ഒരു ചെറുകഥാകൃത്ത് എന്ന നിലയിലാണ് ടി. പത്മനാഭനെ ഞാനറിയുന്നത്. ചെറുതല്ലാത്ത കഥകളും അദ്ദേഹം എഴുതിയിട്ടുണ്ടാകാം. അവയെ വായനസമൂഹമോ പ്രസാധകസമൂഹമോ ചിലപ്പോൾ നോവൽ എന്ന് പേരിട്ടുവിളിച്ചിട്ടും ഉണ്ടാകാം. എഴുത്തുവഴിയിൽ, എഴുത്തുവശാൽ അല്പം നീളം കൂടിപ്പോയ ചെറുകഥകളായ കഥകളായാണ് ഞാൻ അവയെ വായിക്കാൻ ഇഷ്ടപ്പെടുന്നത് എന്ന്‌ ടി. പത്മനാഭൻതന്നെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ എഴുപത്തിമൂന്ന് വർഷമായി കഥാരചനയിൽ വ്യാപൃതനായ അദ്ദേഹം അതിനിടയിൽ ജീവിതത്തിലും സാഹിത്യത്തിലും വന്ന ഒരുപാട് മാറ്റങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. പക്ഷേ, അവയ്ക്കൊപ്പം സ്വയംമാറാൻ അദ്ദേഹം തയ്യാറായില്ല. തന്റെ മനസ്സറകളിലെ ജീവിതം, വീക്ഷണം, ദർശനം, അതിന്റെ ഉൾവേവുകൾ, അവയിൽ അദ്ദേഹം സ്ഥായിയായി ഒരേ ബിന്ദുവിൽ ഏകാഗ്രമായി മനസ്സർപ്പിച്ചുപോന്നു. സ്വയം തിരഞ്ഞെടുത്ത അല്ലെങ്കിൽ, ജന്മദത്തമായി തനിക്കുലഭിച്ച വരമായി തന്നിൽ വർഷിച്ചിറങ്ങിയ ആ സ്വന്തം വഴിയിലൂടെയല്ലാതെ അദ്ദേഹം മറ്റൊരുവഴിയിൽ മാറി സഞ്ചരിച്ചുകണ്ടിട്ടില്ല.
അത് പരിമിതിയായി ചൂണ്ടിക്കാട്ടാം, വേണമെങ്കിൽ. പക്ഷേ, അതിനെക്കാളേറെ ചെറുകഥയുടെ ഭാവ-പ്രസരണ പ്രാപ്തിയിൽ ആത്മാവിൽനിന്ന് ആവാഹിച്ചെടുക്കുന്ന സമസ്ത ഏകാഗ്രതയും സ്വരൂപിച്ചുകൊണ്ടാണ് അദ്ദേഹം എഴുതിയത്. എന്റെ സുഹൃത്തായ ഡോ. കെ.പി. മോഹനൻ ഒരിക്കൽ സംസാരമധ്യേ വിശേഷിപ്പിച്ചതുപോലെ ഒരു ബിന്ദുവിന്റെ നേർക്ക് തറച്ച, ലക്ഷ്യംവെച്ച ഒരു സൂചിമുന. ഏകാഗ്രതയുടെ ചൂടുലാവയിൽ ഉരുകിയുരുകി മുനകൂർത്ത്‌ ആ സൂചി അപ്രത്യക്ഷമാകുന്നു. അപ്പോഴും ആ മുനത്തുമ്പ് അതിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. അതാണ് ടി. പത്മനാഭന്റെ എഴുത്തുവഴിയുടെ സാഫല്യസ്ഥിതം.
പക്ഷേ, ജനിക്കുംമുമ്പേ, പത്മനാഭന്റെ ജൈവധാരയിൽ, ജനിതകങ്ങളിൽ, സംഗീതത്തിന്റെ അഭൗമമായ അലകൾ നിവേശിതമായിരുന്നു. രാഗാവബോധം എന്ന ഒരു വിശേഷണത്തിൽ ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ സംഗീതാഭിനിവേശവും അതിനോടുള്ള അദ്ദേഹത്തിന്റെ പൂർണമായ അലിഞ്ഞുചേരലും. സംഗീതം അത് എവിടെനിന്നാണെങ്കിലും ആ ആത്മാവ് അദ്ദേഹം തൊട്ടറിഞ്ഞിരുന്നു, കേട്ടറിഞ്ഞിരുന്നു, രുചിച്ചറിഞ്ഞിരുന്നു. ആൾക്കൂട്ടത്തിന്റെ ആരവവും സംഗീതവും എത്ര അകലങ്ങളിലാണെന്ന് തിരിച്ചറിയാനുള്ള അപൂർവങ്ങളിൽ അപൂർവമായ ഗ്രാഹ്യശക്തി ടി. പത്മനാഭന്റെ ആത്മാവിന്റെ ഓരോ തരിയിലും വേണ്ടുവോളം ഉണ്ടായിരുന്നു.
ആ സിദ്ധി, ആ സംഗീതത്തിന്റെ കാലത്തെ തന്റെ മടിത്തട്ടിലിരുത്തി ഓമനിക്കാൻമാത്രം വൈഭവമുള്ള താരതമ്യങ്ങളില്ലാത്ത ഒരു വലിയ അനുഗൃഹീത തലമുണ്ട്. അതിൽ ആമഗ്നനായി ഇരുന്നുകൊണ്ടാണ് അദ്ദേഹം വാക്കുകളെ ഉപാസിച്ചത്, അവയിൽ അർഥം ചൊരിഞ്ഞത്. ആ അർഥത്തിലൂടെ തനിക്കുപറയാനുള്ള പൊരുളുകളെ നിവേശിപ്പിച്ചെടുത്തത്. അവയെ കഥകളായി നിബന്ധിച്ചു പകുത്തുനൽകിയത്. അതുകൊണ്ടുതന്നെ സംഗീതവും ആരവവും തമ്മിലുള്ള അകലം തിരിച്ചറിഞ്ഞ്, ആരവത്തിൽനിന്ന് ഒഴിഞ്ഞ് സംഗീതത്തിന്റെ ഏകാഗ്രതയിലൂടെ തന്റെ സൂചിമുനത്തുമ്പിന് മനുഷ്യാവസ്ഥകളുടെ മർമതലങ്ങളിൽ ആഞ്ഞുപതിക്കുമാറ് രാകി മിനുക്കി കൂർപ്പിച്ചെടുത്തുകൊണ്ടാണ് അദ്ദേഹം കഥകൾ എഴുതിയത്. എല്ലാ കഥകളും അർഥപൂർണങ്ങളും ഗരിമയാർന്നതും എന്ന വിവക്ഷ ഇല്ല. ‘എല്ലായ്‌പ്പോഴും ശരിയാവാൻ ഒരു വിഡ്ഢിക്കു മാത്രമേ കഴിയൂ’ എന്ന് ജൗബർട്ട് എന്നോ പറഞ്ഞുവെച്ചിരിക്കുന്നു. ടി. പത്മനാഭൻ വിഡ്ഢിയായിരുന്നില്ല.
അദ്ദേഹം എന്നും പ്രകൃതിയെ സ്നേഹിച്ചിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിലും നൈരന്തര്യത്തിലുമാണ് പ്രപഞ്ചത്തിന്റെ സത്ത കുടികൊള്ളുന്നത് എന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവിൽ നിന്നുകൊണ്ടാണ് അദ്ദേഹം കഥകൾ തീർത്തത്, കഥാപാത്രങ്ങളെ ഉയിർത്തത്, സന്ധികളിലൂടെ മനുഷ്യാവസ്ഥകളെ വികിരണം ചെയ്തത്. ഈ പ്രകൃതി എന്ന് പറയുമ്പോൾ അതിൽ പാരമ്പര്യത്തോടുള്ള സ്നേഹം വരും. ഇന്നിനോടുള്ള ആസക്തി വരും. നാളെയെക്കുറിച്ചുള്ള ഉത്കണ്ഠയും പ്രതീക്ഷയും അതിൽ ഇഴചേർന്നുവരുന്നു. തീർന്നില്ല, ഒരുപക്ഷേ, വൈക്കം മുഹമ്മദ് ബഷീറാണ്, പ്രകൃതി എന്നു പറയുന്നതിൽ മനുഷ്യനും ജീവജാലങ്ങളും, ജീവജാലങ്ങൾ എന്നു പറയുമ്പോൾ മണ്ണിരയും ഞാഞ്ഞൂലും പഴുതാരയും ഉറുമ്പും മണ്ണിൽ തുടിച്ച് പൊടിച്ചുനിൽക്കുന്ന ചെടികളും അവയിൽ വിരിയുന്ന പൂക്കളും കായ്കളും കനികളും പ്രപഞ്ചത്തിലെ പക്ഷികളും ജലാശയങ്ങളിലെ മത്സ്യ ജൈവജാലങ്ങളും എന്തിന് കാറ്റിലൂടെ കടന്നുവരുന്ന സൂക്ഷ്മാണുക്കളെപ്പോലുള്ള മറ്റുപലതരം അംശങ്ങളും എല്ലാം ചേർന്നതാണ് പ്രകൃതിയെന്ന് മനസ്സുകൊണ്ടും ലക്ഷണംകൊണ്ടും എഴുതിവെച്ചത്. ആ പാത, ആ ദർശനപാത ടി. പത്മനാഭന്റെ മനസ്സിലും ആഴത്തിൽ പതിഞ്ഞുകിടക്കുന്നു എന്ന് അദ്ദേഹത്തിന്റെ എഴുത്തുവഴികൾ നമ്മെ സാക്ഷ്യപ്പെടുത്തുന്നു.
ഒരു വൈദികനോടാണ് ഒരിക്കൽ പറഞ്ഞത്- ‘‘ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നില്ല എന്ന്, ദേവാലയങ്ങളിലോ മോസ്കുകളിലോ പള്ളികളിലോ പോകുന്നതിനോട് എനിക്ക് ആസക്തി തോന്നുന്നില്ല, മതാനുഷ്ഠാനങ്ങളോട് എനിക്ക് ആസക്തി തോന്നുന്നില്ല, ഞാനവയെ അനുശീലമാക്കുന്നില്ല. അതു തെറ്റാണെങ്കിൽ ആ തെറ്റുംകൂടി ചേർന്നാണ് ഞാൻ. പക്ഷേ, ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നു, എല്ലാം സൃഷ്ടിച്ചവനെ ഞാൻ ആരാധിക്കുന്നു, ആദരിക്കുന്നു. അതിന് എനിക്ക് നിയതമായ ഒരു മധ്യസ്ഥനോ, അതിനിടയിലുള്ള ഒരു പ്രതീകാത്മക സാന്നിധ്യമോ ഞാൻ തേടിപ്പോകുന്നില്ല.’’ -അത് കേട്ടപ്പോൾ വൈദികൻ അദ്ദേഹത്തിന്റെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു: ‘‘എന്തിനു വെറുതേ പുറമേ,.. താങ്കൾ എഴുതുന്നതെല്ലാം ഒരാത്മാവിന്റെ ഏറ്റവും വിശുദ്ധമായ പ്രാർഥനകളാണല്ലോ...’’
എന്റെ സുഹൃത്തുകൂടിയായ എം. തോമസ് മാത്യു, ടി. പത്മനാഭന്റെ സമ്പൂർണകൃതികൾക്ക് എഴുതിയ അവതാരികയിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒരു കഥയെ പ്രാർഥന എന്ന് വിശേഷിപ്പിക്കാൻ കഴിയുക അപൂർവങ്ങളിൽ അപൂർവങ്ങളായ മനുഷ്യരുടെ കാര്യത്തിൽമാത്രമാണ്. ടി. പത്മനാഭൻ അക്കൂട്ടത്തിൽപ്പെടുന്നു. 
ഞാൻ ടി. പത്മനാഭന്റെ കഥകളിലൂടെമാത്രം അദ്ദേഹത്തെ അറിഞ്ഞിട്ടുള്ള വ്യക്തിയാണ്. ഒരു തവണ മാത്രമാണ് അദ്ദേഹത്തെ നേരിട്ടുകണ്ടിട്ടുള്ളത്. എന്നെ അദ്ദേഹം കണ്ടിട്ടുമില്ല. തിരുവനന്തപുരം നഗരത്തിൽ അദ്ദേഹം പങ്കെടുക്കുന്ന, എന്റെ ഓർമ ശരിയാണെങ്കിൽ കുഞ്ചുപിള്ള അവാർഡ് ദാനമോ അങ്ങനെ എന്തോ ആയിരുന്നു. ആ ചടങ്ങിലെ ഒരു ശ്രോതാവായി ഞാൻ ഒരു മൂലയിൽ പോയിനിന്നിരുന്നു. ഇന്നിപ്പോൾ നിലവിലില്ലാത്ത സെക്രട്ടേറിയറ്റിനടുത്തുള്ള ട്രിവാൻഡ്രം ഹോട്ടലിന്റെ അങ്കണത്തിൽ വെച്ചായിരുന്നു ആ ചടങ്ങ് എന്നാണ് എന്റെ ഓർമ. അകത്തു നിറയെ ആൾക്കൂട്ടമായിരുന്നു. പുറത്ത് ജനലഴികളിൽ ചാരിനിന്നുകൊണ്ടാണ് ഞാൻ ആ ചടങ്ങ് കണ്ടത്. ടി. പത്മനാഭന്റെ പ്രസംഗം വളരെ സത്യസന്ധമായി,  തുറന്നുപറഞ്ഞാൽ ഒട്ടും ആകർഷകമായിരുന്നില്ല. എഴുത്തുവഴിയിൽ കാച്ചിക്കുറുക്കിയ വാക്കുകൊണ്ട്, സംഗീതസാന്ദ്രമായ പ്രയോഗംകൊണ്ട് ആത്മാവിൽ ഒരു വല്ലാത്ത അനുഭൂതി ഉണർത്തുന്നു ആ മാന്ത്രികൻ, വളരെ ദേശീയമായ ഉച്ചാരണങ്ങളോടുകൂടി കെറുവിച്ചു നിൽക്കുന്ന ഒരു കുട്ടി, ഞങ്ങളുടെയൊക്കെ നാട്ടിലെ ഒരു പ്രയോഗം കടംവാങ്ങിപ്പറഞ്ഞാൽ സിദ്ധാന്തിച്ചുകൊണ്ടു നടത്തുന്ന ചില വർത്തമാനങ്ങൾപോലെയാണ് എനിക്കത് തോന്നിച്ചത്. അതൊരു നിരാശയായിരുന്നു. ചിലപ്പോൾ എന്റെ കേൾവിസ്വീകാര്യതയുടെ രസതന്ത്രത്തിൽ വന്ന പാളിച്ചകൊണ്ടാണോ അതോ ടി. പത്മനാഭന്റേതല്ലാത്ത കുറ്റംകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രസംഗിക്കും എന്ന് ആ കഥകളുടെ കോലായയിൽ നിന്നുകൊണ്ട് ഞാൻ മുൻകൂട്ടി എന്റേതായ പ്രവചനങ്ങൾ നടത്തി അതിന്റെ വെളുമ്പിൽനിന്നുകൊണ്ട് കേൾക്കാൻ ചെന്നതുകൊണ്ടാണോ എന്നറിയില്ല. ഏതായിരുന്നാലും പിന്നീട് അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാനുള്ള സന്ദർഭങ്ങൾ പ്രത്യേകിച്ച് കൊച്ചിഭാഗത്ത് അദ്ദേഹം ഏറെ വരാറില്ല എന്നുള്ളതുകൊണ്ടുകൂടി ഇല്ലാതെ പോയി. 
അല്പം പരുഷമാണ് അപരിചിതരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റരീതി എന്നു കേട്ടിട്ടുണ്ട്. എന്റെ സുഹൃത്ത് നെടുമുടി വേണു കണ്ണൂരുള്ളപ്പോൾ പത്മനാഭനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞു. ഞാനും അപ്പോൾ അവിടെയുണ്ടായിരുന്നു. എന്നെക്കൂടെ ക്ഷണിച്ചെങ്കിലും അപരിചിതനായ ഒരാൾ - വേണു ക്ഷണിക്കപ്പെട്ടു പോകുന്നു -ക്ഷണിക്കപ്പെടാതെ അകമ്പടിയായി ചെന്നാൽ എങ്ങനെയാകും സ്വീകരണം എന്നുറപ്പില്ലാത്തതുകൊണ്ട് ഞാൻ പോയില്ല. 
പക്ഷേ, തിരിഞ്ഞുനോക്കുമ്പോൾ 1940-ൽ ആദ്യത്തെ കഥയെഴുതിക്കൊണ്ട് കടന്നുവന്ന ആ മനുഷ്യൻ ഇന്നും മലയാളത്തിലെ ചെറുകഥാകൃത്തുക്കളുടെ മുൻനിരകളിൽ നമ്മൾ കാണുന്ന ഒരു പ്രതിഭാസാന്നിധ്യമാണ്. ഞാൻ ആദ്യകാലത്ത് വായിച്ച അദ്ദേഹത്തിന്റെ കഥകൾ:  പ്രകാശം പരത്തുന്ന പെൺകുട്ടി, മഖൻ സിങ്ങിന്റെ മരണം, ആത്മാവിന്റെ മുറിവുകൾ, സ്റ്റീഫൻ ഫെർണാണ്ടസ്, മൈഥിലി നീ എന്റേതാണ്, ഒരു പത്രവിൽപ്പനക്കാരന്റെ കഥ, ഒരു കഥാകൃത്ത് കുരിശിൽ, കടയനെല്ലൂരിലെ ഒരു സ്ത്രീ... എന്നിവയെ അടിസ്ഥാനമാക്കി ഞാനന്ന് ഒരു ലേഖനം എഴുതിയിരുന്നു. സാഹിത്യസംബന്ധമായി ഞാനെഴുതുന്ന ആദ്യത്തെ ലേഖനം ടി. പത്മനാഭൻ കഥകളെക്കുറിച്ചെഴുതിയ ‘മൗനങ്ങൾ പാടുകയായിരുന്നു’ എന്നതാണ്. പരിഷത്ത് മാസികയിലാണോ, മലയാളരാജ്യം വാരികയിലാണോ; രണ്ടിൽ ഏതെങ്കിലുമൊന്നിലാണ്‌ അത് പ്രസിദ്ധപ്പെടുത്തി വന്നത്. ഇന്നും ടി. പത്മനാഭന്റെ കഥകളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കിയാൽ മറ്റൊരു ശീർഷകം തേടിപ്പോകാൻ ഇടയില്ലെന്നു തോന്നുന്നു. അദ്ദേഹം മൗനങ്ങളെ പാടാൻവേണ്ടി തുറന്നുവിട്ട ഒരു അക്ഷരഗായകനാണ്: എന്നാണ് ആ കഥകൾ സാക്ഷ്യംവഹിക്കുന്നത്. 
ഈയിടയ്ക്ക് അദ്ദേഹത്തിന്റെ സമ്പൂർണകൃതികൾ ഞാൻ വാങ്ങി ഒന്നുമറിച്ചുനോക്കി. എത്രയോ വർഷങ്ങൾക്കുശേഷമാണ്, ഒരു നാല് നാലരപ്പതിറ്റാണ്ടുകൾക്കുശേഷമാണ് ആ കഥകളിലൂടെ വീണ്ടും ഞാൻ സഞ്ചരിക്കുന്നത്. ഈ കഥകളെല്ലാം അന്ന് വായിച്ചപ്പോൾ എനിക്ക് പകർന്നുതന്ന അതേ അനുഭൂതി ഇപ്പോഴും പകർന്നുതരുന്നതായി എനിക്കു ബോധ്യപ്പെടുന്നു. വായനസന്ദർഭത്തിൽ വളരെ അദ്‌ഭുതകരമാംവിധം എന്നിൽ അനുരണനങ്ങൾ തീർത്ത പല കഥകളും പിന്നീട് വർഷങ്ങൾക്കുശേഷം, പതിറ്റാണ്ടുകൾക്കുശേഷം വായിക്കുമ്പോൾ, കാലഹരണപ്പെട്ട അതിന്റെ ക്ലാവുരുചി അതിൽനിന്ന്‌ തെളിഞ്ഞുവന്നതിനും ധാരാളം അനുഭവങ്ങളുണ്ട്. പത്മനാഭന്റെ ഒരുപിടി കഥകളെങ്കിലും അവയിൽനിന്ന്‌ മുക്തമാണ്. 
ഒരുപക്ഷേ, കഥയുടെ ക്രാഫ്റ്റ്, എഴുത്തൊതുക്കം, അതിൽ മലയാളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ലക്ഷണമൊത്ത മാതൃകാരൂപം, പ്രതിഷ്ഠ എന്നുതന്നെ വിശേഷിപ്പിക്കേണ്ട മാതൃകാരൂപം കാരൂർ നീലകണ്ഠപിള്ള സാറാണ്. പിന്നീട് ഞാൻ ഉറൂബിനെ കാണുന്നു. അക്കൂട്ടത്തിൽ ആ വംശാവലിയിൽ ചേർത്തുനിർത്തേണ്ട ഒരു പേരാണ് ടി. പത്മനാഭന്റേത്. അദ്ദേഹത്തിന്റെ ‘ഗോട്ടി’ എന്ന കഥ ഓർത്തുപോവുകയാണ്. ഗോട്ടി നിറച്ച ചില്ലലമാരയോട് ഒരു ബാലന് തോന്നുന്ന കൗതുകം. ഈ ഗോട്ടി ഒരു ചില്ലുഗോളമാണ്. അതിനകത്തും പുറത്തും ഒരുപാട് പ്രതിസ്പന്ദങ്ങളും പ്രതിബിംബങ്ങളുമുണ്ട്. അവയിൽ ആകൃഷ്ടനാകുന്ന ഇൗ ബാലൻ അത് സ്വന്തമാക്കിയെന്നതിൽ ആഹ്ളാദിക്കുന്ന, അത് മറ്റുള്ളവരുടെ മുൻപിൽകാണിച്ച് അതിൽ ഊറ്റംകൊള്ളാൻ കൊതിക്കുന്ന അവന്റെ മനസ്സ്. അവന്റെ കൈയിൽനിന്ന്‌ നിരത്ത് കുറുകേ കടക്കുമ്പോൾ ആ ഗോട്ടികളത്രയും വീണ് ആ നിരത്തിലൂടെ ഉരുണ്ടുപോകുന്നത്. അത് പെറുക്കാൻ അവൻ അതിന്റെ പിറകേ പോകുമ്പോൾ ട്രാഫിക്കിൽ തടസ്സം വരുന്നത്. കോപാകുലനായി അവനെ ശകാരിക്കാൻവേണ്ടി ചാടിയിറങ്ങിയ ഡ്രൈവർ ആ ഗോട്ടികളുടെ പിറകേ അലയുന്ന അവന്റെ മുഖത്തുനോക്കി, ആ ഗോട്ടികളുടെ പിറകേ അലയാൻ കൊതിക്കുന്ന തന്റെ ബാല്യകാലം ഓർത്തത്. അവിടെ ടി. പത്മനാഭൻ പറയുന്നുണ്ട്, അയാളും ഒരിക്കൽ ഒരു കുട്ടിയായിരുന്നല്ലോ എന്ന്. ടി. പത്മനാഭന്റെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്കും തോന്നും നമ്മളും പണ്ടൊരു കുട്ടിയായിരുന്നല്ലോ എന്ന്. അടുത്ത ക്ഷണത്തിൽ മറ്റൊരു കഥയിൽ നിൽക്കുമ്പോൾ നമുക്കുതോന്നും നമ്മളും ഒരിക്കൽ ഒരു മുതിർന്നവനായിരുന്നല്ലോ എന്ന്. 
‘മഖൻ സിങ്ങിന്റെ മരണം’ സംഭവിക്കുന്നത് നമുക്ക് അപരിചിതമായ ഒരു ദേശീയ പശ്ചാത്തലത്തിലാണ്. നമുക്ക് പരിചിതങ്ങളായ ദേശീയ പശ്ചാത്തലങ്ങളിൽ എഴുതപ്പെടുന്ന കഥകളും നമുക്ക് അപരിചിതങ്ങളായ ദേശീയപശ്ചാത്തലങ്ങളിൽ എഴുതപ്പെടുന്ന കഥകളും ഒരേപോലെ നമ്മിലേക്കനുഭവങ്ങളെ അവയുടെ വേവുചൂടോടെ പകർന്നുതരുന്നു എന്ന് പറയുന്നത് ടി. പത്മനാഭനെന്ന ചെറുകഥാകൃത്ത് കാലുകൾ ഊന്നിനിർത്തിയിരിക്കുന്ന മണ്ണ് വിശ്വമാനവികതയുടേത് ആയതുകൊണ്ടുമാത്രം സംഭവിക്കുന്ന ഒന്നാണ്. അദ്ദേഹം മനുഷ്യന്റെ കഥയാണ് പറഞ്ഞത്. പ്രകൃതിയുടെ കഥയാണ് പറഞ്ഞത്.
കഴിയുന്നതും സ്വയം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ ഏത് പരിവൃത്തത്തിൽ എഴുതിയാലും ആ കഥകൾ നമ്മളോട് സംവദിക്കുന്നു. ആ സംവാദം അർഥപൂർണത നേടുന്നു.