പ്രണാമത്തോടെ...
ജീവിതത്തിൽ ഒരു തീപ്പെട്ടിമരുന്നിനോളമെങ്കിലും ഫലിതം കാത്തുസൂക്ഷിക്കണമെന്ന് പറഞ്ഞത്  എഴുത്തുകാരനായ തിക്കോടിയനാണ്. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാ​െപ്പാലീത്ത ചിരിയുടെ പൂത്തിരികളും അമിട്ടുകളും ചിലപ്പോൾ ഒപ്പമിരിക്കുന്നവരെ ചിരിപ്പിച്ച്‌ ചിതറിത്തെറിപ്പിക്കുന്ന കുഴിമിന്നികളുമായാണ് തന്റെ ജീവിതത്തിലുടനീളം സമൂഹത്തിലും സഭയിലുമെല്ലാം പെരുമാറിയത്. ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ചുള്ള ഓർമക്കുറിപ്പിൽ നർമത്തിന്റെ സ്പർശമില്ലെങ്കിൽ അത് അദ്ദേഹത്തിന്റെ ജീവിതത്തോട് ചെയ്യുന്ന അനീതിയായിരിക്കും. അതുകൊണ്ട്  ചിരിച്ചുകൊണ്ട്‌ എഴുതിയ വിയോഗക്കുറിപ്പാണിത്‌ 

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാെപ്പാലീത്ത മരിച്ചതോടെ ആ നഷ്ടം നികത്താനാവില്ലെന്ന് എല്ലാവരും പറഞ്ഞുകഴിഞ്ഞതിനാൽ ആവർത്തിക്കുന്നില്ല. ആരുമരിച്ചാലും മരണത്തോടൊപ്പം ചേർക്കേണ്ട ഒരു വിശേഷണമാണ് എന്നു കരുതിയാവാം ചാനലുകളിലെ ഒരു സ്ഥിരം അനുശോചനത്തൊഴിലാളി 104 വയസ്സിൽ കടന്നുപോയ തിരുമേനിയുടെ ‘അകാല’ നിര്യാണത്തിൽ ദുഃഖിക്കുന്നതും കേട്ടു. കാലത്തിനനുസരിച്ച് നാവുപിഴച്ച ഒരു ചാനൽ താരം ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്നതിനുപകരം ഫിലിപ്പോസ് ‘ബാർ’ ക്രിസോസ്റ്റം എന്നുകൂടി തട്ടിവിടുന്നതു കേട്ടപ്പോൾ ഇതൊന്നും കേട്ട് ചിരിക്കാൻ തിരുമേനി ഇല്ലാതായിപ്പോയല്ലോ എന്ന സങ്കടം മാത്രമാണുണ്ടായത്.

സത്യത്തിൽ ക്രിസോസ്റ്റം തിരുമേനിയുടെ മരണം ഏറ്റവും ആശങ്കപ്പെടുത്തുന്നത് ദൈവത്തെയാകും. അളന്നുമുറിച്ച ആ ഫലിതക്കൂട്ടുകൾക്കുമുന്നിൽ  ദൈവത്തിന് എങ്ങനെ പിടിച്ചുനിൽക്കാനാവും എന്നറിയില്ല. സുവിശേഷവാക്യങ്ങളിൽപ്പോലും സവിശേഷമായ ഫലിതത്തിന്റെ മുള്ളും മുനയും കരുതിവെക്കുന്ന ഈ ‘ചിരിമേനി’യെ സ്വന്തം നിലനിൽപ്പ് ഓർത്ത് ദൈവം സ്വർഗത്തിലേക്ക് പ്രവേശിപ്പിക്കുമോ എന്നുപോലും സംശയമുണ്ട്.

തിരക്കഭിനയിച്ചും കൃത്രിമഗൗരവം നടിച്ചും പള്ളിയിൽ വന്നിരുന്ന വിശ്വാസികളെ, അനുസരിപ്പിക്കാൻമാത്രം പഠിപ്പിച്ചിരുന്ന ഘടാഘടിയന്മാരായ അച്ചന്മാരുടെ ഇടയിലേക്കാണ് ചിരിവഴക്കമുള്ള സുവർണനാവുമായി ക്രിസോസ്റ്റം തിരുമേനി എത്തിയത്. ചിരിക്കാത്ത അച്ചന്മാർക്കും അവരെ പേടിച്ച് ചിരിക്കാത്ത അത്മായർക്കും പള്ളിയും പള്ളിക്കൂടങ്ങളും ചിരിയിടങ്ങളായി മാറ്റണമെന്ന തിരിച്ചറിവാണ് അദ്ദേഹം നൽകിയത്. ചിരിക്കുന്നവനാണ് യഥാർഥ വിശ്വാസി. തന്റേതന്നെ കുറവുകളിലേക്കു നോക്കിയും അന്യരുടെ മുഖത്തേക്കുനോക്കിയും ചിരിക്കുക എന്ന അസാമാന്യ ദൈവശാസ്ത്രമായിരുന്നു തിരുമേനി പ്രസരിപ്പിച്ചിരുന്നത്. വിശ്വാസികളെ ദൈവകോപത്തിന്റെ പേരിൽ ഇരുത്തിപ്പൊരിച്ചിരുന്ന പള്ളിയങ്കണങ്ങളിൽ തിരുമേനി അവരെ ഇരുത്തിച്ചിരിപ്പിച്ചു. ചിരിക്കാൻ മറന്നുപോയ അച്ചന്മാരെ നിർത്തിപ്പൊരിച്ചു. അങ്ങനെ ദൈവത്തെപ്പോലും കളിയാക്കി ദൈവജനത്തെ ചിരിപ്പിച്ച തിരുമേനി ദൈവത്തിന്റെ അടുത്തേക്കെത്തുമ്പോൾ ദൈവം എങ്ങനെ പേടിക്കാതിരിക്കും? ‘‘ഞാനും ദൈവവും തമ്മിൽ പ്രാർഥനയിൽപ്പോലും ഫലിതങ്ങൾ പങ്കുവെക്കാറുണ്ട്’’ എന്നു പറഞ്ഞിരുന്ന തിരുമേനിയെ നേരിൽ കാണുമ്പോൾ ദൈവം എന്തുചെയ്യുമോ ആവോ. തന്റെ ഏറ്റവും വലിയ യോഗ്യത ‘ദൈവത്തെ എനിക്കറിയാം എന്നെ ദൈവത്തിനും അറിയാം’ എന്നതാണ്‌ എന്നൊക്കെ പറഞ്ഞ് പലതവണ സോപ്പിട്ടിട്ടുണ്ടെങ്കിലും അടുത്തെത്തുമ്പോഴുള്ള കഥയെന്താകും!

യൂദാസ് ആത്മഹത്യ ചെയ്യുന്നതുപോലും ദൈവം സഹായിച്ചിട്ടാണെന്നു സ്ഥാപിക്കുന്ന നീതിശാസ്ത്രം കേട്ടാൽ ഏത് ദൈവമാണ് ചിരിച്ചുമരിക്കാത്തത്. ക്രിസോസ്റ്റം തിരുമേനി വിശ്വാസികളോട് ഒരിക്കൽ ചോദിച്ചു: ‘‘ഇന്നു രാത്രി ദൈവം നിങ്ങൾക്ക് പ്രത്യക്ഷനായി ചോദിക്കുന്നു, ലോകത്തിന്റെ നന്മയ്ക്കുവേണ്ടി ഞാൻ എന്തു ചെയ്യണം, ലോകത്തിന്റെ വലിയ ആവശ്യമെന്ത്, നിങ്ങൾക്ക് പറയാമോ?’’ ചോദ്യങ്ങൾക്കൊടുവിൽ അദ്ദേഹംതന്നെ ഉത്തരത്തിലേക്ക് കടന്നു: ‘‘ലോകത്തിന്റെ ആവശ്യം മനുഷ്യനാണ്. ദൈവം എപ്പോഴും ഉണ്ട്. മനുഷ്യൻ ദൈവത്തെ കൈവിടുകയല്ലാതെ ദൈവം മനുഷ്യനെ കൈവിടില്ല. കള്ളനെയും കൊള്ളക്കാരനെയുമെല്ലാം അദ്ദേഹം ഒപ്പം നിർത്തും. എന്നാൽ, ദൈവത്തിന് ഒരു കഴിവുണ്ട്. ഒരുത്തൻ നശിക്കണമെന്ന് നിശ്ചയിച്ചാൽ അവനെ നശിക്കാൻ സഹായിക്കും.’’ ഇനിയാണ് ദൈവംപോലും ആലോചിക്കാത്ത ആ ട്വിസ്റ്റ് വരുന്നത്. - ‘യേശുവിനെ ഒറ്റിക്കൊടുത്തശേഷം യൂദാസ് കെട്ടിത്തൂങ്ങിച്ചത്തപ്പോ അവന്റെ കയറുപൊട്ടാതെ ദൈവം സൂക്ഷിച്ചു. ദൈവത്തിന് കയറ് പൊട്ടിച്ചാൽ മതിയായിരുന്നല്ലോ. അവൻ മരിക്കണമെന്ന് നിശ്ചയിച്ചവനാണ്. അതുകൊണ്ടാ അങ്ങനെ’. ക്രിസ്തു കുഷ്ഠരോഗിയെ തൊട്ടു സുഖമാക്കി എന്ന ദൈവവചനത്തിനുപോലും ഞാനാണെങ്കിൽ സുഖമാക്കിയിട്ടേ തൊടുമായിരുന്നുള്ളൂ എന്നു മറുവചനം ചമച്ചിട്ടുണ്ട് തിരുമേനി.  ഇതു കേൾക്കുമ്പോൾ ദൈവം പോലും അതുശരിയാണല്ലോ, അങ്ങനെ മതിയായിരുന്നല്ലോ എന്ന് ഒരു നിമിഷത്തേക്കെങ്കിലും ഒന്ന് ആലോചിച്ചു പോകില്ലേ! അപ്പോൾപ്പിന്നെ ചിരിച്ചുമരിക്കാൻ തയ്യാറാവുകമാത്രമാണ് ഇനി ദൈവത്തിനു മുന്നിലുള്ള ഏക പോംവഴി.

ദൈവത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും തർക്കത്തിലേർപ്പെടുന്നവരെ തിരുമേനി പൊളിച്ചടുക്കിയത് ഒരു കഥ പറഞ്ഞുകൊണ്ടായിരുന്നു: ‘‘കമ്യൂണിസ്റ്റായിരുന്ന എന്റെ ഒരു സ്നേഹിതനെ കോടതിയിൽ വിസ്തരിച്ചു. അവനോട് വക്കീൽ ചോദിച്ചു:  ‘‘നീ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?’’ അവൻ പറഞ്ഞു : ‘‘ദൈവമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.’’ അവൻ കോടതിയിൽ നിന്നിറങ്ങിയപ്പോൾ അവന്റെ അമ്മാച്ചൻ പറഞ്ഞു: ‘‘ഏടാ ഇങ്ങനത്തെ ഭോഷത്തരം പറയണോ. ദൈവം ഉണ്ടോന്ന് ചോദിച്ചാൽ ഇല്ലെന്നു പറയണമായിരുന്നോ?’’. ഉടനെ അവൻ പറഞ്ഞു: ‘‘അച്ചായാ അച്ചായന് എന്നാ അറിയാം. അച്ചായൻ വലിയ ഭക്തനാണെന്നു പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ. ഞാൻ ഇല്ലാന്നു പറഞ്ഞാലുടൻ ദൈവം ഇല്ലാതാകുമോ അച്ചായാ’’ എന്നിട്ട് തിരുമേനി ചോദിക്കുന്നു: ‘‘ഇവർ രണ്ടുപേരിൽ ആരാണ് ദൈവവിശ്വാസി. അവൻ കോടതിയിൽ ഇല്ലെന്നു പറഞ്ഞാൽ ഇല്ലാതാകുന്ന ഒരു ദൈവത്തിലാണ് അമ്മാച്ചൻ വിശ്വസിക്കുന്നത്. അവൻ വിശ്വസിക്കുന്നത് ഏത് കോടതി വിചാരിച്ചാലും ഇല്ലാതാക്കാൻ കഴിയാത്ത ദൈവത്തിലും.’’

കുടുംബപ്രാർഥന മുടങ്ങാതെ നടക്കുന്നതിന് വൈദികരുടെ സുവിശേഷവേലയെക്കാൾ ഇറാഖ്‌ പ്രസിഡന്റ് സദ്ദാം ഹുസൈനാണ് കാരണക്കാരനെന്നും തിരുമേനി ഒരിക്കൽ കണ്ടെത്തി. കുവൈത്തിനെതിരേ ഇറാഖ്‌ പ്രസിഡന്റ് സദ്ദാം ഹുസൈൻ യുദ്ധം തുടങ്ങിയ കാലത്താണ് സദ്ദാമിന് തിരുമേനി നന്ദിപറഞ്ഞത്. യുദ്ധത്തെ  ഇഷ്ടപ്പെടുന്നില്ലെങ്കിലും കേരളത്തിലെ വീടുകളിൽ കുടുംബപ്രാർഥന തുടങ്ങാൻ സദ്ദാമാണ് കാരണക്കാരൻ എന്നായിരുന്നു പ്രവാസിമലയാളികളെ ഓർത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിഗമനം. ഇത്തരത്തിൽ വിശ്വാസികളുടെ വകതിരിവില്ലായ്മകളെ നേർമയുള്ള നർമത്തിലൂടെ അദ്ദഹം കണക്കറ്റ് പ്രഹരിച്ചുപോന്നു. ആചാര്യ വിനോഭ ബാവെയുടെ നേതൃത്വത്തിൽ നടന്ന ഭൂദാനയജ്ഞത്തിന്റെ ഒരു ചടങ്ങിൽ മാർ ക്രിസോസ്റ്റവും പങ്കെടുത്തിരുന്നു. എല്ലാവരും ഉച്ചയൂണിനിരുന്നു. വിശപ്പിന്റെ വിളിമൂലം കിട്ടിയവർ കിട്ടിയവർ ഊണുകഴിച്ചു തുടങ്ങി. സംഘാടകരിലൊരാൾ ഓടിവന്ന് ക്രിസോസ്റ്റം തിരുമേനിയോട് പറഞ്ഞു: ‘‘തിരുമനസ്സ് ഭക്ഷണത്തിനു മുമ്പായുള്ള പ്രാർഥന ചൊല്ലണം.’’ പകുതിയിലേറെപ്പേർ കഴിച്ചുതുടങ്ങിയെന്നു മനസ്സിലാക്കിയ തിരുമേനി പ്രാർഥന ഇങ്ങനെയാക്കി: ‘‘ദൈവമേ, ഒരു ന്യൂനപക്ഷത്തിന്റെ മുന്നിലും ഭൂരിപക്ഷത്തിന്റെ വായിലുമായിരിക്കുന്ന ഭക്ഷണത്തെ അനുഗ്രഹി​േക്കണമേ.’’

തിരുമേനിയുടെ ചിരിശരങ്ങൾ ഏറ്റുവാങ്ങിയവരിൽ ഏറെയും സഭാ അധികാരികളും സഭയിലെ വൈദികരുമാണ്. ഒരിക്കൽ മാർത്തോമാ സഭയിലെ ഒരു ചെറിയ തിരുമേനി വന്ന് അന്നത്തെ സഭയും ഇന്നത്തെ സഭയും തമ്മിലുള്ള വ്യത്യാസം എന്താണെന്നു ചോദിച്ചു. തിരുമേനിയുടെ മറുപടി പെട്ടെന്നായിരുന്നു: ‘‘പണ്ടൊക്കെ അച്ചന്മാർ എന്തുപറഞ്ഞാലും ജനങ്ങൾ വിശ്വസിക്കും. ഇപ്പോൾ സത്യം മാത്രമേ വിശ്വസിക്കൂ.’’

വലിയ മെത്രാപ്പൊലീത്തയായി സഭ എന്ന സ്ഥാപനത്തിന്റെ പരമാധികാരസ്ഥാനത്തിരിക്കുമ്പോഴും തന്റെ നേർക്കുതന്നെയും അതുവഴി മറ്റുള്ളവരിലേക്കും അമ്പും ആയുധവും പ്രയോഗിക്കാൻ അദ്ദേഹം കാട്ടിയ വിരുത് ഒന്നുവേറെത്തന്നെയായിരുന്നു. ബിഷപ്പിന് അദ്ദേഹം നൽകിയ ഈ നിർവചനം തന്നെ അതിന് ധാരാളം - ബിഷപ്പ് എന്നാൽ വിചിത്രമായി വസ്ത്രം ധരിക്കുന്നവർ, വ്യക്തമായ ലക്ഷ്യങ്ങളിൽ ദൃഷ്ടിവെക്കാത്തവർ, എപ്പോഴും അകലങ്ങളിലേക്ക് നോക്കിയിരിക്കുന്നവർ, ഒന്നിനും വ്യക്തമായ മറുപടി ഇല്ലാത്തവർ... സഭയേതായാലും ബിഷപ്പുമാരെ കുറിച്ച് ആലോചിക്കുംതോറും ഇതിൽപ്പരം യോജിച്ച ഒരു നിർവചനം ആർക്കു പറയാനാവും. തന്റെ പ്രതിപുരുഷന്മാരായ ബിഷപ്പുമാരിൽ തനിക്കുപോലും ഇത്തരം സവിശേഷതകൾ കണ്ടെത്താനായില്ലല്ലോ എന്നോർത്ത് ദൈവംപോലും ചിരിച്ചുമറിഞ്ഞുകാണും. ഇതു ശരിയാണോ എന്നറിയാൻ ഏതു ബിഷപ്പാണ് മുറിയടച്ച് ഒരിക്കലെങ്കിലും കണ്ണാടിയിൽ ഒന്നു നോക്കാതിരിക്കുക.

വിവിധ സഭകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളിൽ വ്യക്തമായ നിലപാടുണ്ടായിരുന്ന തിരുമേനി വേദിയും ഇരിക്കുന്നവരുടെ പദവിയും നോക്കാതെ ഈ വിഷയത്തെ നേരിട്ടു. ഇത്തരത്തിലുള്ള തർക്കങ്ങൾ മൂക്കറ്റം മൂത്തുനിൽക്കുന്ന കാലത്ത് തിരുമേനി പറഞ്ഞു: ‘‘വഴക്കിടാൻവേണ്ടിയാണ് കുടിക്കുന്നത് എന്നാണ് കുടിയന്മാർ പറയുന്നത്. എന്നാൽ, കള്ളുപോലും കുടിക്കാത്ത മെത്രാന്മാർ വഴക്കിടുന്നത് കാണുമ്പോൾ കള്ളുകുടിക്കുന്നതാണ് നല്ലതെന്നു തോന്നാറുണ്ട്.’’ സകല സഭകളിലെയും മെത്രാന്മാരുടെ സന്നിധ്യത്തിലായിരുന്നു മാർ ക്രിസോസ്റ്റത്തിന്റെ കള്ളച്ചിരിയോടെയുള്ള ഈ കള്ളുപ്രയോഗം എന്നുകൂടി ഓർക്കണം. ഇതുകേട്ട് വഴക്കിടുന്ന മെത്രന്മാരാരെങ്കിലും കള്ളു കുടിച്ചുനോക്കിയിട്ടുണ്ടോ എന്നകാര്യം ഇപ്പോഴും അരമനരഹസ്യമാണ്. അതങ്ങനെത്തന്നെ നിൽക്കട്ടെ.

പല തരത്തിലും നിറത്തിലും തലത്തിലുമുള്ള ബിഷപ്പുമാർ അണിനിരന്ന മറ്റൊരു വേദിയിൽ തിരുമേനി പൊട്ടിച്ച ഈ ചിരിയമിട്ട്  ബിഷപ്പുമാരെയൊക്കെ ഒരു നല്ല കുമ്പസാരത്തിന് പ്രേരിപ്പിച്ചു കാണും എന്നുറപ്പ്. അദ്ദേഹം പറഞ്ഞു: ‘‘യേശു നേരിട്ട് ആരെയും സ്വർഗത്തിലേക്ക് കൊണ്ടുപോയിട്ടില്ല. അതുകൊണ്ടാകും കർത്താവിന്റെ ജീവിതാന്ത്യത്തിൽ ഒരാളെ സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. അത് ഒരു നല്ല കള്ളനെയാണ്. കർത്താവിനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളനെ...’’ അല്പനേരം മൗനമായി നിന്ന ശേഷം ക്രിസോസ്റ്റം തുടർന്നു: ‘‘സ്വർഗത്തിൽ കയറിപ്പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം, ബിഷപ്പുമാർ എല്ലാം ഇന്ന് വാശിയോടെ മത്സരിക്കുകയാണ്, നല്ല ഒരു കള്ളനാകാൻ’’

ഓർത്തഡോക്സ് സഭ കോട്ടയത്ത് ആരംഭിച്ച ബാലമന്ദിരത്തിന്റെ ഉദ്ഘാടനമാണ് വേദി. ഓർത്തഡോക്സ് സഭയിലെ സർവോന്നത പിതാക്കന്മാരും വൈദികരും വിശ്വാസിസമൂഹവും ഒത്തുകൂടിയ വിശാലമായ ചടങ്ങിൽ തിരുമേനിയാണ് ഉദ്ഘാടകൻ.  അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു:  ‘‘ഈ ബാലമന്ദിരത്തിലെ കുട്ടികൾ, അവർ എന്തായിത്തീരും? അവരെ ശരിയായി വളർത്തിയില്ലെങ്കിൽ അവർ എന്തായിത്തീരും? ഒന്നുകിൽ അവർ സെൻട്രൽ ജയിലിൽ പോകും. അല്ലെങ്കിൽ ഓർത്തഡോക്സ് സഭയിലെ ബിഷപ്പായിത്തീരും.’’ അതുശരിവെച്ചുകൊണ്ടാണെങ്കിലും അല്ലെങ്കിലും ആ ഫലിതത്തിന്റെ വിസ്ഫോടനത്തിൽ വേദിയും സദസ്സും ഒരുപോലെ ചിരിച്ചുചുമച്ചുപോയി.  

എല്ലാറ്റിനും എല്ലാവർക്കും മറുപടികൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും ഒരിക്കൽ മറുപടിയില്ലാതാക്കി ക്രിസോസ്റ്റം തിരുമേനി.  വിശ്രമത്തിൽ കഴിഞ്ഞിരുന്ന തിരുമേനിയെ കാണാൻ കോഴഞ്ചേരിയിലെത്തിയ മുഖ്യമന്ത്രിക്ക് കുടിക്കാൻ കൊടുക്കാൻ തിരുമേനി സഹായിയോട് ആവശ്യപ്പെട്ടു. ഈ സമയം മുഖ്യമന്ത്രി പറഞ്ഞു: ‘‘വേണ്ടാ ഞാൻ കുടിച്ചിട്ടാണ് വന്നത്.’’ നൂറ്റിയൊന്നിന്റെ ചെറുപ്പത്തിലും ഒരുനിമിഷം ആലോചിക്കാതെ തിരുമേനിയുടെ മറുപടിയെത്തി: ‘‘എന്നെ കാണാൻ ആരും കുടിച്ചിട്ട് വരാറില്ല.’’ മദ്യനിരോധനത്തിന്റെ മുന്നണിപ്പോരാളിയായ തിരുമേനിയുടെ മറുപടിയിൽ പൊട്ടിച്ചിരിക്കുകയല്ലാതെ മുഖ്യമന്ത്രിക്ക് മറ്റുവഴികളില്ലായിരുന്നു. മുഖ്യമന്ത്രിയും മേജറും മൈനറുമായ തിരുമേനിമാരും പാതവക്കിലെ പാൽക്കാരനുമെല്ലാം ചിരിയുടെ കാര്യത്തിൽ തിരുമേനിക്ക് ഒരുമേനിയായിരുന്നു. പാലിൽ സ്ഥിരമായി വെള്ളം ചേർത്തുനൽകിയിരുന്ന തന്റെ പാൽക്കാരന് ഒരിക്കൽ രണ്ടു കുപ്പി നൽകിയിട്ടു തിരുമേനി പറഞ്ഞുവത്രേ : ‘‘പാൽ ഒരു കുപ്പിയിലും അതിൽ ചേർക്കുന്ന വെള്ളം രണ്ടാമത്തെ കുപ്പിയിലുമായി തരണം. ഞാൻ ഇവിടെ മിക്സ് ചെയ്തോളാം.’’

എല്ലാവർക്കും ക്രിസ്മസ് - പുതുവത്സര ആശംസാ കാർഡുകൾ വിതരണം ചെയ്തു നടക്കുന്ന പോസ്റ്റ്മാന് ആശംസാകാർഡ് അയച്ചിട്ടുള്ള തിരുമേനി ഇനി എന്തൊക്കെ പുകിലാകും ദൈവത്തിനുമുമ്പിൽ ഒപ്പിക്കുക! ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ഒന്നുറപ്പാണ്, ഇനി ആകാശത്തുമുഴങ്ങുന്ന ഇടിമുഴക്കത്തിൽപ്പോലും ഒരു ചിരിമുഴക്കം കേൾക്കാം, ക്രിസോസ്റ്റം തിരുമേനിയോടൊപ്പം ചിരിച്ചുകുഴയുന്ന ദൈവത്തിന്റെ. അല്ല, ഇനി ഒടുവിൽ ദൈവം ചിരിച്ചുമരിച്ചാലോ. പേടിക്കേണ്ട, ഉയിർപ്പിക്കാനുള്ള ചിരിമരുന്നും തിരുമേനി കരുതിയിട്ടുണ്ടാകും.

ജീവിതകാലം മുഴുവൻ പ്രസംഗവേദികളുടെ ചിരിസാന്നിധ്യമായിരുന്ന തിരുമേനിയുടെ പ്രസംഗകരെക്കുറിച്ചുള്ള ഈ ഫലിതവും പ്രശസ്തമാണ്: ‘‘നല്ല പ്രസംഗകർ ക്വട്ടേഷൻസ് ഉപയോഗിക്കാറുണ്ടല്ലോ. ഈ മഹാൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ആ മഹതി അങ്ങനെ പറഞ്ഞിട്ടുണ്ട്... എന്നൊക്കെ. ഞാൻ അങ്ങനെയൊന്നും പറയാറില്ല. കാരണം, ഞാൻ പറയുന്നതെല്ലാം വല്ലവരുടേതുമാണ്. പിന്നെ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. എന്നാൽ, ചിലർ പറയും ഇത് ഇന്നാര് പറഞ്ഞതാണ് എന്നൊക്കെ. ഇതു കേട്ടാൽ തോന്നും ക്വട്ടേഷൻസ് ഒഴികെ ബാക്കിയുള്ള​തൊക്കെ അവരുടെ സ്വന്തമാണെന്ന്.’’ 

തിരുമേനിയുടെ ഈ തിയറിപ്രകാരം ഈ ലേഖനത്തിൽ സ്വന്തമായിട്ടുള്ളത് എഴുത്തുകാരന്റെ പേരുമാത്രമാണ് എന്നകാര്യം പ്രത്യേകം അറിയിച്ചുകൊള്ളുന്നു.