ബഹുമാനപ്പെട്ട സർ,
ആ ബേബി ലിറ്റിൽ സ്റ്റാറിനെ പിച്ചിച്ചീന്തിയവരെ എനിക്കറിയാം. അതു വെളിപ്പെടുത്താൻ ഞാൻ തയ്യാറാണ്. പക്ഷേ, എനിക്കു സാക്ഷിയെന്നനിലയിൽ സംരക്ഷണം വേണം. ഇതിന്റെപേരിൽ ഇനിയും പീഡനം സഹിക്കാൻ വയ്യ. മാത്രവുമല്ല, ആ കുഞ്ഞിനും കുടുംബത്തിനും നഷ്ടപരിഹാരം നൽകാനും നടപടിയുണ്ടാവണം. കേസിൽ പോലീസിനെയും കോടതിയെയും സഹായിക്കാൻ ഞാൻ സന്നദ്ധനാണ്. മറുപടിക്കു കാത്തിരിക്കുന്നു.
വിശ്വസ്തതയോടെ,
പ്രേംപാൽ സിങ്
K19/4
Hosue No: 1121
സംഗം വിഹാർ
ന്യൂഡൽഹി.’
 
2010 സെപ്റ്റംബർ ഏഴിനയച്ച ഈ കത്ത് ഡൽഹി പോലീസ് കമ്മിഷണർ യുദ്ധ്ബീർ സിങ് ദദ്വാളിന് കിട്ടിയിട്ടുണ്ടാവും. ഇതെഴുതിയാൾ അദ്ദേഹത്തിന് അപരിചിതനല്ല. ഇരുമ്പഴിക്കുള്ളിലും കുറ്റാരോപിതനായി പൊതുസമൂഹത്തിലും ചെലവിട്ട മുപ്പതോളം വർഷത്തെ പൊള്ളുന്ന മനസ്സുകൂടിയുണ്ടായിരുന്നു കത്തിലെ ഓരോ വരിയിലും. എങ്കിലും, കുറ്റവാളിയെ ചൂണ്ടിക്കാട്ടി സത്യം വിളിച്ചുപറയാൻ അയാൾ പിന്നെയും പത്തു വർഷം മറുപടിക്കു കാത്തു. ഒടുവിൽ, ഇക്കഴിഞ്ഞ മേയ് 31-ന് അയാൾ ഈ ലോകത്തോടു വിടപറഞ്ഞു. പോലീസിനോടും കോടതിയോടും വെളിപ്പെടുത്താനിരുന്ന സത്യം മാത്രം ഇവിടെ ബാക്കിയായി.

ഒരു ത്രില്ലർ സിനിമയ്ക്കു സമാനമായ ജീവിതത്തിന്റെ പേരാണ് പ്രേംപാൽ സിങ്. തൊഴിൽതേടി യൗവനത്തിൽ ഡൽഹിയിലേക്കു ചേക്കേറിയ ഉത്തർപ്രദേശ് അലിഗഢ് സ്വദേശി. തലസ്ഥാനത്തെ ഏറ്റവും വലിയ അനധികൃത കോളനിയായ സംഗം വിഹാറിൽ നിർമാണത്തൊഴിൽ ചെയ്ത്‌ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന പ്രേംപാലിന്റെ ജീവിതം ഒറ്റരാത്രികൊണ്ടു കീഴ്‌മേൽ മറിഞ്ഞു. ക്രൂരമായി അക്രമിക്കപ്പെട്ട ഏഴു വയസ്സുകാരിയെ രക്ഷിച്ചതിനു കിട്ടിയ ശിക്ഷ ഒരു കുറ്റകൃത്യത്തെക്കാൾ കഠിനമായിരുന്നു. ആദ്യം കേസിൽ സാക്ഷി. പിന്നെ, അതേ കേസിൽ പ്രതിയും ടാഡയടക്കമുള്ള കേസുകൾ ഒന്നിനുപിറകെ ഒന്നായി ചുമത്തപ്പെട്ട്‌ കൊടുംകുറ്റവാളിയുമായി. അപമാനഭാരംപേറി സമൂഹത്തിൽ ജീവിക്കുമ്പോഴും നിരപരാധിത്വത്തിന്റെ നിശ്ചയദാർഢ്യത്തിൽ അയാൾ, തന്നെ തെറ്റുകാരനാക്കിയ നിയമവ്യവസ്ഥയോട് പൊരുതിയത് 27 വർഷം. തലയിൽ വീണത് 22 കേസുകൾ.  കുറ്റമൊന്നും ചെയ്യാതെ 2349 ദിവസത്തെ ജയിൽജീവിതം! സഹനത്തിന്റെയും സമരത്തിന്റെയും ദിനാന്ത്യത്തിൽ, ന്യായാധിപമേശയിൽ കൺമൂടിനിൽക്കുന്ന നീതിദേവത ആ ഹൃദയമറിഞ്ഞു. തെറ്റുകൾക്കു മാപ്പുചോദിച്ച് ഡൽഹി പോലീസ് കമ്മിഷണർ ഒരു സാധാരണപൗരനോട് ക്ഷമാപണം നടത്തുമ്പോൾ ഇന്ത്യൻ നീതിന്യായചരിത്രത്തിലെ ജ്വലിക്കുന്ന ഒരു അധ്യായമാവുകയായിരുന്നു അയാൾ. പക്ഷേ, ആ ജീവിതം മാറ്റിവരച്ച കേസിലെ യഥാർഥ കുറ്റവാളിയെ ശിക്ഷിക്കാൻ നീതിപീഠം ഇനിയെങ്കിലും കണ്ണുതുറക്കുമോയെന്നു കണ്ടറിയണം.

     ആ രാത്രി അവസാനിച്ചതിങ്ങനെ...  
1991 ജൂൺ ആറ്, രാത്രി പതിവുപോലെ ജോലികഴിഞ്ഞു വീട്ടിലേക്കു വരുകയായിരുന്നു പ്രേംപാൽ. വീടിനു തൊട്ടടുത്തായി ഒരു പെൺകുട്ടിയുടെ അടക്കിപ്പിടിച്ച തേങ്ങൽ. അരക്കിലോമീറ്റർ അപ്പുറത്ത്‌ കത്തുന്ന തെരുവുവിളക്കിന്റെ വെളിച്ചം വേണ്ടത്ര എത്താത്തതിനാൽ ഒന്നും ശരിക്കു കാണാനായിരുന്നില്ല. ശബ്ദംകേട്ടു ചെന്നുനോക്കിയപ്പോൾ ഒഴിഞ്ഞ വീട്ടിൽ മൂന്നുപേർ ഒരു പെൺകുട്ടിയെ അക്രമിക്കുന്നു. ഉടൻ അയൽക്കാരനെ വിളിച്ചുകൂട്ടി പ്രേംപാൽ അക്രമികളെ ആട്ടിയോടിച്ചു. അരമണിക്കൂറിനുശേഷം അവർ വീണ്ടും വന്നു. അപ്പോൾ പോലീസിനെ വിവരമറിയിച്ചു. അവരെ അറസ്റ്റുചെയ്തു കൊണ്ടുപോയി. പക്ഷേ, പിറ്റേദിവസം പിഴയടച്ച് പ്രതികൾ രക്ഷപ്പെട്ടതായി അറിഞ്ഞു. അതേ അക്രമികൾ ഒരാഴ്ചയ്ക്കുശേഷം പ്രേംപാലിനെ തേടിവന്നു. അയാൾ വീടിന്റെ ടെറസുവഴി അപ്പുറത്തുള്ള ഗലികളിലൂടെ ഓടിരക്ഷപ്പെട്ടു. പോലീസിൽ പരാതിനൽകി. അക്രമികൾ വീണ്ടും അറസ്റ്റിലായെങ്കിലും അവർ പിന്നെയും പിഴയൊടുക്കി സ്റ്റേഷൻ വിട്ടു. അതിനുശേഷം കാര്യങ്ങൾ തകിടംമറിഞ്ഞു. ജൂലായ് മൂന്നിന് പോലീസ് പ്രേംപാലിനെ പിടിച്ചുകൊണ്ടുപോയി. ലൈസൻസില്ലാത്ത തോക്കു കൈവശം വെച്ചെന്നായിരുന്നു കുറ്റാരോപണം. ടാഡ കേസു ചുമത്തി തിഹാർ ജയിലിലടച്ചു. ഭാര്യയും നാലു കുട്ടികളുമുള്ള ദരിദ്രകുടുംബത്തിന്റെ ഏക അത്താണിയായ അയാളുടെ ദുരന്തജീവിതം അവിടെ തുടങ്ങുകയായി.

ഒരു മാസത്തോളം കൊടുംകുറ്റവാളികൾക്കൊപ്പം തിഹാറിൽ കഴിഞ്ഞ പ്രേംപാലിനു ജാമ്യം ലഭിച്ചു. പിന്നീട്, ഒരു മാസം കഴിഞ്ഞപ്പോൾ മറ്റൊരു സംഭവമുണ്ടായി. ജന്മദേശമായ അലിഗഢിൽനിന്നു ഡൽഹിയിൽ ജോലിതേടിയെത്തിയ ഒരാൾ പ്രേംപാലിനൊപ്പം താമസമുണ്ടായിരുന്നു. ആരുമില്ലാത്ത നേരത്ത് അയാൾ പ്രേംപാലിന്റെ വീട്ടിൽ കവർച്ചനടത്തി. പോലീസ് തേടിനടക്കുന്ന കുറ്റവാളിയായിരുന്നു അയാൾ. അതു പ്രേംപാൽ അറിഞ്ഞിരുന്നില്ല. മോഷണവസ്തുക്കളോടെ ഇയാളെ പോലീസ് പിടികൂടി. എന്നാൽ, പട്യാല ഹൗസ് കോടതിയിൽ കൊണ്ടുപോയപ്പോൾ ഒരു എസ്.ഐ. അയാളെ രക്ഷപ്പെടാൻ സഹായിച്ചു. തന്റെ വസ്തുക്കൾ കിട്ടാൻ പ്രേംപാൽ സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ ഡൽഹി പോലീസ് കമ്മിഷണർക്കു പരാതിനൽകി. അന്വേഷണത്തിന് ഉത്തരവായി. എസ്.ഐ.യെ താത്‌കാലികമായി സസ്പെൻഡുചെയ്തു. ഈ നടപടിയിൽ തൃപ്തനാവാതെ പ്രേംപാൽ പട്യാല ഹൗസ് പോലീസിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരേ കോടതിയിൽ ഹർജി നൽകി. മോഷ്ടിക്കപ്പെട്ട തന്റെ വസ്തുക്കൾ തിരിച്ചുനൽകാനും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനും അഭ്യർഥിച്ചായിരുന്നു ഹർജി. രണ്ടുവർഷത്തോളം കേസു നീണ്ടു. 1993 ജൂലായ് 23-ന് കോടതിയിൽ ചെന്നു കേസു കഴിഞ്ഞു മടങ്ങവേ അഞ്ചു പോലീസുകാർ ചേർന്നു പ്രേംപാലിനെ പിടികൂടി. ലൈസൻസില്ലാത്ത തോക്കു കൈവശംവെച്ചെന്നു കുറ്റംചുമത്തി കമല നഗർ പോലീസ് സ്റ്റേഷനിലാക്കി. അതിസുരക്ഷയുള്ള കോടതിവളപ്പിൽ തന്നെപ്പോലൊരാൾ തോക്കുമായി എങ്ങനെ കറങ്ങിനടക്കുമെന്ന യുക്തിസഹമായ ചോദ്യത്തിനൊന്നും ഉത്തരമുണ്ടായില്ല. അങ്ങനെ, വീണ്ടും തിഹാർ ജയിലിലെത്തി. ഇതിനിടയിൽ പ്രേംപാൽ പരാതിനൽകിയ പോലീസുകാരൻ അന്വേഷിക്കുന്ന ഒരു കൊലക്കേസും തലയിലായി. 1995 ഡിസംബർവരെ രണ്ടുവർഷം ജയിൽവാസം. ആരോപണം തെറ്റാണെന്നു തെളിഞ്ഞ് ഈ കേസിൽ 1997-ൽ പ്രേംപാൽ കുറ്റമുക്തനായി.

ആറുവർഷം അകാരണമായി വേട്ടയാടപ്പെട്ട പ്രേംപാൽ തന്റെ വീട്ടിലെ കവർച്ചകേസിനു പിന്നാലെ പോവാൻ നിശ്ചയിച്ചു. 1999-ൽ വീണ്ടും പരാതിനൽകി. ഇതോടെ, പ്രകോപിതരായ പോലീസുകാർ പ്രതികാരം തുടങ്ങി. ഒരു ദിവസം വൈകീട്ട് വൻപോലീസ് സംഘം പ്രേംപാലിന്റെ വീട്ടിൽ ഇരച്ചുകയറി. അവിടെയുള്ളതെല്ലാം എടുത്തു. ഭാര്യയെയും മകനെയും പിടികൂടി. മോഷണക്കുറ്റം ചുമത്തി പ്രേംപാൽ അടക്കം മൂന്നുപേരെയും അഴിക്കുള്ളിലാക്കി. ഭാര്യയെ ഒരു മാസവും പതിനെട്ടുകാരനായ മകൻ ഗൗരവിനെ ഒന്നരവർഷവും ജയിലിലടച്ചു. പ്രേംപാലിന് ജയിലിൽ കഴിയേണ്ടിവന്നത് 19 മാസം. പോലീസ് ചുമത്തിയത് 13 കേസുകളായിരുന്നു. ജയിലിൽനിന്നിറങ്ങുമ്പോഴേക്കും കൊടുംകുറ്റവാളിയെന്ന പട്ടം ചാർത്തിക്കിട്ടിയ പ്രേംപാൽ ഡൽഹിയിൽ ജീവിക്കാനാവാതെ മകനെയും കൂട്ടി അലിഗഢിലേക്കു മടങ്ങിപ്പോയി. അവിടെ പച്ചക്കറി വിൽപ്പനയും വണ്ടിവലിക്കലുമൊക്കെയായി പലപല തൊഴിലുകൾ ചെയ്തു ജീവിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ വീണ്ടും കാര്യങ്ങൾ താളംതെറ്റി. 2002-ൽ ഒരു ദിവസം പോലീസ് സംഗംവിഹാറിലെ വീട്ടിൽ പ്രേംപാലിനെ തേടിയെത്തി. അവിടെ ഇല്ലെന്നറിഞ്ഞപ്പോൾ ഭാര്യാസഹോദരനെ കൊണ്ടുപോയി. തുടർന്ന്, ഡൽഹിയിൽ പാഞ്ഞെത്തിയ പ്രേംപാൽ ഏഴു വയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസിൽ പ്രതിയായി. ആ കേസന്വേഷിച്ചിരുന്നത് പ്രേംപാൽ നേരത്തേ പരാതിനൽകിയ സബ് ഇൻസ്പെക്ടറായിരുന്നു. അയാളുടെ പ്രതികാരബുദ്ധി പ്രേംപാലിനെ കുടുക്കി. രക്ഷിച്ച അതേ പെൺകുട്ടിയെ താൻ ബലാത്സംഗം ചെയ്തെന്നു പോലീസ് കുറ്റപത്രം ചുമത്തുമ്പോൾ പ്രേംപാൽ വിളിച്ചുപറഞ്ഞ വാസ്തവങ്ങൾ കേൾക്കാൻ ആരുമുണ്ടായില്ല. പ്രദേശത്തെ ഒരാളുടെ പേര് പെൺകുട്ടി പറഞ്ഞിരുന്നെങ്കിലും പോലീസും കോടതിയും അതന്വേഷിച്ചുചെന്നില്ല. ഡി.എൻ.എ., സ്രവ പരിശോധനകൾ വേണമെന്ന പ്രേംപാലിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. എങ്കിലും എന്നെങ്കിലുമൊരുനാൾ സത്യം പുറത്തറിയുമെന്ന പ്രതീക്ഷയിൽ നീതിക്കുവേണ്ടി അയാൾ പ്രാർഥിച്ചുകൊണ്ടിരുന്നു.

     കണ്ണുതുറന്ന നീതിദേവത
ഒടുവിൽ, അതു സംഭവിച്ചു. കേസുകേട്ട വനിതാ ജഡ്ജി സ്ഥലംമാറി ജസ്റ്റിസ് ശിവ് നാരായൺ ദിൻഗ്ര എന്ന പുതിയ ജഡ്ജി വന്നു. അദ്ദേഹം പ്രേംപാലിന്റെ ജീവിതകഥ മുഴുവൻ കേൾക്കാൻ സന്നദ്ധനായതോടെ കേസിന്റെ ഗതിമാറി. പോലീസിനു തന്നോടുള്ള വൈരാഗ്യമടക്കം പ്രേംപാൽ നടന്നതെല്ലാം തുറന്നുപറഞ്ഞു. തന്നെ ഡി.എൻ.എ. പരിശോധനയ്ക്കു വിധേയനാക്കാതെയുള്ള അപൂർണമായ റിപ്പോർട്ടാണ് കോടതിയിൽ പോലീസ് ഹാജരാക്കിയതെന്നു വാദവും കുറ്റകൃത്യം ചുമത്താനുള്ള തെളിവുകളില്ലെന്ന് ഒരു ഡോക്ടർ നേരത്തേ മൊഴിനൽകിയതുമൊക്കെ കേസിലെ വഴിത്തിരിവുകളായി. കോടതി പോലീസിനെതിരേ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. പ്രേംപാൽ ജയിൽമോചിതനായി. ഇതിനിടെ, 2005 ഒക്ടോബറിൽ പ്രേംപാലിന്റെ പേരുതന്നെ മാറ്റി നാഥുറാമിന്റെ മകൻ പദം എന്ന പേരിൽ സംഗം വിഹാർ പോലീസ് വീണ്ടും പ്രേംപാലിനെ പിടികൂടി. ക്രൂരമായി പോലീസ് മർദനമേറ്റു. 2006-ൽ ഖജൂരി ഖാസ് പോലീസും അറസ്റ്റുചെയ്തു. അന്നു പോലീസ് നൽകിയ പേര് ജയ് സിങ്ങിന്റെ മകൻ റാം സിങ് എന്നായിരുന്നു. പോലീസിനുനേരെ വെടിയുതിർത്തു എന്നായിരുന്നു കുറ്റം. ഈ കേസിൽ അഞ്ചുമാസം ജയിലിലടച്ചു. ഇത്രയും കാലത്തിനിടയിൽ 19 കേസുകളിൽ പ്രേംപാൽ കുറ്റം അനുഭവിച്ചുകഴിഞ്ഞിരുന്നു. ബലാത്സംഗക്കേസിൽ അപ്പോഴും പുനർവിചാരണ നടക്കുകയായിരുന്നു. ഒടുവിൽ, ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രേംപാൽ സിങ് കുറ്റക്കാരനല്ലെന്ന് 2010-ന്റെ തുടക്കത്തിൽ കോടതി വിധിച്ചു. വ്യാജമായി പ്രതിചേർക്കപ്പെട്ട കേസിൽ പ്രേംപാലിനു പലിശസഹിതം നഷ്ടപരിഹാരം നൽകേണ്ടതാണെന്നും ഉത്തരവുണ്ടായി.  പക്ഷേ, വിചാരണക്കോടതി വിധി നടപ്പാവാഞ്ഞതിനാൽ കേസ്‌ ഡൽഹി ഹൈക്കോടതിയിലേക്ക്‌ നീണ്ടു.  

നീതിന്യായചരിത്രത്തിൽ പുതിയ അധ്യായമെഴുതിയ വിധി 2010 മാർച്ച് 25-ന് ജസ്റ്റിസ് മുരളീധർ പുറപ്പെടുവിച്ചു. കള്ളക്കേസിൽ കുടുക്കിയതിന് ഡൽഹി പോലീസ് കമ്മിഷണർ വൈ.എസ്. ദദ്വാൾ പ്രേംപാലിനോടും കുടുംബത്തോടും മാപ്പുപറയണമെന്നായിരുന്നു ഹൈക്കോടതിവിധി. കേസിൽ പ്രേംപാലിന് എട്ടേകാൽ ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ഇനിയൊരിക്കലും പ്രേംപാലിനെ പീഡിപ്പിക്കരുതെന്ന് സംഗം വിഹാർ പോലീസിന് കർശനനിർദേശവും നൽകി. പ്രേംപാലിനോടും കുടുംബത്തോടും ക്ഷമാപണം നടത്തി പോലീസ് കമ്മിഷണർ 2010 ഏപ്രിൽ മൂന്നിനു കത്തയച്ചു. ചുമത്തപ്പെട്ട ഓരോ കേസിലും ശരാശരി രണ്ടുവർഷക്കാലം ജയിൽവാസമനുഭവിക്കേണ്ടിവന്ന പ്രേംപാലിന്റെ നരകയാതനയ്ക്ക് ഇങ്ങനെ തിരശ്ശീലവീണു. അതിനുമുമ്പുള്ള പല പല കേസുകളിൽ കുരുങ്ങി, ഒടുവിൽ ബലാത്സംഗക്കേസിൽ കുറ്റവിമുക്തനാവുന്നതുവരെ പ്രേംപാലിന്റെ ജീവിതത്തിൽ കൊഴിഞ്ഞുവീണത് 27 വർഷങ്ങൾ! വേട്ടയാടപ്പെട്ട വർഷങ്ങളുടെ വിങ്ങലടങ്ങി സമാശ്വാസത്തോടെ കോടതിയിൽനിന്നിറങ്ങുമ്പോൾ ഒരു മാധ്യമപ്രവർത്തക അയാളുടെ അടുത്തെത്തി ചോദിച്ചു. ‘‘അന്ന് ആ ബാലികയെ രക്ഷിച്ച ആ രാത്രിയെ ഓർത്തു നിങ്ങൾ പരിതപിക്കുന്നുണ്ടോ?’’ ‘‘ഇല്ല, സത്യം പുറത്തുവരാൻ ജീവിതത്തിലെ 27 വർഷം എനിക്കു വിലനൽകേണ്ടിവന്നെങ്കിലും ആരെങ്കിലുമൊക്കെ വേണ്ടേ മനുഷ്യരായി?’’ -ഇതായിരുന്നു നീതിബോധം മനസ്സിലുറച്ച മറുപടി.

 പ്രേംപാലിന്റെ സമരം അവിടെയും അവസാനിച്ചില്ല. തന്റെ ജീവിതം ഇരുളിലേക്കു വഴിതിരിക്കപ്പെട്ട, ശപിക്കപ്പെട്ട ആ രാതിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കു നീതിക്കായി സ്വയമൊരു ഭടനായി. കോടതിയിൽ പെൺകുട്ടി പറഞ്ഞ മൊഴിയെ പിന്തുടർന്ന് സംഗം വിഹാറിലും മറ്റും അയാൾ കുറ്റവാളിയെ അന്വേഷിച്ചുനടന്നു. ഒടുവിൽ തിരിച്ചറിയുകയും ചെയ്തു. പക്ഷേ, പോലീസുമായുള്ള വീണ്ടുമൊരു യുദ്ധത്തിൽ താൻ ഇനിയും വേട്ടയാടപ്പെടരുതെന്നു കരുതി അയാൾ ഹൈക്കോടതിയിൽ തന്റെ കേസു വാദിച്ച മലയാളി അഭിഭാഷകൻ വിൽസ് മാത്യൂസിനെ ചെന്നുകണ്ടു. അദ്ദേഹം മുഖേന ഡൽഹി പോലീസ് കമ്മിഷണർക്കു കത്തയച്ചു. സാക്ഷിയെന്നനിലയിലുള്ള സുരക്ഷ നൽകിയാൽ പേരു വെളിപ്പെടുത്താമെന്ന് ആ കത്തിൽ പോലീസിനെയും കോടതിയെയും അറിയിച്ചു.  പക്ഷേ, പോലീസ് ഒരു താത്‌പര്യവും കാണിച്ചില്ല. പോലീസ് പീഡനവും മാനസികവ്യഥയുമൊക്കെ രോഗം തളർത്തിയ ശരീരത്തോടെ ആ കത്തിനുള്ള മറുപടിക്കായി പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ, 64-ാമത്തെ വയസ്സിൽ പ്രേംപാൽ ഈ ലോകത്തോടു വിടപറഞ്ഞു. നിസ്വരുടെ വാക്കുകൾ നീതിപീഠത്തിൽ നിരർഥകമാവില്ലെന്ന പ്രത്യാശയിൽ, ഇനിയും ചുരുളഴിയാത്ത ആ രഹസ്യം മരിക്കുന്നതിനു തൊട്ടുമുമ്പ് അയാൾ ഭാര്യ മുന്നി ദേവിയോടു വെളിപ്പെടുത്തി. താനൊടുങ്ങുമ്പോഴും പുറംലോകത്തിനു പരതിയെടുക്കാൻ പാകത്തിൽ സത്യം സൂക്ഷിച്ചുവെച്ച സാക്ഷി!


ചരിത്രവിധിക്കു പിന്നിലെ മലയാളി

പ്രേംപാലിന്റെ കേസിൽ വിചാരണക്കോടതിയിൽ വിധിയുണ്ടായെങ്കിലും അതു ഹൈക്കോടതിയിലേക്കു നീണ്ടു. പാലാ മരങ്ങാട്ടുപള്ളി സ്വദേശി അഡ്വ. വിൽസ്‌ മാത്യൂസായിരുന്നു അഭിഭാഷകൻ. ഇത്രയും ക്രിമിനലായ ഒരാൾക്കുവേണ്ടി വാദിക്കാൻ നിങ്ങൾക്കു ലജ്ജയില്ലേ? താൻ കേസെടുത്തെന്നറിഞ്ഞപ്പോൾ പലരിൽനിന്നും നേരിട്ട പരിഹാസം വിൽസ്‌ ഓർത്തെടുക്കുന്നു. കേസ് ഹൈക്കോടതിയിൽ വിജയിച്ചു. പോലീസ് കമ്മിഷണറെക്കൊണ്ടു മാപ്പുപറയിച്ച വിധി ഒരു ചരിത്രമായി. കുറ്റമുക്തനാക്കിയതിനു പുറമേ, എട്ടേകാൽ ലക്ഷം രൂപ പ്രേംപാലിനു നഷ്ടപരിഹാരം നൽകാൻ പുറപ്പെടുവിച്ച വിധി ബലാത്സംഗക്കേസിൽ മാത്രമായിരുന്നു. എന്നാൽ, ഒരു കാരണവുമില്ലാതെ പ്രതിചേർക്കപ്പെട്ട 21 കേസുകളിലായി 54 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിൽസ്‌ മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ, ഡൽഹി പോലീസ് നിയമത്തിലെ 140-ാം വകുപ്പ് ഉപയോഗിച്ച് കോടതി അതു തള്ളി. പോലീസ് പീഡനമുണ്ടായാൽ മൂന്നു മാസത്തിനുള്ളിൽ പരാതിനൽകണമെന്നു വ്യവസ്ഥചെയ്യുന്നതാണ് ഈ വകുപ്പ്. എന്നാൽ, മാനസികമായി തളർന്ന ദരിദ്രനായ ഒരാൾക്ക് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെ കോടതിയിൽ പരാതിനൽകാൻ കഴിയുമെന്നാണ് വിൽസിന്റെ ചോദ്യം. പ്രേംപാലിന്റെ കേസ് തള്ളിയെങ്കിലും പാവപ്പെട്ടവരെ ദോഷകരമായി ബാധിക്കുന്ന 140-ാം വകുപ്പിനെത്തന്നെ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് അദ്ദേഹം. ‘എനിക്കു നീതികിട്ടിയില്ലെങ്കിലും മറ്റു പാവങ്ങൾക്കെങ്കിലും അതിന്റെ ഗുണഫലം ലഭിക്കട്ടെ’ എന്നായിരുന്നു ഇതേക്കുറിച്ച് പ്രേംപാലിന്റെ പ്രതികരണമെന്ന് വിൽസ്‌ പറഞ്ഞു. ഈ ഹർജിയിൽ അനുകൂല ഉത്തരവുണ്ടായാൽ കസ്റ്റഡിമരണങ്ങളിലും പോലീസ് പീഡനങ്ങളിലുമൊക്കെ വഴിത്തിരിവാകും ആ വിധി.