1994-ലെ മഞ്ഞുകാലം. ഊട്ടിയിൽനിന്ന്‌ ആ പഴഞ്ചൻ ചെറുബസിൽ ചുരമിറങ്ങി വനമധ്യേ ചെന്നിറങ്ങുമ്പോൾ മറ്റുയാത്രക്കാർ അദ്‌ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. 

‘‘ഇങ്കെ ഇറങ്ങ വേണാ... യാന ഇറുക്ക്... മസനഗുഡിയിൽ ഇറങ്കി ജീപ്പിൽ വാങ്കോ...’’  അവരിലാരോ വിളിച്ചുപറഞ്ഞു .
ചിരിക്കാനാണ്‌ അപ്പോൾ തോന്നിയത്. തേക്കടി, മൂന്നാർ, ഷോളയാർ, വയനാട്, പറമ്പിക്കുളം എന്നീ കാടുകളിലെ എത്ര ആനകളെ കണ്ടിരിക്കുന്നു!

പക്ഷേ, അതല്ലായിരുന്നു ഇവിടമെന്ന് പിന്നീട് ഈ കാട്‌ എന്നോട് വെളിപ്പെടുത്തുകയായിരുന്നു. ‘ഏഷ്യാറ്റിക് എലിഫെന്റ്’  എന്ന ഏഷ്യൻ ആനകളുടെ  ലോകത്തിലെത്തന്നെ ഏറ്റവും വലിയ സങ്കേതമായ മുതുമല നാഷണൽ പാർക്കിൽ ഉൾപ്പെട്ട ഇടമായിരുന്നു അവിടം. 

തെക്കേ ഇന്ത്യയിലെ വന്യജീവികളെക്കുറിച്ചുള്ള അറിവിന്റെ മഹാപണ്ഡിതനും  എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ ഇ.ആർ.സി. ദാവീദാറിന്റെ  കാനനഗൃഹമായ ‘ചീതൾവാക്കി’ലായിരുന്നു എനിക്ക്‌  ചെന്നുകയറേണ്ടത്. അവിടെ അദ്ദേഹത്തിന്റെ മകനായ മാർക്ക് ദാവീദാറുമായി പരിചയമുണ്ട് . റോഡിൽനിന്ന്‌ ഞാൻ മൺപാതയിലൂടെ കാട്ടിലേക്ക് പ്രവേശിച്ചു. പാതയിലുടനീളം  ആനപ്പിണ്ടങ്ങളും  വലുപ്പമേറിയ കാലടയാളങ്ങളുമായിരുന്നു. ആനക്കൂട്ടം അപ്പോൾ കടന്നുപോയിട്ടേയുള്ളൂ. പുള്ളിപ്പുലി, കരടി, ഹൈന, കാട്ടുനായ്, മാനുകൾ  എന്നിവയുടെ കാലടയാളങ്ങളും  മണ്ണിൽ പതിഞ്ഞുകിടപ്പുണ്ട്. കാട്ടിൽ  പൊക്കംകുറഞ്ഞ മുൾമരങ്ങളായിരുന്നു അധികവും. വലിയ കള്ളിമുൾച്ചെടികൾ അവിടവിടെയായി നിൽപ്പുണ്ട്. ചിതൽപ്പുറ്റുകളിൽ  ചീങ്കണ്ണിക്കുഞ്ഞുങ്ങളെപ്പോലെയുള്ള ഉടുമ്പുകൾ പ്രഭാതരശ്മികളേറ്റ് വിശ്രമിക്കുന്നു. പക്ഷികളെമ്പാടും പാടിപ്പറക്കുന്നുണ്ട്. സ്വച്ഛശീതളമായ ഒരു ചെറുകാറ്റ്  ആ നീലഗിരി മലനിരകളിറങ്ങിവന്ന്  എന്നെ തഴുകി കടന്നുപോയി.

മരങ്ങളാൽ മറഞ്ഞിരിക്കുന്ന പാറക്കല്ലിന്റെ നിറത്തോടുകൂടിയ അത്ര വലുപ്പമില്ലാത്ത ഒരു വീട്. കാട്ടിലേക്ക്‌ നോക്കിനിൽക്കുന്ന വരാന്ത. അവിടെ പുഞ്ചിരിയോടെ മാർക്ക് ദാവീദാർ കാത്തുനിന്നിരുന്നു. 
‘‘വരാന്തവിട്ട് വെളിയിൽ ഇറങ്ങക്കൂടാത്’’ -മാർക്ക് പതിഞ്ഞ ശബ്ദത്തിൽ ആദ്യമായി പറഞ്ഞ വാക്കാണത്.  ‘‘ചുറ്റും ആനകളാണ്. അവയിൽ ദേഷ്യക്കാർ കൂടുതലുണ്ട്. കെയർഫുൾ’’ -തുടർന്നുപറഞ്ഞു. അപ്പോഴേക്കും മുന്നിൽ കാടിനതിരിലൂടെ ഒഴുകുന്ന സിഗൂർപ്പുഴ കടന്ന് ഒരു വലിയ കൊമ്പനാന വീടിനുനേരെ മെല്ലെ വന്നുകൊണ്ടിരുന്നു. വീടിന്റെ പിൻവശത്തുനിന്ന്‌ അപ്പോൾ മറ്റൊരാനയുടെ ശബ്ദം അവിടമാകെ മുഴങ്ങി. അപ്പോഴാണ് ഞാനത് കണ്ടത്. ചവിട്ടുപടിക്കരികിലും മുറ്റം മുഴുക്കെയും ആനപ്പിണ്ടങ്ങൾ. ആ വീടിനുചുറ്റും രക്ഷാകവചമായി  ഒരു കിടങ്ങോ വൈദ്യുതവേലിയോ  ഒന്നുമില്ല.  എന്നിട്ടും പരിക്കൊന്നുമില്ലാതെ അതവിടെ  നിൽക്കുകയാണ്.

അവിടുന്നങ്ങോട്ട് ഇ.ആർ.സി. ദാവീദാറും  മാർക്ക് ദാവീദാറും ചീതൾവാക്ക് എന്ന ആ വീടും ആനകളുമായുള്ള എന്റെ ബന്ധം ദൃഢപ്പെടുകയായിരുന്നു. ഒരിക്കൽ അങ്ങോട്ട് ചെല്ലുമ്പോൾ മാർക്ക് എന്നോടുപറഞ്ഞു, ‘റൊണാൾഡോ ഇവിടെയുണ്ട്. അവന്  കാലിന്‌ പരിക്കുപറ്റിയിട്ടുണ്ട്. ഇനി കുറച്ചുനാൾ നമ്മൾ നോക്കണം. ഇപ്പോൾ കാടിനകത്തുപോയിട്ടുണ്ട്, വരും.’’

എനിക്ക് സന്തോഷം അടക്കാൻവയ്യാതായി . ബ്രസീലിയൻ ഫുട്ബോൾ ടീമിലെ റൊണാൾഡോ  എതിരാളികളുടെ ഗോൾ മുഖത്തേക്ക് കുന്തമുനപോലെ പാഞ്ഞുകയറുന്ന മികച്ച കളിക്കാരൻ. ഇതൊരു ഭാഗ്യംതന്നെയാണ്. കൂടെനിന്ന് കുറച്ച്‌ ഫോട്ടോയെടുക്കണം. ചിന്തകളിൽ ആഗ്രഹങ്ങൾ നിറഞ്ഞു. യാത്രയിൽ ഉപയോഗിച്ച വസ്ത്രങ്ങളെല്ലാം മാറ്റി കാടിനുചേർന്ന നിറത്തോടെയുള്ളവ ധരിച്ച്  ഞാൻ വരാന്തയിൽ ചെന്നിരുന്നു.

‘‘ദാ, റൊണാൾഡോ വരുന്നു...’’ -വലത്തുവശത്തെ മുളംകാടിനുനേരെച്ചൂണ്ടി മാർക്ക് പറഞ്ഞു.
 ക്യാമറ ഞാൻ അങ്ങോട്ടുതിരിച്ചു. കാടിന്റെ പശ്ചാത്തലത്തിൽ പന്തുകളിക്കാരന്റെ അപൂർവ ചിത്രമെടുക്കണം. അപ്പോഴാണ് വലിയൊരു കൊമ്പനാന മുളംകാടുകൾക്കിടയിൽനിന്ന്‌ വെളിയിൽ വന്നത്. ഞാൻ തെല്ലൊരു പരിഭ്രമത്തോടെ  മാർക്കിന്റെനേരെ നോക്കി.

‘‘ഇവനാണ് റൊണാൾഡോ... പിന്നിലെ ഇടതുകാലിൽ പരിക്കുപറ്റിയിട്ടുണ്ട്. ചിലപ്പോൾ നാടൻ തോക്കുപയോഗിച്ച് ഷൂട്ട്ചെയ്തതാകാം’’ -മാർക്ക് ശബ്ദംതാഴ്ത്തി പറയുമ്പോൾ ചെറിയൊരു പുഞ്ചിരിയുണ്ടായിരുന്നുവോ?
  അപ്പോഴേക്കും ഞാൻ കാൽപ്പന്തുകളിക്കാരനെ മറന്നുകഴിഞ്ഞിരുന്നു. കറുത്തിരുണ്ട ഒരാന. സാധാരണ ഇവിടത്തെ ആനകൾക്ക് ചെങ്കൽകലർന്ന മണ്ണിന്റെ നിറമായിരിക്കും . നിലത്തുമുട്ടുന്ന തുമ്പിക്കൈ. മേലോട്ടും അല്പം താഴോട്ടുമുള്ള  വളഞ്ഞ കൊമ്പുകൾ. വലുപ്പമുള്ള കാൽപ്പാദങ്ങൾ. ആ കൊമ്പനാന മെല്ലെയും ശ്രദ്ധയോടുകൂടിയും നടന്ന്‌ കിണറിനരികിലായി കെട്ടിയിരിക്കുന്ന ടാങ്കിനരികിലെത്തി. ടാങ്കിൽ കിണറ്റിലെ ശുദ്ധജലവും തറയിൽ കാട്ടാൽമരത്തിന്റെ വെട്ടിയ ഇലകളോടുകൂടിയ ശിഖരങ്ങളുമുണ്ടായിരുന്നു. ചീതൾവാക്കിൽ ഞാൻ താമസിച്ച ആ മൂന്നാഴ്ചയും ‘റൊണാൾഡോ’ ടാങ്കിനരികിലായിരുന്നു തങ്ങിയിരുന്നത്. നടക്കാൻ പ്രയാസംനേരിട്ട ആനയ്ക്ക് കാട്ടുവൃക്ഷങ്ങളുടെ ഇലകൾ, മുള, കറുകപ്പുല്ല് എന്നിവയും ശുദ്ധജലവും കൊടുത്ത്  മാർക്ക് പരിചരിക്കുകയായിരുന്നു. മാർക്കിനെയൊഴികെ മറ്റാരെയും റൊണാൾഡോ അടുപ്പിച്ചില്ല. നാട്ടിലെത്തി പിന്നീട്  മാർക്കിന് ഫോൺചെയ്ത് വിവരങ്ങൾ തിരക്കിയപ്പോൾ ആനയുടെ മുറിവുണങ്ങി അത് തിരികെപ്പോയെന്നാണ് അറിയാനായത്. 

റൊണാൾഡോ എന്ന ഈ ആനയെ മറ്റെല്ലാ ആനകൾക്കും ഭയമാണ്. അവന്റെ ചിന്നംവിളി കേട്ടാൽ മറ്റുകൊമ്പന്മാർ കാടുകയറും. രൗദ്രഭാവങ്ങളോടെയായിരുന്നു റൊണാൾഡോയെ കാണപ്പെട്ടിരുന്നത്. പക്ഷേ, മാർക്ക് ദാവീദാറിന് ആനകളുടെ ഹൃദയമിടിപ്പ് തിരിച്ചറിയാം. അവ ഭീതിപ്പെടുത്തുന്ന ചേഷ്ടകളോടെ  അവിടെ വർത്തിക്കാറില്ല. ചീതൾവാക്കിന്റെ സുരക്ഷിതത്വത്തിലേക്കാണ്  എത്തുന്നതെന്ന ബോധ്യം ആനകൾക്കുമുണ്ട്. ഫുട്ബോൾപ്രിയനായ മാർക്ക് ആകട്ടെ ആ പഴയ ബ്രസീലിയൻ ഫുട്ബോൾ ടീമംഗങ്ങളുടെ പേരാണ് അവയ്ക്കെല്ലാം നൽകിയിരിക്കുന്നതും-റൊണാൾഡോ, റിവാൾഡോ, സോക്രട്ടീസ്, മാർക്കോസ്, റോബർട്ടോ കാർലോസ്...! അവയിൽ പേരുചൊല്ലി വിളിച്ചാൽ വരുന്നവയുമുണ്ട്. കാടിന്റെ ആത്മീയതയിൽ ആനകളും മാർക്ക് ദാവീദാറും ഒന്നാകുകയായിരുന്നു. മാർക്കിന്റെ ഇളയ സഹോദരൻ പീറ്റർ ദാവീദാറാകട്ടെ  എല്ലായ്‌പ്പോഴും ആനക്കൂട്ടങ്ങൾക്കുപിന്നാലെയായിരുന്നു. അവയെ പിന്തുടർന്ന്‌ കാടുകയറിപ്പോയി തിരികെയെത്തുമ്പോൾ ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടാകും. മാർക്കിന്റെ മൂത്തസഹോദരി ഡോ. പ്രിയ ദാവീദാർ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ജന്തുശാസ്ത്രവിഭാഗം മേധാവിയും  ഗ്രന്ഥകർത്താവും  ഡോ. സാലിം അലിയുടെ പ്രധാന ശിഷ്യയുമായിരുന്നു.  ഇക്കോളജിയെക്കുറിച്ചുള്ള നൂറോളം ഗവേഷണപേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതെ, കാടുകയറിപ്പോയ ഒരു കുടുംബം!   

അതിനിടയിൽ തുമ്പിക്കൈയുടെ അഗ്രഭാഗം മുറിഞ്ഞ, റിവാൾഡോ എന്ന കൊമ്പനാന വാർത്തകളിലൊക്കെ നിറഞ്ഞിരുന്നു. മാർക്കുമായി ഏറ്റവുമടുത്ത ആന റിവാൾഡോയും റോബർട്ടോ കാർലോസുമായിരുന്നു. മറ്റെല്ലാ ആനകളെക്കാളും ഉയരം റിവാൾഡോയ്ക്കായിരുന്നു. ഇരുപതുവർഷം മുൻപ് ഞാൻ റിവാൾഡോ എന്ന ആനയെ കാണുമ്പോൾ അതിന്റെ വലത്തെ കാലിനുമുകളിലായി  വലിയൊരു പഴുപ്പുണ്ടായിരുന്നു. ആ മുറിവും ചീതൾവാക്കിന്റെ തണലിൽ ഉണങ്ങിപ്പോയി. പിന്നെയും വായിൽ മുറിവുമായിവന്നു റിവാൾഡോ. അതും മനുഷ്യന്റെ മറ്റേതോ ക്രൂരതയുടെ അടയാളമായിരുന്നു. അവൻ ചീതൾവാക്കിന്റെ പരിസരങ്ങളിൽത്തന്നെ മൂന്നുമാസം നിന്നു. അതിൽനിന്ന്‌ മുക്തിനേടിയ ആന പിന്നെ വിനീതവിധേയനായപോലെയായിരുന്നു മാർക്കിനരികിൽ. വരാന്തയിലിരിക്കുന്ന മാർക്കിനെ റിവാൾഡോ തുമ്പിക്കൈകൊണ്ട്‌ തോണ്ടിവിളിക്കും . മാർക്ക് അവനോട് തന്റെ  പതിഞ്ഞശബ്ദത്തിൽ സംസാരിക്കും. ആന തുമ്പിക്കൈ കൊമ്പിൽക്കെട്ടി അനങ്ങാതെ അതുമുഴുവൻ കേട്ടുനിൽക്കും. (മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാൻ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട് )ഇ.ആർ.സി. ദാവീദാറും മാർക്കും  അവരുടെ പ്രിയപ്പെട്ട വനഭൂമിവിട്ട്  ഇനിയൊരു മടക്കമില്ലാത്തിടത്തേക്ക് യാത്രയായിക്കഴിഞ്ഞു. ഇപ്പോൾ പീറ്റർ ദാവീദാറും പ്രിയ ദാവീദാറും അവരുടെ ഭർത്താവ് ഫിലിപ്പുമാണ് ആ ഇടം സൂക്ഷിക്കുന്നത്. ഞങ്ങൾ രണ്ടുമൂന്നുപേരൊഴികെ പുറമേനിന്ന്‌ ആർക്കും അങ്ങോട്ട് പ്രവേശനമില്ല. വന്യജീവികളുടേതുമാത്രമായ ഒരു സാന്ത്വനഗൃഹമായി മാറിക്കഴിഞ്ഞു അത്, ‘സിഗൂർ നേച്ചർ ട്രസ്റ്റ്’ എന്ന പേരിൽ.

ഈയിടെ റൊണാൾഡോ  എന്ന ആനയ്ക്ക്  ദാരുണമായ അന്ത്യം സംഭവിച്ചത് പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വൈറലായ വാർത്തയായിരുന്നു. ഒരു വന്യജീവിയോട് മനുഷ്യൻ എത്രമാത്രം ക്രൂരമായി പെരുമാറും എന്നതിന്റെ നേർക്കാഴ്ച. കത്തുന്ന ടയർ ആനയുടെ നേരെ എറിഞ്ഞപ്പോൾ അത് ചെവിയിൽ ഒട്ടിയിരുന്നു. മാംസം വെന്തുകരിഞ്ഞ് ആ ആന മരണവെപ്രാളത്തോടെ ഓടുന്ന കാഴ്ച നാമെല്ലാം നടുക്കത്തോടെ കണ്ടതാണ്. ആ ആനയും അങ്ങനെ വിടപറഞ്ഞു. തമിഴ്‌നാട്   വനംവകുപ്പിനെ അങ്കലാപ്പിലാക്കിയ സംഭവമായിരുന്നു അത്. മസനഗുഡി ആനകളുടെ സാമ്രാജ്യമല്ല, മറിച്ച്  റിസോർട്ടുകളുടെ സാമ്രാജ്യമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതിനുമുമ്പും ഇവിടെ വൈദ്യുതവേലിയിൽത്തട്ടി ആന ചരിഞ്ഞ സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട് . എല്ലാവരും അവകാശപ്പെടുന്ന  ഒരു പ്രയോഗമുണ്ട് -‘ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട്’. വർണവിളക്കുകളുടെയും കാതടപ്പിക്കുന്ന  സംഗീതത്തിന്റെയും വൈദ്യുതവേലികളുടെയും അതിപ്രസരമാണ് ഈ പറയുന്ന ഇക്കോ ഫ്രണ്ട്‌ലികളെല്ലാം! അതിനിടയിൽ ചീതൾവാക്ക്പോലെ അപൂർവം ചിലതൊക്കെ!

ഈ ലേഖനമെഴുതുന്നത് ചീതൾവാക്കിന്റെ വരാന്തയിലിരുന്നാണ്. രാവിലെ പത്തുപന്ത്രണ്ടോളം വനംവകുപ്പുകാർ എത്തിയിരുന്നു. റിവാൾഡോ  എന്ന ആനയെത്തേടി. റൊണാൾഡോയുടെ അന്ത്യം അവരെ നടുക്കിയിരിക്കുന്നു. ഇനി റിവാൾഡോക്ക് അത് സംഭവിക്കരുത് എന്ന കരുതൽ. മുതുമല ആനസങ്കേതത്തിലേക്ക് അവനെ കൊണ്ടുപോയി സുരക്ഷ ഉറപ്പാക്കണം. കാടായ കാടുമുഴുക്കെ അവർ ആനയെത്തേടി നടക്കുകയാണ്. വൈകുന്നേരം ആനയെ ഇവിടെ അടുത്തുനിന്നുതന്നെ കണ്ടെത്തി. പിന്നെ തണ്ണിമത്തൻ, പൈനാപ്പിൾ, പഴക്കുലകൾ എന്നിവയുടെ വലിയൊരു ശേഖരവുമായി റിവാൾഡോയെ വനംവകുപ്പ് പത്തുകിലോമീറ്റർ അപ്പുറമുള്ള ആനസങ്കേതത്തിലേക്ക് നടത്തിച്ചു . ഏതാണ്ട് അവിടെയെത്തുകയുംചെയ്തു. പക്ഷേ, വനംവകുപ്പിന് തെറ്റി. നാട്ടിലേക്ക് ചതിച്ചുകൊണ്ടുവന്ന ആനകളെ കഠിനപീഡനങ്ങളോടെ മാറ്റിയെടുത്തപോലുള്ള സ്വഭാവരീതിയായിരുന്നില്ല കാട്ടിൽ സ്വതന്ത്രമായി ജീവിക്കുന്ന റിവാൾഡോയെപ്പോലെയുള്ള ആനകൾക്ക്. രണ്ടുദിവസംകൊണ്ട് താണ്ടിയ വഴി രണ്ടുമണിക്കൂർകൊണ്ട് പിന്നിട്ട്  അവൻ ചീതൾവാക്കിലെത്തി! 

വാച്ചർമാർ  ആനയെത്തിരക്കി ജീപ്പിലെത്തിയപ്പോൾ ആന ഇവിടെ എത്തിക്കഴിഞ്ഞിരുന്നു. അവൻ കിണറിനരികിലുള്ള ടാങ്കിലെ ജലം അല്പം കുടിച്ചു. പിന്നെ വരാന്തയിൽ ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക് വന്നു. ഞാൻ മാർക്ക് വിളിക്കുന്നതനുകരിച്ച് പതിഞ്ഞ ശബ്ദത്തിൽ അവനെ പേരുചൊല്ലി വിളിച്ചു.
‘റിവാൾഡോ...’

ആ വലിയ ചെവികൾ നിശ്ചലമാക്കി അഗ്രഭാഗം മുറിഞ്ഞ തുമ്പിക്കൈ വരാന്തയിലെ തിണ്ണയിൽവെച്ച് റിവാൾഡോ  അവന്റെ  ഓർമകളിലെ ഗന്ധജാലകങ്ങൾ തുറന്ന്‌ പരിചയം പുതുക്കുകയായിരുന്നു. മൃദുവായി ഞാൻ ആ തുമ്പിക്കൈയിൽ സ്പർശിച്ചു. ഒരു കാട്ടുജീവിയുടെ നിസ്സഹായതയെക്കുറിച്ചോർത്തു. മനുഷ്യൻ അവയുടെ വാസയിടങ്ങൾ കൈയടക്കിയും ശിഥിലമാക്കിയും കൊന്നൊടുക്കിയും ഇങ്ങനെ എത്രകാലം ഇനിയും പരിസ്ഥിതിയെ ‘രക്ഷിക്കും!’

രാവിൽ ഒരു കീറ് പ്രകാശംപോലും വെളിയിൽ കാണില്ല ചീതൾവാക്കിന്റെ പരിസരത്ത്. ഒരു ഫോൺശബ്ദമോ ടി.വി. ശബ്ദമോ മനുഷ്യശബ്ദമോ ഒന്നും കേൾക്കില്ല. ആനക്കൂട്ടം മുളയൊടിക്കുന്ന ശബ്ദം, കടുവയുടെ ശബ്ദം, മാനുകളുടെ പേടിച്ചരണ്ട ശബ്ദം-ഇതാണ് കേൾക്കാനാകുന്നത്. ചുറ്റിനും കിടങ്ങോ വൈദ്യുതവേലിയോ കാവൽക്കാരോ ഒന്നുമില്ലാതെ അറുപതുവർഷമായി ചീതൾവാക്ക് ഈ കാട്ടിൽ നിലനിൽക്കുന്നു. മനുഷ്യരുടെ ക്രൂരതയുടെ ദുരിതം അനുഭവിച്ച എത്ര ആനകളാണ് ഇവിടംകൊണ്ട് ജീവിതത്തിലേക്ക് മടങ്ങിവന്നത്.   

ഞാനിത് എഴുതുമ്പോൾ പുഴകടന്ന് ആനക്കൂട്ടം വരുകയായി. പുഴയിലെ മലിനജലത്തെക്കാൾ ചീതൾവാക്കിലെ വൃത്തിയായ ടാങ്കിൽ നിറച്ച ജലമാണ് അവയ്ക്ക്  വിശ്വാസം. പിടിയാനകളും കുട്ടിയാനകളും കൊമ്പന്മാരുമൊക്കെ ഈ കാടിന്റെ സുരക്ഷിതത്വത്തിൽ വളർന്നവയാണ്. അവ ഇടയ്ക്കിടെ ഓർമപുതുക്കാൻ ഇവിടെയെത്തും. കുറച്ചുനാൾ ഈ വീടിന്റെ  പരിസരത്തുണ്ടാകും. പിന്നെ തിരിച്ചുപോകും, മടങ്ങിവരാൻ.  

രാത്രിയിൽ വീടിനുമുന്നിൽ ഒരനക്കം. സമയം ഒരുമണിയായിട്ടുണ്ടാകും. ഞാൻ മുന്നിലെ വാതിൽതുറന്നു. മുറ്റത്ത് നിലാവിൽ കുളിച്ച് റിവാൾഡോ. പൂർണചന്ദ്രൻ കൊമ്പിൽവീണ്‌ തിളങ്ങുന്നു. 
സൗമ്യം, ദീപ്തം...