മാർ ഭരിച്ചിരുന്ന മധുര ജലക്ഷാമത്താൽ പലകുറി വറ്റിവരണ്ടു. വൻതോതിൽ ആൾനാശവും കൃഷിനഷ്ടവും വളർത്തുമൃഗങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും പാണ്ഡ്യരാജ്യത്തെ പട്ടിണിയിലാക്കി. മഴവെള്ളം മണ്ണണകളിൽ ശേഖരിച്ച് കൈക്കോട്ടുകൊണ്ട് കനാലുകളുണ്ടാക്കി അനേകദൂരത്തിലെത്തിച്ച് ധാന്യങ്ങൾ കൃഷിചെയ്യുന്നതിൽ തമിഴ് കർഷകർക്ക് പ്രത്യേക കഴിവുണ്ട്. ചോളരാജാക്കന്മാർ രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച കല്ലണ ഇപ്പോഴും പ്രശസ്തമാണ്. എന്നാൽ, പതിനേഴാം നൂറ്റാണ്ടിലെ മഹാ വറുതിക്കാലം മധുരയെ ഉലച്ചു. അപ്പോഴാണ് സിവിൽ എൻജിനിയർ പെന്നിക്വിക്ക്  മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച് അനേക തലമുറകളനുഭവിച്ച ജലക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കിയത്‌. അങ്ങനെ അദ്ദേഹം മധുരയിലെ സമതലങ്ങളിലുള്ള മനുഷ്യരുടെ കാണപ്പെട്ട ദൈവമായി.

 വാർത്തകളിൽനിറഞ്ഞ് അണക്കെട്ടും പെന്നിക്വിക്കും
മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണം അക്കാലത്ത് ലോകമെങ്ങും അറിയപ്പെട്ടിരുന്നു. കാർഷികാവശ്യങ്ങൾക്കും കുടിവെള്ളത്തിനും അണക്കെട്ടുകൾ നിർമിക്കുന്നത് പുതുമയല്ല. എന്നാൽ, മുല്ലപ്പെരിയാർ അണക്കെട്ട് ലോകത്തെ വിസ്മയിപ്പിച്ച നദീസംയോജനമായിരുന്നു. അതിനാൽ ശാസ്ത്രലോകം അണക്കെട്ടുനിർമാണത്തിന്റെ വാർത്തകൾക്കായി കാത്തിരുന്നു. വെളിച്ചം കടക്കാത്ത തേക്കടിക്കാടുകൾ അന്ന്്് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു. തിരുവിതാംകൂർ അതിശ്രദ്ധയോടെ പരിപാലിച്ചിരുന്ന ഏലമലക്കാടുകളുടെ അതിരിലെ ചൊക്കൻ പെട്ടി മലയിൽ ഉറവപൊട്ടി നദിയായി അറേബ്യൻ കടലിലേക്ക് ഒഴുകുമ്പോൾ കൊച്ചിരാജ്യത്ത് പ്രവേശിക്കുന്നു. അണകെട്ടി വെള്ളം കൊണ്ടുപോകേണ്ടത് മധുര രാജ്യത്തിലേക്കും. അണക്കെട്ടു നിർമാണത്തിനുള്ള ആലോചന തുടങ്ങിയപ്പോൾമുതൽ നിലയ്ക്കാത്ത ജലപ്രവാഹവും വിവാദവും! ഇന്ത്യൻ ഉപഭൂഖണ്ഡം ഉണ്ടായ കാലംമുതൽ പടിഞ്ഞാറോട്ട് ഒഴുകിയിരുന്ന പെരിയാറിനെ അണകെട്ടി കിഴക്കോട്ടൊഴുക്കി വൈഗ നദിയുടെ കൈവഴികളിലൊന്നിൽ ചേർക്കാനുള്ള ആശയം രൂപംകൊണ്ട് 100 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് പദ്ധതി പൂർത്തിയായത്. മധുരയിലെ പാണ്ഡ്യരാജാക്കന്മാരുടെ സാമന്തനായിരുന്ന രാംനാഥ് അധികാരിയാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്ന് മധുര മാന്വലിൽ പരാമർശിക്കുന്നു. ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥന്റെ മകനായി 1841-ൽ പുണെയിൽ ജനിച്ച ജോൺ പെന്നിക്വിക്ക്, ബ്രിട്ടണിലെ ചെൽട്ടൺഹാം റോയൽ ഇന്ത്യൻ എൻജിനിയറിങ്‌ കോളേജിൽ ചേരുന്നതിന് വളരെ വർഷങ്ങൾക്കു മുമ്പേതന്നെ അണക്കെട്ടുനിർമാണ പദ്ധതി മദ്രാസിൽ രൂപംകൊണ്ടു. അങ്ങനെ എൻജിനിയറിങ്‌ പഠനത്തോടൊപ്പം ഇന്ത്യൻ ജിയോഗ്രഫി പ്രത്യേകമായി പഠിച്ച പെന്നിക്വിക്കിന്റെ നിയോഗം വേറിട്ടതായി.

1800-കളിൽ മധുര കളക്ടറായിരുന്ന ക്യാപ്റ്റൻ കോൾഡ്വെൽ അണക്കെട്ടും നദീസംയോജനവും സംബന്ധിച്ച സാധ്യതാപഠനത്തിന് ഔദ്യോഗികമായി തുടക്കമിട്ടു. വന്യജീവികൾ നിറഞ്ഞ പെരിയാർ കാടുകളിൽ മനുഷ്യർക്ക് കടന്നുകയറി ജീവിക്കുക സാധ്യമല്ലെന്ന് റിപ്പോർട്ടെഴുതി . പിന്നീട് പതിനാറു വർഷങ്ങൾക്കുശേഷം മദ്രാസ് പ്രസിഡൻസിയുടെയും തിരുവിതാംകൂർ രാജ്യത്തിന്റെയും അതിർത്തിനിർണയ സർവേ നയിച്ച, ലെഫ്റ്റനന്റ് വാർഡ്, ലെഫ്റ്റനൻറ് കോർണർ എന്നിവരുടെ റിപ്പോർട്ടിലെ സമഗ്രവിവരങ്ങൾ പ്രകാരം പെരിയാർ വാട്ടർ വർക്സ് വീണ്ടും ചർച്ചയായി. 1837-ൽ രണ്ടാമത്തെ സംഘത്തെ മദ്രാസ് ഭരണകൂടം നിയോഗിച്ചു. രണ്ടാം സംഘത്തെ കാത്തിരുന്നത് മലമ്പനിയെന്ന മഹാവ്യാധിയായിരുന്നു. പഠനസംഘം പിൻവാങ്ങിയതോടെ അജ്ഞാതജീവികളുടെ കൂടാരമാണ് പെരിയാർ കാടുകളെന്ന് മധുര രാജ്യത്തെ ഗ്രാമീണർ സംശയിച്ചു. അതിൽതന്നെ അവർ ഏറെ ഭയന്നത് കാടുകളുടെ കാവൽക്കാരനായ ശെയ്ത്താനെയും.
പെന്നിക്വിക്കിക്കിന്റെ മുഖ്യചുമതലയിൽ മുല്ലപ്പെരിയാർ ഡാം നിർമാണദൗത്യം എത്തുമ്പോഴേക്കും മദ്രാസ് പ്രസിഡൻസിയിൽ മുൻകാലത്തെക്കാളും രൂക്ഷമായ വറുതി പിടിമുറുക്കിയിരുന്നു. ചരിത്രത്തിലെ സമാനതകളില്ലാത്ത ദൗത്യത്തിന് പെന്നിക്വിക്ക് മുന്നിട്ടിറങ്ങി. ഏലമലക്കാടുകളുടെ കിഴക്കൻ അതിർത്തിയിലെ മംഗളാദേവി,  വെള്ളിമല മലനിരകളുടെ നെറുകയിൽനിന്ന്‌ രൂപംകൊണ്ട് ബംഗാൾ ഉൾക്കടലിലെ രാമേശ്വരത്തേക്ക്‌ ഒഴുകിയെത്തുന്ന വൈഗ നദിയിലേക്ക്, ഇതേ മലനിരകളിൽ ഉദ്‌ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ ചേരുന്ന പെരിയാറിനെ അണകെട്ടി, വെള്ളം ശേഖരിച്ച്, കിഴക്കോട്ടൊഴുക്കാനുള്ള നദീസംയോജന

കർമപദ്ധതിക്ക്  സമഗ്രമായ
രൂപരേഖ തയ്യാറാക്കി. മൂന്നു നാട്ടുരാജ്യങ്ങൾ ഉൾപ്പെടുന്ന പദ്ധതി മദ്രാസ് ഗവർണർ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അനുമതിക്കായി സമർപ്പിച്ചു. മധുരയും തിരുവിതാംകൂറും കൊച്ചിയും അണക്കെട്ടും നദീസംയോജനവും സംബന്ധിച്ചുള്ള തർക്കങ്ങളും മദ്രാസിലെ റോയിട്ടേഴ്‌സ് ലേഖകന്റെ റിപ്പോർട്ടിലൂടെ ബ്രിട്ടീഷ് രാജാവ് മനസ്സിലാക്കി. കൊച്ചി, തിരുവിതാംകൂർ രാജാവുമായുള്ള ചർച്ചകൾക്ക് പെന്നിക്വിക്കിനെ തന്നെ ചുമതലപ്പെടുത്തി.

 നയതന്ത്രവിജയം
പെരിയാർ നദിയുടെ പകുതിയിലേറെ ദൂരം മലഞ്ചെരിവുകളാണെന്നും സമതലങ്ങളിൽ മാസങ്ങളോളം നീളുന്ന വെള്ളപ്പൊക്കക്കെടുതികളാൽ കൊച്ചി രാജ്യം കഷ്ടപ്പെടുന്നതും പതിവാണെന്ന് പെന്നിക്വിക്ക് മനസ്സിലാക്കി. അണകെട്ടിയാൽ വെള്ളപ്പൊക്കം നിയന്ത്രിച്ച് കൂടുതൽ സമതലങ്ങൾ നെൽകൃഷിക്ക് ലഭിക്കുമെന്നും കൊച്ചി ഭരണകൂടത്തെ ബോധ്യപ്പെടുത്തി. പെരിയാർ നദിയിലൂടെ കോതമംഗലം, തൃക്കാരിയൂർ, കുന്നത്തുനാട് പ്രദേശങ്ങളിലെ ചരക്കുനീക്കം തടസ്സപ്പെടുമോ എന്നതായി അടുത്ത തർക്കവിഷയം. അക്കാലത്ത് കെട്ടുവള്ളങ്ങളിൽ പെരിയാറിലൂടെ വൻതോതിൽ ചരക്കുനീക്കവും വാണിജ്യവും നടത്തിയിരുന്നു. കുന്നത്തുനാട്, കോടനാട,് മലയാറ്റൂർ പ്രദേശങ്ങളിലെ തേക്കുതടികളും മറ്റും പെരിയാർ നദിയിലൂടെ ഒഴുക്കിയും വള്ളങ്ങളിൽ കെട്ടിവലിച്ചും തുറമുഖത്തെത്തിച്ച് കയറ്റുമതി നടത്തുന്നത് കൊച്ചിയുടെ പ്രധാന വരുമാനമാർഗമായിരുന്നു. കാലവർഷത്തിലെ അധികജലം മാത്രമാണ് സംഭരിച്ച് കൊണ്ടുപോകുന്നതെന്നും പെരിയാറിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സമുണ്ടാകില്ലെന്നും കൊച്ചിയെ ബോധ്യപ്പെടുത്താൻ പെന്നിക്വിക്ക് എന്ന നയതന്ത്രജ്ഞൻ വഴികണ്ടെത്തി. പെരിയാർ തീരം വർഷംതോറും കാലവർഷക്കെടുതികളാൽ ഉലയുമ്പോൾ പശ്ചിമഘട്ടമലനിരകളുടെ മറുവശത്ത് അതേസമയം ജലക്ഷാമത്താൽ മനുഷ്യരും വളർത്തുമൃഗങ്ങളും കൂട്ടത്തോടെ നഷ്ടപ്പെടുന്നതും കൊച്ചിയും തിരുവിതാംകൂറും അനുതാപത്തോടെ കണ്ടു. സർവോപരി ബ്രിട്ടീഷ് ഭരണകൂടത്തിന്റെ രാഷ്ട്രീയതീരുമാനങ്ങളെ ലംഘിക്കാൻ നാട്ടുരാജ്യങ്ങൾക്ക് കഴിയുമായിരുന്നില്ല. മുല്ലപ്പെരിയാർ അണക്കെട്ടുനിർമാണ പദ്ധതിയുമായി മദ്രാസ് പ്രസിഡൻസിയിൽ മുന്നോട്ടുപോകുന്നതിനിടയിൽ വീണ്ടും കടുത്ത വേനലും വറുതിയും നാടിനെ കുഴക്കി. മൂന്നിലൊരു ഭാഗം കൃഷിയും വളർത്തുമൃഗങ്ങളും നഷ്ടപ്പെടുന്ന സാഹചര്യങ്ങളും വൈഗയുടെ തീരങ്ങളിലുണ്ടായി. ഓരോ വർഷവും ദുരിതാശ്വാസത്തിനായി വൻതുക ചെലവഴിക്കേണ്ടിവരുന്നതിനാൽ സ്വാഭാവികമായും അണക്കെട്ടുനിർമാണമാരംഭിക്കാൻ ഭരണകൂടം തീരുമാനിച്ചു. പെന്നിക്വിക്കിന്റെ കാര്യക്ഷമതയിൽ വിശ്വാസമർപ്പിച്ച് നിർമാണാവശ്യങ്ങൾക്കുള്ള യന്ത്രങ്ങൾ സംഭരിക്കാൻ അദ്ദേഹത്തെ മദ്രാസ് ഗവർണർ ബ്രിട്ടനിലേക്കയച്ചു. വേണ്ടത്ര യന്ത്രങ്ങളുമായി പെന്നിക്വിക്കും സംഘവും തൂത്തുക്കുടി തുറമുഖത്ത് കപ്പലടുപ്പിച്ചു.

തൂത്തുക്കുടി തുറമുഖത്തുനിന്ന്‌ വത്തലക്കുണ്ട് വരെയാണ് (കൊടൈയ് റോഡ് സ്റ്റേഷൻ) അക്കാലത്ത് ട്രെയിൻ സർവീസുള്ളത്. റെയിൽവേ സ്റ്റേഷനിൽനിന്നു യന്ത്രങ്ങൾ അണക്കെട്ട് നിർമിക്കുന്നിടത്ത് എത്തിക്കാൻ വീണ്ടും 100 മൈൽ ദൂരവും പാലമില്ലാത്ത നാലു പുഴകളും കടക്കണം. എണ്ണിയാലൊടുങ്ങാത്ത പ്രതിബന്ധങ്ങൾ ഒന്നൊന്നായി പെന്നിക്വിക്കിനെ കാത്തിരിക്കുകയായിരുന്നു. അണക്കെട്ട് നിർമിക്കുന്നിടത്തേക്ക് യന്ത്രങ്ങൾ മാത്രമല്ല ഇതര നിർമാണസാമഗ്രികളും ഭക്ഷ്യവിഭവങ്ങളുമെല്ലാം കൃത്യസമയത്ത് എത്തിക്കാൻ അനേകം കാളവണ്ടികൾ ഏർപ്പെടുത്തി. മലമുകളിലേക്ക് 1:15 ഗ്രേഡിയന്റിൽ മൺപാതയും ഇതിനോടകം നിർമിച്ചു (ഇപ്പോഴത്തെ കമ്പം-കുമളി റോഡ്). എന്നാൽ, ചരക്കുനീക്കത്തിലെ കാലതാമസം തടസ്സമായി. പെന്നിക്വിക്കിന്റെ എൻജിനിയറിങ്‌ ബുദ്ധി ഉണർന്നുപ്രവർത്തിച്ചു. കമ്പം വാലിയിൽനിന്ന്‌ ഡാം സൈറ്റിലേക്ക് പതിനാറായിരം അടി ദൂരത്തിൽ റോപ് വേ നിർമിക്കാൻ പദ്ധതി തയ്യാറാക്കി (അണക്കെട്ട് നിർമാണം പൂർത്തിയായപ്പോൾ ഉപേക്ഷിക്കപ്പെട്ട റോപ്‌ വേ മൂന്നാറിലെ കണ്ണൻ ദേവൻ കമ്പനി വാങ്ങി. കമ്പം വാലിയിൽനിന്നും തേവാരം വഴി ബോഡി നായ്ക്കന്നൂരിലെത്തിച്ച് കുരങ്ങിണി(ബോട്ടം സ്റ്റേഷൻ)യിൽനിന്നും കോട്ടഗുഡി ഹിൽസിലേക്ക് രണ്ടരമൈൽ നീളത്തിൽ സ്ഥാപിച്ച് ചരക്കുനീക്കം നടത്തി. കണ്ണൻ ദേവൻ മലനിരകളിലെ തേയില ഈ റോപ് വേയിലൂടെ കുരങ്ങിണി താഴ്വരയിലേക്കും അവിടെനിന്നും അമ്മനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് കാളവണ്ടിയിലും ശേഷം തൂത്തുക്കുടി പോർട്ടിലേക്ക്‌ ട്രെയിനിലും അയച്ചിരുന്നു. കോട്ടഗുഡി ഹിൽസിലെ റോപ് വേ സ്റ്റേഷൻ പിന്നീട് ടോപ് സ്റ്റേഷൻ എന്ന പേരിലാണറിയപ്പെടുന്നത്).

 റോപ് വേ കടന്നുപോകുന്ന ഭാഗങ്ങളിലെ മരങ്ങൾ നീക്കംചെയ്തു. കമ്പകമരങ്ങളുടെ (തമ്പകം) ഉരുളൻതടികൾ റോപ് വേയുടെ തൂണുകളാക്കാൻ തീരുമാനിച്ചു. വെട്ടിവീഴ്ത്തുന്ന മരങ്ങൾ വലിച്ച് തൂണുകൾ സ്ഥാപിക്കാൻ പരിശീലനം ലഭിച്ച ആനകളെ എത്തിച്ചു. ആനകൾക്ക് നടന്നിറങ്ങാൻ പ്രയാസമുള്ള മലഞ്ചെരിവിൽ കൊച്ചിരാജ്യത്തുനിന്നും ലാസ്‌കർമാരുടെയും ഖലാസികളുടെയും സേവനം ലഭ്യമാക്കി. ഒന്നിടവിട്ട് വാരിക്കുഴികൾ തീർത്ത് (ചെസ്സ് ബോർഡിലെ കളങ്ങൾപോലെ) കാട്ടാനക്കൂട്ടത്തെ വിരട്ടിയോടിച്ച് കുഴികളിൽ വീഴിക്കുന്നതും ഒരുക്കി തടിപിടിപ്പിക്കാൻ പരിശീലിപ്പിക്കുന്നതും അക്കാലത്ത് സാധാരണമായിരുന്നു. ഇക്കാര്യത്തിൽ മലയരയന്മാരുടെ മികവ് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടുവർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിൽ അണക്കെട്ട് നിർമാണം ആരംഭിക്കാനുള്ള പ്രാഥമിക നടപടികൾ ലക്ഷ്യംകണ്ടു. 6000 അടി ടണൽ നിർമിക്കാനുള്ള യന്ത്രങ്ങൾ, സുർക്കി മിശ്രിതം ഉണ്ടാക്കാനുള്ള പ്ലാന്റ്, ടണൽ തുരക്കുമ്പോൾ ലഭിക്കുന്ന കല്ല് ഡാം സൈറ്റിലെത്തിക്കാനുള്ള ട്രാം വേ, 16,000 അടി നീളത്തിലുള്ള റോപ് വേ എന്നിങ്ങനെ ഒട്ടേറെ വിസ്മയകരമായ വാർത്തകളാൽ മുല്ലപ്പെരിയാർ അണക്കെട്ടുനിർമാണം വാർത്തകളിൽ നിറഞ്ഞു. അന്നത്തെ മദ്രാസ്‌ പ്രസിഡൻസി ഗവർണറായിരുന്ന ലോർഡ് കോന്നിമാറ നേരിട്ടെത്തി മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നിർമാണസ്ഥലത്തെ ഒരു പടുകൂറ്റൻ മരം വെട്ടിവീഴ്ത്തിയാണ് ഉദ്‌ഘാടനം നിർവഹിച്ചതെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു!

 പ്രതിസന്ധികൾ, പ്രതിസന്ധികൾ...
ഓരോ പ്രതിസന്ധിയും ചിട്ടയോടെ മറികടന്ന പെന്നിക്വിക്ക് ടീം പ്രകൃതിയുടെ പരീക്ഷണങ്ങളെ തരണംചെയ്യാനാവാതെ ഒട്ടൊന്ന് കുഴങ്ങിയതും അണക്കെട്ടുനിർമാണ ചരിത്രം പരിശോധിക്കുമ്പോൾ കാണാൻകഴിയും. വനാന്തരങ്ങളിലെ അനോഫിലസ് കൊതുകുകൾ വഴി പടരുന്ന മലമ്പനി അതിലൊന്നാണ്. അണക്കെട്ടിന്റെ പണികൾ പുരോഗമിക്കുന്നതിനിടയിൽ മലമ്പനിബാധിച്ച് തൊഴിലാളികൾ കൂട്ടത്തോടെ വഴിയിലും അവരുടെ കുടിലുകളിലും വീണുമരിച്ചു. ശേഷിച്ചവർ കൂട്ടപ്പലായനം നടത്തി. ഇരുട്ടിന്റെ മറവിൽ വന്യമൃഗങ്ങൾ ധാരാളമുള്ള കാട്ടിലൂടെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയവർ അപകടത്തിൽപ്പെട്ട ദാരുണസംഭവങ്ങൾ ഒട്ടേറെ. മലമ്പനിയെ നിയന്ത്രിക്കാൻകഴിയാതെ എല്ലാവർഷവും ഏപ്രിൽമുതൽ ജൂലായ്‌വരെ നാലുമാസക്കാലം പണികൾ പൂർണമായും നിർത്തിവെക്കാൻ നിർബന്ധിതരായി. അതിനിടയിലുണ്ടായ അതിശക്തമായ തുലാവർഷപ്പെരുമഴയിൽ അണക്കെട്ടിന്റെ ഏതാനും ഭാഗങ്ങൾ പുഴയെടുത്തു. അനേകം യന്ത്രങ്ങളും ഉപകരണങ്ങളും റോപ് വേ ചലിപ്പിക്കാനുള്ള താത്‌കാലിക വൈദ്യുതിനിലയവും തകർന്നു. കണക്കാക്കിയതിലും വലിയ തുക അപ്പോഴേക്കും ചെലവായതിനാൽ നിർമാണം നിർത്തി എൻജിനിയർമാരോട് മദ്രാസിലെത്താൻ ഗവർണർ ഉത്തരവിട്ടു. അനേകവർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് അതിദുഃഖത്തോടെ പെന്നിക്വിക്ക് നാട്ടിലേക്ക് മടങ്ങി.

  പൊതുഭരണത്തിലും എൻജിനിയറിങ്ങിലും നിലനിന്നിരുന്ന പരമ്പരാഗതശൈലികളും കീഴ്‌വഴക്കങ്ങളും മാറ്റിമറിച്ചുകൊണ്ട് ചുരുങ്ങിയ ഇടവേളയ്ക്കുശേഷം പെന്നിക്വിക്ക് തിരികെയെത്തിയത് അസാധാരണമയ തീരുമാനങ്ങളുമായാണ്. മാതാപിതാക്കളിൽനിന്നു കൈമാറിക്കിട്ടിയ സ്വത്തുവകകൾ വിറ്റുകിട്ടിയ പണം അണക്കെട്ടുനിർമാണത്തിൽ ചെലവഴിക്കുകയായിരുന്നു പെന്നിക്വിക്ക് എന്ന ജീനിയസ്‌. രണ്ടാംവരവിൽ അദ്ദേഹത്തെ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയറായി മദ്രാസ് പ്രസിഡൻസി നിയമിച്ചു. ഭക്ഷ്യക്ഷാമത്താൽ കൊള്ളയിലേക്കുനീങ്ങിയ ഒരു സമൂഹത്തെ ജലസേചനപദ്ധതിയിലൂടെ കാർഷികാഭിവൃദ്ധിയിലേക്ക് നിശ്ശബ്ദമായി കൈപിടിച്ചു നയിക്കുകയായിരുന്നു പെന്നിക്വിക്ക് എന്ന പ്രതിഭ. അണക്കെട്ടുനിർമാണം പുനരാരംഭിച്ച് ജലനിരപ്പുയർന്നപ്പോൾ ടണലിൽനിന്നും പൊട്ടിച്ചെടുക്കുന്ന കല്ലുകൾ ഡാം നിർമാണ സ്ഥലത്തെത്തിക്കാൻ ഏതാനും ബോട്ടുകൾ നിർമിച്ചു. തുടർച്ചയായ മലമ്പനിക്കാലം ദൈവകോപമെന്ന് വിശ്വസിച്ച് സമീപവാസികളായ ഗ്രാമീണർ പലായനംചെയ്തപ്പോൾ ബംഗാളിൽനിന്നും കന്യാകുമാരിയിൽനിന്നും വിദഗ്ധരായ കൽക്കെട്ടുതൊഴിലാളികളെ കണ്ടെത്തി പണികൾ തുടരുകയായിരുന്നു. ജലവൈദ്യുതി ഉത്പാദിപ്പിച്ച് മദ്രാസിലെത്തിക്കാനുള്ള ചർച്ചകൾ തുടങ്ങിയെങ്കിലും സുമാർ 300 മൈൽ നീളത്തിൽ വൈദ്യുതലൈനുകൾ സ്ഥാപിക്കാനുള്ള ഭാരിച്ച ചെലവുകൾ കാരണം മാറ്റിവെക്കുകയും ജലസേചനപദ്ധതിയുമായി മുന്നോട്ടുപോവുകയുമായിരുന്നു ഭരണകൂടം.  

 ഒടുവിൽ ആ ദിനം
ഒടുവിൽ പല തലമുറകൾ കാത്തിരുന്ന സുദിനം വന്നെത്തി. 1895 സെപ്റ്റംബർ പതിനൊന്നാം തീയതി മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ടണലിലൂടെ ഒഴുക്കി. ഒരു ലക്ഷത്തി പതിനായിരം ഏക്കർ ഭൂമിയിൽ നെൽകൃഷിക്കായുള്ള പെരിയാർ വാട്ടർ വർക്സ് ജലസേചന പദ്ധതി പൂർത്തിയായി. തുടർന്ന് ഒക്ടോബർ പത്തിന് മദ്രാസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചു. റോയിട്ടേഴ്‌സ് ലേഖകൻ വഴി സൗത്ത് ഇന്ത്യയിൽനിന്നു വാർത്തയറിഞ്ഞ സിവിൽ എൻജിനിയേഴ്‌സ് പെന്നിക്വിക്കിന്റെ പ്രതിഭയിൽ അഭിമാനിതരായി. അക്കാലത്തെ പരമോന്നത സിവിൽ ബഹുമതികളിലൊന്നായ കമ്പാനിയൻ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യ (CSI) പുരസ്‌കാരം ഗവർണർ പെന്നിക്വിക്കിന് സമ്മാനിച്ചു.

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെൻ നദിയോരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയിൽ കുറച്ചുകാലം സേവനമനുഷ്ഠിച്ച പെന്നിക്വിക്ക് പിന്നീട് ബ്രിട്ടനിലേക്ക് മടങ്ങി. കൂപ്പേഴ്‌സ് ഹിൽ എൻജിനിയറിങ്‌ കോളേജിന്റെ പ്രസിഡന്റ്‌ പദവിയിൽ എത്തിച്ചേർന്നു. ബ്രിട്ടനിലെ സ്ത്രീകൾ വോട്ടവകാശത്തിനുവേണ്ടി നടത്തിയ ‘സഫ്രജെറ്റ് മൂവ്‌മെന്റിൽ’  വിശാലമായ സാമൂഹിക കാഴ്ചപ്പാടുള്ള പെന്നിക്വിക്ക്, സജീവ പങ്കാളിയായി. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനനാളുകൾ. 1911 മാർച്ച് 11-ന് അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങുമ്പോൾ മധുരരാജ്യവും അനേകം തലമുറകൾനീണ്ട ക്ഷാമത്തെ മറികടന്ന് മുന്നേറുകയായിരുന്നു. പെന്നിക്വിക്കിന്റെ ജന്മദിനത്തിൽ വിളവെടുപ്പുത്സവമായ പൊങ്കൽ ആഘോഷം സംഘടിപ്പിച്ചും പ്രതിമ നിർമിച്ചും അദ്ദേഹത്തെ അനുസ്മരിക്കുന്നതിൽ കമ്പം തേനി തടങ്ങളിലെ കർഷകർ മത്സരിക്കുകയാണിപ്പോൾ. പെന്നിക്വിക്കിന്റെ പിൻതലമുറകളെ ഔദ്യോഗികമായി ക്ഷണിച്ചുവരുത്തി ആദരമർപ്പിക്കുന്നത് തമിഴ്‌നാട് ഭരണകൂടത്തിന്റെ അഭിമാനനിമിഷങ്ങളാണ്‌.

(പരിസ്ഥിതി സംരക്ഷകനും വനപരിപാലകനുമാണ്‌ ലേഖകൻ)