തൊണ്ണൂറ്റിനാലു വയസ്സുള്ള പണിക്കർ ബാലേട്ടൻ എന്ന എന്റെ അഭിവന്ദ്യസുഹൃത്ത് പറഞ്ഞ പുരാണകഥയാണിത്:
1957-ലാണ് സംഭവം. വള്ളത്തോൾ 
മുംബൈയിലെ തന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ വിരുന്നുവരുന്നുവെന്ന് വാർത്തപരന്നു. ഒരാഴ്ചയോളമുണ്ടാവും. ബാലേട്ടൻ ഹർഷപുളകിതനായി. ബന്ധനസ്ഥനായ അനിരുദ്ധൻ, ഗണപതി, ബധിരവിലാപം, മഗ്ദലനമറിയം, ശിഷ്യനും മകനും, അച്ഛനും മകളും പോരാത്തതിന് സാഹിത്യമഞ്ജരി മുഴുവനും ബാലേട്ടന് കാണാപ്പാഠം. മഹാകവിയെ ജീവനോടെ കാണാനുള്ള അവസരം കൈവരുമെന്നു നിനച്ചതല്ല.
  മഹാകവി വരുന്നുണ്ടെന്നു കേട്ട് ഹർഷപുളകിതരായ വേറെയും രണ്ടു കൂട്ടുകാരുണ്ടായിരുന്നു ബാലേട്ടന്. മഹാകവി എത്തുന്നതിന്റെ തലേന്നുതന്നെ മൂന്നുപേരും കൂടി ആ സുഹൃത്തിന്റെ വീട്ടിലേക്കു പുറപ്പെട്ടു. ആരാധകർ വേറെയുമുണ്ടാവുമല്ലോ. നേരത്തേചെന്ന് സ്ഥലംപിടിക്കുകയാണ് ബുദ്ധി. വിപുലമായ ഏർപ്പാടുകളാണ് സുഹൃത്തിന്റെ വീട്ടിൽ ഒരുക്കിയിരുന്നത്. മഹാകവിക്കു പ്രിയപ്പെട്ട വിഭവങ്ങൾ ഏതെല്ലാമാണെന്ന് നേരത്തേ ചോദിച്ചറിഞ്ഞ് അതെല്ലാം ഒരുക്കാൻ സുഹൃത്ത് ഒരു ദേഹണ്ണക്കാരനെ ഏൽപ്പിച്ചിരുന്നു. ആരാധകർ മൂന്നുപേർ വീട്ടിലെത്തിയപ്പോൾ എതിരേറ്റത് അടുക്കളയിൽ വറുക്കുകയും പൊരിക്കുകയുമൊക്കെ നടക്കുന്നതിന്റെ കോലാഹലങ്ങളാണ്.
സുഹൃത്ത് ആരാധകരെ സഹർഷം എതിരേറ്റു. ഇരിപ്പുമുറിയും പ്രത്യേകമായി മോടിപിടിപ്പിച്ചിട്ടുണ്ട്. പുതിയ ബുക്‌ഷെൽഫിൽ ധാരാളം പുസ്തകങ്ങൾ അടുക്കിവെച്ചു. മഹാകവിക്ക് ഇരിക്കാൻ പ്രത്യേകം ചാരുകസേര. അതിൽ കിടന്നാൽ ഷെൽഫ് കണ്ണിൽപ്പെടാതെ പോവില്ല.
  ആരാധകർ വന്നത് സുഹൃത്തിന് ഒരുതരത്തിൽ ആശ്വാസമായി. തനിക്ക് കവിതയൊക്കെ കഷ്ടിയാണ്. അവയെപ്പറ്റി സംസാരിക്കാൻ ഇനി വേറെ ആളെ നോക്കേണ്ടല്ലോ. സംസാരിക്കുമ്പോൾ അല്പം ഉറക്കെ സംസാരിക്കേണ്ടിവരുമെന്നു മാത്രം. മഹാകവിക്ക് ചെവി സ്വല്പം പതുക്കെയാണ്.
ഒരാഴ്ച ലീവെടുക്കണം; മഹാകവി മുംബൈ വിടുന്നതുവരെ കൂടെയുണ്ടാവണം. പോവുന്നിടത്തൊക്കെ ഒപ്പമുണ്ടാവണം. സുഹൃത്ത് ഉദ്ബോധിപ്പിച്ചു. ആരാധകർ എന്തിനും തയ്യാർ.
  അതിനുശേഷമാണ് മഹാകവിയുടെ സന്ദർശനോദ്ദേശ്യം എന്താണെന്ന് ആരാധകർ തിരക്കുന്നത്. മറ്റൊന്നിനുമല്ല, സുഹൃത്ത് പറഞ്ഞു: ‘‘മഹാകവിയുടെ ഋഗ്വേദതർജമ ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. അതു വാങ്ങാൻ കുറച്ചുപേരെ പ്രേരിപ്പിക്കണം. അവരെ ചെന്നുകണ്ട് പുസ്തകം എടുപ്പിക്കണം. അത് തങ്ങൾ ഏറ്റുവെന്ന് ആരാധകർ. സാഹിത്യാസ്വാദകർ കുറച്ചൊന്നുമല്ല മുംബൈയിലുള്ളത്. വേണമെങ്കിൽ സാഹിത്യമഞ്ജരിയോ ബന്ധനസ്ഥനായ അനിരുദ്ധനോ ഒക്കെ എടുപ്പിക്കാം. ഋഗ്വേദം, ബധിരവിലാപം പോലെയോ മഗ്ദലനമറിയം പോലെയോ ആസ്വദിക്കാൻ പറ്റിയതാവില്ല. എന്നാലും കാര്യമാക്കേണ്ട. മഹാകവി നേരിട്ടു വരുകയല്ലേ? ആരാധകരായ ഞങ്ങളും എടുത്തോളാം.
 സുഹൃത്തിനു സന്തോഷമായി. മഹാകവി മടങ്ങുമ്പോൾ െെകയിൽ പണം റൊക്കം ഏൽപ്പിക്കണം. എൺപതടുക്കാറായ വള്ളത്തോൾ ഇനി ഒരിക്കൽക്കൂടി മുംെബെയിൽ വരാനുള്ള സാധ്യത കുറവാണ്. മഹാകവിയെ സന്തോഷിപ്പിച്ചയക്കേണ്ടത് മലയാളികളായ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനുശേഷമാണ് സുഹൃത്ത് ബാക്കിഭാഗം പൂരിപ്പിച്ചത്: ‘‘ഒരു അമ്പതു കോപ്പിയെങ്കിലും നമുക്കിവിടെ ചെലവാക്കാൻ പറ്റണം. ഇവിടെനിന്ന് വണ്ടി കയറ്റുമ്പോൾ പതിനയ്യായിരം രൂപ നമുക്ക് അദ്ദേഹത്തിന്റെ പക്കൽ ഏൽപ്പിക്കാൻ കഴിയണം.’’
 ‘‘പതിനയ്യായിരോ?’’
‘‘അതെ.’’ കണ്ണടച്ചിരുന്ന് കണക്കുകൂട്ടി സുഹൃത്ത് തുടർന്നു: ‘‘ഒരു സെറ്റിന് മുന്നൂറ് വെച്ച്.’’ ‘‘മുന്നൂറോ!’’ ആരാധകരുടെ കാറ്റുപോയി. അവരുടെ മാസശമ്പളം അത്രത്തോളം വരില്ല. സുഹൃത്ത് കണ്ണുതുറന്നു നോക്കിയപ്പോൾ മുന്നിൽ ആരാധകരിൽ രണ്ടുപേരെ കാണാനില്ല. നിന്നനില്പിൽ അപ്രത്യക്ഷനാവാതിരുന്ന മൂന്നാമൻ പറഞ്ഞു: ‘‘അവർ പോയെങ്കിൽ പോട്ടെ. ഒരു സെറ്റ് ചെലവാക്കാനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്.
 പിറ്റേന്ന് വള്ളത്തോളിനെയും കൊണ്ട് മൂന്നാമൻ നേരെ പോയത് ബാന്ദ്രയിലേക്കാണ്. സിനിമാതാരം ദിലീപ്കുമാറിന്റെ ബംഗ്ളാവായിരുന്നു ലക്ഷ്യം. സിനിമാതാരങ്ങൾക്ക് പുസ്തകം ഒരു ഹരമാണ്. അവരുടെ ഇരിപ്പുമുറികളെല്ലാം കനപ്പെട്ടതും കമനീയവുമായ പുസ്തകങ്ങൾകൊണ്ട് അലംകൃതമാണ്. മുപ്പത്തഞ്ച് വയസ്സുള്ള ദിലീപ്കുമാർ അന്ന് അവിവാഹിതൻ. കാഴ്ചയിലുള്ള എടുപ്പുകൊണ്ടും കൂസലില്ലാത്ത നടപ്പുകൊണ്ടും മഹാകവിയെ ദിലീപ്കുമാറിന് ബോധിച്ചു. കലാമണ്ഡലത്തെപ്പറ്റി കേട്ടിട്ടുണ്ട്. നെഹ്രുവിന് ഒപ്പം നിൽക്കുന്ന ചിത്രമൊക്കെ കണ്ടിട്ടുണ്ട്.
അങ്ങനെ മുന്നൂറു രൂപ എണ്ണിക്കൊടുത്ത് ഋഗ്വേദമലയാളത്തിന്റെ ആദ്യത്തെ വരിക്കാരനായി മലയാളമറിയാത്ത യൂസുഫ് ഖാൻ എന്ന ദിലീപ് കുമാർ എന്നുപറഞ്ഞാണ് ബാലേട്ടൻ കഥ അവസാനിപ്പിച്ചത്.