കെ. കരുണാകരൻ മുഖ്യമന്ത്രിയും വക്കം പുരുഷോത്തമൻ നിയമസഭാ സ്പീക്കറുമായിരുന്ന 1982-ലെ ഏഴാം കേരള നിയമസഭയുടെ കാലത്താണ് 25 വർഷങ്ങൾ പൂർത്തിയാക്കിയ നിയമസഭയുടെ രജതജൂബിലി ആഘോഷങ്ങൾ നടന്നത്. അഭിഭാഷകനും രാഷ്ട്രീയനേതാവുമെന്നതിലുപരി ഒരു നാടകനടനും കലാകാരനുമായിരുന്ന സ്പീക്കർ വക്കം പുരുഷോത്തമന് നിയമസഭയുടെ സിൽവർ ജൂബിലിയിൽ കലാപരിപാടികളും കായികമത്സരങ്ങളുംകൂടി ഉൾപ്പെടുത്തണമെന്ന ആഗ്രഹമുണ്ടായി. സെമിനാറുകളും യോഗങ്ങളും മാത്രമായി ആഘോഷ പരിപാടികൾ ഒതുങ്ങിപ്പോകാതെ നിയമസഭാംഗങ്ങളെ മുഴുവൻ പങ്കെടുപ്പിച്ചുകൊണ്ട് കല-കായിക-വിനോദ പരിപാടികൾകൂടി നടത്തുന്നത് നിയമസഭാപ്രവർത്തനങ്ങളിലെ പിരിമുറുക്കങ്ങൾക്ക് അയവുവരുത്താൻ സഹായകമാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയിൽസിങായിരുന്നു ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന കർമം നിർവഹിക്കാനെത്തിയത്. ഉദ്ഘാടന പരിപാടികൾക്കുമുമ്പായി നടന്ന കല-കായിക പരിപാടികളെക്കുറിച്ചുള്ള ഓർമകൾ എന്റെ മനസ്സിലിന്നും പച്ചപിടിച്ചുനിൽക്കുകയാണ്‌. കായികമത്സരങ്ങൾ നടക്കുമ്പോൾ സ്പീക്കർ വക്കം പുരുഷോത്തമൻ നിർദേശിച്ചു: ‘‘നമുക്ക് മത്സരങ്ങൾക്ക് കമന്ററി വേണം.’’
കമന്ററി പറയുന്നതിനായി സ്പോർട്‌സ് കമന്റേറ്റർമാരിൽ ചിലരെ ഞാനും നിയമസഭാ സെക്രട്ടറി ഡോ. ആർ. പ്രസന്നനും സമീപിച്ചിരുെന്നങ്കിലും നിർഭാഗ്യവശാൽ കായികമത്സരം നടക്കുന്ന സമയത്ത് അവർക്കാർക്കും എത്താൻ കഴിഞ്ഞില്ല. അപ്പോൾ ഡോ. പ്രസന്നൻ പറഞ്ഞു: ‘‘ഇതൊക്കെ നാടൻ കായിക മത്സരങ്ങളാണല്ലോ. അതിനായി സ്പോർട്‌സ് കമന്റേറ്റർമാർതന്നെ വേണമെന്നില്ല. മിസ്റ്റർ ഹസനായാലും മതി. മറ്റാരെയും കിട്ടാത്തതുകൊണ്ട് കമന്ററി പറയുന്ന കാര്യം താങ്കൾ ഏറ്റെടുക്കണം.’’

സ്പീക്കർ വക്കത്തിന്റെ പ്രോത്സാഹനംകൂടിയായപ്പോൾ ഞാൻ ആ ചുമതലയേറ്റെടുത്തു. സാധാരണ കമന്ററിയിൽനിന്നും വ്യത്യസ്തമായി അല്പം നർമം കലർത്തി രസകരമാക്കണമെന്ന് സരസനും സഹൃദയനുമായ ഡോ. പ്രസന്നൻ എന്നോട് നിർദേശിച്ചിരുന്നു. വടംവലി മത്സരത്തിൽ ഒരു ടീമിന്റെ ക്യാപ്റ്റൻ കൊണ്ടോട്ടി എം.എൽ.എ. ആയിരുന്ന പി. സീതി ഹാജിയായിരുന്നു. ഏറനാടൻ ധീരതയുടെയും നർമത്തിന്റെയും ഉദാഹരണമായിരുന്ന സീതിഹാജി ആവേശത്തോടെ വടംവലിയിൽ മുന്നേറുന്നതു കണ്ടപ്പോൾ എന്റെ നർമബോധമുണർന്നു.

cartoon

‘‘മരംവലിക്കുന്നതുപോലെ വടംവലിക്കുകയാണ് സീതി ഹാജി. സീതി ഹാജിക്ക് വടവും ഒരു മരംപോലെ തോന്നുകയാണ്. നല്ല തേക്കിൻതടിയിൽ പിടിക്കുന്നതുപോലെയാണ് സീതി ഹാജി പിടിച്ചിരിക്കുന്നത്. സീതി ഹാജിയുടെ ആ പിടിത്തം കണ്ടില്ലേ?’’ -സീതി ഹാജിയുടെ ചരിത്രമറിയുന്ന നിയമസഭാംഗങ്ങൾക്കും മറ്റു കാണികൾക്കുമൊപ്പം നിയമസഭയിൽ ചിരിയുടെ അമിട്ടുകൾ പൊട്ടിച്ച സീതി ഹാജിയും എന്റെ കമന്ററി കേട്ട് ആർത്തുചിരിച്ചു.

ലീഗ് നേതാവാകുന്നതിനും മുമ്പേ, നിലമ്പൂർ കാടുകളിൽനിന്നും വൻകിടക്കാർ വിലയ്ക്കെടുക്കുന്ന മരങ്ങൾ കൂട്ടിക്കെട്ടി തെരപ്പമാക്കി കോഴിക്കോട് കല്ലായിയിലേക്കു തുഴഞ്ഞ പാരമ്പര്യമുള്ള സീതി ഹാജി അറിയപ്പെടുന്ന മരവ്യാപാരിയുമായിരുന്നു. നിക്കറും ബനിയനുമിട്ട് ആവേശപൂർവം കൈകൾ വായുവിൽ ആഞ്ഞുതുഴയുന്നതുപോലെ വീശിയുള്ള എം.എൽ.എ.മാരുടെ വേഗത്തിലുള്ള നടത്തമത്സരവും ആവേശകരവും രസപ്രദവുമായിരുന്നു. ഉമ്മൻചാണ്ടിക്കായിരുന്നു നടത്തത്തിൽ ഒന്നാം സമ്മാനം. തൊട്ടുപിന്നിലെത്തിയത് പി.ജെ. ജോസഫും. രണ്ടുപേരും നടത്തത്തിന്റെ വേഗത്തിൽ പ്രസിദ്ധരുമാണ്.

പട്ടുചേലയുടുത്ത്, പൂചൂടി, മൂക്കുത്തിയണിഞ്ഞ, സൗന്ദര്യവതിയായ ഒരു ബ്രാഹ്മണസ്ത്രീ മന്ദംമന്ദം നടന്നുവന്നപ്പോൾ കാണികൾക്കിടയിൽ ഒരാരവംതന്നെയുണ്ടായി. അതുവരെ വേഷപ്രച്ഛന്നരായിവന്ന എല്ലാ എം.എൽ.എ.മാരെയും തിരിച്ചറിഞ്ഞ് അവർക്കൊത്ത വിശേഷണങ്ങളോടെ. കമന്ററിപറഞ്ഞുകൊണ്ടിരുന്ന ഞാനും ആളെ തിരിച്ചറിയാനാവാതെ ആശയക്കുഴപ്പത്തിലായി. ‘‘കുലീനയായ ഒരു ബ്രാഹ്മണസ്ത്രീ അതിരാവിലെതന്നെ അഗ്രഹാരത്തിൽനിന്നും അമ്പലത്തിലേക്ക് പോവുകയാണ്.’’

കമന്ററിയിൽ ഞാൻ അങ്ങനെ വിശേഷിപ്പിച്ചുകൊണ്ടിരിക്കെ പെട്ടെന്നെനിക്കൊരു പിടിവള്ളികിട്ടി. എന്റെ അടുത്തിരുന്ന വനിതാ എം.എൽ.എ.മാരുൾപ്പെടെയുള്ള കാണികളിൽനിന്നും ഒരു മർമരമുയർന്നു -‘ഇത് എം.എൽ.എ. തന്നെയാണോ?’ എന്റെ കമന്ററിയിൽ ഞാനും അതുതന്നെ പകർത്തി. ‘‘ഇതൊരു എം.എൽ.എ.തന്നെയാണോയെന്ന ചോദ്യവും ആശയക്കുഴപ്പവും എം.എൽ.എ.മാർക്കിടയിൽതന്നെ ഉണ്ടായിട്ടുണ്ട്. അതുതന്നെയാണ് ഈ പ്രച്ഛന്നവേഷത്തിന്റെ മികവും.’’
ഏവരെയും അമ്പരപ്പെടുത്തി കുലീനയായ ബ്രാഹ്മണസ്ത്രീയുടെ വേഷത്തിൽവന്നത് ആകാരസൗഷ്ഠവംകൊണ്ടും സുന്ദരമായ മുഖംകൊണ്ടും ശ്രദ്ധേയനായ മാവേലിക്കരയിലെ എം.എൽ.എ. എസ്. ഗോവിന്ദക്കുറുപ്പായിരുന്നു. ഒന്നാം സമ്മാനവും അദ്ദേഹത്തിനായിരുന്നു.

mm hassan memmories

കാണികളെ വിസ്മയിപ്പിച്ചുകൊണ്ട് പിന്നീടെത്തിയത് സൈക്കിൾ ടയർ തള്ളിത്തള്ളിയോടിച്ചുകൊണ്ട് വള്ളിനിക്കറിട്ട ഒരു ചെറിയ പയ്യനായിരുന്നു. ഗൃഹാതുരമായ ഒരു നാട്ടിൻപുറക്കാഴ്ചയായി, നാട്ടുവഴിയിലെന്നപോലെ അസാമാന്യമായ കൈവഴക്കത്തോടെ സൈക്കിൾ ടയർ ഉരുട്ടിവന്ന ആ പയ്യനെയും തിരിച്ചറിയാൻ പെട്ടെന്നാർക്കും കഴിഞ്ഞില്ല. വണ്ടൂർ എം.എൽ.എ.യായിരുന്ന പന്തളം സുധാകരനായിരുന്നു അത്. സ്വതവേ ചെറിയ ശരീരവും കറുത്തനിറവുമുള്ള സുധാകരൻ വള്ളിനിക്കറിട്ട് ദേഹം മുഴുവൻ കറുപ്പുപൂശി നാട്ടുപയ്യനായിവന്ന് രണ്ടാം സമ്മാനം കരസ്ഥമാക്കി. 

ആടിനെയും കൊണ്ടുവരുന്ന മുസ്‌ലിം അറവുകാരന്റെ വേഷത്തിലെത്തിയ ഇരിഞ്ഞാലക്കുട എം.എൽ.എ. ലോനപ്പൻ നമ്പാടനും കാണികളെ ചിരിപ്പിച്ചു. അവശനിലയിലായിരുന്ന ആടിനെയാണ് അന്ന് എം.എൽ.എ. ഹോസ്റ്റലിലെ കാന്റീനിലുള്ള ഒരാൾ എത്തിച്ചുകൊടുത്തത്. ആട് നടക്കാതായപ്പോൾ നമ്പാടൻ ആടിനെ തോളിലേറ്റിനടന്നതും കൂട്ടച്ചിരിക്ക് വകയുണ്ടാക്കി.

യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽനടന്ന ഫുട്‌ബോൾ മത്സരവും ആവേശോജ്ജ്വലമായിരുന്നു. ആര്യനാട് എം.എൽ.എ. കെ. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ‘പങ്കൻസ് ഇലവനും’, കുറ്റിപ്പുറം എം.എൽ.എ. കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ നേതൃത്വത്തിലുള്ള ‘കൊരമ്പയിൽ ഇലവനും’ തമ്മിലായിരുന്നു ഫൈനൽ മത്സരം. ഏതൊരു മലപ്പുറംകാരനെയുംപോലെ കാൽപ്പന്തുകളിയെ കരളിലേറ്റിയ കൊരമ്പയിൽ അഹമ്മദ് ഹാജി മികച്ച ഫുട്‌ബോളറും മലപ്പുറം ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. തിരുവനന്തപുരത്തുകാർ ‘പങ്കയണ്ണൻ’ എന്നു വിളിച്ചിരുന്ന പങ്കജാക്ഷനും നല്ല ഒന്നാന്തരം ഫുട്‌ബോൾ കളിക്കാരനും ഗുസ്തിക്കാരനുമാണ്.

mm hassan memmoriesജീവിതത്തിലൊരിക്കലും ഫുട്‌ബോൾ തൊട്ടിട്ടില്ലാത്ത വയലാർ രവിയും ഞാനുമൊക്കെ ജേഴ്‌സിയും ബൂട്ടുമണിഞ്ഞ് കളിക്കളത്തിലിറങ്ങി. ഫുട്‌ബോൾ മത്സരത്തിന് കമന്ററിപറഞ്ഞത് വ്യവസായമന്ത്രി ഇ. അഹമ്മദായിരുന്നു. ഇ. അഹമ്മദ് നല്ലൊരു ഫുട്‌ബോൾ കളിക്കാരനും സ്പോർട്‌സ് ലേഖകനുമായിരുന്നെന്നും ഇന്നും പലർക്കുമറിയില്ല. ചന്ദ്രിക പത്രത്തിനുവേണ്ടി ഒരുപാടുകാലം ഫുട്‌ബോൾ ടൂർണമെന്റുകൾ റിപ്പോർട്ടുചെയ്തിരുന്നത് അദ്ദേഹമാണ്.
ഇ. അഹമ്മദിന്റെ കമന്ററി ആകാശവാണി റേഡിയോയിൽ തത്സമയം പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. കായികമത്സരയിനങ്ങളിൽ കമന്ററിയിലൂടെ നിർദോഷമായെങ്കിലും എല്ലാവരെയും കളിയാക്കിയ എന്നെ ഫുട്‌ബോൾ കളിയിലെ കമന്ററിയിൽ അഹമ്മദ് നന്നായി വാരി. 

‘‘ഫുട്‌ബോളിനുപിന്നാലെ എം.എം. ഹസ്സൻ ഓടുകയാണ്. മന്ത്രിസ്ഥാനത്തിന്റെ പിന്നാലെ ഓടുന്നതുപോലെ. പക്ഷേ, മന്ത്രിസ്ഥാനംപോലെ ഫുട്‌ബോളും ഹസന് പിടികൊടുക്കുന്നില്ല.’’ 
ഇ. അഹമ്മദിന്റെ കമന്ററി ഇങ്ങനെയായിരുന്നു. ഒടുവിൽ എനിക്ക് ബോൾ കിട്ടിയപ്പോൾ അഹമ്മദിന്റെ കമന്റ് ഉടൻ വന്നു:
‘‘ഇതാ ഒരദ്‌ഭുതം സംഭവിച്ചിരിക്കുന്നു. ഫുട്‌ബോൾ ഹസന്റെ കാലിൽവന്നുതട്ടി. എങ്കിലും ഹസ്സൻ ഫുട്‌ബോളിനെ മൈൻഡ് ചെയ്യുന്നില്ല. കാലിൽത്തട്ടിയ ബോൾ അതാ തെറിച്ചുപോകുന്നു. അങ്ങനെ ഒരുതവണ മാത്രം ബോൾ ഇങ്ങോട്ടുവന്ന് ഹസന്റെ കാലിൽ തട്ടിയതൊഴിച്ചാൽ ഒരിക്കൽപ്പോലും ഹസൻ അങ്ങോട്ടുപോയി സ്വന്തം കാലുകൊണ്ട് ബോൾ തൊട്ടിട്ടില്ല.’’
അതിനുശേഷം ഞാൻ ഔട്ടാവുകയും ചെയ്തു. ഫൈനൽ കളിച്ചതുകൊണ്ട് കപ്പും സമ്മാനങ്ങളുമൊക്കെ എനിക്കും ലഭിച്ചു. 

കലാപരിപാടികളിൽ എം.എൽ.എ.മാരുടെ ഒരു നാടകം വേണമെന്നും സ്പീക്കർ വക്കം നിർദേശിച്ചു. പന്തളം സുധാകരൻ കുറെ ശ്രമംനടത്തിയെങ്കിലും അനുയോജ്യമായ ഒരു നാടകം കണ്ടെത്താനായില്ല. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആളില്ലായിരുന്നു. പുറത്തുനിന്ന് പ്രൊഫഷണൽ നടിമാരെ ഉൾപ്പെടുത്താനുമാവില്ല. എം.എൽ.എ.മാരുടെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് അവതരിപ്പിക്കുകയും വേണം.
ഒരു പുതിയ നാടകം എഴുതിപ്പിക്കുന്നതാണ് ഉചിതമെന്നായിരുന്നു വക്കം അഭിപ്രായപ്പെട്ടത്. അദ്ദേഹംതന്നെ നാടകരചയിതാവിനെയും നിർദേശിച്ചു. പ്രശസ്ത നാടകരചയിതാവും ഹാസ്യ സാഹിത്യകാരനും റേഡിയോ കലാകാരനുമായ ജഗതി എൻ.കെ. ആചാരി വക്കത്തിന്റെ അടുത്തസുഹൃത്തായിരുന്നു. വക്കം ഞങ്ങളോടു പറഞ്ഞു: ‘‘ജഗതിയെക്കൊണ്ട് എഴുതിക്കാം. ഞാൻ പറഞ്ഞുവെന്ന് അദ്ദേഹത്തോടു പറഞ്ഞാൽമതി. എഴുതിത്തരും.’’

ജഗതി എൻ.കെ. ആചാരി എന്റെ അയൽവാസികൂടിയായതുകൊണ്ടും ജഗതി ശ്രീകുമാറുമായി എനിക്ക് നല്ല സൗഹൃദമുള്ളതുകൊണ്ടും ഞാൻ പന്തളം സുധാകരനെയുംകൂട്ടി അദ്ദേഹത്തെക്കണ്ട് കാര്യം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു: ‘‘എഴുതാം. പക്ഷേ, കുറച്ചു സമയം തരണം.’’  ഞങ്ങളത് അംഗീകരിച്ചു. ഞങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളുംകൂടി സ്വീകരിച്ചുകൊണ്ടും ഉൾപ്പെടുത്തിയും എം.എൽ.എ.മാർക്ക് അവതരിപ്പിക്കാൻപറ്റിയ ഹാസ്യപ്രാധാന്യമുള്ള നല്ലൊരു നാടകം ജഗതി എഴുതിത്തന്നു. ‘വിഷമവൃത്തം’ എന്നപേരിലുള്ള ആ നാടകം പിന്നീട് എൻ.ബി.എസ്. പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രിയും എം.എൽ.എ.യും ഒക്കെയായിരുന്നു നാടകത്തിലെ മുഖ്യകഥാപാത്രങ്ങൾ. മന്ത്രിയുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു നാടകത്തിലെ മുഖ്യവിഷയവും. വിദ്യാഭ്യാസമന്ത്രി ടി.എം. ജേക്കബാണ് മന്ത്രിയുടെ വേഷം അഭിനയിച്ചത്. മന്ത്രിയുടെ ഭാര്യയായ താമരാക്ഷി എന്ന കഥാപാത്രം അരങ്ങത്തേക്കുവരാത്തവിധത്തിലായിരുന്നു രചനയും അവതരണവും. 

ദീർഘയാത്രകഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുന്ന മന്ത്രി ഭാര്യയെ വിളിക്കുമ്പോൾ അകത്തുനിന്നും എടുത്തറിഞ്ഞതുപോലെ, ഉഗ്രശബ്ദത്തോടെ, രംഗവേദിയിൽ ഒരു മൊന്ത വന്നുവീഴുന്നു. തൊട്ടുപിന്നാലെ ഭാര്യയുടെ ആക്രോശവും: ‘‘എവിടെപ്പോയിക്കിടക്കുകയായിരുന്നു?’’ ഭാര്യയെ അനുനയിപ്പിക്കാനുള്ള മന്ത്രിയുടെ ഓരോ സംഭാഷണത്തിനും മറുപടിയായും പ്രതിഷേധമായും ചൂൽ ഉൾപ്പെടെ ഓരോ സാധനങ്ങൾ വേദിയിലേക്ക് എടുത്തെറിഞ്ഞുകൊണ്ടുള്ള ഭാര്യയുടെ അശരീരിപോലുള്ള മറുപടികളും വന്നപ്പോൾ ആദ്യരംഗത്തിൽതന്നെ ടാഗോർ തിയേറ്ററിലെ സദസ്സിൽ ചിരിപ്പൂരമായി.

mm hassan memmoriesഎം.എൽ.എ.യുടെ വേഷമായിരുന്നു എനിക്ക്. ഒന്നാം രംഗത്തിൽ യാത്രകഴിഞ്ഞ് മന്ത്രി വീട്ടിലെത്തി അല്പനേരം കഴിയുമ്പോൾ എന്റെ കഥാപാത്രമായ എം.എൽ.എ.യുടെ രംഗപ്രവേശം, സ്വന്തം മണ്ഡലത്തിലെ ഒരു പരിപാടിക്ക് മന്ത്രിയെ ക്ഷണിക്കാനായിരുന്നു. ചുരുണ്ട തലമുടി മറച്ച് തലയിൽ വിഗ്ഗുവെച്ചുവന്ന എന്നെ ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലും ശബ്ദംകൊണ്ട് മനസ്സിലായപ്പോൾ ഓരോ ഡയലോഗിലും കാണികൾ പൊട്ടിച്ചിരിച്ചുതുടങ്ങി. ആ രംഗത്തിലെ ഞങ്ങളുടെ സംഭാഷണങ്ങളിൽ ചിലത് ഓർമയിലുണ്ട്.
മന്ത്രി (ടി.എം. ജേക്കബ്): ‘‘പതിന്നാലാം തീയതിയിലെ എന്റെ പരിപാടി എറണാകുളത്താണ്, രണ്ടുമണിക്ക്. നിങ്ങളുടെ പരിപാടി നാലുമണിക്കും. അതും തിരുവനന്തപുരത്ത്. രണ്ടു മണിക്കൂർകൊണ്ട് എങ്ങനെ എറണാകുളത്തുനിന്ന് തിരുവനന്തപുരംവരെ ഓടിയെത്തും? എനിക്ക് വരാൻപറ്റില്ല.’’
എം.എൽ.എ. (ഞാൻ): ‘‘അതൊന്നും മന്ത്രി കാര്യമാക്കണ്ട. നമ്മുടെ ലീഡർ വരുന്നതുപോലെ വരണം. അടിച്ചുവിട്ട് വരണം.’’ 
മന്ത്രി: ‘‘അപ്പോൾ അപകടമുണ്ടായാലോ?’’
എം.എൽ.എ: ഓ... മൂന്നാലുപേര് ചത്താലിപ്പോ എന്താ കുഴപ്പം? നമുക്ക് പങ്ചാലിറ്റിയല്ലേ പ്രധാനം? നമ്മുടെ ലീഡർ എത്രപേരെ ഇടിച്ചിട്ടിട്ടുവരുന്നു? സമയം പാലിക്കണം. അതിന് ലീഡറെ കണ്ടുപഠിക്കണം. ആളു പോയാലെന്താ?’’ 
-ചിരിയും കൈയടികളും ഉയർന്ന സദസ്സിന്റെ മുൻനിരയിലപ്പോൾ ലീഡർ കരുണാകരനും പ്രതിപക്ഷനേതാവ് ഇ.കെ. നായനാരുമൊക്കെ സന്നിഹിതരായിരുന്നു. ഒരു ബിസിനസ്‌ സ്ഥാപനമേധാവിയുടെ വേഷമായിരുന്നു വാഴൂർ എം. എൽ.എ. കാനം രാജേന്ദ്രന്. അദ്ദേഹത്തിന്റെ ഓഫീസിലെ പ്യൂണായി വർക്കലയിലെ എം.എൽ.എ. വർക്കല രാധാകൃഷ്ണനും. ഓഫീസിലെ സ്റ്റെനോയുടെ സ്ത്രീവേഷം അഭിനയിക്കാനായി ഞങ്ങളാദ്യം സമീപിച്ചത് അരൂർ എം.എൽ.എ. കെ.ആർ. ഗൗരിയെയാണ്. മടിച്ചുമടിച്ചാണെങ്കിലും ഗൗരിയമ്മയ്ക്കടുത്തെത്തി ഞങ്ങൾ കാര്യം അവതരിപ്പിച്ചു. ‘‘ത്ഫൂ!’’ എന്ന് ഉറക്കെയുള്ള ആട്ടായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം. ‘‘ഞാൻ ആ രാജേന്ദ്രനെന്ന പയ്യന്റെ ഓഫീസിലെ സ്റ്റെനോ ആവാനോ? ത്ഫൂ...’’ പോയതിലും വേഗത്തിൽ ഞങ്ങൾ തിരിഞ്ഞോടി. ഞങ്ങൾ ഒടുവിൽ അഭയംപ്രാപിച്ചത് സഹകരണമന്ത്രിയായിരുന്ന എം. കമലത്തെയാണ്.

കമലേട്ടത്തിക്ക് നാടകത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും സ്റ്റെനോയുടെ വേഷമാണെന്നറിഞ്ഞപ്പോൾ ഒന്നു മടിച്ചു. കോസ്റ്റ്യൂം സാരിയായിരിക്കണമെന്ന് കമലേടത്തി ശഠിച്ചപ്പോൾ തത്കാലത്തേക്ക് ഞങ്ങൾ സമ്മതിച്ചു. സ്റ്റേജിലെത്തുമ്പോൾ എങ്ങനെയെങ്കിലും പറഞ്ഞു സമ്മതിപ്പിക്കാമെന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. ഒടുവിൽ നാടകം അവതരിപ്പിക്കാറായപ്പോൾ ഞങ്ങൾ എല്ലാവരും കമലേടത്തിയുടെ കാലുപിടിച്ച് ഒരു പുള്ളിയുള്ള മാക്സിധരിപ്പിച്ച് മുടി പുട്ടപ്പുചെയ്യിച്ച് സ്റ്റെനോയെ സ്റ്റേജിലെത്തിച്ചു.
സ്റ്റേജിൽ കയറുന്നതുവരെ നാണംകൊണ്ട് മാക്സിക്കുമേലെ ഒരു നേര്യതും ചുറ്റിയാണ് കമലേട്ടത്തി നടന്നത്. മന്ത്രി കമലം മാക്സിയൊക്കെ ധരിച്ച് നാണംകുണുങ്ങി അരങ്ങിലെത്തിയപ്പോൾ കാണികൾ ആർപ്പുവിളികളോടെയും കൈയടികളോടെയും വരവേറ്റു. കാനം രാജേന്ദ്രന്റെ ഓഫീസ് പ്യൂണായി വർക്കല രാധാകൃഷ്ണൻ കാക്കിനിക്കറും ഷർട്ടും ധരിച്ച് സ്റ്റേജിലെത്തിയതും പൊട്ടിച്ചിരിയുയർത്തി. കേസന്വേഷണത്തിനെത്തുന്ന സ്മാർട്ടായ സർക്കിൾ ഇൻസ്പെക്ടറുടെ റോളിലെത്തിയ വി.എം. സുധീരന്റെ പ്രകടനവും ഗംഭീരമായിരുന്നു. തെരുവുതെണ്ടിയുടെ വേഷത്തിലെത്തിയ ഒറ്റപ്പാലം എം.എൽ.എ. വി.സി. കബീറും പന്തളം സുധാകരനും സീതിഹാജിയുമൊക്കെ അരങ്ങുതകർത്ത നാടകത്തിന്റെ അന്ത്യത്തിലും രസകരമായ ഒരു സംഭവമുണ്ടായി.

ഓഫീസ് രംഗത്തിൽ കാനം രാജേന്ദ്രൻ പ്യൂണായ വർക്കല രാധാകൃഷ്ണനെ വിളിക്കാനായി പലതവണ ബെല്ലടിച്ചപ്പോൾ അല്പം കേൾവിക്കുറവുള്ള വർക്കല അതു കേട്ടില്ല. ഒടുവിൽ പ്യൂൺ രംഗത്തുവന്നപ്പോൾ, ‘‘എവിടെപ്പോയി കിടക്കുകയായിരുന്നെടോ പൊട്ടാ?’’ എന്ന് കാനം ചോദിച്ചു. സ്‌ക്രിപ്റ്റിൽ ഇല്ലാതിരുന്ന, കാനം രാജേന്ദ്രൻ കൈയിൽനിന്നിട്ട ഡയലോഗിൽ വർക്കല ഒന്നു പകച്ചെങ്കിലും പ്രതികരിച്ചില്ല.
നാടകം അവസാനിച്ച് തിരശ്ശീലവീണതും സ്റ്റേജിൽ ‘ഠേ’യെന്നൊരു അടിയൊച്ചകേട്ടു. ക്ഷുഭിതനായ വർക്കല കാനത്തിനെ അടിച്ച ശബ്ദമായിരുന്നു. ‘‘എടാ നീയെന്നെ പൊട്ടാന്ന് വിളിച്ചു. അല്ലേ?’’ എന്നുചോദിച്ചുകൊണ്ട് കോപംകൊണ്ട് വിറയ്ക്കുകയായിരുന്നു വർക്കല. ഞങ്ങൾ വേഗം മൈക്ക് ഓഫ് ചെയ്യിച്ചു. ഒടുവിൽ കാനം വർക്കലയോട് ക്ഷമപറഞ്ഞ് സമാധാനപ്പെടുത്തിയപ്പോൾ തിരശ്ശീലയ്ക്കു പിന്നിലെ ആ രംഗം ശാന്തമായി. 
കലാപരിപാടികൾ കഴിഞ്ഞ് പുറത്തേക്കുവരുമ്പോൾ ലീഡർ കരുണാകരൻ എതിരേവരുന്നു. എന്നെയും ടി.എം. ജേക്കബിനെയും നോക്കി തന്റെ സ്വതസ്സിദ്ധമായ ശൈലിയിൽ അദ്ദേഹം പറഞ്ഞു: ‘‘ങാ.. നാടകത്തിൽക്കൂടി നിങ്ങൾ എനിക്കിട്ട് തരാവുന്നതൊക്കെ തന്നല്ലോ.’’ വാസ്തവത്തിൽ, നാടകരചയിതാവും സംവിധായകനുമായ ജഗതി എൻ.കെ. ആചാരി എഴുതിവെക്കാത്ത സംഭാഷണങ്ങൾ ഞാനും ജേക്കബും മനോധർമംകൊണ്ട് കൂട്ടിച്ചേർത്ത് അവതരിപ്പിച്ചതായിരുന്നു.