പാലാക്കാരുടെ മാത്രമല്ല, പലപ്പോഴും കേരളക്കരയുടെതന്നെ ഭാഗധേയങ്ങൾ നിർണയിച്ച കരിങ്ങോഴയ്ക്കൽ വീടും പരിസരങ്ങളും ജനനിബിഡമായിരുന്നു.  തങ്ങളുടെ മാണിക്യത്തെ അവസാനമായൊരു നോക്കുകാണാനും ആദരാഞ്ജലികളർപ്പിക്കാനും തടിച്ചുകൂടിയ, മാണിസാറിന് എന്നും പ്രിയങ്കരരായ,  പാലാക്കാർ... സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിക്കൊണ്ടിരുന്നവർ. അവരിലൊരാളായി ഞാനും.

കട്ടിമീശയുടെ കീഴെ സദാ ഹൃദ്യമായ ചിരിയുമായി എന്റെ ആത്മമിത്രം. മനസ്സിൽ ഓർമകളിരമ്പി...
മാണിസാർ നിശ്ചേതനായി ശയിക്കുന്ന മുറിയിലേക്കെത്താൻ മകൻ ജോസ് കെ. മാണിയും മരുമകൻ ഡോ. സുനിൽ ജോർജും പ്രയാസപ്പെട്ട് വഴിയൊരുക്കി. എന്തുപറഞ്ഞാണ്‌ അവരെ ആശ്വസിപ്പിക്കുക. എൽ.ജെ.ഡി. കോട്ടയം ജില്ലാ പ്രസിഡന്റ്  ജോസഫ് ചാവറയുടെയും സെക്രട്ടറി സണ്ണി തോമസിന്റെയും കൂടെ ആരാധകർക്കിടയിലൂടെ മാണി സാറിനടുത്തേക്ക്. നിതാന്തശുഭ്രത. മക്കൾക്കും ബന്ധുജനങ്ങൾക്കുമിടയ്ക്ക് ആ മുഖം. കൂമ്പിയ കണ്ണുകളിൽ കരുണയും കരുതലും. ആ വലിയ മനുഷ്യന്റെ മുന്നിൽ വിറയാർന്ന കൂപ്പുകൈകളുമായി ഞാൻ നിന്നു. എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടുപോയ വിടപറയലിന്റെ നിമിഷങ്ങൾ.

‘‘ഒരിക്കലും മറക്കില്ല മാണിസാർ.  മാതൃഭൂമി താങ്കളോട്‌ ഏറെ കടപ്പെട്ടിരിക്കുന്നു. ഒരു വിഷമഘട്ടത്തിൽ ഞങ്ങളെ സഹായിച്ചത് താങ്കളാണ്. ഇത് ഇന്നുമാത്രം പറയുന്നതല്ല. എന്നും പറയുന്നതാണ്. വളരെ നന്ദിയുണ്ട് മാണിസാർ. എത്ര പറഞ്ഞാലും തീരില്ല... ജീവിതത്തിൽ ദുഃഖങ്ങളുണ്ടാകും. പക്ഷേ ചുരുങ്ങിയ സന്ദർഭങ്ങളിൽ മാത്രമാണ് ഞാനിതുപോലെ ദുഃഖിച്ചത്. താങ്കൾ എതിർചേരിയിലായിരുന്നപ്പോഴും ഒരേ ചേരിയിലായിരുന്നപ്പോഴും താങ്കളുടെ പെരുമാറ്റം മനം കവരുന്നതായിരുന്നു. എല്ലാം ഓർമയിലുണ്ട്. താങ്കൾ വലിയൊരാളാണ്. വളരെ വലിയ ആൾ. എന്റെ കടപ്പാടുകൾ പറഞ്ഞാൽ തീരില്ല. എന്നും താങ്കളെക്കുറിച്ചോർക്കും, നന്ദിയുണ്ട് മാണിസാർ...’’ പൊട്ടിക്കരച്ചിലിനിടയിൽ വാക്കുകൾ തെന്നിവീണു. ചുറ്റുമുള്ള ജനസഞ്ചയത്തെ ഞാൻ കാണുന്നുണ്ടായിരുന്നില്ല. ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. മുന്നിൽ എന്നെ അണച്ചുചേർത്ത്, പൊട്ടിച്ചിരിക്കുന്ന പ്രിയപ്പെട്ട മാണിസാർ മാത്രം. ഉള്ളിൽ പിടഞ്ഞുണരുന്ന തേങ്ങലുകൾ എന്റെ വാക്കുകളെ മുറിച്ചുകൊണ്ടിരുന്നു. 

കർമബന്ധങ്ങൾ ഒരു പ്രഹേളികയായി എന്നെ പൊതിയുകയായിരുന്നു. ദശകങ്ങളോളം ദീർഘിച്ച ആത്മബന്ധം. അഭിപ്രായൈക്യവും ഭിന്നതയും പ്രതിഫലിച്ച പ്രവർത്തന പന്ഥാവുകൾ. വ്യത്യസ്തമുന്നണികളിൽ സക്രിയരായിരുന്ന സുദീർഘകാലം. മാണിസാറുമായുള്ള വ്യക്തിബന്ധത്തെ ഒന്നുംതന്നെ ഉലച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മുഴങ്ങുന്നൊരു പൊട്ടിച്ചിരിയിൽ അലിഞ്ഞുപോകുന്നതായിരുന്നു എല്ലാ ഭിന്നതകളും. ആ ചിരി സ്നേഹനിർഭരമായിരുന്നു. ചിലപ്പോൾ വാത്സല്യപൂർണവും മറ്റുചിലപ്പോൾ പ്രൗഢഗംഭീരം - അതേ, കേരള രാഷ്ട്രീയത്തിലെ അതികായന്റെ ചിരി... ഓർമകൾ ഇരമ്പിക്കൊണ്ടേയിരുന്നു.

kmmani

‘‘പാലാക്കാരുമായി ഞാൻ താദാത്മ്യം പ്രാപിച്ചിരിക്കുന്നു. സാധാരണ ഒരു രാഷ്ട്രീയക്കാരനെപ്പോലെ വോട്ടിനുവേണ്ടി ചെല്ലുന്നയാളല്ല ഞാൻ. എനിക്കു നാട്ടുകാരുമായി വോട്ടർ-എം.എൽ.എ. ബന്ധമല്ല. ഞാൻ അമ്പതുകൊല്ലമായിട്ട് ഇവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേർന്ന് കുടുംബത്തിലെ അംഗംപോലെ കഴിയുകയാണ്. ആ നിലയ്ക്ക് ഒരാളിവിടെ മരിച്ചാൽ, എന്റെ കുടുംബത്തിലെ ഒരാൾ മരിച്ചു എന്നാണ്  എനിക്ക്. അങ്ങനെ സങ്കടം വന്നുപോകും.  എനിക്ക് എല്ലാവരെയും ഓർത്തിരിക്കാൻ പറ്റും. എല്ലാവരുമായി ഇടപെടും. ദിവസം പത്തിരുനൂറുപേരെ കാണുകയല്ലേ. മൊത്തത്തിലാണെങ്കിൽ  പത്തഞ്ഞൂറുപേരെ... എല്ലാ ദിവസവും രാവിലെ മുതൽ പാതിരാവരെ ആളുകളുമായി ഹൃദയംഗമമായ ആശയവിനിമയമാണ്. ഒരു കുടുംബംപോലെ ആ ബന്ധം വളർന്നുവരുന്നതാണ്. ചുറ്റും കൂടുന്ന പാലായിലെ  സാധരണക്കാരെപ്പോലും പേരുവിളിച്ച് സംസാരിക്കും’’. 

ഒരുമണ്ഡലത്തെ ഏറ്റവുമധികം കാലം പ്രതിനിധാനം ചെയ്ത ജനപ്രതിനിധിയായിരുന്നു കെ.എം. മാണി. പാലായിൽ നിന്ന്‌ 13 തവണ അദ്ദേഹം തുടർച്ചയായി വിജയം കണ്ടു. 54 വർഷക്കാലം പാലാക്കാരുടെ പ്രതിനിധിയായിരുന്നു. കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നു അദ്ദേഹം. സംസ്ഥാനത്ത്‌ കൂടുതൽ കാലം മന്ത്രിയായ മികവുറ്റ ഭരണാധികാരി കൂടിയായിരുന്നു മാണി. 1975 മുതൽ 2015 വരെയുള്ള കാലയളവിൽ 24 വർഷക്കാലം അദ്ദേഹം ധനകാര്യം, ആഭ്യന്തരം, നിയമം, ജലസേചനം, റവന്യൂ, വൈദ്യുതി, തുറമുഖം, നഗരവികസനം, ഭവനനിർമാണം, ഇൻഫർമേഷൻ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. രാജ്യത്ത്‌ ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രി മാണിയാണ്‌, 13 തവണ. ഒരുപക്ഷേ, അതൊരു അന്താരാഷ്ട്ര റെക്കോഡാകാം.

അഭിഭാഷകനായിട്ടായിരുന്നു മാണിയുടെ തുടക്കം. മദ്രാസിൽനിന്ന്‌ നിയമബിരുദം നേടിയശേഷം ആദ്യം കോഴിക്കോട്ടാണ്  അദ്ദേഹം പ്രാക്ടീസ് തുടങ്ങിയത്. കോഴിക്കോട് മുക്കത്തിനടുത്ത കൂടരഞ്ഞിയിൽ അദ്ദേഹത്തിന്റെ പിതാവ്‌ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തോമസ്‌ മാണിക്ക്‌  കുറെ സ്ഥലമുണ്ടായിരുന്നു. അതായിരുന്നു കോഴിക്കോട്ടെത്താൻ ഒരു കാരണം. പ്രശസ്ത അഭിഭാഷകനും പിൽക്കാലത്ത് ഹൈക്കോടതി ജഡ്ജിയുമായിത്തീർന്ന  പി. ഗോവിന്ദമേനോന്റെ കീഴിലാണ് പ്രാക്ടീസ് ആരംഭിച്ചത്. ഗോവിന്ദമേനോന് ഒട്ടേറെ കേസുകളുണ്ടായിരുന്നു. പലതരം കേസുകൾ. നിയമത്തിന്റെ ഊരാക്കുടുക്കുകളഴിക്കാനുള്ള മാണിയുടെ പരിശീലനം അവിടെ  തുടങ്ങുന്നു. 

kmmani

രാഷ്ട്രീയത്തിലേക്കുള്ള കെ.എം. മാണിയുടെ രംഗപ്രവേശത്തിന് കളമൊരുക്കിയതും   കോഴിക്കോടാണ്. നഗരത്തിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പുകാലം. ചെയർമാനായി മത്സരിക്കുന്നത് ഗോവിന്ദമേനോൻ. ആവേശഭരിതമായ പ്രചാരണയോഗങ്ങൾ. ‘സീനിയറി’നുവേണ്ടി ‘ജൂനിയറും’ തിരഞ്ഞെടുപ്പുഗോദയിലേക്കിറങ്ങി. നഗരത്തിന്റെ മുക്കിലും മൂലയിലും കെ.എം. മാണി ഓടിനടന്നു പ്രസംഗിച്ചു. ഉജ്ജ്വലമായിരുന്നു പ്രസംഗശൈലി. വക്കീൽപ്പണി മാത്രമല്ല, രാഷ്ട്രീയവും തന്റെ തട്ടകമാണെന്ന് അദ്ദേഹത്തിന് ബോധ്യമായത് ആ തിരഞ്ഞെടുപ്പുകാലത്തായിരുന്നു. പിന്നീട്,  കോഴിക്കോടിനോടു വിടപറഞ്ഞ് സ്വദേശമായ പാലായിലേക്ക് മടങ്ങി. ഒരു അഭിഭാഷകൻ എന്ന നിലയിലും രാഷ്ട്രീയനേതാവ് എന്ന നിലയിലും പാലാക്കാരും കേരളക്കരയൊട്ടുക്കും അദ്ദേഹത്തെ അംഗീകരിച്ചു.  പാലായിലെയും കോട്ടയത്തെയും കോടതികൾ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ നിയമപ്പോരാട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ചു.

അഭിഭാഷകവൃത്തിയാരംഭിച്ച കാലത്ത്‌ വളരെ എളിയ ജീവിതമാണ്‌ കെ.എം. മാണി നയിച്ചത്‌. കുറെ മുമ്പ്‌ ഒരു പ്രസിദ്ധീകരണത്തിന്‌ നൽകിയ അഭിമുഖത്തിൽ ആ കാലത്തെ അദ്ദേഹം അനുസ്മരിച്ചതിങ്ങനെ:

‘മരങ്ങാട്ടുപിള്ളിയിൽനിന്ന്‌ ഞാൻ എസ്‌.എം.എസ്‌. സ്വകാര്യബസിൽ അഞ്ചു കിലോമീറ്റർ അകലെയുള്ള പാലായിലേക്കു പോകും. എനിക്കു നല്ല പ്രാക്ടീസുള്ള സമയം. 1960-’64 കാലത്ത്‌ പി.ടി. ചാക്കോ ആഭ്യന്തരമന്ത്രിയാണ്‌. ഞാൻ രാവിലെ കോടതിയിലെത്തും. ഉള്ള കേസൊക്കെ വേഗം നടത്തി അടുത്ത ദിവസത്തെ കേസിന്റെ തയ്യാറെടുപ്പുകളൊക്കെ പൂർത്തിയാക്കി മൂന്നുനാലു മണിയാകുമ്പോൾ സ്റ്റഡി ക്ളാസെടുക്കാൻ പരിസരപ്രദേശങ്ങളിലേക്കു പോകും. മീനച്ചിൽ താലൂക്കിലെ ക്യാപ്‌റ്റനായിരുന്നു ഞാൻ. ക്ലാസുകഴിഞ്ഞ്‌ തിരിച്ചെത്തുമ്പോൾ എസ്‌.എം.എസ്‌. ബസ്‌ പോയിരിക്കും. എന്നെ ജീപ്പിൽ മരങ്ങാട്ടുപിള്ളിയിൽ വീടിനു മുന്നിലിറക്കും. ഡ്രൈവർക്ക്‌ പോക്കറ്റിലുള്ള വക്കീൽ ഫീസിന്റെ മുക്കാൽപങ്കും കൊടുക്കേണ്ടിവരും. അമ്മ വലിയ ദൈവവിശ്വാസിയാണ്‌. പ്രാർഥനയ്ക്കെത്താതെ വൈകി വീട്ടിൽ വരുന്നതൊക്കെ വിഷമമാണ്‌. അതുകൊണ്ട്‌ ഭാര്യ അടുക്കളവാതിൽ തുറന്നുതരും. അങ്ങനെ പന്ത്രണ്ടിന്‌, ഒന്നിന്‌, രണ്ടിന്‌, രണ്ടരയ്ക്ക്‌ വീട്ടിലെത്തിയ ദിനങ്ങളേറെയുണ്ട്‌. ഞാനും ഭാര്യയും കൂടി പഴങ്കഞ്ഞികുടിക്കും. പിന്നെ അടുത്തദിവസത്തേക്കുള്ള കേസ്‌ കാര്യങ്ങൾ ഒന്നുകൂടി ഓടിച്ചുവായിച്ചശേഷം ചിലപ്പോൾ മൂന്നുമണിയൊക്കെയാവും കിടക്കാൻ. പിറ്റേന്ന്‌ അതിരാവിലെ തുടങ്ങും അന്നത്തെ കാര്യപരിപാടികൾ. എസ്‌.എം.എസ്‌. ബസ്‌ കയറി പാലായിലേക്ക്‌... ചിലപ്പോൾ ബസിൽ കൈപിടിച്ചുനിന്ന്‌ ഉറങ്ങും. കുരിശുപള്ളിക്കവലയിലെത്തുമ്പോൾ കണ്ണുതുറക്കും. കോടതിയിൽ ഒരേസമയം വിദഗ്‌ധമായി കേസു നടത്തുകയും ഓവർടൈമെടുത്ത്‌ ഫീൽഡിലിറങ്ങി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുകയുമായിരുന്നു ഞാൻ. വക്കീൽഫീസാണ്‌ എന്നെ ഭക്ഷണംതന്ന്‌ രാഷ്ട്രീയക്കാരനാക്കിയത്‌. വക്കീൽ ഫീസെടുത്താണ്‌ ആദ്യകാല തിരഞ്ഞെടുപ്പു കടങ്ങൾ വീട്ടിയതും’’.

ഒരിക്കൽ മാണിസാർ പറഞ്ഞു: ‘‘കുടിയേറ്റമേഖലയുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങളും അവരുടെ വികാരങ്ങളും എനിക്കറിയാം’’.  കോഴിക്കോട്, കണ്ണൂർ, വയനാട്, ഇടുക്കി  മലയോര നിയോജകമണ്ഡലങ്ങൾ, കുടിയേറ്റ മേഖലകൾ അവയെല്ലാം തന്റെ ദൗർബല്യങ്ങളാണെന്ന് അദ്ദേഹം പറയാറുണ്ട്. മലയോരകർഷകരുമായി സുദീർഘകാലത്തെ ആത്മബന്ധമുള്ളതുകൊണ്ടാണത്. അവരെ കാണുമ്പോൾ സ്വന്തം കുടുംബത്തിൽപ്പെട്ടവരെ കാണുന്നതുപോലെയാണ് ഈ പാലാക്കാരന്. നിയമസഭയിൽ അദ്ദേഹത്തിന്റെ ആദ്യ ചോദ്യം റബ്ബർ കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. നിയമസഭയിലെ അവസാന പരാമർശവും അവയെക്കുറിച്ചുതന്നെ. അദ്ദേഹം ‘അധ്വാനവർഗ സിദ്ധാന്തം’ എന്നൊരു പ്രത്യയശാസ്‌ത്രത്തിന്‌ രൂപം നൽകുകയുണ്ടായി. അധ്വാനിക്കുന്ന മനുഷ്യർ എക്കാലത്തും അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ടായിരുന്നു. 

 

kmmani

1964 ഓഗസ്റ്റ്‌ ഒന്നിന് കോൺഗ്രസ് നേതാവ് പി.ടി. ചാക്കോ അന്തരിച്ചപ്പോൾ,  കെ.എം. ജോർജിന്റെ നേതൃത്വത്തിൽ 15 എം.എൽ.എ.മാർ ചേർന്ന് കേരള കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നൽകി. കോൺഗ്രസുമായി അക്കാലത്തുണ്ടായ അഭിപ്രായവ്യത്യാസമാണ് ഇതിലേക്ക് നയിച്ചത്. 1964 ഒക്ടോബർ 9-ാം തീയതി കോട്ടയം തിരുനക്കര മൈതാനത്ത്‌ ചേർന്ന സമ്മേളനത്തിലായിരുന്നു പുതിയ പാർട്ടിയുടെ ജനനം. മാണിയുടെ നേതൃത്വത്തിലുള്ള കോട്ടയം ഡി.സി.സി. പൂർണമായും കേരള കോൺഗ്രസിൽ ലയിച്ചത് ചരിത്രം.
ഏതാനും വർഷങ്ങൾക്കിടയിൽത്തന്നെ പാർട്ടിയിൽ കെ.എം. മാണി ശ്രദ്ധേയനായി. ഏറെ താമസിയാതെ അദ്ദേഹം കേരള കോൺഗ്രസിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവുമായി.  കേരള കോൺഗ്രസ്(എം)ന്റെ ചെയർമാനായതുവരെയുള്ള അദ്ദേഹത്തിന്റെ ചടുലവും ദീർഘദർശനത്തോടെയുമുള്ള പ്രവർത്തനങ്ങൾ കേരള രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമാണ്. 
‘‘കേരളാ കോൺഗ്രസ് ഉണ്ടായശേഷമാണ് ഇന്ത്യയിൽ പ്രാദേശിക കക്ഷികളൊക്കെ ജന്മമെടുക്കുന്നത്. അതിൽ പല പാർട്ടികളും മിക്ക സ്റ്റേറ്റുകളിലും ക്ഷയിച്ചുപോയി. പിന്നീട് വേറെ പ്രാദേശികപാർട്ടികൾ വന്നു. പ്രാദേശിക പാർട്ടികൾക്ക് എപ്പോഴും പ്രസക്തിയുണ്ട്. കേരള കോൺഗ്രസിനൊപ്പം പിറന്നുവീണ പല സംസ്ഥാന പാർട്ടികളും ഇന്നില്ല, പുതിയവ വന്നിട്ടുണ്ട്. കേരള കോൺഗ്രസ് ഇന്നും സക്രിയരാഷ്ട്രീയത്തിൽ നിലനിൽക്കുന്നുണ്ട് ’’ -ഒരു അഭിമുഖത്തിൽ കെ.എം. മാണി പറഞ്ഞു. 

പ്രഗല്‌ഭനായൊരു  പ്രാസംഗികൻ എന്ന നിലയ്ക്ക് കെ.എം. മാണി തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. നിയമസഭയിൽ അദ്ദേഹം നടത്തുന്ന പ്രസംഗങ്ങൾക്ക് ഒരു പ്രൊഫഷണലിന്റെ സവിശേഷതകളുണ്ട്. ഒരു ബില്ലിനെ സംബന്ധിച്ചാണെങ്കിൽ, ആദ്യമത് വായിച്ച് പഠിച്ച് അതുമായി ബന്ധപ്പെട്ട വസ്തുതകൾ ശേഖരിച്ച് സഭയിൽ അവതരിപ്പിക്കും. പിന്നെ, നിയമം വ്യാഖ്യാനിച്ച്, തെളിവുകൾ നിരത്തി കുറിക്കുകൊള്ളുന്ന വിധത്തിൽ ഉദ്ദേശിക്കുന്ന കാര്യം പിഴവുകൂടാതെ സ്ഥാപിച്ചെടുക്കും.

‘‘ഒരു ബില്ലാണെങ്കിൽ ഞാനതുമായി ബന്ധപ്പെട്ട സുപ്രീംകോടതി റൂളിങ് പരിശോധിക്കും. അതിന്റെ കമന്ററിയൊക്കെ നോക്കിയേ ഞാൻ ബില്ല് അവതരിപ്പിക്കുകയുള്ളൂ. അതെനിക്കേറെ ഇഷ്ടമാണ്... ഏറ്റവും ഇഷ്ടം നിയമമാണ്.  അതു കഴിഞ്ഞാൽ ഫൈനാൻസ്’’ -കെ.എം. മാണിയുടെതന്നെ വാക്കുകൾ.

തന്റെ മുൻകാല ബജറ്റുകളിലൂടെ ക്രാന്തദർശിയായ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ഒട്ടേറെ നിർദേശങ്ങളും പരിഷ്‌കാരങ്ങളും പല സംസ്ഥാനസർക്കാരുകളും സ്വീകരിച്ചു. 2012-’13 വർഷത്തെ ബജറ്റിൽ കേരളസംസ്ഥാന സംരംഭകമ്മിഷനും നൈപുണ്യപദ്ധതിയും മാണി പ്രഖ്യാപിച്ചതിനെത്തുടർന്ന് പിന്നീടുവന്ന കേന്ദ്രബജറ്റിൽ ഈ പദ്ധതികൾക്കു സമാനമായവ കേന്ദ്ര ധനമന്ത്രി ഉൾപ്പെടുത്തുകയുണ്ടായി എന്നകാര്യം പ്രത്യേകം പരാമർശിക്കട്ടെ.

ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് പല നേട്ടങ്ങളും ഭാവനാസമ്പന്നനായ കെ.എം. മാണി സ്വന്തമാക്കി. 1980-’81-ലെ ബജറ്റിലൂടെ കെ.എം. മാണിയാണ് ഇന്ത്യയിലാദ്യം കർഷകത്തൊഴിലാളി പെൻഷൻ പ്രഖ്യാപിച്ചത്. 2013-’14 സാമ്പത്തികവർഷത്തെ ബജറ്റിൽ ചെറുകിട കർഷകർക്കും അദ്ദേഹം പെൻഷൻ പദ്ധതി നടപ്പാക്കി. ഇപ്പോൾ കേരളത്തിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും അറുപത് വയസ്സിലേറെ പ്രായമുള്ളവരുമായ എല്ലാവർക്കും ഏതെങ്കിലുമൊരു പെൻഷൻ ലഭിക്കുന്നുണ്ട്. അതിനു വഴിയൊരുക്കിയതിൽ കെ.എം. മാണിയുടെ സംഭാവനകൾ നിർണായകമാണ്.

കന്നിബജറ്റിൽത്തന്നെ ആരോരുമില്ലാത്തവർക്കുള്ള സഹായധനം ഇരട്ടിയാക്കിയും അഗതിമന്ദിരങ്ങൾക്കുള്ള സഹായധനം ഉയർത്തിയും പാവപ്പെട്ടവരോടും പാർശ്വവത്കരിക്കപ്പെട്ടവരോടുമുള്ള പ്രതിബദ്ധത അദ്ദേഹം തെളിയിച്ചിരുന്നു. ദീർഘമായ ഇടവേളയ്ക്കുശേഷം 2011-ൽ ധനമന്ത്രിയായി വീണ്ടുമെത്തിയപ്പോഴും ക്ഷേമപെൻഷനുകൾ വർധിപ്പിക്കുന്നതിൽ അദ്ദേഹം ശുഷ്‌കാന്തി പുലർത്തി. നാലു വർഷങ്ങൾക്കിടെ പല പെൻഷനുകളും അദ്ദേഹം ഏകദേശം ഇരട്ടികണ്ട് വർധിപ്പിക്കുകയുണ്ടായി. കർഷകക്ഷേമത്തിന് തന്റെ ഓരോ ബജറ്റിലും കെ.എം. മാണി ഗണ്യമായ തുക ഉൾപ്പെടുത്തിയിരുന്നു.

ധനമന്ത്രിയെന്ന നിലയിൽ ശ്രദ്ധേയമായ പലപദ്ധതികൾക്കും മാണി രൂപം നൽകിയിട്ടുണ്ട്. എന്നാൽ, പാവപ്പെട്ട രോഗികൾക്ക് സഹായം നൽകാനുതകുന്ന ‘കാരുണ്യ’യാണ്അദ്ദേഹം നടപ്പാക്കിയ ഏറ്റവും മഹത്തായൊരു പദ്ധതി. അദ്ദേഹം സംസ്ഥാന ലോട്ടറിയുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ പല നടപടികളുമെടുത്തു. അതിൽ സുപ്രധാനമായിരുന്നു കാരുണ്യ ലോട്ടറി. വെറും ചൂതാട്ടമെന്നനിലയിൽ കണ്ടിരുന്ന ഭാഗ്യക്കുറിക്ക് ഒരു മാനവികമുഖം നൽകാനും നിർധനരോഗികൾക്ക് ചികിത്സാസഹായം നൽകാനും കാരുണ്യയ്ക്ക്‌ കഴിഞ്ഞു. ഇതിനകം കോടിക്കണക്കിന്‌ രൂപ കാരുണ്യ ലോട്ടറിയിലൂടെ പാവപ്പെട്ട രോഗികളിലേക്കെത്തി.

 ഗ്രാമസഭ, താലൂക്ക്സഭ, റവന്യൂ ടവർ, റവന്യൂ കാർഡ്, സാറ്റലൈറ്റ് നഗരം, ദശലക്ഷം പാർപ്പിടപദ്ധതി തുടങ്ങിയ വിപ്ലവകരമായ പല കർമപരിപാടികളും കെ.എം. മാണി ആവിഷ്‌കരിച്ചു നടപ്പാക്കി. പാവപ്പെട്ടവരുടെ കേസുകൾ സൗജന്യമായി നടത്താൻ താലൂക്കുകൾതോറും പബ്ലിക് കൗൺസിലർമാരെ നിയമിക്കാനും ഈ മനുഷ്യസ്‌നേഹി മുന്നോട്ടുവന്നു. ഇനിയുമേറെയുണ്ട് മാണി എന്ന മന്ത്രിയുടെ മാനവികതയെ കുറിച്ച്‌ പറയാൻ.

kmmani

തിരുവനന്തപുരത്ത്‌ പോകുമ്പോഴൊക്കെ മാണിസാറിന്റെ ഔദ്യോഗിക വസതിയിൽപോയി ഞാൻ അദ്ദേഹത്തെ കാണുമായിരുന്നു. ഒട്ടേറെ തവണ കരിങ്ങോഴയ്ക്കൽ വീട്ടിൽ പോകാനും മാണിസാറിന്റെയും പ്രിയ പത്നി കുട്ടിയമ്മയുടെയും മക്കളുടെയുമൊക്കെ ആതിഥ്യം ഏറ്റുവാങ്ങാനും അവസരമുണ്ടായിട്ടുണ്ട്‌. തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ അത്തരം ഓർമകൾ മനസ്സിലുണ്ട്‌. മാണി സാറിന്റെ ദേഹവിയോഗത്തിൽ അദ്ദേഹത്തിന്റെ പത്നിയുടെയും മക്കളുടെയും മരുമക്കളുടെയും അഗാധദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. 

പ്രിയപ്പെട്ട മാണിസാർ, താങ്കൾ കൺമറഞ്ഞുപോയാലും നമുക്കിടയിൽ നിലനിന്നിരുന്ന സൗഹൃദവും സ്നേഹവും ഒരുപാട് ഓർമകളായി എന്നിൽ അവശേഷിക്കും.  

 

 

 

 

 

 

 

Content Highlights: mp veerendrakumar mp about km mani