രു വ്യാഴവട്ടക്കാലം മണലാരണ്യത്തിൽ പണിയെടുത്ത് സമ്പാദിച്ചതത്രയും മൂന്ന് വലിയ തകരപ്പെട്ടികളിലാക്കി ബാപ്പുട്ടിഹാജി കപ്പലിൽ നാട്ടിലേക്കയച്ചു. കുറച്ചുപുസ്തകങ്ങളും ഒരു പഴയ സ്റ്റീരിയോ ടേപ്പ് റെക്കോഡറും മാത്രം കൈയിലെടുത്ത് അദ്ദേഹം തിരൂരങ്ങാടിയിലെ വലിയാട്ട് തറവാട്ടിലേക്ക് തിരിച്ചെത്തി. ബാപ്പുട്ടിഹാജിയുടെ ഭാഷയിൽ പറഞ്ഞാൽ ‘പഴയ ബോംബായിൽ വിമാനമിറങ്ങി വണ്ടികയറി നാട്ടിലെത്തി’. 
അദ്ദേഹം നാട്ടിലെത്തി കുറച്ച് നാളുകൾക്കുള്ളിൽ പെട്ടികളും കടൽകടന്നെത്തി. പെട്ടികൾ തുറന്നപ്പോൾ ബാപ്പുട്ടിഹാജിയെ അറിയാത്തവർമാത്രമേ ഞെട്ടിയുള്ളൂ. കാരണം, അതിൽ നിറയെ പുസ്തകങ്ങളായിരുന്നു. 227 കിലോഗ്രാമായിരുന്നു അവയുടെ ആകെ ഭാരം! 

1989-ലാണ് ഗൾഫ് ജീവിതം മതിയാക്കി മൊയ്തീൻകുട്ടി എന്ന ബാപ്പുട്ടിഹാജി നാട്ടിലേക്കെത്തുന്നത്.  ടി.വി., വി.സി.ആർ., ടേപ്പ്‌റെക്കോഡർ, ഫ്രിഡ്ജ് തുടങ്ങിയവയെല്ലാം ഗൾഫുകാരുടെ വീട്ടിലെമാത്രം ആഡംബരമായിരുന്ന അക്കാലത്താണ് 227 കിലോ പുസ്തകങ്ങളുംകൊണ്ട് ഒരു പ്രവാസിയുടെ വരവ്. കാൽനൂറ്റാണ്ടിനുശേഷം നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം എല്ലാവരെയും ഒരിക്കൽക്കൂടി അദ്ഭുതപ്പെടുത്തി. സ്വസ്ഥമായിരുന്ന് വായിക്കാനും തന്റെ പ്രിയപുസ്തകങ്ങൾ സൂക്ഷിക്കാനും മാത്രമായി രണ്ടുമുറികളുള്ള ഒരു കെട്ടിടം പണിതതായിരുന്നു സംഭവം.

ഇപ്പോൾ വയസ്സ് 78 ആയെങ്കിലും വായനയില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ബാപ്പുട്ടിഹാജിക്ക് ഓർക്കാനേ കഴിയില്ല. 1938 ജൂലായ് മൂന്നിനാണ് വലിയാട്ട് കുഞ്ഞഹമ്മദ് ഹാജിയുടെയും ആമിക്കുട്ടി ഹജ്ജുമ്മയുടെയും ഏകമകനായി ബാപ്പുട്ടി ഹാജി പിറന്നത്. മകന്റെ ജനനസമയവും തീയതിയുമെല്ലാം മലയാളം, ഇംഗ്ലീഷ്, ഹിജ്‌റ വർഷ കണക്കുകളായി ഡയറിയിൽ പിതാവ് കുറിച്ചിട്ടു. വടിവൊത്ത അക്ഷരങ്ങളിൽ ഉപ്പയെഴുതിയ കുറിപ്പുകൾ ഇപ്പോഴും മകൻ സൂക്ഷിക്കുന്നുണ്ട്. ‘മാതൃഭൂമി’ ദിനപ്പത്രവും ‘സഞ്ജയൻ’ മാസികയും പിതാവ് വീട്ടിൽ വരുത്തിയിരുന്നു. മകൻ ബാപ്പുട്ടിയെ അദ്ദേഹമാണ് വായനയിലേക്ക് തിരിച്ചുവിട്ടത്. രണ്ടാംക്ലാസുമുതൽ വായന ദിനചര്യയായി. പുലർച്ചെ നാലുമണിക്ക് എണീറ്റ് ഉപ്പയെ കൃഷികാര്യങ്ങളിൽ സഹായിക്കും. പാഠപുസ്തകങ്ങളും പത്രവും വായിക്കും. സ്കൂൾവിട്ടുവന്നാലും കളിക്കൂട്ടുകാർ പുസ്തകങ്ങളായിരുന്നു. 
തിരൂരങ്ങാടിയിലെ ഹയർ എലിമെന്ററി സ്കൂളിൽ എട്ടാംക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നു ബാപ്പുട്ടിക്ക്. പ്രഥമാധ്യാപകനായിരുന്ന ഗോവിന്ദൻനായരെയും ‘മധുരച്ചൂരൽ’ വീശിയെത്തുന്ന പെരച്ചൻ മാസ്റ്ററെയും ബാപ്പുട്ടിയിലെ കുട്ടി ഇപ്പോഴും ഓർമിക്കുന്നുണ്ട്. ഉയർന്ന പഠനത്തിന് കോട്ടയ്ക്കലോ പരപ്പനങ്ങാടിയിലോ പോകേണ്ടിയിരുന്നു. പക്ഷേ, കൃഷിയിലും തേങ്ങാക്കച്ചവടത്തിലും ഉപ്പയെ സഹായിക്കാനായിരുന്നു ബാപ്പുട്ടിയുടെ നിയോഗം. അപ്പോഴും വായന നിന്നില്ല. ഉപ്പയുടെ ശേഖരത്തിലെ പുസ്തകങ്ങൾ തീർന്നപ്പോൾ പുതിയവതേടിപ്പോയി. കെ.പി. കേശവമേനോന്റെ കഴിഞ്ഞകാലം, നാം മുന്നോട്ട്, എന്റെ ജീവിതചിന്തകൾ, സഞ്ജയന്റെ ഹാസ്യാഞ്ജലി എന്നിവയെല്ലാം സ്വന്തമാക്കി. 
കഥ, കവിത, നോവൽ, കൃഷി, നിരൂപണം, തത്ത്വചിന്ത, മനഃശാസ്ത്രം, സാങ്കേതികവിദ്യ, ആയുർവേദം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങളെല്ലാം ബാപ്പുട്ടിഹാജി വായിച്ചുകൂട്ടി. വായന ഒരു ലഹരിയായിത്തീർന്നു. പുസ്തകങ്ങൾ വാങ്ങി വായിക്കലാണ് ശീലം. പത്രങ്ങളിലും ആഴ്ചപ്പതിപ്പുകളിലുമെല്ലാം വരുന്നവയിൽ ആവശ്യമുള്ള ലേഖനങ്ങൾ അടയാളപ്പെടുത്തി സൂക്ഷിക്കും. വീട്ടിലെ മുറി നിറഞ്ഞുകവിയാറായപ്പോഴാണ് പുസ്തകം 
സൂക്ഷിക്കാനായി ഹാജി കെട്ടിടം പണിതത്. വെള്ളവും വെളിച്ചവും പുസ്തകഅലമാരകളുമെല്ലാം ഇവിടെയുണ്ട്. തന്റെ പക്കലുള്ള പുസ്തകങ്ങൾ തരംതിരിച്ച് നമ്പറിട്ട് ഇവിടേക്ക് മാറ്റിക്കൊണ്ടിരിക്കയാണ് ഇപ്പോൾ. പല കാലങ്ങളിലിറങ്ങിയ നിഘണ്ടുകളും ഇപ്പോൾ ലഭ്യമല്ലാത്ത പുസ്തകങ്ങളുമൊക്കെ ഇദ്ദേഹത്തിന്റെ ലൈബ്രറിയിലുണ്ട്. 

1977-ലാണ് ജോലിതേടി ബാപ്പുട്ടി ഹാജി ഗൾഫിലേക്ക് പോകുന്നത്. മക്കയിലെ പ്രധാന ദേവാലയത്തിൽ ശുചീകരണജോലിക്കാരനായിരുന്നു ആദ്യം. ജോലികഴിഞ്ഞ് ഇഷ്ടം പോലെ ഒഴിവുസമയമുണ്ടായിരുന്നു. 
കൂട്ടുകാർ സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റുകളിൽ കയറിയും ടി.വി.കണ്ടും കഴിഞ്ഞപ്പോൾ പുസ്തകക്കടകൾ തേടിയായിരുന്നു ബാപ്പുട്ടിഹാജിയുടെ യാത്ര. പിന്നീട് ജിദ്ദയിലെ ‘സ്നാക്ക് ഫുഡ്’ കമ്പനിയിൽ ജോലിക്കാരനായപ്പോഴും പുസ്തകയാത്രകൾ തുടർന്നു. ഇതിനിടെ പാത്തുമ്മു ജീവിതസഖിയായെത്തി. അബ്ദുൾ റഊഫ്, അഹമ്മദ്, ഇബ്രാഹിം, ആയിഷ, ആമിന, ഷരീഫ എന്നീ മക്കളുമുണ്ടായി. 
സാങ്കേതികവിദ്യയുടെ കാലത്ത് താൻ കാലഹരണപ്പെട്ടുപോകാതിരിക്കാനും ഹാജി വഴികണ്ടെത്തി. പ്രായംനോക്കാതെ പോയി കമ്പ്യൂട്ടർ പഠിച്ചു. മികച്ച ഇലക്‌ട്രോണിക്സ് പുസ്തകങ്ങൾ നാട്ടിലില്ലാതിരുന്ന കാലത്ത് ലണ്ടനിലെ പ്രസാധകക്കമ്പനിയായ പിറ്റ്മാൻ പബ്ലിഷേഴ്‌സിന് കത്തെഴുതി. ഹാജ്യാരുടെ പ്രായവും ഇലക്‌ട്രോണിക്സിലുള്ള താത്പര്യവും കണക്കിലെടുത്ത് ഇവർ സൗജന്യമായി ‘ഇലക്‌ട്രോ ണിക്സ് സോഴ്‌സ് ബുക്ക് ഫോർ എൻജിനിയേഴ്‌സ്’ എന്ന പുസ്തകം അയച്ചുകൊടുത്തു. 

മധുരപ്രിയനാണ് ഇദ്ദേഹം.  ചോക്ലേറ്റ് മിഠായികൾ, തേൻ, പഞ്ചസാര, ശർക്കര എന്നിവയൊക്കെ ഇദ്ദേഹത്തിന്റെ മുറിയിലുണ്ട്. വീട്ടിൽ വരുന്നവരെയെല്ലാം മധുരം നൽകിയാണ് ഹാജി സ്വീകരിക്കുക. ഇത്രയേറെ മധുരം കഴിച്ചിട്ടും പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. പുസ്തകമുറിയിലെ പത്തായത്തിനുമുകളിൽ വിരിയിട്ടാണ് ഹാജിയുടെ ഉറക്കം. എരിവും പുളിയും ഉപ്പും കുറഞ്ഞ ഭക്ഷണം സ്വയമുണ്ടാക്കി കഴിക്കുന്നു. ആറു കീശകളുള്ള വലിയ ‘യെമനി’കുപ്പായംമാത്രമേ ഇദ്ദേഹം ധരിക്കാറുള്ളൂ. മിഠായികളും ചെറിയ പുസ്തകങ്ങളുമെല്ലാം കീശയിലിട്ട് നടക്കാം. 

രാമായണവും മഹാഭാരതവും ഖുർആനും ഹദീസുകളും മറ്റ് മഹദ് ഗ്രന്ഥങ്ങളും അലമാരയിൽ കഴിയുന്ന അതേമുറിയിൽ കിടക്കണം. എങ്കിലേ ഈ വായനക്കാരന് ഉറക്കംവരൂ. മുറിയടച്ച് താക്കോൽ മുണ്ടിൻതുമ്പിൽ കെട്ടിയാണ് ബാപ്പുട്ടിഹാജി പുറത്തിറങ്ങുക. കുട്ടികളോ മറ്റാരെങ്കിലുമോ അബദ്ധത്തിൽ പുസ്തകങ്ങൾ കേടാക്കുന്നത് ഇദ്ദേഹത്തിന് സഹിക്കില്ല. ഹാജിയുടെ പുസ്തകപ്രേമവും വായനക്കമ്പവുമറിഞ്ഞ് സ്കൂൾ-കോളേജ് വിദ്യാർഥികൾ വീട്ടിലെത്താറുണ്ട്. വായന നൽകുന്ന ആനന്ദത്തെക്കുറിച്ച് ഇവരോട് അദ്ദേഹം വാചാലനാകും. ‘‘അറിവിലൂടെമാത്രമേ മനുഷ്യന് മനുഷ്യത്വമുണ്ടാകൂ, സഹജീവിയെ അറിയാനാകൂ. അപ്പോഴേ എല്ലാ വൈരവും ഇല്ലാതാകൂ’’, ഇടക്കിടെ ബാപ്പുട്ടിഹാജി ഓർക്കുകയും ഓർമിപ്പിക്കുകയും ചെയ്യും.  

താനറിഞ്ഞ അനുഭൂതി മറ്റുള്ളവർക്കും ഉണ്ടാകുന്നതിനുവേണ്ടി വായനയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും അദ്ദേഹം കൂട്ടുകാരോടും കുഞ്ഞുകുട്ടികളോടും വാതോരാതെ സംസാരിക്കും. വായനയിൽനിന്ന് കണ്ടെടുത്ത് സൂക്ഷിച്ച വരികൾ ഉദ്ധരിക്കും. കഴിയുന്ന കാലത്തോളം ഇത് തുടരുകതന്നെചെയ്യാനാണ് ഈ നല്ല വായനക്കാരന്റെ നിശ്ചയം. 
ckshijith@gmail.com