മക്കളേ,
ഉത്സവങ്ങളും വ്രതങ്ങളും നമ്മുടെ സംസ്‌കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. ശിവരാത്രി, നവരാത്രി, ഏകാദശി, ഷഷ്ടി, അമാവാസി തുടങ്ങി വ്രതങ്ങൾ ഒട്ടേറെയാണ്. വ്രതങ്ങൾക്ക് ആധ്യാത്മികമായും ആരോഗ്യപരമായും സാമൂഹികമായും പ്രാധാന്യമുണ്ട്.
വ്രതങ്ങൾകൊണ്ടുള്ള ഒരു പ്രധാന പ്രയോജനം മനസ്സിനെ നമ്മുടെ കൈയിൽ കൊണ്ടുവരാൻ അവയിലൂടെ സാധിക്കുന്നു എന്നതാണ്. വള്ളം നിർമിക്കാൻ തടിയെടുത്താൽ അതു വളഞ്ഞുകിട്ടിയാലേ പ്രയോജനമുള്ളൂ. വളയ്ക്കാൻ തടിയെ ചൂടുപിടിപ്പിക്കും. ഇതുപോലെ, മനസ്സിനെ വഴക്കിക്കൊണ്ടുവരാൻ വ്രതാനുഷ്ഠാനങ്ങൾകൊണ്ടു സാധിക്കും. കടലിലെ തിരമാലകളെ തടഞ്ഞുനിർത്താൻ കരയുള്ളതുപോലെ മനസ്സിന്റെ അലമാലകളെ തടഞ്ഞുനിർത്താൻ വ്രതാനുഷ്ഠാനങ്ങൾ ഉപകരിക്കുന്നു.
ഒരു നദി പല കൈവഴികളായി പല ദിക്കുകളിലേക്കൊഴുകിയാൽ അതിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുകയില്ല. പല കൈവഴികളിലേക്കൊഴുകുന്ന നദീജലത്തെ ഒരു ദിശയിലേക്ക് തിരിച്ചുവിടുമ്പോൾ പ്രവാഹത്തിനു ശക്തിവർധിക്കുന്നു. അപ്പോൾ മാത്രമാണ് അതിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്നത്. അതുപോലെ പലപല വിഷങ്ങളിലേക്ക് ചുറ്റിത്തിരിയുന്ന മനസ്സിനെ ഏകാഗ്രമാക്കാനും ശക്തമാക്കാനും  വ്രതങ്ങളിലൂടെ സാധിക്കുന്നു.
ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള പരിശീലനം കൂടിയാണ് വ്രതങ്ങൾ. ഉദാഹരണത്തിന് പതിവായി ഏകാദശിവ്രതം നോൽക്കുന്ന ഒരാൾക്ക് ഒരുദിവസം മുഴുവൻ പട്ടിണികിടക്കേണ്ട സാഹചര്യം വന്നുവെന്നിരിക്കട്ടെ അയാൾക്കത് സന്തോഷത്തോടെത്തന്നെ തരണംചെയ്യാൻ കഴിയും.
ഒരിടത്ത് ജ്ഞാനിയായ ഒരു മഹാത്മാവുണ്ടായിരുന്നു. പൂർണജ്ഞാനി ആണെങ്കിലും അദ്ദേഹം എന്നും രാവിലെ പൂജചെയ്യും. വൈകുന്നേരം കീർത്തനങ്ങൾ ചൊല്ലും. അദ്ദേഹത്തിന്റെ മഹത്ത്വം അറിയുന്ന ഒരു ഭക്തൻ അദ്ദേഹത്തോടു ചോദിച്ചു: ‘‘അങ്ങെന്തിനാണ് ഇതൊക്കെ ചെയ്യുന്നത്. അങ്ങ് ഇതിനെയൊക്കെ അതിജീവിച്ചു കഴിഞ്ഞുവല്ലോ?’’ അപ്പോൾ ആ മഹാത്മാവ് പറഞ്ഞു: ‘‘പൂജാപാത്രം നമ്മൾ ദിവസവും കഴുകി ഭംഗിയായി സൂക്ഷിക്കുമല്ലോ. നമ്മുടെ ശരീര-മനസ്സുകളെയും ഒരു പൂജാപാത്രംപോലെ കരുതണം.’’
ചിട്ടയായി വ്രതങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ ക്രമേണ മനസ്സിലെ മാലിന്യങ്ങളകന്ന് മനസ്സ് ശുദ്ധമാക്കുകയും ഇച്ഛാശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. നമ്മൾ ദുശ്ശീലങ്ങൾക്കും പ്രലോഭനങ്ങൾക്കും അടിപ്പെടുന്ന ഓരോ തവണയും നമ്മുടെ 
മനസ്സ് ദുർബലമാകുന്നു. പ്രക്ഷുബ്ധമാകുന്നു. നേരെമറിച്ച് ഓരോ തവണയും നമ്മൾ പ്രലോഭനങ്ങളെ ജയിക്കുമ്പോൾ മനസ്സ് കൂടുതൽക്കൂടുതൽ ശക്തമാകുന്നു. കൂടുതൽ ശാന്തവും സ്വസ്ഥവുമാകുന്നു.
വർഷത്തിൽ ഒരിക്കൽ മാത്രമെടുക്കുന്ന വ്രതങ്ങൾകൊണ്ടും വലിയ പ്രയോജനമുണ്ട്. ശബരിമല തീർഥാടനത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന നാല്പത്തിയൊന്നുദിവസം നീണ്ട വ്രതത്തിലൂടെ നമ്മുടെ മനസ്സിനെയും ശരീരത്തിനെയും ശുദ്ധീകരിക്കാനും അത്രയുംനാൾ മനസ്സിനെ ഈശ്വരോന്മുഖമായി നിലനിർത്താനും നമുക്ക് സാധിക്കുന്നു. ഒരു കാര്യം നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വ്രതത്തിന്റെ കാലാവധി കഴിഞ്ഞയുടനെ പഴയ ശീലങ്ങളിലേക്ക് തിരിച്ചുപോയാൽ പ്രയോജനമില്ല. വ്രതാനുഷ്ഠാനത്തിലൂടെ നമ്മൾ ആർജിച്ച സംസ്‌കാരവും ശക്തിയും മനോനിയന്ത്രണവുമെല്ലാം, ആ നല്ല രീതിയിലുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരു ചവിട്ടുപടിയായി നമ്മൾ മാറ്റണം. അപ്പോഴാണ് ക്ഷേത്രദർശനവും വ്രതവുമൊക്കെ സഫലമാകുന്നത്.
-അമ്മ