കെ.എം.മാണി എന്ന രാഷ്ട്രീയനേതാവിനെയും ഭരണകർത്താവിനെയും എല്ലാവർക്കുമറിയാം. റെക്കോഡുകളുടെ പെരുമയുമായി നാടിന്റെ സ്വന്തമായിരിക്കുമ്പോൾത്തന്നെ കുടുംബത്തിനുവേണ്ടിയും സമയം നൽകിയ സ്‌നേഹധനനെ ഓർക്കുകയാണ്  പ്രമുഖ വൃക്കരോഗചികിത്സാവിദഗ്ധനായ  അദ്ദേഹത്തിന്റെ മരുമകൻ

2019 ഏപ്രിൽ ഒമ്പത് ചൊവ്വാഴ്ച വൈകുന്നേരം.സമയം 4.57. സ്ഥലം:  കൊച്ചി ലേക് ഷോർ  ആശുപത്രി.ഞങ്ങളുടെ അച്ചാച്ചൻ, നാടിന്റെയാകെ കെ.എം. മാണിസാർ ഈ ലോകം വിട്ടുപോയിരിക്കുന്നു. അന്തരീക്ഷം പെട്ടെന്ന്് ഇരുണ്ടു. കാറ്റ് ശക്തിയായി വീശി. ഇടിമിന്നൽ, മഴ. പ്രകൃതിപോലും ആ ദുഃഖത്തിൽ പങ്കുചേരുകയായിരുന്നു. ആശുപത്രിക്കു പുറത്ത് സങ്കടം സഹിക്കവയ്യാതെ വിതുമ്പുന്ന അനേകമനേകം ആളുകൾ...

അവസാനയാത്രയിൽ അദ്ദേഹത്തെ ഒരു നോക്കുകാണാനെത്തിയ ആളുകളുടെ സ്‌നേഹം കണ്ടപ്പോൾ മനസ്സു പറഞ്ഞു, ഞങ്ങൾക്കുമാത്രമായല്ല ഈ നഷ്ടം. ഞങ്ങളറിഞ്ഞത് എത്ര കുറവ്. അടുത്തുനിന്ന് മനസ്സിലാക്കിയതിനെക്കാൾ എത്രയെത്രയോ വലിയൊരാളാണ് അച്ചാച്ചനെന്ന് അന്ത്യയാത്രയിൽ ഒരു നോക്കുകാണാനെത്തിയ ജനലക്ഷങ്ങൾ സാക്ഷ്യം പറയുന്നു.
കൊച്ചിയിൽനിന്ന് പാലായിലേക്കുള്ള വഴികളിലെല്ലാം ജനലക്ഷങ്ങളായിരുന്നു. അവർക്ക് വേറൊന്നും വേണ്ട.  ഒരു നോക്കുകണ്ടാൽ മതി. പാലായിലെ വീട്ടിൽനിന്ന് പള്ളിയിലേക്കുള്ള വഴികളിലും അവർ കാത്തുനിന്നു. ‘‘എണീക്ക് മാണി സാറേ എണീക്ക്’’എന്നു പറഞ്ഞുകൊണ്ട് ശവമഞ്ചത്തിൽ തട്ടിവിളിക്കുന്ന സാധാരണക്കാർ. അവരുടെ വിളി കേട്ടപ്പോഴെല്ലാം  അദ്ദേഹം കൂടെ എത്താറുണ്ടായിരുന്നല്ലോ. എത്രയോ പേർക്ക് അദ്ദേഹത്തെ അവസാനമായൊന്നു കാണാനായില്ല.

ജനനേതാക്കൾ മുതൽ സാധാരണക്കാർവരെ അദ്ദേഹത്തെ ഒരു നോക്കുകാണാനെത്തി.പാലായിലെ വീട്ടിനുമുന്നിലെ റോഡിൽ നോക്കെത്താദൂരത്തോളം പരന്നുനിറഞ്ഞു അവരുടെ സ്‌നേഹം. അച്ചാച്ചന്റെ അന്ത്യയാത്രയിൽ വികാരാധീനനായ എം.പി.വീരേന്ദ്രകുമാർ സാറിന്റെ തേങ്ങൽ കാതിൽ ഇപ്പോഴുമുണ്ട്. ‘‘ഞാൻ എന്നായെങ്കിലും ചെയ്യേണ്ടതുണ്ടോ’’ എന്നു ചോദിച്ചിരുന്ന മാണിസാറിനെക്കുറിച്ചുള്ള നടൻ മമ്മൂട്ടിയുടെ വാക്കുകളും മറക്കാനാവില്ല. എത്രയെത്ര ആളുകളാണ് അന്ന് ഒഴുകിയെത്തിയത്. ‘‘സ്വർഗത്തിലിരിക്കുന്ന മാണിസാർ കൂടുതൽ ശക്തനാണെ’’ന്ന ബിഷപ്പിന്റെ വാക്കുകൾ എത്ര സത്യം! 

എത്രവലിയൊരാളാണ് ഇല്ലാതായിപ്പോയതെന്ന് ഓർക്കുമ്പോൾ ഉള്ളിൽ വേദന കനത്തു.  ആ വേർപാട് അസഹനീയം. അദ്ദേഹവുമൊത്തുള്ള നൂറുകണക്കിന് മുഹൂർത്തങ്ങൾ മനസ്സിലേക്കോടിയെത്തുന്നു. കൊച്ചിയിലെ ഹോസ്പിറ്റലിൽ അദ്ദേഹത്തിന്റെ തൊട്ടടുത്ത് അവസാനനാളുകളിൽ ഒപ്പം ഞാനുണ്ടായിരുന്നു, ചെറിയൊരു അസ്വസ്ഥതയുണ്ടായാലും അരികിലെത്താൻ പാകത്തിൽ. ഇപ്പോൾ, പഴയൊരു ആശുപത്രിവാസം ഓർമകളിലേക്കെത്തുന്നു.  

sunil george

മാണി വരുമ്പോള്‍ ഉപയോഗിച്ചിരുന്ന മുറിയുടെ പശ്ചാത്തലത്തില്‍ ലേഖകന്‍. ഫോട്ടോ: പി. കൃഷ്ണപ്രദീപ്

2007-ലാണ് അത്. രണ്ടാഴ്ച അച്ചാച്ചനെ  പരിചരിച്ച് ന്യൂയോർക്കിലെ മിനിയോള ഹോസ്പിറ്റലിൽ ഒപ്പം കഴിഞ്ഞ  ദിനങ്ങൾ ഒരിക്കലും മറക്കാനാവില്ല. ജൂൺ ഒന്നിന്  അമേരിക്കയിലായിരുന്നപ്പോൾ അച്ചാച്ചന് പെട്ടെന്ന് ഒരു വയറുവേദന വന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവൻ നഷ്ടപ്പെട്ടേക്കും എന്നാണ് അവിടത്തെ ഡോക്ടർമാർ പറഞ്ഞത്. നാട്ടിലായിരുന്ന ഞാൻ ഡോക്ടർമാരുമായി ഫോണിൽ സംസാരിച്ചു.  ശസ്ത്രക്രിയ ഞങ്ങൾ എത്തിയ ശേഷം മതിയോ എന്ന് ആരാഞ്ഞു. അത്രയും വൈകിക്കാൻ പറ്റില്ലെന്നായിരുന്നു അവരുടെ നിലപാട്. ശസ്ത്രക്രിയ കഴിയുമ്പോഴേക്കും ഞങ്ങൾ,  ഞാനും ജോമോനും അമ്മച്ചിയും (ജോസ് കെ. മാണിയും കുട്ടിയമ്മയും) ന്യൂയോർക്കിലെത്തി.

ജോമോനും അമ്മച്ചിയും കൂടെയുണ്ടെങ്കിലും അവർക്ക് എപ്പോഴും അച്ചാച്ചനൊപ്പം നിൽക്കാനാവില്ല. സന്ദർശനസമയത്ത് കണ്ട് തിരിച്ചു പോകാമെന്നു മാത്രം.  ഞാൻ ഡോക്ടറായതിനാൽ എപ്പോഴും അദ്ദേഹത്തെ പരിചരിച്ച് കൂടെ നിൽക്കാനായി. ആശങ്കയുടെ നാളുകളായിരുന്നു അത്. എങ്കിലും ദൈവാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു.

കോഴിക്കോട്ടാണല്ലോ അദ്ദേഹം ആദ്യമായി അഭിഭാഷകനായി പ്രവർത്തിച്ചത്. അക്കാലം മുതലുള്ള ഒട്ടേറെ നല്ല ബന്ധങ്ങൾ ഇവിടെയുണ്ട്. കുട്ടിയായിരുന്നപ്പോൾ തന്നെ ആ മഹാമനുഷ്യന്റെ ആരാധകനായിരുന്നു ഞാൻ. അദ്ദേഹവുമായി അടുക്കാനും ആ കുടുംബത്തിന്റെ ഭാഗമാകാനും കഴിഞ്ഞത് മഹാഭാഗ്യം. പാൽച്ചായയുടെ രുചിയുള്ളൊരോർമയാണ് അദ്ദേഹവുമായി ബന്ധപ്പെട്ട് ആദ്യം മനസ്സിലെത്തുന്നത്.  1975-ലാണ് സംഭവം.  അന്നെനിക്ക് പത്ത് വയസ്സ്.രാവിലെ നാലുമണിക്ക്  മലബാർ എക്സ്‌പ്രസിൽ കോഴിക്കോട്ടെത്തിയ  മാണിസാ​റിനെ സ്വീകരിക്കാനായി ചെന്നവരുടെ കൂട്ടത്തിൽ കുട്ടിയായ ഞാനും കൂടി. അന്ന് അദ്ദേഹം ധനമന്ത്രിയാണ്. സ്വീകരണം കഴിഞ്ഞ് ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ എന്നെ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. മുതിർന്ന ആളുകളുടെ ഇടയിൽ ഒരു കുട്ടിയെ കണ്ടതിന്റെ കൗതുകം കൊണ്ടാവാം, ‘‘മോനേ, ഇങ്ങോട്ട് വാ’’ എന്ന് വിളിച്ചു. ഞാൻ അടുത്തേക്കു ചെന്നു. 

എന്റെ പിതാവ് എ.എസ്. പാപ്പച്ചൻ (ഇലവനാൽ പാപ്പച്ചൻ) അന്ന് കേരള കോൺഗ്രസ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാണ്. പാപ്പച്ചന്റെ മകനാണ് എന്നറിഞ്ഞപ്പോൾ  വാത്സല്യം ഒന്നു കൂടി വർധിച്ചു. ‘‘കുട്ടിക്ക് വിശക്കുന്നുണ്ടാവും, എന്താണ് കഴിക്കാൻ ഉള്ളത്’’ എന്ന് ഗസ്റ്റ്ഹൗസിലുള്ളവരോട് അന്വേഷിച്ചു. ‘‘പാലില്ല കട്ടൻചായയേ ഉള്ളൂ’’ എന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാർ പറഞ്ഞു.അത് അദ്ദേഹത്തിന് സമ്മതമായില്ല. ‘‘മോന് കട്ടൻചായ പറ്റില്ല, നിങ്ങൾ എവിടെനിന്നെങ്കിലും പാൽ കൊണ്ടു വരൂ’’ എന്നായി അദ്ദേഹം. അങ്ങനെയായിരുന്നു അച്ചാച്ചൻ. മറ്റുള്ളവരുടെ സുഖസൗകര്യങ്ങളിൽ സദാ ശ്രദ്ധാലു. 

നാട്ടുകാരുടെ നൂറുകൂട്ടം പ്രശ്‌നങ്ങളുമായി പാഞ്ഞുനടക്കുന്ന രാഷ്ട്രീയക്കാർക്ക് കുടുംബത്തിനുവേണ്ടി നീക്കി വെക്കാൻ സമയം കാണില്ല. എന്നാൽ അങ്ങനെയായിരുന്നില്ല അദ്ദേഹം. പരിചയപ്പെടുന്ന ഓരോരുത്തരെയും സ്വന്തക്കാരാക്കാനുള്ള മാന്ത്രികവിദ്യ വശമായിരുന്നു അദ്ദേഹത്തിന്. 

ജനസേവനത്തിന്റെ പാതയിൽ എത്രയെത്ര റെക്കോഡുകളാണ് മാണിസാറിന് സ്വന്തമായുള്ളത്! ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഒരു മണ്ഡലത്തെ 54 വർഷം തുടർച്ചയായി പ്രതിനിധാനം ചെയ്ത ജനപ്രതിനിധി, കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ അംഗമായിരുന്ന വ്യക്തി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം  മന്ത്രിയായിരുന്നയാൾ, ക്ഷേമപെൻഷനുകൾ മുതൽ കാരുണ്യ വരെ സാധാരണക്കാർക്കും പാവങ്ങൾക്കുമായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയ ഭരണാധികാരി... ആശുപത്രിക്കിടക്കയിൽ വെച്ച് അദ്ദേഹം എഴുതിയ അവസാന കത്ത് മുഖ്യമന്ത്രിക്കായിരുന്നു. പാവപ്പെട്ടൊരാൾക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്. ജനങ്ങൾക്കെല്ലാം പ്രിയങ്കരനായിരിക്കെത്തന്നെ, കുടുംബാംഗങ്ങൾക്കുവേണ്ടിയും സമയവും ശ്രദ്ധയും അദ്ദേഹം നൽകി. ‘എന്നെയാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയം’ എന്ന് ഓരോരുത്തർക്കും തോന്നും വിധമായിരുന്നു ആ പരിഗണനയും സ്‌നേഹവും.

km mani
കെ.എം. മാണിയും ഭാര്യ കുട്ടിയമ്മയും ഡോ. സുനില്‍ ജോര്‍ജിനും കുടുംബത്തിനുമൊപ്പം 

ആതുരശുശ്രൂഷാ രംഗത്തേക്കുള്ള എന്റെ യാത്രയിൽ എല്ലാ ഘട്ടത്തിലും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. അമ്പത്തിയേഴാം വയസ്സിൽ വൃക്കരോഗം ബാധിച്ചാണ് എന്റെ പിതാവ് മരിച്ചത്. അതാണ് വൃക്കരോഗമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ പ്രേരിപ്പിച്ചത്. പഠനത്തിന്റെ എല്ലാ ഘട്ടത്തിലും സഹായവുമായി മാണിസാർ കൂടെയുണ്ടായിരുന്നു. കോഴിക്കോട്ടെത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ താമസം ഈ വീട്ടിലായിരുന്നു. ഓരോ വരവിനും വീട് ഉത്സവപ്പറമ്പ് പോലെയാകും. സുഹൃത്തുക്കൾ, പാർട്ടി പ്രവർത്തകർ, മാധ്യമസുഹൃത്തുക്കൾ അങ്ങനെയെല്ലാവരും ഈ മുറ്റത്തെത്തും. പല ആവശ്യങ്ങളുമായി അദ്ദേഹത്തെ കാണാനും ഏറെപ്പേരെത്തും. അങ്ങനെ വരുന്നവർക്ക്, പാർട്ടിപരിഗണനയൊന്നുമില്ലാതെ  ആവശ്യമായ എന്തു സഹായവും ചെയ്തു കൊടുക്കും. അതിൽ വീട്ടുകാരുടെ ശുപാർശയോടെ വരുന്നവർക്ക് പ്രത്യേകപരിഗണനയൊന്നുമില്ല. എല്ലാവരെയും ഒരുപോലെയാണ് കാണാറ്. ഇവിടെയെന്നല്ല, എവിടെയും അത് അങ്ങനെത്തന്നെയായിരുന്നു. 

ആരെയും പേരെടുത്തുവിളിച്ച് സ്‌നേഹം പങ്കിടുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഒരു പരാതിയും ആരോടുമില്ല;  എതിർക്കുന്നവരോടു പോലും. സദാ പ്രസന്നൻ. സന്തോഷവാൻ. എല്ലാവരിലും ആഹ്ലാദം നിറയ്ക്കുന്ന പ്രകൃതം. ഒരാളെക്കുറിച്ചും കുറ്റം പറയാറില്ല. ദേഷ്യപ്പെട്ട് കണ്ടിട്ടേയില്ല. ഭക്ഷണത്തെക്കുറിച്ചും ഒരു നിർബന്ധങ്ങളുമില്ല. അമ്പരപ്പിക്കുന്നതാണ്  ആ ലാളിത്യം. 

കണ്ണട, വാച്ച്, ഷേവിങ് സെറ്റ്, 20 ജുബ്ബ, 20 മുണ്ട് ഇതാണ് അദ്ദേഹം ബാക്കിവെച്ചുപോയ ഭൗതികവസ്തുക്കൾ. ഒന്നിനോടും ആസക്തിയില്ലാത്ത, സമ്മാനമായി കിട്ടുന്നവ പോലും മറ്റുള്ളവർക്കു നൽകുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.  
കുടുംബവുമൊത്തുള്ള ചെറുയാത്രകൾ ഏറെ ആസ്വദിച്ചിരുന്നു. വാഗമൺ, അതിരപ്പിള്ളി, കോവളം അങ്ങനെയൊക്കെ. ഭാര്യയെ സ്നേഹിക്കേണ്ടത് എങ്ങനെ എന്നതിന് പാഠപുസ്തകമായിരുന്നു അദ്ദേഹം. ലോകത്തെവിടെയിരുന്നാലും ആ സാന്നിധ്യം അനുഭവിപ്പിക്കാതിരിക്കില്ല. ഫോൺവിളിയിലൂടെ ഒഴുകിയെത്തും ആ സ്നേഹം. ഓണവും ക്രിസ്മസുമൊക്കെ വരുമ്പോൾ കൊച്ചുമക്കളുൾപ്പെടെ എല്ലാവരും ഒപ്പമുണ്ടാകണമെന്ന് വലിയ നിർബന്ധമായിരുന്നു. അവസാനദിവസങ്ങളിലും എല്ലാവരും കൂടെയുണ്ടായിരുന്നു. എല്ലാവരോടും യാത്രപറഞ്ഞ്, സമാധാനമായി ഉറക്കത്തിലേക്കെന്ന പോലെ ശാന്തനായാണ് അദ്ദേഹം ഈ ലോകത്തുനിന്ന് പോയത്. 

അത്തരമൊരു മഹാമനുഷ്യന്റെ മരുമകനാവാൻ കഴിഞ്ഞത് സുകൃതമായാണ് കാണുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്റേൺഷിപ്പ് ചെയ്യുമ്പോഴാണ് ടെസ്സിയുമായുള്ള വിവാഹം ഉറപ്പിക്കുന്നത്. ടെസ്സി അന്ന് എൻജിനീയറിങ് കഴിഞ്ഞിട്ടേയുള്ളൂ. അദ്ദേഹവുമായുള്ള ആത്മബന്ധം കൂടുതൽ സുദൃഢവും വൈകാരികവുമായി. കോഴിക്കോട്ടെ എന്റെ വീട്ടിൽ അദ്ദേഹത്തിനായി ഒരു മുറിയുണ്ട്. ഞങ്ങളുടെ മകൾ ശ്രുതിയുടെ വിവാഹചിത്രം ആ മുറിയുടെ ചുമരിലുണ്ട്. അച്ചാച്ചൻ ആവശ്യപ്പെട്ടതനുസരിച്ചാണ് അത് അവിടെ വെച്ചത്. (ശ്രുതി ദുബായിൽ ഡോക്ടറാണ്. മരുമകൻ ചാൾസ് അവിടെ ചാർട്ടേഡ് അക്കൗണ്ടന്റും). ആ മുറിയിലുറങ്ങാൻ ഇനി അദ്ദേഹം വരില്ലല്ലോ. വേദനിപ്പിക്കുന്ന സത്യം. 

മരുമകനായല്ല, മകനെപ്പോലെ തന്നെയാണ് അദ്ദേഹം എന്നെ കണ്ടിരുന്നത്. ദിവസവും രാവിലെ വിളിവരും. സുനിലേ എന്ന് സ്നേഹപൂർവം സംബോധന ചെയ്തുകൊണ്ടാണ് സംഭാഷണം തുടങ്ങുക. എന്ത് ആരോഗ്യപ്രശ്‌നങ്ങളുണ്ടായാലും എന്നോടു ചോദിച്ചേ മരുന്നുകൾ സ്വീകരിക്കാറുള്ളൂ. ഈ ബന്ധം വഴി മലബാറിനോട് അദ്ദേഹത്തിന് ഒരു പ്രത്യേകപരിഗണന ഉണ്ടായിരുന്നുവെന്നാണ് തോന്നിയിട്ടുള്ളത്. 

പത്തു വർഷം മുമ്പ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ പാലസിൽ പ്രൗഢഗംഭീരമായ സദസ്സിനു മുമ്പിൽ അധ്വാനവർഗ സിദ്ധാന്തം വിശദീകരിച്ചുകൊണ്ട് മാണിസാർ നടത്തിയ പ്രസംഗം സദസ്സിലിരുന്ന് കേൾക്കാനുള്ള ഭാഗ്യമുണ്ടായി. ഞങ്ങൾ കുടുംബാംഗങ്ങളെല്ലാം അന്നവിടെ ഉണ്ടായിരുന്നു. അധ്വാനിക്കുന്നവർക്ക് വേണ്ടി കേരളീയനായ ഒരു നേതാവിന്റെ വാക്കുകൾ അവിടെ മുഴങ്ങുന്നതും അത് സശ്രദ്ധം സ്വീകരിക്കപ്പെടുന്നതും ഹർഷാശ്രുക്കളോടെയാണ് ഞങ്ങൾ കണ്ടത്.അന്ന് അദ്ദേഹത്തിന്റെ പുസ്തകം ഓക്സ്‌ഫഡ്‌ ലൈബ്രറിയിൽ സമർപ്പിക്കുകയുമുണ്ടായി. ഡോക്ടർ എന്ന നിലയിലെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള കെ.എം.സി.സി. അവാർഡ് ദുബായിൽ വെച്ച് അദ്ദേഹത്തിന്റെ കൈകൊണ്ട് ഏറ്റുവാങ്ങാനുള്ള ഭാഗ്യവും എനിക്കുണ്ടായി.
കോഴിക്കോട്ടെ വീട്ടിലേക്കുള്ള അദ്ദേഹത്തിന്റെ ഓരോ സന്ദർശനവും  ഉത്സവങ്ങൾ പോലെയായിരുന്നു. ഇനിയതുണ്ടാവില്ല. വിടപറഞ്ഞുപോയശേഷമുള്ള ഓരോ പ്രഭാതവും കണ്ണിൽ നനവുപടർത്തുന്നു. ‘‘സുനിലേ, മോനേ, എന്തൊക്കെയുണ്ട് വിശേഷം, സുഖമാണോ, ടെസ്സി എന്തിയേ’’ എന്ന സ്‌നേഹാന്വേഷണങ്ങളോടെയാണ് എത്രയോ വർഷങ്ങളായി 
എന്റെ പ്രഭാതങ്ങൾ തുടങ്ങാറ്. ആ സ്‌നേഹസ്പർശം ഇനിയുണ്ടാവില്ല. പക്ഷേ, എന്നുമുണ്ടാവും മനസ്സിൽ ആ വലിയ മനുഷ്യന്റെ ഓർമകൾ. അതിനു മരണമില്ല.

Content Highlights:  Dr. Sunil George Writes About KM Mani