ഭഗവദ്ഗീതയുടെ ഒന്നാം അധ്യായം “അർജുനവിഷാദയോഗം’ എന്ന പേരിലാണ്‌; അറിയപ്പെടുന്നത്‌. കൗരവപ്പടയുടെ മുൻനിരയിൽ നിൽക്കുന്ന ഗുരുവരന്മാരെ കണ്ടപ്പോൾ, വില്ലാളിവീരനായ പാർഥന്റെ മനസ്സാകെ ഇളകിമറിഞ്ഞു. ഗുരുക്കന്മാരും ബന്ധുജനങ്ങളുമായി യുദ്ധം ചെയ്യാൻ ആവില്ലെന്നു പറഞ്ഞു. രക്തച്ചൊരിച്ചിലിലൂടെ നേടുന്ന രാജ്യവും സുഖവും തനിക്കുവേണ്ടെന്നു പ്രഖ്യാപിച്ചു. ആ വീരയോദ്ധാവ്‌ വിഷാദഗ്രസ്തനായി തേർത്തട്ടിൽ തളർന്നിരുന്നു.

അർജുനന്റെ ഈ വിഷമഘട്ടം ഒരു പ്രതീകമാണ്‌. ഒറ്റയായും കൂട്ടമായും എപ്പോൾ വേണമെങ്കിലും ആരുടെയും മുൻപിലും ആവിർഭവിക്കാവുന്ന ഒരു അവസ്ഥയാണിത്‌. എത്ര സമർഥനായാലും ധൈര്യവും ആത്മവിശ്വാസവും എല്ലാം ചോർന്നു, നിരായുധനും നിസ്സഹായനുമായിത്തീരുന്ന അവസ്ഥ. അർജുനൻ നേരിട്ടതിനു സമാനമായ വിഷാദത്തിന്റെ അന്ധകാരം ഇപ്പോൾ മനുഷ്യരാശിയെ ഗ്രസിച്ചിരിക്കുന്നു.

ഇവിടെ ഒരു സംശയം തോന്നിയേക്കാം. അർജുനന്റെ ‘വിഷാദം’ എങ്ങനെയാണ്‌ ‘യോഗം’ ആയിത്തീർന്നത്‌? സമന്വയിപ്പിക്കുക, സംയോജിപ്പിക്കുക, പൂർണമാക്കുക എന്നൊക്കെയാണു യോഗം എന്ന പദത്തിന്റെ സാമാന്യമായ അർഥം. അങ്ങനെയെങ്കിൽ, വിഷാദം യോഗമാകുമോ? ആകും നായകസ്ഥാനത്ത്‌;, ശ്രീകൃഷ്ണനെപ്പോലെ അദ്വിതീയനായ ഒരു വ്യക്തിവൈഭവം ഉണ്ടെങ്കിൽ, വിഷാദത്തിന്റെ ഉത്കടമായ വൈകാരികോർജം കർമധീരതയുടെ വിസ്മയമായി രൂപാന്തരപ്പെടും.

യുദ്ധക്കളത്തിൽ നിൽക്കുന്ന യോദ്ധാവിന്റെ മുൻപിൽ മിത്രങ്ങളില്ല. ശത്രുക്കൾ മാത്രമാണുള്ളത്. ഇവിടെ, യുദ്ധം ചെയ്താലും ഇല്ലെങ്കിലും കൗരവർ പാണ്ഡവരെ ഇല്ലായ്മ ചെയ്യും. അപ്പോൾപ്പിന്നെ ഭീരുവിനെപ്പോലെ ഒളിച്ചോടിയിട്ട്‌ എന്തു പ്രയോജനം? മാത്രമല്ല, യുദ്ധം പാണ്ഡവർ തിരഞ്ഞെടുത്തതല്ല, അതു ശകുനിയുടെയും ദുര്യോധനന്റെയും ആവശ്യമായിരുന്നു. അവരാണ്‌, ആ അഗ്നി ഉൗതിക്കത്തിച്ചത്‌.
ശ്രീകൃഷ്ണൻ നിഷ്പക്ഷനായിരുന്നു.

സംശയമുണ്ട്‌ അല്ലേ? എന്നാൽ, ഇതു കേൾക്കൂ. ദുര്യോധനനും അർജുനനും സഹായം അഭ്യർഥിച്ചു ചെന്നപ്പോൾ എന്തായിരുന്നു ഭഗവാന്റെ നിർദേശം? ഒന്ന്‌, “ഞാൻ ഏതു പക്ഷത്തായാലും ആയുധം എടുക്കില്ല, യുദ്ധംചെയ്യില്ല.’’ രണ്ട്‌, മറുപക്ഷക്കാർക്കു, പത്തുലക്ഷത്തോളം വരുന്ന എന്റെ നാരായണീ സേനയെ ഞാൻ സഹായത്തിനു നൽകും.” ലോകചരിത്രത്തിൽ ശത്രുപക്ഷത്തുനിന്നു പോരാടാൻ സ്വന്തം സേനയെ നൽകിയ മറ്റൊരാൾ ഉണ്ടാകുമോ?

ഭഗവാന്റെ ചോദ്യം ഇതായിരുന്നു: “എന്റെ സൈന്യമോ, നിരായുധനായ ഞാനോ?” സാധാരണഗതിയിൽ ചിന്തിക്കുന്ന ഒരു രാഷ്ട്രനേതാവിന്റെ കാഴ്ചപ്പാടാണ്‌ ഈ അവസരത്തിൽ ദുര്യോധനൻ കൈക്കൊണ്ടത്‌. അയാൾ സൈന്യബലത്തിനും ആയുധബലത്തിനുമാണ്‌ മുൻതൂക്കം നൽകിയത്‌. എന്നാൽ, അർജുനൻ, ശ്രീകൃഷ്ണന്റെ അസാമാന്യമായ നേതൃപാടവത്തിനും ദീർഘദൃഷ്ടിക്കും ബുദ്ധിവൈഭവത്തിനുമാണു പ്രാധാന്യം നൽകിയത്‌. ഈ തീരുമാനം എടുത്ത ആ നിമിഷത്തിൽ, കൗരവരുടെ വിധി നടപ്പായി; പാണ്ഡവന്മാരുടെയും.

അർജുനന്റെ സാരഥി ശ്രീകൃഷ്ണൻ അല്ലായിരുന്നുവെങ്കിലോ? മനോദൗർബല്യം പിടികൂടിയ അർജുനൻ യുദ്ധക്കളത്തിൽനിന്നും തിരിഞ്ഞുനോക്കാതെ ഓടിരക്ഷപ്പെട്ടേനെ. അല്ലെങ്കിൽ, കൗരവർ അയാളെയും സഹോദരന്മാരെയും നിഷ്കരുണം വധിച്ചേനെ. രാജ്യം സ്വന്തമാക്കിയേനെ. ധർമനിഷ്ഠയില്ലാത്ത ഭരണം നടപ്പാക്കിയേനെ.

ഭഗവദ്ഗീതയെന്ന മഹദ്ഗ്രന്ഥം നമുക്കു കിട്ടാതെ പോയേനെ.  രഥത്തിന്റെയും കുതിരകളുടെയും കടിഞ്ഞാൺ ഭഗവാന്റെ െെകയിലായത്‌ മാനവരാശിയുടെ മഹാഭാഗ്യം.

നമ്മുടെ നേത്രങ്ങൾക്ക്‌ അദൃശ്യമെങ്കിലും, കൊറോണ ഒരു വിഷമവൃത്തത്തിന്റെ പൂർത്തീകരണമാണ്‌. ബൂമറാങ്പോലെ ഭൂതകാലത്തിലെ കർമങ്ങൾ നമ്മിലേക്കുതന്നെ കറങ്ങിത്തിരിഞ്ഞുവന്നതാണ്‌. വിധി നടപ്പാക്കിയ യുദ്ധമാണിത്‌. പക്ഷേ, ഇവിടെ വിധിച്ചതും അതിന്റെ ഫലമുണ്ണുന്നതും നമ്മൾതന്നെയാണ്‌
ഈ വിഷമവൃത്തം (vicious circle) ഒരു സദ്‌വൃത്തമാക്കി (virtuous circle), യോഗമാക്കി തീർക്കാൻ നമുക്കു സാധിക്കും. അതിനു പ്രധാനമായും രണ്ടു കാര്യങ്ങൾ നമുക്കു ചെയ്യാൻ കഴിയണം.

ഒന്ന്‌, പ്രപഞ്ചശക്തിയെ, ഈശ്വരനെന്ന മഹാശക്തിയെ പ്രീതിപ്പെടുത്തണം. അതിനു പ്രകൃതിയിൽനിന്നും എടുക്കുന്നതിനനുസരിച്ചു തിരികെ കൊടുക്കlൻ പ്രതിജ്ഞയെടുക്കണം. രണ്ട്‌, ധൈര്യവും ആത്മവിശ്വാസവും കൈവിടാതെ കർമനിരതരാകണം. ഇവിടെയാണ്‌ അമ്മയും ഋഷിപരമ്പരയും നമുക്കു മാർഗദർശികളാകുന്നത്. അമ്മയുടെ ജീവിതത്തെ നിഷ്പക്ഷമായി നിരീക്ഷിച്ചാൽ ആർക്കും മനസ്സിലാക്കാവുന്ന ഒരു കാര്യമുണ്ട്‌. നൽകൽ, എല്ലാം നൽകൽ.

തന്നെ സമീപിക്കുന്നവർക്കെല്ലാം സ്നേഹവും സാന്ത്വനവും സഹായവും അമ്മ സമദർശനത്തോടെ, സമഭാവനയോടെ, നൽകിക്കൊണ്ടേയിരിക്കുന്നു. പരാതികളോ പരിഭവങ്ങളോ പണിമുടക്കോ ഇല്ല. അവകാശവാദങ്ങളൊന്നുമില്ല. എല്ലാം ഈശ്വരന്റേത്‌, ലോകത്തിന്റേത്‌. അത്‌ അവിടേക്കുതന്നെ തിരിച്ചു സമർപ്പിക്കുന്ന നിലയ്ക്കാത്ത യജ്ഞമാണ് അമ്മയുടെ ജീവിതം.

അതുകൊണ്ടായിരിക്കാം യശഃശരീനനായ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഇങ്ങനെ പറഞ്ഞത്‌: “ഞാൻ എന്താണു അമ്മയിൽനിന്നും പഠിച്ചത്‌? കൊടുക്കുക... കൊടുത്തുകൊണ്ടേയിരിക്കുക... അറിവും സ്നേഹവും കാരുണ്യവും സമ്പത്തും എന്തും പങ്കുെവക്കാം. അതിലാണ്‌ സന്തോഷം. അതിലാണ്‌ ശാന്തി. അതിലാണ്‌ പരമാനന്ദം. ഇതാണ്‌ ഞാൻ അമ്മയിൽനിന്നും പഠിച്ചത്‌.”

content Highlights: Matha Amrithanandamayi Birth Day