ല്ലപ്പോഴും വരുന്ന വിരുന്നുകാരനായിരുന്നു അച്ഛൻ. തിരക്കുള്ള സോഷ്യലിസ്റ്റ് നേതാവ്. നിരന്തര യാത്രികൻ. കുട്ടിക്കാലത്തൊന്നും അച്ഛനെ ഞാൻ അധികം കണ്ടിട്ടില്ല. ജയിലിൽ കിടക്കുന്ന സമയത്താണ് പിന്നെ സ്ഥിരമായി കാണാൻ കിട്ടുന്നത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. മാസത്തിൽ ഒരുതവണ കാണാം. അച്ഛമ്മയും അമ്മയും ഇളയച്ഛനും കൂടി കണ്ണൂർ ജയിലിലേക്കു പോകും. അന്നു ചെറിയ കുട്ടിയായിരുന്ന ഞാനും കൂടെ പോകും.  മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്ന കെ. ചന്ദ്രശേഖരനും ഉണ്ടാവും അച്ഛനൊപ്പം.

തെളിച്ചമുള്ളതല്ല ആ ഓർമകളൊന്നും. ജയിലിൽ ജോലിചെയ്തു കിട്ടിയ പൈസകൊണ്ട് എനിക്ക് ഷർട്ടിന്റെ തുണി വാങ്ങിത്തന്നത് ഓർമയുണ്ട്. വൈറ്റും പിങ്കും ഷേഡുള്ള കണ്ണൂർ ക്രേപ്പ് തുണികൾ. ജയിലിലുണ്ടാക്കുന്ന കുറെ അറകളുള്ള കാർഡ്‌ബോർഡ് പെട്ടികളും എനിക്കു തന്നിരുന്നു. കുറേക്കാലം ഞാനെടുത്തു വെച്ചിരുന്നു അതെല്ലാം.  ജയിൽവാസം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ അച്ഛന് കട്ടിമീശ ഉണ്ടായിരുന്നു എന്നു ഞാനോർക്കുന്നു. അതിനുമുമ്പും ശേഷവും അങ്ങനെ അച്ഛനെ കണ്ടിട്ടില്ല.

1977-ലെ ഇലക്‌ഷൻ കാലം കുറച്ചുകൂടി വ്യക്തതയോടെ ഓർമയിലുണ്ട്. അന്നത്തെ റാലികളും വോട്ടുപിടിക്കാൻ പോയതും മറ്റും. വല്ലാത്ത ആവേശമായിരുന്നു പ്രവർത്തകർക്ക്. ചെറിയ വോട്ടിനു പക്ഷേ, അച്ഛൻ തോറ്റു. എല്ലാവർക്കും സങ്കടമായി. രാത്രി പാർട്ടിക്കാരൊക്കെ വീട്ടിൽ ഒത്തുകൂടി. സന്തത സഹചാരിയായിരുന്ന, പരേതനായ പി.സി. അഹമ്മദും (അദ്ദേഹം പിന്നെ ലീഗിൽ പോയി) മറ്റു ബന്ധുക്കളും ഒക്കെയുണ്ട്. ആ സമയത്താണ് കോൺഗ്രസിന്റെ പ്രകടനം വീട്ടിലേക്ക് വരുന്നു എന്നുകേട്ടത്. എന്നാൽ, അതെത്തും മുമ്പേ ഇന്ദിരാഗാന്ധി തോറ്റ വിവരം കിട്ടി. അതോടെ പി.സി. അഹമ്മദിന്റെ ആവേശം ഇരമ്പി. അപ്പോൾത്തന്നെ കല്പറ്റയിൽ പോയി തിരിച്ചു ചീത്തപറയണം എന്നായി. എല്ലാവരും കൂടി പിടിച്ചുവെക്കുകയായിരുന്നു. മങ്ങാത്ത ചില ഓർമച്ചിത്രങ്ങൾ.

അതിനിടെ രണ്ടു മരണങ്ങൾ അച്ഛനെ പിടിച്ചുകുലുക്കി. ആദ്യം അച്ഛമ്മ മരിച്ചു. പിന്നെ 1979-ൽ അച്ഛന്റെ ഇളയച്ഛൻ എം.കെ. ജിനചന്ദ്രന്റെ മകനായ എം.ജെ. കൃഷ്ണമോഹനും. അച്ഛന്റെ രണ്ടുവലിയ തണൽമരങ്ങളാണ് വീണത്. അച്ഛമ്മ കരുത്തയായിരുന്നു. നാട്ടുകാർക്കെല്ലാം മതിപ്പും ആദരവുമുള്ള സ്ത്രീയായിരുന്നു. ഞാനായിരുന്നു അച്ഛമ്മയ്ക്കു കൂട്ട്. എന്നും അച്ഛമ്മയുടെ കൂടെ അവരുടെ വയറും പിടിച്ചാണ് ഞാൻ കിടക്കാറ്. കൃഷ്ണമോഹന്റെ മരണത്തിലൂടെ അച്ഛന്റെ വലിയ ശക്തിയാണ് ചോർന്നുപോയത്. മാതൃഭൂമിയുടെ തിരുവനന്തപുരം എഡിഷൻ അച്ഛൻ കൃഷ്ണമോഹനാണ് സമർപ്പിച്ചത്. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു അത്.

അടിയന്തരാവസ്ഥയും അനന്തമായ യാത്രകളും ചിട്ടയില്ലാത്ത ജീവിതവും അച്ഛനെ പിടികൂടാൻ തുടങ്ങിയിരുന്നു. എൺപതുകളുടെ തുടക്കത്തിലാണ് അച്ഛനു പാൻക്രിയാസിന് അസുഖം വന്നത്. ചെക്കപ്പ് കഴിഞ്ഞു വന്നശേഷം അദ്ദേഹം കുറച്ചുകാലം വയനാട്ടിൽ നിന്നു. അക്കാലത്ത് ദിവസവും ഒന്നര മണിക്കൂർ നടക്കും. ചിലപ്പോൾ അമ്മ കൂടെയുണ്ടാവും. ഇടയ്ക്കു ഞാനും പോകും. പോകുന്ന വഴിക്ക് ഐലാണ്ടിയുടെ മാടക്കടയിൽനിന്ന് ഒരു ചായ കുടിക്കും. അടുത്ത ബന്ധുവായ ശാന്തിവർമന്റെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു ഐലാണ്ടി. എച്ച്‌.എം.എസിന്റെ സമരത്തെത്തുടർന്ന് അയാളെ പിരിച്ചുവിട്ടു. അതിനുശേഷം കുറേക്കാലം അച്ഛനെ ആശ്രയിച്ചാണ് കഴിഞ്ഞത്. ഐലാണ്ടിക്കു താമസിക്കാൻ സൗകര്യവും കൊടുത്തിരുന്നു.

ചായകുടിച്ച് ഒറ്റനടത്തമാണ്. മടക്കിമലവരെ നടക്കും. അപ്പോഴാണ് അച്ഛൻ ധാരാളമായി സംസാരിക്കുക. യാഥാസ്ഥിതികരായ ചില അച്ഛന്മാരെപ്പോലെ സ്കൂളിലെ മാർക്കു ചോദിക്കുന്ന പരിപാടിയൊന്നുമല്ല. അച്ഛൻ-മകൻ എന്ന നിലയിലേയല്ല, ഒരു ഫ്രൺഡ്‌ ഫിലോസഫർ ആൻഡ് ഗൈഡ്‌ ആയിട്ടാണ് സംസാരം. അന്നു ടീനേജാണ് എനിക്ക്. ടീനേജിൽ സ്വാഭാവികമായും ചില കമ്പങ്ങൾ തോന്നും. പെൺകുട്ടികളോട് ആകർഷണം തോന്നും. അതു കുറ്റമല്ല, അച്ഛൻ പറയും. എന്തിനും ഏതിനും ചില നിബന്ധനകൾ പാലിക്കണം. മര്യാദകൾ പുലർത്തണം. എന്റെ ജീവിതവീക്ഷണത്തെയും കാഴ്ചപ്പാടുകളെയും സമഗ്രമായി സ്വാധീനിച്ച വാക്കുകളായിരുന്നു അവ. ‘കാൽമുട്ടു തല്ലിയൊടിക്കും’ എന്നോ മറ്റോ ആണ് അച്ഛൻ പറഞ്ഞിരുന്നതെങ്കിൽ ഇന്നാ വാക്കുകൾ ഞാനോർക്കുമായിരുന്നില്ല. അന്ന് അച്ഛൻ പറഞ്ഞ മറ്റൊരു വാചകവും ഇപ്പോഴും മനസ്സിലുണ്ട്: ‘‘എന്റെ പിറകിൽ നിന്നുകൊണ്ട് നീ ഒന്നും ചെയ്യരുത്. മുന്നിൽ നിന്ന് എന്തുംചെയ്യാം. ബീഡി വലിക്കണോ, മദ്യപിക്കണോ, മുന്നിൽനിന്നു ചെയ്യുക!’’
ദൈവമേ, കാലവും കാഴ്ചകളും എത്ര വേഗത്തിലാണ് മാഞ്ഞുപോകുന്നത്. ആ നടത്തങ്ങളെല്ലാം എന്നിലെ എന്നെ രൂപപ്പെടുത്താനുള്ള സെഷനുകളായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. അന്നത്തെ ഓരോ വാക്കിന്റെയും ആഴവും പരപ്പും അതെന്നിലുണ്ടാക്കിയ സ്വാധീനവും ഇന്നാണ് തിരിച്ചറിയുന്നത്. വിദ്യാഭ്യാസത്തെക്കുറിച്ച് അച്ഛൻ പറഞ്ഞത് ഞാൻ പ്രത്യേകം ഓർക്കുന്നു. എത്ര വലിയ ഡിഗ്രി എടുത്തിട്ടും കാര്യമില്ല, ഒരു നല്ല മനുഷ്യനാവാൻ സാധിക്കുന്നില്ലെങ്കിൽ. മനുഷ്യനെ തിരിച്ചറിയാനും മനസ്സിലാക്കാനും സമൂഹത്തിനു ഗുണകരമായ എന്തെങ്കിലും ചെയ്യാനും സഹായിക്കുന്നതാവണം വിദ്യാഭ്യാസം. മോശം മനുഷ്യനാണെങ്കിൽ അയാളുടെ ഡിഗ്രിക്കൊന്നും ഒരു വിലയുമില്ല.

പറയുക മാത്രമല്ല, പ്രവർത്തിക്കുകയും ചെയ്തു അച്ഛൻ. വീട്ടിലെ മിക്കവരും ബോർഡിങ് സ്കൂളിലാണ് പഠിച്ചിട്ടുള്ളത്. എന്നാൽ, എന്നോട് അച്ഛൻ പറഞ്ഞു, നീ ഞാൻ പഠിച്ച കല്പറ്റ എസ്.കെ.എം.ജെ. സ്കൂളിൽത്തന്നെ പഠിച്ചാൽ മതി. മലയാളം മീഡിയത്തിൽ. വീട്ടിലെ എല്ലാവർക്കും അതൃപ്തി ഉണ്ടായിരുന്നു. അച്ഛൻ വഴങ്ങിയില്ല. ഒരിക്കൽ, അച്ഛൻ വിദേശത്തുപോയ അവസരംനോക്കി ഇളയച്ഛൻ എന്നെ മദ്രാസിൽ കൊണ്ടു ചേർത്തു. അച്ഛൻ വന്ന ഉടനെ എന്നെ തിരിച്ചുവിളിച്ചു. വീട്ടിൽ ധാരാളം വാഹനങ്ങൾ ഉണ്ടെങ്കിലും ഞാൻ കഴിവതും നടന്നുതന്നെ പോവണമെന്ന് അച്ഛൻ നിർദേശിച്ചു. മഴയായാലും വെയിലായാലും നാലുകിലോമീറ്റർ അങ്ങോട്ടുമിങ്ങോട്ടും നടക്കണം. അച്ഛൻ പറഞ്ഞത്, നീ വയനാട്ടുകാരനാണ്. വയനാട്ടിലാണ് ജീവിക്കേണ്ടത്. അതുകൊണ്ട് വയനാട്ടുകാരനായി വളരണം എന്നാണ്. നടന്നുപോകുമ്പോൾ നാട്ടുകാരുമായി ബന്ധമുണ്ടാക്കണം. ആ വാക്കുകളുടെ അർഥം എനിക്കു മനസ്സിലായത്, ചെറുപ്രായത്തിൽത്തന്നെ വയനാട്ടിലെ കുടുംബതോട്ടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ്.

കാണൽ വിരളമാണെങ്കിലും കാണുമ്പോഴെല്ലാം ഞങ്ങൾ തമ്മിൽ ചില സംഭാഷണങ്ങൾ ഉണ്ടാവും. മുത്തച്ഛനെക്കുറിച്ച്, വായനയെക്കുറിച്ച്, പുസ്തകശേഖരത്തെക്കുറിച്ച് ഒക്കെ പറയും. വലിയൊരു പുസ്തകക്കലവറ അന്നേയുണ്ട് വീട്ടിൽ. മുത്തച്ഛൻ പദ്മപ്രഭാഗൗഡർ ആണ് അതു തുടങ്ങിയത്. അച്ഛൻ അതിനെ പരിപോഷിപ്പിച്ചു. അതിന്റെ സൂക്ഷിപ്പുകാരൻ ഞാനായിരുന്നു. പലരും പുസ്തകം കൊണ്ടുപോകും, തിരിച്ചുതരില്ല. അതു വാങ്ങേണ്ട ചുമതല എനിക്കായിരുന്നു. പുസ്തകങ്ങളിലൂടെ എന്നെ പുതിയൊരു ലോകത്തേക്കു നയിക്കാനുള്ള ശ്രമമായിരുന്നു അത് എന്ന് ഇന്നെനിക്കു തോന്നുന്നു. ലോക ക്ലാസിക്കുകളും തത്ത്വചിന്തകളും ശാസ്ത്രഗ്രന്ഥങ്ങളും നിറഞ്ഞ ആ ശ്രീകോവിലായിരുന്നു അറിവിന്റെ ലോകത്തേക്കുള്ള എന്റെ ആദ്യത്തെ കിളിവാതിൽ. അച്ഛന്റെ വായനയുടെ ആഴമൊന്നും അന്നെനിക്കു മനസ്സിലായിരുന്നില്ല.

അച്ഛനൊപ്പം വയനാട്ടിനു പുറത്തേക്കുള്ള യാത്രകൾ അനുഭവങ്ങളുടെ മറ്റൊരാകാശം. വഴിയിൽ പലയിടത്തുനിന്നും അച്ഛൻ ഭക്ഷണം കഴിക്കും. കുറെ സ്ഥിരം കടകളുണ്ട് അച്ഛന്. ചെറിയ കടകളാണ്. വിശന്നാലും ഇല്ലെങ്കിലും അച്ഛൻ അവിടെ കയറും. എന്തെങ്കിലും കഴിക്കും. കുറ്റിപ്പുറത്ത് റെയിൽവേ ഗേറ്റിനടുത്തെവിടെയോ ഒരു സ്വാമിയുടെ ചെറിയ പീടിക ഉണ്ടായിരുന്നു. ഒരു ബ്രാഹ്മണാൾ ഹോട്ടൽ. അവിടന്നാണ് മിക്കപ്പോഴും ബ്രേക്ക് ഫാസ്റ്റ്. കടുകട്ടി ഇഡ്ഡലിയും പുളിച്ച സാമ്പാറും. അച്ഛൻ കഴിക്കുന്നതു കണ്ടാൽ തോന്നും ലോകത്തേറ്റവും രുചികരമായ ഭക്ഷണമാണ് അതെന്ന്. എനിക്കാവട്ടെ, അത് സഹിക്കാനേ പറ്റില്ല. ഒരിക്കൽ ഞാനതു ചോദിച്ചു. അന്ന് അച്ഛൻ പറഞ്ഞത്: ‘‘ഭക്ഷണം കിട്ടാതെ നീ അലഞ്ഞിട്ടില്ലല്ലോ, ഞാനലഞ്ഞിട്ടുണ്ട്’’ എന്നാണ്. പതിനൊന്നുമാസം പലതവണ ഭക്ഷണമില്ലാതെ അച്ഛൻ കഴിഞ്ഞിട്ടുണ്ട്. ഒളിവുകാലത്ത്്. ഭക്ഷണത്തെ നിന്ദിക്കരുതെന്ന പാഠം മാത്രമല്ല ഞാനതിൽ പഠിച്ചത്. ഐലാണ്ടിയെപ്പോലെ ജോലി ചെയ്തു ജീവിക്കുന്നവരെ വണങ്ങാൻ ശീലിക്കണം എന്ന സന്ദേശം കൂടിയാണ്.

അന്നു വീട്ടിൽ ധാരാളം നേതാക്കൾ വരും. സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളായ ജോർജ് ഫെർണാണ്ടസ്, മധു ലിമായെ,  വെങ്കട്ടറാം, മധു ദന്തവതെ ഇവരൊക്കെയാണ് വരുന്നത്. ദാർശനികമായി അച്ഛനെ സ്വാധീനിച്ചത് ലോഹ്യയാണെങ്കിലും വൈകാരികമായ അടുപ്പം എ.കെ.ജി.യോടായിരുന്നു. അദ്ദേഹം പലവട്ടം വീട്ടിൽ വന്നിട്ടുണ്ട്. അവരുടെ രാഷ്ട്രീയചർച്ചകളും വിശകലനങ്ങളും വലിയൊരു വിദ്യാഭ്യാസമായിരുന്നു. അവർ പറയുന്ന ഒളിവുകാല കഥകളെല്ലാം ഞാൻ കൗതുകത്തോടെ കേട്ടിരിക്കും. ഇടയ്ക്കിടെ അച്ഛൻ െബംഗളൂരുവിൽ പോകുമ്പോൾ എന്നെയും കൂട്ടും. പട്ടാഭിരാമ റെഡ്ഡിയുടെയും പരേതയായ സ്നേഹലതാ റെഡ്ഡിയുടെയും വീട്ടിൽ കർണാടകത്തിലെ അറിയപ്പെടുന്ന ചിന്തകരും എഴുത്തുകാരുമായ യു.ആർ. അനന്തമൂർത്തി, ശ്രീകൃഷ്ണ ആലനഹള്ളി തുടങ്ങിയവരെല്ലാം  ഒത്തുകൂടും. അവരുടെ ചർച്ചകളൊക്കെ വേറെ തലത്തിലുള്ളതായിരുന്നു. അതിൽ രാമനും സീതയും ലോഹ്യയും ആത്മീയതയുമൊക്കെ കടന്നുവന്നിരുന്നു. ഇപ്പോൾ മനസ്സിലാവുന്നു, വൈജ്ഞാനികമായി കാര്യങ്ങൾ അറിയാനുള്ള അവസരം നൽകലായിരുന്നു അത്. ചില മൂല്യങ്ങൾ പറയാതെ പഠിപ്പിക്കൽ. വെറും പണമല്ല ജീവിതം എന്ന യാഥാർഥ്യത്തിലേക്ക് എന്നെ എത്തിക്കുക, സ്വന്തംകാലിൽ നിൽക്കാനുള്ള പഠനം നൽകുക. അതായിരുന്നു ആ സ്റ്റഡിക്ലാസുകളുടെ ലക്ഷ്യം.

അന്നും എന്നും അച്ഛൻ പറയും: ‘‘Mind is 90%, only 10% is matter. മൂലധനമുണ്ടെങ്കിലും without people you can't build anything.’’ ഇക്കാര്യം മരിക്കും വരെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ‘‘Orientation should be more towards people than anything else.’’ മാതൃഭൂമിയിലെ അച്ഛന്റെ പ്രവർത്തനത്തിലും അതു പ്രതിഫലിച്ചിരുന്നു. പലരെയും ജോലിക്കെടുത്തിരുന്നത് അവരുടെ കഴിവു നോക്കിയായിരുന്നില്ല. മറിച്ച് ഇന്നാളുടെ മകനാണ്, ഇന്ന ചരിത്രമുണ്ട്, ഇത്ര കഷ്ടപ്പെട്ടിട്ടുണ്ട്, അവർക്കും ജീവിച്ചുപോവേണ്ടേ എന്നൊക്കെയുള്ള പരിഗണനയാണ് ആദ്യം വരുക, കഴിവൊക്കെ രണ്ടാമതേ നോക്കൂ.  

മാതൃഭൂമിയിൽ ഫോട്ടോകംപോസിങ് നടപ്പാക്കുന്ന കാലം. ഹാൻഡ് കംപോസിറ്റേഴ്‌സുൾപ്പെടെ ഏതാണ്ട് എഴുപതോളം പേർക്കു ജോലി നഷ്ടമാവുമെന്ന നില വന്നു. അദ്ദേഹം ചെയ്തത് ഉടനടി തിരുവനന്തപുരത്ത് യൂണിറ്റ് ആരംഭിക്കുകയും എല്ലാവരെയും നിലനിർത്തുകയുമാണ്. 70 അംഗ സംഘത്തെയാണ് സ്ഥലംമാറ്റിയത്. മാറ്റുമ്പോൾ അവരോടു പറഞ്ഞു, നിങ്ങളെയെല്ലാം തിരിച്ചു കൊണ്ടുവരും എന്ന്. ആ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു. എല്ലാ ആനുകൂല്യങ്ങളോടെയുമാണ് അവരെ സംരക്ഷിച്ചത്. കാരണം, സിൻസിനാറ്റി യൂണിവേഴ്‌സിറ്റിയിൽ എം.ബി.എ. പഠിക്കുന്ന കാലത്തെ ഗുരു, പ്രൊഫ. ഹ്യൂം, കോഴ്‌സവസാനിപ്പിക്കുന്നതിന്റെ തലേന്ന്് രാത്രി തനിക്ക് മാത്രമായി നൽകിയ വിരുന്നിനിടെ പഠിപ്പിച്ച ആ ഫിലോസഫി തന്നെ: ‘‘Son, always keep human values in mind.’’

1980-കൾക്കു ശേഷം തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരിക്കലും മൂല്യങ്ങളെയും ബോധ്യങ്ങളെയും കൈവിട്ടുള്ള കളികൾക്ക് അദ്ദേഹം നിന്നില്ല. 1980-ലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസുമായിട്ടാണ് ജനതാ പാർട്ടി സഖ്യമുണ്ടാക്കിയത്. അന്ന്‌ കല്പറ്റ സീറ്റ് ജനതാ പാർട്ടിക്കായിരുന്നു. ഉറച്ച സീറ്റാണ്. അദ്ദേഹം അന്നു മത്സരിച്ചില്ല. കോൺഗ്രസിന്റെ വോട്ടുകൊണ്ടു ജയിക്കാൻ  അന്ന്‌ അദ്ദേഹത്തിന്റെ മനസ്സാക്ഷി അനുവദിച്ചില്ല. അടിയന്തരാവസ്ഥയുടെ പാടുകൾ മാഞ്ഞിരുന്നില്ലല്ലോ; പിന്നീട്‌ കാലങ്ങൾ മാറിയെങ്കിലും.

1988-ൽ ഞങ്ങൾ കോഴിക്കോ​െട്ട ചെമ്പക ഹൗസിങ്‌ കോളനിയിൽ താമസിക്കുന്ന സമയം. ഒരുദിവസം എന്റെ മുറിയിലേക്ക് അദ്ദേഹം കയറിവന്നു: ‘‘നാളെമുതൽ വയനാട്ടിലെ തോട്ടവും കാര്യങ്ങളുമെല്ലാം നീ നോക്കണം.’’ ഞാൻ ചോദിച്ചു: ‘‘എന്താണ് അവസ്ഥ.’’ ‘‘അതു നീ പഠിച്ചോളും.’’-അദ്ദേഹം പറഞ്ഞു. അങ്ങനെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചലഞ്ചിലേക്ക് ഞാൻ വന്നുവീണു. വയനാട്ടിലെത്തുമ്പോഴാണ് മനസ്സിലാവുന്നത്, കാര്യങ്ങൾ കുഴമറിഞ്ഞു കിടക്കുകയാണ്. ബാങ്കിൽ കടം, െെകയിൽ പൈസയുമില്ല. എളുപ്പവഴി സ്വത്തുവിറ്റു കടംവീട്ടി പുറത്തുവരുക എന്നതായിരുന്നു. പലതരം ചർച്ചകളുടെ ഭാഗമായി വളർന്നതു കൊണ്ടും പലരുടെ ക്ലേശങ്ങൾ കേട്ടതു കൊണ്ടുമാവാം, ഞാനതു ചെയ്തില്ല. ‘‘നീ പഠിച്ചോളും’’ എന്ന വാക്കുകൾ എന്നെ പ്രചോദിപ്പിച്ചു. ഒരു ചലഞ്ച് ഏറ്റെടുക്കാനുള്ള മനക്കരുത്ത് എന്റെ പ്രായത്തിലുള്ള ഒരു യുവാവിന് ഉണ്ടാക്കിയത് ആ പഠനമാണ്. ആ അനുഭവവും അവസരവും എനിക്കു തന്നില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ, ഞാനെന്താവുമായിരുന്നു? എനിക്കറിയില്ല. അഞ്ചുവർഷത്തിനകം ഞാനെല്ലാം തിരിച്ചുപിടിച്ചു. ഒരു ന്യൂസീലൻഡ് യാത്രയ്ക്കിടെ അച്ഛൻ വിളിക്കുമ്പാഴാണ് ഞാൻ പറയുന്നത്: ‘‘ഇനി അങ്ങേയ്ക്കു ധൈര്യമായിട്ടു പറയാം, ഒരു രൂപയുടെ കടം എനിക്കില്ല, എല്ലാം വീട്ടിയിട്ടുണ്ട് എന്ന്.’’ ബാധ്യതകളെല്ലാം തീർത്തുവെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം വിവരണാതീതമായിരുന്നു. അദ്ദേഹത്തോടൊപ്പം ആ സമയത്ത് മലയാള മനോരമയുടെ മാമ്മൻ മാത്യുവുമുണ്ടായിരുന്നു.

അച്ഛൻ മരിച്ചശേഷമാണ് ഞാൻ പല കാര്യങ്ങളും അറിയുന്നത്. കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത എത്രയോ പേർ എന്നെ വിളിച്ചു. അറിയപ്പെടുന്നവരും അല്ലാത്തവരുമായ ഒട്ടേറെ പേർ. ഓരോരുത്തർക്കും ഓരോ കഥ പറയാനുണ്ടായിരുന്നു. അച്ഛനെക്കുറിച്ചുള്ള ഗാഢമായ ഒരോർമയെങ്കിലും അവരോരോരുത്തർക്കും പങ്കുവെക്കാനുണ്ടായിരുന്നു. ‘‘എന്നെ സഹായിച്ചു’’, ‘‘എനിക്കു വഴികാട്ടി’’, ‘‘എന്നെ രക്ഷിച്ചു...’’ അങ്ങനെ പലതും. അച്ഛൻ പണ്ടേ പറയും ‘വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെ’ന്ന്. അതിന്റെ ആഴവും പരപ്പും ഇപ്പോഴാണ് ഞാൻ ശരിക്കു മനസ്സിലാക്കിയത്. അറിയപ്പെടാത്ത ആർക്കൊക്കെയോ അദ്ദേഹം ഇതുപോലെ സ്വന്തം ജീവിതംകൊണ്ടു തണലായി എന്ന അറിവ് എനിക്കു വല്ലാത്ത അനുഭവമായിരുന്നു. അദ്ദേഹത്തോടുള്ള ആദരവും മതിപ്പും പതിന്മടങ്ങു വർധിപ്പിക്കുകയാണ് ആ അറിവ്. എന്നും അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്: ‘‘നീ നിനക്കില്ലാത്തതിനെക്കുറിച്ച് ആലോചിക്കരുത്. താഴേക്കുനോക്ക്. ഒന്നും ഇല്ലാത്തവർ എത്രയോ ഉണ്ട് എന്നു മനസ്സിലാക്ക്. നിനക്കുള്ളത് ആസ്വദിക്കാൻ പഠിക്ക്. സംതൃപ്തനാവാൻ പഠിക്ക്‌. ഉത്‌കർഷേച്ഛ വേണം. പക്ഷേ, അത് എത്തിക്സും പ്രിൻസിപ്പിൾസും ഉള്ളതായിരിക്കണം.’’

അച്ഛനും അമ്മയും തമ്മിൽ കലഹിച്ചു ഞാൻ കണ്ടിട്ടില്ല. പ്രശ്‌നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ പറഞ്ഞുതീർക്കാറാണ് പതിവ്. അവയൊന്നും ഞങ്ങൾ മക്കളുടെ മുന്നിലേക്കെത്തിയിട്ടേയില്ല. 63 വർഷം നീണ്ട അവരുടെ ദാമ്പത്യം കലഹങ്ങളില്ലാതെ കടന്നുപോയതിൽ അമ്മയ്ക്ക് വലിയ പങ്കുണ്ട്.

അച്ഛന്റെയും അമ്മയുടെയും അനുഗ്രഹമാണ്  എല്ലാറ്റിലും വലുതെന്ന് എന്നോടു പറഞ്ഞ അച്ഛൻ നിറകണ്ണുകളോടെ എെന്ന കൈയുയർത്തി അനുഗ്രഹിച്ചാണ് പോയത്. സംതൃപ്തനാണ് എന്ന വാക്കുകളോടെ അദ്ദേഹം യാത്രയായി. ഞാൻ തനിച്ചായി. വയനാട്ടിലെ മന്ദാരപ്പൂക്കൾ വീണ കാട്ടിടവഴിയിലൂടെ നടന്നുതുടങ്ങിയതാണ് ഞങ്ങൾ... ഓരോ ചുവടും ഓരോ വാക്കും പാഠമാക്കിക്കൊണ്ട്. ഇപ്പോൾ അതേ വഴികളിലൂടെ നടക്കുമ്പോൾ ഖസാക്കിന്റെ ഇതിഹാസത്തിലെ രവിയെപ്പോലെ, ഞാനും മന്ത്രിക്കുന്നു. സായാഹ്നയാത്രകളുടെ അച്ഛാ, വിടതരിക...

എം.വി. ശ്രേയാംസ്‌കുമാര്‍ വീരേന്ദ്രകുമാറിനും മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിനുമൊപ്പം.
ആ കാലം... എം.വി. ശ്രേയാംസ്‌കുമാര്‍ വീരേന്ദ്രകുമാറിനും മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിനുമൊപ്പം. ഒരു പഴയ ചിത്രം

അധികാരത്തെക്കുറിച്ച് അച്ഛന്‍ പറഞ്ഞു: ''അത് മുറുകെ പിടിക്കരുത്?''

അധികാരത്തെക്കുറിച്ചും അച്ഛന്‍ പറഞ്ഞിട്ടുണ്ട്: ''You should not hold power with tight fists.'' അധികാരം മുറുക്കെപ്പിടിക്കരുത്, അയച്ചുപിടിക്കണം. കാരണം കൈയില്‍നിന്നു വീണുപോയാല്‍ ഭ്രാന്തു പിടിച്ചുപോകും. എപ്പോഴും ആ സമചിത്തത മനസ്സില്‍ വേണം. ഇന്നുള്ളത് ചിലപ്പോള്‍ നാളെ ഇല്ലാതാവും. ഉണ്ട് എന്നുവെച്ച് ഒന്നിലും അഹങ്കരിക്കരുത്. ഇതൊക്കെ നമ്മുടെ ജീവിതയാത്രയില്‍ വരുന്ന സംഗതികളാണ്. നമ്മള്‍ എന്താണ് എന്നു നമ്മള്‍ തിരിച്ചറിയണം. എം.എല്‍.എ.യാവാം എം.പി.യാവാം മന്ത്രിയാവാം പലതുമാവാം അതൊന്നും ഇല്ലാത്ത കാലഘട്ടത്തില്‍ ജീവിക്കാനും പഠിക്കണം.

1987-ലെ ഇലക്ഷനും മന്ത്രിസ്ഥാനവും സ്ഥാനത്യാഗവും ചരിത്രത്തിന്റെ ഭാഗമാണ്. 48 മണിക്കൂറിനകമായിരുന്നു രാജി. അദ്ദേഹം മന്ത്രിയായപ്പോള്‍ ഞാന്‍ കൂടെയുണ്ട്. ഒരു മരംപോലും മുറിക്കരുതെന്ന് ഉത്തരവിട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ് 48 മണിക്കൂറിനകം അദ്ദേഹം രാജിവെച്ചു. നേരെ ഗുരുവായൂര്‍ക്കുപോയി തൊഴുതു. വയനാട്ടിലേക്കു തിരിച്ചു. മടക്കയാത്രയിലാണ് എന്നോട് അദ്ദേഹം രാജിക്കാര്യം പറയുന്നത്. ലക്കിടി എത്തുമ്പോള്‍ നൂറു കണക്കിനു വാഹനങ്ങളുമായി വയനാട്ടുകാര്‍ കാത്തുനില്‍ക്കുന്നു. ഇത്ര വൈകാരികമായ ഒരു സ്വീകരണം ഞാന്‍ വയനാട്ടില്‍ അതിനു മുമ്പുംപിമ്പും കണ്ടിട്ടില്ല. പാര്‍ട്ടിയൊന്നും നോക്കാതെ ആയിരക്കണക്കിനാള്‍ക്കാര്‍ അന്നു കല്പറ്റ ടൗണില്‍ വന്നു നിറഞ്ഞു.  

രാഷ്ട്രീയത്തിലും മൂല്യാധിഷ്ഠിത രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. തിരഞ്ഞെടുപ്പുകളിലൊക്കെ ഞാന്‍ കൂടെ നിന്നു. അതു മറ്റൊരു പഠനമായിരുന്നു. 1991-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കല്പറ്റ സീറ്റ് അദ്ദേഹം നല്‍കിയത് ഹംസയ്ക്കാണ്. മകനെ മത്സരിപ്പിക്കണം എന്നു പറഞ്ഞില്ല. പിന്നെ വന്ന അവസരം നല്‍കിയത് ജൈനേന്ദ്ര കല്പറ്റയ്ക്കാണ്. പിന്നീടും ഹംസയ്ക്കു നല്‍കിയിട്ടുണ്ട്. ഇന്നത്തെ സി.പി.എം. ജില്ലാസെക്രട്ടറി പി.എ. മുഹമ്മദ് അടക്കമുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് 2006-ല്‍ ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2011-ല്‍ അതേ പി.എ.യെയാണ് ഞാന്‍ തോല്‍പ്പിച്ചതെന്നത് മറ്റൊരു വൈരുധ്യം. അതെന്റെ ജീവിതത്തിലെ ദുഃഖകരമായ ഒരു കാര്യമായിരുന്നു.

കാലം കടന്നുപോയി. പിന്നീട് അച്ഛന്‍ കേന്ദ്രമന്ത്രി വരെയായി. 1996-ലെ ദേവഗൗഡ മന്ത്രിസഭ രൂപവത്കരണസമയം. അച്ഛനെ വിളിച്ചു വി.പി. സിങ് നേരിട്ടു പറഞ്ഞതാണ്, നിങ്ങളെ ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ട് എന്ന്. രാത്രി രണ്ടു മണിയായപ്പോഴേക്കും എന്തോ സംഭവിച്ചു. എസ്.ആര്‍. ബൊമ്മെയാണ് അന്നു മന്ത്രിയായത്. അതിലൊന്നും സങ്കടമോ കൂസലോ അദ്ദേഹം കാണിച്ചിരുന്നില്ല. സത്യപ്രതിജ്ഞാ ചടങ്ങിനു പോയപ്പോള്‍ വി.പി. സിങ് ചോദിച്ചു: ''Why are you sitting here? You are supposed to be swearing in.'' അച്ഛന്‍ ചിരിച്ചു. സ്ഥാനമാനങ്ങള്‍ അരികിലൂടെ കടന്നുപോയിട്ടും അധികാരം കൈവിട്ടു പോയിട്ടും നഷ്ടബോധമില്ലാതെ നില്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

എനിക്കുള്ള പാഠങ്ങള്‍ തീര്‍ന്നിരുന്നില്ല. ഒരു ദിവസം അപ്രതീക്ഷിതമായാണ് ആ ചോദ്യം അദ്ദേഹത്തില്‍നിന്നുണ്ടായത്. ''മാതൃഭൂമിയിലെ മാര്‍ക്കറ്റിങ്ങിന്റെയും പ്രൊഡക്ഷന്റെയും ചുമതലയെടുക്കാമോ'' എന്ന്. ആദ്യം ഒന്നു പകച്ചെങ്കിലും പിന്നെ ആ പരിശീലനം നല്‍കിയ ആത്മവിശ്വാസം എന്നെ തുണച്ചു. അതേറ്റെടുക്കാനുള്ള ധൈര്യം ഞാന്‍ കാണിച്ചു. ആദ്യം മാര്‍ക്കറ്റിങ് നോക്കാം., പ്രൊഡക്ഷന്‍ പിന്നീടുനോക്കാം. അങ്ങനെയാണ് ഡയറക്ടര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്ട്രോണിക് മീഡിയ തസ്തികയില്‍ മാതൃഭൂമിയില്‍ ഞാനെത്തുന്നത്. അതും ബോധപൂര്‍വം അദ്ദേഹം മുന്നിലിട്ടു തന്ന വളരെ വലിയ ഒരു ചലഞ്ചായിരുന്നു എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. ചെറുപ്പം മുതലേ മാതൃഭൂമിയുമായി ബന്ധമുണ്ടെങ്കിലും ഞാന്‍ അശിക്ഷിതനായിരുന്നു. എങ്ങനെ നല്ല മനുഷ്യനാവണം എന്നല്ലാതെ ഭരണാധികാരി ആവണം എന്നദ്ദേഹം പറഞ്ഞിട്ടില്ല. മറ്റെല്ലാം തനിയേ വന്നുചേരും എന്നാണ് അതിന്റെ വ്യംഗ്യം. അങ്ങനെ 2000 മേയ് ഒമ്പതാം തീയതി ഞാന്‍ മാതൃഭൂമിയിലെത്തി. ഒരു സന്ദിഗ്ധഘട്ടത്തില്‍ എന്റെ ജീവിതം മാറ്റിമറിച്ച തീരുമാനം. ഒരു മുന്നൊരുക്കവുമില്ലാതെ വന്ന മാറ്റം. അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസം എന്നല്ലാതെ ഒന്നും പറയാനില്ല. ഇത്രയും വലിയ ഒരു ചുമതല അല്ലെങ്കില്‍ അദ്ദേഹം എന്നെ ഏല്‍പ്പിക്കുമായിരുന്നില്ല. അദ്ദേഹം ഇരുന്നിരുന്ന കസേരയില്‍ ഇപ്പോള്‍ ഇരിക്കുമ്പോഴും ആ ആത്മവിശ്വാസമാണ് എന്നെ മുന്നോട്ടുനയിക്കുന്നത്

പല കാര്യങ്ങളും വളരെ മുന്‍കൂട്ടി കണ്ട ആളാണ് അച്ഛന്‍. 1984-ല്‍ കോഴിക്കോട്ട് ഒരു പുഷ്പമേള ഉദ്ഘാടനം ചെയ്യുന്ന വേദി. ഞാനും കൂടെയുണ്ട്. പുഷ്പമേളയായതിനാല്‍ പുഷ്പങ്ങളും പുഴകളും മലകളും ഒക്കെ ഒഴുകിനിറഞ്ഞ പ്രസംഗം. ''ഞാന്‍ വിചാരിച്ചത് എന്റെ മകന്‍ എന്നെക്കാള്‍ ഭാഗ്യവാനാണ് എന്നാണ്.''-അദ്ദേഹം പറഞ്ഞു. ''കാരണം ഞാന്‍ ജനിക്കുമ്പോള്‍ റേഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ടെലിവിഷന്‍വന്നു, കംപ്യൂട്ടര്‍ വരാന്‍ പോകുന്നു. അങ്ങനെ വലിയ സാധ്യതകളുടേതായ ലോകത്താണ് ഈ തലമുറ വളരുന്നത് എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ, ഇപ്പോള്‍ ഞാന്‍ പറയുന്നു, ഞാനാണ് ഭാഗ്യവാനെന്ന്. ഞാന്‍ വെള്ളം കുടിച്ചു മരിക്കും. എന്റെ മകന് അതു സാധിക്കുമോ എന്നെനിക്കറിയില്ല. ഇവിടെ പുഴകള്‍ മലിനമാവും. പ്രാണജലം കിട്ടാതാവും. പ്രണയവും സംഗീതവും കവിതകളുമെല്ലാം ഉണ്ടാവുന്നത് ഈ പുഴകളുടെ കരയിലായിരുന്നു. എന്റെ മകനു പ്രണയിക്കാന്‍ പുഴയുണ്ടാവുമോ എന്നെനിക്കറിയില്ല...'' ഏറ്റവുമൊടുവില്‍ ഈ വര്‍ഷം മാര്‍ച്ച് 30-ന്റെ മാതൃഭൂമി ദിനപത്രത്തില്‍ അദ്ദേഹം എഴുതിയ ഒരു ലേഖനത്തിന്റെ കാതല്‍, ഭൂമിയെ വീടായിക്കാണുന്ന അനേകം ജീവിവര്‍ഗങ്ങളില്‍ ഒന്നുമാത്രമാണ് മനുഷ്യന്‍, ഒന്നും വെട്ടിപ്പിടിക്കാന്‍ നമുക്ക് അധികാരമില്ല എന്നതായിരുന്നു. അവസാനകാലത്തെയും ഈ ഓര്‍മപ്പെടുത്തല്‍ യാദൃച്ഛികമായിരിക്കാം.

ആ വാക്കുകളെ ശരിവെക്കുന്നതായിരുന്നു പിന്നെ കണ്ട കാഴ്ചകള്‍. 1990-ലാണ് ജലം ഒരു കമ്മോഡിറ്റിയാവും എന്നദ്ദേഹം പറഞ്ഞത്. ജലം, വായു, മണ്ണ്്്, വിത്ത് എല്ലാം മനുഷ്യന്റെ അവകാശമാണ്. അതിനുമേലെ അധീശത്വങ്ങള്‍ സ്ഥാപിക്കപ്പെടും. ഓക്‌സിജന്‍ വിലയ്ക്കു മേടിക്കേണ്ടിവരും. കുപ്പിവെള്ളം കുടിക്കേണ്ടി വരും. ഇനിയൊരു ലോകയുദ്ധം ഉണ്ടാവുകയാണെങ്കില്‍ അതു വെള്ളത്തിനായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ കാര്യങ്ങള്‍ മുന്‍കൂട്ടിക്കാണുക മാത്രമല്ല, അതിനെതിരേ പൊരുതാന്‍ മാതൃഭൂമിയെ സജ്ജമാക്കാനും ഞങ്ങളെക്കൊണ്ടൊക്കെ അതംഗീകരിപ്പിക്കാനും അദ്ദേഹത്തിനു കഴിയുകയും ചെയ്തു. പ്ലാച്ചിമട സമരമായിരുന്നു അതിന്റെ ഏറ്റവും വലിയ തെളിവ്. ആ സമരത്തില്‍ അച്ഛനൊപ്പം മുഴുവന്‍സമയം നില്‍ക്കാന്‍ എനിക്കും അവസരം ലഭിച്ചു. നദികള്‍ മരിക്കുന്നു എന്നതായിരുന്നു അച്ഛന്റെ ഏറ്റവും വലിയ വ്യസനം. ഗംഗാനദി അദ്ദേഹത്തിന്റെ ആത്മാവിന്റെ ഭാഗമായിരുന്നു. ആ നദിയില്‍ അച്ഛന്റെ ചിതാഭസ്മം ഒഴുക്കണം. അതായിരിക്കും അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും ഉചിതമായ ഉദകക്രിയ.