ഹിന്ദുവായ നിഷിധ മുസൽമാനായ അബ്ദുള്ളയെ വിവാഹംകഴിക്കുന്നു; അതുപോലെ രാജൻ സൽമാബിയെയും. നിഷിധയെ പിന്നീട് തട്ടമിട്ടമട്ടിൽ ചിലരെങ്കിലും പ്രതീക്ഷിച്ചെങ്കിൽ അവർക്ക് തെറ്റി. പൊട്ടുതൊട്ട സൽമാബിയെ ഭാവനയിൽ കണ്ടവർക്കും തെറ്റി. ഇവരിലാരുംതന്നെ മതമോ പേരോ മാറ്റിയില്ല. കോടതിയും ഇടപെട്ടില്ല.  കലഹമോ കലാപമോ പൊട്ടിപ്പുറപ്പെട്ടതുമില്ല. പരിചയപ്പെടുത്താൻമാത്രം പ്രത്യേകതകൾ ഇവർക്കില്ലെങ്കിലും മതത്തിനതീതമായി മനുഷ്യനെ സ്നേഹിച്ചതിന്റെ കൈയൊപ്പുണ്ട് ഇവരുടെ ജീവിതത്തിന്. മതേതരകേരളം ഇനിയും മരിച്ചിട്ടില്ലെന്നതിന്റെ ഓർമപ്പെടുത്തലാണ് ഇവർ കേരളമണ്ണിൽ ജീവിച്ചുതീർത്ത വർഷങ്ങൾ.

കുടുംബജീവിതത്തിലേക്ക് വഴിമാറുമ്പോഴാണ് പ്രണയത്തിന് മതത്തിന്റെ നിറവും രൂപവും പേറേണ്ടിവരുന്നത്. മതംമാറ്റത്തിൽ പലപ്പോഴും ആൺകോയ്മയും നിലനിൽക്കുന്നു. സ്ത്രീകളാണ് പലപ്പോഴും പുരുഷന്റെ മതം സ്വീകരിക്കാൻ നിർബന്ധിതരാവുന്നത്. എന്നാൽ, അന്യമതസ്ഥരെ വിവാഹംകഴിച്ചശേഷം സ്വന്തം അസ്തിത്വത്തിന് ഭ്രംശംവരുത്താത്ത അനേകർ കേരളത്തിലുണ്ട്. ഒരു കൂരയ്ക്കുള്ളിൽ രണ്ട് വ്യത്യസ്ത വിശ്വാസങ്ങളുള്ള വ്യക്തികളായി, സ്നേഹത്തിന് ഒരു ഭംഗവും വരാതെ അവർ കഴിയുന്നുമുണ്ട്. അവരിൽ രണ്ട് കുടുംബങ്ങളെ പരിചയപ്പെടുത്തുകയാണ് വാരാന്തപ്പതിപ്പ് ഇവിടെ.

കൊടുവള്ളിയിലെ കെ.എസ്.ആർ.ടി.സി. പ്രണയം

സാമുദായിക സദാചാരവാദവും വിചാരണകളുമൊന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത നാട്ടിൻപുറത്തിന്റെ സന്തതികളാണ് അബ്ദുള്ളയും നിഷിധയും. സമൂഹത്തിൽനിന്നോ മതമേലധ്യക്ഷൻമാരിൽനിന്നോ ഒളിച്ചോടാതെ കോഴിക്കോട് കൊടുവള്ളിയിലെ വാവാട് എന്ന സ്വന്തം ഗ്രാമത്തിൽ, ജനിച്ച മതത്തിൽനിന്ന്‌ മാറാതെതന്നെ ഇവർ  17 വർഷമായി ഒരുമിച്ചുകഴിയുന്നു.  സ്വാർഥതയില്ലാത്ത ഈശ്വരസ്നേഹവും ഭക്തിയുമാണ് അമ്മയും അമ്മൂമ്മയും നിഷിധയ്ക്ക് ചെറുപ്പംമുതലേ പകർന്നുനൽകിയത്.  പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ജീവിക്കാൻ അർഹരാണെന്നും അവയെ ഉപദ്രവിക്കുന്നതും വാസസ്ഥലങ്ങൾ നശിപ്പിക്കുന്നതുമൊക്കെ ദൈവകോപത്തിന് കാരണമാകുമെന്നും ജീവജാലങ്ങളോട് സ്നേഹത്തോടെ പെരുമാറുന്നതാണ് ദൈവപ്രീതിക്ക്‌ നിദാനമെന്നും ചെറുപ്പത്തിലേ കേട്ടറിഞ്ഞ്‌ വളർന്നവൾ.  അതാണ്‌ അവളുടെ മതവും. അതിനാൽ നിഷിധയെ സംബന്ധിച്ച്  മുമ്പോട്ടുള്ള മതനിരപേക്ഷജീവിതം എളുപ്പം സാധ്യമാവുന്ന ഒന്നായിരുന്നു.   തൊട്ടടുത്ത മുസ്‌ലിംവീടുകളിൽനിന്ന്് അരിയും കറിയും എന്നുവേണ്ട അടുപ്പെരിയാനുള്ള തീപോലും പങ്കുവെച്ചിരുന്ന സൗഹൃദാന്തരീക്ഷമായിരുന്നു നിഷിധയുടെ വീടിനുചുറ്റും നിലനിന്നിരുന്നത്. അതിനാൽ സ്വന്തമതം-അന്യമതം എന്ന ചിന്താഗതികൾക്കപ്പുറമാണ് നിഷിധ രൂപപ്പെടുത്തിയ ജീവിതകാഴ്ചപ്പാട്.

കോഴിക്കോട് ഗവ. ആർട്‌സ് കോളേജിൽവെച്ചാണ് നിഷിധയും അബ്ദുള്ളയും പരിചയപ്പെടുന്നത്. കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിലെ ഒരുമിച്ചുള്ള യാത്രയിലാണ് അവർ കൂടുതൽ ആശയവിനിമയം നടത്തുന്നതും സൗഹൃദത്തിലാവുന്നതും. പ്രണയത്തിലാവുന്നതോടെ അക്കാലമത്രയും ഇരുവരുടെയും ജീവിതത്തിൽ വേലിതീർക്കാതിരുന്ന മതം കണ്ണുരുട്ടിത്തുടങ്ങി. സംശയക്കാരുടെ കണ്ണെത്താത്ത കോഴിക്കോടിന്റെ കൈവഴികളും സ്നേഹം ഉപാധികളില്ലാതെ സ്വീകരിക്കപ്പെടുന്ന നഗരത്തിലെ മതേതര ഇടങ്ങളുമെല്ലാം പ്രണയിക്കുന്ന കാലത്ത്് അവർക്ക് അഭയമായി. സാമുദായികസമ്മർദങ്ങളിൽപ്പെട്ട് തത്കാലം പതറിപ്പോയാലും മാതാപിതാക്കളും പ്രദേശത്തെ സുഹൃത്തുക്കളും ആത്യന്തികമായി കൂടെയുണ്ടാകുമെന്ന ഉത്തമബോധ്യം നിഷിധയ്ക്കുണ്ടായിരുന്നു. അതായിരുന്നു അവളുടെ പ്രണയത്തിന് ശക്തിനൽകിയതും. ഏതാണ്ട് ഏഴുവർഷംനീണ്ട പ്രണയത്തിനുശേഷമാണ് അബ്ദുള്ളയും നിഷിധയും സ്പെഷൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർവിവാഹംചെയ്യുന്നത്. നിഷിധയുടെ പഠനം പൂർത്തിയാക്കുന്നതിനും ആർക്കെങ്കിലുമൊരാൾക്ക് ഒരു സ്ഥിരവരുമാനമുള്ള ജോലി തരപ്പെടുന്നതുവരെയും ഏഴുവർഷം ഇരുവരും വിവാഹംകഴിക്കാതെ കാത്തിരുന്നു.  ആയിടയ്ക്ക് അബ്ദുള്ളയ്ക്ക്് വാട്ടർ അതോറിറ്റിയിൽ ജോലി ലഭിച്ചു. അങ്ങനെയാണ് 2000-ത്തിൽ ഇവർ വിവാഹിതരാവുന്നത്. വാവാട് കവലയിൽ വലിയ പൊട്ടിത്തെറിയൊന്നുമുണ്ടായില്ലെങ്കിലും ആ സവിശേഷസാഹചര്യത്തെ അബ്ദുള്ളയുടെ കൂട്ടുകാർക്ക് ഉൾക്കൊള്ളാനായി. പാർട്ടിസഖാക്കളും നല്ല പിൻബലം നൽകി. വിവാഹംകഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ നാട്ടിലെത്തി ഒരു വാടകവീട്ടിൽ താമസിക്കാനാവശ്യമായ സാഹചര്യമൊരുക്കിയത് ഈ സുഹൃത്തുക്കളും സഖാക്കളുമാണ്. അവരാണിവർക്ക്‌ പിന്തുണയും ശക്തിയും.

ചില ബന്ധുവീടുകളിലെ ബഹിഷ്കരണ പരിപാടികളൊഴിച്ചാൽ പ്രതീക്ഷിച്ച പ്രശ്നങ്ങൾ ഇരുവരുടെയും കുടുംബങ്ങളിൽനിന്ന്് ഉണ്ടായിട്ടില്ല. കലഹവും കലാപവും പ്രതീക്ഷിച്ചിരുന്നവർ നിരാശരായിട്ടുണ്ടാകാം. മാത്രമല്ല, ഇരുകുടുംബങ്ങൾക്കും ഊരുവിലക്കുകളും ഈ കൊച്ചുഗ്രാമത്തിൽ നേരിടേണ്ടിവന്നില്ലെന്നതും ശ്രദ്ധേയമാണ്. ഹിന്ദുമതസ്ഥയോടൊപ്പം ജീവിക്കുന്ന അബ്ദുള്ളയെ കുടുംബമോ അബ്ദുള്ളയുടെ കുടുംബത്തെ മഹല്ലോ വിലക്കിയില്ല. ഭാര്യയെ മതംമാറ്റണമെന്ന നിർദേശവുമായി ആ മതേതരവാദിയുടെ മുന്നിൽ ആരുമെത്തിയില്ല. നിഷിധയുടെ കുടുംബത്തിന്റെ നിലപാടും മറിച്ചായിരുന്നില്ല. പി.എസ്‌.സി. പരീക്ഷയെഴുതി 2005-ൽ രാരോത്ത്‌ പരപ്പൻപൊയിൽ ഗവ. മാപ്പിള ഹൈസ്കൂളിൽ അധ്യാപികയായി നിഷിധ ജോലിയിൽ പ്രവേശിച്ചു.

വിവാഹശേഷം എട്ടുവർഷം സ്വന്തം കുഞ്ഞെന്ന മോഹവുമായി ഏതൊരു ദമ്പതിമാരെയുംപോലെ മുന്നോട്ടുപോയ ഇവർ പിന്നീട് ആറുമാസം പ്രായമുള്ള അനാഥനായൊരു ആൺകുഞ്ഞിന് അച്ഛനും അമ്മയുമായിത്തീർന്നു. സമാധാനം എന്നർഥംവരുന്ന അമൻ എന്ന പേര് അവരവന് നൽകി. സ്കൂളിൽ ചേർത്തപ്പോൾ മതത്തിന്റെ കള്ളി ഒഴിഞ്ഞുതന്നെ കിടന്നു. കുഞ്ഞിന് അച്ഛന്റെ മതവും നാമവും നൽകുന്ന സ്ത്രീസൗഹൃദമല്ലാത്ത കീഴ്‌വഴക്കവും അവർ പിന്തുടർന്നില്ല.  

കേരളത്തിൽ മതംമാറിയവരിൽ ഭൂരിഭാഗവും പ്രണയംമൂലമാണെന്നാണ്‌ കണക്കുകൾ. കഴിഞ്ഞവർഷം പ്രണയവിവാഹംചെയ്ത് മതംമാറിയവരിൽ നല്ലൊരു ശതമാനവും ഹിന്ദുമതത്തിൽനിന്ന്് മുസ്‌ലിം മതത്തിലേക്കാണെന്നും കണക്കുകൾ പറയുന്നു.  അവർക്കിടയിലാണ് മുസ്‌ലിംകുടുംബത്തിൽ ജനിച്ച അബ്ദുള്ള അബ്ദുള്ളയായിത്തന്നെയും ഹിന്ദുകുടുംബത്തിൽ ജനിച്ച നിഷിധ നിഷിധയായിത്തന്നെയും ഈ 17 വർഷവും മതനിരപേക്ഷജീവിതം നയിക്കുന്നത്. സ്വന്തം മതവിശ്വാസം ഉപേക്ഷിക്കാതെതന്നെ പരസ്പരവിശ്വാസം പുലർത്താനാകുമെന്ന്‌ ഈ ദമ്പതിമാർ തെളിയിക്കുന്നു.

മതേതര ജീവിതത്തിന്റെ 34 ആണ്ടുകൾ

1980-കളിൽ വിക്ടോറിയ കോളേജിന്റെ സയൻസ്‌ലാബിലാണ് ആ വിപ്ലവപ്രണയം തളിർത്തത്. കോളേജിൽ ഒരേവിഷയം പഠിക്കുന്നവർ, ഏതാണ്ട് ഒരേ മാർക്കുള്ളവർ, സാഹിത്യത്തിലും വായനയിലും വാസനയുള്ളവർ, സഹൃദയർ. പക്ഷേ, പ്രണയത്തെ പിന്നോട്ടുവലിക്കുന്ന വലിയൊരു സാമൂഹികയാഥാർഥ്യം അവരുടെ മുന്നിലുണ്ടായിരുന്നു. പരുത്തിപ്പുള്ളിക്കാരനായ കെ.എ. രാജൻ ജനിച്ചത് ഹിന്ദുകുടുംബത്തിലാണ്. ചെർപ്പുളശ്ശേരിക്കാരി എം. സൽമാബിയാവട്ടെ മുസ്‌ലിംകുടുംബത്തിലും. എല്ലാ മേഖലയിലും സമാന അഭിരുചിയുള്ള അവർ പക്ഷേ, മതത്തിന്റെ പേരിൽ അകലാൻ ഒരുക്കമായിരുന്നില്ല. ജോലിനേടിയശേഷം വിവാഹം എന്നായിരുന്നു ആലോചന. പക്ഷേ, പ്രണയംപൂവിട്ട സയൻസ് ലാബിലെ ജീവനക്കാരൻ സൽമയുടെ വീട്ടിൽ ഒറ്റുകൊടുത്തതോടെ പദ്ധതികൾ പാളി. അവർ എത്രയും പെട്ടെന്ന് വിവാഹിതരാകാൻ തീരുമാനിച്ചു. പഠനം പൂർത്തിയാക്കിയ ഉടൻ ഇവർ 1984-ൽ വിവാഹിതരായി.  ഒരുപക്ഷേ, സ്പെഷൽ മാരേജ് ആക്ട് പ്രകാരം പാലക്കാട്ട്‌ രജിസ്റ്റർചെയ്ത ആദ്യ ഹിന്ദു-മുസ്‌ലിം വിവാഹമായിരിക്കാം സൽമ-രാജൻ ദമ്പതിമാരുടേത്. 

പാരലൽകോളേജിൽ പഠിപ്പിച്ചുകൊണ്ടാണ് സ്ഥിരജോലിയില്ലാത്ത ഒരു വർഷം ഇരുവരും മറികടന്നത്. വിവാഹംകഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് ദക്ഷിണ റെയിൽവേയിൽ രാജന് ജോലികിട്ടുന്നത്.  ഊട്ടി, പള്ളിപ്പുറം, ഷൊർണൂർ, തൃശ്ശിനാപ്പള്ളി, പരപ്പനങ്ങാടി, ജോലാർപേട്ട, ബുദ്ധിറെഡ്ഡിപെട്ടി തുടങ്ങി നിരവധി സ്റ്റേഷനുകളിൽ ജോലിചെയ്തു. ഒടുവിൽ പാലക്കാട് ജങ്ഷനിൽ സ്റ്റേഷൻമാസ്റ്ററായിരിക്കെ വി.ആർ.എസ്. എടുത്തു.

തന്റെ തൊഴിൽജീവിതം മുന്നോട്ടുകൊണ്ടുപോവുന്നതിനിടയിൽ സൽമാബിയുടെ കരിയർസ്വപ്നങ്ങൾ രാജൻ തമസ്കരിച്ചില്ല എന്നതാണ് ഈ കുടുംബത്തെ മാതൃകാകുടുംബമാക്കുന്നത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായി രാജൻ ജോലിയിൽ പ്രവേശിക്കുമ്പോൾ സൽമാബി ബി.എഡിന്‌ ചേർന്ന്‌ പഠനം മുന്നോട്ടുകൊണ്ടുപോയി. ശേഷം ദേശമംഗലം സ്കൂളിൽ അധ്യാപികയായി. പഠിച്ചപണി വിവാഹശേഷം നേടിയെടുത്തുകൊണ്ടുതന്നെ സൽമാബി രാജനൊപ്പം ജീവിച്ചു.

ഒരു വർഷം കഴിഞ്ഞ് ഇരുവർക്കും കുഞ്ഞ് പിറന്നു. ഭരണഘടന വിഭാവനംചെയ്യുന്ന മതനിരപേക്ഷ ഇന്ത്യയിൽ മതമില്ലാതെയും ജനിക്കാമെന്ന തിരിച്ചറിവിലാണ് അവർ തങ്ങളുടെ മകന് ഗൗതം എന്ന പേരിടുന്നത്.  ലോകത്തെ ആദ്യ കമ്യൂണിസ്റ്റുകാരനാണ് ബുദ്ധൻ എന്നതിനാലാണ് മകന് ഗൗതം എന്ന പേരിട്ടതെന്ന്‌ രാജൻ പറയുന്നു. ഒരു ജാതിയുടെയും മതത്തിന്റെയും സന്തതിയല്ല തങ്ങളുടെ പുത്രനെന്ന ഉറച്ച ബോധ്യത്തിൽ ഇരുവരുടെയും പേരിന്റെ ആദ്യക്ഷരങ്ങൾ ചേർത്ത് എസ്.ആർ. എന്ന് മകന് ഇനീഷ്യൽ നൽകി. മതനിരപേക്ഷതയ്ക്കൊപ്പം ലിംഗസമത്വവും നൽകിയുള്ള പേരിടൽ.  പണമുണ്ടായിട്ടും രാജനും സൽമാബിയും ഗൗതമിന് സർക്കാർ സ്കൂളിൽത്തന്നെ വിദ്യാഭ്യാസം നൽകി. സ്കൂളിൽ മതമില്ലാത്ത ജീവനായി മതകോളത്തിൽ ‘Nil’ എന്ന് രേഖപ്പെടുത്തി. അവനെയുംകൊണ്ട് അവർ ഇന്ത്യമുഴുവൻ കറങ്ങി. രാജനും സൽമയും ചുറ്റിക്കാണാത്ത ഇന്ത്യൻ സംസ്ഥാനങ്ങളില്ലെന്നുപറയാം. ‘‘ഇന്ത്യയിൽ മതമേധാവികൾക്കേ തീവ്രമായ മതബോധമുള്ളൂ, സാധാരണ ജനങ്ങൾക്കതില്ല’’ എന്നാണ് ആ വലിയ യാത്രയിൽനിന്ന് തങ്ങൾക്ക്‌ മനസ്സിലായതെന്ന്‌ രാജൻ പറയുന്നു.

ചെന്നൈയിൽനിന്ന്് എം.ടെക്. പൂർത്തിയാക്കിയ ഗൗതം ബെംഗളൂരുവിൽ ഡിസൈൻ എൻജിനീയറായി ജോലിചെയ്യുന്നു. അച്ഛനും അമ്മയും മതവിശ്വാസമോ നിരീശ്വരവാദമോ അടിച്ചേൽപ്പിച്ചിട്ടില്ലാത്തതിനാൽ ഇന്നോളം മതകോളത്തിൽ ‘Nil’ എന്നല്ലാതെ ഗൗതം രേഖപ്പെടുത്തിയിട്ടില്ല. മതമില്ലാത്തതിനാൽ  ഗൗതമിന്റേതും മതേതര വിവാഹമായിരുന്നു. അച്ഛനും അമ്മയും നൽകിയ സഞ്ചാരങ്ങളുടെ ത്രിൽ നഷ്ടപ്പെടാത്തതിനാൽ ഇപ്പോൾ ഭാര്യക്കൊപ്പം ലോകം കറങ്ങലാണ് ഗൗതമിന്റെ  ഹോബി.  സൽമയും രാജനും 34 വർഷമായി വ്യത്യസ്ത മതസ്ഥരായിത്തന്നെ തുടർന്നുകൊണ്ട് മതേതരജീവിതംനയിച്ച് മുന്നോട്ടുപോവുന്നു. മനുഷ്യത്വമാണ് മതത്തേക്കാൾ വലുതെന്ന് കരുതുന്നവർക്ക് ഞങ്ങളുടെ ജീവിതം മാതൃകയാക്കാമെന്ന്‌ രാജൻ. 

ഈ ജീവിതങ്ങളെക്കുറിച്ചാകുമോ 1943-ൽ പുറത്തിറങ്ങിയ ‘പ്രേമലേഖനം’ എന്ന വിഖ്യാതനോവലിൽ ബഷീർ, കേശവൻനായരുടെ വാക്കുകളിലൂടെ ഇങ്ങനെ പറഞ്ഞത്: ‘സമൂഹം നമ്മെ തീറ്റിപ്പോറ്റുകയില്ല. ക്ഷേത്രവും ചർച്ചും നിൽക്കേണ്ടിടത്തുതന്നെ നിൽക്കട്ടെ. നമ്മുടെ ഹൃദയങ്ങളുടെ ഇടയിൽ മതിലുകൾ ഉണ്ടാവരുത്. സ്നേഹം സഹാനുഭൂതി കാരുണ്യം ഇവ മറക്കരുത്. നമ്മുടെ കുഞ്ഞുങ്ങളെ ഒരു മതത്തിലും വളർത്തണ്ട. അവർ നിർമതരായി വളരട്ടെ. എന്നിട്ട് അവനെ നമുക്ക് വിളിക്കാം, എടാ മോനേ ആകാശമിഠായീന്ന്...’

nileenaatholi@gmail.com