മക്കളേ,
ജീവിതത്തിൽ ഈശ്വരവിശ്വാസത്തിന്റെ ആവശ്യമെന്താണ് എന്നു ചിലർ ചോദിക്കാറുണ്ട്. ഈശ്വരനിൽ വിശ്വാസമില്ലാതെയും ജീവിക്കാൻ കഴിയും. പക്ഷേ, പ്രതിസന്ധികളുടെ മുന്നിൽ തളരാതെ ഉറച്ച കാൽവെപ്പുകളോടെ മുന്നോട്ടുപോകണമെങ്കിൽ, നമ്മൾ ഈശ്വരനെ ആശ്രയിച്ചുതന്നെ പോകണം.
നിസ്സാരപ്രശ്നങ്ങൾ മതി, പലർക്കും മനസ്സിന്റെ നിയന്ത്രണം നഷ്ടമാകും. ജോലിയിലുള്ള ശ്രദ്ധപോകും. വീട്ടുകാരോടും സുഹൃത്തുക്കളോടും സ്നേഹപൂർവം പെരുമാറാൻ സാധിക്കില്ല. ജീവിതത്തിൽ സകലതിനോടും വെറുപ്പും വിദ്വേഷവുമാകും. ഗുളികകൾകൂടാതെ ഉറങ്ങാൻ പറ്റാത്ത സ്ഥിതിയിലെത്തും. ഇങ്ങനെയുള്ള എത്രയോ ജീവിതങ്ങളാണ് നമുക്കു ചുറ്റുമുള്ളത്. ഈശ്വരനിൽ ഉറച്ച ആശ്രയഭാവമുണ്ടെങ്കിൽ എത്രവലിയ പ്രശ്നത്തിനു മുമ്പിലും തളരാതിരിക്കാൻ കഴിയും. ഏത് ഇരുട്ടിലും ഒരു വെള്ളിവെളിച്ചം അവിടുന്നു കൊണ്ടുത്തരികതന്നെ ചെയ്യും.
ഈശ്വരവിശ്വാസവും പ്രാർഥനയും മരണശേഷമുള്ള ഒരു സ്വർഗത്തിനുവേണ്ടിയല്ല. മനസ്സിന്റെ ദുർബലതയെ അതിജീവിക്കാനും ജീവിതത്തിൽ താളംതെറ്റാതിരിക്കാനുംവേണ്ടിയാണ്. കമ്പിയില്ലാതെ ബഹുനിലക്കെട്ടിടം വാർത്താൽ ഉടഞ്ഞുവീഴും. കെട്ടിടത്തിന് ഉറപ്പുനൽകുന്ന ഇരുമ്പുകമ്പി പോലെയാണ് ഈശ്വരവിശ്വാസം. അതു നമ്മുടെ ദുർബലമായ മനസ്സിനെ ശക്തമാക്കുന്നു.
ഒരാളുടെ അമ്മയ്ക്ക് സുഖമില്ലാതായി. വൈദ്യൻ ഒരു ഔഷധച്ചെടിയുടെ നീരു കൊടുക്കാനായി നിർദേശിച്ചു. അയാൾ അതന്വേഷിച്ചു പലസ്ഥലത്തും അലഞ്ഞു. എങ്ങും കിട്ടുവാനുണ്ടായില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം അയാളും മകനും കൂടി ഒരു യാത്രകഴിഞ്ഞുവരുന്നവഴി അവർക്കു ദാഹംതോന്നി. വഴിയരികിൽ ഒരു കിണർ കണ്ടു. അവർ കിണറ്റുകരയിൽ ചെന്നു. അവിടെ കയറും പാളയുമുണ്ട്. അയാൾ വെള്ളം കോരുന്നതിനുവേണ്ടി പാളയിറക്കി. ഇത്രയും ദിവസം താൻ അന്വേഷിച്ചലഞ്ഞ ഔഷധച്ചെടികൾ കിണറിന്റെ അടിഭാഗത്തു വളർന്നുനിൽക്കുന്നത് അയാൾ കണ്ടു. കിണറ്റിലിറങ്ങാൻ നോക്കിയെങ്കിലും സാധിച്ചില്ല. പടവുകളില്ല. പോരാത്തതിനു കിണറിനു നല്ല താഴ്ചയുണ്ട്. അയാൾ മറ്റൊന്നും ചിന്തിച്ചില്ല. മകന്റെ അരയിൽ കയറിന്റെ ഒരറ്റം കെട്ടി അവനെ സാവധാനം കിണറ്റിലേക്കിറക്കി. ‘‘അടിയിലെത്തിയാൽ ശ്രദ്ധയോടെ ചെടികൾ പിഴുതെടുക്കണം.’’ അച്ഛൻ പറഞ്ഞു. ഈ സമയത്താണു മറ്റു ചില യാത്രക്കാർ അവിടെയെത്തിയത്. അച്ഛന്റെ പ്രവൃത്തി കണ്ട് അവർ അമ്പരന്നു. ‘‘ഈ കൊച്ചുപയ്യനെ കിണറ്റിലിറക്കുന്ന നിങ്ങൾ മനുഷ്യനാണോ?’’ അവർ ചോദിച്ചു. അച്ഛൻ നിശ്ശബ്ദനായി നിന്നതേയുള്ളൂ. താഴെയെത്തിയ മകൻ ചെടികളെല്ലാം പിഴുതെടുത്തു. അച്ഛൻ ശ്രദ്ധയോടെ, സാവകാശം മകനെ കിണറ്റിൽനിന്നും ഉയർത്തി. കരയിലെത്തിയ കുട്ടിയോടു യാത്രക്കാർ ചോദിച്ചു; ‘‘എങ്കിലും നിനക്കെങ്ങനെ ധൈര്യംവന്നു, ഈ കിണറ്റിലിറങ്ങാൻ?’’. മകൻ സംശയിക്കാതെ ഉത്തരം നൽകി. ‘‘എന്റെ അച്ഛനാണ് ആ കയറിൽപ്പിടിച്ചിരുന്നത്.’’
അച്ഛനെ ആ കുട്ടിക്ക് അത്ര വിശ്വാസമായിരുന്നു. എന്നുവെച്ച് അവർ പ്രയത്നിക്കാതെയുമിരുന്നില്ല. വിശ്വാസവും പ്രയത്നവും ഒത്തുചേർന്നതോടെ അവർക്കു വിജയം നേടാൻ സാധിച്ചു. ഈ കുട്ടിയുടേതുപോലുള്ള വിശ്വാസമാണു നമുക്ക് ഈശ്വരനോട് ഉണ്ടായിരിക്കേണ്ടത്. ‘എന്നെ രക്ഷിക്കാൻ ഈശ്വരനുണ്ട്, പിന്നെ ഞാനെന്തിന് ദുഃഖിക്കണം’ എന്ന ഭാവം വരണം. ഈ ഒരു ഉറപ്പാണു നമുക്കു ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടത്.
അമ്മ