ജൂബിലികൾ നമുക്ക് ആഘോഷങ്ങളാണ്. എന്നാൽ, ശേഷിപ്പുകളില്ലാതെ സാഗരത്തിൽ മറഞ്ഞുപോയ ഒരു യാനത്തിന്റെ പിറന്നാൾവർഷം ഓർമകളിൽപ്പോലും ആനന്ദമാവില്ല.  കേരളത്തിന്റെ ആദ്യത്തെ സ്വന്തം കപ്പലായ എം.വി. കൈരളിയുടെ അമ്പതാം പിറന്നാൾ വർഷമാണിത്. ജൂലായ് മൂന്ന് അവൾ കടൽമറഞ്ഞതിന്റെ മുപ്പത്തിയെട്ടാം വാർഷികദിനവും. 

നോർവെയിലെ തുറമുഖനഗരമായ ഹോർട്ടനിലെ മറൈനൻസ് ഹോവ്‌ഡ്വെഫ്ത്ത് (Marinens Hovedverft) യാർഡിൽ നിർമിച്ച സാഗ സോഡ് (Saga Sword) ആണ് പിന്നീട് കൈരളിയായത്. 1967-ൽ കപ്പൽ നീറ്റിലിറങ്ങി. 1975-ൽ കപ്പൽ ഓസ്‌ലോയിലെ ഒലേ ഷ്രോഡർ കമ്പനിക്ക് വിറ്റു. ഓസ്‌കോസോഡ് (Oscosword) എന്നുപേരിട്ട ഈ കപ്പൽ 1976 ഫെബ്രുവരി 14-ന് കേരള സ്റ്റേറ്റ്‌ ഷിപ്പിങ്‌ കോർപ്പറേഷൻ 5.81 കോടി രൂപയ്ക്കു വാങ്ങി. കൊടിയും നിറവും മാറ്റി കപ്പലിന് എം.വി. കൈരളിയെന്നു പേരിട്ടു. 1976 മുതൽ 1979 വരെ ചരക്കുകളുമായി കൈരളി രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു. 

1979 ജൂൺ 30-ന് മർമഗോവയിൽനിന്ന് 20,538 ടൺ ഇരുമ്പയിരുമായി കിഴക്കൻ ജർമനിയിലെ റോസ്റ്റോക്കിലേക്ക് പുറപ്പെട്ടതാണ് കൈരളി. കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്‌റ്റനും എറണാകുളം സ്വദേശി അബി മത്തായി ചീഫ് എൻജിനീയറും മലപ്പുറം സ്വദേശി ബേബി സെബാസ്റ്റ്യൻ റേഡിയോ ഓഫീസറുമായ കപ്പലിൽ 23 മലയാളികളുൾപ്പെടെ 51 പേരുണ്ടായിരുന്നു.
ജൂലായ് മൂന്ന് രാത്രി എട്ടുമണിക്കുശേഷം കപ്പലിൽനിന്ന് സന്ദേശങ്ങളൊന്നും ലഭിക്കാതായി. മർമഗോവയിൽനിന്ന് 500 മൈൽ അകലെ അറബിക്കടലിൽ 18 ഡിഗ്രി അക്ഷാംശത്തിലും 84 ഡിഗ്രി രേഖാംശത്തിലുമായിരുന്നു അപ്പോൾ കപ്പൽ. മൺസൂൺ 
കാലമായതിനാൽ കടൽ പതിവിലേറെ പ്രക്ഷുബ്ധമായിരുന്നു. ജൂലായ് 11-ന് ആഫ്രിക്കൻ തീരത്തെ ജിബൂത്തിയിലെ ഷിപ്പിങ്‌ ഏജന്റായ മിറ്റ്‌കോസ് എന്നൊരാൾ കപ്പൽ അവിടെയെത്തിയില്ലെന്ന് അറിയിച്ചു.  ജൂലായ് 15-ലെ പത്രങ്ങൾ അച്ചുനിരത്തി - ‘കൈരളിയെ കാണാനില്ല’.
രണ്ട് സൂപ്പർസോണിക്ക് വിമാനങ്ങളും നാലു കപ്പലുകളും രണ്ട് ഇന്ത്യൻ യുദ്ധക്കപ്പലുകളും ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും കപ്പലോ അവശിഷ്ടങ്ങളോ കണ്ടെത്താനായില്ല.  ജീവനക്കാരുടെ ബന്ധുക്കൾക്ക്  വിശദീകരണങ്ങൾ നൽകാനാവാതെ ഷിപ്പിങ്‌ കോർപ്പറേഷൻ വലഞ്ഞു. കോർപ്പറേഷൻ ആസ്ഥാനത്തേക്ക് ബന്ധുക്കൾ കടന്നുകയറി. എം.ഡി.യെ കൈയേറ്റം ചെയ്യാൻവരെ ശ്രമമുണ്ടായി. 

kairali ship


അന്വേഷണങ്ങൾ 

സമ്മർദങ്ങൾക്കൊടുവിൽ അന്വേഷണത്തിന്  കൊച്ചിയിലെ മർക്കന്റയിൽ മറൈൻ ഡിപ്പാർട്ടുമെന്റിലെ സർവേയർ ഇൻ ചാർജ് കെ.ആർ. ലക്ഷ്മണ അയ്യയെയും ജീവനക്കാരന്റെ ബന്ധുവായ പ്രൊഫ. ബാബു ജോസഫിനെയും നിയോഗിച്ചു. രണ്ടു നിഗമനങ്ങളിലാണ് ഇവരെത്തിയത്: ഒന്ന്, പ്രതികൂലകാലാവസ്ഥയിൽ 100 അടി ഉയരത്തിൽ തിരമാലകളടിച്ചപ്പോൾ ചരക്കുകൾക്ക് സ്ഥാനചലനം സംഭവിച്ച് കപ്പൽ തകർന്നു മുങ്ങി; രണ്ട്, കടൽക്കൊള്ളക്കാർ തട്ടിയെടുത്ത് ജീവനക്കാരെ ജനവാസമില്ലാത്ത ദ്വീപിൽത്തള്ളി കപ്പൽ സുരക്ഷിതമായിടത്തേക്ക് കൊണ്ടുപോയി.   
സന്ദേശങ്ങൾ കിട്ടാതായപ്പോൾത്തന്നെ കപ്പലിനെക്കുറിച്ച് അന്വേഷിക്കാതിരുന്നതിന് കോർപ്പറേഷനെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ജൂലായ് 4, 5, 6 തീയതികളിൽ കോർപ്പറേഷൻ ആസ്ഥാനത്തുനിന്ന് കപ്പലിലേക്ക് സന്ദേശങ്ങൾ പോയിട്ടുണ്ടെങ്കിലും സ്വീകരിച്ചുകാണുന്നില്ല. 

ജിബൂത്തിയിലെത്തിയില്ലെന്ന് ജൂലായ് 11-ന് ഷിപ്പിങ്‌ ഏജന്റ് അറയിക്കുകയും ചെയ്തു. എന്നിട്ടും ദിവസങ്ങൾ കഴിഞ്ഞാണ് അന്വേഷണം തുടങ്ങിയത്. കപ്പലിലെ റഡാർ കേടാണെന്നും യാത്ര മാറ്റിവെയ്ക്കണമെന്നും ക്യാപ്‌റ്റൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോർപ്പറേഷൻ ലെയ്‌സൺ ഓഫീസർ കെ. സദാശിവന്റെ നിർബന്ധത്തിനുവഴങ്ങി ജൂൺ 30-നുതന്നെ യാത്രപുറപ്പെടുകയായിരുന്നു -റിപ്പോർട്ടിൽ പറയുന്നു.
എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കെ.എൻ. നാരായണമേനോനും സംഭവത്തെക്കുറിച്ച് അന്വഷിച്ചു. പ്രതികൂലകാലാവസ്ഥയിൽ പ്രക്ഷുബ്ധമായ കടലിൽ കപ്പൽ മുങ്ങിപ്പോയിരിക്കാമെന്നാണ് കമ്മിഷനും കണ്ടെത്തിയത്. ഉടൻ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ കപ്പലിന്റെ അവശിഷ്ടം കണ്ടെത്താനും ജീവനോടെ ആരെങ്കിലും ഉണ്ടെങ്കിൽ രക്ഷപ്പെടുത്താനും കഴിയുമായിരുന്നു -കമ്മിഷൻ നിരീക്ഷിച്ചു.

ഇതിനിടെ, കുവൈത്ത് ആസ്ഥാനമായുള്ള ‘പാൻ അറബ് ഷിപ്പിങ്‌ ആൻഡ്‌ ട്രാൻസ്പോർട്ടിങ്‌ കോർപ്പറേഷ’ന്റെ മാനേജിങ്‌ ഡയറക്ടർ ജോർജ് ഡാനിയലിൽനിന്ന് കോർപ്പറേഷന് ഒരു സന്ദേശം ലഭിച്ചിരുന്നു. കപ്പൽ മുങ്ങിയിട്ടില്ലെന്നും കണ്ടുപിടിച്ചുതന്നാൽ മാത്രം പ്രതിഫലം  മതിയെന്ന സമ്മതപ്രകാരം അന്വേഷണം നടത്താമെന്നായിരുന്നു അത്.  ലക്ഷ്മണ അയ്യർ-ബാബു ജോസഫ് കമ്മിറ്റി ജോർജ് ഡാനിയലുമായി ചർച്ചനടത്തിയിരുന്നു. പിന്നീട് പാൻ അറബ് കമ്പനി വ്യവസ്ഥകളിൽനിന്ന് പിന്മാറിയെന്നുപറഞ്ഞ്  സർക്കാർ വാഗ്ദാനം നിരസിച്ചു. പഴയ കപ്പലുകൾ പൊളിക്കുന്ന കമ്പനിയാണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.   
എന്തായാലും 6.40 കോടി രൂപ കോർപ്പറേഷന് ഇൻഷുറൻസ് കമ്പനിയിൽനിന്ന് നഷ്ടപരിഹാരമായി ലഭിച്ചു. ജീവനക്കാരുടെ ബന്ധുക്കൾക്ക് പൊതുവായി 37,730 രൂപവീതം നൽകി. കോടതിവിധികൾ വഴിയും പലരും കൂടുതൽ നഷ്ടപരിഹാരം നേടി.

ആക്ഷേപങ്ങൾ 

കേരളം സ്വന്തമാക്കിയതുമുതൽ ആക്ഷേപങ്ങളും കാണാതായപ്പോൾ അഭ്യൂഹങ്ങളും കപ്പലിനു പിന്നിൽ വകഞ്ഞുമാറുന്ന വെള്ളച്ചാൽപോലെ കൈരളിയെ പിന്തുടർന്നു. കപ്പൽ വാങ്ങുന്നതിൽ ഭരണ-രാഷ്ട്രീയ താത്പര്യമുണ്ടായിരുന്നു. സ്വാഭാവികമായും ആക്ഷേപങ്ങളും അഭ്യൂഹങ്ങളും ഉയർന്നു: നോർവീജിയൻ കമ്പനിയിൽനിന്ന് ഒരു സെക്കൻഡ്‌ഹാൻഡ്‌ കപ്പൽ വാങ്ങാൻ കമ്മിഷനുകൾ കൈമറിഞ്ഞിട്ടുണ്ടാവാമെന്നുമായിരുന്നു ആക്ഷേപങ്ങളിൽ പ്രധാനം.  കപ്പൽ വാങ്ങുന്നതിന് സാധ്യതാപഠനം നടത്തിയില്ല. ഷിപ്പിങ്‌ കോർപ്പറേഷനിൽ കടൽയാത്രാരംഗത്തെക്കുറിച്ച് അറിവുള്ളവരെ നിയമിച്ചില്ല- അങ്ങനെയും അഭിപ്രായങ്ങൾ വന്നു.

    നിർമാതാക്കളുടെ നിർദേശത്തിനു വിരുദ്ധമായി കൈരളിയിലെ രണ്ടും അഞ്ചും ഹാച്ചുകളിൽ ചരക്കുകൾ കയറ്റിയിരുന്നു.  ശാസ്ത്രീയമായല്ല ചരക്ക് കയറ്റിയതെന്നതിനാൽ കപ്പലിന്റെ അടിത്തട്ടിൽ നൂൽവണ്ണത്തിൽ 
വിള്ളൽവീണിരിക്കാം. 19,000 ടൺ വാഹകശേഷിയുള്ള കപ്പലിൽ കയറ്റിയത് 20,538 ടൺ ഇരുമ്പയിരായിരുന്നു.  കൈരളിയിലെ ഹൈ ഫ്രീക്വൻസി, ലോ ഫ്രീക്വൻസി, ബാറ്ററി സെറ്റ്, കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ക്രാങ്കിങ്‌ സെറ്റ്  എന്നിങ്ങനെയുള്ള വയർലെസ് സന്ദേശസംവിധാനങ്ങൾ ഒരേസമയം പ്രവർത്തനരഹിതമായി എന്നതിന് വിശദീകരണമില്ല. കപ്പൽ മുങ്ങി വെള്ളം തട്ടിയാൽ പ്രവർത്തിക്കുന്ന ഇപേർബ് (EPIRB-Emergency Position Indicating Radio Beacon) കൈരളിയടക്കമുള്ള അക്കാലത്തെ കപ്പലുകളിലുണ്ടായിരുന്നില്ല.       
എല്ലാത്തിനുമൊടുവിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുണ്ടായില്ല -കപ്പൽ തകർന്നിട്ടുണ്ടെങ്കിൽ അവശിഷ്ടങ്ങളെവിടെ? വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ലൈഫ്ജാക്കറ്റുകളും ലൈഫ്‌ബോട്ടുകളുമെവിടെ? എണ്ണപ്പാടകളെവിടെ?

ആഴങ്ങളിൽപ്പോയി, അതാണ് സാധ്യത

കപ്പൽ മുങ്ങിയതാവാനാണ് ഏറ്റവും സാധ്യതയെന്ന് കൈരളിയിൽ വിവിധകാലങ്ങളിൽ എൻജിനീയർമാരായിരുന്നവർ പറയുന്നു. വലിയ തിരമാലകളെ മറികടക്കാനായില്ലെങ്കിൽ ഏതുകപ്പലും പിളർന്നു മുങ്ങും. ജൂലായ് ആദ്യആഴ്ചയിൽ അറബിക്കടലിൽ 75-80 അടി ഉയരത്തിൽ തിരമാലകളുയരുന്നതിന്റെ ചിത്രം ഒരു അമേരിക്കൻ ഉപഗ്രഹം പകർത്തിയിട്ടുണ്ട്. തിരമാലകളിൽനിന്ന് രക്ഷപ്പെടാൻ 25 ഡിഗ്രിയിൽ കൂടുതൽ കപ്പൽ വെട്ടിച്ചെടുക്കാനുമാവില്ല. അങ്ങനെചെയ്താൽ ജനറേറ്റർ സിസ്റ്റം തകരാറിലാവും. കപ്പൽ നടുപിളർന്ന് അതിവേഗം മുങ്ങും.

താൻകണ്ട മികച്ച കപ്പലുകളിലൊന്നായിരുന്നു കൈരളിയെന്ന് അതിൽ ഏഴുമാസം ചീഫ് എൻജിനീയറായിരുന്ന തൃശ്ശൂർ സ്വദേശി പി.വി. നാരായണൻ പറയുന്നു. നാലുതവണ കൈരളിയിൽ യാത്രചെയ്ത നാരായണൻ 1978-ൽ മദ്രാസിൽവെച്ച് ചുമതല അബി മത്തായിക്ക് കൈമാറുകയായിരുന്നു.

അന്വേഷണം വൈകിയതിനാലാവും അവശിഷ്ടങ്ങൾ ലഭിക്കാഞ്ഞതെന്ന് കൈരളിയിൽ നാലാം എൻജിനീയറായിരുന്ന തൃശ്ശൂർ പുതുക്കാട് സ്വദേശി തോമസ് മംഗലൻ കരുതുന്നു. 1977 മുതൽ തുടർച്ചയായി 22 മാസം കൈരളിയിൽ ജോലിചെയ്തിട്ടുണ്ട്, തോമസ്. യന്ത്രത്തേക്കാൾ വിലയേറിയതാണ് മനുഷ്യജീവൻ. കപ്പലിന്റെ അവശിഷ്ടങ്ങൾ തേടിപ്പോയതുകൊണ്ട് ഗുണമൊന്നുമില്ല -അദ്ദേഹം പറയുന്നു.
  
രേഖകളില്ല
കൈരളി കാണാതായതിനെക്കുറിച്ച്  അന്വേഷണരേഖകളും റിപ്പോർട്ടുകളും ഇപ്പോൾ ലഭ്യമല്ലെന്നാണ് ഔദ്യോഗികഭാഷ്യം. 1974- ലെ കേരള ഷിപ്പിങ്‌ കോർപ്പറേഷനും 1975-ലെ കേരള ഇൻലാൻഡ്‌  നാവിഗേഷൻ കോർപ്പറേഷനും ലയിച്ച് 1989-ൽ രൂപവത്കൃതമായ കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപ്പറേഷനാണ് ഈ വിവരമറിയിക്കുന്നത്. ഹ്യൂമൻ റൈറ്റ്‌സ് ഡിഫൻസ് ഫോറം ജനറൽ സെക്രട്ടറി ഡി.ബി. ബിനു 2012-ൽ വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച ഹർജിയിലാണ് കോർപ്പറേഷന്റെ മറുപടി. രേഖകൾ ഉടൻ ലഭ്യമാക്കാൻ 2014-ൽ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. വർഷങ്ങൾക്കുമുമ്പ് പഴയ കോർപ്പറേഷനായിരുന്ന കാലത്തെ സംഭവത്തിന്റെ ഫയലുകളൊന്നും ലഭ്യമല്ലെന്ന് കോർപ്പറേഷൻ പബ്‌ളിക്‌  ഇൻഫർമേഷൻ ഓഫീസർ വി.കെ. രാജു വീണ്ടും വ്യക്തമാക്കുന്നു. 

പാൻ അറബ് കമ്പനിയുടെ എം.ഡി. ജോർജ് ഡാനിയലിനെ കണ്ടെത്തിയാൽ എന്തെങ്കിലും ‘പുതിയത്’ കിട്ടിയേക്കാമെന്ന് പ്രൊഫ. ബാബു ജോസഫ്.  കോഫെപോസെ നിയമപ്രകാരം കുറച്ചുനാൾ പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്ന ഇയാൾ ഇപ്പോൾ എവിടെയാണെന്നറിയില്ല. നടൻ നിവിൻപോളി കൈരളി സംഭവം സിനിമയാക്കാൻ താത്പര്യപ്പെട്ടു എന്നതാണ് നാം ആ കപ്പലിനെക്കുറിച്ചുവായിച്ച അവസാനവാർത്ത. അതായത് കൈരളി സംഭവം ഒരു സിനിമാക്കഥയായി ഒടുങ്ങുകയാണ്!   

കൈരളി ഇന്നും അജ്ഞേയമായ ഒരു കടൽ താണ്ടിക്കൊണ്ടേയിരിക്കുന്നു, ഈ അമ്പതാം പിറന്നാൾ വർഷത്തിലും.  
psshahin@gmail.com