രാജ്യത്തെ, പ്രത്യേകിച്ച്  കേരളത്തെ എത്രയോ മുമ്പേതന്നെ വാഹനവ്യവസായത്തിന്റെ കേന്ദ്രമായി മാറ്റിമറിച്ചേക്കാമായിരുന്ന വലിയൊരു വിപ്ലവം നടത്തിയ വ്യക്തിയുടെ 100-ാം ജന്മദിനമാണ് മാർച്ച് 27-ന്. എൻ.എച്ച്. രാജ്കുമാർ  എന്ന ക്രാന്തദർശിയായ ആ സർക്കാരുദ്യോഗസ്ഥനെയും അദ്ദേഹത്തിന് വലംകൈയായി നിന്ന് വിപ്ലവത്തിന്റെ നിർമാണം സാക്ഷാത്കരിക്കാൻ നിമിത്തമായ പി.എസ്. തങ്കപ്പൻ എന്ന എൻജിനിയറെയും കേരളം ഇനിയും അറിയേണ്ടതുണ്ട്. ആത്മനിർഭർ ഭാരത് എന്ന വാക്ക് കേൾക്കുന്നതിനും പതിറ്റാണ്ടുകൾക്കുമുമ്പ് സ്വന്തമായി സ്കൂട്ടർ നിർമിച്ച്‌ വ്യവസായം ആരംഭിച്ച ഈ മനുഷ്യരുടെ കഥ വ്യവസായ വിജയത്തിന്റെ മാത്രമല്ല, കേരളത്തിന്റെ ദുഷിച്ച വ്യവസായാന്തരീക്ഷത്തിന്റെ അനുഭവപത്രം കൂടിയാണ്. അന്ന് അച്ഛൻ നിർമിച്ച സ്‌കൂട്ടർ ഇപ്പോഴും മക്കൾ സൂക്ഷിക്കുന്നു -കേരളത്തിനുള്ള ഓർമപ്പെടുത്തലായി...

കാളവണ്ടികൾമാത്രം നിരത്തുകളിലുണ്ടായിരുന്ന, സൈക്കിൾ ആഡംബരമെന്ന് കരുതിയിരുന്ന ഒരു കാലത്ത് നടന്ന ഈ സംഭവം കേരളത്തിന്റെ വാഹന വ്യവസായത്തിൽ സുവർണലിപികളിൽ എഴുതപ്പെടേണ്ടതാണ്. ‘അറ്റ്‌ലാന്റ’ എന്ന പേരിൽ  ഇന്ത്യയിൽ പൂർണമായും നിർമിച്ച സ്‌കൂട്ടറാണ് ഈ കഥയിലെ നായിക. എൻജിൻ കാസ്റ്റിങ്മുതൽ ബോഡിവരെയുള്ള സകലകാര്യങ്ങളും പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച് അച്ഛൻ നിർമിച്ച ഈ ഇരുചക്രവാഹനം ഇപ്പോഴും മക്കൾ കാത്തുസൂക്ഷിക്കുന്നു.

‘പായുന്ന സുന്ദരി’ എന്നാണ് അറ്റ്‌ലാന്റ എന്ന ഗ്രീക്ക് പേരിന്റെ അർഥം.  അന്ന് നിരത്തുകളെ കീഴടക്കി അറ്റ്‌ലാന്റ ചീറിപ്പായുമ്പോൾ അവളെ ഒരിക്കലെങ്കിലും സ്വന്തമാക്കാനാഗ്രഹിച്ചവർ ഏറെയുണ്ടായിരുന്നു ഈ രാജ്യത്ത്. അത്രയ്ക്ക് സുന്ദരിയായിരുന്നു അറ്റ്‌ലാന്റ. അന്നും ഇന്നും. അതിന്റെ നിർമാണം നടന്നത് തിരുവനന്തപുരത്തായിരുന്നു. കേരളത്തിനു പുറത്ത് അന്നത്തെ പ്രധാന നഗരങ്ങളായ മദ്രാസിലും ബെംഗളൂരുവിലും കൊൽക്കത്തിയിലുമൊക്കെ സ്‌കൂട്ടറിന് ഷോറുമുകളുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും?

തിരുവനന്തപുരം നഗരത്തോടുചേർന്ന് കൈമനം എന്ന സ്ഥലത്തെ കൊച്ചുവർക്ക്ഷോപ്പിൽ ഒരുപിടി മനുഷ്യരുടെ രാവും പകലും നീണ്ട കഠിനാധ്വാനത്തിലും അവരുടെ ചോരയിലും നീരിലും ഉയിർകൊണ്ടവളാണ് അറ്റ്‌ലാന്റ എന്ന സ്‌കൂട്ടർ. അതേസമയം, കേരളത്തിൽ ഒരു വ്യവസായം എങ്ങനെയാണ് ഇല്ലാതാകുന്നതെന്നതിന്റെ മികച്ച ഉദാഹരണംകൂടിയാണ് അറ്റ്‌ലാന്റയുടെ കഥ.

atlanta
അറ്റ്ലാന്റ സ്കൂട്ടര്‍ | ഫോട്ടോ: പ്രവീണ്‍ ദാസ് എം.

അറ്റ്‌ലാന്റ യാഥാർഥ്യമാകുന്നു
ഐക്യകേരള രൂപവത്‌കരണത്തിനുശേഷം കേരളത്തിൽ ആദ്യമായി ഒരു സർക്കാർ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന സമയം. ജപ്പാനിലെ വ്യവസായ മാതൃകകൾ പഠിക്കാനും അത് കേരളത്തിൽ പരീക്ഷിക്കാനും ഉദ്ദേശിച്ച് എൻ.എച്ച്. രാജ്കുമാർ എന്ന ഉദ്യോഗസ്ഥനെ സർക്കാർ ജപ്പാനിലേക്ക് അയച്ചു. ഒരുവർഷം നീണ്ട പഠനത്തിനും നിരീക്ഷണത്തിനുംശേഷം തിരിച്ചെത്തിയ രാജ്കുമാറിന്റെ മനസ്സിലാണ് അറ്റ്‌ലാന്റ എന്ന സ്വപ്നം രൂപപ്പെട്ടത്. ജപ്പാനിൽനിന്ന് ലഭിച്ച അനുഭവപാഠങ്ങളുടെ പശ്ചാത്തലത്തിൽ തദ്ദേശീയമായ കുടിൽവ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചാലേ വ്യവസായരംഗത്ത് മുന്നേറ്റമുണ്ടാക്കാനാകൂ എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന സ്കൂട്ടർ വ്യവസായം സ്ഥാപിക്കുക എന്ന ആഗ്രഹവുമായി രാജ്കുമാർ മുന്നോട്ടുപോയത്.

ഇതിനിടെയാണ് 16-ാം വയസ്സുമുതൽ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ പി.എസ്. തങ്കപ്പനെന്ന കഠിനാധ്വാനിയായ യുവ എൻജിനിയറെ രാജ്കുമാർ കണ്ടെത്തുന്നത്. അന്ന് വ്യവസായ വകുപ്പിലെ ജൂനിയർ ടെക്നിക്കൽ ഓഫീസറായിരുന്ന തങ്കപ്പനെ കൂടെക്കൂട്ടിയതോടെ സ്കൂട്ടർ സ്വപ്നങ്ങളുടെ ചക്രത്തിൽ ഉരുണ്ടുതുടങ്ങി. ‘‘ഞാൻ കുട്ടിയായിരിക്കുമ്പോൾ അച്ഛൻ അന്ന് വാഹനത്തിന്റെ ഓരോ ഭാഗത്തിന്റെയും ഡിസൈൻ ഊണും ഉറക്കവും ഉപേക്ഷിച്ച് കൈകൊണ്ട് വരച്ച് തയ്യാറാക്കുമായിരുന്നു’’- രാജ്കുമാറിന്റെ മകൻ ഡോ. എച്ച്. വിനയ്‌ രഞ്ജൻ പറയുന്നു. ഇങ്ങനെ തയ്യാറാക്കിയ ഡിസൈൻ തങ്കപ്പനുമായി ചേർന്ന് നടപ്പാക്കിയതോടെ സ്‌കൂട്ടർ യാഥാർഥ്യമായി.

atlanta

28 ഇരുമ്പുപണിക്കാരും കഠിനാധ്വാനവും
സ്വപ്നപദ്ധതി യാഥാർഥ്യമാക്കാൻ 1960-ൽ തിരുവനന്തപുരം കൈമനത്ത് ചെറിയൊരു ഷെഡ്ഡ് നിർമിച്ചാണ് നിർമാണം തുടങ്ങിയത്. ആധുനിക യന്ത്രങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്തായിരുന്നു ഇവരുടെ പരിശ്രമമെന്നത് നമ്മൾ ഓർക്കണം.  തിരുവനന്തപുരത്തുനിന്ന് തിരഞ്ഞെടുത്ത 28 പരമ്പരാഗത ഇരുമ്പുപണിക്കാരെ പരിശീലനം കൊടുത്താണ് വിദഗ്ധതൊഴിലാളികളുടെ അഭാവത്തെ മറികടന്നത്. രാവും പകലുംനീണ്ട കഠിനാധ്വാനത്തിനു പിന്നാലെ സ്കൂട്ടറിന്റെ ആദ്യ പ്രോട്ടോടൈപ്പ് നിർമിച്ചെടുത്തു ഇവർ. പൂർണമായും തദ്ദേശീയമായി നിർമിച്ചെടുത്ത സ്കൂട്ടറിനുവേണ്ട കാർബുറേറ്റർ മാത്രമാണ് ജപ്പാനിൽനിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നത്. 1961-ൽ പൂർത്തിയായ പ്രോട്ടോടൈപ്പ് നിർമാണത്തിന് പല പ്രധാന ജോലികളും കൈകൊണ്ട് പൂർത്തീകരിക്കേണ്ടിവന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ഗിയർലെസ് സ്‌കൂട്ടറായിരുന്നു അത്. 40 കിലോമീറ്റർ മൈലേജ് അതിന് ലഭിക്കുമായിരുന്നു.

അറ്റ്‌ലാന്റയും ഇന്ദിരയും
വ്യാവസായികാടിസ്ഥാനത്തിൽ സ്‌കൂട്ടർ നിർമിക്കാനുള്ള ലൈസൻസ് സ്വന്തമാക്കാനുള്ള പരിശ്രമമാണ് രാജ്കുമാറിന്റെ ഭാഗത്തുനിന്ന് പിന്നീടുണ്ടായത്. ഇതിനായി തങ്കപ്പനെയും ഒപ്പം അറ്റ്‌ലാന്റയെയും രാജ്കുമാർ ട്രെയിൻ മുഖാന്തരം ഡൽഹിക്കയച്ചു. ഇന്ദിരാഗാന്ധി ആയിരുന്നു അന്ന് പ്രധാനമന്ത്രി. എം.പി.മാരായിരുന്ന ബാലചന്ദ്രമേനോനും പി.കെ. വാസുദേവൻ നായരുമാണ് ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. സ്കൂട്ടറിന്റെ ഓരോ ഭാഗങ്ങളും അഴിച്ചു കാട്ടാനും അവയുടെ പ്രവർത്തനതത്ത്വം വിശദീകരിക്കാനും ഇന്ദിരാഗാന്ധി തങ്കപ്പനോട് ആവശ്യപ്പെട്ടു. വിശദീകരണം എല്ലാം ശ്രദ്ധയോടെ കേട്ടതിനുശേഷം വിശദമായ പഠനവും പരീക്ഷണങ്ങൾക്കും ശേഷം 1967-ൽ സ്‌കൂട്ടറിന്റെ ഡിസൈൻ അംഗീകരിച്ചു. പ്രതിവർഷം 25,000 സ്‌കൂട്ടറുകൾ നിർമിക്കാനുമുള്ള അനുമതി കേന്ദ്രസർക്കാർ നൽകി. പ്രോട്ടോടൈപ്പിൽ സ്പീഡോമീറ്റർ, ഫ്രൻഡ്‌ ബ്രേക്ക് എന്നിവ ഉണ്ടായിരുന്നില്ല. ഇതുകൂടി സ്ഥാപിച്ചാലേ ലൈസൻസ് നൽകൂവെന്ന് അറിയിച്ചതിനാൽ അതും കൈമനത്തെ ഫാക്ടറിയിലാണ് നിർമിച്ചത്.

പോരാട്ടം തുടങ്ങുന്നു
അറ്റ്‌ലാന്റയെ വ്യാവസായികമായി നിർമിക്കാനും നിരത്തിലിറക്കാനുമുള്ള ലൈസൻസ് നേടിയതുവരെയുള്ളതിനെക്കാളും കഠിനമായിരുന്നു പിന്നീടുള്ള പ്രതിസന്ധികൾ. പൊതുമേഖയിൽ സ്കൂട്ടർ നിർമാണക്കമ്പനി ആരംഭിക്കാനായിരുന്നു രാജ്കുമാർ ആഗ്രഹിച്ചിരുന്നത്. സർക്കാരിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതായതോടെ ഉദ്യമം പരാജയപ്പെട്ടു. എന്നാൽ, അതോടുകൂടി പരാജയം സമ്മതിക്കാൻ രാജ്കുമാറിലെ പോരാളിക്ക് സാധിച്ചില്ല. മക്കളായ അനിൽ രഞ്ജന്റെയും വിനയ് രഞ്ജന്റെയും പേരുകൾവെച്ച് രഞ്ജൻ മോട്ടോർ കമ്പനി എന്ന പേരിൽ അദ്ദേഹം സ്‌കൂട്ടർ നിർമാണക്കമ്പനി ആരംഭിച്ചു. തിരുവിതാംകൂർ രാജകുടുംബം 1970-ൽ രണ്ടുലക്ഷം രൂപനൽകി ആദ്യ ഷെയറുകൾ വാങ്ങി. ഇങ്ങനെ അഞ്ചുലക്ഷം രൂപ മൂലധനമിറക്കി സ്‌കൂട്ടർ നിർമാണം ആരംഭിച്ചു. ഫൈബർ ഗ്ലാസ് നിർമിത ബോഡിയിലാണ് അറ്റ്‌ലാന്റ ഒരുങ്ങിയത്. ഗിയറില്ലാത്ത ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ടെക്നോളജിയായിരുന്നു അറ്റ്‌ലാന്റയിൽ ഉപയോഗിച്ചത്.

atlanta
പി.എസ്. തങ്കപ്പന്റെ മകന്‍ ഹരിശങ്കറും (ഇടത്) രാജകുമാറിന്റെ മകന്‍ ഡോ. വിനയ് രഞ്ജനും (വലത്) അച്ഛന്‍ ആദ്യമായി നിര്‍മിച്ച സ്‌കൂട്ടറിനരികെ | ഫോട്ടോ: പ്രവീണ്‍ ദാസ് എം.

8000 സ്‌കൂട്ടറുകൾ നിർമിച്ച് ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അയച്ചു. അന്ന് സ്‌കൂട്ടറുകൾ കയറ്റി അയക്കാൻ ഇന്നത്തേതുപോലെ ഗതാഗതസംവിധാനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അതിനാൽ തിരുവനന്തപുരത്തുനിന്ന് ഇവ ഓടിച്ചുകൊണ്ടുപോവുകയാണ് ചെയ്തിരുന്നത്. അന്ന്‌ അറ്റ്‌ലാന്റ സ്കൂട്ടർ ഓടിക്കാൻ ആവേശപ്പെട്ടിരുന്ന യുവാക്കൾക്ക് ഇതൊരു നല്ല അവസരംകൂടിയായിരുന്നു. ഇത്രയധികം നഗരങ്ങളിൽ സ്കൂട്ടർ എത്തിച്ചെങ്കിലും വിൽപ്പന കാര്യമായി വർധിച്ചില്ല. അന്ന് 1500 രൂപയായിരുന്നു ഒരു സ്‌കൂട്ടറിന് നിശ്ചയിച്ചിരുന്ന വില. അക്കാലത്തിറങ്ങിയ പല സിനിമകളിലും അറ്റ്‌ലാന്റ മുഖം കാണിച്ചിട്ടുണ്ട്.  

ചതിക്കുഴികളും തകർച്ചയും
വാഹനവ്യവസായ രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച് ഇടംനേടിയ അറ്റ്‌ലാന്റ സ്‌കൂട്ടർ നിർമാണക്കമ്പനിയിൽ തൊഴിൽ തർക്കം ഉടലെടുത്തതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. രഞ്ജൻ മോട്ടോർ കമ്പനിയുടെ പ്രവർത്തനം തൊഴിൽ സമരത്തെത്തുടർന്ന് നിലച്ചതോടെ പലരും ലൈസൻസുള്ള കമ്പനിയെ ഏറ്റെടുക്കാൻ മുന്നോട്ടുവന്നു. ഒടുവിൽ സഹകരണ മേഖലയിൽ ഒരു സ്‌കൂട്ടർ ഫാക്ടറി എന്ന ലക്ഷ്യത്തോടെയെത്തിയ കേരള സ്റ്റേറ്റ് എൻജിനിയറിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഥവാ എൻകോസ് രഞ്ജൻ മോട്ടോർ കമ്പനിയെ ഏറ്റെടുത്തു. ഇതിനിടെ രാജ്കുമാറിനെ സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കോർപ്പറേഷനിൽ സ്പെഷ്യൽ ഓഫീസറായി സർക്കാർ നിയമിച്ചിരുന്നു.

എൻകോസ് ഏറ്റെടുത്തതിനു ശേഷവും പി.എസ്. തങ്കപ്പൻ കമ്പനിയിൽ തുടർന്നെങ്കിലും കുറച്ചുകാലത്തിനുശേഷം സർക്കാർ ഇടപെട്ട് സംരംഭം ഏറ്റെടുത്ത് കേരള ഓട്ടോമൊബീൽ ലിമിറ്റഡ് എന്ന് പേരുമാറ്റി കൈമനത്തുനിന്ന് ആറാലുംമൂട്ടിലേക്ക് ഫാക്ടറി മാറ്റി. എന്നാൽ, ഇതിന്റെ ഉദ്ഘാടനച്ചടങ്ങിലേക്കുപോലും രാജ്കുമാറിനെ സർക്കാർ ക്ഷണിച്ചില്ല. രാഷ്ട്രീയക്കളിയുടെ ഭാഗമായിരുന്നു അവഗണന. കേരള ഓട്ടോമൊ​െ​െബൽ ലിമിറ്റഡ് ആയി മാറിയതോടെ പി.എസ്. തങ്കപ്പനും അറ്റ്‌ലാന്റ പദ്ധതിയിൽനിന്ന് മാറ്റപ്പെട്ടു. ഇതോടെ സ്‌കൂട്ടർ നിർമാണത്തിന്റെ സൂക്ഷ്മവശങ്ങൾ അറിയാവുന്നവർ നേതൃത്വത്തിൽ ഇല്ലാതായി. ഒടുക്കം സ്കൂട്ടർ പദ്ധതിതന്നെ രാഷ്ട്രീയക്കളികളുടെ ഭാഗമായി കുഴിച്ചുമൂടപ്പെട്ടു. എങ്കിലും സർക്കാർ വകുപ്പുകളിലെ മികച്ചസേവനം കണക്കിലെടുത്ത് രാജ്കുമാറിന് സർക്കാർ ഐ.എ.എസ്. പദവി കൺഫർ ചെയ്തു. 2005 മാർച്ച് 27-നാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം ജനിച്ചതും മറ്റൊരു മാർച്ച് 27-നായിരുന്നു. രാജ്കുമാറിനൊപ്പം നിന്ന പി.എസ്. തങ്കപ്പൻ പിന്നീട് വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടറായാണ് വിരമിച്ചത്. 2011-ൽ ഇദ്ദേഹവും അന്തരിച്ചു.

ഇന്നുമുണ്ട് അച്ഛന്റെ ‘പായും സുന്ദരി’
അച്ഛൻ രാജ്കുമാർ വീട്ടിലേക്ക് കൊണ്ടുവന്ന അറ്റ്‌ലാന്റ സ്‌കൂട്ടർ ഇന്നും പൊന്നുപോലെ സൂക്ഷിക്കുന്നുണ്ട് മകൻ ഡോ. വിനയ് രഞ്ജൻ. KLT 5732 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള സ്കൂട്ടർ ഇന്നും പ്രവർത്തനക്ഷമമാണ്. വേണമെങ്കിൽ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ച്‌ മനംമയക്കും സൗന്ദര്യവുമായി അറ്റ്‌ലാന്റ വിനയ് രഞ്ജന്റെ വീട്ടിൽ വിശ്രമിക്കുന്നു. പഠനകാലത്ത് വിനയ് രഞ്ജനും ഈ സ്‌കൂട്ടർ ഉപയോഗിച്ചിരുന്നു. ‘‘അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിൽ കൊടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കാര്യങ്ങൾ നേരെചൊവ്വേ പോകണമെന്ന അഭിപ്രായക്കാരൻ. പക്ഷേ, അദ്ദേഹത്തെ രാജ്യം അറിയാതെ പോയി’’ -വിനയ് രഞ്ജൻ പറയുന്നു. ‘‘അർഹതയ്ക്കുള്ള അംഗീകാരം രാജ്കുമാർ സാറിനും എന്റെ അച്ഛൻ പി.എസ്. തങ്കപ്പനും ലഭിച്ചോയെന്നത് സംശയമാണ്. ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ടെക്നോക്രാറ്റായിരുന്നു രാജ്കുമാർ സാർ. ചെറിയ പ്രവൃത്തികൾ ചെയ്യുന്നവർക്കുപോലും പദ്‌മശ്രീയും മറ്റുപുരസ്കാരങ്ങളും നൽകുന്ന കാലത്താണ് ഇവരൊക്കെ അവഗണിക്കപ്പെടുന്നുവെന്നത് തികച്ചും വേദനാജനകമാണ്’’ -ഹരിശങ്കർ പറഞ്ഞു.