‘ആയിരത്തിത്തൊള്ളായിരത്തി നാല്പത്തഞ്ച് സെപ്‌റ്റംബർ അഞ്ചിന് ഉച്ചവെയിൽ കത്തിയെരിയുംനേരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ഇരുൾ പരത്തി മദിരാശി മെയിൽ കിതച്ചുവരുമ്പോൾ, പൂമാലകളും ഖദർമാലകളും കസവുമാലകളും മൂവർണക്കൊടികളുമായി ആരവം പൊങ്ങി. മുഹമ്മദും കൂട്ടുകാരും മുതിർന്നവരും മുന്നോട്ടുനീങ്ങുമ്പോൾ, മീൻകൊട്ടകൾ നിറച്ച ട്രോളികളിൽനിന്ന് ഒലിച്ചുകൊണ്ടിരുന്ന അഴുക്കിന്റെ നാറ്റത്തിനൊപ്പം ഭാരത്‌മാതാ കീ ജെയും മുഹമ്മദ് അബ്ദുറഹിമാൻ കീ ജെയും അട്ടംപൊട്ടുമാറുച്ചത്തിൽ മുഴങ്ങുകയും പ്ലാറ്റ്‌ഫോമിന്റെ മേല്ക്കൂരയ്ക്കുനേരെ ചുരുട്ടിയ മുഷ്ടികൾ ഉയരുകയും ചെയ്യുമ്പോൾ, അമ്പരപ്പിക്കുന്ന നിഷ്കളങ്കമായ ക്രൂരതയിൽ വണ്ടി നിന്നു.'
അഞ്ചുവർഷം നീണ്ട വെല്ലൂർ ജയിലിലെ ശിക്ഷകഴിഞ്ഞ് കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ കേരളസിംഹം എന്ന് അറിയപ്പെട്ട മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് വന്നിറങ്ങുന്ന രംഗം എൻ.പി. മുഹമ്മദ് തന്റെ നോവലിൽ വിവരിക്കുന്നത് ഇങ്ങനെയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ സമാനതയില്ലാത്ത ധീരതപ്രകടിപ്പിച്ച മുഹമ്മദ് അബ്ദുറഹിമാൻ, ആകെ ജീവിച്ച 47 വർഷത്തിൽ പത്ത് കൊല്ലത്തോളം ജയിലിലായിരുന്നു. 1898-ൽ കൊടുങ്ങല്ലൂർ താലൂക്കിലെ അഴീക്കോട് ഗ്രാമത്തിൽ കറുകപ്പാടത്ത് പുന്നക്കച്ചാലിൽ അബ്ദുറഹിമാന്റെയും അയ്യാരിൽ കൊച്ചായിശുമ്മയുടെയും മകനായി ജനിച്ച മുഹമ്മദ് അബ്ദുറഹിമാൻ ജാമിയാ മിലിയയിൽ പഠിക്കുന്ന കാലത്താണ് കലാലയം വിട്ട് ദേശീയസമരത്തിന്റെ ഭാഗമായത്. മൗലാനാ അബുൽ കലാം ആസാദിന്റെ ‘ഖിലാഫത്ത് ആൻഡ് ജസീറത്തുൽ അറബ്’ എന്ന പുസ്തകമാണ് അബ്ദുറഹിമാന്റെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചത്. പഠനം നിർത്തി മലബാറിൽ പ്രവർത്തനകേന്ദ്രമാക്കി ദേശീയ സ്വാതന്ത്ര്യപോരാട്ടത്തിൽ കൊടുങ്കാറ്റായി ആഞ്ഞുവീശി 40-ാം വയസ്സിൽ കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് പദത്തിലെത്തിയ അബ്ദുറഹിമാന്റെ കർക്കശനിലപാടുകൾ പലപ്പോഴും കോൺഗ്രസിൽപ്പോലും മുറുമുറുപ്പിന് വഴിവെച്ചു എന്നതാണ് സത്യം. നിലപാടുകളിലെ ധീരതയുടെ പേരുകൂടിയായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് എന്നത്.
കലാപത്തിനുമുന്നിലെ ഇരുപത്തിമൂന്നുകാരൻ
ഏറനാട്ടിൽ മലബാർ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ മുഹമ്മദ് അബ്ദുറഹിമാൻ വിങ്ങിപ്പൊട്ടിയെന്നാണ് എസ്.കെ. പൊറ്റെക്കാട്ട്, പി.പി. ഉമ്മർകോയ, എൻ.പി. മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂർ എന്നിവർ ചേർന്ന് തയ്യാറാക്കിയ അദ്ദേഹത്തിന്റെ അപൂർവമായ ജീവചരിത്ര ഗ്രന്ഥത്തിൽ പറയുന്നത്. ആ രംഗം ഇങ്ങനെ:
നമ്മുടെ സഹോദരങ്ങൾ വെടിയുണ്ടയ്ക്കിരയാവുക. ഈ ദാരുണവാർത്ത കേട്ട് അടങ്ങിയിരിക്കുകയോ? ഞാനിതാ അങ്ങോട്ട് പുറപ്പെടുകയാണ്. മൊയ്തുമൗലവിയുടെ നേരേ തിരിഞ്ഞ് അദ്ദേഹം ചോദിച്ചു: മൗലവിക്ക് എന്റെകൂടെ വരാൻ ധൈര്യമുണ്ടോ?
അങ്ങനെ രാത്രിയിൽ കാളവണ്ടിയിൽ അബ്ദുറഹിമാൻ, മൊയ്തുമൗലവി, ഹസൻകോയ മൊല്ല, എ.പി. മൊയ്തീൻകോയ എന്നിവർക്കൊപ്പം ഏറനാട്ടിലേക്ക് പുറപ്പെട്ടു. അക്രമത്തിനായി ആയുധമേന്തി മുന്നോട്ടുകുതിച്ചവരെ ശാന്തരാക്കാൻ 23-കാരനായ മുഹമ്മദ് അബ്ദുറഹിമാന്റെ വാക്കുകൾക്ക് സാധിച്ചു. അവിടുന്ന് മഞ്ചേരിയിലേക്കു പോയി കെ. മാധവൻ നായരെ കണ്ടു. മാധവൻ നായരോടൊപ്പം പൂക്കോട്ടൂരിലേക്ക് പുറപ്പെട്ടു. കേരള ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു അന്ന് അബ്ദുറഹിമാൻ. അക്രമത്തിന്റെ വഴി അനിസ്‌ലാമികവും തെമ്മാടിത്തവും സ്വാതന്ത്ര്യപ്രസ്ഥാനത്തിന് വിരുദ്ധവുമാണെന്ന് അബ്ദുറഹിമാൻ അവിടെയെല്ലാം പ്രസംഗിച്ചു.
മലബാർ കലാപത്തെക്കുറിച്ച് ഹിന്ദുപത്രത്തിൽ ലേഖനമെഴുതിയതിന്റെ പേരിൽ രണ്ടുവർഷമാണ് അദ്ദേഹത്തിന് ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നത്. ബെല്ലാരി ജയിലിലായിരുന്നു ശിക്ഷയനുഭവിച്ചത്. ജയിൽ മോചിതനായി വന്നശേഷം 1923-ൽ കാക്കിനടയിൽ ചേർന്ന എ.ഐ.സി.സി. സമ്മേളനത്തിൽ, മലബാർ ലഹളയുടെ കാരണം കണ്ടെത്താൻ അന്വേഷണക്കമ്മിറ്റിയെ നിയോഗിക്കണമെന്ന പ്രമേയം അബ്ദുറഹിമാൻ അവതരിപ്പിച്ചു. ദേശീയനേതാക്കളുടെ കൂട്ടായ അഭ്യർഥന മാനിച്ച് ഒടുവിൽ ആ പ്രമേയം പിൻവലിച്ചു.
അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിൽ മനുഷ്യന്റെ സാംസ്കാരിക ജീവിതം മുഴുവനും സ്വതന്ത്രമാകുമെന്ന് അദ്ദേഹം വിശ്വസിച്ചു.
നേതാജിയുടെ വഴിയേ
ഇന്ത്യയുടെ മോചനത്തിന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മാർഗം സ്വീകരിക്കണമെന്ന ചിന്തയാണ് അബ്ദുറഹിമാൻ സാഹിബിനെ ഏറെ ആകർഷിച്ചത്. ഇതിന്റെ ഭാഗമായി കോൺഗ്രസിലെ ഇടതുപക്ഷവുമായി അബ്ദുറഹിമാൻ അടുത്തു. 1936-ൽ കെ.പി.സി.സി.യിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽനിന്ന് അബ്ദുറഹിമാൻ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ടു. തോറ്റത് ഒരു പ്രാദേശിക കോൺഗ്രസ് പ്രവർത്തകനോട്. അബ്ദുറഹിമാനെപ്പോലുള്ള ഒരു നേതാവ് കെ.പി.സി.സി.യിൽ അംഗമാവുന്നതുപോലും അന്നത്തെ കോൺഗ്രസിലെ പ്രബലവിഭാഗം ഇഷ്ടപ്പെട്ടില്ല. 1938-ൽ കെ.പി.സി.സി.യിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടി അദ്ദേഹം ജയിച്ചു. അങ്ങനെ യുവാക്കളുടെ ശക്തമായ പിൻബലത്തിൽ അബ്ദുറഹിമാൻ കെ.പി.സി.സി. പ്രസിഡന്റും ഇ.എം.എസ്. ജനറൽസെക്രട്ടറിയുമായ സംസ്ഥാനകമ്മിറ്റി നിലവിൽവന്നു.
ഇന്ത്യയെ വെട്ടിമുറിക്കാതെ സ്വാതന്ത്ര്യം ലഭിച്ചിട്ട് കാര്യമില്ലെന്ന വാദം ഒരുവിഭാഗത്തിൽ ശക്തിപ്പെട്ടുവരികയായിരുന്നു. മുസ്‌ലിംലീഗും മുഹമ്മദലി ജിന്നയും ഉന്നയിച്ചുവന്ന ഈ വാദം സമുദായത്തിലാകെ അലയടിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ ഇതിനെതിരേ ശക്തമായ നിലപാടെടുത്തു. അതിന് അദ്ദേഹത്തിന് സ്വസമുദായത്തിൽനിന്ന് ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നു. ബോംബയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ അബ്ദുറഹിമാൻ എത്തി. ദ്വിരാഷ്ട്രവാദികൾ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കണമെന്ന് ഇഫ്തിക്കറുദ്ധീൻ, കെ.എം. അഷ്‌റഫ് തുടങ്ങിയവർ അബ്ദുറഹിമാനോട് ആവശ്യപ്പെട്ടു. ദേശീയവാദികളായ മുസ്‌ലിങ്ങൾ രണ്ടു ചേരിയിലായി. ഖാൻ അബ്ദുള്ള ഗാഫർഖാനും അബ്ദുറഹിമാനും ഇന്ത്യയെ വെട്ടിമുറിക്കരുത് എന്ന നിലപാടെടുത്തു. ദ്വിരാഷ്ട്രവാദത്തോടുള്ള തന്റെ എതിർപ്പ് നേരിട്ടുകണ്ട് അറിയിക്കാൻ മുഹമ്മദലി ജിന്നയുമായി കൂടിക്കാഴ്ചയ്ക്ക് അബ്ദുറഹിമാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ആശയപരമായും വ്യക്തിപരമായും സുഭാഷ്ചന്ദ്രബോസുമായി ഏറെ അടുപ്പം സ്ഥാപിക്കാൻ അബ്ദുറഹിമാന് സാധിച്ചിരുന്നു. 1940-ൽ സുഭാഷ് ചന്ദ്രബോസിന്റെ ആഹ്വാനപ്രകാരം അദ്ദേഹം കേരള സംസ്ഥാന ഫോർവേഡ് ബ്ലോക്ക് രൂപവത്കരിച്ചു. അതിന്റെ സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റെടുത്തു. സുഭാഷിന്റെ വഴിയേ തിരിഞ്ഞതിനുപിന്നാലെ രാജ്യരക്ഷാ നിയമപ്രകാരം 1940 ജൂലായ് മൂന്നിന് അബ്ദുറഹിമാൻ സാഹിബിനെ ജയിലിലടച്ചു.
സായുധപോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടണമെന്ന നേതാജിയുടെ നിലപാടിലേക്ക് മാറിയ സാഹിബിന്റെ അന്ത്യവും നേതാജിയുടെ മരണംപോലെ ഇന്നും വീരപരിവേഷമായി അവശേഷിക്കുന്നു. നേതാജി ജനിച്ചത് 1897-ലാണെങ്കിൽ സാഹിബ് ജനിച്ചത് 1898-ൽ. ജയിലിൽ കഴിയുമ്പോഴാണ് 1945 ഓഗസ്റ്റിൽ നേതാജിയുടെ മരണവിവരം സാഹിബ് അറിയുന്നത്. ആ മരണവാർത്ത അബ്ദുറഹിമാനെ തളർത്തി. മൂന്നാഴ്ചയ്ക്കുള്ളിൽ തടവുശിക്ഷ കഴിഞ്ഞ് 1945 സെപ്‌റ്റംബർ നാലിനാണ് അദ്ദേഹം കോഴിക്കോട്ട് തിരിച്ചെത്തിയത്. 47-ാം വയസ്സിൽ, നേതാജി മരിച്ച് 97-ാം ദിവസം 1945 നവംബർ 23-ന് സാഹിബ് വിടപറഞ്ഞു.
മരണത്തിനു പിന്നിൽ
വെല്ലൂർ ജയിലിൽനിന്ന് മോചിതനായശേഷം മുഹമ്മദ് അബ്ദുറഹിമാൻ 77 ദിവസം മാത്രമേ ജീവിച്ചിരുന്നുള്ളൂ. പാകിസ്താൻ വാദത്തെ തള്ളിയ അദ്ദേഹം ഹിന്ദുക്കളുടെ ഏജന്റായി മുദ്രകുത്തപ്പെട്ടു. അപ്പോഴും അണുതെറ്റാത്ത മതനിഷ്ഠ അദ്ദേഹം പാലിച്ചിരുന്നു എന്നോർക്കുക. അഞ്ചുനേരം മുറ തെറ്റാത്ത നിസ്കാരം. നിത്യേന ഖുറാൻ പാരായണം. ജയിൽമോചിതനായ ശേഷം 77 ദിവസവും അബ്ദുറഹിമാൻ മലബാറിൽ പലയിടത്തും പ്രസംഗിക്കാൻ പോയി. തീവ്രവാദികളുടെ ഭീഷണിക്കത്തുകൾ അദ്ദേഹത്തിന് കിട്ടിക്കൊണ്ടേയിരുന്നു. തലശ്ശേരിയിൽ പ്രസംഗിക്കാൻ പോയപ്പോൾ കല്ലേറിനുപുറമേ, നിവർത്തിയ കത്തിയെറിഞ്ഞു. നിലപാട് വിശദീകരിച്ച് സംസാരിക്കുന്നതിനിടെ അബ്ദുറഹിമാൻ പറഞ്ഞു: ‘‘ഭീരുത്വം എന്നെ തീണ്ടിയിട്ടില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിക്കാൻ ഭയപ്പെടാത്ത ഞാൻ ഇതൊന്നുംകണ്ട് ഭയപ്പെടുകയില്ല.’’
ഇതിനുശേഷം കോഴിക്കോടിനടുത്ത്്് മാങ്കാവിൽ നടന്ന പൊതുയോഗത്തിൽ ഇതിലും സംഘർഷജനകമായ സാഹചര്യമായിരുന്നു. യോഗത്തിൽ പ്രസംഗിക്കാനെത്തിയാൽ തലയെടുക്കുമെന്നായിരുന്നു ഭീഷണി. ഘോഷയാത്ര നയിച്ചുകൊണ്ട് അബ്ദുറഹിമാൻ എത്തി. ഭീഷണി മുഴക്കിയവർക്കുള്ള മറുപടിയായി അവിടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
‘‘അബ്ദുറഹിമാന്റെ തലയെടുക്കുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയിരിക്കുന്നു. എന്റെ തല ഇവർ വിചാരിച്ചാൽ എടുക്കാൻ കഴിയില്ല. അല്ലാഹു വിചാരിച്ചാൽ മാത്രമേ എന്റെ തലയെടുക്കാൻ കഴിയൂ. സർവശക്തനായ അല്ലാഹു എന്റെ തലയെടുക്കാൻ തീരുമാനിച്ചാൽ എനിക്കോ, അശക്തരായ ഇവിടെ കൂടിയ എന്റെ സഹോദരങ്ങ ൾക്കോ എന്റെ തല ഉടലിൽവെച്ച് എനിക്ക് ജീവൻ നൽകാൻ സാധിക്കില്ല.’’
അവസാനത്തെ അത്താഴവും വിവാദവും
1945 നവംബർ-23. മുക്കത്തിനടുത്ത് കൊടിയത്തൂരിലായിരുന്നു പൊതുയോഗം. അബ്ദുറഹിമാൻ സാഹിബ് കോഴിക്കോട്ടുനിന്ന് കാറിൽ മുക്കത്തേക്ക് പുറപ്പെട്ടു. കുഞ്ഞിത്തറി ഹാജി, പി.കെ. മമ്മു എന്നിവരും ഒപ്പം ഉണ്ടായിരുന്നു. മുക്കത്തുനിന്ന് തോണി കയറിപ്പോവണം. രണ്ടുമണിക്കൂർ നീണ്ട പ്രസംഗം കേൾക്കാൻ കൊടിയത്തൂരിൽ ആറായിരത്തോളം പേർ തടിച്ചുകൂടി: ‘‘നിങ്ങളെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ പലരുമുണ്ടാകും. അതൊന്നും നിങ്ങൾ വിശ്വസിക്കരുത്. ഞാൻ പറയുന്നതുതന്നെ നിങ്ങൾ കേൾക്കണമെന്ന് പറയുന്നില്ല. ദൈവവചനമായ ഖുർആനും നബിവചനവും മാത്രം നോക്കി നടക്കുക. അയൽവാസികളായ ഹിന്ദുക്കളോട് ഒരിക്കലും നിങ്ങൾ ശത്രുതയിൽ വർത്തിക്കരുത്. അതു നമുക്ക് ദോഷമേ ചെയ്യൂ.’’
യോഗം സമാപിച്ചു. കുട്ടിഹസൻ അധികാരിയുടെ വീട്ടിൽ അബ്ദുറഹിമാന് സത്‌കാരം ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ചേന്നമംഗലൂരിലെത്തി. അവിടെ എ.എം. അബുസലാം ആതിഥ്യം ഒരുക്കിയിരുന്നു. അതുകഴിഞ്ഞ് മണാശ്ശേരിയിലെത്തണം. അവിടെയാണ് കാറുള്ളത്. പകുതി ദൂരം നടന്നപ്പോൾ സാഹിബ് അടിതെറ്റി വീണു. അബോധാവസ്ഥയിലായ അദ്ദേഹത്തെ കൂടെയുള്ളവർ ഒരു ബെഞ്ചിൽ കിടത്തി കാറുള്ളിടത്ത് എത്തിച്ചു. കോഴിക്കോട്ടെത്തും മുന്പേ ആ ധീരദേശാഭിമാനി മരിച്ചു.
തന്റെ പിതാവ് എ.എം. അബ്ദുസലാം അധികാരി കളത്തിങ്കലിന്റെ ചേന്നമംഗലൂരിലെ വീട്ടിൽനിന്നാണ് അബ്ദുറഹിമാൻ സാഹിബ് അവസാനമായി ഭക്ഷണം കഴിച്ചത് എന്ന് പ്രസിദ്ധ എഴുത്തുകാരനായ ഹമീദ് ചേന്നമംഗലൂർ ഓർക്കുന്നു. അന്ന് സാഹിബിനും പ്രവർത്തകർക്കും വിരുന്നൊരുക്കാൻ 40 കോഴികളെ അറത്തതായി ഉമ്മ കദീശുമ്മ പറഞ്ഞത് അദ്ദേഹം മറന്നിട്ടില്ല. കൊടിയത്തൂരിൽ സത്‌കാരം ഒരുക്കിയ കുട്ടിഹസൻ അധികാരി ഹമീദിന്റെ ഉപ്പാപ്പയാണ്. കുടുംബവുമായി അത്രബന്ധം അബ്ദുറഹിമാന് ഉണ്ടായിരുന്നു.
പത്തിരിയും കോഴിക്കറിയും നെയ്‌ച്ചോറും കുറിയരികഞ്ഞിയുമായിരുന്നു കദീശുമ്മ ഒരുക്കിയ വിഭവം. ഭക്ഷണം കഴിഞ്ഞ് മണാശ്ശേരിയിലേക്ക് നടക്കുന്ന വഴിക്കാണ് കുഴഞ്ഞുവീണത്. അബ്ദുറഹിമാന്റെ ജീവചരിത്രഗ്രന്ഥത്തിലോ എൻ.പി. മുഹമ്മദ് എഴുതിയ നോവലിലോ മറ്റ് ചരിത്രഗ്രന്ഥങ്ങളിലോ സാഹിബ് വിഷം ഉള്ളിൽ ചെന്നാണ് മരിച്ചത് എന്ന് പറയുന്നില്ല. അന്നുരാത്രി കോഴിക്കോട് നാലാംഗേറ്റിനടുത്തുള്ള ജോസ് വില്ലയിൽ മൃതദേഹം എത്തിച്ചശേഷം രണ്ട് ഡോക്ടർമാർ പരിശോധിച്ചതായി ജീവചരിത്രത്തിൽ പറയുന്നു. ഡോ. പി.ജി. മേനോനും ഡോ. എ. ബാലകൃഷ്ണൻ നായരും. ഇവരൊന്നും വിഷംഅകത്തുചെന്നാണ് മരിച്ചതെന്ന് പറഞ്ഞിട്ടില്ല. പക്ഷേ, പി.ടി. കുഞ്ഞുമുഹമ്മദ് അബ്ദുറഹിമാനെക്കുറിച്ച് വീരപുത്രൻ എന്ന സിനിമയെടുത്തപ്പോൾ, ചരിത്രവസ്തുത വളച്ചൊടിച്ചു എന്ന് ഹമീദ് ചേന്നമംഗലൂർ പറയുന്നു. ‘അബ്ദുസലാംഅധികാരിയുടെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചപ്പോൾ വിഷം നൽകിയെന്ന സൂചന അതിലുണ്ട്. എൻ.പി. മുഹമ്മദിന്റെ നോവലിൽ ഒടയത്തിൽ എന്ന കഥാപാത്രമാണ് ഇതിന് ആധാരം എന്ന് വേണമെങ്കിൽ വാദിക്കാം. സാങ്കല്പിക കഥാപാത്രമായ ഒടയത്തിൽ പ്രതിനിധാനം ചെയ്യുന്നത് മുഹമ്മദ് അബ്ദുറഹിമാന്റെ ശത്രുക്കളെയാണ്. അന്ന് മുസ്‌ലിംലീഗുകാരായ പാകിസ്താൻ അനുകൂലികളാണ് അന്ന് അബ്ദുറഹിമാന്റെ ശത്രുക്കൾ.
ഈ കഥാപാത്രം അന്ന് അബ്ദുസലാംഅധികാരിയുടെ വീട്ടിലെത്തി കരിഞ്ചായയിൽ വിഷം കലർത്തിയെന്ന് പറയുന്നുണ്ട്. നോവലിൽ ആ രംഗം വിവരിക്കുന്നതിങ്ങനെ: ‘അതിഥികളെല്ലാം ഇറങ്ങിയശേഷം ഒടയത്തിൽ നോക്കുകയാണ് കരിഞ്ചായ കുടിച്ചിട്ടുണ്ടോ എന്ന്. ഇല്ല കരിഞ്ചായ കുടിച്ചിട്ടില്ല. ഇത് കഥാപാത്രത്തിനുതന്നെ ആശ്വാസമാവുകയാണ്. താൻ വിഷം കലർത്തിവെച്ച കരിഞ്ചായ അദ്ദേഹം കുടിച്ചിട്ടില്ലല്ലോ എന്ന്.’ അങ്ങനെയാണ് നോവൽ അവസാനിക്കുന്നത്. അബ്ദുറഹിമാന്റെ അനുജൻ ഇബ്രാഹിം അന്ന് ജീവിച്ചിരിപ്പുണ്ട്. കോൺഗ്രസിന്റെ ദേശീയനേതാവായ അദ്ദേഹത്തിന്റെ അനുയായികളായ ഇ. മൊയ്തുമൗലവി, എൻ.പി. മുഹമ്മദ്, പി.കെ. മമ്മു തുടങ്ങിയവരൊക്കെ അന്നുണ്ട്. പി.കെ. മമ്മുവും കുഞ്ഞിത്തറി ഹാജിയും അന്ന് എന്റെ വീട്ടിൽനിന്ന് അബ്ദുറഹിമാൻ സാഹിബിനൊപ്പം ഭക്ഷണം കഴിച്ച് മടങ്ങിയവരാണ്. എന്തെങ്കിലും സംശയം ഉണ്ടായിരുന്നെങ്കിൽ ഇവരാരെങ്കിലും അന്വേഷണം ആവശ്യപ്പെടുമായിരുന്നല്ലോ. മരണത്തിൽ എന്തെങ്കിലും സംശയം ഉണ്ടായിരുന്നെങ്കിൽ അന്നത്തെ കോൺഗ്രസ് നേതൃത്വവും അന്വേഷണം ആവശ്യപ്പെടുമായിരുന്നു. നോവലിലെ ഒരു രംഗം ഉയർത്തിക്കാട്ടി പി.ടി. കുഞ്ഞുമുഹമ്മദ് അമിതമായ സ്വാതന്ത്ര്യം എടുത്തു. ഭാര്യ മരിച്ചശേഷം 16 വർഷം അദ്ദേഹം ജീവിച്ചെങ്കിലും പുനർവിവാഹം ചെയ്തില്ല. അബ്ദുറഹിമാൻ രണ്ടാമതൊരു വിവാഹം കഴിച്ചുവെന്ന് ഈ സിനിമയിലൂടെ പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ?
സംവിധായകന്റെയോ നോവലിസ്റ്റിന്റെയോ സ്വാതന്ത്ര്യമുപയോഗിച്ച് പുനർവിവാഹം കഴിച്ചു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് ചരിത്രവിരുദ്ധമാവില്ലേ. അതുപോലെ സ്വാഭാവികമരണം നടന്ന ഒരാളെ വിഷംകൊടുത്തു കൊന്നതാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് ചരിത്രവിരുദ്ധമാണ്. അതിനെ ആവിഷ്കാരസ്വാതന്ത്ര്യമായി കണക്കാക്കാനാവില്ല. സുഖമരണമായിരുന്നുവെന്നാണ് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത്. മുസ്‌ലിം മതമൗലികവാദസംഘടനകളെ ശക്തമായി വിമർശിച്ചുവന്ന എന്നെ അടിക്കാനുള്ള ആയുധമായി ഇവർ ഈ സിനിമയിലെ പരമാർശം എടുത്ത് ആയുധമാക്കി. അക്കാലത്ത് ചേന്നമംഗലൂരിൽ ജീവിച്ച ആളുകളൊന്നും ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരുന്നില്ല. സിനിമ ഇറങ്ങിയ കാലത്ത് ഭീഷണി മുഴക്കി ചില ഊമക്കത്തുകൾ ലഭിച്ചിരുന്നു. ചരിത്രപുരുഷന്റെ ജീവിതത്തെ വളച്ചൊടിച്ച് ചിത്രീകരിച്ചതിനെ കോൺഗ്രസ് അന്ന് എതിർക്കാതിരുന്നത് ദൗർഭാഗ്യകരമായിപ്പോയി -ഹമീദ് പറയുന്നു.
ഒറ്റദിവസത്തെ റെയിൽവേസ്റ്റേഷൻ
അവസാനകാലത്ത് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് താമസിച്ചത് കോഴിക്കോട് നാലാംഗേറ്റിനടുത്ത് ജോസ് വില്ലയെന്ന വീട്ടിലാണ്. അബ്ദുറഹിമാൻ സാഹിബിന്റെ മരണദിവസം ആദ്യമായി നാലാംഗേറ്റിൽ തീവണ്ടികൾക്ക് ഒരുദിവസത്തെ റെയിൽവേസ്റ്റേഷൻ തുറന്നു. അവിടെ വണ്ടികൾ നിന്നു. നാനാഭാഗത്തുനിന്നുമായി പതിനായിരങ്ങൾ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. ഒരുലക്ഷത്തോളം പേർ പങ്കെടുത്തെന്നാണ് അന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. വിലാപയാത്രയ്ക്ക് അറ്റമുണ്ടായിരുന്നില്ല. വിലാപയാത്രയുടെ നീളത്തെക്കുറിച്ച്്് മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ ഇങ്ങനെ എഴുതി:
‘കന്നിവെള്ളക്കാറുപോലെ കേരളത്തിൽ നീളേ
കതിർ ചൊരിഞ്ഞ ജൈത്രയാത്ര ഞങ്ങളോർപ്പൂ കാലേ-
മുറ്റമഴീക്കോട്ടുനിന്ന് മുക്കമെത്തുവോളം
മുഗ്ധമാം നിൻ ജൈത്രയാത്ര ഞങ്ങളോർപ്പൂ കാലേ...’
ഞാൻ അങ്ങനെ ഉദ്ദേശിച്ചില്ല, ചിലർ വിവാദമാക്കി -പി.ടി. കുഞ്ഞുമുഹമ്മദ്
അബ്ദുറഹിമാൻ സാഹിബിനുള്ള സ്മരണാഞ്ജലി എന്ന നിലയിലാണ് സിനിമയെടുത്തത്. സാഹിബിനെ കൊല്ലാൻ നടക്കുന്ന കഥാപാത്രം എൻ.പി. മുഹമ്മദിന്റെ നോവലിലുണ്ട്. മരണത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രമെന്ന നിലയിലാണ് ഈ കഥാപാത്രത്തെ സിനിമയിൽ ഉപയോഗിച്ചത്. അതുമാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. സാഹിബിനെ അപായപ്പെടുത്തിയതാണെന്ന് വിശ്വസിച്ചിരുന്നവരിൽ അദ്ദേഹത്തിന്റെ നാട്ടുകാരും അനുയായികളും ഉണ്ട്. പക്ഷേ, സിനിമയിൽ അങ്ങനെ പറഞ്ഞിട്ടില്ല. 2011-ലാണ് സിനിമ ഇറങ്ങിയത്. ഹമീദ് ചേന്ദമംഗലൂരും ചിലരും ഇത് വിവാദമാക്കി.
മരണത്തിൽ സംശയം പ്രകടിപ്പിക്കുന്ന വാദം ഉണ്ടായിരുന്നു എന്നത് സത്യമാണ്. അത് നിഷേധിക്കാനാവില്ല. അബ്ദുറഹിമാനെ കാമുകനായി ചിത്രീകരിക്കുന്ന ഒരു പാട്ട് രംഗവും സിനിമയിലുണ്ട്. അത് പാടില്ലായിരുന്നു എന്ന് ചിലർ വാദിച്ചു. അതും വിവാദമായി. ഇതൊക്കെ എന്റെ സിനിമയെ കാര്യമായി ബാധിച്ചു. സത്യത്തിൽ അബ്ദുറഹിമാന് പുനർജന്മം നൽകുന്നതായിരുന്നു ആ സിനിമ. ഇപ്പോൾ സാഹിബ് തുടങ്ങിയ പത്രമായ അൽഅമീൻ വീണ്ടും ഓൺലൈനിൽ പ്രകാശനം ചെയ്യുന്നു. സി. ഹരിദാസിന്റെ നേതൃത്വത്തിലാണ് ഇത് പുനരാരംഭിച്ചത്. മുഹമ്മദ് അബ്ദുറഹിമാൻ ചെയർ കാലിക്കറ്റ് സർവകലാശാലയിൽ തുടങ്ങി. പുതുതലമുറയിലേക്ക് അബ്ദുറഹിമാനെ പ്രതിഷ്ഠിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു. വിവാദമെല്ലാം കെട്ടടങ്ങിയശേഷം ഇപ്പോൾ വീണ്ടും പലരും സിനിമ കാണുന്നുണ്ട്.