രുൾപൊട്ടിയപ്പോൾ വയനാട്ടിലെ പുത്തുമല പുഴയായിപ്പിറന്നു. മേലേപച്ചക്കാട്, പച്ചക്കാട്, പുത്തുമല പ്രദേശങ്ങളുടെ പല ഭാഗങ്ങളും ഇന്നില്ല. പകരം ഒഴുകാനിരിക്കുന്ന പുഴയുടെ അടിത്തട്ടായി ഇത് മാറി. പുത്തുമലയ്ക്ക് ചുറ്റുമുള്ള മലനിരകളിൽ മൂന്നുദിവസം കനത്ത മഴ പെയ്തപ്പോൾ ഒരു വൃഷ്ടിപ്രദേശത്തെ പ്രളയജലം ഒഴുക്കാനായി ഭൂമിതന്നെ കണ്ടെത്തിയ വഴിയാണ് പുഴപോലെ നാലു കിലോമീറ്റർ നീണ്ടുകിടക്കുന്നത്‌. അടച്ചുകെട്ടിയ പഴയൊരു നീർച്ചാലാണിത്‌.  ഇനിയീ പ്രദേശം തിരിച്ചെടുക്കാനാവില്ല. ഗ്രാമങ്ങളെ ഞൊടിയിടകൊണ്ട് തകർത്ത് മണ്ണോടുചേർത്ത പ്രകൃതിയുടെ ഈ താണ്ഡവം കണ്ടാൽ നെഞ്ചൊന്ന് പിടയ്ക്കും. പ്രകൃതിക്കുമുന്നിൽ മനുഷ്യൻ ഒന്നുമല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ദൃശ്യം. വയനാട്ടിലെ ഈ അപൂർവ ഭൗമപ്രതിഭാസം നടന്ന  സ്ഥലം ഇനി ശാസ്ത്രജ്ഞരുടെ പഠനമേഖലയാണ്‌. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രദേശത്ത്‌ നാശനഷ്ടമുണ്ടാക്കിയ ഉരുൾപൊട്ടലാണിത്.
സമുദ്രനിരപ്പിൽനിന്ന് 1300 മീറ്റർ ഉയരത്തിലുള്ള മേപ്പാടിയിലെ തൊള്ളായിരം മല. ഈ മലയുടെ രണ്ടു ഭാഗത്തുനിന്നാണ് ഉരുൾപൊട്ടിയത്. ചെരിവ് 50 ഡിഗ്രിയിലേറെ. പണ്ട് മരം വെട്ടി ഏലം കൃഷിചെയ്തിരുന്ന സ്ഥലം.  കനത്തമഴയിൽ രണ്ട് കുന്നിൻചെരിവ് അപ്പാടെ ഇടിഞ്ഞുവീണ് താഴേക്കൊഴുകി. ഇതിന്റെ ഭാരത്താൽ താഴത്തെ ചെരിവും പൊട്ടി.  പെയ്തുകൊണ്ടിരുന്ന പ്രളയമഴയിൽ, പൊട്ടിവീണ ചുവന്നമൺപാളിയെല്ലാം കുഴമ്പുപോലെയായി. ഒരു അണക്കെട്ട്‌ പൊട്ടിയപോലെ വെള്ളവും ചെളിയും പാറയും മുന്നോട്ട്‌ കുതിച്ചു.  

കവളപ്പാറയിൽ മല മാന്തിയെടുത്തു
കവളപ്പാറയിൽ മുത്തപ്പൻമല ത്രികോണാകൃതിയിൽ മാന്തിയെടുത്തതുപോലെയാണ്. ഉരുൾപൊട്ടി ഏക്കറോളം സ്ഥലത്ത് നാശം. 40 ഡിഗ്രിയോളം ചെരിവുള്ള മലയിൽനിന്ന് ഒരുഭാഗം അപ്പാടെ അടർന്ന് താഴേക്കുവന്നു. ഉരുൾപൊട്ടിയ കുന്നിന്റെ രണ്ടുഭാഗത്തേക്കും ചെരിവുള്ളതിനാൽ ചെരിഞ്ഞ ഭാഗത്തേക്കാണ് മൺപാളി നീങ്ങിയത്. നടുഭാഗത്ത് കുഴിയിലായിക്കിടക്കുന്ന വീടുകളുള്ള  വലിയപ്രദേശം ഉരുൾപൊട്ടലിൽനിന്ന് രക്ഷപ്പെട്ടു.  ഉരുൾപൊട്ടിയ കുന്ന്‌ നിറയെ റബ്ബറാണ്. നീർച്ചാലുകൾ തടസ്സപ്പെടുത്തി തട്ടുതിരിച്ചുള്ള ഇവിടത്തെ കൃഷിരീതിയാണ് ഉരുൾപൊട്ടലുണ്ടാക്കിയത്. കനത്ത മഴയിൽ വെള്ളം വാർന്നുപോകുന്നതിന് തട്ടുകൾ തടസ്സമായി. ഇതിനാൽ വെള്ളം അടിത്തട്ടിലെ പാറയിലേക്കിറങ്ങി പാറയും മണ്ണും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ട് തെന്നിമാറി.

ഉരുൾപൊട്ടൽ മ്യൂസിയം
30 വർഷംമുമ്പ് കാസർകോട് ഗവ. കോളേജിൽ ഭൗമശാസ്ത്രം പഠിക്കുമ്പോൾ മലയിടിച്ചിൽ ഒരു വിഷയമായിരുന്നു. അന്ന് മലയിടിച്ചിലിന്റെ വിവിധരീതികൾ കണ്ടുമനസ്സിലാക്കാൻപറ്റിയ സ്ഥലങ്ങൾ കേരളത്തിൽ വളരെ കുറവായിരുന്നു. ഫോട്ടോപോലും കിട്ടാൻ പ്രയാസമായിരുന്നു. ഇത് അധ്യാപകർക്കും പ്രയാസമുണ്ടാക്കി. ടെക്‌സ്റ്റ്‌ ബുക്കുകളിലെ രേഖാചിത്രങ്ങൾ മാത്രമായിരുന്നു അന്ന്‌ ആശ്രയം. എന്നാൽ, ഇന്നിതാ ഭൗമശാസ്ത്ര വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും മുന്നിൽ തുറന്നിട്ട ഉരുൾപൊട്ടൽ മ്യൂസിയമാണ് കേരളം. സാധാരണ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാതരം ഉരുൾപൊട്ടലും അടുത്തകാലത്തായി കേരളത്തിലുണ്ടായി. കഴിഞ്ഞ വർഷം 341 വലിയ ഉരുൾപൊ
ട്ടലുണ്ടായി. ഇത്തവണയും ഒട്ടേറെയുണ്ടായി.

മലയിടിച്ചിൽ പലവിധം
മലയിടിച്ചിൽ പലരൂപത്തിലുണ്ടാകാം. അദൃശ്യഭ്രംശനം (Creep), ചെളിയിടിച്ചിൽ (Mud Slide), ഉരുൾപൊട്ടൽ (Debris flow), ശിലാപതനം (Rock fall) എന്നിവയാണിവ. ഭൂകമ്പം, അഗ്നിപർവത സ്ഫോടനം, വെള്ളപ്പൊക്കം എന്നിവയുടെ ഭാഗമായിട്ടാണ് ഭൂമിയിൽ സാധാരണ ഇതുണ്ടാകുന്നത്. പ്രകൃത്യാതന്നെ വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടാകാറുണ്ട്.  

ലോകത്തിലെ കണക്കനുസരിച്ച് 89.2 ശനമാനവും മഴമൂലമുണ്ടാകുന്നതാണ്. ബാക്കി ഭൂകമ്പംമൂലവും മനുഷ്യ ഇടപെടലുകൾകൊണ്ടുമാണ്. ദക്ഷിണേഷ്യയിൽ ഉരുൾപൊട്ടൽ പ്രധാന ഭൗമദുരന്തമായിട്ടാണ് കണക്കുകൂട്ടുന്നത്. ഇവിടെ ഇന്ത്യയടക്കം ഏഴുരാജ്യങ്ങളിൽ ഉരുൾപൊട്ടൽ കൂടുതലാണ്. ലോകത്തെ ഉരുൾപൊട്ടലുകളിൽ 38.8 ശതമാനവും ദക്ഷിണേഷ്യയിലാണ്.  

ആർക്കും വേണ്ടാത്ത ദുരന്തമേഖലാ ഭൂപടം
തിരുവനന്തപുരത്തെ നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് രൂപപ്പെത്തിയ കേരളത്തിന്റെ ദുരന്തമേഖലാ ഭൂപടം വേണ്ടത്ര ഉപയോഗപ്പെടുത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. 2010-ലാണ് ഇത് പുറത്തിറക്കിയത്. ഉരുൾപൊട്ടൽ, ഭൂചലനം, കടലാക്രമണം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ അനുഭവപ്പെടാൻ സാധ്യതയുള്ള മേഖലകൾ അടയാളപ്പെടുത്തിയതാണ് ഈ ഭൂപടം. ഇതിൽ കേരളത്തിൽ വലിയ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ള മേഖല 1848.3 ചതുരശ്ര കിലോമീറ്ററാണ്.

ഇത് കേരളത്തിന്റെ ആകെ ഭൂപ്രദേശത്തിന്റെ അഞ്ചുശതമാനത്തിൽ താഴെയാണ്. ഇടുക്കിയിലാണ് കൂടുതൽ സ്ഥലം. ഇവിടെ 388.3 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് വലിയ ഉരുൾപൊട്ടലിന് സാധ്യത. പാലക്കാടാണ് തൊട്ടുപിന്നിൽ  324.6 ചതുരശ്ര കിലോമീറ്റർ. മലപ്പുറം (198.6), പത്തനംതിട്ട (170.3), കണ്ണൂർ (168.7), കോഴിക്കോട് (109), വയനാട് (102.6), തൃശ്ശൂർ (108.1), കൊല്ലം (75.6), കോട്ടയം (61.8), എറണാകുളം (61.4), തിരുവനന്തപുരം (45.6), കാസർകോട് (33.7) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. ജില്ലകൾ തിരിച്ച് ഇതിന്റെ ഭൂപടം ഉണ്ടാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങൾ കെഡസ്ട്രൽ ഭൂപടത്തിൽ (വില്ലേജ് മാപ്പ്) രേഖപ്പെടുത്തിയാൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങൾ ഓരോ സർവേനമ്പറിലും കിട്ടും. ഇത് സ്ഥലത്തിന്റെ ഉടമയ്ക്കും ലഭ്യമാക്കിയാൽ സ്ഥലത്തിന്റെ ഗുരുതരാവസ്ഥ ആളുകൾക്ക് മനസ്സിലാകും. ആളുകളെ മാറ്റിപ്പാർപ്പിക്കാനും ഭൂപടം ഉപയോഗപ്പെടുത്താം.  

മലയോരങ്ങളിൽ സംഭവിക്കുന്നത്
മലനിരകളെയാകെ പുതപ്പിക്കുന്ന മൺപാളിയാണ് മഴയിൽ വെള്ളം സംഭരിച്ച് ഭൂമിയിലേക്കാഴ്ത്തുന്നത്. മൺപാളി കുറയുന്നിതിനനുസരിച്ച് ജലസംഭരണശേഷിയും കുറയും. വനനശീകരണം ഇതിന് ആക്കംകൂട്ടും. കേരളത്തിൽ മലയോരപ്രദേശങ്ങളിലെ അശാസ്ത്രീയ കൃഷിരീതികളും ജെ.സി.ബി. അടക്കമുള്ള യന്ത്രങ്ങൾകൊണ്ട് മണ്ണെടുത്തുള്ള നിർമാണപ്രവർത്തനങ്ങൾക്കും ഒരു നിയന്ത്രണവുമില്ല. ഏതു ചെങ്കുത്തായ ചെരിവിലും കെട്ടിടങ്ങൾ പണിയാം, കൃഷിയുമിറക്കാം. കൈക്കോട്ടിനു പകരം യന്ത്രവത്‌കൃത മണ്ണെടുപ്പും ചെരിവുനികത്തലും വ്യാപകമായതോടെ ഉരുൾപൊട്ടലും വർധിച്ചു. ഒരു മാസം പെയ്യേണ്ട മഴ രണ്ടും മൂന്നും ദിവസങ്ങൾകൊണ്ട് പെയ്യാൻ തുടങ്ങിയതോടെ ചെരിവുകൾ ഇടിഞ്ഞുവീഴാൻ തുടങ്ങി. വലിയ കുന്നിൻചെരിവുകളിൽ ഉരുൾപൊട്ടൽ സാഹചര്യവും വർധിച്ചു. 16 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള പ്രദേശങ്ങളിൽ നിർമാണം നിയന്ത്രിക്കണമെന്നും 25 ഡിഗ്രിയിൽ കുടുതൽ ചെരിവുള്ള പ്രദേശങ്ങളിൽ നിർമാണപ്രവർത്തനങ്ങളും കൃഷിയും നിരോധിക്കണമെന്നും തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ പഠനം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കേരളത്തിൽ പശ്ചിമഘട്ടവും താഴ്വാരങ്ങളും ഉൾപ്പെടുന്ന 48 ശതമാനം പ്രദേശം മലനാടാണ്. 75 മീറ്റർ മുതൽ 1800 മീറ്റർവരെ ഉയരത്തിലുള്ള ഈ പ്രദേശത്തെ മണ്ണും കാടും മരങ്ങളും നമ്മുടെ അവാസവ്യവസ്ഥയുടെ ശ്വാസകോശമാണ്‌.

സർക്കാരിന് റിപ്പോർട്ട് നൽകിയിട്ട് 20 വർഷം കഴിഞ്ഞു
നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഉരുൾപൊട്ടൽ മേഖലാ പഠനം നടത്തി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ട് 20 വർഷം കഴിഞ്ഞു. ഇതിന്റെ തുടർച്ചയായി ദുരന്തമേഖലാ ഭൂപടം ഉണ്ടാക്കി. ഇതുപയോഗിച്ച് കുടുതൽ ഉരുൾപൊട്ടലുണ്ടാകുന്ന ജില്ലകളിൽ സർവേനടത്തി ദുരന്തസാധ്യതാ സ്ഥലങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്. ഒരു ജില്ല തിരഞ്ഞെടുത്ത് സർക്കാർ ഈ സർവേ ഉടൻ നടത്തണം. അടുത്ത ദുരന്തംവരെ കാത്തുനിൽക്കരുത്.
ഡോ. പി.കെ. തമ്പി
(ഭൗമശാസത്രജ്ഞൻ, ജിയോസയൻസ് ഡിവിഷൻ മുൻ മേധാവി, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, തിരുവനന്തപുരം)

ഉരുൾപൊട്ടൽ പൈപ്പിങ്‌ പ്രതിഭാസം കാരണമല്ല
വെള്ളം ഒഴുകിപ്പോകാൻ വഴികളില്ലാതായപ്പോൾ മൺപാളിയും പാറയും തമ്മിലുള്ള പിടിത്തംവിട്ടുണ്ടായ ഉരുൾപൊട്ടലുകളാണ്‌ പുത്തുമല, കവളപ്പാറ എന്നിവിടങ്ങളിലേത്‌. ഞങ്ങളുടെ പഠനസംഘം രണ്ടുസ്ഥലവും സന്ദർശിച്ചു. ചെങ്കൽപ്പാറയുടെ അടിത്തട്ടിൽ വെള്ളമൊഴുകി ഉണ്ടാകുന്ന കുഴൽരൂപത്തിലുള്ള ‘പൈപ്പിങ്‌’ രണ്ടുസ്ഥലത്തും കണ്ടെത്താനായിട്ടില്ല.

ഡോ. കെ.കെ. രാമചന്ദ്രൻ (മേധാവി, ജിയോമാറ്റിക്സ്‌ ലാബ്‌, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, തിരുവനന്തപുരം)

ഈ മുറിവുണക്കാൻ കുറേക്കാലം വേണ്ടിവരും
കേരളത്തിൽ കാലങ്ങളായി ഉണ്ടാക്കിയെടുത്ത ജൈവവ്യവസ്ഥയെത്തന്നെ നമ്മൾ നശിപ്പിച്ചു. ഇനിയിത് ശരിയാക്കാൻ കാലങ്ങളെടുക്കും. ചെങ്കുത്തായ ചെരിവുകൾ ഇടിച്ചുനികത്തി കൃഷിചെയ്തും കെട്ടിടം പണിതും ഭൂപ്രദേശങ്ങളുടെ സംതുലനാവസ്ഥ തകിടംമറിച്ചു. ചെരിവുകളിലെ പുൽമേടും കുറ്റിക്കാടും അടിക്കാടുമാണ് ആ പ്രദേശത്തെ ഇടിഞ്ഞുവീഴാതെ പിടിച്ചുനിർത്തുന്നത്. വേരുകൾ അത്രയേറെ മണ്ണിനെ സംരക്ഷിക്കുന്നുണ്ട്. ചെരിവുകളിലെ ക്വാറികളിൽ സ്ഫോടനം നടത്തി പാറപൊട്ടിക്കുന്നതും കാലക്രമേണ പരിസരപ്രദേശങ്ങളെ ദുർബലമാക്കും. ചെരിവുകളിൽ നിർമാണ നിയന്ത്രണം കൊണ്ടുവന്നേ പറ്റൂ.
ഡോ. പി. രാജേന്ദ്രൻ
(സോയിൽ സയന്റിസ്റ്റ്, കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ)