മെക്സിക്കോയുടെ കടൽത്തീരത്ത് അടിയുമ്പോൾ പൈ പട്ടേൽ എന്ന ഇന്ത്യക്കാരനും റിച്ചാർഡ് പാർക്കർ എന്ന ബംഗാൾ കടുവയും ജീവച്ഛവങ്ങളായിരുന്നു. തീരത്ത് മണലിൽ പുതഞ്ഞു
കിടക്കുമ്പോൾ, തന്നെ കടന്നു കാട്ടിലേക്കു പോവുന്ന കടുവ ഒരിക്കലെങ്കിലും സ്നേഹത്തോടെ, കാരുണ്യത്തോടെ തിരിഞ്ഞുനോക്കുമെന്നു പൈ പട്ടേൽ പ്രതീക്ഷിച്ചു. അത്രയും ദിവസം കടലിൽ, ഒരു ബോട്ടിൽ ഒരുമിച്ചു കഴിഞ്ഞിട്ടും പൈ മനുഷ്യനായിത്തുടർന്നു; പാർക്കർ മൃഗമായും.

 ‘ലൈഫ് ഓഫ് പൈ’ എന്ന വിഖ്യാത ചലച്ചിത്രം പറഞ്ഞത് കടലിൽ ഒറ്റപ്പെട്ടുപോയ മനുഷ്യന്റെയും മൃഗത്തിന്റെയും കഥയാണെങ്കിൽ ബന്ദിപ്പൂരിൽ മനുഷ്യനെ വിട്ടുപോവാത്ത രണ്ട് പുലിക്കുഞ്ഞുങ്ങളുടെ ജീവിതമുണ്ട്. ഒരിക്കലും രക്ഷപ്പെടില്ലെന്നു കരുതി അമ്മപ്പുലി ഉപേക്ഷിച്ചുപോയ രണ്ട് കുഞ്ഞുങ്ങൾ ജീവനും ജീവിതവും വീണ്ടെടുത്ത് കാട്ടിലേക്കു തിരിച്ചുപോയ വിചിത്രമായ അദ്ഭുതം. വിശാലാക്ഷി ദേവിക്കും ഗജേന്ദ്ര സിങ്ങിനും മരണംവരെ മറക്കാനാവാത്ത ആഹ്ലാദകരമായ അനുഭവമായിരുന്നു അത്. മൈസൂരു രാജവംശത്തിലെ ഇളമുറക്കാരിയാണ് വിശാലാക്ഷി ദേവി. ഭർത്താവ് ഗജേന്ദ്രസിങ്. ഇരുവർക്കും ബന്ദിപ്പൂർ വനമേഖലയോടു ചേർന്ന് റിസോർട്ട് ഉണ്ട്. 1997 നവംബർ 24-ന് തന്റെ നാൽപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഗജേന്ദ്ര. അന്നുതന്നെയാണ് ബന്ദിപ്പൂരിലെ വനം വകുപ്പുകാർക്ക് വനത്തിനുള്ളിലെ കരിമ്പിൻ പാടത്തുനിന്ന് രണ്ടു പുലിക്കുഞ്ഞുങ്ങളെ കിട്ടുന്നത്. അമ്മപ്പുലി ഉപേക്ഷിച്ചുപോയ കുഞ്ഞുങ്ങൾ തീർത്തും അവശരായിരുന്നു. എഴുന്നേറ്റു നിൽക്കാൻപോയിട്ട് വെള്ളം കുടിക്കാൻപോലും പറ്റാത്ത അവസ്ഥ. കുഞ്ഞുങ്ങളെ കരിമ്പിൻപാടത്തു വിട്ടിട്ടുപോരാൻ ആ ഉദ്യോഗസ്ഥർക്കു മനസ്സുവന്നില്ല. അവർ മൈസൂരുവിലെ മൃഗശാലാ അധികൃതരുമായി ബന്ധപ്പെട്ടു. അത്രയും ചെറിയ കുഞ്ഞുങ്ങളെ മൃഗശാലയ്ക്ക് പരിചരിക്കാനാവില്ല എന്നായിരുന്നു മറുപടി. വനം വകുപ്പുകാർ ഗജേന്ദ്ര സിങ്ങിനെ സമീപിച്ചു. തീരെ കുഞ്ഞുങ്ങളായതിനാൽ തനിക്ക് ഇവയെ നോക്കാനാവുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ വേവലാതി. മൈസൂരുവിലുള്ള ഭാര്യയെ ഗജേന്ദ്ര വിളിച്ചു. എന്തു ചെയ്യണം? വിശാലാക്ഷി ദേവി ഉടൻതന്നെ റിസോർട്ടിലെത്തി. സമ്മതമറിയിച്ചു. ഏകദേശം 12 ദിവസം മാത്രം പ്രായം വരുന്ന ആ കുഞ്ഞുങ്ങൾക്ക് പിന്നീട് വിശാലാക്ഷി ദേവി അമ്മയായി. പെൺകുഞ്ഞിന് ബേബി എന്നും ആൺകുഞ്ഞിന് ബുള്ളി എന്നും പേരിട്ടു.

Tiger

ബേബി, കുഞ്ഞുങ്ങളെ കാണിക്കാന്‍ വിശാലാക്ഷി ദേവിയെ (വലതുവശം) കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു


സമാനതകളില്ലാത്ത ഒരു വൈൽഡ് ലൈഫ് പുനരധിവാസത്തിന്‌ ബന്ദിപ്പൂരിൽ തുടക്കമിടുകയായിരുന്നു ആ ദിവസം. ഇത്രയും ചെറിയ പ്രായത്തിൽ രണ്ട് പുലിക്കുഞ്ഞുങ്ങൾ മനുഷ്യരോടൊത്തു പുതിയ ജീവിതം തുടങ്ങിയിട്ടുണ്ടാവില്ല. റിസോർട്ടിലെ ഒരു കോട്ടേജിലെ അപൂർവ അതിഥികളായിരുന്നു ആദ്യകാലത്ത് ബേബിയും ബുള്ളിയും. പതിയെ അവർ ജീവിതത്തിലേക്ക്് തിരിച്ചുവന്നു. വലുതായതോടെ കോട്ടേജിന് സമീപം തയ്യാറാക്കിയ ഫെൻസിങ് ഏരിയയിലേക്ക് മാറ്റി. മൈസൂരു കൊട്ടാരത്തിലും െബംഗളൂരു പാലസിലുമായി താമസിച്ചിരുന്ന വിശാലാക്ഷി ദേവി തന്റെ ജീവിതം പിന്നീട് ചെലവഴിച്ചത് ബന്ദിപ്പൂരിലുള്ള ബുള്ളിക്കും ബേബിക്കും വേണ്ടിയാണ്. വല്ലാത്തൊരു ആത്മബന്ധമായിരുന്നു അത്. പുലികളുടെ ഭാഷപോലും വിശാലാക്ഷി ദേവിക്ക് അറിയാമായിരുന്നുവെന്ന് തോന്നിപ്പോകും ചില ഘട്ടങ്ങളിൽ. ബുള്ളിയും ബേബിയും അമ്മയോടെന്ന വണ്ണം അവരുമായി ഇടപെട്ടു. ആശ്ചര്യകരമായ ഈ അപൂർവബന്ധം വീഡിയോയിൽ ചിത്രീകരിക്കാൻ യു.എസിലെ നാഷണൽ ജിയോഗ്രഫിക് ചാനൽ ക്യാമറാമാനായ െബംഗളൂരു സ്വദേശി സന്ദേശ് കുണ്ടൂർ ബന്ദിപ്പൂരിലെത്തി. ബുള്ളിയും ബേബിയും വിശാലാക്ഷിയുമായുള്ള ബന്ധത്തിന്റെ അപൂർവദൃശ്യങ്ങൾ  പകർത്തിയ സന്ദേശ് കുണ്ടൂരിന് പക്ഷേ, കൂടുതൽ ദിവസം അവിടെ ചെലവഴിക്കാനായില്ല. പിന്നീടുള്ള ചിത്രീകരണം ഗജേന്ദ്ര സിങ് ഏറ്റെടുത്തു. ഫെൻസിങ് പരിധിയിൽ വേട്ടയാടാനും തീറ്റ തേടാനും പരിശീലിച്ചതോടെ ബുള്ളിയെയും ബേബിയെയും കാട്ടിലേക്ക് വിടാൻ വനംവകുപ്പ് തീരുമാനിച്ചു. പുലിക്കുഞ്ഞുങ്ങളുടെ പരിചരണത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഏകന്തപ്പ, െബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഇക്കോളജിക്കൽ വിഭാഗത്തിലെ അധ്യാപകനും മലയാളിയുമായ ഡോ. രാമൻ സുകുമാർ, ഡോ. അരുൺ വെങ്കിട്ടരാമൻ, മാനേജർ ഗോപിദാസ് എന്നിവർ ഗജേന്ദ്ര സിങ്ങിനെയും വിശാലാക്ഷിയെയും സഹായിച്ചിരുന്നു.

 ഒടുവിൽ ഇരുവർക്കും വേദനാജനകമായ ആ ദിവസമെത്തി. ബുള്ളിയെയും ബേബിയെയും പിരിയുന്ന ദിവസം. ഇവരെ നിരീക്ഷിക്കുന്നതിനായി കൊച്ചിയിൽനിന്നു കൊണ്ടുവന്ന റേഡിയോ കോളറുകൾ ഇവരുടെ കഴുത്തിൽ ഉറപ്പിച്ചു. പ്രത്യേക വാഹനത്തിലാക്കിയ ബുള്ളിയെയും ബേബിയെയും ബന്ദിപ്പൂരിലെ ഒജിമുണ്ടി വനമേഖലയിൽ തുറന്നുവിട്ടു. പിന്നീടുള്ള മിക്കവാറും എല്ലാ ദിവസവും ഗജേന്ദ്രസിങ്ങും വിശാലാക്ഷിയും ഒജിമുണ്ടി വനമേഖലയിൽ എത്തുമായിരുന്നു. ഇരുവരും വരുന്ന ജിപ്സിയുടെ ശബ്ദം കേട്ടാൽ ദൂരെനിന്ന് ബുള്ളിയും ബേബിയും പാഞ്ഞെത്തും. ഒരുദിവസം ബുള്ളിയുടെ റേഡിയോ കോളർ സിഗ്നൽ ദുർബലമായി. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിൽ വനമേഖലയിലെ ഒരു സ്ഥലത്തുനിന്ന് റേഡിയോ കോളർ സിഗ്നൽ കിട്ടി. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആനത്താരയുടെ സമീപത്തുനിന്നു ബുള്ളിയുടെ ജീർണിച്ച ശരീരം കണ്ടെത്തി. വലിയ കലമാന്റെ കുത്തേറ്റാണ് ബുള്ളി മരിച്ചത്. ബുള്ളിയുടെ വേർപാട് വിശാലാക്ഷിക്കും ഗജേന്ദ്ര സിങ്ങിനും താങ്ങാൻ കഴിഞ്ഞില്ല. വനം വകുപ്പിന്റെ പ്രത്യേക അനുമതിയോടെ ബുള്ളിയെ സംസ്കരിക്കുന്ന സ്ഥലത്ത് അവരുമെത്തി. ഗജേന്ദ്ര സിങ്ങിന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന വെയ്ഫ്സ് ഓഫ് വൈൽഡ്(Waifs of wild) എന്ന പുസ്തകത്തിൽ ബുള്ളിയുടെ വേർപാടിനെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:   

Tiger
ബേബിയും ബുള്ളിയും കുഞ്ഞുനാളുകളില്‍

‘1999 ഓഗസ്റ്റ് അഞ്ച്. മഴയുള്ള ദിവസം. പ്രിയപ്പെട്ട ബുള്ളി കാടിന്റെ ഭാഗമായി. ബുള്ളി മരിച്ചതോടെ വിശാലാക്ഷിക്ക് ബേബിയിലുള്ള ശ്രദ്ധ കൂടിയോ എന്നെനിക്ക് തോന്നി. സഹോദരനായ ബുള്ളിയുടെ വേർപാട് ബേബിയെ ഒറ്റപ്പെടുത്തിയിരിക്കണം. വിശാലാക്ഷി ദേവി കാട്ടിൽ ബേബിയെത്തേടി പോകുന്ന സമയവും ദീർഘിച്ചു. ഒരു ദിവസം ബേബിയുടെ ശരീരികമായ പ്രത്യേകതകളിൽനിന്ന് അവൾ ഇണ ചേർന്നതായി ഞങ്ങൾക്ക് മനസ്സിലായി. ബേബിയുടെ സ്വഭാവത്തിലെ ഓരോ മാറ്റവും  മനസ്സിലാക്കാൻ കഴിയുന്ന തരത്തിലേക്ക് ഞങ്ങളും മാറിയിരുന്നു. കാടിന്റെ സാഹചര്യങ്ങളുമായി ബേബി കൂടുതൽ ഇണങ്ങി. ഒരുതവണ ബേബിയെ കാണുമ്പോൾ സമീപത്ത് ഒരു ആൺപുലി ഉണ്ടായിരുന്നു. പിന്നീട് ബേബിയെ കണ്ടപ്പോൾ വിശാലാക്ഷിക്ക് മനസ്സിലായി, ബേബി ഗർഭിണിയാണെന്ന്. റേഡിയോ കോളറിൽനിന്നുള്ള സിഗ്നലുകൾ കിട്ടിയെങ്കിലും ബേബിയുടെ വരവ് കുറഞ്ഞു. ഗർഭിണിയായ ബേബിക്ക് വീർത്ത വയറുമായി വരാനുള്ള ബുദ്ധിമുട്ട് ഞങ്ങൾക്ക് മനസ്സിലായി. പിന്നീട് ആഴ്ചകൾക്കുശേഷം ബേബി ഞങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. ബേബിയുടെ പെരുമാറ്റത്തിൽ പ്രത്യേകതകൾ തോന്നിയ ഞാൻ മൈസൂരിലുള്ള വിശാലാക്ഷി ദേവിയെ വിളിച്ചു. ബേബിയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കാണുന്നു, ഉടൻ മടങ്ങിവരണം. ബന്ദിപ്പൂരിലെത്തിയ വിശാലാക്ഷി ബേബിയെ തേടി കാട്ടിലേക്കെത്തി. ബേബി എന്ന വിളികേട്ട് അവളെത്തി. വിശാലാക്ഷിയെ കെട്ടിപ്പിടിച്ച ബേബി തൊട്ടടുത്ത കാട്ടിനുള്ളിലേക്ക് പതിയെ നടന്നു. എന്നിട്ട് തിരിഞ്ഞ് വിശാലാക്ഷിയെ നോക്കി. തന്റെ കൂടെ വരാനെന്ന ഭാവത്തിൽ. ബേബിക്ക് പിന്നാലെ, വിശാലാക്ഷിയും ക്യാമറയുമായി ഞാനും രണ്ട് ജീവനക്കാരും നടന്നു. പുല്ലുകൾക്കിടയിലൂടെ ബേബി ഞങ്ങൾക്ക് വഴിയൊരുക്കി അല്പദൂരം നടന്നപ്പോൾ കണ്ട കാഴ്ച ഞങ്ങളുടെ ഹൃദയം നിറച്ചു. ബേബി പ്രസവിച്ച മൂന്ന് പുലിക്കുഞ്ഞുങ്ങൾ. പുലിക്കുഞ്ഞുങ്ങളെ ഉമ്മവെച്ച് ബേബി വിശാലാക്ഷിയുടെ മുഖത്തേക്ക് നോക്കി. ജീവനക്കാരിൽ ഒരാൾ പുലിക്കുഞ്ഞുങ്ങളെ എടുത്ത് വിശാലാക്ഷിയുടെ കൈയിൽവെച്ചു. ബേബി എതിർപ്പൊന്നും രേഖപ്പെടുത്തിയില്ല. വിശാലാക്ഷി ബേബിയുടെ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ഉമ്മവെച്ച് കരഞ്ഞു. കുഞ്ഞുങ്ങളെ ബേബിയുടെ സമീപത്തേക്ക് വെച്ച് വിശാലാക്ഷിയും ഞാനും കാട്ടിൽനിന്ന് പുറത്തേക്കിറങ്ങി.’ ഇന്ത്യൻ വന്യജീവി ചരിത്രത്തിലെ അപൂർവനിമിഷമായിരുന്നു അത്. ആ നിമിഷങ്ങൾ തന്റെ ക്യാമറയിൽ പതിഞ്ഞപ്പോൾ താൻ പതറിപ്പോയെന്ന് ഗജേന്ദ്ര സിങ് തുടർന്നുപറയുന്നു: ‘മരിച്ചുപോകുമെന്ന് കരുതി വനംവകുപ്പുകാർ ഏൽപ്പിച്ച ബേബിക്ക് മൂന്നു കുട്ടികളുണ്ടായെന്ന കാര്യം ഞങ്ങളെ ചെറുതായൊന്നുമല്ല സന്തോഷിപ്പിച്ചത്. തിരിച്ചുവരുമ്പോൾ വിശാലാക്ഷിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. പിന്നീട് ഞങ്ങൾ ബേബിയെ കാണുന്നത് ചുരുക്കി. ബേബിയുടെ വരവും ദിവസങ്ങളിൽനിന്ന് ആഴ്ചകളിലേക്ക് മാറി. അവൾക്ക് അമ്മയുടെ കടമ നിർവഹിക്കണമായിരുന്നു. അവളുടെ കുട്ടികൾ വലുതായെങ്കിലും ഒരിക്കൽപ്പോലും ബേബി ഞങ്ങളെ കാണാൻ വരുന്ന സമയത്ത് അവർ കൂടെ ഉണ്ടായിരുന്നില്ല. ബേബിയുടെ മക്കൾ പൂർണമായും കാടിന്റെ മക്കളായി ജീവിച്ചു. ബേബി അഞ്ചുതവണകൂടി പ്രസവിച്ചു. ഓരോ തവണ പ്രസവിച്ചതിനുശേഷവും ഞങ്ങളെ തേടിയുള്ള ബേബിയുടെ വരവിന്റെ ദൈർഘ്യവും കൂടി. ബേബി പൂർണമായും കാടിന്റെ മകളായി മാറുകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. അതോടൊപ്പം ബേബിയെ കാണുന്നത് ദൂരെയുള്ള വനപ്രദേശങ്ങളിലായി. മാസങ്ങൾ നീണ്ട ഇടവേളകളിൽ മാത്രമാണ് പിന്നീട് ഞങ്ങൾ അവളെ കണ്ടത്. 2006 ഏപ്രിൽ 12-ന് ഊട്ടി റോഡിൽ ഞങ്ങൾ ക്ഷണിക്കാതെന്നെ ബേബി പ്രത്യക്ഷപ്പെട്ടു. കൂടെ ഒരു ആൺപുലിയും. ഞങ്ങളെ നോക്കി ഒരു ക്ഷമാപണത്തോടെയും ഉച്ചത്തിലും ‘ആവ് ആവ്’ എന്ന ശബ്ദം ബേബി പുറപ്പെടുവിച്ചു. ശേഷം ആൺപുലിയുടെ കൂടെ ബേബി കാടിനുള്ളിലേക്ക് നടന്നുനീങ്ങി. അത് ഞങ്ങളുമായുള്ള അവളുടെ അവസാന കൂടിക്കാഴ്ചയായിരുന്നു. വിശാലാക്ഷി പൊട്ടിക്കരഞ്ഞു. പിന്നീടൊരിക്കലും ബേബിയെ ഞങ്ങൾ വിളിച്ചില്ല. ബേബി വന്നതുമില്ല. അവൾ കാടിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. വർഷങ്ങൾ കഴിഞ്ഞു. പ്രായാധിക്യത്താൽ ബേബി കാടിനോട് ചേർന്നെന്ന് ഞങ്ങൾക്ക് മനസ്സിലായി...' 2016-ൽ വിശാലാക്ഷി ദേവി അർബുദബാധിതയായി വിട പറഞ്ഞു. ബേബിക്കും ബുള്ളിക്കും പിന്നാലെ ഭാര്യയെയും നഷ്ടമായ ഗജേന്ദ്ര സിങ് ബന്ദിപ്പൂരിൽ ഇപ്പോഴുമുണ്ട്.

സാക്ഷിയായി മലയാളി
നെടുമ്പാശ്ശേരി പാറക്കടവ് സ്വദേശിയായ ഗോപിദാസ് കഴിഞ്ഞ കാൽനൂറ്റാണ്ടായി മൈസൂർ രാജവംശത്തിനൊപ്പമുണ്ട്. വിശാലാക്ഷി ദേവിയുടെയും ഗജേന്ദ്ര സിങ്ങിന്റെയും മാനേജർ കൂടിയായ ഗോപിദാസ് പുലിക്കുഞ്ഞുങ്ങളും വിശാലാക്ഷിദേവിയും തമ്മിലുള്ള ആത്മബന്ധത്തിന് സാക്ഷിയാണ്. പുലിക്കുട്ടികളെ  വളർത്തി വനത്തിലേക്ക് മടക്കി അയക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ ഗോപിദാസും പങ്കാളിയായിരുന്നു. ഗജേന്ദ്ര സിങ്ങിന്റെ കൂടെ ഗോപിദാസും ഇപ്പോഴും ബന്ദിപ്പൂരിലുണ്ട്.

ഉത്തരം കിട്ടാതെ
മനുഷ്യൻ നടത്തുന്ന വൈൽഡ് ലൈഫ് പുനരധിവാസത്തിന്‌ ഇന്ത്യയിലെ ഏക ഉദാഹരണമാണിതെന്ന് ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച െബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  സയൻസിലെ ഡോ. അരുൺ വെങ്കിട്ടരാമൻ പറയുന്നു. കാട്ടിലേക്ക് വിട്ടതിന് ശേഷവും പുലിക്കുട്ടികൾക്ക്, പ്രത്യേകിച്ച് ബേബിക്ക് വളർത്തമ്മയായ വിശാലാക്ഷി ദേവിയെക്കുറിച്ചുള്ള ഓർമകളും സുരക്ഷിതത്വവും മനസ്സിലുണ്ടായിരുന്നു എന്നുവേണം കരുതാൻ. പ്രസവിച്ചതിനുശേഷം തന്റെ കുഞ്ഞുങ്ങളെ വിശാലാക്ഷി ദേവിക്ക് കാണിച്ചുകൊടുത്തതിനെ നിർവചിക്കാൻ ശാസ്ത്രലോകത്തിന് കഴിയുന്നില്ലെന്നും അരുൺ വെങ്കിട്ടരാമൻ പറയുന്നു. ഇതൊരു അപൂർവസംഭവമാണ്.

തെളിവായി വീഡിയോ
പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത് മുതലുള്ള ദൃശ്യങ്ങൾ ഗജേന്ദ്ര സിങ്ങിന്റെ ശേഖരത്തിലുണ്ട്. ഈ സംഭവത്തെക്കുറിച്ചുള്ള വിവരം കിട്ടിയതിനെ തുടർന്ന് യു.എസിൽ നാഷണൽ ജിയോഗ്രഫിക് ചാനലിന്റെ ക്യാമറമാനും ​െബംഗളൂരു സ്വദേശിയുമായ സന്ദേശ് കുണ്ടൂരാണ് തുടക്കത്തിൽ ദൃശ്യങ്ങൾ വീഡിയോയിൽ ചിത്രീകരിച്ചത്. പിന്നീട് അദ്ദേഹത്തിന് അമേരിക്കയിലേക്ക് മടങ്ങിപ്പോകേണ്ടി വന്നതിനാൽ ഗജേന്ദ്രസിങ് തന്നെ ആ ദൗത്യം പൂർത്തീകരിക്കുകയായിരുന്നു.

വിശാലാക്ഷി ദേവി

baby
വിശാലാക്ഷിദേവി ബുള്ളിക്കും ബേബിക്കും ഒപ്പം


മൈസൂർ രാജകുടുംബത്തിലെ ഇരുപത്തിയഞ്ചാമത്തെ രാജാവായിരുന്നു ശ്രീ ജയ ചാമരാജ വൊഡയാർ പതിനൊന്ന് (1940-1947) . ത്രിപുരസുന്ദരി മണിയായിരുന്നു അദ്ദേഹത്തിന്റെ മഹാറാണി. അവർക്ക് അഞ്ച്‌ പെൺമക്കളും  ഒരു ആൺകുട്ടിയും. അതിൽ ഏറ്റവും ഇളയ മകളാണ് വിശാലാക്ഷി ദേവി. രാജസ്ഥാൻ സ്വദേശികളായ സുരേന്ദ്ര സിങ്ങിന്റെയും ഹൻസാ ദേവിയുടെയും ഇളയമകനായ ഗജേന്ദ്ര സിങ്ങാണ് വിശാലാക്ഷിദേവിയുടെ ഭർത്താവ്. വിശാലാക്ഷി ദേവിയുടെ സഹോദരൻ ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ (1953- 2013) ആയിരുന്നു മൈസൂർ രാജകുടുംബത്തിലെ ഇരുപത്തിയാറാമത്തെ മഹാരാജാവ്. അദ്ദേഹത്തിന്റെ കാലശേഷം 2015 മുതൽ യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ ആണ് ഇപ്പോഴത്തെ മൈസൂർമഹാരാജാവ്.