കോവിഡ് ദുരന്തത്തിന്റെ  അനുഭവകാലം ഒരുവർഷം പിറകിലേക്ക്‌ മറിച്ചിട്ടുകഴിഞ്ഞു. ഇപ്പോൾ പ്രത്യാശയുടെ, ഉയിർത്തെഴുന്നേൽപ്പിന്റെ ചില നാമ്പുകൾ അങ്ങിങ്ങായി മൊട്ടിട്ടിട്ടുണ്ട്. മുംബൈ നഗരം അതിന്റെ ഊർജത്തിലേക്ക് സാവധാനം  തിരിച്ചെത്താനുള്ള കുതിപ്പിലാണ്. കോവിഡ് രോഗം സമ്മാനിച്ച മുഖംമൂടിയണിഞ്ഞ് നഗരം കുതിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ഭയത്തിന്റെ ഉള്ളിടിപ്പ് നഗരഹൃദയത്തിൽനിന്ന്  മാഞ്ഞുപോയിട്ടില്ല; പഴയ വേഗത്തിന്റെ പകുതിപോലും അതിന് തിരിച്ചുകിട്ടിയിട്ടുമില്ല.
കഴിഞ്ഞവർഷം മാർച്ച്‌ പകുതിയോടെ കോവിഡ് രോഗഭീതി മുംബൈ നഗരത്തെ ആസകലം, അടിമുടി തൂത്തെറിഞ്ഞതോടെ നഗരം അതിന്റെ കുതിപ്പ് നിർത്തുകയായിരുന്നു. നഗരജീവിതം നിശ്ചലമായി. പതിനായിരക്കണക്കിന് ജീവിതങ്ങൾക്ക്‌ മുംബൈ നഗരം അന്യമായത് പൊടുന്നനെയാണ്. ഈ നഗരം നിങ്ങൾക്ക് ജീവിക്കാനുള്ള ഇടമല്ലെന്ന്‌  ഭരണകൂടവും വിളിച്ചുപറഞ്ഞു. അവർ സ്വന്തമെന്ന് കരുതിയ ഇടമെല്ലാം അവരുടേതല്ലാതായിമാറി. ഉറങ്ങാത്ത നഗരത്തിന്റെ തെരുവിൽ നടക്കണമെങ്കിൽപ്പോലും അനുമതിപത്രങ്ങൾ വേണമെന്നായി. നഗരം പടുത്തുയർത്തുന്ന ആയിരക്കണക്കിന് ജനത, മുംബൈ വിടുന്നത് ഈ അവസ്ഥയിലാണ്. ഗതാഗതം പൂർണമായും സ്തംഭിച്ചു. വിശപ്പടക്കാനുള്ള എല്ലാ ഉപാധികളും ഇല്ലാതായി. മരിച്ചുവീഴുകയാണെങ്കിൽ അത് സ്വന്തം മണ്ണിലാവാം  എന്ന് അവർ ആശിച്ചത് ആ നാളുകളിലാണ്. പലായനത്തിന്റെ വിലാപക്കാഴ്ച നഗരം കണ്ടു. ആ ജീവിതങ്ങൾക്ക്‌, അന്ന്‌ അവരുടെ നാട്ടിലെത്താൻ വാഹനം നൽകിയും വിശപ്പടക്കാൻ ഭക്ഷണം നൽകിയും  തങ്ങളുടെ ഉറ്റവരായിക്കണ്ട് അവർക്ക് തുണയായും ഒരാളുണ്ടായിരുന്നു: ബോളിവുഡ് താരം സോനു സൂദ്. അദ്ദേഹത്തെ അവർ മിശിഹ (രക്ഷകൻ) എന്നുവിളിച്ചു. സിനിമയിൽ ഒട്ടേറെ  വില്ലൻവേഷങ്ങൾമാത്രം ചെയ്തൊരാൾ വളരെ പെട്ടെന്നാണ് ജനനായകനായത്. മുംബൈ നഗരത്തിൽനിന്ന് സമ്പാദിച്ചതൊക്കെയും അശരണർക്കുവേണ്ടി അദ്ദേഹം മാറ്റിവെച്ചു. 
മനുഷ്യത്വത്തിന്റെ വിശാലമായ ഭൂമികയിൽ സോനു സൂദ് ഇടംനേടുന്നത് ഇങ്ങനെയാണ്‌. ഈ പ്രവർത്തനത്തിന് ചെറുതും വലുതുമായ ഒട്ടേറെ  പുരസ്കാരങ്ങൾ അദ്ദേഹത്തെ ഇപ്പോൾ തേടിയെത്തുന്നുണ്ടെങ്കിലും അതിനുവേണ്ടി അദ്ദേഹം മാറ്റിവെച്ചത്‌ തന്നെത്തന്നെയാണ്. രാജ്യത്ത്‌ അനേകായിരം  ദൈവങ്ങളുണ്ട്‌. ആ ദൈവങ്ങൾക്കിടയിൽ തങ്ങളെ സഹായിച്ച സോനു സൂദിനെ ദൈവംപോലെ പ്രതിഷ്ഠിക്കുകയായിരുന്നു ജനത. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സോനു സൂദിന്റെ ക്ഷേത്രങ്ങൾ ഉയരുന്നത് ആ ആരാധനയിലൂടെയാണ്. കോവിഡിന്റെ താണ്ഡവം അവസാനിച്ച്‌ തുടങ്ങിയെങ്കിലും താൻ സഹായിച്ചവരുടെ വിവിധയാവശ്യങ്ങൾ ഇപ്പോഴും സോനു സൂദ് തന്നെ സാധിച്ചുകൊടുക്കുന്നു. മുംബൈയിലെ തന്റെ എട്ടോളം സ്വത്തുക്കൾ പണയപ്പെടുത്തിയാണ് അദ്ദേഹം ഇക്കാര്യം നിർവഹിച്ചത്. 
 ഈ നിയോഗം
ലോക്ഡൗൺ കാലത്ത് നഗരം ദുരിതത്തിലേക്ക് സഞ്ചരിക്കുന്നത്് ഞാൻ കണ്ടു. ഞാനും സുഹൃത്ത് നിധിയും വഡാലയിൽനിന്ന് കാറിൽ ജുഹുവിലേക്കുള്ള യാത്രയിൽ വണ്ടി ബാന്ദ്ര കലാനഗറിലെത്തിയപ്പോൾ ഒരമ്മ കരഞ്ഞ് ഞങ്ങളുടെ കാറിന് പിറകെ ഓടി. റോഡിന്റെ വഴിയോരത്ത്‌  കുഞ്ഞുങ്ങളെ കിടത്തിയിട്ടുണ്ട്. കല്ലുകൂട്ടി ഒരടുപ്പിൽ പാത്രം വെച്ചിട്ടുണ്ടായിരുന്നു. കാർ നിർത്തി അവരോടൊപ്പം നടന്നു. പാത്രത്തിൽ ഒന്നുമുണ്ടായിരുന്നില്ല. അമ്മ ഇപ്പോൾ ഭക്ഷണം നൽകുമെന്ന ഉറപ്പിൽ കുഞ്ഞുങ്ങൾ പാതിമയക്കത്തിൽ വഴിയോരത്ത്‌ കിടന്നുറങ്ങുന്നു. ഈ കാഴ്ചയും തിരിച്ചറിവുമാണ് ഞങ്ങളെ ഞെട്ടിച്ചത്. അവർക്കുവേണ്ട ഭക്ഷണം നൽകിയാണ് ഞങ്ങൾ മടങ്ങിയത്. ഇക്കാര്യം എന്നെ പൊള്ളിച്ചു. അതിനുശേഷം തെരുവിലെ ജീവിതങ്ങൾക്ക് ഭക്ഷണം നൽകിയാണ് ഞങ്ങൾ  ദൗത്യത്തിന് തുടക്കമിടുന്നത്.
 ഘർവാപസി
ഭക്ഷണം നൽകുന്നത് വ്യാപകമായതോടെയാണ് ആയിരങ്ങൾക്ക് തൊഴിൽ നഷ്ടമായതും സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നതും കണ്ടത്. അപ്പോഴേക്കും ഇതരസംസ്ഥാന തൊഴിലാളികൾ തങ്ങളുടെ കുഞ്ഞുങ്ങളും സാധനങ്ങളുമായി റോഡിലൂടെ തങ്ങളുടെ ഇടംതേടി പ്രയാണമാരംഭിച്ചിരുന്നു. ഇതോടെ ഈ അശരണരെ അവരുടെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഞങ്ങൾ തുടങ്ങി. ബസുകൾ ചോദിച്ചപ്പോൾ ആർക്കും ഓടിക്കാനുള്ള ധൈര്യമില്ല. ബസിന് എന്തെങ്കിലും കേടുകൾ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം നൽകാമെന്ന് ഉറപ്പുനൽകിയതോടെ അവർ യാത്രയ്ക്ക് തയ്യാറായി. പിന്നീട് സർക്കാർ അംഗീകരിക്കണം. രേഖകളുടെ നൂലാമാലകൾ. അതൊക്കെ ശരിയാക്കി ആദ്യമായി 350 പേരെ കർണാടകത്തിലേക്കാണ് അയച്ചത്. അതോടെ ആത്മധൈര്യം വന്നു. റോഡിൽ എന്നെ തടഞ്ഞിരുന്ന പോലീസ്, പിന്നീട് 'ഇന്ന് എത്രപേരെ കയറ്റിയയക്കുന്നു'വെന്ന് അന്വേഷിക്കാൻ തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, കശ്മീർമുതൽ കന്യാകുമാരിവരെ ബസിലും തീവണ്ടിയിലുമായി
ഒരുലക്ഷത്തിഎഴുപത്തിയയ്യായിരം  ആളുകളെയാണ്‌ ഞങ്ങൾ അവരുടെ വീടുകളിലെത്തിച്ചത്. ഇക്കാര്യത്തിന് എന്നെ സഹായിക്കാൻ സന്നദ്ധസേവകരായി ആയിരങ്ങൾ വന്നു. ദൈവം നിശ്ചയിച്ച വഴിയിലെ ഒരു ചാലകമായി ഞാൻ മാറി. ദൈവത്തിനാണ് ഞാൻ നന്ദിപറയുന്നത്. എനിക്ക് ഈ കൊച്ചുമനുഷ്യരുടെ ഹൃദയത്തിൽ ഇടംമതി. രാഷ്ട്രീയത്തിൽ എനിക്ക്  താത്‌പര്യമില്ല. ഒട്ടേറെ രാഷ്ട്രീയപ്പാർട്ടികൾ സമീപിച്ചെങ്കിലും അവരെ മാറ്റിനിർത്തിയിരിക്കുകയാണ്.
കുട്ടിക്ക് പേര് സോനു ചതുർവേദി
താണെ ജില്ലയിലെ കൽവയിൽ താമസിക്കുന്ന തൊഴിലാളികുടുംബം. ഭാര്യ ഗർഭിണിയാണ്. പ്രസവമടുത്ത സമയമാണ്. കോവിഡ് വ്യാപകമായതോടെ ആശുപത്രിയിൽ പോകാൻ പേടി. ബിഹാറിലെത്തണം. അവർക്കുവേണ്ട മെഡിക്കൽ സഹായം ഉൾപ്പെടെ നൽകി. അവരുടെ വീട്ടിലെത്തിച്ചു. അവർക്ക്‌  കുട്ടിയുണ്ടായപ്പോൾ എന്റെ പേര് നൽകി. സോനു ചതുർവേദി, അങ്ങനെയുണ്ടായ കുട്ടിയാണ്. അവരിപ്പോഴും വിളിക്കാറുണ്ട്.
അങ്ങനെ ആയിരങ്ങൾ. അവരുടെ പ്രാർഥനമാത്രം മതിയെനിക്ക്‌. അത്തരം ഒട്ടേറെ സംഭവങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട്. ദുരന്തങ്ങൾക്ക്‌ നടുവിൽനിന്ന്  നാട്ടിലെത്തിയ മനുഷ്യർ വിളിക്കാറുണ്ട്. നാട്ടിലെത്തിച്ച മനുഷ്യരിലൂടെ, അവർ തീർത്ത കണ്ണികളിലൂടെയാണ് പതിനായിരങ്ങൾ ഞങ്ങളെ തേടിയെത്തിയത്. അവരുടെ ജീവിതത്തിലുണ്ടായ ആ ചെറിയ പ്രകാശം മതി എന്റെ ജീവിതത്തെ ചലിപ്പിക്കാൻ. ഹൈദരാബാദിൽ മക്കളുടെ ചുമലിൽ നുകംവെച്ച് വയൽ ഉഴുന്ന ഒരു കർഷകന്റെ വീഡിയോ കണ്ടു. അയാളെ കണ്ടെത്തി. ട്രാക്ടർ നൽകി. ആ സ്നേഹം ഇന്നും അവരിലുണ്ട്. അവർക്കുനൽകിയ ട്രാക്ടർ ഉപയോഗപ്പെടുത്തി ഇപ്പോൾ ആ ഗ്രാമം മുഴുവൻ ഉഴുന്നു. അങ്ങനെ എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
 വിദേശവിദ്യാർഥികൾ
കിർഗിസ്താനിൽപ്പെട്ട ഇന്ത്യൻ വിദ്യാർഥികളിലൊരാൾ അവിടെ മരണപ്പെട്ടു. അതോടെയാണ് വിവിധ രാജ്യങ്ങളിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷിക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി എന്റെ വീട്ടിലേക്ക്‌ ഒരച്ഛനും അമ്മയും വരുന്നത്. അവരുടെ മകൻ കിർഗിസ്താനിലായിരുന്നു. അവരുടെ കണ്ണീരാണ് എന്നെ വിദ്യാർഥികളുടെ സമീപത്തെത്തിച്ചത്. ആദ്യം വലിയ  തടസ്സങ്ങളുണ്ടായി. പതിനാലായിരത്തോളം വിദ്യാർഥികളെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞു. എംബസികൾ, അംബാസഡർമാർ, സർക്കാർ ഉദ്യോഗസ്ഥർ അങ്ങനെ എത്രപേർ. കിർഗിസ്താനുപുറമേ, കസാഖ്‌സ്താൻ, ഉസ്‌ബെക്കിസ്താൻ, ജോർജിയ, റഷ്യ, ന്യൂസീലൻഡ്, ലണ്ടൻ അങ്ങനെ എത്ര ഇടങ്ങൾ. അവിടെനിന്നാണ് വിദ്യാർഥികളെത്തിയത്. മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ വിദ്യാർഥികളുടെ വേദനയും സ്നേഹവും ഞാൻ തൊട്ടറിഞ്ഞിട്ടുണ്ട്.
 കോവിഡ് ഭയം
കോവിഡ് വന്നതോടെ മിക്കവരും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ മടിച്ചുവെന്നത് ശരിയാണ്. എന്നാൽ, ഈ ദൗത്യത്തിലേക്ക് എത്തിയതോടെ ഒരു ഭയവും എന്നെ വേട്ടയാടിയില്ല. ഭയത്തെക്കാൾ വലിയ ദൗത്യം എന്റെ മുന്നിലുണ്ടായിരുന്നു. അതോടെ എല്ലാം മറന്നു. ഇതരസംസ്ഥാന തൊഴിലാളികൾക്ക് മാസ്ക്, സാനിറ്റൈസർ, ഭക്ഷണം എല്ലാം നൽകിയാണ് അവരെ വാഹനങ്ങളിലെത്തിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ ശക്തമായി പാലിക്കുകയും ചെയ്തു. അവരെ നാട്ടിലെത്തിക്കാൻ 16മുതൽ 18മണിക്കൂറോളം ഞാൻ തെരുവിൽത്തന്നെയായിരുന്നു. ഉറക്കമില്ലായിരുന്നു. സഹായം ആവശ്യപ്പെട്ട് എത്ര വിളികളാണ് എത്തുകയെന്ന് കണക്കുണ്ടായിരുന്നില്ല. തൊഴിലാളികളെ സഹായിക്കാൻ വേണ്ടി ടോൾ ഫ്രീ നമ്പർ തുടങ്ങി. 250പേർ അതിനുവേണ്ടിമാത്രം പ്രവർത്തിച്ചു.
പുസ്തകം
ഞാൻ നാഗ്പുരിൽനിന്ന് എൻജിനിയറായപ്പോഴും ആദ്യസിനിമയിൽ അഭിനയിച്ചപ്പോഴും  ഏറ്റവും സന്തോഷിച്ചത് എന്റെ അമ്മയായിരുന്നു. അമ്മ പ്രൊഫസറായിരുന്നു. അമ്മയ്ക്കുവേണ്ടിയാണ് ‘ഞാൻ മിശിഹയല്ല’ എന്ന പുസ്തകമെഴുതിയത്. പത്രപ്രവർത്തകയായ മീന കെ. അയ്യരുടെ സഹായത്തോടെയായിരുന്നു രചന. നല്ല പ്രതികരണമാണ് പുസ്തകത്തിന് ലഭിക്കുന്നത്. കോവിഡ് കാലത്ത്‌ ചെയ്ത പ്രവർത്തനങ്ങൾ, വരുംതലമുറ വായിക്കണമെന്ന ആഗ്രഹം ഈ രചനയ്ക്കുപിന്നിലുണ്ട്. എന്റെ വളർച്ച കാണാൻ അമ്മയും അച്ഛനുമില്ല എന്ന ദുഃഖമുണ്ട്.
 മറ്റുപ്രവർത്തനങ്ങൾ
പഞ്ചാബിലെ എന്റെ ഗ്രാമമായ മോഗയിൽ, പഠിക്കുന്ന കുട്ടികൾക്ക് അമ്മയുടെ സ്മരണയ്ക്കുവേണ്ടി സ്കോളർഷിപ്പ് നൽകുന്നുണ്ട്. തൊഴിൽ കണ്ടെത്തി കുടുംബങ്ങളെ സഹായിക്കാൻ പ്രവാസി റോസ്ഗാർ ആപ്പ്  ആരംഭിച്ചിട്ടുണ്ട്. അതിലൂടെ രാജ്യത്തെ തൊഴിലവസരങ്ങൾ കണ്ടെത്തി സഹായിക്കാനാണ് പദ്ധതി. പതിനായിരക്കണക്കിന് അന്വേഷണങ്ങൾ വന്നിട്ടുണ്ട്. ആശുപത്രിസഹായം വേണ്ടവരെ സഹായിക്കാൻ രാജ്യം മുഴുവൻ 44,000 ഡോക്ടർമാരുടെ ഒരുസംഘത്തെ രൂപപ്പെടുത്തി. എന്റെ സുഹൃത്തായ ഡോക്ടർ ഗൗതമാണ് ഇതിന്‌ എന്നെ സഹായിക്കുന്നത്. അവർ സാധാരണക്കാർക്കുവേണ്ട ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്യുന്നു. അതിനുവേണ്ട മെഡിക്കൽ ചെലവുകൾ ഞാൻ നിർവഹിക്കുന്നു.
 സിനിമകൾ
യാഷ്‌രാജ് ഫിലിംസിന്റെ ‘പൃഥ്വിരാജി’ൽ നല്ല റോളാണ്. അതിന്റെ ചിത്രീകരണം നടക്കുകയാണ്. ചിരഞ്ജീവി, പ്രകാശ് രാജ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾക്കുപുറമേ, പി.വി. സിന്ധുവിന്റെ ബയോപിക്കിലും ഞാൻ അഭിനയിക്കുന്നുണ്ട്. ഒപ്പം, ഒട്ടേറെ ഹിന്ദി സിനിമകളുടെ ചർച്ച നടക്കുന്നു.
 പുരസ്കാരങ്ങൾ
ഞാൻ നടത്തിയ മാനുഷികപ്രവർത്തനങ്ങളെ മുൻനിർത്തി യു.എൻ. പുരസ്കാരം, നോർവേയിൽ നടന്ന ചടങ്ങിൽ ബോളിവുഡ് ബെസ്റ്റ് മാൻ ഓഫ് ദ ഇയർ, യു.കെ. 2020 സെലിബ്രിറ്റി ലിസ്റ്റിൽ ഇടം... അങ്ങനെ ചെറുതും വലുതുമായ ഒട്ടേറെ പുരസ്കാരങ്ങൾ കോവിഡ് കാലത്തെ പ്രവർത്തനത്തിന് ലഭിച്ചിട്ടുണ്ട്.