‘‘ഷമീറ്ക്കാ, നിങ്ങടെ ജീവിതംപോലൊരു സിനിമ വന്നിട്ട്ണ്ട്, കണ്ടാ’’ -2018 മാർച്ച് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് സുഹൃത്തിന്റെ ഫോൺകോൾ വരുമ്പോൾ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയിലായിരുന്നു ഷമീർ ബാബു. ‘‘അതേത് സിനിമയാ മ്മ്ടെ ജീവിതം പറയുന്നത്’’ -ഷമീർ ആശ്ചര്യം പൊതിഞ്ഞ ആദ്യചോദ്യം എറിഞ്ഞു. ‘‘സുഡാനി ഫ്രം നൈജീരിയ എന്നാണ് പടത്തിന്റെ പേര്, നിങ്ങളെപ്പോലെ ആഫ്രിക്കയിൽനിന്ന് പ്ലെയറെ കൊണ്ടുവന്ന് എടങ്ങേറിലായ ഒരു സെവൻസ് ഫുട്ബോൾ മാനേജരുടെ കഥയാണ്. അത് സുഡാനി ഫ്രം നൈജീരിയ ഇങ്ങള് സുഡാനി ഫ്രം ലൈബീരിയ എന്ന വ്യത്യാസമേ ഉള്ളൂ’’ -ഒരു ചിരിയോടെ ഷമീർ ബാബു ആ ഫോൺ കോൾ അവസാനിപ്പിച്ചു. അന്നു മുഴുവൻ ഷമീർ ചിന്തിച്ചത് ആ സിനിമയെപ്പറ്റിയാണ്. ഒപ്പം വിദേശത്തുനിന്ന് കളിക്കാരനെ കൊണ്ടുവന്നതിന് താൻ കുടുങ്ങിനിൽക്കുന്ന കേസിനെപ്പറ്റിയും. പിറ്റേന്ന് മണ്ണാർക്കാട് സിനി മാജിക്കിൽ മാറ്റിനി ടിക്കറ്റെടുക്കാൻ ഷമീർ ബാബുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. മെല്ലെ തിയേറ്ററിലെ വെളിച്ചമണഞ്ഞു. ചുറ്റും ഇരുട്ട്. ഇരുട്ടിനെ രണ്ടാക്കി വെള്ളിവെളിച്ചം സ്ക്രീനിലേക്ക്. മെല്ലെ തുകൽപ്പന്തുരുണ്ടു. തെളിയുന്നത് ഷമീർ ബാബുവിന്റെ കഥയാണ്. കാലിലും ഖൽബിലും പന്തുംകൊണ്ട് നടക്കുന്ന മണ്ണാർക്കാട്ട് ചിറക്കൽപ്പടിയിലെ മനുഷ്യരുടെ കഥ. അവരുടെ ലിൻഷ മെഡിക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും കളിക്കാനെത്തി വിസനിയമം ലംഘിച്ച് ജയിലിലായ ലൈബീരിയക്കാരൻ ബെഞ്ചമിൻ കൂപ്പറിന്റെയും കഥ.
കിക്കോഫ്
ഷമീർ ബാബു എന്ന സെവൻസ് ഫുട്ബോൾ മാനേജരിലേക്കുള്ള യാത്രയുടെ കിക്കോഫ് തുടങ്ങുന്നത് അവിചാരിതമായി കൈയിൽക്കിട്ടിയ പത്രവാർത്തയിൽനിന്നാണ്. വായിച്ചപ്പോൾ ആ മൂന്നുകോളം 20 സെന്റീമീറ്ററിലൊതുങ്ങുന്നതിനപ്പുറം വലുപ്പമുള്ള കാര്യങ്ങൾ ഷമീർ ബാബുവിന് പറയാനുണ്ടെന്നുതോന്നി. ആ തോന്നൽ ഒരു പാലക്കാടൻ ആനവണ്ടിയിലേറി ചിറക്കൽപ്പടിയിൽ ബ്രേക്കിട്ടു. ഷമീർ ബാബുവിന്റെ വീട് അന്വേഷിക്കുന്നതിനുമുമ്പേ ഞങ്ങളെ അന്വേഷിച്ചെത്തിയത് മഴയായിരുന്നു. ‘‘ഷമീർഭായ്, സ്ഥലത്തെത്തിയിട്ടുണ്ട്, മഴയായതുകൊണ്ട് പീടികവരാന്തയിൽ നിൽക്കുകയാണ്, തോർന്നാൽ ഉടനെ എത്താം’’ -ഫോണിൽ വിളിച്ച് മുൻകൂർ ജാമ്യമെടുത്തു. ‘‘മഴ ചാറിയാൽ കളിനിർത്താൻ ഇത് ക്രിക്കറ്റല്ലല്ലോ, ഫുട്ബോളല്ലേ. നിങ്ങള് വേഗം പൊരയിലേക്ക് വരീന്ന്’’ -അപ്പോൾ ഷമീർ ബാബുവിന്റെ ശബ്ദത്തിന് മഴയെക്കാൾ ഇമ്പമുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോൾ കൈ തന്ന് അപരിചിതത്വത്തിന്റെ കർട്ടൻവലിച്ച് താഴെയിട്ടശേഷം ഷമീർ ബാബു സംസാരിച്ചുതുടങ്ങി: ‘‘പന്തുകളിയെക്കുറിച്ച് എന്തുവേണേലും ചോദിച്ചോളി, ഞാൻ ഉത്തരം പറയും, വേറെന്തേലും ചോദിച്ചാൽ കുടുങ്ങും’’ -കളി തുടങ്ങുന്നതിനുമുമ്പേ നിയമം പറഞ്ഞു.
ആദ്യപകുതി
ചെറുപ്പംമുതൽ ജീവിതം പന്തിനുപിറകെയാണ്. എവിടെ ഫുട്ബോൾ ടൂർണമെന്റുണ്ടെങ്കിലും അവിടെയെത്തും. അന്നൊക്കെ സെവൻസ് ഫുട്ബോളെന്നാൽ ലോകകപ്പ് ഫുട്ബോൾ കാണുന്ന ആവേശമാണ്. കാറ്റ് പന്തിനുള്ളിലാണെങ്കിലും നീറ്റൽ നെഞ്ചിനകത്തായിരിക്കും. സെവൻസ് ഫുട്ബോൾ നടക്കുന്ന മൈതാനത്തിന്റെയും ഗാലറിയുടെയും താളെത്തക്കാൾ ആവേശമുണ്ടാക്കുന്ന മറ്റൊരു സംഗീതം ഇതുവരെ കേട്ടിട്ടില്ല. വളർന്നുവന്നത് പന്തുകളി കണ്ടും കളിച്ചുമൊക്കെയാണ്. ഞാനും നമ്മുടെ ലിൻഷ ക്ലബ്ബിന്റെ ഉടമ റഷീദ് (കുഞ്ഞുപ്പ) ഇക്കയുമൊക്കെ കുട്ടിക്കാലംമുതൽ കാണുന്ന സ്വപ്നം സ്വന്തമായൊരു ഫുട്ബോൾ ക്ലബ്ബ് എന്നതാണ്. അന്നൊക്കെ നല്ല പന്തുകളിക്കാരെ കാണുമ്പോൾ ഞാൻ പറയും: ‘‘കുഞ്ഞുപ്പ ഈ പ്ലെയറേ നമ്മുടെ ക്ലബ്ബിൽ കളിപ്പിക്കണം’’. അന്നത് തമാശയായി പറഞ്ഞതാണെങ്കിലും പിന്നീട് കുറെ മികച്ച പ്ലെയേഴ്സിനെ ഞങ്ങൾ കളിപ്പിച്ചു. കുഞ്ഞുപ്പയ്ക്ക് ഇവിടെയൊരു ഹാർഡ്വെയർ കടയുണ്ട്. അതിനൊപ്പം മണ്ണാർക്കാടും ചിറക്കൽപ്പടിയിലും ലിൻഷ സ്റ്റുഡിയോസ് എന്നൊരു സ്ഥാപനവും തുടങ്ങി. സംഭവം സ്റ്റുഡിയോയായിരുന്നെങ്കിലും അതിന്റെ രൂപവത്കരണലക്ഷ്യം അതേപേരിൽ ഫുട്ബോൾ ക്ലബ്ബ് ഉണ്ടാക്കുക എന്നതായിരുന്നു. കുറച്ചു നാളുകൾക്കുശേഷം ‘ലിൻഷ സ്റ്റുഡിയോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്' എന്ന ഫുട്ബോൾ ക്ലബ്ബിന് രൂപംനൽകി.
പതിനഞ്ചുവർഷംമുമ്പായിരുന്നു അത്. ആദ്യകാലത്ത് ക്ലബ്ബ് പ്രാദേശിക സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിലായിരുന്നു പങ്കെടുത്തിരുന്നത്. അന്ന് മണ്ണാർക്കാട്ടൊന്നും അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ എത്തിയിട്ടില്ല. ഇവിടെയും പരിസരപ്രദേശങ്ങളിലുമെല്ലാം നടക്കുന്ന എല്ലാ ഫ്ളെഡ്ലിറ്റ് കളികളിലും വൈകുന്നേരക്കളിയിലുമെല്ലാം ഞങ്ങൾ ടീമിനെ ഇറക്കി. ടീം ഉടമ കുഞ്ഞുപ്പയാണെങ്കിലും മൂപ്പർക്ക് തിരക്കായതിനാൽ അന്നുമുതൽ ഞാനാണ് മാനജേർ. ഇന്ന് എല്ലാം ഫോണിൽ കൈകാര്യം ചെയ്താൽ മതി. എന്നാൽ, അന്ന് മമ്പാടും എടവണ്ണയുമൊക്കെ കളിമൈതാനങ്ങളിലേക്ക് വണ്ടിയുമെടുത്ത് ഞങ്ങൾ പോകും. എസ്.ബി.ടി. അടക്കം ഡിപ്പാർട്ട്മെന്റ് കളിക്കാരെ മാത്രംവെച്ച് അന്ന് ടീം ഇറക്കിയിട്ടുണ്ട്. അബ്ദുൾ ഹക്കീം, നൗഷാദ്, ഇഗ്നേഷ്യസ് തുടങ്ങി അന്നു തിളങ്ങിനിന്ന എല്ലാവരെയും കൊണ്ടുവന്ന് കളിപ്പിച്ചിട്ടുണ്ട്.
ഗോൾ ഷോട്ട്
കുഞ്ഞുപ്പ ലിൻഷ മെഡിക്കൽസ് തുടങ്ങിയതോടെ ക്ലബ്ബിന്റെ പേര് ലിൻഷ മെഡിക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എന്നാക്കി. എട്ടുവർഷംമുമ്പ് കുഞ്ഞുപ്പ ഗൾഫിലേക്കുപോയി. അതോടെ ടീമിന്റെ പൂർണ ഉത്തരവാദിത്വം മാനേജരായ എനിക്കായി. അഞ്ചുവർഷംമുമ്പാണ് ഞങ്ങളുടെ ക്ലബ്ബിന് അഖിലേന്ത്യാ സെവൻസ് കളിക്കാൻ അനുമതികിട്ടുന്നത്. അതുവരെ മറ്റു ക്ലബ്ബുകൾക്കുവേണ്ടിയൊക്കെയാണ് ഞങ്ങൾ ടീം ഇറക്കിയത്. അനുമതിലഭിച്ചശേഷം നടന്ന എല്ലാ പ്രധാന അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിലും വിദേശതാരങ്ങളടങ്ങുന്ന ടീമിനെ ഇറക്കി. ഓരോ സീസണിലും അഞ്ചു വിദേശതാരങ്ങളെവരെ ഞങ്ങൾ കൊണ്ടുവരാറുണ്ട്. സീസൺ തുടങ്ങുമ്പോൾ കൃത്യമായ വിസനൽകി കൊണ്ടുവന്ന് കാലാവധി തീരുമ്പോൾ മടക്കിയയക്കാറാണ് പതിവ്. 2013 മുതലാണ് ഫോറിൻ രജിസ്ട്രേഷൻ നിയമങ്ങൾ കർശനമാക്കിയത്. അതിനാൽത്തന്നെ പ്ലെയേഴ്സിനെ കൊണ്ടുവരുമ്പോൾ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും. മാനേജരായ എന്റെപേരിലാണ് കളിക്കാർക്കുള്ള വിസ നൽകുന്നത്.
പാലക്കാട് എസ്.പി. ഓഫീസിലാണ് ജില്ലയിലെ ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. കളിക്കാരൻ കേരളത്തിലെത്തി 14 ദിവസത്തിനകം അവിടെച്ചെന്ന് രജിസ്ട്രേഷൻ നടത്തണം. ഇല്ലെങ്കിൽ സ്പോൺസറുടെ പേരിൽ പിഴയിടും. കൊണ്ടുവരുന്ന കളിക്കാരനെ ഇവിടെ താമസിപ്പിക്കാനും മറ്റു കാര്യങ്ങളും ചെയ്യാൻവേണ്ടിയുള്ളതാണ് ഈ രജിസ്ട്രേഷൻ. അതുകഴിഞ്ഞാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുവന്നാലും തിരിച്ചുപോകുമ്പോൾ എയർപോർട്ടിലും കാണിക്കണം. ഇതാണ് നിയമം. ഈ നിയമവശങ്ങളെല്ലാം കൃത്യമായി അറിയുന്നതുകൊണ്ട് എപ്പോഴും പിഴപോലും വരുത്താതെ കളിക്കാരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാറുണ്ട്.
കളിക്കാരെ നമ്മൾ നേരിട്ട് വിദേശത്തുപോയി തിരഞ്ഞെടുക്കുകയൊന്നുമല്ല. കളിക്കാരെ ഏർപ്പാടാക്കിത്തരുന്ന ഏജന്റുമാരുണ്ട് പലരാജ്യങ്ങളിലും. അവർ കളിക്കാരുടെ വീഡിയോയും മറ്റു വിവരങ്ങളും ശേഖരിച്ച് അയച്ചുതരും. അതിൽനിന്നും അവരുമായി സംസാരിച്ച് അനുയോജ്യരായവരെ തിരഞ്ഞെടുക്കും. വലിയ കളിക്കാരെ കൊണ്ടുവരില്ല. കാരണം അവർ പച്ചപ്പുൽ മൈതാനങ്ങളിൽ മാത്രം കളിക്കുന്നതായതുകൊണ്ട് സെവൻസ് ഫുട്ബോൾ മൈതാനങ്ങളിൽ ശോഭിക്കില്ല. പുല്ലില്ലാത്ത മൈതാനത്ത് നല്ലരീതിയിൽ കളിക്കുന്നവരെയാണ് തിരഞ്ഞെടുക്കുക. ഒരു സീസണിലെ കളിക്കാർ തിരിച്ചുപോയിക്കഴിഞ്ഞാൽ അടുത്തസീസണുള്ള ഒരുക്കങ്ങൾ തുടങ്ങും.
ലൈബീരിയൻ കിസ
2017-'18 സീസണിലാണ് ബെഞ്ചമിൻ കൂപ്പർ എന്ന ഇരുപത്തിയഞ്ചുവയസ്സുകാരനായ ലൈബീരിയൻ കളിക്കാരനെ ഞങ്ങൾ കൊണ്ടുവരുന്നത്. കൃത്യമായി പറഞ്ഞാൽ 2017 ജനുവരിയിൽ അവനെത്തി. അവന്റെ കളിമിടുക്കാണ് ഞങ്ങളെ ആകർഷിച്ചത്. അവനടക്കം ആറുകളിക്കാരെ ആ സീസണിൽ കൊണ്ടുവന്നു. ടീം മാനേജരായ ഞാൻ തന്നെയായിരുന്നു എല്ലാവരുടെയും സ്പോൺസർ. പതിവുപോലെ എല്ലാ നടപടിക്രമങ്ങളും ഉടൻ പൂർത്തിയാക്കി. ചില കളിക്കാർ എത്തിയാൽ വേഗം ഇണങ്ങാറില്ല. എന്നാൽ, ബെഞ്ചമിൻ എല്ലാവരുമായും വേഗം സൗഹൃദം സ്ഥാപിച്ച് ഞങ്ങളിലൊരാളായിമാറി. കളിക്കളത്തിലും മികച്ച റിസൾട്ട് നൽകി. നാട്ടുകാരിൽനിന്നും കുട്ടികളിൽനിന്നുമൊക്കെ അവൻ എളുപ്പത്തിൽ ഇഷ്ടം പിടിച്ചുപറ്റി. വിദേശത്തുനിന്ന് കൊണ്ടുവരുന്ന കളിക്കാർക്ക് താമസിക്കാൻ നല്ല റൂമും സൗകര്യങ്ങളും ഒരുക്കാറുണ്ട്. അവിടെയാണ് ബെഞ്ചമിനെയും താമസിപ്പിച്ചത്. കളിയില്ലാത്ത ദിവസങ്ങളിൽ അവൻ കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിക്കും. കുട്ടികൾക്കാണെങ്കിൽ അതൊക്കെ വളരെ സന്തോഷമാണ്. പിന്നെ ക്ലബ്ബിൽ കളിക്കാൻ കരാറൊപ്പിട്ട് ഇവിടേക്കുവന്നാൽ സുഡാനിയും ലൈബീരിയക്കാരനും മലപ്പുറംകാരനുമെല്ലാം ഒരുപോലെയാണ്. എല്ലാവരെയും പന്തുകളിക്കാരായാണ് കാണുക. ഒരുമിച്ച് ഭക്ഷണം കഴിക്കലും സൊറപറയലും അങ്ങനെ...
ഒരുദിവസം അവൻ എന്നെ കാണാൻ വന്നു. ‘‘മാനേജർ, എന്റെ ഗേൾഫ്രണ്ട് കൊൽക്കത്തയിലേക്ക് വരുന്നുണ്ട്. അവൾ സ്വകാര്യ ആവശ്യത്തിന് വരുന്നതാണ്; കൂടെ എന്നെ കാണാനും. എനിക്കും അവളെ കാണണം. അതുകൊണ്ട് അത്യാവശ്യമായി ഒന്ന് കൊൽക്കത്തയിലേക്ക് പോയിവരട്ടെ’’ -എന്നുചോദിച്ചു. അവന് എന്റെ അനുമതിയില്ലാതെ പോകാനാകില്ല. കാരണം അവന്റെ പാസ്പോർട്ടും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും എന്റെ കൈയിലാണ്. രണ്ടുപേരുടെയും സുരക്ഷകരുതിയാണ് ഇവയെല്ലാം മാനേജർമാർ തന്നെ സൂക്ഷിക്കുന്നത്.
അവൻ അങ്ങനെ ചോദിച്ചപ്പോൾ തടയാൻ എനിക്കു തോന്നിയില്ല. പോയിവരൂ എന്നുപറഞ്ഞു. ഗേൾ ഫ്രണ്ടിനെ കണ്ട് തിരിച്ചുവരും എന്നാണ് ആദ്യദിവസം പറഞ്ഞതെങ്കിലും പിറ്റേദിവസം കൊൽക്കത്തയിൽ കുറച്ചുദിവസം നിൽക്കണമെന്നും കാലാവധി തീരുംമുമ്പേ അവിടെവെച്ചുതന്നെ ലൈബീരിയയിലേക്ക് മടങ്ങാം എന്നുമായി. നല്ലവനാണെന്നു തോന്നിയതിനാൽ അനുവദിക്കുകയും പാസ്പോർട്ടും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നൽകി കൊൽക്കത്തയിലേക്ക് കയറ്റിവിടുകയും ചെയ്തു. 2017 ഒക്ടോബർ ആദ്യമായിരുന്നു അവൻ കൊൽക്കത്തയിലേക്കുപോയത്. വിസ കാലാവധി മൂന്നുമാസം ഇനിയുമുണ്ട്. അതിനാൽ കൃത്യമായി ലൈബീരിയയിലേക്ക് മടങ്ങുമെന്ന് വിശ്വസിച്ചു. കൊൽക്കത്തയിൽ എത്തിയ ഉടൻ അവൻ വിളിച്ചു: ‘‘മാനേജർ, ഒരു ടെൻഷനും വേണ്ട. ഞാൻ കൃത്യമായി തിരിച്ചുപോകും.’’ എന്റെ സുഹൃത്തായ ആക്കീഫാണ് ബെഞ്ചമിനുമായി ഇംഗ്ലീഷിൽ സംസാരിക്കുന്നതും മെസേജ് ചെയ്യുന്നതും. അവനും കൊൽക്കത്തയിലെത്തിയപ്പോൾ കാലാവധി തീരുംമുമ്പേ തിരിക്കും എന്നുപറഞ്ഞ് മെസേജ് അയക്കുമായിരുന്നു.
ഫൗൾ പ്ലേ
രണ്ടുമാസം കഴിഞ്ഞ് തിരിച്ചുപോകാനുള്ള സമയമടുത്തപ്പോൾ ഞങ്ങൾ വീണ്ടും ബെഞ്ചമിനുമായി ബന്ധപ്പെട്ടു. 2018 ജനുവരി രണ്ടുവരെയായിരുന്നു വിസകാലാവധി. എന്നാൽ, അസുഖം പിടിപെട്ടിരിക്കുകയാണെന്നും കുറച്ചുദിവസം കഴിഞ്ഞുമാത്രമേ തിരിച്ചുപോകാൻ സാധിക്കുകയുള്ളൂഎന്നുമായിരുന്നു മറുപടി. അപ്പോൾതന്നെ കളി കൈവിട്ടുപോയെന്ന് മനസ്സിലായി. ‘‘കേരളത്തിലേക്ക് തിരിച്ചുവരൂ. ഇവിടെനിന്ന് ഞങ്ങൾ ടിക്കറ്റെടുത്ത് കയറ്റിവിടാം. ഇനി വൈകിയാൽ അത് എനിക്കും നിനക്കും ക്ലബ്ബിനും എല്ലാം പ്രശ്നമാകും’’ -എന്ന് ഞാൻ പറഞ്ഞു. അവൻ ഫോൺ കട്ടുചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ ഓരോരുത്തരെയായി അവൻ ബ്ലോക്ക് ചെയ്തു. ബന്ധപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചു. വിസകാലാവധി കഴിഞ്ഞു. എമിഗ്രേഷനിൽനിന്ന് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലേക്ക് റിപ്പോർട്ട് വന്നു. സ്പോൺസറായ എന്റെപേരിൽ കേസും. പരിചയക്കാരനായ പോലീസുകാരൻ സ്റ്റേഷനിലുള്ളതിനാൽ വിവരം വേഗം അറിയിച്ച് മുൻകൂർ ജാമ്യമെടുപ്പിച്ചു. ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ അവൻ അയച്ച മെസേജുകൾ പോലീസിന് കാണിച്ചുകൊടുത്തു. ബെഞ്ചമിന്റെപേരിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആ രാത്രികളിലൊന്നും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കുറച്ചുമാസങ്ങൾ കഴിഞ്ഞപ്പോൾ ബെഞ്ചമിൻ പിടിയിലായ വിവരമറിഞ്ഞു. ലൈബീരിയയിലേക്ക് പോകാൻ കൊൽക്കത്ത വിമാനത്താവളത്തിലെത്തിയപ്പോൾ എമിഗ്രേഷൻ അധികൃതർ പിടികൂടുകയും മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലേക്ക് അറിയിക്കുകയുമായിരുന്നു. പിന്നീട് അവനെ മണ്ണാർക്കാട് പോലീസിന് കൈമാറി. പോലീസ് അവനെ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ബെഞ്ചമിൻ കൂപ്പറിന് വിസനിയമലംഘനത്തിന് ആറുമാസം തടവും 1000 രൂപ പിഴയും കോടതി ശിക്ഷവിധിച്ചു.
ഫെയർ പ്ലേ
അവനെ നാട്ടിലേക്ക് കൊണ്ടുവന്നെന്നറിഞ്ഞപ്പോൾ എല്ലാ ദേഷ്യത്തോടും കൂടിയാണ് കാണാൻപോയത്. എന്നാൽ, ഞാൻ എന്തെങ്കിലും പറയുംമുമ്പേ അവൻ കരഞ്ഞുകൊണ്ട് ‘മാനേജർ, സോറി’ എന്നുപറഞ്ഞു മാപ്പപേക്ഷിച്ചു. പിന്നെ എനിക്കൊന്നും പറയാൻ തോന്നിയില്ല. എന്താണ് പറ്റിയതെന്ന് ചോദിച്ചപ്പോഴും ‘സോറി സോറി’ എന്നുമാത്രം ആവർത്തിച്ചു. തെറ്റ് ഏറ്റുപറയുന്നവന് മാപ്പുനൽകുകയല്ലാതെ എന്താണ് ചെയ്യുക. അവന്റെ സഹോദരിയും ലൈബീരിയിൽനിന്ന് വിളിച്ച് രക്ഷിക്കണം എന്നുപറയുമായിരുന്നു. അവനെ തിരിച്ചയയ്ക്കും എന്നുഞാൻ ഉറപ്പുകൊടുത്തു. അവനുവേണ്ടി വാദിക്കാനായി വക്കീലിനെ ഏർപ്പാടാക്കി. ജയിലിലെത്തി ഇടയ്ക്കിടെ കണ്ട് ധൈര്യം നൽകി. കോടതിയിലേക്ക് കൊണ്ടുവരുന്ന ദിവസങ്ങളിൽ ഭക്ഷണം മേടിച്ചുനൽകി. ആ കാലത്ത് എന്നോട് പലരും ചോദിച്ചിട്ടുണ്ട്: ‘‘ഷമീറേ, നിന്നെ ഇത്രയും ദ്രോഹിച്ച ഓനെ എന്തിനാ നീ സഹായിക്കുന്ന’’തെന്ന്. അപ്പോൾ നൽകിയ മറുപടി: ‘‘ഓൻ നമ്മളെ വിശ്വസിച്ച് വെറൊരു രാജ്യത്തുനിന്ന് നമ്മുടെ ക്ലബ്ബിന് കളിക്കാൻവന്ന പ്ലെയറാണ്. അവന്റെ ബുദ്ധിമോശംകൊണ്ട് ചെറിയൊരു പിഴവുപറ്റി. അത് ക്ഷമിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മള് പന്തുകളിക്കാരാണെന്ന് പറഞ്ഞിട്ടെന്താ കാര്യം. ഫൗൾ കളിച്ച കളിക്കാരൻ കൈതരുമ്പോൾ ആ കൈപിടിച്ച് എഴുന്നേൽക്കുന്നതല്ലേ പന്തുകളി. അത്രേ ഉള്ളൂ എല്ലാ ദേഷ്യവും. അവൻ കുടുംബം പോറ്റാൻവേണ്ടി കളിക്കാൻ വന്നതാണ്. ഒരു പെങ്ങളൂട്ടി കാത്തിരിക്കുന്നുണ്ട്. ബെഞ്ചമിനെ നമ്മള് കൂടി കൈവിട്ടാൽ അവനെ സഹായിക്കാൻ മറ്റൊരു മനുഷ്യനും ഇവിടെയില്ല. വന്നതുപോലെ തിരിച്ചുവിടേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്’’.
ശിക്ഷാകാലാവധി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അവനെ കൂട്ടിക്കൊണ്ട് വിമാനടിക്കറ്റും എടുത്തുനൽകി ലൈബീരിയയിലേക്ക് തിരിച്ചയച്ചു. ഈ വർഷം ജൂണിലായിരുന്നു അത്. വിമാനത്താവളത്തിൽനിന്ന് എന്റെ കൈപിടിച്ച് ‘‘മാനേജർ സോറി’’ എന്നു ഒരിക്കൽക്കൂടി ആവർത്തിച്ചു. എനിക്ക് അവനോട് സംസാരിക്കാൻ ഇംഗ്ലീഷ് നന്നായി അറിയില്ല, അവന് മലയാളവും അറിയില്ല. എന്നാൽ, എല്ലാ ഭാഷകൾക്കുമപ്പുറമുള്ള പന്തുകളിയുടെ, മനുഷ്യത്വത്തിന്റെ ഭാഷയുണ്ടല്ലോ. ആ ഭാഷയിൽ 'അതൊക്കെ മറക്കെടാ' എന്ന് ഞാൻ പറഞ്ഞത് അവന് മനസ്സിലായിട്ടുണ്ടാവണം.
ബെഞ്ചമിൻ ലൈബീരിയിലെത്തിയെങ്കിലും എന്റെ പാസ്പോർട്ട് ഇതുവരെ പുതുക്കിക്കിട്ടിയില്ല. കാരണം എന്റെപേരിലുള്ള കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. അതൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ. പുതിയ സീസണിലേക്കുള്ള പ്ലെയേഴ്സിനെ കൊണ്ടുവരാനുള്ള തിരക്കിലാണ് ഞാനിപ്പോൾ. സുഡാനിൽനിന്നോ ലൈബീരിയയിൽനിന്നോ ഏതുരാജ്യത്തുനിന്നെങ്കിലും നല്ല ഉഗ്രൻ പന്തുകളിക്കാരെ ഈ പ്രാവശ്യവും കൊണ്ടുവരണം. എന്നിട്ട് കപ്പടിക്കണം. നല്ലതുപോലെ അവരെ തിരിച്ചയക്കുകയും വേണം. ഇനിയും കളിക്കാരെ കൊണ്ടുവരാൻ പേടിയില്ലേ എന്നു ചോദിച്ചാൽ ഞാനൊരു അർജന്റീനാ ഫാനാണ്. നമ്മൾ ഓരോ വട്ടവും ലോകകപ്പ് കളിക്കുമ്പോൾ ഈ പ്രാവശ്യം കപ്പടിക്കും എന്ന് വിശ്വസിക്കും. എല്ലാവരെയും വെല്ലുവിളിക്കും. അതൊരു ധൈര്യത്തിന്റെ പുറത്താണ്. ആ ധൈര്യമുള്ളിടത്തോളം കാലം പന്തുകളിക്കുവേണ്ടി എന്ത് സാഹസത്തിനും റെഡി.