ഞങ്ങൾ തമ്മിൽ മുപ്പത്തിയഞ്ചിലധികം വർഷത്തെ പരിചയമുണ്ട്. അതൊരു നീണ്ട കാലയളവ് തന്നെയാണ്. മുപ്പതുവർഷം എന്നത് രണ്ടു തലമുറകൾ തമ്മിലുള്ള ഏകദേശ അകലമെന്ന് കണക്കാക്കിയാൽ സൗഹൃദത്തിന്റെ ഒരു തലമുറതന്നെ കടന്നുവന്നിരിക്കുകയാണ് ഞങ്ങൾ എന്നു പറയാം. ശാന്തിപ്രസാദ് ക്ഷോഭങ്ങളില്ലാത്ത ശാന്തനായ ഒരു വ്യക്തിയാണ്. അദ്ദേഹം ചിരിക്കുമ്പോൾ ദേഹമാസകലം ഇളകാറുണ്ട്. അദ്ദേഹത്തിന്റെ നീട്ടിവളർത്തിയ താടി കാറ്റത്ത് പതാകപോലെ ഇളകിപ്പറക്കുന്നതു കാണാം. ഒരിക്കലും വെട്ടിയൊതുക്കാതെ സ്വച്ഛന്ദമായി വളർത്തിയ താടിയാണോ എന്നു ചോദിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പണ്ട് ഞാൻ താടി നീട്ടിവളർത്തിയിരുന്ന കാലത്ത് അതെങ്ങനെ വളർത്തുന്നു എന്ന് ഇങ്ങോട്ട് കയറിച്ചോദിച്ച ചിലരുണ്ട്. അന്ന് ചെറുപ്പത്തിന്റെ ധിക്കാരത്തോടെ ഞാൻ പറഞ്ഞിരുന്നു: ‘‘ഞാൻ വളർത്തുന്നതല്ല, അതു വളരുന്നതാണ്‌’’ ശാന്തിയുടെ താടി എന്റേതിനെക്കാൾ നീണ്ടതും കട്ടികൂടിയതുമാണ്. പണ്ട് ഞങ്ങൾ കുറച്ചുസുഹൃത്തുക്കൾ വെട്ടിയൊരുക്കാത്ത താടിയും അലസമായ അയഞ്ഞ വസ്ത്രങ്ങളും ധരിച്ച് നടന്നിരുന്നു. ഉടുപ്പുകൾ കാൽമുട്ടു കവിഞ്ഞുകിടക്കും. എനിക്ക് ജീൻസ് ധരിക്കുന്നതായിരുന്നു ഏറ്റവും സുഖം. ഒന്നിനോടും ഒത്തുപോകാത്ത ഒരു തലമുറയായിരുന്നു ഞങ്ങളുടേത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജനിച്ച ഞങ്ങൾക്ക് കഴിഞ്ഞുപോയ ഗാന്ധിയൻ കാലഘട്ടവുമായി അർഥപൂർണമായ ബന്ധം പുലർത്താൻ കഴിഞ്ഞില്ല. മതങ്ങൾ യുക്തിസഹമാണെന്നു തോന്നിയിരുന്നില്ല. എന്നാൽ, അജ്ഞേയവാദവും കൊണ്ടുനടന്നിരുന്നില്ല. സാധിക്കുമെങ്കിൽ വിശ്വസിക്കാം എന്നതായിരുന്നു ഞങ്ങളുടെ നിലപാട്.

1980-കളുടെ തുടക്കത്തിൽ ഞാൻ വടക്കൻ കേരളത്തിൽ ഒരു സംസ്ഥാനസർക്കാർ കോളേജിൽ അധ്യാപകനായി. ഒരിക്കൽ ഒരുകൂട്ടം വിദ്യാർഥികൾ കലാലയത്തിലേക്ക് എന്നെ അന്വേഷിച്ചുവന്ന രണ്ടുപേരെ-കുർത്തയണിഞ്ഞ താടിക്കാരന്മാരെ-കോളേജ് ഇരുന്ന കുന്നിനു ചുവട്ടിൽനിന്നും മുകളിലേക്ക് ആനയിച്ചുകൊണ്ടുവന്നു. ഞാൻ പഠിപ്പിച്ചുകൊണ്ടിരുന്ന ക്ലാസിലേക്ക് അവർ എത്തി. ശാന്തിയും രാമനുമായിരുന്നു അവർ. കോളേജ് അധ്യാപനത്തിലേക്ക് കടന്നശേഷം എന്റെയാ സുഹൃത്തുക്കളെ കാണാൻ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നാൽ, അവരിതാ വന്നിരിക്കുന്നു! സാഹിത്യത്തിലെ  ആധുനികതയെക്കുറിച്ചാണ് ഞാൻ ക്ലാസെടുത്തുകൊണ്ടിരുന്നത്. ക്ലാസ് കഴിഞ്ഞ് ഞങ്ങൾ നേരെ കാന്റീനിലേക്കു പോയി. ഏത്തയ്ക്കാ അപ്പം കഴിക്കുന്നതിനിടെ ശാന്തി ചോദിച്ചു: ‘‘ഞങ്ങൾ കൊല്ലൂർക്ക് പോകുകയാണ്. വരുന്നോ?’’. ഞാൻ നിസ്സംശയം സമ്മതിച്ചു. ഞങ്ങൾ ഉടൻതന്നെ യാത്രതിരിച്ചു. അത്യാവശ്യവസ്തുക്കൾ ഒരു കാൻവാസ് സഞ്ചിയിലാക്കി ഞങ്ങൾ വടക്കോട്ടുള്ള ആദ്യ ബസ് തന്നെ കയറി. ഇന്നത്തെക്കാൾ പ്രയാസമാണ് അന്ന് യാത്രകൾ. ബസുകൾ കുറവാണ്. ട്രെയിൻ ദിവസത്തിൽ രണ്ടുനേരമേയുള്ളൂ. കണ്ണൂർ വഴി കാസർകോട് വഴി മംഗലാപുരം എത്തി. അവിടെനിന്ന്‌ പ്രൈവറ്റ് ബസിൽ കൊല്ലൂർ  മൂകാംബിക ക്ഷേത്രസവിധത്തിൽ ഇറങ്ങി. എത്തിയപ്പോൾ സന്ധ്യയായി. രാത്രി ഒരു ആശ്രമത്തിലാണ് തങ്ങിയത്. കുന്നുകയറി കുടജാദ്രിയിലേക്കു പോകാനായി ഒരു സഹായിയെ അന്വേഷിച്ച് ശാന്തി രാവിലെ പോയി. ആ സഹായിയാണ് ചന്തുക്കുട്ടിസാമി. സാമി കറുത്ത്, ഉയരംകുറഞ്ഞ, പരുക്കനായ ഒരാളാണ്. സംസാരം കുറവ്. എപ്പോഴും ബീഡി വലിക്കും. അയാൾ കൂടെ വരാമെന്നു സമ്മതിച്ചു.

അടുത്ത പ്രഭാതത്തിൽ ഞങ്ങൾ മലകയറ്റം ആരംഭിച്ചു. ശാന്തിയും രാമനും പാചകത്തിനുള്ള സാമഗ്രികളും ചുള്ളിവിറകും കരുതിയിരുന്നു. പശ്ചിമഘട്ടത്തിലെ ഷോല കാടുകളിലൂടെയുള്ള ആ യാത്ര സ്മരണീയമായ ഒന്നാണ്. ഉഷ്ണമേഖലയിലെ നിത്യഹരിതവനമായിരുന്നു അവിടം. മാനത്തേക്കു മത്സരിച്ചു തലനീട്ടുന്ന വലിയ മരങ്ങൾ. അവയിൽനിന്ന്‌ മഞ്ഞുകണങ്ങൾ താഴെയുള്ള കുറ്റിക്കാടുകളിലേക്കും പടർപ്പുകളിലേക്കും വീണുകൊണ്ടിരുന്നു. മരങ്ങളിൽ കാറ്റടിക്കുമ്പോൾ പുഴയിലേക്കു വീഴുന്ന നിഴലുകൾ നിറഞ്ഞ വെയിലിൽ ജലം വെട്ടിത്തിളങ്ങും. സെപ്റ്റംബറിന്റെ അന്ത്യമായിരുന്നതിനാൽ ശരത്കാലത്തിന്റെ സ്പർശം ഓരോ ഇലയിലും കാണാമായിരുന്നു. ഞങ്ങൾ മെല്ലെ നീങ്ങി. സ്വല്പം കഴിഞ്ഞ് കയറ്റം കൂടുതൽ കുത്തനെയുള്ളതും ദുർഘടവുമായി. കുടജാദ്രിമലയുടെ മുകളിലെത്തിയപ്പോൾ ഞങ്ങൾ ആകെ നടന്നു  കയറിയത് 16 കിലോമീറ്ററാണെന്ന് അറിവായി. എന്നാൽ, തിങ്ങിയ കാടുകളിലൂടെയും വള്ളിപ്പടർപ്പുകളിലൂടെയും മുൾച്ചെടികൾക്കിടയിലൂടെയും കൂർത്ത കല്ലുകളിലൂടെയും പ്രയാസപ്പെട്ടു നടന്നതുകൊണ്ടാവും, കൂടുതൽ ദൂരം നടന്നതായി തോന്നിച്ചു. കുടജാദ്രിയുടെ അതിശയങ്ങളിലേക്ക് ആദ്യമായാണ് ഞാനെത്തുന്നത്. അവിടമാകെ കാണപ്പെട്ട കോടമഞ്ഞ് ഇടയ്‌ക്കൊന്ന് മാറിയപ്പോൾ നീലയും ഊതയും നിറമാർന്ന മലനിരകളുടെ വശ്യമായ കാഴ്ച! ഞങ്ങൾ മൂന്നു സുഹൃത്തുക്കളും യാത്രയിൽ മിക്കപ്പോഴും നിശ്ശബ്ദരായിരുന്നു. എന്നാൽ, ഞങ്ങൾ ഏതെങ്കിലും സ്ഥലത്തു നിൽക്കുകയോ വിശ്രമിക്കുകയോ ചെയ്യുന്നത് പരസ്പരം പറയാതെതന്നെ, അന്യോന്യം അറിഞ്ഞിട്ടെന്നപോലെയുമായിരുന്നു. കുടജാദ്രിയുടെ സ്പർശം എന്നു പറഞ്ഞുകേട്ട പ്രതിഭാസം അതായിരിക്കാം. രണ്ടുമാസംമുമ്പ് ഞാൻ ഗംഗാനദിയെപ്പറ്റി എഴുതിയ നീണ്ട കവിതയിൽ ഇങ്ങനെ കുറിക്കുകയുണ്ടായി:

‘‘പർവതങ്ങൾ ദൈവത്തിന്റെ സ്പർശമറിയുന്നു.
അവ അത്രകണ്ട് വിപുലമാണ്,
 അത്രകണ്ട് വിമൂകമാണ്,
 അത്രകണ്ട് അജയ്യമാണ്.
 ആ വ്യാപ്തിയുമായുള്ള ആഭിമുഖ്യത്തിൽ
എന്റെ ഭാവങ്ങൾ നഷ്ടമാവുന്നു.’’

മുമ്പൊരിക്കൽ ഹിമാലയത്തിന്റെ താഴത്തെ നിരയിലുള്ള പർവതങ്ങളിൽ ‘ഹിമവാന്റെ നെഞ്ചിൽ കിനിയുന്ന മഞ്ഞ്’ തേടിപ്പോയത് ഓർമ വന്നു. ഇങ്ങു തെക്കേയിന്ത്യയിലും അതുപോലെ ശ്വാസമടക്കിപ്പിടിച്ച് ആനന്ദത്തിൽ മുഴുകിനിൽക്കുന്നത് അനുഭവിച്ചു. പർവതത്തിന്റെ സ്പർശം പ്രതാപം നിറഞ്ഞതാണ്. അത് ഏതാണ്ട് ഭക്തിനിർഭരമാണ്. അജ്ഞേയമായതിനോടുള്ള ഹൃദയത്തിന്റെ ഏകാന്തമായ ആമന്ത്രണങ്ങളല്ലാതെ മറ്റെന്താണ് പ്രാർഥന? മലനിരകളുടെ ആ നിശ്ശബ്ദതയിൽ അന്വേഷകനും അന്വേഷണവും ഏകമായി ഭവിച്ചു. കുടജാദ്രി എന്നിലെന്നുമുണ്ടാവും. എന്റെ ഹൃദയം അറിഞ്ഞ ആ വികാരത്തിന്റെയാഴം, ആ കാഴ്ചയുടെ വിശാലത, വാക്കുകളാൽ പ്രതിപാദിക്കാനാവില്ല. പറ്റാത്തതിനു ഞാൻ ശ്രമിക്കുന്നുമില്ല. ഉയർന്ന്, ചുരുളുകളായി പടരുന്ന അബോധം പോലെയുള്ള അയുക്തികതയുടെ മഞ്ഞിൽ സ്വയം ലയിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. ഞാനെവിടെയായിരുന്നു? സമയം പ്രഭാതമോ പ്രദോഷമോ? ഞങ്ങൾ ശ്രദ്ധിച്ചില്ല. ഞങ്ങൾ ഉണ്മയുടെ മൂർധന്യത്തിലായിരുന്നു. അത്രതന്നെ. എന്റെ പല ചോദ്യങ്ങൾക്കും ശാന്തിയുടെ ഉത്തരം ഒരു മന്ദഹാസമാണ്. രാമനാകട്ടെ, ആ മഹാശൈലത്തിലെവിടെയെങ്കിലും അലിഞ്ഞുചേരാൻ പാകത്തിനൊരാൾ. കാറ്റിനോടും മേഘങ്ങളോടും ചേർന്നു പോകുന്നയാൾ. അയാൾ അടുപ്പുകൂട്ടുകയും പാത്രങ്ങൾ കഴുകുകയും കിടക്കാനുള്ളയിടം വൃത്തിയാക്കിവെക്കുകയും ചെയ്തു. ശാന്തി ചിലപ്പോൾ പല കാര്യങ്ങളും സംസാരിക്കാറുണ്ട്. തന്റെ ഗുരുവിനെപ്പറ്റി, ധ്യാനത്തെയും അർഥത്തെയുംപറ്റി, എല്ലാം.

 സർവജ്ഞപീഠത്തിനരികിലായി നടനംകൊണ്ട തീനാളങ്ങൾക്കു ചുറ്റുമായി ഇരുന്ന് ഞങ്ങൾ അദ്ദേഹം പറയുന്നതിന് ചെവിയോർത്തു. ആദിശങ്കരാചാര്യർ അസുഖംബാധിച്ച് കിടന്നതും അപ്പോൾ ദേവിയുടെ കാരുണ്യത്താൽ കുന്നിൽനിന്ന്‌ ജലം ഉറവയായി അദ്ദേഹത്തിന്റെയരികിലെത്തിയതും ഇവിടെയാണ്. ഞങ്ങൾ ഒരുമിച്ചിരുന്ന് അസ്തമയസൂര്യൻ മലകൾക്കിടയിൽ താണുപോകുന്നത് സാകൂതം കണ്ടു. അതോടെ ചിത്രമൂലയിലെ ഗുഹ കൂടുതൽ ഗൂഢാർഥപരമായി തോന്നിച്ചു. ഇരുട്ടുവീണതോടെ അരുവിയിലെ ജലം നിർഗളിക്കുന്ന സ്വരം കൂടുതൽ വ്യക്തമായത് അപൂർവാനുഭവമായി. അപ്പോൾ ഒരു ചൂളംവിളി കേട്ടു. മുൻപുള്ള വനസഞ്ചാരങ്ങളിൽ പലവുരു കേട്ടിട്ടുള്ളതുകൊണ്ട് അതെന്താണെന്ന് എനിക്കറിയാം. അതു ചൂളക്കാക്കയാണ്. മലബാർ വിസിലിങ്‌ ത്രഷ് എന്നും വിസിലിങ്‌ സ്‌കൂൾ ബോയ് എന്നും അറിയപ്പെടുന്ന പക്ഷി. ഒരു സ്കൂൾകുട്ടി അലസമായി ചൂളമടിക്കുന്നതുപോലെയായിരുന്നു അതിന്റെ ശബ്ദം. മങ്ങിയ സന്ധ്യാവേളയിൽ ആ ചൂളത്തിന് ഒരു നിഗൂഢതയുള്ളതായി തോന്നി. സർവജ്ഞപീഠമുള്ള മലയിലും അതിനു താഴെയുള്ള കുടജാദ്രിയുടെ പാറമുനമ്പിലും പുരാതനരുടെ ഗുഹയായ ചിത്രമൂലയിലും ആ പക്ഷിയുടെ ചൂളമടി പ്രതിധ്വനിച്ചു. സമയം പോകുന്നത് ഞങ്ങളറിഞ്ഞില്ല. അറിയണമെന്നു തോന്നിയതുമില്ല. സെപ്റ്റംബറിന്റെ അന്ത്യത്തിലുള്ള തണുപ്പ് മരങ്ങളെ ബാധിച്ചിട്ടുണ്ട്. ജ്വാലകൾ മങ്ങുന്ന ആകാശത്തിൽ നിറങ്ങൾ മായുകയും കൂടിക്കലരുകയും ചെയ്തു.  ഉണ്മയുടെ പൂർണതയിലേക്ക് വേഗം എത്തിപ്പെടുന്നുവെന്ന് സന്ദർശകന് തോന്നുന്ന അനുഭൂതിക്ക് കുടജാദ്രിയിലെ മലകൾ കാവലായി. അതുപോലെ സ്വച്ഛതയും മനസ്സിന്റെ ഉത്തേജനവും ഒരേസമയം തോന്നിച്ച മറ്റൊരു സന്ദർഭമില്ല. അതിശയകരമാണത്. ചൂളക്കാക്ക അതിന്റെ പാട്ട് തുടരുകയാണ്. കാറ്റിന് തണുപ്പ് കൂടിവന്നു. രാത്രി ഇരുളിന്റെ കമ്പളച്ചുരുൾ നിവർത്തുമ്പോൾ എവിടെയൊക്കെയോ വെളിച്ചത്തിന്റെ നേർത്ത നാളങ്ങളും തെളിഞ്ഞു. അസ്തിത്വത്തിന്റെ ഗോപ്യമായ ഏതോ പൊരുളുകൾ കുടജാദ്രിയിൽ പ്രകാശബിന്ദുക്കളാവുന്നതായി തോന്നി. ഒരു ജീവകേന്ദ്രമാണത്. എല്ലാം ഒടുവിൽ ചെന്നുചേരേണ്ട ഇടം. അമ്മയുടെ കരങ്ങൾ എന്നെ ആശ്ലേഷിക്കുന്നതായും ഞാൻ വീണ്ടുമൊരു കുഞ്ഞായി മാറുന്നതായും തോന്നി. അവിടെ അറിവുകളില്ല. പക്ഷിയുടെ പാട്ടും ആകാശവും മഞ്ഞും കാറ്റും നക്ഷത്രവും എല്ലാം ചേർന്ന് ഒന്നായതുപോലെ. ഞങ്ങളിരുന്ന പാറ അപ്രത്യക്ഷമായി. ജലപാതത്തിന്റെ സ്വരം മാത്രം. പക്ഷിയുടെ സംഗീതം എന്നെയെങ്ങോട്ടാണ് കൂട്ടിക്കൊണ്ടുപോവുന്നത്? ഉള്ളിൽ ആഴത്തിലെങ്ങോ ഒരു ജ്വരതീക്ഷ്‌ണത ഉണർന്നു. എന്നാൽ, അത് വിദൂരസാഗരങ്ങളെക്കാൾ അകലത്തായിരുന്നു. സ്വപ്നങ്ങളും രൂപങ്ങളും ചേർന്നലിഞ്ഞ് അത് നിശ്ശൂന്യതയുടെ ഒരുനീണ്ട അനുഭവമായി.

 ആ ജ്വരബാധ കുറച്ചുനാൾ തുടർന്നു. ഞങ്ങൾ ഗുഹയിൽ ഉറങ്ങുകയും സൂര്യപ്രകാശത്തിലും കാറ്റിലും ധ്യാനിക്കുകയും ചെയ്തു. അവിടെ ജലത്തിന് മുട്ടില്ല. പിന്നെ ജലകണങ്ങളിൽ വെയിൽ വീണുരുവാകുന്ന മഴവിൽ നിറങ്ങളുടെ വിമൂകതയും. ഏതാനും ദിവസങ്ങൾകഴിഞ്ഞ് ഞങ്ങൾ ഐഹിക ജീവിതത്തിലെ ശാന്തിയും രാമനും ഞാനുമായി വീണ്ടും മാറി. മടക്കയാത്ര ഏറെ മൗനത്തോടെയായിരുന്നു. ചൂളക്കാക്കയുടെ പാട്ട് എല്ലായിടത്തും ഞങ്ങളെയനുഗമിച്ചു. എന്നാലതിന്റെ നിഗൂഢസ്വഭാവം മാറിയിരുന്നു. ജീവിതം സാധാരണമായി. ഞങ്ങൾ വെറും മനുഷ്യരും. ശാന്തിയുമായുള്ള ബന്ധം ഏറെനാളായി തുടരുന്നു. പിന്നീടൊരിക്കൽ സ്വീഡനിലെ ഉമെയോയിലേക്കുള്ള ഒരു യാത്രയിൽ സ്റ്റോക്ക്‌ഹോം എയർപോർട്ടിൽ വെച്ച് നീണ്ട താടിയുമായി അദ്ദേഹം പ്രത്യക്ഷനായി. അന്ന് ശാന്തി  സ്വീഡനിൽ യെത്തെബോർജിലാണ് കഴിഞ്ഞിരുന്നത്. എനിക്കൊരു പെട്ടിനിറയെ കമ്പിളിവസ്ത്രങ്ങളുമായാണ് അദ്ദേഹം വന്നത്. വടക്കൻ മേഖലയിലേക്ക് സഞ്ചരിക്കുന്ന എനിക്ക് തണുപ്പിനെ നേരിടാൻ ഒരു സഹായം തന്നതാണ്. അദ്ദേഹത്തിന് അപ്പോഴേക്കും സ്വീഡനിലും ഇറ്റലിയിലും റോമിലും ലോകത്തിന്റെ പലഭാഗത്തും ശിഷ്യരും അനുയായികളുമുണ്ടായിക്കഴിഞ്ഞിരുന്നു. ഉദിച്ചുയർന്ന ചന്ദ്രബിംബത്തെ നോക്കി ഞങ്ങൾ നിന്നു. ഉത്തരധ്രുവത്തോടടുത്തുള്ള ഒരു സ്ഥലമായിരുന്നു അത്. യൂറോപ്പിലെ ശരത്കാലത്തിന്റെ ആ അന്തിമദശയിൽ ചൂളക്കാക്കയുടെ പാട്ടും ഞങ്ങൾ കേട്ടു. ഞാൻ കുടജാദ്രിയെ ഓർത്തു. നമ്മുടെ സ്വന്തം ഹിമാലയം! മലകളുടെ അധൃഷ്യതയും അസ്തിത്വബോധമുണർത്തുന്ന സാമീപ്യവും. പിന്നെ ചൂളക്കാക്കയുടെ പാട്ട്! അതുപോലെയൊരനുഭവം അതിനുമുൻപും ശേഷവും ഉണ്ടായിട്ടില്ല.

(കവിയും നിരൂപകനും ചിത്രകാരനും ശില്പിയുമായ ലേഖകൻ പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ വിരമിച്ച ഇംഗ്ലീഷ് അധ്യാപകനാണ്.)