വടക്കേ മലബാറിലെ ചെറുതാഴം സ്വദേശിയായ പുതിയേടത്ത്‌ കൃഷ്ണന്‌ കഥകളിയിൽ ഭ്രമമുണ്ടായത്‌ ഗുരു ചന്തുപ്പണിക്കരുടെ രാവണൻ കണ്ടപ്പോഴാണ്‌. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും നടുവിൽ സുമനസ്സുകളുടെ സഹായത്താൽ കൃഷ്ണൻ, പണിക്കരുടെ ശിഷ്യനായി. ഉഴിച്ചിലടക്കമുള്ള ശിക്ഷണത്തിന്റെ കാഠിന്യത്തിലും മനസ്സ്‌ മടുത്തില്ല. ഹതാശനാവാതെ കഥകളിതന്നെ തന്റെ അന്നം എന്ന്‌ തീർച്ചപ്പെടുത്തി. അദ്ദേഹത്തിന്റെ ആത്മകഥയുടെ പൂർവഭാഗം ദൈന്യംനിറഞ്ഞ ഒരു സാമൂഹികാവസ്ഥയുടെ ഉള്ളുലയ്ക്കുന്ന ചിത്രീകരണംകൂടിയായി മാറുന്നു. ചിറയ്ക്കലെ കടലാടി ക്ഷേത്രത്തിൽ നടന്ന അഞ്ചുദിവസത്തെ കഥകളിയിൽ ഒരുരാത്രി കൃഷ്ണന്റെ നരകാസുരവധത്തിൽ ലളിത. അത്‌ കൺനിറയെ കണ്ട വള്ളത്തോളും മുകുന്ദരാജയും ഈ കൗമാരപ്രായക്കാരൻ ഭാവിയിൽ ‘അരങ്ങിലെ അദ്ഭുതപ്രതിഭ’യായി മാറും എന്നു തിരിച്ചറിഞ്ഞു. കലാമണ്ഡലത്തിലേക്ക്‌ അവർ കൃഷ്ണനെ വാത്സല്യപൂർവം ക്ഷണിച്ചു. ഭാരതപ്പുഴയോരത്തുനിന്നുകിട്ടിയ സുവ്യവസ്ഥിതമായ കളരിശിക്ഷണമാണ്‌, വിഖ്യാതരായ ഗുരുനാഥന്മാരുടെ കാർക്കശ്യമാണ്‌, കൃഷ്ണനെ കലാമണ്ഡലം കൃഷ്ണൻ നായരെന്ന തുംഗാനുഭാവനായ കലാകാരനാക്കി മാറ്റിയത്‌. പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോനിൽനിന്ന്‌ കോട്ടയം കഥകളുടെ രംഗവ്യാകരണവും രസവാസന വലിയതോതിൽ ആവശ്യപ്പെടുന്ന കഥകളിലെ പാത്രാവിഷ്ണാരത്തിന്റെ ഉള്ളുകള്ളികൾ തകഴി കുഞ്ചുക്കുറുപ്പിൽനിന്നും കൃഷ്ണൻ നായർ സ്വായത്തമാക്കി. പട്ടിയ്ക്കാംതൊടിക്കളരി സമ്മാനിച്ച കഥകളിയുടെ ആംഗികാഭിനയലാവണ്യസൂക്ഷ്മതയെക്കാൾ കൃഷ്ണൻനായർ പിൽക്കാലം പിന്തുടർന്നതും അദ്ദേഹത്തിന്റെ അഭ്യുന്നതിയെ ആത്യന്തികമായി പിന്തുണച്ചതും കുഞ്ചുക്കുറുപ്പിൽനിന്ന്‌ തേച്ചുമിനുക്കിയെടുത്ത രസാഭിനയമാന്ത്രികതയായിരുന്നു.
 അരങ്ങിലെ അനന്യത
അരങ്ങിലെ അനന്യത ജന്മസിദ്ധവും കർമസിദ്ധവുമായ ഗുണവിശേഷങ്ങളുടെ സംഗമദ്യുതിയായിരുന്നു കൃഷ്ണൻ നായർ. ആ രൂപഗാംഭീര്യത്തികവിനോ ഉപാംഗദീപ്തിക്കോ പ്രത്യുത്‌പന്നമതിത്വത്തിനോ ഭാവസംവേദനതീവ്രതയ്ക്കോ അദ്ദേഹം വിരാജിച്ച കാലയളവിൽ മറ്റൊരു നടനും വെല്ലുവിളിയുയർത്തിയില്ല. കഥകളിയിലെ സകല ആദ്യവസാന പച്ചവേഷങ്ങളും ശൃംഗാരപ്രധാനമായ കത്തിവേഷങ്ങളും മിനുക്കും തുല്യവൈഭവത്തോടെ ആവിഷ്കരിച്ച്‌ കാണികളെ അദ്ഭുതസ്തബ്ധരാക്കിയ നടന്മാർ കഥകളിയുടെ ചരിത്രത്തിൽതന്നെ വിരളം. അതുതന്നെയായിരുന്നു കൃഷ്ണൻ നായരുടെ എതിരില്ലാത്ത മഹിമയ്ക്ക്‌ നിദാനം. നളചരിതം 2-ലെ പ്രഥമരംഗത്തിൽ, ‘കുവലയവിലോചനേ ബാലേ!’ എന്ന നവോഢയായ ദമയന്തിയോടുള്ള  നളന്റെ ശൃംഗാരപദത്തിലെ ഓരോ സംബോധനയുടെയും അർഥവൈവിധ്യം എത്ര അനായാസമായിട്ടാണ്‌ അദ്ദേഹത്തിന്റെ ഭാവപ്പകർച്ചകളിൽനിന്ന്‌ നമ്മൾ വായിച്ചെടുത്തത്‌. ‘കിസലയാധരേ!’ എന്ന കവികല്പനയുടെ സാരസ്യം ആ നയനാധരങ്ങളിൽ ഫലിച്ചതിന്റെ വ്യാപ്തി അതുകാണാൻ ഭാഗ്യമില്ലാതെ പോയവരോട്‌ എങ്ങനെ വിവരിക്കാനാവും. ‘ഇന്ദുവദനേ!  നിന്നെ ലഭിച്ചു ഇതിനാൽ/എനിക്കു പുരാപുണ്യം ഫലിച്ചു’ -ഈ വരികൾക്ക്‌ കൃഷ്ണൻനായർ ദൃശ്യഭാഷ്യം ചമയ്ക്കുന്നതുകണ്ട്‌ നിർവൃതിയടഞ്ഞ ജ്ഞാനികളായ പ്രേക്ഷകർ തങ്ങളുടെ പ്രിയതാരത്തെ സാഹിത്യം പഠിപ്പിച്ച കുട്ടികൃഷ്ണമാരാരെയും തത്സമയം സ്മരിച്ചു. എന്നാൽ, ‘ഭംഗിതരംഗിതമംഗമിദം’, സൗവർണഹംസം ചെയ്തൊരു... എന്നതൊക്കെ താള-കാല പ്രതാപിയായ കലാമണ്ഡലം ഗോപി ചെയ്യുന്നതുപോലെ മേളം പൊലിപ്പിച്ച്‌, മുദ്രകളിൽ ഭാവം വിളയിച്ച്‌ വെടിപ്പാക്കാൻ കൃഷ്ണൻനായർക്ക്‌ കഴിഞ്ഞിരുന്നില്ല. ആംഗികാഭിനയത്തിൽ പട്ടിയ്ക്കാംതൊടിക്കളരി സമ്മാനിച്ച പ്രേരണകളൊന്നും ആ നിമിഷങ്ങളിൽ കൃഷ്ണൻനായരിൽ ഫലിച്ചില്ല. അതല്ലെങ്കിൽ, അദ്ദേഹം അതിന്‌ മെനക്കെട്ടില്ല. മാലിനിയുടെ കത്തിക്കാളുന്ന സൗന്ദര്യം നയനങ്ങളാൽ നുകരുന്ന കൃഷ്ണൻനായരുടെ കാമാതുരനായ കീചകനെ ഒരിക്കൽക്കൂടി കണ്ട്‌ നിർവൃതി കൊള്ളാൻ എനിക്ക്‌ മോഹം. അദ്ദേഹത്തിന്റെ ബാലിവിജയത്തിലെ രാവണൻ മുക്കണ്ണന്റെ ‘പാർവതീവിരഹം’ പകർന്നാടുന്ന ഘട്ടത്തിൽ ആ നയനരശ്മിയാൽ ഗംഗാദേവിയെ ക്ഷണിക്കുന്നതിന്റെ ഭാവസാന്ദ്രത പ്രസ്തുതരംഗത്തിന്‌ ഒരുകാലത്ത്‌ മേളം കൊടുത്തിരുന്ന കൃഷ്ണൻകുട്ടി പൊതുവാൾ പലവട്ടം ഓർത്തിരുന്നു. സന്ന്യാസിവേഷം വെടിഞ്ഞ്‌ സ്വരൂപത്തിൽ പ്രത്യക്ഷപ്പെടുന്ന കൃഷ്ണൻനായരുടെ ബാലിവധത്തിലെ രാവണൻ പകച്ചുനിൽക്കുന്ന സീതാദേവിയുടെ അഭൗമസൗന്ദര്യത്തിൽ അടിമുടി കോരിത്തരിച്ചുനിൽക്കുന്ന രംഗം പാരീസിലെ മിലേന സാൽവിനിയുടെ ‘മണ്ഡപ’ എന്ന സ്ഥാപനത്തിലെ ആർക്കൈവിൽ ദൃശ്യാലേഖനമായി സൂക്ഷിച്ചിട്ടുണ്ട്‌, ഭാരതത്തിലില്ല! ‘സരസബ്രാഹ്മണൻ’ എന്ന കൃഷ്ണൻകുട്ടി പൊതുവാളുടെ നേരിയ വിമർശനം കലർന്ന നിരീക്ഷണത്തിനപ്പുറം കൃഷ്ണൻനായരുടെ ‘സന്താനഗോപാല’ ത്തിൽ ബ്രാഹ്മണന്റെ ‘ഹാ! ഹാ! കരോമി’ എന്ന വിലാപപദം ഇത്ര തീക്ഷ്ണതയോടെ മറ്റേതൊരു നടനാണ്‌ അരങ്ങിൽ മൂർത്തമാക്കിയത്‌. അതിലെ ‘യാദവവീരന്മാരെ!’ കണ്ടിട്ടുള്ളവർക്ക്‌ കണ്ണിന്‌ കഥകളിയിലുള്ള നിലയും വിലയും ഇതിലധികം ബോധ്യപ്പെടാനില്ല.
 കൂട്ടുവേഷക്കാരുടെയോ പാട്ടുകാരുടെയോ ചുട്ടിക്കാരുടെയോ വിഷയത്തിൽ കൃഷ്ണൻനായർക്ക്‌ ഒരു പിടിവാശിയുമുണ്ടായിരുന്നില്ല. എന്നാൽ, കൊട്ടാൻ കലാമണ്ഡലം കേശവൻ വേണമെന്ന്‌ അദ്ദേഹം നിഷ്കർഷിച്ചിരുന്നു. അതിന്റെ രഹസ്യം അവർ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. കൃഷ്ണൻനായരുടെ ഭീമസേനനും രാമൻകുട്ടിനായരുടെ ഹനുമാനും ചേർന്ന കല്യാണസൗഗന്ധികം ഒരുകാലത്ത്‌ മികച്ച കഥകളിയുടെ മകുടോദാഹരണമായി അരങ്ങുകൾതോറും ജനങ്ങൾ കൊണ്ടാടി. കൃഷ്ണൻനായരുടെ ബലഭദ്രനും മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ കൃഷ്ണനും ഒത്തൊരുമിക്കുമ്പോഴുള്ള രസനീയതയ്ക്കായി സുഭദ്രാഹരണം കഥ തിരുവനന്തപുരം തൊട്ട്‌ ഏതാണ്ട്‌ ഇരിങ്ങാലക്കുട വരെയുള്ള ക്ഷേത്രവേദികളിൽ ഉത്സവസംഘാടകർ ഏർപ്പെടുത്തിയിരുന്നു. കേവലം ഇരുപത്‌ മിനിറ്റിനുള്ളിലെ പ്രഭാപൂരമായിരുന്നു കൃഷ്ണൻ നായരുടെ രൗദ്രഭീമൻ. ആ കണ്ണുകളുടെ അരുണിമയിൽ ക്രോധത്തിന്റെ മഹാസമുദ്രം അലയടിക്കുന്നത്‌ എന്തൊരു സംത്രാസത്തോടെയാണ്‌ ഞങ്ങൾ കണ്ടിരുന്നത്‌!
 ആത്മീയോന്മുഖം
കന്നുപൂട്ടും കഥകളിയുമാണ്‌ നായന്മാർക്ക്‌ പറഞ്ഞിട്ടുള്ള പണിയെന്ന്‌ ഒരു വി.കെ.എൻ. കഥയിലെ നമ്പൂരി സൂചിപ്പിക്കുന്നുണ്ട്‌. കഥകളി കേവലം ഭൗതികവൃത്തിമാത്രമാണെന്നുള്ള ധ്വനിയാണിതിൽ. ആശ്രിതർ വിയർത്ത്‌ പണിയെടുക്കുന്നതുകണ്ട്‌ പുളകംകൊണ്ടിരുന്ന ഒരു നമ്പൂരിസംസ്കാരം കല്ലുവഴിച്ചിട്ടയുടെ നാട്ടിലും പ്രാന്തപ്രദേശങ്ങളിലും പ്രകടമായിരുന്നു. രാവറുതിയോളം ചാടിക്കളിക്കുന്ന രാമനോട്‌ അവർക്ക്‌ പ്രിയം കൂടുതലായി. ‘കളി കഥയ്ക്കപ്പുറമെന്ന്‌’ കലാസൈദ്ധാന്തികനായ ഡോ. ടി.എസ്‌. മാധവൻകുട്ടി. ഇത്തരം തീവ്രബോധ്യങ്ങളെ നിരാകരിച്ച്‌ കഥയ്ക്കും കഥാപാത്രത്തിനും സമർഹമായ സ്ഥാനം കഥകളിയിൽ കൽപ്പിച്ച വാഴേങ്കട കുഞ്ചുനായരുമായി കൃഷ്ണൻനായർക്ക്‌ അനല്പമായ അടുപ്പമുണ്ടായിരുന്നു. കുഞ്ചുനായരുടെ പാത്രാവിഷ്കാരവീക്ഷണത്തിലേക്ക്‌ ആത്മീയതയുടെ ചെറുതരംഗങ്ങൾ ചേർത്താൽ കൃഷ്ണൻനായരുടെ കലാദർശനമായി. അതേസമയം, കുഞ്ചുനായരെപ്പോലെ കഥകളിയെ ഒരു പവിത്രകർമമായി കൃഷ്ണൻനായർ ഏറ്റെടുത്തിരുന്നില്ല. അദ്ദേഹം പലപ്പോഴും കഥയെ കളിയിൽ രമിക്കാനുള്ള ഉപാധിയാക്കി. തന്നെ കാണാനിരിക്കുന്നവരിലെ സാധാരണക്കാരെ രസിപ്പിക്കാനുള്ള തന്ത്രമാക്കി. നാനാജനത്തിന്റെ രുചികളെ അദ്ദേഹം അധികം മാനിച്ചു. എന്നിട്ടും, ചില നിമിഷങ്ങളിൽ കഥകളി എന്ന കലയ്ക്ക്‌ ആത്മീയമായ ഔന്നത്യവും പ്രാപ്തമാണെന്ന്‌ കൃഷ്ണൻനായർ തെളിയിച്ചു. തന്റെ രംഗചെയ്തികൾക്ക്‌ ദൈവസ്പർശമുണ്ടെന്ന്‌ കാണികളെ ഉദ്‌ബോധിപ്പിച്ചു.
മുൻപ്‌ സൂചിപ്പിച്ച കൃഷ്ണൻനായരുടെ ‘സന്താനഗോപാല’ത്തിൽ ബ്രാഹ്മണൻ അവസാനരംഗത്തിൽ കൃഷ്ണാർജുനന്മാരെ പ്രകീർത്തിക്കുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ടോ? ഹർഷഭരിതനായി പാർഥനെ ആശ്ലേഷിക്കുന്ന ആ കണ്ണുകളിൽ തൊട്ടടുത്തനിമിഷം ശ്രീകൃഷ്ണൻ പ്രപഞ്ചചൈതന്യമായി തിളങ്ങുന്നു. അവതാരങ്ങൾ ഭഗവാനുമുമ്പിൽ ചുരുക്കിയാടുമ്പോൾ മൂന്നാം അടിക്ക്‌ ഇടംചോദിക്കുന്ന കൃഷ്ണൻനായരുടെ വാമനനിൽ മഹാവിഷ്ണുവിന്റെ വിശ്വരൂപം നാം എത്രയോവട്ടം കണ്ടു. ഇനി ‘സീതാസ്വയംവര’ത്തിലെ പരശുരാമനോ? ക്ഷത്രിയനിഗ്രഹമടക്കമുള്ള പരശുരാമപ്രഭാവം കലാമണ്ഡലം രാമൻകുട്ടിനായരെപ്പോലെ അരങ്ങിൽ സാക്ഷാത്കരിക്കാനുള്ള ആംഗികാഭിനയപ്രഭുത്വം കൃഷ്ണൻനായർക്കുണ്ടായിരുന്നില്ല. പക്ഷേ, ശ്രീരാമനുമായി ഏറ്റുമുട്ടി പരാജയം ഏറ്റുവാങ്ങുന്ന ആ അന്ത്യരംഗം ആർക്കാണ്‌ മറക്കാനാവുക. തന്നിൽനിന്ന്‌ ശൈവചാപം പിടിച്ചുവാങ്ങി അസ്ത്രം തൊടുക്കാനൊരുങ്ങുന്ന ശ്രീരാമന്‌ മുമ്പിൽ വിവർണനും നിസ്തേജനുമായിത്തീരുന്ന കൃഷ്ണൻനായരുടെ പരശുരാമൻ കിടയറ്റത്‌. ആ രാമബാണത്തിന്റെ ഗതിവേഗവും അത്‌ പിന്നിടുന്ന ദൂരവും കഥകളിയരങ്ങിലെ മറ്റാരുടെ കണ്ണുകളാണ്‌ ഇത്ര സൂക്ഷ്മചാരുതയോടെ അളന്നത്‌.
നിസ്സാരമായൊരു കഥാസന്ദർഭത്തിൽനിന്ന്‌ വൃന്ദാവനവും ശ്രീകൃഷ്ണവേണുഗാനവും ആ നാദധാരയിൽ മതിമറക്കുന്നസർവചരാചരങ്ങളും നമുക്ക്‌ പ്രത്യക്ഷമാക്കിത്തന്ന കൃഷ്ണൻനായരുടെ രുക്മിണീസ്വയംവരത്തിൽ ‘സുന്ദരബ്രാഹ്മണനെ’ ഒരിക്കൽ കണ്ടവർ ഒരുകാലത്തും മറക്കാൻ വഴിയില്ല. കൃഷ്ണൻനായർ ജീവിതത്തിൽനിന്ന്‌ വിരമിച്ചപ്പോൾ ഈ കഥയും എന്നന്നേക്കുമായി രംഗം വിട്ടു. കഥകളിയെ ആത്മീയാനുഭവമായി അറിഞ്ഞ, ചെങ്ങന്നൂരിൽ വളരെക്കാലം ‘വിജ്ഞാനകലാവേദി’ എന്ന കലാസ്ഥാപനം നടത്തി മനംമടുത്ത്‌ പാരീസിലേക്കു മടങ്ങിപ്പോയ ലുബാഷീൽഡ്‌ എന്ന വനിത കൃഷ്ണൻനായരുടെ അരങ്ങുകൾ സമ്മാനിച്ച അലൗകികാനുഭൂതിയെപ്പറ്റി പേർത്തും പേർത്തും ഓർത്തിരുന്നു.
 പ്രസ്ഥാനശോഭ
പോയ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ദക്ഷിണകേരളത്തിലെ കഥകളിപ്രേമികൾ വള്ളത്തോളിന്റെ കലാമണ്ഡലത്തെ തിരിച്ചറിഞ്ഞത്‌ കൃഷ്ണൻനായരിലൂടെയാണ്‌. കലാമണ്ഡലമെന്നാൽ അവർക്ക്‌ കൃഷ്ണൻനായരായിരുന്നു, മറിച്ചും. ഈയൊരു സ്ഥിതിവിശേഷം മാറിവരാൻ വളരെ വർഷങ്ങൾ വേണ്ടിവന്നു. അപ്പോഴേക്കും കൃഷ്ണൻനായർ ഒറ്റയ്ക്കൊരു പ്രസ്ഥാനമായി പടർന്നുപന്തലിച്ചിരുന്നു. ‘പൂതനകൃഷ്ണനിൽ’ നിന്ന്‌ ആദ്യവസാനവേഷങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ കുതിപ്പ്‌ കഥകളിയുടെ വൃദ്ധിയെക്കൂടി കുറിക്കുന്നതായി. ലോകസാംസ്കാരികഭൂപടത്തിൽ ഉദയശങ്കറിനൊപ്പമായിരുന്നു കൃഷ്ണൻനായരുടെ സ്ഥാനം. കലാബാഹ്യമായ കാരണങ്ങളാൽ നന്നേ ചെറുപ്പത്തിൽത്തന്നെ കലാമണ്ഡലം വിട്ട കൃഷ്ണൻനായർ ഒടുവിൽ ഉറച്ചത്‌ തൃപ്പൂണിത്തുറയിലാണ്‌. കഥകളിനടന്റെ അംഗഹാരശുദ്ധി1യിൽ വ്യാമുഗ്ധരായ വള്ളുവനാട്ടുകാർക്ക്‌ അദ്ദേഹം പൊതുവേ സമ്മതനായിരുന്നില്ല. കൂടിയാട്ടകുലപതി മാണി മാധവച്ചാക്യാരിൽനിന്ന്‌, ദേശമംഗലം മനയിൽവെച്ച്‌, നേടിയ കണ്ണുസാധകത്തിന്റെ മേന്മയും അവർ അത്ര അംഗീകരിച്ചില്ല. കലാമണ്ഡലത്തിന്റെ പൂർവസന്തതിയായിരുന്ന ദേശമംഗലം ശങ്കരനാരായണനും ചാക്യാരിൽനിന്ന്‌ കണ്ണുസാധകം സിദ്ധിച്ച നടനായിരുന്നെന്ന്‌ അവിടെ ചിലർ അതിനെ ലഘൂകരിക്കാനും മറന്നില്ല.
ലോകധർമിയുടെ അതിപ്രസരവും ആംഗികാഭിനയത്തിൽ പുലർത്തിയ അശ്രദ്ധയും ആട്ടങ്ങളിലെ അനൗചിത്യങ്ങളും കൃഷ്ണൻനായർ വിമർശിക്കപ്പെടാൻ സാഹചര്യമൊരുക്കി. നിരന്തരം ചലിപ്പിക്കുകയാൽ കൃഷ്ണൻനായരുടെ മുഖത്തെ മാംസപേശികൾക്ക്‌ നിയന്ത്രണം നഷ്ടപ്പെട്ടതായി കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടും ആട്ടങ്ങളിലെ അനൗചിത്യത്താൽ പാത്രസ്വഭാവം അദ്ദേഹത്തിന്റെ അരങ്ങിൽ ഭഗ്നമാവുന്നതായി ഡോ. എസ്‌.കെ. നായരും അവരുടെ അപ്രിയം രേഖപ്പെടുത്തി. നളചരിതത്തോട്‌ ജന്മനാ പക വെച്ചുപുലർത്തിയ കുമ്മിണി വാസുദേവൻ നമ്പൂതിരിക്ക്‌ സ്വാഭാവികമായും കൃഷ്ണൻനായർ അനഭിമതനായി. ചെങ്ങാരപ്പിള്ളി നാരായണൻപോറ്റി മാത്രം ഏതുകാലത്തും കൃഷ്ണൻനായർക്കൊപ്പം നിലയുറപ്പിച്ചു. കഥാപാത്രത്തിന്റെ സ്ഥായീഭാവം പരിപാലിക്കുന്നില്ല എന്നതാണ്‌ കൃഷ്ണൻനായർക്കുനേരെ പലകോണുകളിൽനിന്നുമുണ്ടായ സ്ഥിരം വിമർശനം. പദാർഥാഭിനയപ്രധാനവും നൃത്താവലംബിയുമായ കഥകളിയിൽ ‘സ്ഥായി’ ഒരു തർക്കവസ്തുവായി തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിനെതിരേ ഉന്നയിക്കപ്പെട്ട ഈയാരോപണം ഒരു പുകപടലം മാത്രം. കളരിയിൽനിന്ന്‌ താൻ കരസ്ഥമാക്കിയ കല്ലുവഴിച്ചിട്ടയുടെ ഘടനാദാർഢ്യം ഒരു ബാധ്യതയായി ജീവിതകാലം മുഴുവൻ കൊണ്ടുനടക്കാൻ കൃഷ്ണൻ നായർ തയ്യാറായില്ല. സിദ്ധിയുടെയും ഭാവനയുടെയും അപ്രതിഹതമായ പ്രേരണയാൽ ഘടനയെ നിർണയിക്കുന്ന നിയമാവലിക്കപ്പുറം വിലസാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. സുരക്ഷിതത്വത്തിന്റെ ആലസ്യം നിരാകരിച്ച കർമയോഗി! ഇരുപതാംനൂറ്റാണ്ടിന്റെ കഥകളിചരിത്രത്തിൽ ഈയൊരു വൈശിഷ്ട്യം കൃഷ്ണൻനായർക്കൊപ്പം പങ്കിട്ട മറ്റൊരു കലാകാരൻ കോട്ടയ്ക്കൽ ശിവരാമനായിരുന്നു. നായികാവേഷങ്ങളിൽ ഒതുങ്ങിയെങ്കിൽപ്പോലും.
അഭിജ്ഞരുടെ ദാക്ഷിണ്യരഹിതമായ വിമർശനങ്ങളെ സർവഥാ അതിജീവിക്കാൻ പോന്നതായിരുന്നു കൃഷ്ണൻനായരുടെ അരങ്ങിലെ വിസ്മയവൃത്തികൾ. ആ നളന്റെയും രുക്മാംഗദന്റെയും ബാഹുകന്റെയും ഭീമസേനന്റെയും അർജുനന്റെയും ചുടലഹരിശ്ചന്ദ്രന്റെയും നെടുവീർപ്പുകളും ആത്മഗതങ്ങളും സാധാരണജനത ഒന്നൊഴിയാതെ ഏറ്റെടുത്തിരുന്നു. കൃഷ്ണൻനായരുടെ അനുപമമായ അഴകും അഭിനയസിദ്ധിയും അദ്ദേഹത്തിൽതന്നെ അവസാനിച്ചു. വേഷമണിഞ്ഞ്‌ അലൗകികനായപ്പോഴും അഴിച്ച്‌ ലൗകികനായപ്പോഴും ആ തേജസ്സിന്‌ കുറവൊട്ടുമുണ്ടായിരുന്നില്ല. 
കൃഷ്ണൻനായരുടെ നാട്യനൈപുണ്യത്തിന്റെ പൊട്ടും പൊടിയും മകൻ കലാശാലാ ബാബുവിൽ കാണാനായി. നാടകത്തിലൂടെ തിടംവെച്ച ബാബുവിന്റെ ഭാവപ്രകാശനപാടവം ചലച്ചിത്രങ്ങളിലെ അസംഖ്യം വില്ലൻവേഷങ്ങളിൽ നമ്മൾ കണ്ടനുഭവിച്ചതാണല്ലോ. സെല്ലുലോയിഡിൽ ബാബുവിന്റെ ഭാവഹാവാദികൾ കണ്ടപ്പോഴൊക്കെ ഞാൻ കൃഷ്ണൻനായരെ ഓർത്തു. പ്രവൃത്തിമണ്ഡലം വ്യത്യസ്തമായിരുന്നെങ്കിലും കാഴ്ചയിലും നോട്ടത്തിലും ബാബു ഒരു തുള്ളി കൃഷ്ണൻനായരായിരുന്നു എന്നെനിക്ക്‌ തോന്നിയിട്ടുണ്ട്‌. കൃഷ്ണൻനായർക്ക്‌ തിരക്കൊഴിഞ്ഞ ഒരു ദിവസം ഞങ്ങൾ തമ്മിൽ തൃപ്പൂണിത്തുറയിലെ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന അനൗപചാരികസംഭാഷണത്തിനൊടുവിൽ ആ മുഖപ്രസാദത്തിന്റെ പൊരുൾ ഞാനാരാഞ്ഞു. അതിനുള്ള മറുപടി കൃഷ്ണൻനായർ എന്ന നടനെയും വ്യക്തിയെയും സ്വയം വെളിപ്പെടുത്തുന്നതായി. ‘ഓരോ രാവിലും ഞാൻ കളിയരങ്ങിലെത്തുമ്പോൾ, നായകവേഷങ്ങളിൽ നിൽക്കുമ്പോൾ, നൂറുകണക്കിന്‌ ജനങ്ങളുടെ ദൃഷ്ടി എന്റെമേൽ പതിയുന്നു. അങ്ങനെ കിട്ടിയ ചൈതന്യമാണ്‌ എന്റെ അമൂല്യസമ്പാദ്യം. എന്റെ മുഖപ്രസാദം’.
കൃഷ്ണൻനായരോട്‌ യാത്രപറഞ്ഞിറങ്ങുമ്പോൾ ഞാൻ ആ പാദങ്ങൾ തൊട്ടുവന്ദിച്ചു. എന്റെ മനസ്സ്‌ മന്ത്രിച്ചു. ‘കാന്തിമതാം കാന്തി രൂപായ തേ നമഃ’. 
1 ശരീരത്തിന്റെയും കരചലനങ്ങളുടെയും 
ചലനശുദ്ധി